പണി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ലത അത്ഭുതപ്പെട്ടു
“ഇതെവിടുന്നാ മോളെ കസേരയും മേശയും കട്ടിലുമൊക്കെ?”
കൃഷ്ണ ഒന്ന് പതറി. ഈശ്വര കള്ളം പറയണം അതും അമ്മയുടെ മുഖത്ത് നോക്കി
“ജയറാം ഡോക്ടർ പറഞ്ഞിട്ട് ഏതോ കടയിൽ നിന്ന് കൊണ്ട് വന്നതാ ” അവൾ മേശ ഒന്ന് പിടിച്ചു നേരെയിട്ടു
“അതെന്തിനാ? “
അവർ അവളുടെ മുഖത്തേക്ക് ചുഴിഞ്ഞു നോക്കി
“എന്റെ അമ്മേ എന്നെ ഇങ്ങനെ നോക്കുന്നതെന്തിനാ? അന്ന് ഡോക്ടർ വന്നപ്പോൾ ഇരിക്കാൻ ഒരു കസേര പോലും ഇല്ലാരുന്നല്ലോ. അത് കണ്ടത് കൊണ്ടായിരിക്കും “
“അത് കഴിഞ്ഞു മൂന്ന് വർഷം കഴിഞ്ഞു ഇപ്പോഴാണോ തോന്നുന്നത് “
അവൾ ചിരിക്കാൻ ശ്രമിച്ചു
“ഇന്ന് വൈകുന്നേരം എന്നെ ഇവിടെ കൊണ്ട് വിട്ടാരുന്നു. അപ്പോഴും same അവസ്ഥ. അത് കൊണ്ടാവും ഞാൻ വേണ്ട എന്ന് പറഞ്ഞത.”
“മോളെ ഇപ്പൊ തന്നെ ആവശ്യത്തിന് കടപ്പാട് ഉണ്ട് ഓപ്പറേഷൻ കാശ് പോലും വാങ്ങിച്ചില്ല. നനയുന്നിടം കുഴിക്കുന്ന പരിപാടി ചെയ്യരുത് “
“ഇതെന്തു കഷ്ടമാ ഞാൻ പറഞ്ഞിട്ടല്ല “
“അല്ലായിരിക്കും. ഇത് കിട്ടിയത് കിട്ടി. ഇനിയൊന്നും വേണ്ട കേട്ടല്ലോ “
“എന്നെ സ്പോൺസർ ചെയ്യാമെന്ന് പറഞ്ഞു. മൂന്നാല് വീട്ടിൽ പോകുന്ന സമയം കൂടി ഇരുന്നു പഠിക്കാൻ പറഞ്ഞു. ചിലവാക്കുന്ന കാശ് ജോലി കിട്ടുമ്പോൾ തിരിച്ചു കൊടുത്തോളാനും പറഞ്ഞു “
ലത കുറച്ചു നേരം ആലോചിച്ചു നിന്നു
“അത് ന്യായം. നീ തിരിച്ചു കൊടുക്കണം അല്ലെങ്കിൽ ആ ആശുപത്രിയിൽ ജോലി ചെയ്യണം. മിക്കവാറും അതായിരിക്കും ഉദേശിച്ചത്. നല്ല മിടുക്കി കുട്ടിയല്ലേ എന്റെ കുഞ്ഞ്. അവർക്ക് നല്ല ഒരു ഡോക്ടറെ കിട്ടും. അത് നല്ലതുമാ. നമുക്ക് ചെയ്തു തന്ന ഉപകാരങ്ങൾക്ക് ഇങ്ങനെ തിരിച്ചു കൊടുക്കാമല്ലോ”
“ബെസ്റ്റ് ബെസ്റ്റ്…ഞാൻ അവിടെയൊന്നും ജോലി ചെയ്യില്ല. ഞാൻ ഗവണ്മെന്റ് ആശുപത്രിയിലെ ജോലി ചെയ്യുള്ളു. നമ്മളെ പോലുള്ള പാവങ്ങള് അവിടെ അല്ലെ പോകുക? എനിക്ക് അതാ ഇഷ്ടം”
ലത വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു
“മോള് വല്ലോം കഴിച്ചോ “
“ഇല്ല. വല്ലോം കൊണ്ട് വന്നോ “
“ആ ഏലിയാമ്മ ചായ ക്കട തുറന്നിട്ട് രണ്ടാഴ്ച ആയി. എന്ത് പറ്റിയോ എന്തോ..അമ്മ പിന്നെ അപ്പുറത്തെ തട്ടുകടയിൽ നിന്ന് ദോശയും രസവടയും വാങ്ങിച്ചോണ്ട് വന്നു.”
