ധ്രുവം, അധ്യായം 32 – എഴുത്ത്: അമ്മു സന്തോഷ്

ചെന്നൈയിലെ വീട്…

അർജുൻ ഉറങ്ങി എഴുനേൽക്കുമ്പോൾ മുറിയിൽ വൈശാഖൻ ഇരിക്കുന്നത് കണ്ടു

“ഗുഡ് മോർണിംഗ് ഡാഡി “

വൈശാഖൻ സ്വതസിദ്ധമായ ഗൗരവം വിട്ട് പുഞ്ചിരിച്ചു

“get ready..ഒരിടം വരെ പോകണം”

അയാൾ അർജുന്റെ ശിരസ്സിൽ ഒന്ന് തലോടി. പിന്നെ വീൽ ചെയർ ഉരുട്ടി മുറിയിൽ നിന്ന് പോയി

വൈശാഖൻ എന്ന ബിസിനസ് മഗ്നെറ്റ് ചെന്നൈയിലെ വ്യവസായ പ്രമുഖർക്കിടയിൽ പ്രശസ്തനാണ്

ഹോസ്പിറ്റൽ ഗ്രൂപ്പുകൾ മാത്രം അല്ല വൈശാഖ് അസോസിയേറ്റ്സ്നുള്ളത്

കൺസ്ട്രക്ഷൻസ്, ഇമ്പോർട്സ്, എക്സ്പോർട്സ്, ഫാക്ട്ടറികൾ

ആ ചക്രക്കസേരയിൽ ഇരുന്നു വൈശാഖൻ നിയന്ത്രിക്കുന്നത് ഒരു വലിയ ബിസിനസ് സാമ്രാജ്യമാണ്. അതിന്റെ മുഴുവൻ പാരമ്പര്യ അവകാശി ഒറ്റയാളാണ്

അർജുൻ

വൈശാഖന്റെ ഭാര്യ സുമിത്ര മരിച്ചിട്ട് രണ്ടു വർഷം ആയി. ഒറ്റ മകനെ അവർക്കുള്ള ഡോക്ടർ ജയറാം. പക്ഷെ ജയറാം അച്ഛനെ പോലെയല്ല. നേർമ്മയുള്ളവനും നീതിമാനുമാണ്. നന്മയും ദൈവവിശ്വാസവും ഉള്ളവൻ. അത് കൊണ്ട് തന്നെ വൈശാഖനും ജയറാമും തമ്മിൽ യോജിച്ചു പോകില്ല.

വൈശാഖന്റെ ബാല്യകാല സുഹൃത്തിന്റെ, ബിസിനസ് പങ്കാളിയുടെ ഒക്കെ മകളായിരുന്നു അനുപമ. അവരുടെ നിർഭാഗ്യം കൊണ്ടോ മറ്റുള്ളവരുടെ ഭാഗ്യം കൊണ്ടോ അനുപമയും ജയറാമിനെ പോലെ തന്നെ ഒരു സാധു ആയിരുന്നു

വൈശാഖന്റെ നിരാശ പൂർണമായി മാറിയത് അർജുൻ അദേഹത്തിന്റെ ഒപ്പം വന്നതിനു ശേഷമാണ്

ഇരുപത് വയസ്സിൽ അർജുൻ വൈശാഖന്റെ ഒപ്പം ചേർന്നു. അവന് അസുഖം വന്നതിനു ശേഷം അമ്മയുടെ അനിയത്തിക്കൊപ്പം ബാംഗ്ലൂർ ആയിരുന്നു.

രണ്ട് വർഷങ്ങൾ അസുഖം കൊണ്ട് പോയി
പിന്നെ അവരുടെ ബിസിനസ് കണ്ടു പഠിച്ചു തുടങ്ങി

അപ്പൊഴാണ് ഐശ്വര്യ…

പിന്നെ അത് അവസാനിച്ചപ്പോൾ ബാംഗ്ലൂർ നിന്ന് അവൻ ചെന്നൈയിൽ വൈശാഖന്റെ ഒപ്പം വന്നു. അപ്പോഴേക്കും ബിസിനസ് അവന്റെ തലക്ക് പിടിച്ചിരുന്നു. ഒരു ലഹരി പോലെ. രാത്രി എന്നില്ലാതെ പകൽ എന്നില്ലാതെ അവൻ അതിൽ മുഴുകുന്നത് വൈശാഖന് തുടക്കത്തിൽ വലിയ അത്ഭുതം തന്നെ ആയിരുന്നു. അവന്റെ പ്രായത്തിൽ അയാൾ അതൊന്നും ചിന്തിച്ചു കൂടിയുണ്ടായിരുന്നില്ല. അർജുൻ മിടുക്കാനായിരുന്നു. വളരെ ഷാർപ്പ് ആയ ബുദ്ധി. എതിരാളികളെ വെട്ടി നിരത്താനുള്ള കൗശലം

