ധ്രുവം, അധ്യായം 15 – എഴുത്ത്: അമ്മു സന്തോഷ്

കടുത്ത പനി മാറാതെ വന്നപ്പോൾ അഡ്മിറ്റ് ആയി അർജുൻ. ന്യൂമോണിയ. പകൽ അവൻ തനിച്ചാരുന്നു. ദീപുവിന്റെ കാൾ വരുന്നു

“എടാ…ഷെല്ലി വന്നിട്ടുണ്ട് ” അവൻ ഒന്ന് എഴുന്നേറ്റു ഇരുന്നു

ഷെല്ലി ദീപു നിവിൻ അർജുൻ ഇവര് നാലുപേരും സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. ഷെല്ലി ദുബായ് ആയിരുന്നു

“ആണോ?”

“നിന്നേ വിളിച്ചു കിട്ടിയില്ല എന്ന് പറഞ്ഞു “

“ഫോൺ ചാർജിൽ ആയിരുന്നു  “

“മൂന്നാറിൽ അവന്റെ റിസോർട്ടിൽ നാളെ മീറ്റ്…നിനക്ക് അസൗകര്യമുണ്ടോ?”

“നാളെ….”

“പനിയാണ്..നിങ്ങള് കൂട്..നമുക്ക് മറ്റൊരും ദിവസം കാണാം “

“ചെറിയ ഒരു പനിയല്ലേ? പനി മാറ്റാൻ ഉള്ള സാധനങ്ങൾ ഒക്കെ എത്തുന്നുണ്ട്. നീ വാടാ “

“ചെറിയ പനിയല്ല. ഹോസ്പിറ്റലിൽ ആണ്. അഡ്മിറ്റ്. ന്യുമോണിയയുടെ സ്റ്റാർട്ടിങ്. വേറെയൊരു ദിവസം കാണാം,”

ദീപു ഞെട്ടിപ്പോയി

“ന്യുമോണിയയുടെ സ്റ്റാർട്ടിങ്ങോ എന്നിട്ടാണോ നീ എന്നെ ഒന്ന് വിളിച്ചു പോലും പറയാഞ്ഞത് “

“പിന്നേ ഞാൻ ഇത് കൊട്ടി ആഘോഷിക്കാൻ പോണ്. ഒന്ന് പോടാ കോ- പ്പേ..മനുഷ്യന് ഇവിടെ തലവേദനിച്ചിട്ട്…നീ ഫോൺ വെച്ചേ “

അവൻ കട്ട്‌ ചെയ്തു. ദീപു പരിഭ്രമത്തിൽ അൽപനേരം  നിന്നു

അവൻ നാട്ടിൽ ഉണ്ടായിരുന്നില്ല. ബിസിനസ് ആവശ്യങ്ങൾക്കായി മുംബൈയിൽ പോയിരുന്നു. അതിന്റെ തിരക്കിനിടയിൽ രണ്ടു മൂന്ന് ദിവസം വിളിച്ചില്ല.ശെടാ..അവൻ കീ എടുത്തു

“ഇന്ന് രാവിലെ. എത്തിയതേയുള്ളു എങ്ങോട്ടാ ദീപു?”

നീരജ ദേഷ്യത്തിൽ ചോദിച്ചു

“അവന് പനി. അഡ്മിറ്റ് ആണ് “

“ആർക്ക് അർജുനോ?”

“ആ ഞാൻ ഒന്ന് പോയേച്ചും വരാം.”

“അപ്പൊ കല്യാണത്തിന് പോകണ്ടേ. ഞാൻ ദേ റെഡി ആയി

“നീ അങ്ങോട്ട് പൊയ്ക്കോ ഞാൻ അവിടെ എത്തിക്കൊള്ളാം “

നീരജയുടെ അമ്മാവന്റെ മകന്റെ കല്യാണം ആണ്

“ദീപു കൂട്ടുകാരനെ കാണുമ്പോൾ കല്യാണത്തിന് വരുന്ന കാര്യം മറക്കരുത് “

“ഇല്ല ഞാൻ വരും “

ദീപു ഇറങ്ങി കഴിഞ്ഞു

അവൻ ഹോസ്പിറ്റലിൽ എത്തുമ്പോൾ അർജുൻ നേർത്ത മയക്കത്തിലായിരുന്നു

“ഫൈവ് സ്റ്റാർ ഹോട്ടലിലെ മുറി പോലെയുണ്ട്. ഹോസ്പിറ്റൽ തന്നെ ആണോ ഇത്?”

