ധ്രുവം, അധ്യായം 08 – എഴുത്ത്: അമ്മു സന്തോഷ്

ഇരുൾ വീണു. അർജുൻ അച്ഛന്റെ മുറിയിൽ എത്തി. ലൈറ്റ് ഇട്ടു. അച്ഛൻ കസേരയിൽ ഇരിക്കുന്നുണ്ട്

രാവിലെ ആ സംഭവം കഴിഞ്ഞു മുറിയിൽ കയറിയതാണ്. ഭക്ഷണം കഴിക്കാൻ പോലും പുറത്തേക്ക് വന്നിട്ടില്ല. അവൻ അരികിൽ ചെന്നിരുന്നു

“എന്റെ അമ്മയുടേതായ ഒന്നിലും മറ്റൊരാൾ തൊടണ്ട. എനിക്ക് അത് സഹിക്കാൻ പറ്റില്ല.”

അവൻ അച്ഛന്റെ കയ്യിൽ മുറുകെ പിടിച്ചു

“ചിലപ്പോൾ എന്റെ ഭ്രാന്ത് മാറി കാണില്ല. അങ്ങനെ കരുതി അച്ഛൻ എന്നോട് ക്ഷമിക്കണം. എനിക്ക് കൃഷ്ണയേ ഇഷ്ടമല്ല. അച്ഛനോട് അവൾ അടുക്കുന്നതും സംസാരിക്കുന്നതുമൊന്നും എനിക്ക് ഇഷ്ടമല്ല. ഞാൻ ഇങ്ങനെ ആയിപ്പോയി. ഞാൻ പൊയ്ക്കോളാം അച്ഛാ. എന്റെ ഫ്ലാറ്റിലോട്ട്. കഴിയുന്നതും ഇങ്ങോട്ട് വരാതിരിക്കാൻ നോക്കാം “

അവൻ എഴുന്നേറ്റപ്പോൾ അവന്റെ കയ്യിൽ ഒരു പിടുത്തം വീണു

“നീ ഇരിക്ക് “

അവൻ മടിച്ചു നിന്നു

“ഇരിക്ക് അർജുൻ “

അവൻ മെല്ലെ ഇരുന്നു

“അച്ഛന് നീ മാത്രേ ഉള്ളു മോനെ. അച്ഛൻ ഏറ്റവും സ്നേഹിക്കുന്നത് നിന്നെയാ. നീ എന്റെ അടുത്ത് ഉള്ളപ്പോൾ ഒരു സമാധാനമാണ്. പക്ഷെ ആ കൊച്ച്…അതിന്റെ ജീവിതം ഒക്കെ നമ്മൾ ഊഹിക്കുന്നതിലും സങ്കല്പിക്കുന്നതിലും അപ്പുറമാണ്. കൊച്ചു കുട്ടിയല്ലേ കൃഷ്ണ? വീണ കണ്ടപ്പോ അറിയാത് തൊട്ട് പോയി. ഞാൻ പറഞ്ഞിട്ടാ വായിച്ചത്. ഇനി അതുണ്ടാവില്ല. പക്ഷെ ആ കണ്ണുനീർ ഉള്ളിൽ നിന്ന് പോണില്ല. ഞാൻ ഇനി ഹോസ്പിറ്റലിൽ വരുന്നില്ല അർജുൻ. വന്നാൽ ഇത് പോലെ അച്ഛന് ഇനിയും ബന്ധങ്ങൾ ഉണ്ടാകും. നിന്റെ സ്റ്റാറ്റസ് ന് അത് പറ്റുകയുമില്ല. ഞാൻ ഈ മുറിയിൽ ഒതുങ്ങി കൊള്ളാം. അതാവട്ടെ ഇതിനുള്ള പ്രായശ്ചിത്തം.”