അവൾ ആ പൊതി വാങ്ങിച്ചു
“നല്ല ചൂട് ഉണ്ടല്ലോ ഇപ്പൊ ഉണ്ടാക്കുവാരുന്നോ അമ്മേ?”
“ആ ദോശ ചുട്ട് തുടങ്ങിയേ ഉള്ളായിരുന്നു ആദ്യത്തെ ആള് ഞാൻ “
അവർ കുളിക്കാനായി പോയി
അവൾ ഒരു പാത്രമെടുത്ത് ദോശയും രസവടയും ചമ്മന്തിയും ഒഴിച്ചു കുഴച്ചു കഴിച്ചു തുടങ്ങി. ഈശ്വര ഇന്ന് ഒരു വിധമാണ് രക്ഷപ്പെട്ടത്. എങ്ങാനും ആരെങ്കിലും കണ്ടിരുന്നെങ്കിൽ മൊത്തത്തിൽ പൊളിഞ്ഞേനെ. ഇനിയിങ്ങോട്ട് ഇങ്ങനെ വരല്ലേ എന്ന് പറയണം. ഒരു മുൻകൂട്ടി പറച്ചിലുമില്ല മര്യാദയുമില്ല. ഇങ്ങു പോന്നേക്കും. അല്ലെങ്കിലും മര്യാദ ഒന്നുമില്ല
ആ നിയ ഡോക്ടറെ പുറത്താക്കിയതെന്തോ വിഷയം കേട്ടല്ലോ. അതെന്താ കാര്യം…
പരീക്ഷ വന്നു തലേൽ കേറിയ ദിവസം ആയിരുന്നു ചോദിക്കാനും മറന്നു പോയി
“നിന്റെ നെറ്റിയിൽ എന്താ. അയ്യോ മുറിഞ്ഞൊ എങ്ങനെ?”
അവൾ പെട്ടെന്ന് നെറ്റിയിൽ തൊട്ടു
“അതൊന്നുമില്ലമ്മേ ബസിന്റെ കമ്പിയിൽ ഇടിച്ചതാ. പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ..കുഴപ്പമില്ല ഞാനാ മുറ്റത്തു നിൽക്കുന്ന ചെടിയുടെ ചാർ പുരട്ടി ഇപ്പൊ വേദന പോലുമില്ല “
അമ്മ എന്നാലും തൊട്ടു നോക്കുന്ന കണ്ടു. മുറ്റത്തു അച്ഛന്റെ പാട്ട് കേൾക്കാം. ഇന്ന് നേരെത്തെയാണല്ലോ അമ്മ പിറുപിറുത്തു കൊണ്ട് മുറ്റത്തേക്ക് ചെന്നു
“സുന്ദരിയെ വാ..എന്റെ പെൺമണിയെ വാ “
രമേശൻ ലതയെ കെട്ടിപിടിച്ചു
“ദേ മനുഷ്യാ കൊച്ചുണ്ടെന്ന് അകത്ത് നിങ്ങളുടെ കാര്യം “
അവർക്ക് നാണം വന്നു
“ശോ എന്റെ ലത പെണ്ണിന്റെ നാണം. എടിയേ നിനക്ക് എന്തൊരു ഭംഗിയാടി. കല്യാണം കഴിഞ്ഞ് ഇരുപത്തിയേഴു വർഷം ആയി. നീ മാത്രം ഇങ്ങനെ മാറാതെയിരിക്കുന്നതെങ്ങനെയാ? ആ മുടി, ആ നിറം, ആ ചന്തം…എന്റെ ചുന്ദരിയെ വാ “
അയാൾ വീണ്ടും പാട്ട് തുടങ്ങി
“ഏലിയാമ്മ ചേട്ടത്തിയുടെ ചായക്കട എന്താ അച്ഛാ അടച്ചിരിക്കുന്നെ?”