വലിയ ഒരു റൂമായിരുന്നു അത്. ഒരു വീട്ടിൽ ഉള്ള മിക്കവാറും സംഗതി ഒക്കെ ഉണ്ട്. ഒരു ചെറിയ വീട് പോലെ തന്നെ

“എങ്ങനെ ഉണ്ട് ഇപ്പൊ?”

“തലവേദന ഉണ്ട്..”

അവൻ ക്ഷീണിതനായിരുന്നു
മുഖം വാടി കണ്ണുകൾ താഴ്ന്നു. ദീപു അവന്റെ മുഖത്ത് ഒന്ന് തലോടി

“ചെക്കൻ അങ്ങ് വാടി പോയി”

അവൻ ഒന്ന് ചിരിച്ചു

“അച്ഛൻ എവിടെ?”

“ഇപ്പൊ വരും “

പറഞ്ഞു കൊണ്ട് ഇരിക്കുമ്പോൾ തന്നെ ജയറാം വന്നു

“ഹലോ ദീപു. സുഖമാണോ?”

ദീപു എഴുന്നേറ്റു

“അങ്ങനെ പോകുന്നു അങ്കിൾ…എങ്ങനെ ഉണ്ട് ഇവന്?”

“ഇൻഫെക്ഷൻ ഉണ്ട്..വീട്ടിൽ ആണെങ്കിൽ ഇവൻ ശ്രദ്ധിക്കില്ല. അതാണ് ഹോസ്പിറ്റലിൽ ആക്കിയത്..സ്‌മോക്കിങ് കുറേ കൂടുതലാ. തല്ക്കാലം ഇവിടെ മതി.”

ദീപു അവനെ നോക്കി നന്നായി എന്ന് കൈ കാണിച്ചു

“അങ്കിളേ..”

വാതിൽക്കൽ ഒരു വിളിയൊച്ച

“ഇന്നെന്താ ക്ലാസ്സ്‌ ഇല്ലെ?”

കൃഷ്ണ ഉള്ളിലേക്ക് വന്നു

“ഇല്ല. ഇന്ന് പബ്ലിക് ഹോളിഡേ അല്ലെ? നബിദിനം. മറന്നോ?”

“എനിക്ക് ഹോളിഡേ എന്നാ പരിപാടി ഇല്ലല്ലോ..അത് കൊണ്ട് ഓർക്കാറില്ല ” ജയറാം തമാശ പറഞ്ഞു

ദീപു ശ്വാസം വിടാൻ കൂടി മറന്ന് ആ സൗന്ദര്യം നോക്കിയിരിക്കുകയായിരുന്നു

“ദീപു ഇത് കൃഷ്ണ. മെഡിക്കൽസ്റ്റുഡന്റ് ആണ്. എന്റെ സ്വന്തം കുട്ടിയാ. മോളെ ഇത് ദീപു അർജുന്റെ ഫ്രണ്ട് ആണ് “

കൃഷ്ണ കൈ കൂപ്പി. ദീപുവും

കൃഷ്ണ അലസമായിട്ടെന്നാവണം കണ്ണുകൾ അർജുന്റെ നേരേ തിരിച്ചു. അത് അറിയാതെയല്ല മനഃപൂർവം ആണ് എന്ന് അവന് മനസിലായി.

എങ്ങനെ ഉണ്ട് എന്നാ ചോദ്യമുണ്ട്. പക്ഷെ ചോദിക്കാൻ പേടിയുണ്ട്

സാധാരണ ഹോസ്പിറ്റലിൽ വരുന്ന വേഷം അല്ല. പാവാടയും ബ്ലൗസുമാണ്. മുടി കുളിച്ചു വിതർത്തിട്ടിരിക്കുന്നു. നെറ്റിയിൽ ചന്ദനക്കുറി

