ധ്രുവം, അധ്യായം 17 – എഴുത്ത്: അമ്മു സന്തോഷ്

ആ ഞായറാഴ്ച കൃഷ്ണ ഏട്ടനെ കാണാൻ പോയി

“നിനക്കിപ്പോ വന്നു വന്നാരേം വേണ്ട അല്ലെ? കാണാനെയില്ല ” മനു പരിഭവം പറഞ്ഞു

“എന്റെ പൊന്ന് ഏട്ടാ പഠിക്കാൻ ഉള്ളത് കാണണം..തീരില്ല. അമ്മയോട് ചോദിച്ചു നോക്ക്. ഞാൻ  എത്ര മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് “

മനു അവളെ നോക്കി. ക്ഷീണം ഒന്നുമില്ല. പഴയതിലും സുന്ദരികുട്ടിയായി

“ഏട്ടനിപ്പോ വേദന ഒന്നുമില്ലല്ലോ “

അവൾ ഗൗരിയെ നോക്കി

“ഇല്ല…കുഴപ്പമില്ല. ഇനിയെന്ന ചെക്കപ്പ്. ആറുമാസം കഴിഞ്ഞു ല്ലോ..”

“അയ്യോ ഞാൻ അത് മറന്നു. ഡോക്ടറെ വിളിച്ചു ചോദിക്കട്ടെ “

അവൾ ജയറാമിനെ വിളിച്ചു. ഒരു തവണ ബെൽ അടിച്ചു തീർന്നു

“എടുക്കുന്നില്ല. ഒന്നുടെ നോക്കട്ടെ”

അർജുൻ ഹാളിൽ ടീപോയിൽ മൊബൈൽ അടിക്കുന്ന ശബ്ദം കേട്ടു. അച്ഛൻ പുറത്ത് പോയത് മൊബൈൽ എടുക്കാതെയാണോ? “

അവൻ നോക്കി. കൃഷ്ണ കാളിംഗ്

നെഞ്ചിലൂടെ പെട്ടെന്ന് ഒരു മിന്നൽ പാഞ്ഞു പോയത് പോലെ

അവൻ പെട്ടെന്ന് കാൾ എടുത്തു

“ഡോക്ടർ അങ്കിളേ ഞാനാണേ..”

“അച്ഛൻ ഇവിടെ ഇല്ല.”

അവൾ പെട്ടെന്ന് വല്ലാതായി. അടുത്ത് മനുവേട്ടൻ മുഖത്ത് നോക്കിയിരിക്കുന്നു. ഗൗരി ചേച്ചി ഉണ്ട്

“ഞാൻ ഏട്ടനെ ചെക്കപ്പിന് എന്ന് കൊണ്ട് വരണം എന്നറിയാൻ വിളിച്ചതാണ്..ഞാൻ പിന്നെ വിളിച്ചോളാം “

ഫോൺ കട്ട്‌ ആയിട്ടില്ല. അവൾ ഒന്നുടെ നോക്കി. മറുപടിയുമില്ല

“എന്നാ ഡിസ്ചാർജ് ആയത്?”

പെട്ടെന്ന് അർജുന്റെ കണ്ണുകൾ കലങ്ങി ചുവന്നു. ഉള്ളിൽ എന്തോ വന്ന് നിറഞ്ഞ പോലെ..കടല് പോലെ ഇളകി മറിയുന്നുണ്ട് മനസ്സ്. എന്തിനാണ് ഇങ്ങനെ എന്ന് അവൻ ഓർത്തു

“ഇന്നലെ “

“കുറഞ്ഞോ നല്ലോണം?”

അവൻ ഒന്ന് മൂളി

“ശരി “

അവൾ ഫോൺ വെച്ചു

“ഡോക്ടർ അല്ല എടുത്തത്. ഇങ്ങോട്ട് വിളിക്കും. ഞാൻ ചോദിച്ചു പറയാം ” അവൾക്ക് ഒരു പരിഭ്രമം ഉള്ളത് മനുവിന്റെ ശ്രദ്ധയിൽ പെട്ടു

ഒരു വല്ലായ്മ. സംസാരിക്കുന്നുണ്ടെങ്കിലും അത് വരെ സംസാരിച്ച ഉന്മേഷം ഇല്ല

“മക്കളെ ചോറ് എടുത്തു വെച്ചു കേട്ടോ, “

അമ്മായി വന്നു പറഞ്ഞു

“ആഹാ ഇന്ന് കുറെയുണ്ടല്ലോ സാധനങ്ങൾ കപ്പ, മീൻത്തോരൻ, അവിയൽ..എന്താ വിശേഷം?”

