ധ്രുവം, അധ്യായം 31 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ ഹോസ്പിറ്റലിലേക്ക് വരുമ്പോഴാണ് റിസപ്ഷൻൽ ഒരു ബഹളം കേട്ടത്. ഒരു അമ്മയും മോനും..ആ സ്ത്രീ എന്തൊക്കെയോ ആക്രോശിക്കുന്നു. ബഹളം വെയ്ക്കുന്നു

“എന്താ മീര സിസ്റ്റർ കാര്യം?” കൃഷ്ണ ചോദിച്ചു

“അവരുടെ ഭർത്താവിനെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്. ഇന്നലെ ആയിരുന്നു. ആദ്യത്തെ ബിൽ കൊടുത്തത്. അതിൽ എന്തോ ഇഷ്യു. tax ചേർത്തത് അവർക്ക് മനസിലായില്ല. അതെന്തിന് എന്ന അവരുടെ ചോദ്യം. അത് നിങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന്?”

കൃഷ്ണയ്ക്ക് അത്  ന്യായം ആണെന്ന് തോന്നി

“tax എന്തിനാ രോഗികളുടെ കയ്യിൽ നിന്നു ഈടാക്കുന്നത്?”

അവൾ അർജുനോട് ചോദിക്കുക തന്നെ ചെയ്തു

“അവർക്ക് വേണ്ടി ഉപയോഗിച്ച മെഡിക്കൽ പ്രോഡക്ടസ്ന്റെ tax അവർ തന്നെ pay ചെയ്യണം “

“അതൊക്കെ tax അടച്ചില്ലേ നമ്മൾ വാങ്ങുന്നത്? ടോട്ടൽ ബിൽ എന്ന് പറയുമ്പോൾ ഇത് വരുമല്ലോ പിന്നെ വേറെ  വാങ്ങിക്കുന്നത് എന്തിനാ ?അത് പാവങ്ങൾ ആണെന്ന് തോന്നുന്നു. കുറേ പൈസ ആയി കാണും. അത് ഒഴിവാക്കി കൊടുക്കാൻ പറ്റില്ലേ?”

“ഇല്ല. അതാണ് ബിസിനസ്. ഇത് ചാരിറ്റബിൾ ഹോസ്പിറ്റലല്ല. പ്രൈവറ്റ് ഹോസ്പിറ്റലാണ്. അതിന്റെതായ റൂൾസ്‌ ഉണ്ട്. നി എന്റെ ആശുപത്രി പൂട്ടിക്കെട്ടിക്കുമോ കൊച്ചേ “

അവൾ ചിരിച്ചു

വീഡിയോയിൽ ഉണ്ട് അവൻ

“നി അങ്ങനെ ഉള്ള കാര്യങ്ങൾ നോക്കണ്ടാട്ടോ. ബാക്കി കാര്യങ്ങൾ ഒക്കെ നോക്കിയാൽ മതി. കുഞ്ഞ് കുട്ടിയല്ലേ? വലിയ കാര്യം നോക്കണ്ട..”

“അയ്യടാ… പക്ഷെ ഞാൻ ഒരു സജഷൻ പറയട്ടെ. “

“പറഞ്ഞോ ചെയ്യില്ല “

“ചെയ്യണ്ട കേട്ട മതി “

“ബി പി എൽ കാർഡ് ഉണ്ടല്ലോ, റേഷൻ കാർഡ്.,

“yes “

“ആ കാർഡ് ഉള്ളവർക്ക് എന്തെങ്കിലും ഡിസ്‌കൗണ്ട് കൊടുത്തു കൂടെ?”

“ഞാൻ പറഞ്ഞില്ലേ മോളെ ഇത് ഗവണ്മെന്റ് ആശുപത്രിയോ ചാരിറ്റിയോ ഒന്നുമല്ലാന്ന്. ബിസിനസ് ആണ്. pure ബിസിനസ്.”