“ഇന്നെന്താ വിശേഷം?” ജയറാം കൃഷ്ണയേ നോക്കി

കൃഷ്ണ പുഞ്ചിരിച്ചു

“ഇല്ലെ അർജുൻ എന്തോ ഒരു വ്യത്യാസം ഇല്ലെ “

“പിറന്നാൾ ആണോ?” അർജുൻ പെട്ടെന്ന് ചോദിച്ചു

കൃഷ്ണ തലയാട്ടി

“ആഹാ ഹാപ്പി ബർത്ത് ഡേ..മോള് പറയാഞ്ഞതെന്താ” ജയറാം ചോദിച്ചു

നേർത്ത പുഞ്ചിരി ആണ് മറുപടി

“ഹാപ്പി ബർത്ത് ഡേ കൃഷ്ണ “

ദീപു പറഞ്ഞു

“താങ്ക്യൂ “

അർജുൻ ഒന്നും പറഞ്ഞില്ല. അവന് ഒരു മടി തോന്നി

“ഞങ്ങൾ റൗണ്ട്സ് കഴിഞ്ഞു വരാം ” ജയറാം പറഞ്ഞു

“ഉയ്യോ ഇന്ന് ഞാൻ റൌണ്ട്സിനില്ല പോണം. ഞാൻ അങ്കിളിനെ കാണാൻ വന്നെന്നേയുള്ളു.”

“പോകാം ഞാൻ ഒന്ന് പോയിട്ട് വരട്ട്. മോള് എന്റെ മുറിയിൽ പോയിരിക്ക് “

അവൾ തലയാട്ടി. പിന്നെ അവരോട് യാത്ര ചോദിച്ചു മുറിയിൽ പോയി

“ഞാൻ കുറച്ചു കഴിഞ്ഞു വരാം “

അദ്ദേഹം അവന്റെ നെറ്റിയിൽ കൈ വെച്ചു. അർജുൻ ഒന്ന് മൂളി

ഡോക്ടർ ജയറാം വാതിൽ തുറന്നു പോയി കഴിഞ്ഞു എന്ന് ഉറപ്പ് വരുത്തി ദീപു അവന്റെ മുഖത്ത് നോക്കി

“എന്റെടാ എന്തൊരു പെണ്ണാടാ അത്! ഹോ നാച്ചുറൽ ബ്യൂട്ടി എന്ന് പറഞ്ഞാൽ ഇതാണ്. എന്തൊരു  നിറം!കണ്ണും മൂക്കും ചുണ്ടും…ചുണ്ടൊക്കെ നല്ല തുടുത്ത്..ഹോസ്പിറ്റലിൽ ഇത്രേ നല്ല ഐറ്റംസ് ഉണ്ടായിട്ടാ അവൻ പട്ടായയിൽ പോണത്.”

“ഞാൻ എന്റെ ഹോസ്പിറ്റലിലോ നാട്ടിൽ മറ്റ് എവിടെ എങ്കിലുമൊ ഫ്‌ളൈർട് ചെയ്തു നീ കണ്ടിട്ടുണ്ടോ? ആ പരിപാടിക്ക് ഞാൻ ഇല്ല.”അർജുൻ നീരസത്തോടെ പറഞ്ഞു

“എങ്കിൽ പിന്നെ മറ്റുള്ളവരെ അനുവദിക്കുമോ അതില്ല. ഈ കൊച്ചിനെ നോക്ക്. അതിന്റെ ഫിഗർ കണ്ടിട്ട് നീ എങ്ങനെയാട ഈ എത്തിക്സ് നോക്കിയിരിക്കുന്നത്. എത്ര വയസ്സ് കാണും?”

“ഇരുപത് ആയിട്ടില്ല എന്ന് തോന്നുന്നു “

“ഉഗ്രൻ പ്രായം. ഞാൻ നോക്കട്ടെ..?”

“അങ്ങോട്ട് ചെല്ല്. അവളു സർജിക്കൽ കത്തിയെടുക്കും.ആ നിവിൻ പ്രൊപോസൽ രൂപത്തിൽ ഒന്ന് ചെന്നിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു. പക്ഷെ ഏറ്റില്ല. ഞാൻ പിന്നെ അവനെ ഒറ്റയ്ക്ക് കണ്ടില്ല. അല്ലേൽ ചോദിച്ചെനെ. ഹോസ്പിറ്റലിൽ ഇതൊന്നും പറ്റില്ല ദീപു “

അവൻ ഗൗരവത്തിൽ പറഞ്ഞു

“പിന്നെ ഇവളെ എവിടെ വെച്ചു കാണാനാ..എടാ ഇത് വരെ പറഞ്ഞത് പോലെയല്ല..ഇവള് ഒറ്റ കാഴ്ചയില് ഉള്ളിൽ കേറിപ്പോയി. അഡ്ജസ്റ്റ് ചെയ്യെടാ പ്ലീസ്.”

