ധ്രുവം, അധ്യായം 27 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ അവന്റെ മുറിയിൽ വന്ന് നോക്കി. നല്ല ഉറക്കമാണ്. കുഞ്ഞുങ്ങൾ ഉറങ്ങുന്ന പോലെ. അവൾ വാത്സല്യത്തോടെ ആ മുടി ഒതുക്കി വെച്ചു

എന്ത് ഭംഗിയാണ് ഈ കക്ഷിയെ കാണാൻ…വെറുതെ അല്ല ആ ഡോക്ടർ…അവൾ നേർത്ത ചിരിയോടെ ജനലുകൾ തുറന്നിട്ട്‌ എ സി ഓഫ്‌ ചെയ്തു. ഷെൽഫിൽ നിന്ന് ഒരു ജോഡി ഡ്രസ്സ്‌ എടുത്തു. കുളിച്ചിട്ട് മാറാൻ വേറെയില്ല. തലേന്ന് നനച്ചതോന്നും ഉറങ്ങിയില്ല. പിന്നെ വാതിൽ ചാരി പുറത്തിറങ്ങി. ആദ്യമായാണ് വീട്ടിൽ ഒരു കള്ളം പറഞ്ഞത്

ഈ അവസ്ഥ കണ്ടിട്ട് പോകാനും വയ്യായിരുന്നു. അവൾ കുളിച്ചു വേഷം മാറി ബാൽകണിയിലേക്കുള്ള വാതിൽ തുറന്നു ഇറങ്ങി നിന്നു

രാവിലെ കുളിച്ചു ശീലമായി..ഒരു സുഖം. നഗരത്തിലേക്ക് ഒരു വാതിൽ തുറന്നത് പോലെ

എന്ത് രസാണ്. പുലർച്ചെ ആവുന്നേയുള്ളു. പത്രക്കാർ, പാല്

അവൾ അപ്പോഴാണ് ഓർത്തത് ഒരു ചായ വേണല്ലോ. അവൾ അടുക്കളയിൽ പോയി നോക്കി

കുറച്ചു മുട്ട ഉണ്ട്..കിച്ചൺ ഷെൽഫിൽ സാധനങ്ങൾ ഒക്കെയുണ്ട്

കുക്ക് ചെയ്യുമോ…അതോ സർവന്റ് ഉണ്ടൊ?

കയറി വന്നപ്പോൾ മുന്നിൽ ഒരു ഷോപ്പ് ഉണ്ടായിരുന്നു

പാല് കിട്ടുമോ അവിടെ?

അവൾ വാതിൽ അടച്ചിട്ടു പോയി

ചെറിയ കടയാണ്

“പാല് ഉണ്ടൊ ചേട്ടാ?”

“ഉണ്ടല്ലോ. എത്ര കവർ വേണം?”

“ഒന്ന് മതി. മാവുണ്ടോ?”

“ഗോതമ്പ് മാവ് മാത്രം ഉള്ളു..”

“കുറച്ചു സവാള കൂടി “

അവൾ അത്രയും വാങ്ങി വന്നിട്ടും അവൻ ഉണർന്നിട്ടില്ല. മുട്ട പുഴുങ്ങാൻ വെച്ചിട്ട് ചപ്പാത്തിക്ക് കുഴച്ചു വേച്ചു. സവാള അരിഞ്ഞു എണ്ണയിൽ വഴറ്റി കൊണ്ട് ഇരിക്കുമ്പോൾ അർജുൻ ഉണർന്നു വന്നു

“അത് ശരി എന്താ എന്നെ വിളിക്കാഞ്ഞത്? നീ കുളിച്ചു ഡ്രസ്സ്‌ മാറിയോ?” അവൾ ചിരിച്ചു

“പോയി കുളിച്ചു വാ ചപ്പാത്തിയും മുട്ട റോസ്റ്റും തരാം “

“നീ ഇത് എവിടെ പോയി വാങ്ങി?”

“താഴെ കടയിൽ നിന്ന്..ഇതിനു മുന്നിൽ”

“അവിടെ കടയുണ്ടോ “

“അത് കൊള്ളാം..ചെല്ല് പോയി കുളിച്ചേ എനിക്ക് കോളേജിൽ പോകണം “

“ഇന്നോ?”

“ആ ” അവൻ നനച്ചിട്ടിരിക്കുന്ന വസ്ത്രങ്ങൾ നോക്കി

“ഇതുണങ്ങില്ലല്ലോ?”

