അർജുൻ ഓഫീസിൽ ആയിരുന്നു. അസുഖം പൂർണമായി മാറിയതിനു ശേഷം അവന്റെ ആദ്യത്തെ ദിവസം. ഇന്റർകോമിലൂടെ അവൻ മാത്യുവിനെ വിളിച്ചു
“എന്റെ മുറിയിൽ വാ ” മാത്യുവിന്റെ ഉള്ളു കിടുങ്ങി
ദൈവമേ എന്ത് പണ്ടാരം ആണാവോ. എല്ലാം ശരിയല്ലേ എന്ന് അയാൾ ഒന്ന് കൂടി നോക്കി. പിന്നെ അവന്റെ മുറിയിലേക്ക് ചെന്നു
“ഒരു ടെർമിനേഷൻ ഉണ്ട്” അർജുൻ പേപ്പർ നീട്ടി.
മാത്യുവിന്റെ നെഞ്ചിടിച്ചു. അയാളുടെ കൈ ഒന്ന് വിറച്ചു
“വായിച്ച് നോക്ക് “
Doctor niya,
Please be informed that we no longer require your services We thank you for providing us with excellent service but due to certain reasons , we had to end our contract
chairman
Arjun jayaram
“sir … why sir?”
“അത് തന്നെ ബോധിപ്പിക്കേണ്ട കാര്യമില്ല. അവളെ വിളിച്ചു കൊടുത്തേക്ക് “
മാത്യു ആ മുഖം കണ്ടപ്പോ പിന്നെ ചോദിക്കാൻ ഉള്ളത് ഒക്കെ വിഴുങ്ങി
നിയ നല്ല ഡോക്ടർ ആണ് pulmonologist. മിടുക്കിയാണ്. ഇതെന്തു പറ്റി? ചോദിക്കാൻ പറ്റില്ല. ഒരു ടെർമിനേഷൻ അടിച്ചു തന്റെ കയ്യിലും തരും. ശരിക്കും ഇത് ബോർഡ് മീറ്റിംഗിന് വെച്ചിട്ട് ഡിസ്‌കസ് ചെയ്ത് എടുക്കണ്ട തീരുമാനം ആണ്. ഒരു ഡോക്ടർക്ക് ടെർമിനേഷൻ കൊടുക്കുമ്പോ മൂന്ന് മാസം മുൻപെങ്കിലും നോട്ടീസ് കൊടുക്കേണ്ടതാണ്. ഒന്നും ഉണ്ടായിട്ടില്ല. ബോർഡ് മീറ്റിംഗിൽ വെച്ചില്ലെങ്കിൽ ആരു ചോദിക്കാൻ
അറുപതു ശതമാനം ഷെയർ അർജുൻ. മുപ്പതു ശതമാനം ജയറാം സർ. പത്തു ശതമാനം ഡോക്ടർ രുദ്രയുടെ മകൻ നിവിൻ. ചോദ്യവും പറച്ചിലുമില്ല. പക്ഷെ ഇതിനു മുൻപ് അങ്ങനെ ഉണ്ടായിട്ടും ഇല്ല. ഒരു സ്വീപ്പർ ടെർമിനേഷൻ പോലും ഡിസ്‌കസ് ചെയ്തതിന് ശേഷം ആണ് കൊടുത്തത്
അയാൾ നിയയെ വിളിച്ചു മുറിയിലേക്ക് വരാൻ പറഞ്ഞു. നിയ വന്നു. അയാൾ ഒന്നും പറയാതെ ടെർമിനേഷൻ ലെറ്റർ നീട്ടി. അവൾ ഒന്ന് നടുങ്ങിയത് പോലെ തോന്നി
“ഇതെന്താ കാരണം? അവളുടെ ശബ്ദം ഉയർന്നു
“അറിയില്ല “
“ഇത് ബോർഡ് മീറ്റിംഗ് നടത്തി എടുത്ത തീരുമാനം ആണോ?”
“എന്തുണ്ടെങ്കിലും അർജുൻ സാറിനോട് ചോദിക്കാം. ഇത് തരാനുള്ള ചുമതല മാത്രം ആണ് എനിക്ക്. പ്ലീസ് “
“എങ്കിൽ അയാളോട് എനിക്ക് ഒന്ന് കാണാൻ അപ്പോയ്ന്റ്മെന്റ് തരാൻ പറ “
മാത്യു അത് ചോദിച്ചു. അനുവാദം കിട്ടി
നിയ കൊടും കാറ്റ് പോലെ പാഞ്ഞ് അർജുന്റെ മുറിയിൽ ചെന്നു
“ഇതെന്താ? ഞാൻ എന്ത് ചെയ്തിട്ടാ?”