അർജുന്റെ മുഖം ചുവന്നു

“ഞാൻ നിന്നോട് പറഞ്ഞു ദീപു ഇത് ഹോസ്പിറ്റല. അവൾ അച്ഛന്റെ സ്വന്തം മോളെ പോലെയാ. നീ അത് ചിന്തിക്കേണ്ട
മനസിലായോ? അത് കളഞ്ഞേക്ക്. കൃഷ്ണ വേണ്ട..എടാ പാവം പെണ്ണാണെന്ന്. വിട്ടേക്ക് “

“നിനക്ക് എന്താ ഒരു സെന്റിമെന്റ്സ്?” ദീപു അവനെ രൂക്ഷമായി നോക്കി

“എനിക്ക് എന്ത് സെന്റിമെന്റ്സ്. അവളോട് മോശമായി പെരുമാറിയാൽ അവൾ അത് അച്ഛനോട് പറയും. ബാക്കി ഞാൻ പറയണ്ടല്ലോ “

“അച്ഛനോട് പറയാത്തത് പോലെ ആണെങ്കിൽ?”

അർജുൻ അവന്റെ മുഖത്തേക്ക് നോക്കി

“കുറേ കാശ് കൊടുത്താലോ? പാവങ്ങളാണെന്നല്ലേ പറഞ്ഞത്? ഞാൻ ഒരു  ലക്ഷം രൂപ കൊടുക്കാം. അഞ്ചു ലക്ഷം കൊടുത്താലും കൂടുതലല്ല. പൈസ കിട്ടിയ അവക്കു പുളിക്കുമോ? നീ അവളുടെ ഡ്രസ്സ്‌ ശ്രദ്ധിച്ചോ. വില കുറഞ്ഞ ഒരു പാവാടയും ബ്ലൗസും. ഇപ്പോഴത്തെ പെൺപിള്ളേർക്ക് കാശ് കിട്ടിയ ഡ്രസ്സ്‌ ഒക്കെ പുതിയ വാങ്ങാനും മൊബൈലിനും ഒക്കെ ഉപയോഗിക്കും. ഞാൻ കൊടുക്കാം “

“ദീപു…കൃഷ്ണ വേണ്ട..അവളോട് വേണ്ട..” അർജുന്റെ മുഖം മാറി

“അതെന്താ നീ വെച്ചോണ്ടിരിക്കുവാണോ?” ദീപുവിന്റെ മുഖം അടച്ച് ഒരടി വീണു. അവൻ അറിയാത കവിൾ പൊത്തിപ്പോയി

“ഇറങ്ങി പൊ…” അർജുൻ വാതിൽക്കലേക്ക് കൈ ചൂണ്ടി

“എടാ നീ…നീ എന്തിനാ എന്നെ തല്ലിയത്?”

“ഞാൻ നിന്നോട് നുറു തവണ പറഞ്ഞു. അച്ഛന് അവള് മോളെ പോലെയാണെന്ന്. അങ്ങനെ ഒരുത്തിയെ ഞാൻ തൊടുമോടാ? അല്ലെങ്കിൽ തന്നെ ഇവിടെ എന്റെ സ്ഥാപനത്തിൽ ഞാൻ ആ വൃത്തികേട് കാണിക്കുമോ? ഞാൻ വെച്ചോണ്ടിരിക്കുന്നെന്ന്…നിനക്ക് എത്ര പെണ്ണിനെ അറിയാം അർജുൻ കൊണ്ട് നടക്കുന്നത്? ഉം?”