“അയൺ ചെയ്തു ഉണക്കും. പോയെ..നമുക്ക് ഒന്നിച്ചു പോകാം”

“എടി ഇന്ന് കൂടെ..പ്ലീസ്..വൈകുന്നേരം വീട്ടിൽ പൊയ്ക്കോ..പകൽ നിൽക്ക് എനിക്ക് തലവേദന ശരിക്കും മാറിയില്ലാന്ന്. ഇനിം ചിലപ്പോൾ വല്ലോമൊക്ക കു-ത്തി വെയ്ക്കാൻ തോന്നിയാലോ “

“എന്നാ ഞാൻ ക-ത്തിയെടുക്കും നോക്കിക്കോ “

അവൾ ക-ത്തി ഓങ്ങി

“പ്ലീസ് പ്ലീസ്..ഉച്ച കഴിഞ്ഞു പൊയ്ക്കോ. ഞാനും ഇറങ്ങാം. കൊണ്ട് വിട്ടേക്കാം “

“എന്റെ രണ്ടു ക്ലാസ്സ്‌ പോകും കേട്ടോ “

“ഇന്ന് ഒരു ദിവസം കൂടി. ഇനി പറയില്ല..പ്രോമിസ് “

അവൾ ചട്ടുകം വെച്ച് ഒന്ന് കൊടുത്തു

“പോയി കുളിക്ക് “

“പോകരുത് ട്ട “

അവൻ ബാത്‌റൂമിലേക്ക് പോകുന്നതിനിടയിൽ പറഞ്ഞു. കൃഷ്ണ തനിയെ ചിരിച്ചു

പിന്നെ ചപ്പാത്തി ഉണ്ടാക്കി കാസറോളിൽ വെച്ചു കറി മറ്റൊരു പാത്രത്തിൽ ചായയും ഉണ്ടാക്കി. അവൻ വന്നപ്പോ ഭക്ഷണം റെഡി

“ഇപ്പൊ നല്ല വിശപ്പുണ്ട്..ഒരാനയെ കിട്ടിയാലും തിന്നാം ” അവൻ ചപ്പാത്തി എടുത്തു പ്ലേറ്റിൽ വെച്ചു. കറിയിൽ മുക്കി കഴിച്ചു നോക്കി

“കൊള്ളാം.
നല്ല ടേസ്റ്റ് “

അവൾ അവൻ രുചിയോടെ കഴിക്കുന്നത് നോക്കിയിരുന്നു

“നീ കഴിക്ക് “

അവൾ നോക്കിയിരിക്കുന്നത് കണ്ട് അവൻ പറഞ്ഞു. കഴിച്ചു കഴിഞ്ഞവർ വീടൊക്കെ വൃത്തിയാക്കി

“സർവന്റ് ഇല്ലെ ഇവിടെ?”

“ഉണ്ട്..വിളിച്ചാൽ വരും. ഒരു ചെക്കനാ ഷാഹുൽ. വന്ന് ക്ലീൻ ചെയ്തു കുക്ക് ചെയ്തു വെച്ചിട്ട് പോകും. ഞാൻ ഇവിടെ അങ്ങനെ എപ്പോഴും കാണില്ല..മിക്കവാറും ഇപ്പൊ തൃശൂർ ആണ്..പിന്നെ ചെന്നൈ. മുത്തശ്ശനും മുത്തശ്ശിയുമുണ്ട്. ഡാഡിയും മമ്മിയും. അങ്ങനെ ആണ് ഞാൻ വിളിക്കുക. അമ്മയുടെ റിലേറ്റീവ്സ് ചെന്നൈയിലും ബാംഗ്ലൂർ അവിടെയുമാണ്. അവിടെ പോകും. ഇപ്പൊ ഒന്നിനും നേരം കിട്ടാറില്ല. പോയിട്ട് കുറേ നാളായി. നീ കളിയാക്കുന്ന പട്ടായയിലും തായ്‌ലണ്ടിലും ഒക്കെ പോയിട്ട് മൂന്ന് വർഷം കഴിഞ്ഞു “

പെട്ടെന്ന് ആണ് അവൻ ഓർത്തത് ഒരു പെണ്ണിനെ തൊട്ടിട്ട് മൂന്ന് വർഷം കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ കൃഷ്ണ ജീവിതത്തിൽ വന്നതിനു ശേഷം…അവളെ ആദ്യമായി കണ്ടതിനു ശേഷം…ഇഷ്ടമല്ലാതിരുന്ന കാലത്ത് പോലും പോയില്ല. അതെന്ത?