“ബിസിനസ് കൂടുമല്ലോ..ഇതിപ്പോ ഒത്തിരി പാവങ്ങൾ ഗവണ്മെന്റ്ൽ പോകുന്നില്ലേ? ഇവിടെ ഇങ്ങനെ ഒന്നുണ്ടെങ്കിൽ കൂടുതൽ പേര് വരില്ലേ? കാശുള്ളവരുടെ കയ്യിൽ നിന്ന് നല്ലോണം മേടിച്ച പോരെ…ആശുപത്രിക്ക് നല്ല പേരും കിട്ടും “

“പോടീ എന്റെ കഞ്ഞിയിലെ പാറ്റ ആണോ നി?”

അവൾ പൊട്ടിച്ചിരിച്ചു

“ഇങ്ങനെ ഒരു സാധനം. എന്തിനാ ഇങ്ങനെ കാശ് ഉണ്ടാക്കുന്നത്? കാശ് മാത്രം പോരാട്ടോ. ആൾക്കാരുടെ പ്രാർത്ഥനയും അനുഗ്രഹവും കൂടി വരുമ്പോഴേ ഒരു ബിസിനസ് പൂർണമായും വിജയിക്കു.”

“അതിൽ കുറഞ്ഞുള്ള വിജയം മതി “

“ഇതിനോട് പറയുന്ന എന്നെ തല്ലണം “

“കൃഷ്ണ?”

“എന്താ?”

“എന്നെ അപ്പുവേട്ടാ എന്ന് വിളിക്ക്” അവൻ വിഷയം മാറ്റി

അവൾക്ക് നാണം വരുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു

“അതൊക്കെ എപ്പോഴും പറ്റില്ല. എനിക്ക് ചമ്മലാ “

“എടി എടി പ്ലീസ് “

“കണ്ണടക്ക് എന്നെ നോക്കാതെ “

അവൻ കണ്ണടച്ച് അവളെ ഓർത്തു

“അപ്പുവേട്ടാ…”

അവൻ പെട്ടെന്ന് കണ്ണ് തുറന്നു. കൃഷ്ണ മുഖം പൊത്തിക്കളഞ്ഞു

ആദ്യമായിരിന്നു അർജുന്റെ കണ്ണിൽ പ്രണയത്തിന്റെ കടൽതിരയവൾ കാണുന്നത്. അവന്റെ ഇളം തവിട്ട് കൃഷ്ണമണികളിൽ തീ പോലെ പ്രണയം ജ്വലിച്ചു നിൽക്കുന്നതവൾ കണ്ടു. അടുത്തുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ അവൻ…

അവൾ അവനെ നോക്കിയിരുന്നു. ഒരു ടിപ്പിക്കൽ മലയാളിപയ്യൻ അല്ല അവൻ. ഉത്തരേന്ത്യക്കാരുടെ ഒരു നിറവും രൂപവുമാണ്. കണ്ണുകളും മുടിയും ഏകദേശം ഒരെ നിറം. വളരെ സ്റ്റൈലിഷ് ആണ്. മുടി ആള് അത്ര സ്റ്റൈൽ ആയിട്ടാണ് വെച്ചിരിക്കുക. മേൽ ചുണ്ടിലെ മീശ മാത്രം ആണ് കറുത്തത്. വെളുത്ത ചുവന്ന മുഖം

“എന്താ നോക്കുന്നത്?”അവൻ ചോദിച്ചു

“ഭയങ്കര സുന്ദരനാട്ടോ “

അവൻ ഉറക്കെ ഒന്ന് ചിരിച്ചു

“ശരിക്കും?”