അർജുൻ നടുങ്ങി പോയി. അവൻ അച്ഛന്റെ അരികിൽ നിലത്ത് ഇരുന്നു

“അങ്ങനെയൊന്നും പറയരുത് പ്ലീസ്. ഞാൻ ഇനിയൊന്നും പറയില്ല അച്ഛാ..ഒന്നിലും ഇടപെടില്ല. അച്ഛൻ ഇഷ്ടം പോലെ ചെയ്തോ “

“വേണ്ട അർജുൻ. ഈ കാലഘട്ടത്തിൽ നീയാണ് ശരി. അച്ഛൻ ഒരു തെറ്റാണ്. ഒരു വിഡ്ഢി. മോൻ പൊയ്ക്കോ. ചെല്ല്. നല്ല തലവേദന. ഒന്ന് ഉറങ്ങിയാ മാറും.”

അവൻ എഴുന്നേറ്റു മുറിയിലേക്ക് പോരുന്നു. അവന്റെ ഹൃദയം കലങ്ങി മറിഞ്ഞിരുന്നു. അച്ഛൻ പറയുന്നത് ശരിയാണ്. അച്ഛൻ പറഞ്ഞിട്ടാവും അവൾ അത് വായിച്ചത്. പക്ഷെ പെട്ടെന്ന് മനസ്സിന്റെ നിയന്ത്രണം പോയി. എന്തൊക്കെ പറഞ്ഞു എന്ന് ഓർമ്മയില്ല. അവളുടെ കരയുന്ന മുഖം ഓർമ്മയുണ്ട്. വേറെ ഒന്നും ഓർമ്മയില്ല

നാശം ഇവളെത് സമയത്താണ് തങ്ങളുടെ ജീവിതത്തിൽ കയറി വന്നത്…

അവൻ ഫോൺ എടുത്തു ദൃശ്യയെ വിളിച്ചു

പതിവില്ലാതെ അർജുന്റെ ഫോൺ വരുന്നത് കണ്ട് ദൃശ്യ അമ്പരന്നു

“എന്താ അർജുൻ ചേട്ടാ?”

“നീ പുറത്തേക്ക് വാ ഗേറ്റിന് മുന്നിൽ ഞാനുണ്ട് “

അവൾ വേഗം ചെന്നു

കാറിൽ അർജുൻ

“കാറിൽ കേറ് “

അവൾ കയറിപ്പോയി അത്ര ശക്തി ഉണ്ടായിരുന്നു ആ വാക്കുകൾക്ക്. കാർ കുറച്ചു ഓടിയിട്ട് നിന്നു

“അച്ഛൻ ഇനി ഹോസ്പിറ്റലിൽ വരില്ല എന്നാ പറയുന്നത്. ഒരു പക്ഷെ അവളെ ഫേസ് ചെയ്യാൻ വയ്യാത്തത് കൊണ്ടാവും. അച്ഛൻ ഹോസ്പിറ്റലിൽ വരാൻ അവൾ വിചാരിച്ച സാധിക്കും.അവള് കാരണമാണ് എല്ലാം. എന്റെ അച്ഛൻ ഹോസ്പിറ്റലിൽ വരണം. അതിന് അവൾ എന്ത് ചെയ്യുന്നു എന്നറിയണ്ട. വന്നിരിക്കണം ഇല്ലെങ്കിൽ..  “

അർജുന്റെ മുഖം കണ്ട് ദൃശ്യ ഭയന്നു പോയി

“വെറുതെ ഒരു വാക്ക് പോലും പറയില്ല ഞാൻ. സത്യം പറയുകയാണ്. ഞാൻ എന്തൊക്കെ ചെയ്യുമെന്ന് എനിക്ക് പോലുമറിയില്ല. അവളോട് ഞാൻ ഇങ്ങനെ തന്നെ പറഞ്ഞെന്ന് പറഞ്ഞേക്ക് “

