ധ്രുവം, അധ്യായം 26 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ വന്നിട്ടില്ല. അവധി ആണെന്ന് ഇന്നലെ പറഞ്ഞില്ലല്ലോ ദൃശ്യ ഓർത്തു. ഉച്ചക്ക് ബ്രേക്ക്‌ ടൈം കിട്ടിയപ്പോ അവൾ വിളിച്ചു നോക്കി എടുക്കുന്നില്ല.

ഈശ്വര ഇവളിനി എന്തെങ്കിലും ഓർത്തു കരഞ്ഞു വീട്ടിൽ കിടക്കുകയായിരുക്കുമോ. കഴിഞ്ഞു പോയ കുറച്ചു ദിവസം ആയിട്ട് വാടി തളർന്ന് പോയിരുന്നു ആൾ. പലരും വന്ന് ചോദിച്ചു കൃഷ്ണ എവിടെ എന്ന്. ശെടാ ആകെ ടെൻഷൻ ആയി

അർജുന്റെ ഫ്ലാറ്റ്…

കൃഷ്ണ ജനാലകൾ ഒക്കെ തുറന്നു. കർട്ടനുകൾ വിരി മാറ്റിയിട്ടു. അർജുൻ കുനിഞ്ഞിരിക്കുന്നുണ്ട്. വയറ് പൊത്തി പിടിച്ചിരിക്കുന്നു. അവൾ അടുത്ത് ചെന്നിരുന്നു

“വയറ് വേദന ഉണ്ടൊ?” അവൻ ഒന്ന് മൂളി. ചെന്നു കൊണ്ടിരുന്നത് ചെല്ലാതെ വന്നപ്പോൾ ശരീരം തിരിച്ചടിക്കുന്നതാണ്. അവൾക്ക് എന്തോ വഴക്ക് പറയാൻ തോന്നിയില്ല

“കിടക്ക് കുറച്ചു നേരം. കുറച്ചു ദിവസം ആയിട്ട് ആഹാരം ഒന്നും ചെല്ലാണ്ടിരുന്നിട്ടാ. ഞാൻ ഇത്തിരി കഞ്ഞി ഉണ്ടാക്കി തരട്ടെ “

“വേണ്ട…നീ ഇവിടെ ഇരിക്ക് ഒന്നും ചെയ്യണ്ട “

“അടുക്കളയിൽ എന്തെങ്കിലും പാചകം ചെയ്തിട്ടുണ്ടോ? അതോ സാധാരണ പോലെ show മാത്രേ ഉള്ളോ? “

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

“ഒരു കുക്ക് ഉണ്ട്. ഇത്തവണ വിളിച്ചില്ല. എന്തൊക്കെ ഉണ്ടെന്ന് അറിയില്ല. നോക്കിയില്ല. എനിക്ക് ഒന്നും വേണ്ടായിരുന്നു “

അവൻ തളർന്ന് പോയ ശബ്ദത്തിൽ പറഞ്ഞു

“ഞാൻ നോക്കിട്ട് വരട്ടെ “

അടുക്കളയിൽ ഷെൽഫിൽ കുറച്ചു സാധനങ്ങൾ ഉണ്ട്
അരി മുളക് വെളിച്ചെണ്ണ..കുറച്ചു പയർ..പിന്നെയും എന്തൊക്കെയോ

ഫ്രിഡ്ജിൽ കുപ്പികളാണ് മുഴുവൻ. ഭക്ഷണം ഒന്നുമില്ല. പിന്നെ കുറെയധികം ഡ്ര- ഗ്ഗ്സ്

“ദേ ഇത് പോലീസ് പിടിച്ച അകത്തു കിടക്കും കേട്ടോ ജാമ്യം പോലും കിട്ടില്ല. പ്രമുഖ വ്യവസായി അർജുൻ ജയറാം മ- യക്കുമ- രുന്നുമായി പിടിയിൽ “

മറുപടി ഇല്ല

“tag line കൊള്ളാമോ? “

അവൻ കുനിഞ്ഞിരിക്കുകയാണ്. അവൾ കൂക്കറിൽ കുറച്ചു അരിയിട്ട് വെള്ളം വെച്ചു. ഒരു പാത്രത്തിൽ കുറച്ചു പയറും. പിന്നെ അരികിൽ വന്നിരുന്നു

“എനിക്ക് ഒരു…കുറച്ചു..മതി..പ്ലീസ്..എന്തോ പോലെ വരുന്നു..ഒരു തവണ കൂടി എടുത്തോട്ടെ?”