“ഉം. എന്താ ഭംഗി..നോക്കിയിരിക്കാൻ തോന്നും. വെറുതെ അല്ല…”

അവൾ പാതിയിൽ നിർത്തി

“ബാക്കി പറ “

“അങ്ങനെ എന്നെ കൊണ്ട് പറയിക്കണ്ട. ഞാൻ അമ്പോറ്റി കുഞ്ഞാ. വൃത്തികെട്ട കാര്യങ്ങൾ ഒന്നും പറയില്ല “

അവൻ ചിരിച്ചു പോയി. അവന്റെ ചിരി പോലും മയക്കുന്നതാണ്. കണ്ണുകൾ പാതി അടച്ച് മോഹിപ്പിക്കുന്ന ചിരി. പക്ഷെ അവന്റെ ഭംഗിയൊക്കെ ഇപ്പൊ മാത്രം ആയിരുന്നു അവൾ ശ്രദ്ധിച്ചു തുടങ്ങിയത്

“കൃഷ്ണ?”

“ഉം “

“കമ്മിറ്റഡ് ആയി കഴിഞ്ഞാൽ അർജുൻ ഡീസന്റ് ആണ്..ലോയൽ ആണ്. ഞാൻ ഒരു പെണ്ണിനേയും ഈ കഴിഞ്ഞ വർഷങ്ങളിൽ തൊട്ടിട്ടില്ല. നീയാണ് സത്യം. ഇനി ഉണ്ടാവുകയുമില്ല. അതെത്ര പ്രലോഭനം വന്നാലും. ഞാൻ എന്റെ ജീവിതത്തിൽ ഒറ്റയ്ക്ക് ആയി പോയാലും അത് ഉണ്ടാവില്ല.”

“അപ്പൊ എന്നാണ് കമ്മിറ്റഡ് ആയത്? ആരോട്?”

അവൾ അറിയാതെ ചോദിച്ചു പോയി. അവൻ പെട്ടെന്ന് ചിരിച്ചു

“അതിന്റ ഉത്തരം എന്നെ കൊണ്ട് പറയിക്കണ്ട. നിനക്ക് അറിയാം “

കൃഷ്ണ മുഖം താഴ്ത്തി കളഞ്ഞു

“ഇങ്ങോട്ട് നോക്ക്…എന്നാണ് കമ്മിറ്റഡ് ആയതെന്ന് അറിയണോ നിനക്ക് “

അവൾ കണ്ണുകൾ ഉയർത്തി

“നിനക്ക് അറിഞ്ഞൂടെ നിന്റെ അപ്പുവേട്ടൻ ആരുടേതാണെന്ന്?”

അവളുടെ ഉടലിലൂടെ ഒരു കോരിതരിപ്പ് ഉയർന്നു. അവനെ നോക്കാൻ വയ്യ

“കൃഷ്ണ….”

“എനിക്ക് വയ്യ..ഞാൻ വെയ്ക്കുവാ ട്ടോ “

അവൾ മെല്ലെ പറഞ്ഞു. ചുവന്ന് തുടുത്ത പൂമരം പോലെയുള്ള ഒരു പെണ്ണ്. അവനും അവളെ കാണുകയായിരുന്നു. അടുത്തുള്ളപ്പോൾ ഇങ്ങനെ നോക്കാൻ പറ്റില്ല. അവളെന്തു വിചാരിക്കുമെന്ന ഭയമുണ്ട്. അവന്റെ കണ്ണുകൾ അവളുടെ നെറ്റിയിലൂടെ മൂക്കിൻ തുമ്പിലൂടെ അധരങ്ങളിലൂടെ സഞ്ചരിച്ചു. വെളുത്തു തുടുത്ത പാല് അലുവ മാതിരി ഒരു പെണ്ണ്. തീരെ മെലിഞ്ഞിട്ടല്ല കൃഷ്ണ. ഓമനത്തം തുളുമ്പുന്ന ഒരു ഭംഗിയുണ്ടവൾക്ക്. തുടുത്തിട്ട്, ആരെയും മോഹിപ്പിക്കുന്ന ഉടലളവുകൾ ഉള്ള പെണ്ണ്. സീറോ സൈസ് ഒന്നുമല്ല. പക്ഷെ ഒറ്റ നോട്ടത്തിൽ അവളിൽ മയങ്ങിപ്പോകും. കണ്ണെടുക്കാൻ കഴിയില്ല. ക്ഷേത്രങ്ങളിൽ കൊത്തി വെച്ചിരിക്കുന്ന സ്ത്രീ ശില്പങ്ങൾ പോലെ. കടും നീല ചുരിദാർ ആണ് വേഷം. ചുവപ്പ് ഷാൾ പിൻ ചെയ്തു വെച്ചിട്ടുണ്ട്. അതാണ് അവളുടെ ഡ്രസ്സ്‌ കോഡ്. ചുരിദാർ വിത്ത്‌ ഷാൾ