ദൃശ്യ അവന്റെ മുഖത്തേക്ക് നോക്കി

“അർജുൻ ചേട്ടൻ ഇത്രയും ക്രൂ- രനായത് എങ്ങനെയാണ്? ഒരു പാട് പണം വന്നപ്പോൾ എങ്ങനെ ആണ് ഏട്ടാ മനുഷ്യൻ ഇങ്ങനെ മാറുന്നത്? കൃഷ്ണ എന്ത് തെറ്റാ ചെയ്തത്? ആട്ടി ഇറക്കി വിട്ടപ്പോൾ പോലും തൊഴുതു മാപ്പ് പറഞ്ഞിട്ടല്ലേ ആ പാവം പോയത്? എന്നിട്ട് അവളെ. ഞാൻ പറയാം. അങ്കിൾ തിരിച്ചു വരും. ആ കാശ് നഷ്ടം ആവില്ല അർജുൻ ചേട്ടന്..അച്ഛനോടുള്ള സ്നേഹം കൊണ്ടല്ലല്ലോ ആ പേരില് നഷ്ടം ആകുന്ന കോടികൾ അതല്ലേ ഉള്ളിൽ. വിഷമിക്കണ്ട. ഞാൻ പറഞ്ഞോളാം. ദയവ് ചെയ്തു ആ പാവം ജീവിച്ചോട്ടെ. വെറുതെ വിട്”

അർജുൻ അവളെ തിരിച്ചു കൊണ്ടാക്കി

ദൃശ്യ കൃഷ്ണയോട് എല്ലാം പറഞ്ഞു. അവളുടെ കണ്ണുകൾ ഒരിക്കൽ കൂടെ നിറഞ്ഞു പോയി

അറിയാത്ത ഒരാൾ

ഒരു ശത്രുതയുമില്ലാത്ത ഒരാൾ
പകയോടെ ഭീഷണിപ്പെടുത്തുന്നു

അവൾ തളർന്നു പോയി

ഈശ്വര!

അവൾ ദീർഘമായി ഒന്ന് ശ്വസിച്ചു
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു

കൃഷ്ണയുടെ കാൾ വരുന്നത് കണ്ട് ജയറാം ഫോൺ എടുത്തു

“മോളെ..”

ആ വിളി കേട്ട് അവളുടെ കണ്ണ് നിറഞ്ഞു

“ഞാനാണ് അങ്കിൾ കൃഷ്ണ. ഏട്ടനെ ചെക്കപ്പിന് കൊണ്ട് വരാനായിരുന്നു. നാളെ ഉണ്ടാകുമോ? “

അദ്ദേഹം ഒരു നിമിഷം നിശബ്ദനായി. ഇല്ല എന്ന് പറഞ്ഞാൽ കാരണം ചോദിക്കും

“നാളെ ഉണ്ടാകും “

“ഞാൻ രാവിലെ വരട്ടെ.”

“ശരി മോളെ “

അവൾ ഫോൺ വെച്ചു. പിന്നെ കൈകളിൽ മുഖം താങ്ങി പൊട്ടിക്കരഞ്ഞു. ദൃശ്യ അവളെ ചേർത്ത് പിടിച്ചു

“പാവങ്ങളായിട്ട് ജനിക്കരുത് അല്ലെ ദൃശ്യ…ദാരിദ്ര്യം ആണ് ഏറ്റവും വലിയ ശാപം “

ദൃശ്യയും കരഞ്ഞു പോയി

അച്ഛൻ ഹോസ്പിറ്റലിൽ എത്തിയത് അർജുൻ അറിഞ്ഞു

ദൃശ്യ പറഞ്ഞ കോടികൾക്ക് വേണ്ടിയല്ല, അച്ഛൻ ഹോസ്പിറ്റലിൽ വരണം എന്ന് പറയുന്നത്. അച്ഛനെക്കാൾ മികച്ച ഒരു ഡോക്ടർ ഈ നാട്ടിൽ ഇല്ലാത്തത് കൊണ്ടാണ്. താൻ കാരണം ആ പ്രൊഫഷൻ അവസാനിക്കണ്ട. അമ്മയുടെ ആത്മാവ് പൊറുക്കില്ല