കൃഷ്ണ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കിയിരുന്നു

“ഞാൻ അഡിക്ട് അല്ല കൃഷ്ണ..പക്ഷെ ഈ ഒരാഴ്ച കുറേ യൂസ് ചെയ്തു.. ഒരു 5ml മതി..”

അവൾ മിണ്ടാതെ അവനെ നോക്കിയിരുന്നു. പിന്നെ എടുത്തു കൊണ്ട് വന്നു കൊടുത്തു

അർജുൻ ആർത്തിയോടെ അത് പൊട്ടിച്ച് സിറിഞ്ചിൽ നിറയ്ക്കുന്നത് കാണെ അവളുടെ കണ്ണ് നിറഞ്ഞൊഴുകി. അവൾ പെട്ടെന്ന് എഴുന്നേറ്റു പോകവേ അവൻ ആ കയ്യിൽ പിടിച്ചു

“വേണ്ട…നീ കരയണ്ട..ദാ എവിടെ എങ്കിലും കൊണ്ട് കളയ്.. “

കൃഷ്ണ അനങ്ങാതെ നിന്നു

“നിന്നോടല്ലെടി പറഞ്ഞത് ഇതെടുത്തു കൊണ്ട് പോകാൻ. എന്റെ മുന്നിൽ നിന്ന് കൊണ്ട് പോ”

അവൻ ടീപോയിൽ വെച്ചിരുന്ന മുഴുവനും തൂത്തെറിഞ്ഞു. പിന്നെ കൈകളിൽ മുഖം താങ്ങി. കൃഷ്ണ അതെല്ലാം എടുത്തു മാറ്റി വൃത്തിയാക്കി

ഫ്രിഡ്ജിൽ ഇരുന്നത് മുഴുവൻ അവൾ പൊട്ടിച്ച് ഒഴുക്കി കളഞ്ഞു. മ- ദ്യവും അങ്ങനെ തന്നെ

വേസ്റ്റ് അവിടെയിരുന്ന കവറുകളിൽ കെട്ടി മാറ്റി വെച്ചു. ഫ്രിഡ്ജ് നന്നായി തുടച്ച് അതിന്റെ ഗന്ധമെല്ലാം കളഞ്ഞു. അർജുന് തലച്ചോർ വലിഞ്ഞു മുറുകുന്ന പോലെ തോന്നി. ദേഹമെല്ലാം നോവുന്നു. തല എവിടെയെങ്കിലും അടിച്ച് ചിതറിച്ചു കളയാൻ തോന്നുന്നു. അവൻ ഇടയ്ക്ക് തിരിയുമ്പോ കൃഷ്ണ ഭക്ഷണം ഉണ്ടാക്കുന്നത് കണ്ടു

അവൻ ഇമ വെട്ടാതെ അത് നോക്കി നിന്നു. അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അങ്ങനെ നോക്കി നിൽക്കെ അത് അമ്മയാണെന്ന് അവന് തോന്നി

അമ്മ

വാ അപ്പു കഴിക്കാം..എന്റെ മോന് ഇഷ്ടം ല്ലെ ഇത്.

എനിക്ക് കഞ്ഞി വേണ്ട…

അങ്ങനെ പറയല്ലേ വയ്യാത്തപ്പോ കഞ്ഞിയല്ലേ കുടിക്കേണ്ടത്..അമ്മ വാരി തരാല്ലോ മോന്..

അമ്മയുടെ ഭക്ഷണം, അമ്മയുടെ സ്നേഹം, അമ്മയുടെ രുചി

“എന്താ ആലോചിക്കണേ..?” കൃഷ്ണ

“ങ്ങേ?”