ഡിപ്ലോമാറ്റിക് ആയി പെരുമാറി കൊണ്ട് തന്നെ ഒട്ടും ഡിപ്ലോമാറ്റിക് അല്ലാത്ത പ്രവർത്തികൾ ചെയ്യാൻ അവന് മടിയില്ല. അവന്റെയുള്ളു കണ്ടവരില്ല. ഇന്ന് ഈ മുഴുവൻ ബിസിനസ് സാമ്രാജ്യത്തിന്റെ ഭൂരിപക്ഷം വരുന്ന ഓഹരികൾ അവന്റെ പേരിലാണ്. വൈശാഖൻ ബിസിനസിന്റെ തുടക്കം മാത്രം ആണ് ഫണ്ട്‌ കൊടുത്തു കൊണ്ട് മാധവം വാങ്ങിയത്. അർജുൻ അത് ഏറ്റെടുക്കുമ്പോൾ അതൊരു ചെറിയ ആശുപത്രി ആയിരുന്നു. അതിനെ ഇന്ന് കാണുന്ന മെഡിക്കൽ കോളേജ് ആക്കിയത് അർജുൻ ആണ്. അവന്റെ ബുദ്ധി

അതിനവൻ കടന്ന് പോയ വഴികൾ വൈശാഖനു പോലും കൃത്യമായി അറിയില്ല. ഓരോ നേട്ടങ്ങളും അറിയുമ്പോൾ സന്തോഷം തോന്നും. തന്റെ പിൻഗാമി ഇവനാണ്. തന്നെ പോലെ തന്നെയാണ് അവൻ. പണം മാത്രമാണ് ലക്ഷ്യം. അതിന്റെ മുന്നിൽ മനുഷ്യൻ ഇല്ല. മനുഷ്യത്വവുമില്ല. പക്കാ ബിസിനസ് മാൻ.

ഇനിയവന് ഒരു പെണ്ണ് വേണം. അനുപമയേ പോലെ ഒരാൾ വേണ്ട. ഒരു സാധു അല്ല അവന് വേണ്ടത്. വളരെ മിടുക്കിയായ ഒരു പെൺകുട്ടി. ഈ ബിസിനസ് കൊണ്ട് പോകാൻ അർജുന്റെ ഒപ്പം നിൽക്കുന്നവൾ. അവൾ അവനെ പോലെ തന്നെ ആയിരിക്കണം. അങ്ങനെ ഒരാൾ വൈശാഖന്റെ മനസ്സിൽ ഉണ്ട്

നീന പദ്മനാഭൻ..യുഎസിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം. സുപ്രീം കോടതി അഡ്വക്കേറ്റ് പദ്മനാഭന്റെയും അനിലയുടെയും മകള്

ട്രൈനിങ്ങിന് കുറച്ചു നാള് മകളെ അങ്ങോട്ട് അയയ്ക്കുന്നുണ്ട് എന്ന് പദ്മനാഭൻ വിളിച്ചു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല വൈശാഖൻ

മിടുമിടുക്കി. അർജുന്റെ അതേ തന്ത്രങ്ങൾ. നീക്കങ്ങൾ

അവനോടൊപ്പം നിൽക്കുമ്പോൾ അത്രേ ഭംഗിയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പക്ഷെ സ്റ്റൈലിഷ്. ഒരു മോഡലിനെ കണക്ക്

പദ്മനാഭന്റെ ഭാര്യ അനിലയുടെ കമ്പനിയാണ് തന്റെ ലീഗൽ procedures മുഴുവൻ നോക്കുന്നത്. അനിലയുടെ മേൽനോട്ടത്തിലാണ് എല്ലാം. ആ മിടുക്ക് മകൾക്കും കിട്ടിയിട്ടുണ്ട്

അർജുനോട് പറഞ്ഞിട്ടില്ല. അർജുന്റെ മനസ്സ് അറിയാതെ അവരോടും വാക്ക് പറയാൻ കഴിയില്ല. കാരണം അർജുന്‌ സെന്റിമെന്റസ് ഇല്ല

അച്ഛന്റെ മൂത്തച്ഛൻ എന്നാ സെന്റിമെന്റ്സിൽ അവനോട് ഒരു കാര്യവും തർക്കിച്ചു നേടാനാവില്ല.