“എന്താ” അവൻ പെട്ടെന്ന് സ്റ്റക്ക് ആയത് കണ്ട് അവൾ ചോദിച്ചു

“ഒന്നുല്ല കൃഷ്ണ…ഞാൻ അങ്ങനെ ഒക്കെ ഉള്ള ഫൺ…അത് ഒക്കെ മൂന്ന് വർഷം മുൻപായിരുന്നു. ഇപ്പൊ പെട്ടെന്ന് ഓർമ്മ വന്നു. ഞാൻ പിന്നെ അങ്ങനെ…അതെന്താ ഞാൻ പിന്നെ പോവാഞ്ഞത്…എനിക്ക് സമയം കിട്ടിയില്ല..അത് കൊണ്ടാണോ.. ശെടാ..ഞാൻ പിന്നെ..”

കൃഷ്ണ കയ്യിൽ ഇരുന്ന ചൂല് കൊണ്ട് ഒന്ന് കൊടുത്തു

“കണ്ട പെണ്ണുങ്ങളുടെ കൂടെ പോയി കിടക്കാഞ്ഞതിന്റെ കാരണം ആലോചിച്ചു വിഷമിക്കുന്നോ വൃത്തികെട്ടവനെ..നന്നായി എന്ന് വിചാരിക്ക്..”

അവൻ പൊട്ടിച്ചിരിച്ചു പോയി

“അല്ലെടി ആക്ച്വലി കുറേ തവണ അങ്ങനെ ഉള്ള സദസ്സിൽ ഞാൻ ഉണ്ടാര്ന്നു. ഫ്രണ്ട്സ് ഗ്രൂപ്പിൽ..പക്ഷെ വെള്ളം അടിച്ച് ഓഫ്‌ ആയി ഉറങ്ങി പോയി..അല്ല പക്ഷെ എനിക്ക്..അങ്ങനെ ഒന്നും തോന്നാഞ്ഞത്…എന്റെ ദൈവമേ എന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടു പോയി കാണുമോ?”

അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവനെ അടിക്കാൻ ഇട്ടു ഓടിച്ചു

“ദൈവമേ എന്താ ഈ പറയുന്നത് എന്ന് നോക്ക്..ദേ വൃത്തികെട്ട കാര്യങ്ങൾ എന്നോട് പറഞ്ഞ ഞാൻ ഇനി വരില്ല ട്ടോ “

“ഇനി പറയില്ല. സുല്ല്. ക്ഷമി..”

“എന്നാ ഏത്തമിട് “

അവൻ അത് ചെയ്തു

“മതിയോ?”

“ഞാൻ ഒരു കാര്യം പറഞ്ഞാൽ അനുസരിക്കാമോ”

“ഉം “

“ഇനി ഡ്ര- ഗ്ഗ്സ് യൂസ് ചെയ്യരുത്. എന്ത് വന്നാലും “

അവൻ അവളുടെ മുഖത്ത് ഒന്ന് തൊട്ടു

“agreed “

അവൾ ആ കൈ എടുത്തു സ്വന്തം തലയിൽ വെച്ചു

“എന്നെ കൊണ്ട് സത്യം ചെയ്യ് “

അവന്റെ കൈകൾ വിറച്ചു

“ചെയ്യ്.. “

“സത്യം..നിന്നാണ് സത്യം. ചെയ്യില്ല. എന്ന് കരുതി മറ്റേത് രണ്ടും പറയരുത്. അത് നിർത്തില്ല “

അവൾ ചിരിച്ചു

“അടിച്ച് ഓഫ്‌ ആയി പോകാതിരുന്നാൽ മതി “

“മറ്റേത് എന്താ സത്യം ചെയ്യിക്കാത്തത്?”

അവൻ കുസൃതി ചിരിയിൽ ചോദിച്ചു

“അത് അർജുൻ സാറിന് ഇനി തോന്നില്ല “

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. മൂർച്ചയുള്ള നോട്ടം. ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് എന്തോ തിരയും പോലെ. അർജുൻ പെട്ടെന്ന് ആ കണ്ണ് പൊത്തി

“ഈശ്വര എന്തൊരു നോട്ടമാണ് കൊച്ചേ..എക്സ് റേ പോലെ…മനുഷ്യൻ പേടിച്ചു പോകുമല്ലോ “

“പേടിയുണ്ടാവുന്ന നല്ലതാ “

അവൾ അവന്റെ തോളിൽ ഒരിടി കൊടുത്തു

“നീ നന്നായി ഉപദ്രവിക്കും കേട്ടോ എന്നെ ഇന്നലെ എത്ര അടി അടിച്ചു. ദൈവമേ ആരെങ്കിലും കണ്ടിരുന്നെങ്കിൽ മാനം പോയേനെ. വല്ല പാടും ഉണ്ടൊ ആവോ?”