അവൾ എന്ത് പറഞ്ഞിട്ടുണ്ടാകും എന്നവൻ അറിഞ്ഞില്ല. പക്ഷെ അച്ഛൻ ഉത്സാഹത്തോടെ പോകുന്നത് കണ്ടു

അവൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ കുറച്ചു ലേറ്റ് ആയി

കാർ പാർക്ക്‌ ചെയ്തു ലിഫ്റ്റിനടുത്ത് വന്നു അവൻ

ഓരോ ഫ്ലോറിൽ നിന്നും ആള് കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്.

ഒടുവിൽ അവൻ മാത്രമായി
ഒരു ഫ്ലോറിൽ ഓപ്പൺ ആയപ്പോൾ മുന്നിൽ കൃഷ്ണ

അവളുടെ മുഖം ഒറ്റ നിമിഷം കൊണ്ട് വിളറി വെളുത്തു

ഭയം കൊണ്ട് അവളുടെ കൈകൾ വിറയ്ക്കുന്നത് അവൻ കണ്ടു

“കയറുന്നുണ്ടോ?”

അവൻ ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് തല ചലിപ്പിച്ചു. നെഞ്ചിൽ ചേർത്ത് വെച്ചിരിക്കുന്നു ഫ്ലാസ്കിൽ ഒന്ന് കൂടെ പിടിച്ചു

അവൻ സ്വിച്ച് അമർത്തിയപ്പോൾ ലിഫ്റ്റ് മുകളിലേക്ക് പോയി

കൃഷ്ണ സ്റ്റെപ്പ് കയറി മുകളിൽ എത്തി

ഇസിജിയിൽ ചെറിയ വ്യത്യാസം ഉള്ളത് കൊണ്ട് അന്ന് അഡ്മിറ്റ് ചെയ്തു മനുവിനെ.

“കൃഷ്ണ, ഡോക്ടർ ജയറാം വിളിക്കുന്നുണ്ട്. റൂമിലോട്ട് ചെല്ലാൻ പറഞ്ഞു “

കൃഷ്ണ വേഗം അങ്ങോട്ടേക്ക് പോയി

“മോളിരിക്ക് “

അവൾ നിന്നതേയുള്ളു

“ഇരിക്ക് “

അവൾ ഇരുന്നു

“അങ്കിളിനോട് ദേഷ്യം ഉണ്ടൊ?”

“ഇല്ല “

“എന്റെ മോന്..അവന്റെ അമ്മയെ വലിയ ഇഷ്ടമായിരുന്നു. അത് കൊണ്ടാണ് അന്ന്…മോള് അത് മറക്കണം. അവന് വേണ്ടി ഞാൻ മോളോട് മാപ്പ് ചോദിക്കുന്നു “

“അങ്ങനെയൊന്നും പറയരുത് അങ്കിൾ..അതൊന്നും സാരമില്ല. എന്റെ ഏട്ടന് എങ്ങനെ ഉണ്ട്?”

“ഇസിജി ചെറിയ ഒരു വ്യത്യാസം. ചിലപ്പോൾ യാത്ര ചെയ്തു വന്നത് കൊണ്ടാവും. ഇന്ന് ഇവിടെ കിടക്കട്ടെ. നാളെ കുറച്ചു ടെസ്റ്റുകൾ ഉണ്ട്. അതൊന്നു നോക്കിട്ട് വിടാം “

അവൾ കുറച്ചു നേരം എന്തോ ചോദിക്കാനെന്ന പോലെ അവിടെ ഇരുന്നു

“എന്താ കൃഷ്ണ?”

