ധ്രുവം, അധ്യായം 29 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണയേ മെഡിക്കൽ കോളേജിൽ വിട്ടിട്ട് അവൻ ഓഫീസിൽ പോയി
ജോലികൾ ഉണ്ടായിരുന്നു. കുറെയധികം

“ഇനി എന്തെങ്കിലും ഉണ്ടൊ?”

ലാസ്റ്റ് ഡോക്യുമെന്റ് സൈൻ ചെയ്തിട്ട് അവൻ ഹരിയുടെ മുഖത്ത് നോക്കി

ഹരി തൃശൂർ ഗ്രൂപ്പിന്റെ മാനേജർ ആണ്

“ഇല്ല സർ. ഇയാഴ്ച വരണം. അടുത്ത മാസം…”

“ഓർമ്മയുണ്ട് എത്തും.”

അവൻ സ്വതസിദ്ധമായ ഗൗരവത്തോടെ പറഞ്ഞു

“ഹരി പൊയ്ക്കോളൂ. മാത്യുവിനോട് വരാൻ പറ “

ഹരി പോയി. മാത്യു വന്നു

“കുറച്ചു കൂടുതൽ ഉണ്ട് “

അവൻ വായിച്ച് നോക്കിക്കൊണ്ടിരുന്നു

“ചെന്നൈയിൽ നിന്ന് വൈശാഖൻ സർ വിളിച്ചിരുന്നു. സാറിനെ കിട്ടിയില്ല എന്ന് പറഞ്ഞു”

“ഞാൻ ഡാഡിയെ വിളിച്ചോളാം “

“സർ പിന്നെ ഒരിക്കൽ കൂടി പോലീസ് വന്നിരുന്നു..”

“സംസാരിച്ചിരുന്നൊ മാത്യു?”

“ആ ഇൻസ്‌പെക്ടർ നമ്മുടെ സൈഡ് ആണ്. പക്ഷെ അവർ അത്രേ ക്ഷമിക്കില്ല എന്ന പുള്ളി പറഞ്ഞത്. ഒന്ന് സൂക്ഷിച്ചോളാൻ പറഞ്ഞു “

അർജുൻ ഒരു ചിരി ചിരിച്ചു. കണ്ണുകൾ വന്യമായി തിളങ്ങുന്നത് കണ്ട് മാത്യു ഭയന്ന് പോയി

“ആര് സൂക്ഷിച്ചോളാൻ…ഞാനോ?”

അവനുറക്കെ ഒന്ന് ചിരിച്ചു

“ദാ പേപ്പേഴ്സ് സൈൻ ചെയ്തിട്ടുണ്ട്. ഇനി വല്ലോം ഉണ്ടോ?”

“ഇല്ല സർ. പുതിയ അപ്പോയ്ന്റ്മെന്റ് എന്നാണ്?”

“ഡോക്ടർ നിയയ്ക്ക് പകരം അല്ലെ?”

“അതേ,

“ഈയാഴ്ച ഉണ്ടാകും..”

“ഡോക്ടർ ജയറാം സർ തിരക്ക് കഴിഞ്ഞാൽ മുറിയിലോട്ട് ചെല്ലാൻ പറഞ്ഞു “

അവൻ ഒന്ന് മൂളി. പിന്നെ ലാപ്ടോപ്പിലേക്ക് മുഖം തിരിച്ചു. മാത്യു പോയി

ഒരാഴ്ചത്തെ പെന്റിങ്..അവന്റെ കണ്ണും മനസ്സും വളരെ വേഗം ചലിച്ചു. ഉച്ച കഴിഞ്ഞു മൂന്ന് മണിയായപ്പോൾ ഒരു വിധം ഫ്രീ ആയി

“അച്ഛൻ ഇറങ്ങാറായോ?”

ജയറാം വാതിൽക്കലേക്ക് നോക്കി. അർജുൻ. അയാൾക്ക് ഉള്ളിൽ ഒരു തണുപ്പ് വീണു

“ഇല്ല മോനെ കുറച്ചു ജോലി കൂടി ബാക്കിയുണ്ട് “

“ഇരിക്ക് “

“കഴിച്ചോ?”