“എന്റെ നെഞ്ചത്തോട്ട് കേറിയിട്ട് ” അവൻ പൊട്ടിത്തെറിച്ചു
“എന്നോട് സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും സൂക്ഷിച്ചു വേണം. ഇല്ലെങ്കിൽ ഞാൻ തിരിച്ചു പ്രവർത്തിക്കുക നിനക്ക് സ്വപ്നം പോലും കാണാൻ വയ്യാത്ത രീതിയിൽ ആവും.”
“ഒരു പെണ്ണിന് ആണിനോട് ഇഷ്ടം തോന്നിയ ചോദിച്ചു നോക്കാൻ സ്വാതന്ത്ര്യം ഉണ്ട്. അത് അവളുടെ അവകാശം ആണ്..ഞാൻ നിങ്ങളോട് ചോദിച്ചു നിങ്ങള് നോ പറഞ്ഞു. അത് അവിടെ തീർന്ന് “
“അവിടെ തീർന്നില്ല അത്. അത് തീർന്നില്ല നിയ. ഇനി കൂടുതൽ സംസാരം വേണ്ട.”
“നിങ്ങൾ പരിശുദ്ധനോ പെണ്ണിനെ കാണാത്തവനോ കല്യാണം കഴിഞ്ഞവനോ അല്ലല്ലോ പിന്നെ എന്താ?”
“എനിക്ക് നിന്നെ വേണ്ടാഞ്ഞിട്ട് ഇറങ്ങി പോടീ “
അവന്റെ അലർച്ച കേട്ട് അവൾ ഒരു ചുവട് പിന്നോട്ട് വെച്ചു
“ഞാൻ ജയറാം സാറിനെ കണ്ടു പറയും നോക്കിക്കോ. ഇത്രയും ഏകാധിപത്യം പാടില്ല “
“ആ ചെല്ല്. എന്റെ മുറിയിൽ നിന്ന് പൊ. ക്ലിയർ ഔട്ട് “
അവൾ പാഞ്ഞു പോയി
പരീക്ഷ ആയത് കൊണ്ട് കുറച്ചു സംശയം ചോദിക്കാൻ വന്നതായിരുന്നു കൃഷ്ണ. ജയറാം അത് പറഞ്ഞു കൊടുത്തു കൊണ്ടുമിരുന്നു. നീയ മുറിയുടെ വാതിൽ തുറന്നു അകത്തേക്ക് വന്നു
ടെർമിനേഷൻ ലെറ്റർ അവൾ മേശപ്പുറത്തേക്ക് ഇട്ടു
“സർ ഇത് നോക്കു സർ. എന്നെ ഒരു നോട്ടീസ് പോലും തരാതെ ടെർമിനേറ്റ് ചെയ്തിരിക്കുന്നു. എവിടുത്തെ നീയമം ആണിത്? നമ്മുടെ ഹോസ്പിറ്റലിന്റെ നിയമങ്ങളിൽ മൂന്ന് മാസം മുൻപ് നോട്ടീസ് കൊടുക്കണം ന്നുണ്ട്..”
അപ്പോഴാണ് അവൾ കൃഷ്ണയേ കണ്ടത്
“കൃഷ്ണ പ്ലീസ് ഒന്ന് പുറത്ത് നിൽക്കുമോ “
അവൾ പെട്ടെന്ന് എഴുനേറ്റു
“മോള് അർജുന്റെ മുറിയിൽ പോയി പഠിച്ചോ. ഞാൻ വിളിപ്പിക്കം “
അവൾ പുസ്തകം എടുത്തു കൊണ്ട് ഇറങ്ങി പോയി. അവൾ വാതിൽ തുറന്നു അകത്തേക്ക് വന്നു
“അനുവാദം ചോദിക്കാതെ വരരുത് എന്ന് നിന്നോട് പറഞ്ഞിട്ടില്ലേ?”
“ഓ പിന്നെ…അങ്കിൾ പറഞ്ഞു ഇവിടെ ഇരുന്ന് പഠിക്കാൻ “
“എന്തോന്ന് എന്തോന്ന് “
“നാളെ പരീക്ഷ ആണ് മിസ്റ്റർ..പഠിക്കാൻ ഉണ്ട് മിണ്ടരുത്..”