“ഞങ്ങളുടെ ഡോക്ടർ കൊച്ചു വന്നതിന്റെ സന്തോഷം അല്ലാതെന്താ. കഴിക്ക് ലത പറയും കഴിക്കാൻ കൂടി നേരമില്ലന്ന്. ഓട്ടം തന്നെ ഓട്ടമാ ന്ന്.”

“അതിങ്ങോട്ട് പറഞ്ഞു കൊടുക്ക്. ആകെ കൂടി ഒരു പെങ്ങളല്ലേ ഉള്ളു. ഇങ്ങനെ കിടന്നു കഷ്ടപ്പെടുവല്ലേ. അവളെ വന്നു കണ്ടേക്കാം എന്ന് ചിന്തിച്ചോ? ഇല്ല. ഈഗോ അല്ലാതെന്താ?”

“പോടീ ” അവൻ അവളുടെ ചെവിയിൽ പിടിച്ചു

“ആരാ മോളെ ആശുപത്രിയിൽ കിടക്കുന്നെ?”

“ങ്ങേ ആര്?”

“അവൾ കണ്ണ് മിഴിച്ചു

“നീ ദിവസവും പോയി അർച്ചന നടത്തുന്നന്നെന്ന് അവിടെ കഴകത്തിനു നിൽക്കുന്ന സുധ പറഞ്ഞു “

“അതോ അത്…അതെന്റെ ഒരു ഫ്രണ്ട്. ന്യുമോണിയ ആരുന്നു..ഇപ്പൊ മാറി “

“ഞാനും വിചാരിച്ചു വലിയ അസുഖം വല്ലോം ആയിരിക്കും. അല്ലെങ്കിൽ ദിവസവും മോള് പോവില്ലല്ലോ “

അവൾ കുനിഞ്ഞിരുന്നു ഭക്ഷണം കഴിച്ചു. അവൾ ആ പറഞ്ഞത് കള്ളമാണെന്ന് മനുവിന് മനസിലായി. പക്ഷെ അവനൊന്നും ചോദിക്കാൻ പോയില്ല

പിന്നേ അവർ ഒറ്റയ്ക്ക് ആയപ്പോൾ ചോദിച്ചു

“എന്റെ മനുവേട്ടാ അത് ഡോക്ടർടെ മോൻ. ഡോക്ടർ അർച്ചന നടത്താൻ പറഞ്ഞു ഞാനതു ചെയ്തു. അമ്മായി അറിഞ്ഞാൽ വേറെ വല്ലോം വിചാരിക്കും അതാ അങ്ങനെ പറഞ്ഞത് “

മനു ഒന്ന് മൂളി. ഡോക്ടറുടെ ഫോൺ വന്നു

“മോളെ ഞാൻ ഒരു കല്യാണത്തിന് പോയി. ഫോൺ മറന്നു “

“മനുവേട്ടന് ഇനി ചെക്ക് അപ്പ് വേണോ ഇപ്പൊ കുഴപ്പമില്ല..”

“ഇപ്പൊ എത്ര നാളായി ലാസ്റ്റ് ചെക്ക് അപ്പ് കഴിഞ്ഞിട്ട്?”

“ആറുമാസം “

“വേണേൽ നോക്കാം ഇല്ലെങ്കിലും കുഴപ്പമില്ല. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ മതി “

“ഇപ്പൊ ഏട്ടന് പ്രശ്നം ഒന്നുമില്ല “

“എന്നാ വേണ്ട “

“താങ്ക്സ് “

അവൾ പറഞ്ഞു

‘മോളെവിടെയാ? “

“ഞാൻ ഏട്ടന്റെ കൂടെയാ “

“ശരി ശരി. എന്നാ വെച്ചോ “

അദ്ദേഹം ഫോൺ വെച്ചു. പാവം അവൾ തന്നെ പറഞ്ഞു

മനു അവളെ തന്നെ ശ്രദ്ധിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. ആ സന്തോഷം. അവനും സന്തോഷം തോന്നി

അവിടെ നിന്ന് യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ രാത്രി ആയി

ചെല്ലുമ്പോൾ അമ്മ എന്തോ ഉണ്ടാക്കുന്നു

“എന്താ അമ്മേ?”