അവൻ കണ്ണാടിയുടെ മുന്നിൽ നിന്ന് നോക്കി

“നല്ല വെളുത്ത മുഖമായത് കൊണ്ട് ചിലപ്പോൾ കാണും നോക്കട്ടെ “

കൃഷ്ണ മുഖം പിടിച്ചു നോക്കി

“ദേ ഈ ചുണ്ടിന്റെ കോണിൽ ചെറിയ ഒരു പാടുണ്ട്. നിലിച്ചു കിടക്കുന്നു എന്റെ മോതിരം കൊണ്ടതാവും. അച്ചോടാ..”

അവൾ തുടച്ചു കൊടുത്തു

“ഇച്ചിരി മേക്കപ്പ് ഇട്ട മതി “

“പോടീ ” അവൻ കണ്ണാടിയിൽ നോക്കി

“എന്നാലും ഇങ്ങനെ അടിച്ചു കളഞ്ഞല്ലോ മഹാപാപി “

“കൊ- ന്നേനെ ഞാൻ..ഹോസ്പിറ്റലിൽ ഇങ്ങനെ അഡിക്ട് ആയിട്ട് വരുന്നവർ കാണിക്കുന്നത് കാണണം. സങ്കടം തോന്നും. അർജുൻ സർ അത് എത്ര അപകടം ആണെന്ന് അറിയോ?”

“കൃഷ്ണ നീ എന്നെ വേറെയെന്തെങ്കിലും വിളിക്കാമോ സർ എന്ന് കേൾക്കുമ്പോൾ എന്തോ പോലെ “

അവളുടെ മുഖത്ത് ഒരു നാണം വന്നു “അതെങ്ങനെ മാറ്റുക. ശീലിച്ചു പോയില്ലേ “

“എന്റെ അമ്മ എന്നെ അപ്പു എന്നാരുന്നു വിളിക്കുക. അച്ഛനും അതേ. കുഞ്ഞിലേ കേട്ടോ
ഒത്തിരി ചെറുത് ആയിരുന്നപ്പോൾ. വലുതായപ്പോ കൂട്ടുകാരുടെ മുന്നിൽ എനിക്ക് അത് നാണക്കേട്. അഞ്ചാം ക്ലാസ്സിൽ ആണെന്ന് തോന്നുന്നു അന്ന്. ഞാൻ വലിയ വഴക്ക് ഉണ്ടാക്കി. എനിക്ക് ആ പേര് വേണ്ട എന്നൊക്കെ പറഞ്ഞിട്ട്.. പിന്നെ അച്ഛൻ അത് നിർത്തി. അമ്മമാർ പിന്നെ പറഞ്ഞാൽ അനുസരിക്കില്ലല്ലോ. അമ്മ അത് തന്നെ വിളിക്കും…അമ്മ പോയപ്പോൾ എന്റെ ആ പേര് എനിക്ക് നഷ്ടമായി. ഓരോരുത്തരും എന്തൊക്കെയാണല്ലേ ജീവിതത്തിൽ നിന്ന് പോകുമ്പോൾ എടുത്തിട്ട് പോകുക. ഒരിക്കലും തിരിച്ചു വരാത്ത പോലെ പോകുന്നവർ കൊണ്ട് പോകുന്നതും നമുക്ക് കിട്ടില്ല “

കൃഷ്ണ ആ കയ്യിൽ ഒന്ന് ചേർത്ത് പിടിച്ചു

“നീ എന്നെ ചേട്ടാ എന്ന് വിളിക്ക്..ഞാൻ നിന്നെ ക്കാൾ പ്രായം കൂടുതൽ ഉള്ള ആളാണ്. ധൈര്യമായി വിളിച്ചോ “

അവൾ ചിരിച്ചു

“ഉടനെ എങ്ങനെയാ വിളിക്കുക? വിളിക്കാം.. സർപ്രൈസ് ആയിട്ട്..”