കൃഷ്ണ
അയാൾ ലതയുടെ ദേഹത്തെ പിടി വിട്ടു
“ങ്ങേ “
ഒരു പരിഭ്രമം മുഖത്ത്. ലത വാ പൊത്തി ചിരിച്ചു
“അല്ല അച്ഛൻ അറിയാതെ പോകില്ലല്ലോ ഏലിയാമ്മ ചേട്ടത്തിയുടെ കടയെ…”
“പോടീ പോടീ ഞാൻ എന്നാ അത് അന്വേഷിച്ചു നടക്കുവാണോ? അവൾക്ക് ഏതാണ്ട് പനിയോ നടുവേദനയോ ആണെന്ന് ആങ്ങള ചെറുക്കൻ പറഞ്ഞാരുന്നു “
“അപ്പൊ തിരക്കി.. അതെങ്ങനെ തിരക്കാതിരിക്കുമല്ലേ അമ്മേ…പഴയ സെറ്റ് അപ്പല്ലേ “
അയാൾ ഒരു വടിയൊടിച്ചു
“നല്ല അടി ഞാൻ വെച്ച് തരും കോളേജിൽ ആണെന്നൊന്നും ഓർക്കുകേല അവള് പറയുന്ന കേട്ടില്ലേ സെറ്റ് അപ്പ് പോലും. എടി നിന്റെ ഈ തലമുറക്ക് അത് മനസിലാകേല. നിങ്ങൾക്ക് എല്ലാം സെറ്റ് അപ്പാ. ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് ഒന്നിനെ കളഞ്ഞിട്ട് മറ്റൊന്നിനെ തേടി പോകും. തുമ്മിയാൽ തീർന്നു ബന്ധം. ഞങ്ങളുടെയൊക്കെയായിരുന്നു പ്രണയം. സ്നേഹം. പിന്നെ മതവും ജാതിയുമൊക്കെ അന്ന് ഇതിലും ഭീകരമാ. അങ്ങനെ പറ്റിപ്പോയതാ “
“അത് ശരി അമ്മ കേട്ടല്ലോ നഷ്ടബോധം കണ്ടോ നഷ്ടബോധം…”
ലത ചിരിച്ചതേയുള്ളു അവർ മുറ്റത്തു ഉണങ്ങി കിടന്ന തുണികൾ പെറുക്കി
“നിന്റെ അമ്മ എന്റെ രാജകുമാരിയാ…എന്റെ രാജകുമാരി. ഞാൻ ഇവളെ പെണ്ണ് കാണാൻ ചെല്ലുമ്പോൾ ഏലിയാമ്മ കല്യാണം കഴിഞ്ഞു പോയതിന്റെ സങ്കടവും നിരാശയും ആരോടൊക്കെയോ ഉള്ള ദേഷ്യവും..ഇവള് ഒരു ഗ്ലാസ് ചായയും കൊണ്ട് തന്ന് എന്റെ മുന്നിൽ വന്നോന്നു നിന്നു. ഒറ്റയ്ക്ക് കിട്ടിയപ്പ ഞാൻ ഇവളോട് എല്ലാം പറഞ്ഞു. കഴിഞ്ഞ കാലത്തിൽ എന്ത് നടന്നെന്ന് അറിയണ്ട ഇനിയുള്ള കാലം സ്നേഹിച്ചാൽ മാത്രം മതി എന്നവള്. എന്റെ കണ്ണ് നിറഞ്ഞു പോയി കേട്ടോ. അന്ന് തൊട്ട് ഇന്ന് വരെ രമേശന്റെ നെഞ്ചിൽ ഇവള് മാത്രേ ഉള്ളു. അതിവൾക്കും അറിയാം. അല്ലിയോടി?”