“yes “

“എന്ന ഞാൻ പോയി കഴിച്ചിട്ട് വരാം. വൈകുന്നേരം ബോർഡ് മീറ്റ് ഉണ്ട് അത് കഴിഞ്ഞു ഒരുമിച്ചു പോകാം “

അയാൾ പുഞ്ചിരിച്ചു. അർജുൻ ക്യാന്റീനിൽ പോയി. ഇടക്ക് അവൻ അങ്ങനെ ചെയ്യാറുണ്ട്. അവിടെയുള്ള കാര്യങ്ങളും അവൻ നേരിട്ട് തന്നെ ശ്രദ്ധിക്കാറുണ്ട്

അനിൽ അവനെ കണ്ടു ബഹുമാനത്തോടെ ഓടി വന്നു

“ഊണ് തീർന്ന് സാറെ “

“എന്തെങ്കിലും മതി “

“പൊറോട്ട ഉണ്ട് ചിക്കനും “

“മതി. ഒരു ചായ വേണം. ആദ്യമത് കൊണ്ട് വാ “

“ഇപ്പൊ തരാം “

ഭക്ഷണം കൊണ്ട് വന്നപ്പോൾ അവൻ കഴിച്ചു

“സുഖമാണോ അനിയേട്ടാ?”

അമ്മയുള്ള കാലം മുതൽ ഉള്ള ആളാണ്

“അതേ കുഞ്ഞേ “

“പൊറോട്ട കൊള്ളാം ” അവൻ എഴുന്നേറ്റു കൈ കഴുകി

“ഉയ്യോ വേണ്ട കുഞ്ഞേ ” കാശ് കൊടുത്തപ്പോൾ അയാൾ തടഞ്ഞു
“ഇരിക്കട്ടെ “

അവൻ കൊടുത്ത ഒരു കെട്ട് നോട്ടുകളിലേക്ക് അയാളുടെ കണ്ണീരിറ്റ് വീണു

“നന്നായി വരട്ടെ “

അയാൾ അറിയാതെ പ്രാർത്ഥിച്ചു പോയി

മുറിയിൽ എത്തി . അവൻ മൊബൈൽ നോക്കി. കൃഷ്ണയുടെ മെസ്സേജ് വന്ന് കിടക്കുന്നുണ്ട്

“നല്ല കുട്ടിയായിട്ടിരിക്കുവല്ലേ?”

അവൻ നേർത്ത ഒരു ചിരിയോടെ അവളുടെ നമ്പർ ഡയൽ ചെയ്തു. മൂന്നാല് ബെൽ കഴിഞ്ഞപ്പോൾ എടുത്തു

“കൃഷ്ണ എവിടെയ നീ?”

“ബസിൽ വീട്ടിൽ പൊയ്ക്കൊണ്ടിരിക്കുകയാ “

“നേരെത്തെ കഴിഞ്ഞോ ക്ലാസ്സ്‌?”

“ഇന്ന് സ്ട്രൈക്ക് ആയിരുന്നു. ഒരു ഹൌസർജനെ തല്ലി. ന്യൂസ്‌ കണ്ടില്ലേ?”

“ഇല്ല ഞാൻ ബിസി ആയിരുന്നു.”

“അതോണ്ട് നേരത്തെ പോരുന്നു “

“ഇങ്ങോട്ട് വരുമോ.?”

“ഇല്ല..നാളെ ഒരു കുഞ്ഞ് എക്സാം ഉണ്ട്.. പഠിച്ചു തീർന്നില്ല “

“എന്ന പൊയ്ക്കോ “

“നാളെ വരാട്ടോ കാണില്ലേ?”

“നാളെ തൃശൂർ പോണം. നീ വന്നിട്ടെ പോകു..വൈകുന്നേരം…പിന്നെ ആ വീഡിയോ ഇങ്ങോട്ട് അയച്ചേക്ക് “

“ഏത്?”

“അന്നെടുത്തില്ലേ അത് “

അവൾ നേർത്ത ചിരിയോടെ അത് അയച്ചു കൊടുത്തു

“നിന്റെ കയ്യിൽ മാത്രം പോരല്ലോ തെളിവ് “

“അയ്യടാ.. ഇറങ്ങാനുള്ള സ്ഥലം ആയി വെയ്ക്കട്ടെ “

അവൻ ഒന്ന് മൂളി. അവൾക്ക് മനസിലായി. എന്തോ കൂടി പറയാനുണ്ട്

“കട്ട്‌ ചെയ്യണ്ട വെയിറ്റ് ” അവൾ ഇറങ്ങി നടന്നു

“ഇനി പറ..!