അവൻ അവളുടെ തലയിൽ ഒന്ന് തട്ടി

“അങ്കിൾ വിളിച്ചില്ലേ?” അവൾ ചോദിച്ചു

” വിളിച്ചു നീ വന്നതും പറഞ്ഞു “

“ഏഴു ദിവസം ഒക്കെ ഓഫീസിൽ പോകാതിരുന്നാൽ കുഴപ്പമില്ല?”

“അങ്ങനെ പ്രശ്നം വരില്ല. മാനേജർസ് ഉണ്ട്. അച്ഛൻ ഉണ്ട്.  ഡാഡി അവിടെ ഇരുന്നാലും മൊത്തം കണ്ട്രോൾ ചെയ്യുന്നുണ്ട്.”

“എന്നാലും ഇങ്ങനെ ഇനി വേണ്ട…പിണങ്ങണ്ട എനിക്കും പറ്റില്ല അത്. ഒന്നും പഠിച്ചിട്ടില്ല ഈ ആഴ്ച. ബുക്കിൽ നോക്കിയിരിക്കുന്നെന്നെ ഉണ്ടായിരുന്നുള്ളു. ക്ലാസ്സിലും അതേ. ക്ലാസ്സസ് ഒന്നും കേട്ടില്ല..മനസ്സ് ശൂന്യമായ പോലെ..”

അർജുൻ ആ മുഖം നോക്കിയിരുന്നു

“ചിലപ്പോൾ തോന്നി മരിച്ചു കളഞ്ഞാലോന്ന്. നെഞ്ചു പൊട്ടിപ്പോകുന്ന പോലെയായിരുന്നു. ഞാൻ ഇത് വരെ ഇത് പോലെ ആരോടും അടുത്തിട്ടില്ല. സൗഹൃദം ആയിട്ട് ഒരു പുരുഷസുഹൃത്ത് പോലുമുണ്ടായിട്ടില്ല എനിക്ക്. പേടിയാ അതൊക്ക. ഒത്തിരി വാർത്തകൾ ഒക്കെ കാണുന്നില്ലേ? പിന്നെ ഞാൻ ആയിട്ട് എന്തെങ്കിലും ഒന്നിലു പോയി പെട്ടാൽ ആരുണ്ട് എനിക്ക് എന്ന് തോന്നിട്ടുണ്ട്. പാവങ്ങൾ ആയത് കൊണ്ട് ആരും കൂടെ നിൽക്കില്ല. അതിലുമുപരി പേടിയാ..ക്ലാസ്സിൽ ഒക്കെ ഓരോരുത്തരും വന്ന് പ്രൊപ്പോസ് ചെയ്യുമ്പോൾ നോ പറഞ്ഞു മടുത്തു പോയിട്ടുണ്ട്
ദൃശ്യ പറയുന്നത് എനിക്ക് എന്തോ കുഴപ്പം ഉണ്ടെന്നാ..റിലേഷൻ ഒന്നുമില്ലാത്ത കൊണ്ട് “

അവൾ ചിരിച്ചു

“ഗോവിന്ദ് ചേട്ടന് വേണ്ടി ഒരിക്കൽ ഇങ്ങനെ ചോദിച്ചു..അപ്പ പറഞ്ഞതാ..”

“ഗോവിന്ദ് നിനക്ക് ചേരും നല്ല പയ്യനാ “

അവൻ ഉള്ളിലെ വേദന മറച്ചു കൊണ്ട് പറഞ്ഞു

“ആയിരിക്കും. പക്ഷെ വേണ്ട…”

അവൾ പഠിക്കാൻ എന്ന പോലെ അർജുനെ നോക്കി. കുറച്ചു നേരം അങ്ങനെ നോക്കിയിരുന്നു

“അതിന് നീ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നത്? ഞാൻ ഒരു സത്യം അല്ലെ പറഞ്ഞത്?”

അവൾ ടീപോയിൽ വെച്ചിരുന്ന വെസ്സൽ എടുത്തു ഒരേറു വെച്ച് കൊടുത്തു. അവൻ അത് പിടിച്ചു

“എന്റെ കൊച്ചേ നീ എന്നെ കൊ- ല്ലാൻ വരുന്നത് എന്തിനാ?ശരി ഗോവിന്ദ് വേണ്ട പോരെ “

അവൾ ചിരിച്ചു

“ഹോസ്പിറ്റലിൽ ഒരാൾ ഉണ്ടല്ലോ…ശോ പേര് മറന്നു പോയി. ആ ഡോക്ടർടെ മോൻ “

“നിവിൻ “

“നല്ല ഒലിപ്പീരാ കേട്ടോ..സഹിക്കത്തില്ല. ഞാൻ ഇപ്പൊ അങ്ങേരുടെ മുറിയുള്ള ഫ്ലോറിൽ കൂടി പോകില്ല..പണ്ടാരം..”