“വന്നു കഴിക്ക്..വാ “

“എനിക്ക്..കഞ്ഞി ഇഷ്ടല്ല ” അവൻ മെല്ലെ പറഞ്ഞു

“വേറെ ഒന്നുല്ലാഞ്ഞിട്ടല്ലേ.. ഉം? ഇപ്പൊ സുഖമില്ലാത്ത പോലെയല്ലേ ശരീരം? കഞ്ഞിയാ നല്ലത്. ക്ഷീണം മാറും.”

അവൻ അവളെ തന്നെ നോക്കി നിന്നു

“എന്റെ കൈ വിറയ്ക്കുന്നു “

അവൻ വിറയ്ക്കുന്ന കൈകൾ ചുരുട്ടി പിടിച്ചു

“ഞാൻ വാരി തരാല്ലോ. വാ “

അവൻ അവളുടെ അടുത്തിരുന്നു

“ഇപ്പൊ വേദന ഉണ്ടോ?”കൃഷ്ണ ഇടതു കൈ കൊണ്ട് വയറിൽ അമർത്തി

“കുറഞ്ഞു “

അവൾ പുഞ്ചിരിച്ചു

“വേഗം മാറും. ഇത് മുഴുവൻ കഴിക്ക്. വയറ് നിറഞ്ഞു പൊട്ടട്ടെ “

അവൻ കൃഷ്ണയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു

“നീ കഴിക്ക് എനിക്ക് മതി “

“ഞാൻ കഴിച്ചോളാം. ഇത് മുഴുവൻ കഴിക്ക് “

“നീ കുറച്ചു കഴിച്ചേ..”

“ഞാൻ കഴിക്കാം..ഇത് കഴിക്ക് എന്റെ ചക്കര അല്ലെ?”

“നീ ഇതിൽ നിന്ന് കഴിക്ക്..”

അവന്റെ മുഖം മാറിയിട്ടുണ്ട്

“മടിയുണ്ടോ എന്റെ കൂടെ കഴിക്കാൻ?” കൃഷ്ണയുടെ മുഖം ചുവന്നു

“വെറുപ്പുണ്ടോ എന്നോട്?”

“ദേ ഒന്നങ്ങ് തരും കേട്ടോ. നേരെത്തെ തന്നത് കുറഞ്ഞു പോയി..”

“കൊ- ല്ലെടി നിയെന്നെ അതാ ഇതിലും നല്ലത്,

“ആ കൊ- ല്ലും..മര്യാദക്ക് കഴിക്ക് “

അവൻ നോക്കിയിരിക്കുന്നത് കണ്ട് അവൾ ഒരു പിടി വാരി തിന്നു

“മതിയോ..ഇനി കഴിക്ക് “

അവന്റെ മുഖത്ത് ഒരു ചിരി വന്നു. അവൻ അത് മുഴുവൻ കഴിച്ചിട്ട് സെറ്റിയിൽ ചാരി കിടന്നു

“നീ എടുത്തിട്ട് വാ. ഇവിടെ വന്നിരുന്നു കഴിക്ക് എന്റെ അടുത്ത്,

കൃഷ്ണ പ്ലേറ്റിൽ കുറച്ചു എടുത്തു കൊണ്ട് വന്നു. അവൾ ഇടയ്ക്ക് മൊബൈൽ എടുത്തു നോക്കി

ദൃശ്യ വിളിച്ചിരിക്കുന്നു

“ഞാൻ ദൃശ്യയെ വിളിച്ചു പറയട്ടെ. വീട്ടിലും പറയണം അല്ലെ പേടിക്കും “

അവൻ ഒന്ന് മൂളി

ആദ്യം ദൃശ്യയെ വിളിച്ചു

“എടി നീ എവിടെയാ എത്ര തവണ വിളിച്ചു?”

“ഞാൻ ഇവിടെ അർജുൻ സാറിന്റെ ഫ്ലാറ്റിൽ…”

“അർജുൻ ചേട്ടന്റെ ഫ്ലാറ്റിലോ?”

“ആ ഇവിടെ ഒരു പരുവമായിട്ട് ഇരിപ്പുണ്ട്. ക- ള്ളും മ- യക്കുമ- രുന്നുമൊക്കെ കേറ്റിയിട്ട് ചത്തില്ല എന്നേയുള്ളു “

അവൾ ഇടക്ക് ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി.