ലത ചിരിയോടെ വീടിനുള്ളിലേക്ക് കയറി പോയി
“ഏലിയാമ്മ അല്ല സാക്ഷാൽ ത്രിപുര സുന്ദരികൾ വന്നാലും ഒരു പെണ്ണിനെ സ്നേഹിച്ചു തുടങ്ങിയാ പിന്നെ ആണിന്റെ മനസ്സ് ഇളകുകേല. കഴിഞ്ഞ കാലങ്ങളല്ല അവനെ മുന്നോട്ട് നടത്തുന്നത് ഇന്ന് എന്ത് എന്നുള്ളതാ. കേട്ടോ മോള് “
അവൾ തലയാട്ടി
അച്ഛൻ വീട്ടിനുള്ളിലേക്ക് പോയപ്പോൾ അവൾ മുറ്റത്തു ഇറങ്ങി നിന്നു. അകത്തു ചിരിയും വർത്തമാനവും കേൾക്കാം
ഈ പ്രായത്തിലും അവരെങ്ങനെ ഇത്രയും തീഷ്ണമായി പ്രണയിക്കുന്നു എന്നവൾ ഓർത്തു
അമ്മയ്ക്ക് അച്ഛനെ അറിയാം. അച്ഛൻ വൈകുന്നേരം ആ ചായക്കടയിൽ നിന്ന് ദിവസവും ചായ കുടിക്കുന്നത് അമ്മയ്ക്ക് അറിയാം. അവർ സംസാരിക്കുന്നത് അറിയാം. ഒരിക്കൽ പോലും ആ പേര് ഈ വീട്ടിൽ താൻ കേട്ടിട്ടില്ല
സദാശിവൻ മാമൻ അച്ഛനെ കളിയാക്കുന്നത് കേട്ടാണ് ഒരിക്കൽ ഈ സംഭവം തന്നേ അറിഞ്ഞത്. അമ്മയുടെ മനസ്സ് നല്ലതാണ്. ഉറപ്പുള്ളതാണ്. തന്റെ ഭർത്താവ് തന്റേതു മാത്രം ആണെന്ന് അമ്മയ്ക്ക് ഉറപ്പുണ്ട്
അത് അച്ഛനോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഉറപ്പാണ്
തനിക് ഒരു പ്രണയം ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ അതിന്റെ ഫീലിംഗ്സ് ഒന്നും അറിയില്ല. പ്രണയം അത്രക്ക് സുന്ദരമാണോ?
കുന്തം
നാളെത്തെ ലാബ് എക്സാം…ഉയ്യോ. അവളോടി പോയി പുസ്തകം എടുത്തു
നിനക്ക് ഇതൊന്നും പറഞ്ഞിട്ടില്ല കൃഷ്ണേ. നീ ഇങ്ങനെ പഠിച്ചു ചാവേയുള്ളൂ…
അവൾ അവളോട് തന്നെ പറഞ്ഞു കൊണ്ട് പുസ്തകം തുറന്നു വായിക്കാൻ തുടങ്ങി
കോളേജിലെത്തിയപ്പോ കുട്ടികൾ ലാബിന്റെ പുറത്ത് നിൽപ്പുണ്ട്
“എന്താ കാര്യം?” അവൾ ദൃശ്യയോട് ചോദിച്ചു
“ലാബിൽ പാമ്പ് “
“ങ്ങേ?”
“വലിയ ഒരെണ്ണം മൂർഖൻ ആണെന്ന പറയുന്നേ. വാവ സുരേഷിനെ വിളിച്ചിട്ടുണ്ട് വരും “
“പുള്ളിക്ക് പാമ്പിനെ പേടിയില്ല?”
“എവിടുന്ന് പേടി?തോളത്തിട്ടോണ്ടാ നടക്കുന്നത് നീ പ്രോഗ്രാം കണ്ടിട്ടില്ലേ?”
“ടീവി ഇല്ലാത്ത എന്നോടോ ബാലാ”
“സോറി “
“സാരമില്ല…സാരമില്ല..എന്നാലും പാമ്പ്..”
അവൾ താടിയിൽ കൈ വെച്ച് നോക്കി
“അവിടെ മുഴുവൻ കാടല്ലേ?ചേട്ടൻ പറയുമായിരുന്നു ഇടയ്ക്ക് ക്ലാസ്സ്റൂമിൽ കേറി വരുമെന്ന് “
“ഉയ്യോ സത്യം?”