“കുറച്ചു ചക്കപ്പഴം കിട്ടി. ശർക്കര വാങ്ങിച്ചോണ്ട് വന്നു. എന്റെ കൊച്ചിന് കുമ്പിളപ്പം വലിയ ഇഷ്‌ട്ടമല്ലിയോ “

അവൾ പിന്നിലൂടെ അമ്മയെ കെട്ടിപ്പിടിച്ചു ചേർന്ന് ഇരുന്നു

“കുറച്ചേയുള്ളോ അമ്മേ?”

“അല്ലല്ലോ കുറെയുണ്ട് നോക്ക്. രണ്ടു തട്ട് പുഴുങ്ങി വെച്ചു “

“ഡോക്ടർ അങ്കിളിന് വലിയ ഇഷ്ടമാ ഇത്. ഇന്നാള് പറഞ്ഞാരുന്നു. കുറച്ചു കൊണ്ട് കൊടുക്കാം “

“വേണ്ട മോളെ അവരൊക്കെ വലിയ ആൾക്കാരാ നമ്മൾ ഉണ്ടാക്കുന്നതൊന്നും തിന്നില്ല.”

“അങ്കിളിന് അങ്ങനെ ഒന്നുമില്ല പാവമാ. നാളെ കൊണ്ട് കൊടുക്കാം. വൈകുന്നേരം അവിടെ കേറീട്ടു വരുവുള്ളു.”

“രാത്രി ആവരുത് “

“ഇല്ല. നാളെ ഉച്ച വരെ കാണുവുള്ളു. രണ്ടു ടീച്ചർമാർക്ക് പനിയാണ് ലീവ്. മിക്കവാറും ഉച്ച വരെ ഉണ്ടാവുള്ളു. ഞാൻ ദൃശ്യയുടെ കൂടെ പോയിട്ട് അവൾക്കും കുറച്ചു കൊടുത്തിട്ട് അങ്കിളിനും കൊടുത്തിട്ട് വരാം “

അവർ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു

ദൃശ്യയുടെ വീട്ടിൽ അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു. ഉച്ചക്ക് അവൾ പറഞ്ഞത് പോലെ ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല

” വാ മോളെ ഇതെന്താ പൊതി? “

“കുറച്ചു കുമ്പിളപ്പം. അമ്മ ഉണ്ടാക്കിയതാ. ഇഷ്ടം ആകുമോ ആവോ?”

“അതെന്താ അങ്ങനെ ഒരു ടോക്? ഇവിടെ ആരും ഇത് ഉണ്ടാക്കിട്ട് പോലുമില്ല. ബേക്കറിയിൽ നിന്ന വാങ്ങുക “

ദൃശ്യ ഒരെണ്ണം എടുത്തു കടിച്ചു

“എന്റെ പോന്നോ കിടിലൻ “

അവൾ മന്ദഹസിച്ചു. പ്രഭ കൃഷ്ണയേ തന്നെ നോക്കിയിരിക്കുകയായിരുന്നു. കടും പച്ച നിറത്തിൽ ഉള്ള ഒരു കോട്ടൺ ചുരിദാർ മഞ്ഞ ഷാൾ. കണ്ണെഴുതി പൊട്ട് തൊട്ടിട്ടിണ്ട്. നീണ്ട മുടി ഇറുകെ പിന്നിയിട്ടിരിക്കുന്നു

“മോൾ ഏത് എണ്ണയാ തേക്കുന്നെ?”

“വെളിച്ചെണ്ണ ” അവൾ ഉത്തരം കൊടുത്തു

“വെറും വെളിച്ചെണ്ണ?”

“അതേ “

“ദൃശ്യയുടെ മുടി പൊഴിയുവാ “

“ഞാൻ കിണറ്റിലെ വെള്ളമാ ഉപയോഗിക്കുന്നെ ചിലപ്പോൾ അതായിരിക്കും “

“അതാവും “

“എന്താണ് എല്ലാവരും കാര്യമായിട്ട് തട്ടിക്കൊണ്ടു ഇരിക്കുന്നെ?”