അവന് ചിരി വന്നു. ഒപ്പം ഇതിനെ എന്ത് ചെയ്യുമെന്ന ചിന്തയും. അവൾ പഠിക്കുന്നത് ഇടയ്ക്ക് അവൻ ഒന്ന് നോക്കി. മുറിയിലൂടെ നടന്നാണ് പഠിക്കുന്നത്
“കാപ്പി വേണോ?”
“അങ്ങനെ നല്ല കാര്യം വല്ലോം ചെയ്യ് “
അവൻ രണ്ടു കാപ്പിയും കട്ലറ്റും പറഞ്ഞു
“എന്റെ ഈശ്വര ഇതൊക്കെ ആരു കണ്ടു പിടിച്ചോ എന്തോ “
അവൾ നടന്ന് പഠിക്കുന്നതിനിടയിൽ തന്നെ താൻ ചോദിക്കുന്നത് കേട്ട് അവൻ ചിരിയടക്കി
“ഭയങ്കര പാടാണ് അർജുൻ സർ. ഞാൻ തോറ്റു പോവോ?”
“ഇല്ല നീ ജയിക്കും “
“ഈശ്വര..പേടിയാവാ “
“നീ ഈ വീട്ടു ജോലിക്ക് പോകുന്നത് നിർത്തിയിട്ടു പഠിക്കാൻ നോക്ക്..” അവൻ ശാന്തമായി പറഞ്ഞു
“അതൊന്നും ഉടനെ പറ്റില്ല. കാശിന് നല്ല ആവശ്യം ഉണ്ട്…അത് സാരോല്ല..ഞാൻ പഠിക്കും “
അവൻ കുറച്ചു നേരം അവളെ നോക്കിയിരുന്നു
“നിന്നേ ഞാൻ സ്പോൺസർ ചെയ്യട്ടെ?”
കൃഷ്ണയുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു
“വേണ്ട “
“വെറുതെ അല്ല പഠിച്ചു പാസ്സ് ആയിട്ട് ഇവിടെ ജോയിൻ ചെയ്തോ. ശമ്പളത്തിൽ നിന്ന് കട്ട് ചെയ്തോളാം “
“എന്റെ ദൈവമേ എന്ത് ദുഷ്ടനാ നോക്ക്. അങ്ങനെ ഇപ്പൊ വേണ്ട. ഞാൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ മാത്രേ ജോലി ചെയ്യുള്ളു. ഇവിടെ ജോലി ചെയ്താ ഞാൻ നരകത്തിൽ പോം “
അവൻ പൊട്ടിച്ചിരിച്ചു പോയി. കോഫീ വന്നപ്പോൾ അവൻ അത് നീട്ടി “ഇത് കഴിക്ക് “
അവൾ സംശയത്തോടെ നോക്കി
“കഴിച്ചോ ” അവൾ കാപ്പി ഒരിറക്ക് കുടിച്ചു
“അതെന്താ നരകത്തിൽ പോകുന്നത് “
“അതോ…ഒരു തലവേദന വന്ന ഉടനെ എം ആർ ഐ. പിന്നെ കാല് വേദന വന്ന ബ്ലഡ് ടെസ്റ്റ്. എന്ത് കാര്യത്തിന്? ഞാൻ ഈ അഴിമതിക്ക് ഒന്നിനും കൂട്ട് നിൽക്കില്ല. അർജുൻ സാറിന് നഷ്ടം വരും “
അവൾ കാപ്പി കുടിച്ച് തീർത്തു
“അത് കൂടി നീ കഴിച്ചോ. വിശപ്പ് ഉണ്ടാവില്ലേ. ഉച്ചക്ക് വന്നതല്ലേ?”
അവൾ ചിരിച്ചു
“ഞാൻ വരുന്നത് കണ്ടാരുന്നോ?”
“ഉം “
“നല്ല കട്ലറ്റ് ആണ് പകുതി കഴിച്ചേ “
അവൾ കൊടുത്ത പകുതി അവൻ കഴിച്ചു
“ഒരു കാപ്പി മതിയോ?”