“ആന്ന്. ഒരിക്കൽ വന്നിട്ടുണ്ടത്രേ “
“എന്റെ ദൈവമേ…അപ്പൊ ഇന്ന് എക്സാം കാണൂല…
“ഇല്ല..റൗണ്ട്സിനു ചെല്ലാൻ പറഞ്ഞു “
“നീ ആരുടെ കൂടെയാ?” ദൃശ്യയോടവൾ ചോദിച്ചു
“ലക്ഷ്മി ഡോക്ടർ “
“നിനക്ക് അങ്ങനെ തന്നെ വേണം. ചെല്ല് “
ദൃശ്യ അവൾക്ക് ഒന്ന് കൊടുത്തു
“നീ രാമചന്ദ്രൻ സാറിനെ സോപ് ഇട്ട് വെച്ചേക്കുന്നേ കൊണ്ട് രക്ഷപെട്ടു നടക്കുവാ അല്ലെ..നടക്കട്ടെ നടക്കട്ടെ “
“അങ്കിൾ വിളിച്ചു പറഞ്ഞിട്ടാ അങ്ങേര് അലിഞ്ഞത് അല്ലേൽ കാണാരുന്നു. ഞാൻ ഇപ്പൊ ഉഗാണ്ടയിൽ ചെന്നേനെ.. വാ പോകാം “
അവർ അങ്ങോട്ടേക്ക് പോയി. അന്ന് ക്ലാസ്സ് കഴിഞ്ഞവൾ മാധവത്തിലേക്ക് പോയി. ക്രോസ്സ് ചെയ്യാൻ റോഡിനപ്പുറത്തു നിൽക്കുമ്പോൾ അവൾ മുകളിലേക്ക് നോക്കി.
ജനാലയ്ക്കൽ അർജുൻ. അവൾ കൈ വീശി അവനും. തിരക്കേറ്റവും ഉള്ള റോഡാണ് അത്. അവൾ രണ്ടു വശവും നോക്കി നടന്ന് തുടങ്ങി
ഇടക്ക് വീണ്ടും മുകളിലോട്ട് അവൻ നിൽക്കുന്നിടത്തേക്ക് നോക്കി ചിരിച്ചു നോക്കി. ഒരു ബ്രെക്കിന്റെ അലർച്ച. അർജുന്റെ കണ്ണിൽ കാഴ്ച മറഞ്ഞു. അവൻ പേടിയോടെ പടികൾ ഓടിയിറങ്ങി.
കൃഷ്ണ ലോറിക്കാരന്റെ തെറി കേട്ട് കാത് പൊത്തിക്കളഞ്ഞു. ശെടാ ഞാൻ നടന്ന് തുടങ്ങുമ്പോൾ ഇങ്ങേരെ കണ്ടില്ല പെട്ടെന്ന് വന്നു തെറി പറയുന്നു. ഇന്നത്തെ ദിവസത്തെ ഫലം നോക്ക്
വഴിയിൽ നിൽക്കുന്നവരും വഴക്ക് പറയുന്നുണ്ട്. അവൾ തെല്ല് ദൂരം മുന്നോട്ടോടി. മുന്നിൽ അർജുൻ
അവനെ കിതയ്ക്കുന്നുണ്ടായിരുന്നു
കൃഷ്ണ അമ്പരപ്പിൽ മുകളിലോട്ട് നോക്കി. അവിടേ നിൽക്കുകയല്ലായിരുന്നോ ഇത്രയും പെട്ടെന്ന് താഴേക്ക് വന്നോ
“Are you ok?”
കൃഷ്ണ തലയാട്ടി
“നീ എന്തിനാ മുകളിലോട്ട് നോക്കി നടന്നത്. സൂക്ഷിക്കണ്ടേ ഏറ്റവും ട്രാഫിക് ഉള്ള റോഡാണ്. ഇനി മുതൽ അവിടെ ഇറങ്ങി നടന്ന് വന്ന മതി ക്രോസ്സ് ചെയ്യണ്ട. കേട്ടോ “
അവൾ തലയാട്ടി
അവൾക്ക് അവൻ എന്ത് കൊണ്ടാണ് ഓടി വന്നതെന്ന് മനസിലായി
പാവം. അവൾ അറിയാതെ പറഞ്ഞു പോയി
“എന്തെങ്കിലും പറഞ്ഞോ നീ?”