ഗോവിന്ദ് വാതിൽക്കൽ

“കുമ്പിളപ്പം ഇവള് കൊണ്ട് വന്നതാ “

“എന്നാ പിന്നെ ചായ ഇട്ടോ അമ്മേ. കൃഷ്ണയുടെ പലഹാരം കഴിച്ചിട്ട് തന്നെ കാര്യം “

അവർ പൂമുഖത്തെ കസേരയിൽ ഇരിക്കുകയായിരുന്നു. കൃഷ്ണയുടെ കണ്ണുകൾ ജയറാമിന്റെ കാർ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു കൊണ്ടിരുന്നു

“അവിടെ ഡോക്ടർ അങ്കിൾ ഇല്ലെ?”

“നാല് മണിയായില്ലേ ” ദൃശ്യ ചോദിച്ചു

അവൾ വാച്ചിൽ നോക്കി തലയാട്ടി “ഇപ്പൊ വരും “

പറഞ്ഞു തീരുന്നതിനു മുൻപ് കാർ കടന്നു വന്നു

“അങ്കിൾ വന്നു “

അവൾ കൊച്ച് കുട്ടിയെ പോലെ ചാടിയെഴുനേറ്റു

“ഞാൻ ഇത് അങ്കിളിന് കൊടുത്തിട്ട് വരാം “

പ്രഭ ചിരിച്ചു

“വേഗം പോയിട്ട് വാ “

“നീയും വ “

“എന്തിന് അവിടെ ആ ക്ണാപ്പൻ ഉണ്ട് വല്ലോം പറഞ്ഞു ഇടങ്ങേറാവെണ്ട നീ പോയിട്ട് വാ “

ദൃശ്യ പറഞ്ഞു

അവൾ പൊതിയെടുത്ത് അവിടേക്ക് പോയി

“അങ്കിളേ….”

ഹാളിൽ നിന്ന് വിളി കേട്ട് അർജുൻ മുൻവശത്തേക്ക് വന്നു

കൃഷ്ണ

“അങ്കിൾ എന്തിയെ?”

“അച്ഛൻ ഫ്രഷ് ആകുന്നു. ഇപ്പൊ വരും “

അവൾ തലയാട്ടി. എന്ത് പിന്നെ പറയണം എന്നറിയാതെ അവൾ പുറത്തേക്ക് നോക്കി നിന്നു

“ഇതെന്താ കയ്യിൽ?”

“ഒരു പലഹാരം. ഡോക്ടർക്ക് വലിയ ഇഷ്ടം ഉള്ളതാ. ചക്കപ്പഴം കൊണ്ട് ഉണ്ടാക്കിയത് “

“ഓ. അച്ഛന് മാത്രേയുള്ളു?” അവൾ സങ്കടത്തോടെ ആ മുഖത്ത് നോക്കി

“അങ്കിളിന് ഞാൻ എന്ത് കൊടുത്താലും വഴക്ക് പറയില്ല. എന്നെ ഇറക്കി വിടുകയുമില്ല. പാവാ “

അവന്റെ നെഞ്ചിൽ ഒരു വേദന വന്നു

“അപ്പൊ ഞാൻ മോശമാണ്?”

“അതെ മോശമാണ് ” അവൾ പെട്ടെന്ന് പറഞ്ഞു

“എങ്ങനെ?” അവൻ ചോദിച്ചു

“എല്ലാ അർത്ഥത്തിലും ” അവന് ചിരിയാണ് വന്നത്

“ആരാ ഇതൊക്കെ പറഞ്ഞു തന്നത്. അവളാണോ ദൃശ്യ?”

“ഞാൻ കണ്ടല്ലോ ഹോസ്പിറ്റലിൽ…”

പെട്ടെന്ന് ഡോക്ടർ അവിടേക്ക് വന്നപ്പോൾ അത് മുറിഞ്ഞു

“എന്റെ കുട്ടിയെപ്പോ വന്നു?”

ജയറാം അവളെ ചേർത്ത് പിടിച്ചു

“ഇരിക്ക് ഇരിക്ക് ഇതെന്താ പൊതി”

“കുമ്പിളപ്പം “

അർജുൻ അച്ഛനും അവൾക്കും. എതിരായി സെറ്റിയിൽ വന്നിരുന്നു

“ശോ സത്യം?”

“ആന്ന് നോക്ക് “

അവൾ പൊതി അഴിച്ചപ്പോൾ നല്ല മണം വന്നു. ജയറാം ഒരെണ്ണം എടുത്തു കഴിച്ചു. കൈ കൊണ്ട് ഉഗ്രൻ എന്ന് കാട്ടി

“അർജുന്‌ വേണ്ടേ?”