“ഉം “
അവൾ ബുക്ക് നോക്കി കൊണ്ട് ഇരുന്നു
“അതേയ് ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ ഞാൻ സ്പോൺസർ ചെയ്യാം. വെറുതെ വേണ്ട നീ ജോലി കിട്ടുമ്പോൾ എനിക്ക് തിരിച്ചു തന്നോ. ഈ പരിപാടി നിർത്തിയിട്ടു പഠിക്ക് “
“പഠിത്തതിന്റെ ചിലവിനു വേണ്ടി മാത്രം അല്ല ജോലിക്ക് പോണത്. ചിട്ടി ഒക്കെയുണ്ട്. വീടിന്റെ ഷീറ്റ് ഒക്കെ മാറണം. അമ്മയും അച്ഛനും നിലത്താ കിടക്കുന്നെ. അവർക്ക് ഒരു കട്ടിൽ വാങ്ങി കൊടുക്കണം..ഒത്തിരി കാര്യം ഉണ്ട്. എല്ലാം നടക്കും. തല്ക്കാലം സ്പോൺസറിങ് ഒന്നും വേണ്ട..ഈ സ്നേഹം തന്നെ ധാരാളം.”
അവൻ അൽപനേരം ആ മുഖത്ത് നോക്കിയിരുന്നു. അവനെന്തു പറയണമെന്ന്. അറിഞ്ഞുകൂടായിരുന്നു. ഒരു വല്ലാത്ത സങ്കടം അവനെ പൊതിഞ്ഞു
“കൃഷ്ണ…?”
“ഉം “
“ഞാൻ ചെയ്തു തരട്ടെ അതൊക്കെ?”
അവളുടെ കണ്ണുകൾ ചെറുതായി
“ഹേയ് നീ തെറ്റായിട്ട് ഒന്നും ചിന്തിക്കേണ്ട. എനിക്ക് മോശം ഉദ്ദേശങ്ങൾ ഒന്നുമില്ല. നീ പഠിച്ചോട്ടെ എന്ന് കരുതിയാ “
കൃഷ്ണ ചിരിച്ചു
“എനിക്ക് ആവശ്യം വന്ന ഞാൻ ചോദിച്ചോളാം..പോരെ?”
അവൻ ഒന്ന് മൂളി
“കയ്യിലെ ചരട് കളഞ്ഞോ?” അവൾ കയ്യിൽ നോക്കി
“പിന്നല്ലാതെ നാണക്കേട്..”
“തിരുമേനി പറഞ്ഞത് മോശം സമയം ആണെന്ന. എന്തെങ്കിലും രക്ഷ ഉള്ളത് നല്ലതാ”
“നീ മിണ്ടാതിരിക്ക്. അന്ധവിശ്വാസം കൊണ്ട് വരാതെ. നീ എങ്ങനെ കൃത്യമായി ഈ അച്ഛൻ പറയുംപോലെ പറയുന്നത്. ഇത് തന്നെ അച്ഛനും പറഞ്ഞു…”
“geniuses think alike “
അവൻ പൊട്ടിച്ചിരിച്ചു
“തേങ്ങാക്കുല..രണ്ടെണ്ണവും അന്ധവിശ്വാസത്തിന്റെ സെന്റർ ആണ്…”
“ആയിക്കോട്ടെ. ഞങ്ങളുടെ വിശ്വാസം അങ്ങനെ ഇരുന്നോട്ടെ. എന്തെങ്കിലും അനുഭവങ്ങൾ വരുമ്പോൾ വരല്ലേ കൃഷ്ണ എനിക്കൊരു ഏലസ്സ് വേണന്ന് പറഞ്ഞിട്ട്.”
“അത് ചിലപ്പോൾ.വരുമായിരിക്കും “
അവൻ ചിരിച്ചു. അവന്റ് ഫോൺ ശബ്ദിച്ചു
“ഇവിടെ ഉണ്ട് അച്ഛാ “
അവൻ ഒന്ന് മൂളിയിട്ട് ഫോൺ വെച്ചു
“ചെല്ല് “
അവൾ പുസ്തകവും ബാഗും എടുത്തു എഴുന്നേറ്റു
“പോട്ടെ ” അവൻ ഒന്ന് മൂളി
കൃഷ്ണ ഒന്ന് തിരിഞ്ഞു നോക്കിയപ്പോ അവൻ സി- ഗരറ്റ് ചുണ്ടിൽ വെച്ചു കഴിഞ്ഞു
“ഞാൻ പറഞ്ഞിട്ടുണ്ട് ഇത് വേണ്ടാന്ന്. അസുഖം മാറിയതേയുള്ളു “
അവൾ അത് ചുണ്ടിൽ നിന്ന് എടുത്തു ഡസ്ട്ബിനിൽ ഇട്ടു
“ദേ ഞാൻ പോയി കഴിഞ്ഞു ചെയ്യല്ലേ..പ്ലീസ് “
അവൻ പാക്കറ്റ് ഡസ്ട് ബിന്നിലിട്ട് അവളെ നോക്കി