“ഇല്ലാ “
അവൻ ലിഫ്റ്റിൽ കയറിയപ്പോൾ അവൾ ഒപ്പം ചെന്നു. പണ്ട് അവൻ ഇത് പോലെ ലിഫ്റ്റിൽ വന്നപ്പോൾ ഒപ്പം കയറാതെ പോയത് അവൾ ഓർത്തു
അവനും അതോർത്തു എന്ന് തോന്നുന്നു. കൃഷ്ണ അവനെ ഒന്ന് നോക്കി ചിരിച്ചു
റൂമിലെത്തിയപ്പോഴാണ് അവൻ പറഞ്ഞത് ഇന്ന് ഡോക്ടർ ഇല്ലാന്ന്. അങ്കിൾ ചെന്നയ്ക്ക് പോയത്രേ. അച്ഛന്റെ പേരെന്റ്സിനെ കാണാൻ
“ശെടാ റോഡിൽ വെച്ച് പറഞ്ഞൂടാരുന്നോ?”
അവൾ ചോദിച്ചു
“അച്ഛനെ മാത്രം കാണാനാണോ മോള് ഇവിടെ വരുന്നത്?”
അവൻ ചിരിയോടെ ചോദിച്ചിട്ട് ലാപ്ടോപ് അവൾക്ക് മുന്നിൽ നീക്കി വെച്ചു
“ഇത് ഞാൻ പറഞ്ഞു തരാം. നീ അത് പോലെ ചെയ്തിട്ട് പ്രിന്റ് എടുക്കണം പിന്നെ ഞാൻ പറയുന്ന ഐഡിയിൽ മെയിൽ അയയ്ക്കണം “
“അയ്യടാ എന്നെ കൊണ്ട് പണി ചെയ്യിപ്പിക്കുവാല്ലേ? ദുഷ്ട. ഞാൻ പഠിച്ചു തളർന്നു വന്നയല്ലേ?”
അവൻ ചിരിച്ചു
“കാപ്പി മേടിച്ചു തരാം. ചെയ്യു പ്ലീസ് കോൺഫിഡൻഷിയൽ ആണ്. അത് കൊണ്ടാണ് ഞാൻ തനിച്ചു ചെയ്യുന്നത് കുറേ നേരം ചെയ്തപ്പോൾ തല വേദനിക്കുന്നു. നീ ചെയ്യടി പ്ലീസ് “
അവൻ ക്യാന്റീനിൽ വിളിച്ചു
“നിനക്ക് എന്താ കഴിക്കാൻ വേണ്ടേ? കട്ലറ്റ് പറയട്ടെ “
“അയ്യടാ ഈ ജോലി മുഴുവൻ ചെയ്യിച്ചിട്ട് കട്ലറ്റ്. നല്ല കട്ടിക്ക് പറ. പൊറോട്ട ചിക്കൻ പോന്നോട്ടെ “
അവൻ പൊട്ടിച്ചിരിച്ചു പോയി
“കൈ കഴുകാൻ ഒരു കിലോമീറ്റർ പോണോ?”
“ഹേയ് ഇതിനോട് അറ്റാച്ച് ചെയ്തു ഒരു റൂമുണ്ട് അവിടെ പോയിരുന്നു കഴിക്കാം.”