“എന്റെ ദൈവമേ..എടി ഹോസ്പിറ്റലിൽ എത്തിക്കുട്ടോ. ഒട്ടും വയ്യേ?”

“പത്തു ദിവസം ആഹാരം കഴിക്കാതെ ഇത് മാത്രം ചെന്നാൽ എങ്ങനെ ഇരിക്കും? അങ്ങനെ ഇരിക്കുന്നുണ്ട്.”

“എടി ബോഡി വീക്ക്‌ ആണെങ്കിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യട്ടോ. ഞാൻ വരണോ?അങ്കിളിനോട് പറയട്ടെ?”

“അങ്കിൾ വന്നു കണ്ടിട്ടാ എന്നോട് പറഞ്ഞത്. ഞാൻ നിന്നേം കൂട്ടി പോകാമെന്ന പറഞ്ഞത്. രാവിലെ വീട്ടിൽ നിന്നു ഇറങ്ങിയപ്പോ പിന്നെ നേരേ ഇങ്ങോട്ട് വരാൻ തോന്നി. അങ്ങനെ വന്നപ്പോഴാ കണ്ടത്. എടി ഞാൻ നിന്റെ വീട്ടിൽ ആണെന്ന് പറയും ട്ടോ എന്റെ വീട്ടിൽ വിളിച്ചിട്ട്. ഇത് കണ്ടിട്ട് ഇട്ടേച്ച് പോരാൻ തോന്നണില്ല. ഒട്ടും വയ്യ ദൃശ്യ..കയ്യൊക്കെ വിറയ്ക്കുന്നുണ്ട്. ഞാൻ ഇന്നിവിടെ നിൽക്കുവാ..”

ദൃശ്യ ഒരു നിമിഷം നിശബ്ദയായി

“എടി ആളെ സൂക്ഷിക്കണേ..ഞാൻ പറഞ്ഞിട്ടുണ്ടല്ലോ “

“നീ ഒന്ന് വെച്ചേ ഈ സമയത്താണവളുട…”

കൃഷ്ണ ഫോൺ വെച്ച് കളഞ്ഞു

“അവളെന്താ പറഞ്ഞത്?”

അർജുൻ അവളുടെ കൈ എടുത്തു നെറ്റിയിൽ വെച്ചു

“ഇങ്ങേരെ സൂക്ഷിച്ചോണെന്ന് “

അവൻ ചിരിച്ചു

“അത് കറക്റ്റ്. നീ സൂക്ഷിക്കുന്നത് നല്ലതാ “

“ഓ പിന്നെ എഴുനേറ്റു നിൽക്കാൻ വയ്യ അപ്പോഴാ “

അവൾ പിറുപിറുത്തു. അവൻ പൊട്ടിച്ചിരിച്ചു പോയി

“എന്നെ കൊണ്ട് വീട്ടിൽ കള്ളം പറയിക്കും. ശോ ഞാൻ രാത്രി പോയിട്ട് രാവിലെ വരാം. നേരെത്തെ വരാം. പൊയ്ക്കോട്ടെ?”

“പേടിയാണോ എന്നെ?”

“കുന്തം. എനിക്ക് പേടിയൊന്നുല്ല എന്നെ നോക്കാൻ എനിക്ക് അറിയാം. പക്ഷെ അതെന്റെ വീട്ടുകാർക്ക് അറിഞ്ഞൂടാല്ലോ “

അവൾ നഖം കടിച്ചു

“ഈശ്വര കള്ളം പറയണം..”

“മോള് പൊയ്ക്കോടി..സാരോല്ല “

അവൻ മെല്ലെ പറഞ്ഞു

“വീട്ടിൽ കള്ളം പറയണ്ട. അതും എന്നെ പോലെ ഒരുത്തനു വേണ്ടിട്ട്..പൊയ്ക്കോ. രാവിലെ വന്ന മതി “

കൃഷ്ണയ്ക്ക് ഹൃദയത്തിൽ ഒരു വേദന വന്നു. പോയ തനിക്ക് സമാധാനം ഉണ്ടാവുമോ?