ആധുനിക വേഷ വിധാനങ്ങളിൽ അവൻ അവളെ കണ്ടിട്ടില്ല. പക്ഷെ ഇടുന്ന വേഷങ്ങൾ മനോഹരമായി അവളുടെ ശരീരത്തിൽ പറ്റി ചേർന്ന് കിടക്കും

“അതേയ്..ഇന്ന് റിപ്പോർട്ട്‌ ഒന്നും എഴുതിയില്ല നോക്ക് സമയം പോയി “

“ഇന്ന് നി എന്നോട് പറഞ്ഞല്ലോ. ഒന്നും വേണ്ട. മോള് പൊയ്ക്കോ. ലേറ്റ് ആയി. ഞാൻ ആണ് എന്റെ കൊച്ചിനെ പിടിച്ചിരുത്തി സമയം കളഞ്ഞത്. വേഗം പൊ ഞാൻ ഡ്രൈവറോട് കൊണ്ട് വിടാൻ പറയട്ടെ “

“ഒരിടി ഞാൻ വെച്ച് തരും. ഇത് തന്നെ ഏട്ടനെ പറഞ്ഞു വിശ്വസിപ്പിക്കാൻ പെട്ട പാട് എനിക്ക് അറിയാം. ഏട്ടന് ഇതൊന്നും ഇഷ്ടമല്ലട്ടോ..എന്തെങ്കിലും സംശയം വന്നാൽ പിന്നെ എന്നെ വിടില്ല “

“അത് അവനാണോ തീരുമാനിക്കുന്നത്?”

അർജുൻ പെട്ടെന്ന് മാറി

“കണ്ടോ രാ- ക്ഷസൻ ആയത്. എത്ര പെട്ടെന്നാ കാ- മദേവൻ രാ- ക്ഷസൻ ആവണേ..എന്റെ ഏട്ടനല്ലേ അത് പറയാൻ ഏറ്റവും അധികാരമുള്ള ആള്. അത് മനസിലാക്ക് “

ദേഷ്യം മാറി പെട്ടെന്നവൻ ചിരിച്ചു

“മോള് പൊയ്ക്കോ. ചെന്നിട് മെസ്സേജ് ഇട്ടേക്ക് “

അവൾ ചിരിച്ചു കൊണ്ട് വീഡിയോ ഓഫ്‌ ചെയ്തു. അവൻ ഒരു നിമിഷം ചിന്തിച്ചിരുന്നു

ഏട്ടനാണോ നിന്റെ കാര്യത്തിൽ ഏറ്റവും അധികാരമുള്ള ആള്. അത് കൊള്ളാമല്ലോ. അപ്പൊ ഞാനാരാ? ഞാനല്ലേ  ഏറ്റവും അധികാരമുള്ള ആള്?അങ്ങനെയല്ലേ പാടുള്ളു

അവൻ മേശപ്പുറത്തു വെച്ചിരുന്ന ചെറിയ ബോൾ എടുത്തു ഭിത്തിയിൽ ഒന്നറിഞ്ഞു പിടിച്ചു

കൃഷ്ണ വീട്ടിൽ ചെന്നപ്പോൾ വൈകി ഇരുട്ടി

“നി ഇത്രയും നേരം താമസിച്ചതെന്താ”

മനു ദേഷ്യത്തിൽ ചോദിച്ചു

“ഞാൻ പറഞ്ഞില്ലേ വൈകുന്നേരം ഒരു മണിക്കൂർ ഹോസ്പിറ്റലിൽ ജോലി ഉണ്ട്. ഇന്ന് കുറച്ചു വൈകിപ്പോയി “

“ഇത്രയും നേരം ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു മനുവേട്ടൻ. മൂന്നാല് വട്ടം സ്റ്റോപ്പിൽ വന്ന് നോക്കി “

ഗൗരി

“രണ്ടു പേരും എന്താ പതിവില്ലാതെ?”