“അത് നന്നായി “
അവൾ അത് തെറ്റുകൾ ഒന്നുമില്ലാതെ ചെയ്തു കൊടുത്തു
ഭക്ഷണം വന്നപ്പോൾ അവനെയും കൂട്ടി
“എനിക്ക് പൊറോട്ട ഇഷ്ടമല്ല. ഹെൽത്തിനു നല്ലതല്ല “
“പിന്നെ നമ്മൾ ചെയ്യുന്നതെല്ലാം ഹെൽത്തിനു ഉഗ്രൻ ആണല്ലോ..” അവൻ ചിരി അടക്കി
“ഒരെണ്ണം കഴിച്ചോ അല്ലെങ്കിൽ എനിക്ക് കൊതി കിട്ടും “
അവന്റെ മുറിയോട് ചേർന്നുള്ള മുറി വലുതായിരുന്നു. ബാത്റൂം സൗകര്യങ്ങൾ ഉള്ള അത്യാവശ്യം വിശ്രമിക്കാൻ കട്ടിലൊക്കെ ഉള്ള ഒരു മുറി. പ്ലേറ്റും ഗ്ലാസും ഫ്രിഡ്ജും ഒക്കെയുണ്ടവിടെ
“അത് ശരി വെള്ളമടിക്കാൻ ഉള്ള സെറ്റ് അപ്പ് ആണല്ലേ? അവൻ ചിരിച്ചതേയുള്ളു
“എന്തിനാ ആ ഡോക്ടറെ പറഞ്ഞു വിട്ടത്?” പെട്ടെന്ന് അവൾ ചോദിച്ചു
“ഉം?”
“അവർ അന്ന് അങ്കിളിന്റെ അടുത്ത് വന്നു പറയുമ്പോൾ ഞാൻ ഉണ്ടായിരുന്നു “
“നല്ല രീതിയല്ല അത് കൊണ്ട് വിട്ടു”
“എന്ന് വെച്ചാ?”
“നീ അന്ന് എന്താ കരുതിയെ?”
അവൾ ഒന്നും മിണ്ടിയില്ല
“നിനക്ക് തോന്നിയില്ലേ അത് പോലെ മറ്റുള്ളവർക്കും തോന്നും. എന്നോട് അത്രയും അടുപ്പം കാണിക്കുന്നത് എനിക്ക് ഇഷ്ടം അല്ല “
കൃഷ്ണയുടെ മുഖം വിളറി. അവനത് മനസിലായി
“സ്റ്റാഫിന്റെ കാര്യമാ പറഞ്ഞത്. നിയല്ല. നീ സ്റ്റാഫ് അല്ലല്ലോ “
അവൻ എങ്ങും തൊടാതെ പറഞ്ഞു
“ഇഷ്ടം അല്ലെങ്കിൽ പറഞ്ഞ മതി
വരില്ല.”
അവളുടെ മുഖം ഒന്ന് വാടി
“ഇഷ്ടമല്ലെങ്കിൽ എങ്ങനെയാ അർജുൻ എന്ന് നിനക്ക് നന്നായി അറിയാം. ഇഷ്ടം ഉണ്ടെങ്കിൽ എങ്ങനെയാ എന്നതും അറിയാം. നീ കഴിച്ചു ഫിനിഷ് ചെയ്തിട്ട് വാ ഒന്നുടെ ഉണ്ട് അയയ്ക്കാൻ “
അവൻ എഴുന്നേറ്റു
“ദുഷ്ട..എനിക്ക് വയ്യ “
അവൾ ഉറക്കെ പറഞ്ഞു
“പോന്നു മോള് വന്നേ. വേഗം വാ “
അവൻ പോയി സീറ്റിൽ ഇരുന്നു. കൃഷ്ണ ശുണ്ഠിയോടെ കാപ്പി കുടിച്ച് എഴുന്നേറ്റു
“ഇത് കൂടിയുള്ള അത് കഴിഞ്ഞു ഒന്നിച്ചു പോകാം..ഞാൻ വീട്ടിൽ കൊണ്ട് വിടാം “
“ഉപദ്രവിക്കരുത് പ്ലീസ് ” അവൾ തൊഴുതു
“അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാൻ പെട്ട പാട്. എന്നെ കൊണ്ട് കള്ളവും പറയിച്ചു..ഞാൻ തനിച്ചു പൊയ്ക്കോളാം കേട്ടോ “
അവൾ വർക്ക് ചെയ്യുന്നത് നോക്കിയിരുന്നു അവൻ
“എന്നെ നോക്കിയിരിക്കാതെ വല്ല പണിം ചെയ്യ് അല്ലെ അത് കൂടി എന്റെ തലയിൽ വരും “
അവൻ ചിരിച്ചു കൊണ്ട് കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു. പിന്നെ ഇടക്കണ്ണിട്ട് ഒന്ന് നോക്കി
തന്റെ മാലാഖ…
തുടരും…