അവൻ കൈ എടുത്തു വേണ്ട എന്ന് പറഞ്ഞു

കയ്യിൽ താൻ കൊണ്ട് കൊടുത്ത ചരട്. അപ്പൊ അത് കയ്യിൽ കെട്ടി

“ജയറാം സർ ” പുറത്ത് ഒരു വിളിയോച്ച

“ഞാൻ നോക്കിയിട്ട് വരാം ” അദ്ദേഹം പുറത്തേക്ക് പോയി

“പറയടി ഹോസ്പിറ്റലിൽ എന്താ നീ കണ്ടത്?” അവൻ മുന്നോട്ടാഞ്ഞു

“കാണാതെയും മനസിലാവും ചിലതൊക്കെ “

“ok ശരി..ഞാൻ ചീത്തയാ. നിനക്ക് എന്താ അതിന്?”

“എനിക്ക് എന്താ? ഒന്നുല്ല. എന്റെ ആരാ? ആരുമല്ല. നന്നായാൽ അവനവനു കൊള്ളാം. മോശായാലും “

അവൻ നേർത്ത ചിരിയോടെ ഒരു കുമ്പിളപ്പം എടുത്തു. പിന്നെ ചെറുതായി കടിച്ചു തിന്നു

“നന്നായിട്ടുണ്ട് “

“അത്രക്ക് ടേസ്റ്റ് ഒന്നും തോന്നില്ല. ക- ള്ള് കുടിച്ചും സി- ഗരറ്റ് വലിച്ചും നാക്കിന്റെ രുചി ഒക്കെ പോയി കാണും “

അർജുൻ അമ്പരന്ന് പോയി. ഇതെങ്ങനെ…

അവളുടെ കണ്ണുകൾ ടേബിളിൽ വെച്ചിരിക്കുന്ന ബോട്ടിലിൽ തറഞ്ഞു

“ഓ അത്..അങ്ങനെ…”

“അങ്കിൾ കുടിക്കില്ല എന്ന് എനിക്ക് അറിയാം. നാണോല്ലല്ലോ അച്ഛന്റെ മുന്നിൽ വെച്ചു ഇജ്ജാതി തോന്ന്യാസം ചെയ്യാൻ. എന്റെ അച്ഛനോ മറ്റൊ ആയിരിക്കണം അടിച്ചു കരണം പൊട്ടിച്ചേനെ. ഇതൊരു പാവം അച്ഛൻ..ഒരു ദുഷ്ടൻ മോനും “

“രാ- ക്ഷസൻ “അവൻ പറഞ്ഞു

അവളൊന്ന് വിളറി

“രാ- ക്ഷസൻ തന്നെയാ. സംശയമെന്താ?”അവൾ തിരിച്ചടിച്ചു

അവൻ മെല്ലെ ഒന്ന് ചിരിച്ചു. അവൻ ചിരിക്കുന്നത് അവൾ ആദ്യമായി കാണുകയായിരുന്നു

“ഓ ചിരിക്കാൻ ഒക്കെ അറിയോ?”

“ഇടക്ക് “

അവൻ അവളുടെ മുഖത്ത് നോക്കാതെ വേറെ എങ്ങോട്ടാ നോക്കിയിരുന്നു

“പിന്നെ അങ്ങോട്ട് കണ്ടില്ലല്ലോ ഹോസ്പിറ്റലിൽ “അവൻ അവളുടെ മുഖത്ത് നോക്കി

“എന്തിനാ മറ്റുള്ളവരെ കൊണ്ട് എന്നെ ഇറക്കി വിടാനോ?പ്രൈവസി വേണേൽ അർജുൻ സാറിന് പറയാമായിരുന്നു. എന്തിനാ അവരെ കൊണ്ട്?”

“അതാണ് പോയിന്റ്. എനിക്ക് പ്രൈവസി വേണേൽ ഞാൻ പറഞ്ഞേനെ. ഞാൻ പറഞ്ഞോ ഇല്ലല്ലോ. ഞാൻ പറഞ്ഞോ നിന്നോട് പോവാൻ. പറഞ്ഞോടി?”

“ദേ എന്നെ എടി പൊടിന്ന് വിളിച്ചാലുണ്ടല്ലോ “

“വിളിച്ച നീ എന്ത് ചെയ്യും?”