“അവൻ കോളേജിൽ വന്നു തുടങ്ങിയോ.? പ്രവീൺ “

“ഉവ്വ് “

“നിന്നോട് സംസാരിച്ചോ “

“ഇല്ല ഒന്ന് രണ്ടു തവണ ക്ലാസ്സ്‌ കഴിഞ്ഞു പോകുമ്പോൾ വരാന്തയിൽ ഉണ്ടായിരുന്നു. നോക്കി അത്രേ തന്നെ “

“നീ ദൃശ്യക്കൊപ്പം നടന്നാൽ മതി എവിടെ പോയാലും ആർക്കെങ്കിലും ഒപ്പം പോയ മതി. ഒറ്റയ്ക്ക് വേണ്ട “

“ഇനി. പ്രശ്നം ഒന്നുമുണ്ടാവില്ല. അതൊക്ക കഴിഞ്ഞു സോറി പറഞ്ഞു. ഇനി ഒന്നുമുണ്ടാക്കില്ല ഉണ്ടെങ്കിൽ തന്നെ അയാൾക്ക് അറിയാം future പോകുമെന്ന്.”

“അതൊന്നുമല്ല ചിലപ്പോൾ ഉണ്ടാകും എന്തെങ്കിലും ഉണ്ടായാൽ എന്നോട് പറയണം. അപ്പോ ആ നിമിഷം “

“അതെന്തിന?”

“നീ പറഞ്ഞത് കേട്ടാ മതി..വെച്ചോ “

“ഇങ്ങനെ ഒരു മുരടൻ ” അവൾ പതിയെ പറഞ്ഞു

“എന്താ?”

“ഒന്നുല്ല വെയ്ക്കുവ എന്ന് പറഞ്ഞതാ എന്റെ പോന്നോ “

അവൻ ചിരിയോടെ കാൾ കട്ട്‌ ചെയ്തു. അവൻ ചിലപ്പോൾ അറ്റാക് നടത്തുന്നത് അവളെ ആണെങ്കിലോ

അവൻ ഫോൺ എടുത്തു വേറെ ഒരു നമ്പർ ഡയൽ ചെയ്തു

“ഹലോ അജി “

“ഹലോ അർജുൻ സർ

“ഒന്ന് കാണണം മീറ്റിംഗ് വെയ്ക്ക് “

“സർ പറയുന്ന സമയം ദിവസം “

“ഇന്ന് രാത്രി പന്ത്രണ്ട്.. സ്റ്റേഡിയം “

“ശരി സർ അജി എത്തും..കൂടെ ആള് വേണോ?”

“വേണ്ട എന്റെ സെക്യൂരിറ്റി ഉണ്ടാവും. നീ ഒറ്റയ്ക്ക് മതി “

അവൻ ഫോൺ വെച്ചു

അജിത് പരമേശ്വരൻ
നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന കൊട്ടേഷൻ ടീമിന്റെ തലവൻ. അർജുന്റെ റൈറ്റ് ഹാൻഡ്. അവൻ കൊ- ല്ലാൻ പറഞ്ഞാൽ കൊ- ല്ലും. വെട്ടാൻ പറഞ്ഞാൽ വെട്ടും. അതാണ് അജിത്

ദീപു കാണുന്ന, ജയറാം കാണുന്ന, ഷെല്ലിയും നിവിനും കാണുന്ന കൃഷ്ണ കാണുന്ന അർജുൻ അല്ല ശരിക്കും അർജുൻ…

അവന് വേറെയൊരു മുഖം ഉണ്ട്. ആ മുഖം കണ്ടിട്ടുള്ളവർ പിന്നെ മറ്റൊന്നും കണ്ടിട്ടില്ല. അത് ചെ- കുത്താന്റെ മുഖമാണ്. സ്വന്തം അച്ഛന് പോലും അറിയാത്ത അർജുൻ..അവന്റെ മനസ്സ് കണ്ടിട്ടുള്ളത് അവൻ മാത്രം. അവന് ദൗർബല്യങ്ങൾ ഇല്ലായിരുന്നു കൃഷ്ണയേ കാണുന്ന വരെ, അല്ല കൃഷ്ണ അവന്റെയുള്ളിലേക്ക് വരുന്ന വരെ..