“വേറെയില്ല പോരെ “
“ന്റെ ചക്കര…..ബൈ “
അവൾ വാതിൽ തുറന്നു ഇറങ്ങി പോയി
അവൻ ലാപ്ടോപിൽ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിലേക്ക് തിരിഞ്ഞു. ഒരു ഫ്ലോ പോയി. ഏകാഗ്രത കിട്ടുന്നില്ല. തന്റെ മനസിന് എന്തോ സംഭവിക്കുന്നുണ്ട്
അവൻ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി കിടന്നു. പാടില്ല എന്ന് ഉള്ളിൽ വിലക്ക് ഉയരുന്നുണ്ട്
പാടില്ല അർജുൻ
പതറരുത്. അത് കൊച്ച് പെൺകുട്ടിയാണ്. നിന്റെ അച്ഛൻ വേദനിക്കും. അവള് ഒരു പാട് സ്വപ്‌നങ്ങൾ ഉള്ളവളാണ്
വേണ്ട..ഇത്രയും അടുപ്പം വേണ്ട അർജുൻ…അപകടമാണ്..അവന് ഉള്ളിൽ പിരിമുറുക്കം വന്നപോലെ തോന്നി. ഉള്ളിൽ എന്തോ വലിഞ്ഞു മുറുകുന്നു. പറ്റുന്നില്ല
അവൾക്കിഷ്ടല്ലേ തന്നെ?
അതേ ഇഷ്ടമാണ്… വലിയ ഇഷ്ടമാണ്. ആ നോട്ടത്തിൽ നിറയെ സ്നേഹം ഉണ്ട്. അതെനിക് വേണ്ട എന്ന് വെയ്ക്കാൻ വയ്യ. അവള് വന്ന് മിണ്ടിക്കോട്ടെ. എന്റെ അടുത്ത് ഇരുന്നോട്ടെ. ഞാൻ നിയന്ത്രിച്ച പോരെ. പക്ഷെ കാണണം
ചെന്താമര പോലെ വിടർന്ന മുഖം…വലിയ വിടർന്ന കണ്ണുകൾ….
അത് കാണാതെ വയ്യ
ന്റെ ചക്കര എന്ന് പറഞ്ഞപ്പോൾ ആ മുഖം…അതെങ്ങനെയാ ഉപേക്ഷിച്ചു കളയുക? പറ്റില്ല
അവൻ പെട്ടെന്ന് മുഖം അമർത്തി തുടച്ചു
ഡോക്ടർ ജയറാമിന്റെ മുറി
“ഹോ ഒരു വിധം ok ആയി. ഇനി പരീക്ഷ കഴിഞ്ഞു കാണാം ട്ടോ “
കൃഷ്ണ എഴുന്നേറ്റു. അദേഹത്തിന്റെ കാല് തൊട്ട് തൊഴുതു. ജയറാം ആ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു
“നന്നായി വരും “
കൃഷ്ണ യാത്ര പറഞ്ഞു പോയപ്പോൾ അദ്ദേഹം അർജുന്റെ മുറിയിൽ ചെന്നു
“എന്തിനാ നിയയ്ക്ക് ടെർമിനേഷൻ?”
“കാര്യമുണ്ട് “
“എന്ത് കാര്യം അർജുൻ?”
“അവളോട് ചോദിച്ചു നോക്കാൻ വയ്യാരുന്നോ?”
“അവൾക്ക് അറിയില്ല എന്നാ പറഞ്ഞത് “
“അവള് എന്നോട് പറഞ്ഞു ഒന്നിച്ചു ഒരു ട്രിപ്പ് പോകാമെന്ന്..എന്നോട്…”
ജയറാം സ്തബ്ധനായി
“അത്തരം ടോക്ക്സ് വേണ്ട..ഞാൻ ഈ ഹോസ്പിറ്റലിന്റെ ചെയർമാൻ ആണ്. ആ ലിമിറ്റ് സൂക്ഷിച്ചു വേണം ഓരോരുത്തരും ഇടപെടാൻ അത്രേ ഉള്ളു “
അദേഹത്തിന് എന്ത് മറുപടി പറയണം എന്നറിയാതെയായി
“ഞാൻ മോശമാണോ നല്ലതാണോ എന്നത് ഇവിടെ വിഷയം അല്ല. ഞാൻ ഇവിടെ എന്താണ് എന്നുള്ളതാണ്. ഇവിടെ വന്നു എന്നോട് അമിതസ്വാതന്ത്ര്യം എടുക്കരുത്. അത് ആരാണെങ്കിലും എനിക്ക് അത് ഇഷ്ടം അല്ല.”