അവന് അവന്റെ അച്ഛനോട് മാത്രം ആണ് commitment എന്ന് തോന്നിട്ടുണ്ട്. അമ്മ ഇല്ലാത്തത് കൊണ്ടാവും. ബാക്കിയെല്ലാം ബിസിനസ് ഡീൽ ആണ്. തന്നോട്ൾപ്പെടെ. പക്ഷെ സ്നേഹം ഉണ്ട്. അത് കൊണ്ട് മാത്രം അവനെ കൊണ്ട് അവന് ഇഷ്ടം അല്ലാത്ത ഒരു തീരുമാനം എടുപ്പിക്കാൻ കഴിയില്ല. അതിലൊന്നും അവന്റെ മനസ്സ് ഇളകുകയുമില്ല. ഭീഷണിയും നടക്കില്ല

തന്ത്രം

അത് മാത്രേ നടക്കുകയുള്ളു. പദ്മനാഭനും അനിലയ്ക്കും അർജുനെ അറിയാം. എല്ലാ കാര്യങ്ങളും അറിയാം. പക്ഷെ നീന കണ്ടിട്ടില്ല. ഇന്ന് ആദ്യമായി കാണാൻ പോകുകയാണ്
അർജുനോട് പറഞ്ഞിട്ടില്ല. പക്ഷെ നീനയോട് സൂചിപ്പിച്ചിട്ടുണ്ട്. അവൾ ചിരിച്ചതേയുള്ളു

ഡാഡി ഇഷ്ടം ആയില്ലെങ്കിൽ ഞാൻ തുറന്നു പറയും കേട്ടോ ഒന്നും തോന്നരുത്. അവൾ ഓപ്പൺ ആയി തന്നെ പറഞ്ഞു

അർജുനെ കണ്ടു നോക്ക് എന്ന് താനും

“പോകാം ഡാഡി “

അർജുൻ മുന്നിൽ

ബ്ലാക്ക് ഷർട്ട്‌, പാന്റ്സ്, സ്വ്യൂട്ട്. സ്വ്യൂട്ട് അവൻ ഒന്ന് നേരെയാക്കി

വൈശാഖൻ കുറച്ചു നേരം ആ പ്രഭയിലേക്ക് നോക്കിയിരുന്നു

“പത്തു മണിക്ക് ഡാഡിയുടെ ഓഫീസിൽ ഒരു മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞില്ലേ? അതെത്ര ടൈം എടുക്കും?”

“അത് നീ തീരുമാനിക്കുന്നത് പോലെ..നിനക്ക് ഇഷ്ടം ഉള്ള ടൈം എടുക്കാം “

അവന്റെ കണ്ണുകൾ ഒന്ന് ചെറുതായി

“അതെന്താ അങ്ങനെ?”

“കണ്ടു കഴിഞ്ഞു പറയാം “

“എനിക്ക് പതിനൊന്നിനു ഒരു മീറ്റിംഗ് ഉണ്ട്. ഞാൻ പറഞ്ഞിരുന്നല്ലോ സേവിയേഴ്‌സ് ഗ്രൂപ്പിന്റെ കാര്യം. അവർക്ക് കേരളത്തിൽ മൂന്ന് ഡിസ്ട്രിക്ട് ലാണ് ഹോസ്പിറ്റലുള്ളത്. കൊച്ചി, കോഴിക്കോട്, പിന്നെ ഇടുക്കി. ഇതിൽ ഇപ്പൊ ഞാൻ കൊച്ചിയാണ് നോക്കുക. അവരുടെ ബിസിനസ് മൊത്തം നഷ്ടത്തിലാണ്. അവർ എന്തായാലും ഓരോന്നായി വിൽക്കും. എനിക്ക് കൊച്ചിയാണ് interest. അവർ ചെന്നൈയിൽ വന്നിട്ടുണ്ട്. അപ്പോയ്ന്റ്മെന്റ് കൊടുത്തിട്ടുണ്ട് ഞാൻ. എനിക്ക് പോകണം “

“ശരി ഇതൊന്ന് കഴിഞ്ഞിട്ട് പൊയ്ക്കോ “

അർജുൻ ഒന്ന് തലകുലുക്കി. നീന പദ്മനാഭൻ നേരെത്തെ ഓഫീസിൽ എത്തിയിരുന്നു. അച്ഛനും അമ്മയും പറഞ്ഞു അർജുനെ അവൾക്ക് നന്നായി അറിയാം. കണ്ടിട്ടില്ല എന്നേയുള്ളു