“ദേ ഇതെടുത്തു തലയ്ക്കു ഒരടി വെച്ചു തരും “

അവൾ ടീപോയിൽ ഇരുന്ന ഫ്ലവർ വെസ്സൽ എടുത്തു..

“സ്ത്രീകൾക്ക് കുറച്ചു മര്യാദ കൊടുത്തു പഠിക്ക്. എടി പോടീ..കുന്തം. ഞാൻ തിരിച്ചു വിളിക്കട്ടെ എടാ പോഡാന്ന് “

“വിളിച്ചു നോക്ക് “

അവന്റെ കണ്ണിൽ ഒരു പരുക്കൻ ഭാവം തെളിഞ്ഞു

“നീ ഒന്ന് വിളിച്ചു നോക്കിക്കേ ഒറ്റ തവണ..പിന്നെ നീ അർജുൻ സർ എന്ന് വിളിക്കാൻ ഭൂമിയിൽ ഉണ്ടാവില്ല ” അവന്റെ മുഖം ഇരുണ്ടു

അത് വരെ സംസാരിച്ചു കൊണ്ടിരുന്ന ആളല്ല. ഇപ്പൊ
പൂർണമായി മാറി . പക്ഷെ അവൾക്ക് ഭീതി തോന്നിയില്ല

“എന്നെ കൊ-ന്നു കളയുമോ?” അവൾ ശാന്തമായി ചോദിച്ചു

“നുറു ശതമാനം ” അവൻ തിരിച്ചടിച്ചു

അവൾ മെല്ലെ ഒന്ന് ചിരിച്ചു

“സൗഹൃദം സമന്മാരോട് മാത്രേ പാടുള്ളു എന്നത് എത്ര സത്യാണ് “

അവൾ പെട്ടെന്ന് എഴുന്നേറ്റു പുറത്തേക്ക് പോയി

“മോളെ ഇപ്പൊ വരാം “ജയറാം പറഞ്ഞു

“അതല്ല അങ്കിളേ വീട്ടിൽ അന്വേഷിക്കും. ഉച്ചക്ക് ക്ലാസ്സ്‌ ഇല്ലായിരുന്നുല്ലോ. ഞാൻ പോട്ടെ. ഞാൻ ഞായറാഴ്ച വരും “

അവൾ ഒന്ന് ചേർത്ത് പിടിച്ചിട്ട് ഇറങ്ങി പോയി

അർജുൻ പെട്ടെന്ന് നോർമൽ ആയി.

താൻ എന്താണ് അവളോട് പറഞ്ഞത്..ശേ…

അവള് തന്റെ ഈഗോ hurt ചെയ്തത് കൊണ്ട് പറഞ്ഞതാണ്

അവൻ ജനാലയിലൂടെ അപ്പുറത്തേക്ക് നോക്കി നിന്നു. അവൾ യാത്ര പറഞ്ഞു ഇറങ്ങുന്നു. ഇങ്ങോട്ട് നോക്കാതെ നടന്ന് പോകുന്നു. വേണ്ടായിരുന്നു

“അർജുൻ നീ എങ്ങോട്ടാ?”

കാർ സ്റ്റാർട്ട്‌ ചെയ്യുന്നത് കണ്ടു ജയറാം ഓടി വന്നു

“ഇപ്പൊ വരാം “

അവൻ കണ്ടു ബസ് സ്റ്റോപ്പിൽ അവൾ. അർജുൻ കാർ ഒതുക്കിയിട്ട് അരികിൽ ചെന്നു

അവൾ തെല്ല് അതിശയത്തിൽ നോക്കി

“എന്റെ കൂടെ വാ. ഇവിടെ വെച്ചു സീൻ ഉണ്ടാക്കിയ നിനക്ക് തന്നെ ആണ് നാണക്കേട്. വന്നു കാറിൽ കയറ് “