അവൻ ഗൗരിയുടെ മുഖത്തെ ഒരു ചുവപ്പ് ശ്രദ്ധിച്ചു. അമ്മയുടെ മുഖത്ത് ഒരു ചിരിയുണ്ട്. അച്ഛൻ വന്നിട്ടില്ല

“എന്താമ്മേ കാര്യം? ലോട്ടറി വല്ലോം അടിച്ചോ?”

“ആ ഒരു ലോട്ടറി അടിച്ചിട്ടുണ്ട് “

“ശെടാ സസ്പെൻസ് ഇടാതെ കാര്യം പറ “

“നിന്നേ അപ്പച്ചി എന്ന് വിളിക്കാൻ ഒരാൾ വരുന്നുണ്ട് ” അമ്മ പറഞ്ഞു

“ശോ ആണോ? എത്ര മാസമായി? എന്നിട്ട് എന്താ പറയാഞ്ഞേ”

“മൂന്ന് മാസമായേ ഉള്ളു. ഇന്ന് ആണ് ഉറപ്പിച്ചത് ഹോസ്പിറ്റലിൽ പോയിട്ട് നേരേ ഇങ്ങോട്ട് വന്നു. വന്നപ്പോൾ നീയില്ല. മനുവേട്ടന് ദേഷ്യം “

“അതെന്തിന് ദേഷ്യം? എനിക്ക് ജോലിയുള്ള കൊണ്ടല്ലേ?”

“അവിടെ എന്താ ജോലി? നി പഠിച്ചു കഴിഞ്ഞില്ലല്ലോ.”

“ഒരു ട്രെയിനിങ് ആണെന്ന് വിചാരിച്ച മതി. ഏട്ടൻ എന്തിനാ പേടിക്കുന്നത് അത് ഒരു ഹോസ്പിറ്റലല്ലേ?”

“അതൊക്കെ അതേ… പക്ഷെ എല്ലായിടത്തും ഉണ്ടല്ലോ നല്ലതും ചീത്തയും. ഓരോന്ന് കേൾക്കുമ്പോൾ സത്യത്തിൽ ആധിയാ. നി ഒരിടത്തും പോയി പെടില്ല എന്നറിയാം നിനക്ക് തെറ്റ് പറ്റില്ലാന്നും. പക്ഷെ കഴുകന്മാർ ഉണ്ടല്ലോ ചുറ്റും..”

അവൾ വല്ലാതായി

“ഞാൻ ഒന്ന് കുളിച്ചിട്ട് വരാം ഹോസ്പിറ്റലിൽ നിന്ന് നേരേ വരികയാണ്. പോകല്ലേ “

അവൻ ഇല്ല എന്ന് തലയാട്ടി കുളിച്ചു വന്നവൾ ചോറ് കഴിച്ചു

“നി ഇപ്പോഴും ഈ ചോറിൽ നിന്നു പിടിവിടില്ലേ? മൂന്ന് നേരവും ചോറ് കിട്ടിയ അവൾക്ക് അത്രയും സന്തോഷം. ഇപ്പോഴത്തെ പെൺപിള്ളേർ ചോറ് കഴിക്കില്ല ഡയറ്റിഗ്. ഞാനും ഇപ്പൊ ഇത് കുറച്ചു. നീയും ഒരു നേരം കഴിച്ച മതി. ചോറ് അത്ര നല്ലതല്ല “

“ഇഷ്ടം ആയി കഴിഞ്ഞാ നല്ലതല്ല എന്നത് കൊണ്ട് ഉപേക്ഷിച്ചു കളയാൻ പറ്റുവോ?”