പെട്ടെന്ന് അർജുൻ ശർദിച്ചു. കൃഷ്ണ ഒരു നിലവിളിയോടെ അവനെ ചേർത്ത് പിടിച്ചു. പിന്നെ ഓടി പോയി ഒരു ബേക്കറ്റ് എടുത്തു കൊണ്ട് വന്നു. അവൻ ശർദിച്ചു തളർന്ന് പോയി. അവൾ അവനെ പിടിച്ചു ബാത്‌റൂമിൽ കൊണ്ട് പോയി

“പൊയ്ക്കോ ഞാൻ ഒന്ന് വാഷ് ചെയ്തിട്ട് വരാം “

അവൾ വന്നു ഹാളിലെ ശര്ദില് മുഴുവൻ തുടച്ച് വൃത്തിയാക്കി. ലോഷൻ ഉപയോഗിച്ച് ഒന്നുടെ തുടച്ചു. തന്റെ ദേഹത്തും ശര്ദില് ആയിരിക്കുന്നു

അർജുൻ വന്ന് ഇരുന്നു

“ഇപ്പൊ നല്ല സുഖം. ആ തലയുടെ ഭാരം പോയിക്കിട്ടി “

കൃഷ്ണ അവനെ നോക്കി നിന്നു

“ദേ ഇത് നോക്ക്. മുഴുവൻ അഴുക്കായി. എനിക്കിതു മാറണം.”

“നീ ഷെൽഫിൽ നോക്കിട്ട് എന്റെ ഒരെണ്ണം എടുത്തു ഇട് “

“അയ്യേ.. “

“എന്ത് അയ്യേ..വാ “

അവൻ തന്നെ ഒരു ഷോർട്സും t ഷർട്ടും എടുത്തു കൊടുത്തു

“പുതിയതാ ഞാൻ ഇട്ടിട്ടില്ല.പോയി മാറി ഫ്രഷ് ആയിട്ട് വാ “

കൃഷ്ണ കുളിക്കാൻ പോയപ്പോ അവൻ മൊബൈൽ എടുത്തു ചാർജിൽ ഇട്ടു. പിന്നെ ടീവി ഓൺ ആക്കി. പിന്നിൽ ഒരു അനക്കം കേട്ടപ്പോ അവൻ തിരിഞ്ഞു നോക്കി

മുട്ട് വരെയെത്തുന്ന വെള്ള ഷോർട്സും ബ്രൗൺ ടി ഷർട്ടും അവൾക്ക് നല്ല ഭംഗിയുണ്ടായിരുന്നു. അങ്ങനെ ഒരു വേഷത്തിൽ അവളെ ആദ്യം കാണുകയായിരുന്നു അവൻ

“ഇതിന് ഇറക്കമില്ല ഇത്രേ ഉള്ളു
എനിക്ക് നീളമുള്ളത് താ ” മുഖം വീർപ്പിച്ചാണ് പറച്ചിൽ

അവൻ ചിരിച്ചു പോയി

“ഇത് നല്ല ഭംഗിയുണ്ടെടി. ഇത് കിടന്നോട്ടെ. ബാക്കി എല്ലാം ഞാൻ യൂസ് ചെയ്തതാ. അതോണ്ടല്ലേ “

അവൾക്ക് ഒരു മടിയുള്ളത് പോലെ

“ഇതിന്റെ മോളിൽ ഒരു മുണ്ട് ഉടുത്താലോ? മുണ്ട് ഉണ്ടൊ?”

അവൻ പൊട്ടിച്ചിരിച്ചു പോയി. പിന്നെ അവളെ പിടിച്ചു അടുത്തിരുത്തി

“എന്റെ പ- ട്ടിക്കാടെ നിന്നെ ഞാൻ എന്തോ ചെയ്യും. നീ ഈ ഫുൾ ടൈം ചുരിദാർ ഷാൾ. ആ ഒരു ഡ്രസ്സ്‌ ഇട്ട് നടക്കുന്ന കൊണ്ടാ ഇതിടുമ്പോ ചമ്മൽ വരണത്. ഇത് നല്ലതാണെന്നു “

“അവൾ കുഷ്യൻ എടുത്തു മടിയിൽ വെയ്ക്കുന്നത് കണ്ട് അവന് വീണ്ടും ചിരി വന്നു

“സത്യമായും നല്ല ഭംഗി ഉണ്ടെന്ന്..”