“അത് നീ നോ പറഞ്ഞപ്പോൾ തീർന്നില്ലേ? പിന്നെ എന്തിനാ ടെർമിനേഷൻ. ഒരു ഡേറ്റിനു വിളിക്കുന്നത് അത്രേ മോശം കാര്യമാണോ? നീ ഡേറ്റ് ചെയ്തിട്ടില്ലേ? ” അവൻ ഒന്ന് ചിരിച്ചു
“അത് പണ്ടല്ലേ? രണ്ടു വർഷം ആയിട്ട് അച്ഛൻ എന്തെങ്കിലും കണ്ടിട്ടുണ്ടോ?
“നീ ഒരു കല്യാണം കഴിക്ക് അർജുൻ..എത്ര പേരാണ് എന്നോട് “
“അച്ഛാ മതി ആ ടോപിക് ഒത്തിരി ഡിസ്‌കസ് ചെയ്തു കഴിഞ്ഞു.ഇപ്പൊ കല്യാണം ഇല്ല “
“അർജുൻ ലിസെൻ. അവൾ നിന്നോട് ഒരു ട്രിപ്പിന് പോകാമോന്ന് ചോദിച്ചു നീ പറ്റില്ല എന്ന് പറഞ്ഞു. ആണും പെണ്ണുമല്ലേ. അതിൽ എന്താ തെറ്റ്? ഇഷ്ടം ഉണ്ടെങ്കിൽ പോകാം ഇല്ലെങ്കിൽ വേണ്ട. ജോലി കളയുന്നത് എന്തിനാ?”
അവന്റെ മനസ്സിൽ രണ്ടു കണ്ണുകൾ തെളിഞ്ഞു. വെറുപ്പിന്റെ ചുവപ്പുള്ള രണ്ടു കണ്ണുകൾ. അവൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നു പിന്നെ തുടർന്നു
“അന്ന് ആ നേരം കൃഷ്ണ എന്റെ മുറിയിൽ ഉണ്ടായിരുന്നു. അവളോട് മുറിയിൽ നിന്ന് പോകാൻ അവള് പറഞ്ഞു. കൃഷ്ണ ചെറിയ കുട്ടിയൊന്നുമല്ലല്ലോ…അവള് പിന്നെ എന്നോട് മിണ്ടിയിട്ടില്ല കുറേ നാള്..അവളെന്നെ തെറ്റിദ്ധരിച്ചു കാണും..അവളെ ഇറക്കി വിടാൻ നിയ ആരാ?”
“അത് കൊണ്ട്?”
“കൃഷ്ണയോട് അതിനുള്ള അവകാശം ആർക്കുമില്ല. അതെന്നോട് ചെയ്യും പോലെയാണ്. അച്ഛനോട് ചെയ്യും പോലെയാണ്. അവള്…ഇനി ഹോസ്പിറ്റലിൽ വേണ്ട “
അവന്റെ മുഖം ഒന്ന് മാറി. ജയറാമിനു ഇപ്പൊ കാരണം പൂർണമായും മനസിലായി. കാരണം കൃഷ്ണയാണ്
അർജുൻ എന്ന് മുതലാണ് കൃഷ്ണയ്ക്ക് വാല്യൂ കൊടുത്തു തുടങ്ങിയത് എന്നയാൾ ഓർത്തു. കുറേ നാളുകൾ ആയി അവളോട് നല്ല സ്നേഹമുണ്ടെന്ന് തോന്നിട്ടുണ്ട്. അവളുടെ കാര്യങ്ങൾ കേൾക്കാൻ ഇഷ്ടമാണ്. അവളെ കാണുമ്പോൾ ആ മുഖം വിടരാറുണ്ട്. കൃഷ്ണ എന്ന് തന്നെയാണ് ഇപ്പൊ പറയുക
ഇപ്പൊ പഴയ ദേഷ്യം ഒന്നുമില്ല. രണ്ടാളും കൂട്ടാണ്. വെറും സൗഹൃദം അല്ലാത്. അർജുന് അവളോട് ആഴത്തിൽ ഉള്ള ഒരിഷ്ടം ഉണ്ട്. അത് തനിക്ക് മനസിലായിട്ടുമുണ്ട്. അപ്പൊ അതാണ് കാരണം
കൃഷ്ണ…
അവൾക്ക് എങ്ങനെയാണ് അർജുൻ?
തുടരും….