അവളുടെ ആ ചോദ്യത്തിന് എന്തൊക്കെയോ അർത്ഥം ഉള്ളത് പോലെ മനുവിന് തോന്നി

“ചീത്ത ഉപേക്ഷിച്ചു കളയുക തന്നെ വേണം. എത്ര ഇഷ്ടം ആണെങ്കിലും അത് നമുക്ക് കേടാണെങ്കിൽ വേണ്ട തന്നെ “

“എനിക്ക് അങ്ങനെയല്ല.ഇഷ്ടമാ പ്രധാനം. ചീത്ത ആണെങ്കിലും സാരോല്ല. ഇഷ്ടം ആണെങ്കിൽ കളയാനൊന്നും പറ്റില്ല. എത്ര നാള് വിശപ്പ് മാറ്റിയ സാധനം ആണിത്. ഇപ്പൊ ചീത്ത ആണെന്ന് പറഞ്ഞു ഒഴിവാക്കാൻ പറ്റുമോ?”

മനുവിന് അവളോട് ജയിക്കാൻ പറ്റില്ല. പണ്ടെയെങ്ങനെയാണ്
ഒന്നിനോടും അങ്ങനെ പെട്ടെന്ന് ഒരിഷ്ടം വരില്ല കൃഷ്ണയ്ക്ക് വന്നു പോയാൽ ആരെതിർത്തിട്ടും കാര്യവുമില്ല. അത് ശരിയാണെന്നു സ്ഥാപിച്ചു കളയുമവൾ

ഗൗരി കൃഷ്ണയുടെ അരികിൽ വന്നിരുന്നു

“ഡോക്ടർ എന്താ പറഞ്ഞത്?”

“ഇപ്പൊ ഒരു കുഴപ്പവുമില്ല. ഇനി അഞ്ചാം മാസം സ്കാനിംഗ്. താലൂക് ആശുപത്രിയിൽ ഡോക്ടർ രമ. നല്ല ഡോക്ടറാ. പ്രായം ഉണ്ട്. പക്ഷെ നല്ല ഡോക്ടർ. മോൾക്കും ഗൈനക്കോളജി എടുത്തൂടെ?’

“എനിക്ക് കാർഡിയോളജി എടുക്കാൻ ആയിരുന്നു ആഗ്രഹം. ഏട്ടന് വേണ്ടിട്ട് “

അവൾ മനുവിനെ നോക്കി

“ഇനിപ്പോ ഏട്ടന് കുഴപ്പം ഒന്നുമില്ല. അതുമല്ല അതിന് പിന്നെ എം ബി ബി എസ് കഴിഞ്ഞു നാലു വർഷം എം ഡി ചെയ്തിട്ട് സൂപ്പർ സ്പെഷ്യലിറ്റി ആയത് കൊണ്ട് പിന്നേം പഠിക്കണം. ചുരുക്കത്തിൽ പതിമൂന്ന് വർഷം ടോട്ടൽ പഠിക്കാൻ ഉണ്ട്. കുറേ കാശും ചിലവാകും. അത് കൊണ്ട് ഇത് കഴിഞ്ഞു തീരുമാനിക്കും ഏത് വേണംന്ന് “

മനു അവളുടെ കയ്യിൽ പിടിച്ചു

“മോള് പഠിക്ക്. ഏട്ടൻ കൂടി സഹായിക്കാം.”

“നല്ല കാര്യമായി. വാവ വരുമ്പോൾ നല്ല ചിലവാട്ടോ. എന്റെ കാര്യം ഓർത്തു വിഷമിക്കണ്ട. അതൊക്കെ നടക്കും..”