എല്ലാം കച്ചവടം, എല്ലാം…സ്വന്തം അച്ഛൻ പോലും….

അച്ഛൻ എന്ന കാർഡിയോളജിസ്റ്റിന്റെ പ്രശസ്തി, കഴിവ് എല്ലാം അവന് ബിസിനസ് ആണ്. അച്ഛനോടുള്ള സ്നേഹം സത്യമാണെങ്കിലും അവന്റെ കച്ചവടക്കണ്ണിൽ കൂടെയാണ് എല്ലാം നടക്കുക . ഇന്ന് അവൻ കൃഷ്ണയോട് കാണിക്കുന്നതൊഴികെ ബാക്കിയൊന്നും സത്യവുമില്ല. അത് അവൻ വെച്ചിരിക്കുന്ന ഒരു മാസ്ക് ആണ്. ഒരു മുഖം മൂടി

ഇനിയെന്ത് സംഭവിച്ചാലും കൃഷ്ണയേ അവൻ വിട്ട് കളയില്ല. അവൾ കരുതുന്ന പോലെ അവൾക്ക് ഒരിക്കലും ഗവണ്മെന്റ് സർവീസ് ചെയ്യാനാവില്ല. അത് അർജുൻ സമ്മതിച്ചു കൊടുക്കില്ല. അവൾക്കവന്റെയൊപ്പമല്ലാതെ ജീവിക്കാൻ സാധിക്കില്ല. എന്ത് വന്നാലും കൃഷ്ണയ്ക്ക് അവനിൽ നിന്ന് പോകാനാവില്ല

മരണത്തിലേക്കല്ലാതെ…

അതാണവൻ

എന്ത് കൊണ്ട് ഐശ്വര്യയോട് അവൻ അങ്ങനെ അല്ലായിരുന്നു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. അത് പ്രണയം അല്ലായിരുന്നു . ഐശ്വര്യ അവന് പ്രായത്തിന്റെതായ ഒരു ഇൻഫാച്ചുവേഷൻ മാത്രം ആയിരുന്നു. ഒരു ആകർഷണം. ഒരു രസം…അവൾക്ക് അവനും അത് തന്നെ

ബാംഗ്ലൂർ ജീവിതത്തിൽ ല- ഹരിക്കൊപ്പം അവൻ കൊണ്ട് നടന്ന ഒരു പെണ്ണ്. അതായിരുന്നു ഐശ്വര്യ. അത് കൊണ്ട് തന്നെ അവൾ ബ്രേക്ക്‌ അപ്പ് പറഞ്ഞപ്പോൾ വളരെ ശാന്തമായി കേട്ടതും. അവളുടെ കല്യാണത്തിന് പോകുമ്പോഴും അവന് പ്രത്യേകിച്ച് ഒരു വികാരങ്ങളുമില്ലായിരുന്നു. കൈ കൊടുത്തു പിരിഞ്ഞപ്പോഴും അവളോട് ദേഷ്യം ഒന്നും അവൻ മനസ്സിൽ സൂക്ഷിച്ചു വെച്ചില്ല
അവൾക്ക് മടുത്തു പോയി. അത്രേ തന്നെ.

കൃഷ്ണ അതല്ല, കൃഷ്ണ അവനെ അടിമുടി ഇളക്കി മറിച്ചു കളഞ്ഞവളാണ്. അവന്റെ ഉറക്കം നഷ്ടപ്പെടുത്തിയവൾ. ഒരു തിരമാല വന്നടിക്കും പോലെയായിരുന്നു അവൾ. ഓരോ തവണ കാണുമ്പോഴും ഭ്രാന്തമായി കീഴ്പ്പെടുത്തിക്കളഞ്ഞവൾ. കൃഷ്ണ അവന്റെ എല്ലാമാണ്. എല്ലാം…

അവനവളെ മരണം വരെ വേണം എന്നുള്ളത് അവൻ എന്നോ തീരുമാനിച്ചതാണ്. അവളെ തൊടാത്തത് പോലും അതാണ്. ജീവിതം മുഴുവൻ അവളെ വേണമെന്നുള്ളത് കൊണ്ട്..