ദീപുവിന്റെ മുഖം താഴ്ന്നു

“എടാ സോറി പോട്ടെ ഞാൻ അങ്ങനെ ഒരു ചോദ്യം ചോദിച്ചിടില്ല ക്ഷമി “

അർജുൻ മുഖം തിരിച്ചു

“ഡാ…ക്ഷമിക്ക്..സോറി. ഞാൻ ചെ- റ്റത്തരം ചോദിച്ചു നീ എന്നെ തല്ലി. അവിടെ തീർന്നു. പിണങ്ങല്ലേ”

അർജുൻ അവനെ രൂക്ഷമായി നോക്കി

“ഈ ഹോസ്പിറ്റലിന്റെ പുറത്ത് വെച്ചു ഞാൻ അവളോട് സംസാരിച്ചോട്ടെ. മാന്യമായിട്ട്. അവൾക്ക് താല്പര്യമില്ല എങ്കിൽ വിട്ടേക്കാം ഉണ്ടെങ്കിൽ…നിനക്ക് പെണ്ണുങ്ങളുടെ മനസ്സ് അറിയാഞ്ഞിട്ടാ.”

“അത് വേണ്ട. കൃഷ്ണയോട് അങ്ങനെ ഉള്ള ഒന്നും വേണ്ട. അവൾ ആ ടൈപ്പ് അല്ല. നീ അവളെ ഇനി കണ്ടു ന്ന് ഞാൻ അറിഞ്ഞ അന്ന് തീരും ഞാനും നീയും തമ്മിൽ ഉള്ളത് “

അർജുൻ വളരെ ഗൗരവത്തിൽ പറഞ്ഞു

“ശെടാ ഇത് വലിയ കഷ്ടം ആണല്ലോ അർജുൻ. എനിക്ക് ആണെങ്കിൽ അവള് മനസ്സിൽ നിന്നും പോകുന്നുമില്ല. എന്തൊരു സൗന്ദര്യം ദൈവമേ. കെട്ടിപ്പോയില്ലായിരുന്നെങ്കിൽ ഞാനവളെയങ് കല്യാണം കഴിച്ചേനെ.”

അർജുൻ അവനിട്ടു ഒരു ചവിട്ട് കൊടുത്തു

“ഉയ്യോ കല്യാണം.. ” അവൻ അപ്പോഴാണ് ഓർത്തത് 

“ആരുടെ?”

“നീരജയുടെ കസിന്റെ..ഞാൻ പോവാ..നാളെ വരാം “

“വായ്നോട്ടം ആണ് ഉദ്ദേശമെങ്കിൽ വരണ്ട “

“ഓ “

അവൻ എഴുന്നേറ്റു വാതിൽ കടന്നു പോയി. കുറച്ചു സമയം കഴിഞ്ഞിട്ടും അർജുന്‌  ദേഷ്യം തീരുന്നില്ല

അവന് ഒരു സി- ഗരറ്റ് വലിക്കാൻ തോന്നി. അവൻ എഴുന്നേറ്റു ഷെൽഫിൽ നിന്ന് ഒരു സി- ഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചു

“ഞാൻ അങ്കിളിനോട് പറയും ” ഒരു ശബ്ദം

കൃഷ്ണ

അവൻ വേഗം അത് ചുണ്ടിൽ നിന്ന് മാറ്റി. കയ്യിൽ ലഡ്ഡു

“താഴെ ക്യാന്റീനിൽ നിന്നു കിട്ടിയതാ. കാന്റീലിനെ അനിയേട്ടനെ അറിയോ.”

അവൻ ഒന്ന് മൂളി

“പിറന്നാൾ ആണെന്ന് പറഞ്ഞപ്പോ തന്നതാ “

അവൻ ഒരെണ്ണം എടുത്തു

“ഹാപ്പി ബർത്ത് ഡേ “

“താങ്ക്സ് “

മുഖത്ത് ദേഷ്യമൊന്നുമില്ല. നിർമ്മലമായ, നിഷ്കളങ്കമായ ഒരു ഭാവം.

“ഈ സമയം സ്‌മോക്കിങ് പാടില്ല. അസുഖം കൂടും. “

അവൾ ടേബിളിൽ വെച്ച പാക്കറ്റ്  നോക്കി

“വേറെയുണ്ടോ?”