“അത് എപ്പോഴും കാശ് അടയ്ക്കാതെ..എന്തോ പോലെ. ഞാൻ കുറച്ചു കാശ് കൊണ്ട് വന്നിട്ടുണ്ട്. ബിൽ അടച്ചോളാം “

“മോള് ഓരോ വീട്ടിൽ പാത്രം കഴുകിയുണ്ടാക്കിയ കാശ് അല്ലെ അത്. അത് പഠിത്തത്തിൽ ആവശ്യം വരും. മോള് വിഷമിക്കണ്ട ഇത് അർജുന്റെ അക്കൗണ്ടിലെ കാശ് അല്ല. എന്റെയ. അതിനാരും കണക്ക് ചോദിക്കില്ല”

അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു

“കോളേജ് അവധി അല്ലെ മൂന്ന് ദിവസം?”

അവൾ തലയാട്ടി

“ഫസ്റ്റ് ഇയർ എക്സാം എങ്ങനെ ഉണ്ടായിരുന്നു?’

“നന്നായി എഴുതി “

“മിടുക്കി “

പെട്ടെന്ന് അർജുൻ മുറിയിലേക്ക് വന്നപ്പോൾ അവൾ ഞെട്ടി എഴുന്നേറ്റു

“അച്ഛാ 401ലെ patient ഒരു..”

“ജോസഫ് “

“ആ ജോസഫ്..അയാളുടെ സർജറി എന്നെക്കാണ് ഫിക്സ് ചെയ്യുക?”

“എന്താ അർജുൻ?”

“അല്ല അച്ഛാ. ഒരു എമർജൻസി കേസ്‌ ചിലപ്പോൾ ഉണ്ടാകും
മെഡിക്കൽ കോളേജിൽ നിന്ന് വിളിച്ചിരുന്നു. അവിടെ ഡേറ്റ് കിട്ടിയില്ല പോലും. “

“ജോസഫ്ന്റെ സർജറി മറ്റന്നാൾ ആണ്.”

“അപ്പൊ അവരോട് വരാൻ പറയട്ടെ..ഓക്കേ അല്ലെ?”

“yes “

അവൻ പുറത്തേക്ക് പോയി

“മോൾ എന്തിനാ പേടിക്കുന്നെ? ദേഷ്യം വരുമ്പോൾ ഇങ്ങനെ പറയുന്നേ ഉള്ളു. അത് തീരുമ്പോൾ അവൻ മറന്നു പോകും. മോള് റൂമിലോട്ട് പൊയ്ക്കോ. അങ്കിൾ ഇവിടെ ഉണ്ടാകും.”

അവൾ എഴുന്നേറ്റു

മെല്ലെ നടന്ന് പോകവേ അവൾ പെട്ടെന്ന് നിന്നു

അർജുൻ…

അവൻ ജനാലയിലൂടെ താഴേക്ക് നോക്കി നിൽക്കുകയാണ്. അവനെ കടന്നു വേണം പോകാൻ

നെഞ്ചിടിപ്പ് കൂടി, നടക്കാൻ പറ്റുന്നില്ല

അർജുൻ ഒരു സി- ഗരറ്റ് കത്തിച്ചു പുക വിടുന്നത് അവൾ കണ്ടു. അവൾ പെട്ടെന്ന് അവനെ കടന്നു ഓടിപ്പോയി

അർജുൻ അത് നോക്കി നിന്നു. ആദ്യമായാണ് ഒരു പെൺകുട്ടി ഭയന്നോടുന്നത് അവൻ കാണുന്നത്. അവളുടെ കണ്ണിലെ ഭയം അവന്റെ ഉള്ളിലെവിടെയോ ഒന്ന് തൊട്ടു

അർജുൻ സി- ഗരറ്റ് വലിച്ചു പുക വിട്ട് കൊണ്ടേയിരുന്നു

“സർ “

മാത്യു

“എന്താ?”

“സർ അന്നത്തെ ആ കേസ്‌ വീണ്ടും വന്നിട്ടുണ്ട്. മനു..”

“അതിന്”

“ഇന്ന് കുറേ ടെസ്റ്റ്‌ ചെയ്തു. നാളെയും കുറേ ടെസ്റ്റ് ഉണ്ട്. ഏകദേശം ഒരു 25000 എല്ലാം കൂടിയാകും. ബിൽ കൊടുക്കണോ?”