അല്ലെങ്കിൽ അർജുൻ അവളെ നോക്കുക കൂടിയില്ലായിരുന്നു. പൂർണമായും അവൾ അവന്റേതാകുന്ന വരെ അവൻ കാത്തിരിക്കും. ക്ഷമയോടെ

ഒരു കുറുക്കന്റെ കൗശലവും സിംഹത്തിന്റെ ശക്തിയും ഉള്ളവൻ. അതാണ് അർജുൻ

ബോർഡ് മീറ്റിംഗ് നടക്കുകയാണ്

ബോർഡ് മീറ്റിംഗിൽ ഷെയർ ഹോൾഡേഴ്‌സ് മാത്രം അല്ല ബോർഡ് അംഗങ്ങൾ

പ്രധാനപ്പെട്ട ഡോക്ടർമാർ മാനേജർമാർ എല്ലവരും ഉണ്ട്. നിയയുടെ ടെർമിനേഷൻ ചർച്ചക്ക് വന്നു. ചില ഡോക്ടർമാർക്ക് എങ്കിലും അതിൽ അതൃപ്തി ഉണ്ടായിരുന്നു. അവരത് പ്രകടിപ്പിക്കുകയും ചെയ്തു

ഡോക്ടർ ജയരാജൻ അത് തുറന്നു പറഞ്ഞു

“ഇത് നമ്മുടെ പോളിസിക്ക് എതിരാണ് അർജുൻ..ഒരു നോട്ടിഫിക്കേഷൻ കൊടുക്കാതെ നമ്മൾ ഇത് വരെ ഇത് ചെയ്തിട്ടില്ല. “

അർജുൻ ഒന്ന് മുന്നോട്ട് ആഞ്ഞിരിന്നു

“improper behavior എന്നൊന്നുണ്ട്. കേട്ടിട്ടുണ്ടോ ഡോക്ടർ ജയരാജൻ? ഡോക്ടർ നിയ പ്രൊഫഷണലിൽ മിടുക്കിയാണ്. പക്ഷെ വകതിരിവ് ഇല്ല
സീറോ..എന്നോട് പെരുമാറുമ്പോൾ സംസാരിക്കുമ്പോൾ സുഹൃത്തിനെപോലെയോ കാമുകനെ പോലെയോ കണ്ടു സംസാരിക്കരുത്. ഞാനാണ് സുപ്രീം അതോറിറ്റി. ഈ ഹോസ്പിറ്റലിന്റെ ചെയർമാൻ. നിയ അത് മറന്നു പോയി…എന്നോട് സംസാരിക്കാൻ ഉള്ളത് ഒഫീഷ്യൽ മാത്രം ആവണം. നിങ്ങളെല്ലാവര്ക്കും അത് ബാധകമാണ്. തികച്ചും പ്രൊഫഷണൽ ആണ് ഞാൻ. ഈ ഹോസ്പിറ്റൽ എനിക്ക് ബിസിനസ് ആണ്. എന്റെ കണ്ണില് നിങ്ങൾ അതിന് പ്രോഫിറ്റ് ഉണ്ടാക്കി തരുന്ന എംപ്ലോയീസ് മാത്രം. നിങ്ങൾക്ക് അതിനുള്ള വേജസ് ഉണ്ട്. മറ്റ് ഹോസ്പിറ്റലിൽ കിട്ടുന്നതിന്റെ ഇരട്ടി തരുന്നുണ്ട് ഞാൻ. പക്ഷെ profit വേണം..അത്രേയുള്ളൂ. ഡോക്ടർ നിയയ്ക്ക് എന്നോടുള്ളത് പ്രൊഫഷണൽ ആയിരുന്നില്ല. എനിക്ക് അത് താല്പര്യമില്ലായിരുന്നു. അങ്ങനെ ഒരാളെ ഇവിടെ ദിവസവും കാണുന്നതും എനിക്ക് ബുദ്ധിമുട്ട് ആണ്..അത് കൊണ്ട് ടെർമിനേറ്റ് ചെയ്തു. എന്നോട് സംസാരിക്കുമ്പോൾ തികച്ചും സൂക്ഷിച്ചു വളരെ സൂക്ഷിച്ചു സംസാരിക്കാൻ ശ്രദ്ധിക്കണം..ഇല്ലെങ്കിൽ ഒരു പോളിസിയും ഞാൻ നോക്കില്ല. ആരാണെന്നും നോക്കില്ല
എടുത്തു പുറത്ത് കളയും. ഇപ്പൊ ഏകദേശം കാര്യങ്ങൾ പിടികിട്ടിയോ?”