അവൾ മുഖം തിരിച്ചു

“കാർ ആ വളവിലുണ്ട് ഞാൻ കാറിലുണ്ടാകും. വന്നില്ലേ വീട്ടിൽ വരും ഞാൻ. വാ “

അവൾക്ക് ഉള്ളിൽ ഒരു വിറ വന്നു. അവൾ അവനൊപ്പം നടന്ന് കാറിൽ കയറി

“ഐ ആം സോറി ” അവൾ കേൾക്കാത്ത പോലെ മുഖം തിരിച്ചു

“കൃഷ്ണ..ഐ ആം സോറി “

അവൾ തിരിഞ്ഞു നോക്കി

“ശരിക്കും കേട്ടില്ല ഒന്നുടെ പറ “

“സോറി സോറി സോറി “

കൃഷ്ണ പൊട്ടിച്ചിരിച്ചു പോയി

“ഇതൊന്നും ശരിയല്ല കേട്ടോ. ഭീഷണപ്പെടുത്തി വണ്ടിയിൽ കയറ്റുന്നത്..ഞാൻ അങ്കിൾനോട്‌ പറയും “

“ആ നീ ചെന്നു പറ “

“അസുഖം മാറുന്നതല്ലേ ഉള്ളു? ഇപ്പൊ എന്തിനാ പുറത്ത് ഇറങ്ങിയത്?’

അവൻ മിണ്ടിയില്ല. കാർ സ്റ്റാർട്ട്‌ ചെയ്തു

“വീടിന്റെ അടുത്തുള്ള സ്റ്റോപ്പിൽ വിട്ട മതിയോ?”അവൻ ചോദിച്ചു

“മതി “

അവൻ സി- ഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചു . അവൾ അത് എടുത്തു ഒറ്റ ഏറ് കൊടുത്തു

“എന്റെ ദൈവമേ ഇത് കൊണ്ടാണോ അമ്മേടെ ഗർഭപാത്രത്തിൽനിന്ന് വന്നേ. ശ്വാസകോശം സ്പോഞ്ച് പോലെയാ കേട്ടിട്ടില്ലേ?’

അവൻ ഒന്ന് നോക്കിയിട്ട് വണ്ടിയുടെ വേഗം കൂട്ടി. വീടിന്റെ അടുത്ത് കൊണ്ട് വിട്ടു അർജുൻ

അവൾ ഡ്രൈവിംഗ് സീടിനടുത്തു വന്നു ഗ്ലാസ്‌ താഴ്ത്താൻ പറഞ്ഞു

“കുറച്ചു നാളെത്തേക്ക് സ്‌മോക്ക് ചെയ്യരുത്. പ്ലീസ് “

അവൻ വെറുതെ സ്റ്റിയറിങ്ങ് വീലിൽ ഒന്ന് താളം പിടിച്ചു

“ചത്തു പോകും മനുഷ്യാ ആ പാവം അങ്കിളിന് പിന്നെ ആരുണ്ട്?”

അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി

“എന്റെ അച്ഛന് നീ ഉണ്ടാവില്ലേ?, ഇനി ഞാൻ മരിച്ചു പോയാലും എന്റെ അച്ഛനെ നോക്കിക്കോണം.”

അവൾ അറിയാതെ ആ വാ പൊത്തി. പെട്ടെന്ന് കൈ എടുക്കുകയും ചെയ്തു

“ആരാ ആദ്യമെന്ന് ആർക്കാ അറിയുക.? ചിലപ്പോൾ ഞാനാണെങ്കിലോ… ..”

അവൾ ചിരി വരുത്തി

“അതോണ്ട് മരിക്കുന്ന കാര്യം പറയണ്ട. സ്‌മോക്ക് ചെയ്യാതെ ഇരിക്ക്. ഞാൻ പോവാ “

അവൾ തിരിഞ്ഞു

“കൃഷ്ണ…..?”

അവൾ  നോക്കി

“ഹോസ്പിറ്റലിൽ നീ വിചാരിക്കും പോലെ…ഒന്നുല്ല..ആരുമായും എനിക്ക് ഒന്നുമില്ല കൃഷ്ണ.. “

കൃഷ്ണ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു

“പക്ഷെ കുറച്ചു മുന്നേ ഞാൻ നിന്നോട് പറഞ്ഞതിന് സോറി..ക്ഷമിക്ക് “

“ക്ഷമിച്ചു. പോട്ടെ “

അവൾ കൈ വീശി യാത്ര പറഞ്ഞു. ഒരു വെളിച്ചം അകന്നു പോകുന്നു. അങ്ങനെ ആണ് അവന് തോന്നിയത്

അവൾ പോയി കഴിഞ്ഞപ്പോ വീണ്ടും ഇരുട്ട്. ഹൃദയത്തിൽ നിറയെ ഇരുട്ട്…

തുടരും….