“വേണ്ട “

“സർ പക്ഷെ?”

“അത് അച്ഛന്റെ കേസ്‌ ആണ്. ഞാൻ ഇടപെടില്ല എന്ന് പറഞ്ഞിട്ടുണ്ട്. അത് വിട്ടേക്ക് “

“ഓക്കേ സർ ” അയാൾ പോയി

ഇനി താൻ ഇടപെട്ടിട്ട് വേണം അടുത്ത പ്രശ്നം ഉണ്ടാകാൻ
എന്താന്ന് വെച്ച ചെയ്യട്ടെ

“ഹലോ അർജുൻ “

ഡോക്ടർ നിയ

“ഹലോ “

“എന്താ ഒറ്റയ്ക്ക്?’

ആ ചോദ്യത്തിന് പല അർഥങ്ങൾ ഉണ്ടെന്ന് അർജുന്‌ അറിയാം. പലപ്പോഴും നിയ തന്നെ നോക്കുന്ന രീതി, സംസാരിക്കുന്ന രീതി ഒക്കെ അവന് മനസിലായിട്ടുമുണ്ട്

“നിയയ്ക്ക് എവിടെ ആണ് ഡ്യൂട്ടി?’

അവളുടെ മുഖം ഒന്ന് വിളറി
ഒഴിവാക്കുന്ന പോലെ

“ഐ സി യു വിലാണ് “

“എന്നാ ചെല്ല് “

അവൻ തിരിഞ്ഞു റോഡിൽ നോക്കി

ഹോസ്പിറ്റലിൽ ഉള്ള ഒരു സ്റ്റാഫിനോടും അങ്ങനെ പെരുമാറിയിട്ടില്ല അർജുൻ. അങ്ങനെ നിൽക്കെ ദീപുവിന്റെ കാൾ

“ദീപു “

“നീ എവിടെയാ?”

“ഹോസ്പിറ്റലിൽ “

“എടാ കൊച്ചിയിൽ മറ്റേ കക്ഷി വന്നിട്ടുണ്ട്. ബൊളീവുഡ് actress… നമ്മൾ നോക്കി വെച്ച കക്ഷി. സെറ്റ് ആണ്. നീ എപ്പോ വരും ?”

അവൻ ഒരു നിമിഷം മറുപടി പറഞ്ഞില്ല. അവനൊരു കാഴ്ച കണ്ടു

“ഞാൻ നിന്നേ തിരിച്ചു വിളിക്കാം ഒരു മിനിറ്റ് “

ഇടനാഴിയുടെ അങ്ങേയറ്റത്ത് കൃഷ്ണ നിൽക്കുന്നു. ഒരാൾ അവളോട് എന്തോ ചോദിക്കുന്നുണ്ട്

അയാൾ ആശുപത്രി യൂണിഫോമിൽ ആണ്. അവളുടെ ശരീരഭാഷയിൽ അത് അവൾക്ക് ഇഷ്ടമാകുന്നില്ല എന്ന് വ്യക്തം

അവൻ അവിടേയ്ക്ക് ചെന്നു

അവനെ കണ്ടതും അയാൾ വേഗം നടക്കാൻ ആരംഭിച്ചു. അർജുൻ അവനെ തടഞ്ഞു

“ഇവനെന്താ ചോദിച്ചത്?”

കൃഷ്ണ പതറി

“നിന്നോടാ ചോദിച്ചത് “

“വീട് എവിടെ ആണ്? കൂടെ ആരൊക്കെ ഉണ്ട്…? എന്തിനാ വന്നത്.? അങ്ങനെ ഒക്കെ “

“അത് മാത്രേയുള്ളോ?”