നീ നോക്കിക്കോ ഒറ്റ കാഴ്ചയിൽ നീ അടിയറവു പറയും അനില അവളെ കളിയാക്കി

“ഇത് നീനയാ. ഇവിടെ ഇന്ത്യൻസിനെ മാത്രം അല്ല ഞാൻ കണ്ടിട്ടുള്ളത്. നല്ല വെളുത്തു ചുവന്ന സുന്ദരക്കുട്ടന്മാരുടെ ഇടയിലായിരുന്നു നാലഞ്ച് വർഷം ആ എന്നോട് സൗന്ദര്യത്തെ കുറിച്ച് പറയല്ലേ. after all ഒരു മലയാളിയല്ലേ. മലയാളി ആണുങ്ങൾ കൂടിയങ്ങോട്ട് പോയ എങ്ങനെ ഇരിക്കും എന്നൊക്കെ എനിക്ക് അറിഞ്ഞൂടെ. അത് കൊണ്ട് അത് വിട്. പിന്നെ ബിസിനസ് ചാണക്യൻ എന്നല്ലേ അയാളെ വിശേഷിപ്പിക്കുന്നത് അതും കഷ്ടിച്ച് ഇരുപത്തിയെഴു വയസ്. ഇത്രയും സമ്പാദ്യം. അതും കൂടുതൽ സ്വന്തം ആയി നേടിയത്. അത് ആ പോയിന്റ് മാത്രം ആണ് എനിക്ക് ഇഷ്ടമായത്. അവൻ കൊള്ളാം.”

“അവൻ ഇവൻ എന്നൊന്നും പറയാതെ നീന കാര്യം ഒരെ പ്രായം ആണ്. പക്ഷെ give him respect.”

“ഓ പിന്നെ..എന്ത് റെസ്‌പെക്ട്?”

അവൾ ഓഫിസ് മുറിയിലെ കണ്ണാടിയിൽ നോക്കി. സാരീ ആണ് ധരിച്ചത്..കൃത്യമായി ശരീരത്തിന്റെ അളവുകളും ഭംഗിയും സാരിയിലാണ് വെളിവാക്കുക. ഒരിഞ്ച് പോലും ഫാറ്റ് ഇല്ലാത്ത സുന്ദരമായ ശരീരം. തോളിൽ നിന്ന് കുറച്ചു താഴെ വെച്ചു മുറിച്ച് ഭംഗിയാക്കിയ മുടി. മേക്കപ്പ് ഇട്ടിട്ടില്ല എന്ന് തോന്നിപ്പിക്കുന്ന ഹൈ ക്വാളിറ്റി മേക്കപ്പ്. അവളെ പൊതിഞ്ഞു പ്രസരിക്കുന്ന വിദേശ പെർഫ്യൂംന്റെ ഗന്ധം

“കൊള്ളാം നീന, അർജുൻ അല്ല സാക്ഷാൽ ഋതിക് റോഷൻ മയങ്ങും നിന്നെ കണ്ടാൽ. നീ കിടിലൻ അല്ലെ?”

ഫ്രണ്ട് ശ്രേയ പറഞ്ഞു

“റിയലി?”

അവൾ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും കണ്ണാടിയിൽ നോക്കി

ഇന്റർകോം ശബ്ടിക്കുന്നു

“ഹായ് നീന ഗുഡ്മോർണിംഗ് “

“ഗുഡ്മോർണിംഗ് അങ്കിൾ.”

“കം ടു മൈ റൂം “

അർജുൻ വന്നു. പെട്ടെന്ന് അവൾക്ക് ഒരു ടെൻഷൻ വന്നു

അവൾ കണ്ണാടിയിൽ നോക്കി ഒന്നുടെ ടച്ച് അപ്പ് ചെയ്തു അങ്ങോട്ടേക്ക് ചെന്നു. അർജുൻ ചെന്നൈ നഗരത്തിന്റെ തിരക്കുകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു

“അർജുൻ..ഇത് നീന. നിനക്ക് അറിയാം അഡ്വക്കേറ്റ് പദ്മനാഭന്റെ മകള്. ഇപ്പൊ യുഎസിൽ നിന്ന് വന്നിട്ടേയുള്ളു. എം ബി എ അവിടെയാണ് ചെയ്തത്. നമ്മുടെ ഓഫീസിൽ ജസ്റ്റ്‌ ഒരു ട്രെയിനിങ് “