ആർക്കും മിണ്ടാട്ടമില്ല

“പുതിയ ഡോക്ടർ എന്നാണ്?”

അവൻ മൂന്ന് പേപ്പർ മേശപ്പുറത് വേച്ചു

ഡോക്ടർ അലൻ സേവ്യർ, ഡോക്ടർ ആനന്ദ് വാര്യർ, ഡോക്ടർ അശോക് നായർ

“ഇതിൽ ആനന്ദ് മാത്രം ഫ്രഷ് ആണ്. എക്സ്പീരിയൻസ് ഇല്ല. ബാക്കി രണ്ടു പേരും എക്സ്പീരിയൻസ് ഉള്ളവരും. പക്ഷെ നമുക്ക് ഇപ്പൊ തന്നെ വളരെ മിടുക്കൻ ആയ ഡോക്ടർ ജയരാജൻ ഉണ്ട്..പിന്നെ ഡോക്ടർ ജേക്കബ്, മൂന്നാമത്തെ ആള് ഫ്രഷ് ഹാൻഡ് വന്നാൽ…”

ഡോക്ടർ ജയരാജന്റെ മുഖം തെളിഞ്ഞു

“എനിക്ക് തോന്നുന്നത് ഫ്രഷ് ഹാൻഡ് വരട്ടെ എന്നാണ്…”

അയാൾ പെട്ടെന്ന് പറഞ്ഞു

മറ്റുള്ളവർക്കും അതേ അഭിപ്രായം ആയിരുന്നു

അതങ്ങ് തീരുമാനം ആയി

ജയറാം അധികം സംസാരിച്ചില്ല
അദ്ദേഹത്തിന് ഈ മീറ്റിംഗ് പോലും താല്പര്യമില്ല. അർജുന്റെ one man show ആണ് മിക്കവാറും നടക്കുക. വെറുതെ പോയി കേൾക്കാം എന്ന് മാത്രം. ഇവന് തന്റെ അച്ഛന്റെ ജീനാണ് കിട്ടിയിരിക്കുന്നത് എന്ന് അദ്ദേഹത്തിന് തോന്നാറുണ്ട്

എല്ലാം അച്ഛൻ തന്നെ. കാഴ്ചയിൽ പോലും

ആ കുടിലബുദ്ധി ഒട്ടും കുറയാതെ കിട്ടിയിട്ടുണ്ട്. ബിസിനസ്കാരന് വേണ്ട സർവവും അവനുണ്ട്. അതിൽ പ്രധാനം മനസാക്ഷി എന്നൊന്ന് ഇല്ലാന്ന് തന്നെ

മീറ്റിംഗ് കഴിഞ്ഞു

അർജുൻ മുറിയിലേക്ക് പോയി

“നീ വീട്ടിലേക്കില്ലേ”

“ഇല്ല അച്ഛൻ പൊയ്ക്കോ. എനിക്ക് ജോലിയുണ്ട് “

അയാൾ ഒരു നിമിഷം നോക്കി നിന്നിട്ട് പോയി. പതിനൊന്നര ആയപ്പോൾ അർജുൻ പുറപ്പെട്ടു

രാത്രി യാത്രയിൽ ദൂരയാത്രയിൽ ഒക്കെ അവന് സെക്യൂരിറ്റി ഉണ്ട്. പകൽ മാത്രം ആണ് ഒറ്റയ്ക്ക് പോകുക. സെക്യൂരിറ്റി ജയറാമിന്റെ നിർബന്ധമാണ്

ഏകദേശം ആയിരത്തി അഞ്ഞൂറ് കോടിയുടെ മുകളിൽ ആണ് അർജുൻ ജയറാമിന്റെ ആസ്തി. അതറിയാവുന്നവർ ഉണ്ടാവും. തീർച്ചയായും അവന്റെ ജീവന് ഭീഷണി ഉണ്ടാകും. അച്ഛൻ പറയുന്നത് കൊണ്ട് മാത്രം ആണ് അവൻ അത് അനുസരിക്കുന്നതും