അവൾ ടീവിയിൽ നോക്കിയിരുന്നു. ശരിക്കും നല്ല ഭംഗിയുണ്ടായിരുന്നു ആ വേഷം അവൾക്ക്

“സ്കൂൾ കുട്ടിയെ മാതിരി ഉണ്ട്. ഈ മുടി രണ്ടായി പിന്നിയിട്ടാൽ സ്കൂൾ കുട്ടി തന്നെ “

അവൻ മുടിയിൽ പിടിച്ചു വലിച്ചു

“എന്റെ മുടി “

അവൾ ഒരു അടി കൊടുത്തു കൈക്ക്

“ആ ” എന്ന് പറഞ്ഞു അവൻ കൈ വലിച്ചപ്പോ അവൾ ആകൈ പിടിച്ചു നോക്കി

നിറയെ ചുവന്ന കുത്തുകൾ. കൃഷ്ണ മെല്ലെ അതിൽ തടവി

“ഇനി ചെയ്യരുത് ട്ടോ “

അവൻ ഒന്ന് മൂളി

“ഇനി ഇനി പിണങ്ങുകയും ചെയ്യരുത് “

“ഞാൻ പിണങ്ങിയ കൊണ്ടാണോ?”

അവളുടെ ശബ്ദം ഇടറി പോയി

“ഉം..”

“എന്നോട്  അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടല്ലേ..എന്തൊക്കെ പറഞ്ഞു..ഞാൻ സന്തോഷം ആയിട്ടിരുന്നുന്നാണോ വിചാരിച്ചു വെച്ചിരിക്കുന്നത്?”

“അല്ല. നീ വേദനിച്ചത്, കരഞ്ഞത് ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. ഞാൻ ഇത്രയും വേദനിച്ചെങ്കിൽ നീ അതിന്റെ ഇരട്ടി അനുഭവിച്ചു കാണും എന്നെനിക്ക് അറിയാം. അത് കൊണ്ടാണ് കൃഷ്ണ ഞാൻ…എന്റെ ഉള്ളിൽ തീ പിടിച്ച അവസ്ഥയായിരുന്നു..ഹോ അത് നിനക്ക് പറഞ്ഞ മനസിലാവില്ല. ഒരു നേരിപ്പോട് ചുമന്ന അവസ്ഥ. “

കൃഷ്ണ ആ കൈയെടുത്തു മുഖത്തോട് ചേർത്ത് വെച്ചു

“ഇനി ചെയ്യരുത്..ഞാൻ ഇല്ലാണ്ടായാലും ചെയ്യരുത് “

അവൻ മുടിയിൽ ചുറ്റി ഒരു വലി വലിച്ചു

“രാ- ക്ഷ- സൻ നൊന്ത് കേട്ടോ “

“മേലിൽ പറയരുത്..കൊ- ല്ലും ഞാൻ നിന്നെ “

കൃഷ്ണ അവന്റെ കയ്യിൽ ഒന്ന് കടിച്ചു

“എന്തോന്നടി ഇത്? കടി അടി..നോക്കിക്കേ പാട് വീണു..”

“അല്ലെങ്കിൽ പാട് ഇല്ല..കൈ മുഴുവൻ ഇൻജെക്ഷൻ എടുത്ത പാടാണ് “

അവൾ മുഖം വെട്ടിച്ചു

“ഇനി ചെയ്യില്ല “

അവൻ അവളുടെ തോളിൽ കൈയിട്ടു

“ഉറപ്പ്?”

അവൻ മൂളി

“അങ്കിളിനെ വിളിക്ക്. പാവം എത്ര വിഷമിച്ചു ന്ന് അറിയോ. ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു “

“അച്ഛനാണോ പറഞ്ഞത് ഞാൻ ഇവിടെ ഉണ്ടെന്ന് “

“ഉം എന്നോട് പോകണ്ട എന്നാ പറഞ്ഞത്. ബോധം ഇല്ലാന്ന് പറഞ്ഞു “

“പിന്നെ എന്താ മോള് വന്നത്?”