കൃഷ്ണ ഉമിനീരിറക്കി

“കാശ് വല്ലോം വേണേൽ തരാന്ന് “

അർജുൻ അവന് നേരേ തിരിഞ്ഞു. ഒറ്റയടി. മുഖം പൊത്തി നിലത്ത് ഇരുന്നു പോയി അവൻ

കൃഷ്ണ ഞെട്ടി പോയി

അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു പൊക്കിയിട്ട് ഒന്നുടെ കൊടുത്തു. സെക്യൂരിറ്റി ഓടി വരുന്നു. ആരൊക്കെയോ ഓടി വരുന്നു

കൃഷ്ണ അനക്കമില്ലാതെ നിൽക്കുകയാണ്

“ഇവനെ കൊണ്ട് പൊയ്ക്കോ. പോലീസ് വന്നിട്ട് വിട്ട മതി. മോഷണം അതാണ് ചാർജ്. മനസിലായല്ലോ “

“സർ ” സെക്യൂരിറ്റി അവനെയും കൊണ്ട് പോയി

അവൻ നടന്നു പോകുന്നത് അവൾ നോക്കിനിന്നു. പിന്നിൽ കൃഷ്ണ നിൽക്കുന്നത് അവന് അറിയാമായിരുന്നു. പക്ഷെ തിരിഞ്ഞു നോക്കിയില്ല. ആ നേരം അവനത് തോന്നിയില്ല

അവൻ ഫോൺ എടുത്തു ദീപുവിനെ വിളിച്ചു

“ഞാൻ രാത്രി വരും. നമുക്കൊന്നിച്ചു പോകാം. റെഡി ആയിട്ട് നിൽക്ക് “

“done “

ദീപു ഫോൺ വെച്ചു

മുന്നിൽ നീരജ

“എങ്ങോട്ടാ യാത്ര?”

“കൊച്ചിയിൽ ഒരു മീറ്റിംഗ് ഉണ്ട്. രണ്ടു ദിവസം കഴിഞ്ഞു വരും,”

“മീറ്റിംഗ്ന് അർജുനും ഉണ്ടൊ?”

“അത് നീ അറിയണ്ട..എന്റെ കാര്യം മാത്രം നീ നോക്കിയ മതി..കേട്ടല്ലോ “

ദീപു മുറിയിലേക്ക് പോയി

നീരജ തറഞ്ഞു നിന്നു പോയി

ഒരു പെണ്ണിനോട് കാണിക്കാവുന്ന ഏറ്റവും വലിയ അവഗണന അനുഭവിച്ചു ജീവിക്കുന്നതിനേക്കാൾ വിവാഹമോചനമാണ് നല്ലത് എന്ന് അവൾ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. പക്ഷെ തിരിച്ചു ചെല്ലാൻ മടിയാണ്. അത്രയ്ക്ക് നാണം കെടുത്തിയിട്ടുണ്ട് സ്വന്തം വീട്ടുകാരെ. ഒരുത്തനെ സ്നേഹിച്ചു ഗർഭിണി ആയവളാണ് താൻ. ഒടുവിൽ അവൻ ഉപേക്ഷിച്ചപ്പോൾ അ- ബോർട്ട് ചെയ്തിട്ട് ദീപുവിനെ കല്യാണം കഴിച്ചു. എല്ലാം അറിഞ്ഞിട്ടാണ് ദീപു അത് ചെയ്തതും. അച്ഛന്റെ കാശ് ആയിരുന്നു ദീപുവിന്റെ ലക്ഷ്യം എങ്കിൽ ഭാരം ഒഴിവാക്കുകയായിരുന്നു അച്ഛൻ

രണ്ടായാലും താൻ ഇങ്ങനെയായി

ഇനിയൊരു മോചനമില്ല. ദീപുവിനെ നിയന്ത്രിക്കാനും വയ്യ

അവൾ കണ്ണീരോടെ നിലത്തിരുന്നു.

ഓരോരുത്തർക്കും ഓരോ സങ്കടങ്ങൾ…വലിയ വലിയ സങ്കടങ്ങൾ….

തുടരും….