അവൾ പാത്രം കഴുകി വെച്ച് വന്നപ്പോ, അച്ഛൻ വന്നു

“ഇന്ന് ഫോർ ലെഗിലാണോ പിതാശ്രീ…”

“പോടീ എനിക്കൊരു കൊച്ച് മോൻ വന്ന ദിവസം ആണിന്ന്. ഇന്നില്ലേ പിന്നെ എന്നാ?’

“എന്നും കൃത്യമായി ഓരോ കാരണം കണ്ടു പിടിച്ചോളും “

“എന്ന് കരുതി എന്റെ ചുന്ദരി മോൾക്കുള്ളത് അച്ഛൻ മറന്നിട്ടില്ല. ഇന്നാ ബോണ്ട “

അയാൾ കയ്യീന്ന് പൊതി അവളുടെ മടിയിലേക്ക് ഇട്ടു

“ഹായ്..കുറച്ചു ദിവസം ആയിട്ട് ഇത് മിസ്സിംഗ്‌ ആയിരുന്നു. “

“എടി ഇതുണ്ടാക്കിക്കൊണ്ടിരുന്ന ലീലാമ്മക്ക് നടു ഉളുക്കി കിടക്കുവായിരുന്നു ‘

അവൾ കള്ളച്ചിരി യോടെ ലതയെ നോക്കി

“അമ്മോ പഴയ കാമുകിയ്ക്ക് നടു തിരുമ്മി കൊടുത്തയച്ച് വന്നിരിക്കുവാ കെട്ടിയോൻ “

കൂട്ട ചിരിയുണ്ടായി

രമേശനും ലീലാമ്മയും പ്രേമത്തിൽ ആയിരുന്നു ഒരു കാലത്ത്. ലീലാമ്മ ക്രിസ്ത്യൻ ആയത് കൊണ്ട് ആ കല്യാണം നടന്നില്ല. രമേശൻ ലതയെ കെട്ടി മൂന്ന് വർഷം കഴിഞ്ഞു ലീലാമ്മ ഭർത്താവിനെ ഉപേക്ഷിച്ചു സ്വന്തം വീട്ടിലോട്ട് പോരുകയും ചെയ്തു. രമേശൻ ഇടയ്ക്ക് അവരുടെ ചായക്കടയിൽ പോകുകയും മിണ്ടുകയും ഒക്കെ ചെയ്യും. അത് ലതയ്ക്ക് അറിയാം

ഒരിക്കൽ കൃഷ്ണ അമ്മയോട് അതേ കുറിച്ച് ചോദിച്ചപ്പോൾ അവരിങ്ങനെ പറഞ്ഞു

“മോളെ എന്തോരം സ്നേഹിച്ചവരാ. അങ്ങേരുടെ കൂടെ ജീവിക്കാൻ ഭാഗ്യം എനിക്ക് അല്ലെ കിട്ടിയത്. ഇച്ചിരി മിണ്ടിക്കോട്ടെ ആ സ്ത്രീ. നിന്റെ അച്ഛനെ എനിക്ക് അറിയാം.. ഒന്ന് സംസാരിച്ചുന്നു വെച്ച് എന്താ കുഴപ്പം? സന്തോഷം അല്ലെ അത്?”

അന്ന് ഏറെ നേരം അവൾ അതോർത്തിരുന്നു. അമ്മ ശരിക്കും ഒരു സാധാരണ സ്ത്രീ അല്ലെന്ന് അവൾക്ക് അന്നാണ് മനസ്സിലായതും. താൻ ആയിരുന്നു എങ്കിലോ….

ഒരു മുഖം ചോദിക്കുന്നു

നിന്റെ അപ്പുവേട്ടൻ ആരുടേതാണെന്ന് നിനക്കറിയില്ലേ?

താൻ സ്വാർത്ഥയാണോ?