“എത്ര ബോധം ഇല്ലെങ്കിലും എന്നോട് അങ്ങനെ ഒന്നും ചെയ്യില്ല എന്ന് എനിക്ക് അറിയാം. എന്നെ ഒന്നും ചെയ്യില്ല..”

അർജുന്റെ കണ്ണ് നിറഞ്ഞു പോയി. അവൻ അവളെ ദേഹത്തോട് അടുക്കി പിടിച്ചു

“താങ്ക്യൂ “

പിന്നെ എഴുനേറ്റു ബാൽകണിയിൽ പോയി നിന്നു

“എത്ര മണിയായി കാണും?”

അവൻ അവളോട് ചോദിച്ചു

“പത്തു മണി ആകുന്നു “

അവൾ എഴുന്നേറ്റു അരികിൽ വന്നു നിന്നു

“രാത്രിക്ക് ഇത്രയും ഭംഗിയുണ്ടല്ലേ?”

അവൻ പുറത്ത് കാണുന്ന ഇരുട്ടിലേക്ക് നോക്കി

“അതേയ് നല്ല ബോധത്തോടെ രാത്രി കണ്ടിട്ടില്ലാത്ത കൊണ്ടാ “

കൃഷ്ണ തിരിച്ചടിച്ചു. അർജുൻ പൊട്ടിച്ചിരിച്ചു പോയി

“എടി നീ എന്നെ ഈ ഭൂമിയിലെ  ഏറ്റവും മോശപ്പെട്ട ഒരുത്തൻ ആക്കല്ലെടി..ഞാൻ അത്രേ കുഴപ്പമാണോ?”

“പിന്നല്ല..മുഴുവൻ തോന്ന്യാസം ചെയ്തിട്ട് കുഴപ്പം ഉണ്ടോന്ന് “

അർജുൻ അവളെ തന്നോട് ചേർത്ത് പിടിച്ചു

“എന്ന പിന്നെ നന്നായേക്കാം “

“നന്നായാൽ അവനവന് കൊള്ളാം “

“എനിക്ക് മാത്രം അല്ല നിനക്കും “

“പിന്നെ എനിക്ക് എന്താ എങ്ങനെ ആയാല്?”

അവൻ അവളുടെ കണ്ണിലേക്കു നോക്കി

“ഒന്നുല്ലേ?”

അവൾ മുഖം തിരിച്ചു കളഞ്ഞു

“എടി കള്ളി ഇങ്ങോട്ട് നോക്ക്. മുഖത്ത് നോക്കി കള്ളം പറയാനും വേണം ഒരു കഴിവ് “

കൃഷ്ണ ചിരിയോടെ അവനെ ഒരിടി വെച്ച് കൊടുത്തു. പിന്നെ അവനോട് ചേർന്ന് നിന്ന് രാത്രിയുടെ ഭംഗിയിലേക്ക് നോക്കി. തണുത്ത കാറ്റ് വീശുന്നുണ്ട്. കൃഷ്ണയ്ക്ക് കുളിർന്നു

“മോള് പോയി കിടന്നോ. ഞാൻ കുറച്ചു നേരം കൂടി ഇങ്ങനെ നിന്നിട്ട് ഉറങ്ങാൻ പൊന്നുള്ളു “

അവൾ അവനെ നോക്കി

“ദേ ആ മുറി എടുത്തോ. അച്ഛൻ വരുമ്പോൾ കിടക്കുന്ന മുറിയാണ്
രാവിലെ പൊയ്ക്കളയരുത്. എനിക്ക് സംസാരിക്കാൻ ഉണ്ട് “

അവൾ തലയാട്ടി പിന്നെ മുറിയിലേക്ക് പോയി. അവൻ പിന്നെയും അവിടെ നിന്നു. ഏറെ നേരം. അപ്പോൾ പുറത്ത് മാത്രമേ ഇരുട്ട് ഉണ്ടായിരുന്നുള്ളു. അവന്റെ ഉള്ളിൽ വെളിച്ചമായിരുന്നു

സൂര്യവെളിച്ചം

തുടരും….