അവൻ ചിരിച്ചു പോയി

“ഞാൻ പറയാം..”

“ഉം ” പിന്നെ കുറച്ചു നേരം അവൾ നിശബ്ദയായിരുന്നു

“കൃഷ്ണ…”

അവൾ അവന് നേരേ മുഖം തിരിച്ചു

“ഇനി പിണങ്ങില്ല വഴക്കിട്ടില്ല ദേഷ്യപ്പടില്ല എന്നൊന്നും ഞാൻ പറയില്ല. ചിലപ്പോൾ ഇതിലും മോശമായി പറയും. അപ്പൊ നീ എന്നെ ഇത് പോലെ വന്നു തല്ലിക്കോ. പക്ഷെ..പിണങ്ങരുത്  ഒരിക്കലും നീ ഇല്ലാതെ അർജുൻ…എനിക്ക് അത് പറ്റില്ല. അതുണ്ടാവില്ല “

“ഒറ്റ മിനിറ്റ് എനിക്ക് വിശ്വാസം ഇല്ല. ഒന്ന് റെക്കോർഡ് ചെയ്തോട്ടെ പിന്നെ കേൾപ്പിച്ചു തരാം “

അവൾ ഫോൺ എടുത്തു വീഡിയോ ഓൺ ചെയ്തു

“ഇനി പറ

“പോടീ “

“പറ പറ തെളിവുകൾ വേണം മോനെ ഭാവിയിൽ കോടതിയിൽ കാണിക്കാൻ ഉള്ളതാ. ഇങ്ങേര് എന്നെ പ്രലോഭിപ്പിച്ചു കൂടെ നിർത്തി എന്ന് തെളിയിക്കാൻ..പറ “

അർജുൻ ചിരിച്ചു പോയി

“ok  വെയിറ്റ്..”

അവൻ ഫോൺ ടേബിളിൽ ചാരി വെച്ച് ഫ്രണ്ട് ക്യാമറ ഓൺ ചെയ്തു. പിന്നെ അവൾക്ക് അരികിൽ വന്നിരുന്നു കൈ തോളിലിട്ട് ചേർത്ത് പിടിച്ചു

“അർജുൻ എന്ന ഞാൻ സത്യം സത്യമായിട്ടും പറയുന്നു ഈ പെണ്ണിന് എന്നെ ശിക്ഷിക്കാനുള്ള അധികാരം ഞാൻ കൊടുത്തിരിക്കുന്നു.ഇവളെ ഞാൻ ഒരിക്കലും തനിച്ചാക്കില്ല..വഴക്കിട്ടാലും പിണങ്ങിയാലും പിന്നാലെ വന്ന് കൊണ്ട് പോകും…ഉപേക്ഷിച്ചു കളയില്ല.. ഒരിക്കലും. ഒരിക്കലും “

കൃഷ്ണ കണ്ണീരോടെ അവനെ നോക്കി

“അർജുൻ വാക്ക് പറഞ്ഞാൽ വാക്കാ. മരിക്കണം അത് തെറ്റണമെങ്കിൽ “

അവൾ ആ വാ പൊത്തി. പിന്നെ ഏങ്ങലടിച്ചു കൊണ്ട് ആ നെഞ്ചിൽ ചേർന്നു. അർജുൻ അൽപനേരം അങ്ങനെ ഇരുന്നിട്ട് ആ മുഖം കയ്യിൽ എടുത്തു

കണ്ണുനീർ തുടച്ചു

“എന്റെ ആരാണെന്നോ നീ?”

അവൾ ഇമ വെട്ടാതെ അവനെ നോക്കിയിരുന്നു

“എന്റെ വെളിച്ചം..”

കൃഷ്ണയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു

“സത്യം എന്റെ വെളിച്ചമാണ് നീ. നിന്നേ ഉപേക്ഷിച്ചു പോവോ ഞാൻ? ഇരുട്ടായി പോവില്ലേ പിന്നെ..ഉം.?”

അവൻ അവളെ മാറിലടുക്കി പിടിച്ചു. ഒരു പേടിയോടെ കൃഷ്ണ അവന്റെ നെഞ്ചിൽ മുഖം ചേർത്തു. അർജുൻ അവളുടെ മുടിയിൽ മുഖം അമർത്തി

തുടരും….