അറിയില്ല. കേട്ടിട്ടേയുള്ളു പണ്ടിങ്ങനെയായിരുന്നു എന്ന്

കണ്ടിട്ടില്ല. കണ്ടാൽ? അന്ന് അവസാനിക്കും എല്ലാം. താൻ സ്വാർത്ഥയാണ്. എന്റെ അപ്പുവേട്ടനാണ്. ആരെയേങ്കിലും നോക്കിയാൽ കൊ- ല്ലും ഞാൻ

അവൾ ഇരുട്ടിനോട് പറഞ്ഞു

മെസ്സേജ് വരുന്ന ശബ്ദം

കൃഷ്ണ…

ഓർത്തതേയുള്ളു

“എന്തേയ് “

“മിസ്സ്‌ ചെയ്യുന്നേടി വല്ലാണ്ട് “

“എനിക്കും “

“നമുക്ക് കല്യാണം കഴിക്കാം “

കൃഷ്ണ ആ മെസ്സേജ്ലേക്ക് പകപ്പോടെ നോക്കിയിരുന്നു

“കല്യാണം കഴിഞ്ഞു നീ പഠിച്ചോ.”

“ദേ..വേണ്ട ട്ടോ,. ഇപ്പൊ അതൊന്നും പറ്റില്ലാന്ന് “

“അപ്പൊ അത്രേ ഉള്ളു..”

“കുന്തം. ഞാൻ ഒന്ന് തരും ട്ടോ “

“എടി പ്ലീസ് ടി. ഞാൻ ഡാഡിയോട് പറയട്ടെ “

“വേണ്ടാന്ന് “

“ഞാൻ വിളിക്കട്ടെ “

ദൈവമേ…അവൾ ചുറ്റും നോക്കി. അച്ഛനും അമ്മയും അകത്താണ്

“ഒരു മിനിറ്റ് സംസാരിച്ചിട്ട് വെച്ചേക്കണേ “

കാൾ വന്നു

“മോളെ അത് ഞാൻ ഡിസ്‌കസ് ചെയ്യട്ടെ. ഇപ്പൊ ഡാഡിക്കൊപ്പം ആണ്. പറഞ്ഞു വെയ്ക്കാം “

“ഉം. പക്ഷെ പഠിച്ചു കഴിഞ്ഞു മതി”

“നിനക്ക് എന്നോട് സ്നേഹം ഉണ്ടോ ഇല്ലയോ “

“എന്റെ ദൈവമേ സംശയം നോക്ക്. എനിക്ക് പിന്നെ ആരോടാ സ്നേഹം “

“ഭാവിയിൽ ആരോടെങ്കിലും തോന്നിക്കൂടായ്ക ഇല്ലാലോ.”

“അപ്പുവേട്ടന് തോന്നുമോ?”

“ഇല്ലാന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. നീ കൊച്ചല്ലേ ചിലപ്പോൾ ഉണ്ടായാലോ?”

“ദേ എനിക്ക് ദേഷ്യം വരും “

“krishna.. I am very possessive…”

കൃഷ്ണ നിശബ്ദയായി. അവന്റെ ശബ്ദം സീരിയസ് ആയി

“അത് നിനക്ക് എങ്ങനെ ഫീൽ ചെയ്യുമെന്ന് എനിക്ക് അറിയില്ല..പക്ഷെ ഞാൻ നിന്റെ കാര്യത്തിൽ പൊസ്സസ്സീവ് ആണ്. അത് മനസ്സിൽ വെച്ചോണം എപ്പോഴും. ഗുഡ്‌നൈറ്റ് “

ഫോൺ കട്ട്‌ ആയി

ഇത് ഞാൻ അങ്ങോട്ട് പറയാൻ ഇരുന്നതല്ലേ? ഇത് ഇപ്പൊ ആര് ആരോടാ പറഞ്ഞത്? ഞാനാണോ ഇനി പറഞ്ഞത്? ശെടാ കൺഫ്യൂഷൻ ആയല്ലോ?

ഇത് അപ്പുവേട്ടൻ അല്ലെ പറഞ്ഞത്. അപ്പൊ ഞാൻ ഇനി എപ്പോ പറയും?

തുടരും….