അവൻ മിണ്ടിയില്ല

അവൾ അതെടുത്തു ഡെസ്ബിനിൽ ഇട്ടു

“ന്യുമോണിയ കൂടിയ ശ്വാസം കിട്ടില്ല. വല്ലാത്ത അവസ്ഥ ആണത്. വേണ്ട അർജുൻ സർ. ഇത് കഴിഞ്ഞു പോയ എത്ര വേണേൽ ആകാം “

അവൾ ഷെൽഫിൽ നോക്കി ബാക്കിയുള്ള പാക്കറ്റ് കൂടി എടുത്തു ബിന്നിലിട്ടു. ലഡ്ഡു ആ ടേബിളിൽ തന്നെ വെച്ചു

“സ്‌മോക്ക് ചെയ്യാൻ തോന്നുമ്പോൾ കഴിക്ക് “

“നീ കഴിച്ചോ?”

“ഇല്ല. എനിക്ക് മധുരം അത്രേ ഇഷ്ടല്ല. ശീലവുമില്ല. ഇവിടെ ഇരുന്നോട്ടെ “

“ദാ ഹാഫ് കഴിച്ചോ. നിന്റെ ബർത്ത് ഡേ അല്ലെ?” അവൻ തന്റേതിൽ നിന്ന് പാതി മുറിച്ചു നീട്ടി

അവൾ അത് വാങ്ങി കഴിച്ചു

“അച്ഛനോട് പറയണ്ട “

അവൾ ഒരു ചിരി ചിരിച്ചു

“വെറുതെ ടെൻഷൻ ആകും അത് കൊണ്ടാണ് “

പൊടുന്നനെ അവന് തലകറങ്ങി. അവൻ ഭിത്തിയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും വഴുതി. കൃഷ്ണ അവനെ വട്ടം പിടിച്ചു ബെഡിൽ ഇരുത്തി

“എന്താ?” അവൾ വെപ്രാളത്തോടെ കുലുക്കി

“വല്ലാതെ വരുന്നു കൃഷ്ണ ” അവൻ കണ്ണടച്ച് പിറുപിറുത്തു

“ഞാൻ പോയി ഡോക്ടറെ വിളിക്കട്ടെ…” അവൾ അവനെ ബെഡിൽ കിടത്തി

അവന്റെ കണ്ണുകൾ അടഞ്ഞു
ഒറ്റ നിമിഷം കൊണ്ട്. മുഖം വിയർപ്പിൽ കുതിർന്ന് പോയി. അവൾ തന്റെ കയ്യിൽ ഉള്ള ടവൽ വെച്ച് ആ മുഖം തുടച്ചു. പിന്നെ പുറത്തേക്ക് ഓടി

ഡോക്ടമാരുടെ സംഘം പെട്ടെന്ന് എത്തി. അവൾ പുറത്ത് ഇറങ്ങി നിന്നു. ജയറാം വന്നപ്പോ അവൾ അരികിൽ ചെന്നു

“ബിപി ഒന്ന് ലോ ആയി. സാരമില്ല. പിന്നെ പനി വിട്ടു. അത് കൊണ്ടാണ്.”

അവൾ തലയാട്ടി

“ഞാൻ പോട്ടെ?”

ഡോക്ടർ അവളുടെ ശിരസ്സിൽ തലോടി

“പിറന്നാൾ ആയിട്ട് ഒന്നും തന്നില്ല “

“ഒന്നും വേണ്ട ഈ സ്നേഹം മാത്രം മതി എന്നും “

ജയറാമിന്റെ കണ്ണുകൾ നിറഞ്ഞു

“മോള് എനിക്ക് ഒരുപകാരം ചെയ്യൂ. നാളെ ശിവന്റെ അമ്പലത്തിൽ പോയിട്ട് ഒരു മൃത്യുഞ്ചയ അർച്ചന ചെയ്യണം. ജലധാരയും. അടുപ്പിച്ചു ഏഴു ദിവസം. രസീത് എഴുതിയ മതി. അവര് നടത്തി കൊള്ളും. അർജുന്‌ സമയം ചീത്തയാ.”

“ഞാൻ ചെയ്തോളാം. എന്താ നാള്?”

“രോഹിണി “

“ശരി. വിഷമിക്കണ്ട ട്ടോ ഒന്നുല്ലങ്കിൽ കൃഷ്ണന്റെ  നാളല്ലേ?” അദ്ദേഹം പുഞ്ചിരിച്ചു

പിന്നെ കൃഷ്ണ പോകുന്നത് നോക്കി നിന്നു

തുടരും….