സ്റ്റേഡിയം

“നമസ്കാരം സർ ” അജി മുന്നിലേക്ക് വന്നു

അർജുൻ അവനെ ഒന്ന് ചേർത്ത് പിടിച്ചു

“കൃഷ്ണ “

അവൻ ഒരു ഫോട്ടോ ജീപ്പിന്റെ മുകളിൽ വെച്ചിട്ട് അതിന്റെ മുകളിൽ കയറിയിരുന്നു. അജി ആ ഫോട്ടോ എടുത്തു നോക്കി

“മെഡിക്കൽ സ്റ്റുഡന്റ് ആണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ്. മൂന്നാം വർഷം.”

“സാറിന് വേണോ?” അവൻ ചിരിയോടെ തലയാട്ടി

“എന്റെ പെണ്ണാണ്..അർജുൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണ് “

അജിയുടെ മുഖം വിടർന്നു

“എന്നാ സാറെ?”

“കുറേ നാള് കഴിഞ്ഞുള്ളു. പഠിത്തം കഴിഞ്ഞ്. അതല്ല വിഷയം. എനിക്ക് വേണ്ടത്..ഇൻഫർമേഷൻ ആണ്. ഇവളെയാര് ഫോളോ ചെയ്താലും…എന്തുണ്ടായാലും.. ഞാൻ അറിയണം. എന്തുണ്ടായാലും.”

“എന്തെങ്കിലും പ്രശ്നം ഉണ്ടൊ?”

“ഉണ്ട്. അതിവനാണ്. praveen . സ്ഥലം എം എൽ എ യുടെ മകൻ..”

അവൻ പ്രവീണിന്റെ ഫോട്ടോ കൊടുത്തു

“അവൾക്ക് എതിരെ ഇവന്റെ ഭാഗത്ത്‌ നിന്നോ അങ്ങേരുടെ ഭാഗത്ത്‌ നിന്നോ എന്തുണ്ടായാലും മുന്നും പിന്നും നോക്കണ്ട തട്ടിക്കളഞ്ഞേക്ക്..അച്ഛനെയും മകനെയും. വില നീ പറയുന്നത് “

അജി ചിരിച്ചു

“അങ്ങനെ ഒരു വർത്താനം വേണ്ട സാറെ…വർഷം കുറെയായി ഒപ്പം കൂടിട്ട്.. ഒത്തിരി ഉപകാരം സർ എനിക്ക് ചെയ്തു തന്നിട്ടുണ്ട്. സാറിന്റെ പെണ്ണ് എന്ന് പറയുമ്പോ, ഞങ്ങളുടെ റാണിയാണ് .പൊന്നു പോലെ കാക്കും. സർ ധൈര്യമായി പൊയ്ക്കോ. ഈ മോള് സേഫ് ആണ് ഇന്ന് മുതൽ. ഇതിന് അജിക്ക് കാശ് വേണ്ട. ഫ്രീയാ l”

അർജുൻ ഒരിക്കൽ കൂടി അവനെയൊന്ന് ചേർത്ത് പിടിച്ചു

“അപ്പൊ രാത്രി യാത്ര ഇല്ല.”

അവന്റെ ജീപ്പ് അകന്ന് പോകുമ്പോൾ അജി വീണ്ടും ആ ഫോട്ടോയിലെക്ക് നോക്കി

“എന്റെ ചെറുക്കാ ഏത് നേരം കെട്ട നേരത്താണ് ഇതില് വന്ന് പെടാൻ നിനക്ക് തോന്നിയത്? ഇനി നിന്റെ ഒടുക്കം കണ്ടല്ലാതെ ആ സർ പിൻവാങ്ങില്ല..വല്ല കാര്യോമുണ്ടോ?”

പിന്നെ അവൻ ഫോട്ടോകൾ രണ്ടും കത്തിച്ചു കളഞ്ഞു

രണ്ടും എന്റെ മനസിലുണ്ട്…അത് മതി. തെളിവ് പാടില്ല. അത് അർജുൻ പഠിപ്പിച്ചു കൊടുത്ത പാഠമാണ്. കളിക്കുമ്പോൾ തെളിവില്ലാതെ കളിക്കണം

അതാണ് റിയൽ ഗെയിം

തുടരും….