അർജുൻഒന്ന് തല കുലുക്കി. അവന് കാര്യം മനസിലായി

നീനയുടെ തൊണ്ടയിൽ ഉമിനീർ വറ്റിപ്പോയി. അവളുടെ കൈകൾ തണുത്തു

ഇതോ അർജുൻ

ഈശ്വര

എത്ര ഹോട്ട് ആണ് ഇയാള്. നീനയുടെ മൂക്കിന്റെ തുമ്പ് വിയർക്കുന്നുണ്ടായിരുന്നു

“നിങ്ങൾ സംസാരിക്ക്..ഞാൻ ഇപ്പൊ വരാം “

വൈശാഖൻ പുറത്ത് പോയി

നീനയെ കണ്ടപ്പോൾ തന്നെ ഡാഡിയുടെ ട്രാപ്പ് ആണെന്ന് അർജുന്‌ വ്യക്തമായിരുന്നു. അല്ലെങ്കിൽ ഇത്രയും planned ആയിട്ട് കൊണ്ട് വരില്ല

“അർജുൻ നാട്ടിൽ എവിടെ ആണ്?”

“തിരുവനന്തപുരം “

“ഓ..”

അവൻ ഒരു സി-ഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചു കത്തിച്ചു പുക വിട്ടു. നീനയ്ക്ക് പിന്നെ എന്ത് ചോദിക്കണമെന്ന് അറിയാതെ ആയി

അവൻ അവളെ പൂർണമായും അവഗണിച്ചു കളഞ്ഞു. ഒരു തവണ പോലും പിന്നെ തിരിഞ്ഞു നോക്കിയില്ല. അങ്ങനെ ഒരാൾ ആ മുറിയിൽ ഉണ്ടെന്ന് പോലും ഭാവിച്ചില്ല. കുറച്ചു നേരം കഴിഞ്ഞു പോയി

“ശരി ഞാൻ മുറിയിലേക്ക് പോകട്ടെ അർജുൻ?”

പെട്ടെന്ന് അർജുൻ തിരിഞ്ഞു

“അർജുൻ അല്ല. അർജുൻ സർ..കാൾ മി സർ..താൻ ഇവിടെ ട്രെയിനിയല്ലേ?”

“yes..”

അവൾ വിക്കി

“ഞാൻ ഇതിന്റെ ആരാണെന്നു അറിയാമോ?”

അവൻ തലയാട്ടി

“ഗുഡ്..പൊയ്ക്കോളൂ “

അവൾ പെട്ടെന്ന് നടന്ന് പോകാൻ ഭാവിച്ചപ്പോ അർജുൻ വിരൽ ഒന്ന് ഞൊടിച്ചു

“one minute..ഇനിയിത്തരം പ്രഹസനങ്ങൾക്ക് ഡാഡി പറഞ്ഞാലും മേലിൽ വേഷം കെട്ടി വന്നേക്കരുത്…അർജുൻ വേറെയാ..വേറെ…. “

അവളുടെ മുഖം ചുവന്നു

“കുറച്ചു കൂടി മര്യാദയാകാം അർജുൻ സർ “

“ഞാൻ ഇതാണ്. ഇത്രയും മര്യാദ തന്നെ കാണിക്കുന്നത് ഡാഡി introduce ചെയ്തത് കൊണ്ടാണ്.”

“interest ഇല്ലെങ്കിൽ അത് പറഞ്ഞാൽ മതി. ഇൻസൾട്ട് ചെയ്യരുത് “അവൾക്ക് ദേഷ്യം വന്നു

“ഇൻസൾട്ട് ചെയ്താലേ interest ഇല്ലാന്ന് മനസിലാകൂ. അല്ലെങ്കിൽ പിന്നെയും പിന്നാലെ വരും..പ്രൊപോസൽസ്, വീട്ടുകാരുടെ വിസിറ്റ്, ഇമോഷണൽ ബ്ലാക്ക് mailing…..so ഇതിവിടെ തീർന്നു. you can go “

നീന ഇറങ്ങി പോയി.

അർജുൻ അടുത്ത സി- ഗരറ്റ് ചുണ്ടിൽ വെയ്ക്കുമ്പോൾ കാൾ വരുന്നു

അവൻ ഒരു പുഞ്ചിരിയോടെ അതെടുത്തു

“അപ്പുവേട്ടാ അതേയ് ഒരു മെഡിക്കൽ ക്യാമ്പ്..പാലോട് വെച്ചാണ്. ഇപ്പൊ ക്ലാസ്സിൽ വെച്ചാ അറിഞ്ഞത്. വേണ്ടവർ പോയ മതി..ഞാനും ദൃശ്യയും പോവാണ് ട്ടോ “

അവൻ അൽപനേരം നിശബ്ദനായി. ഉള്ളിൽ മഞ്ഞു വീഴുന്ന പോലെ

“മോളെ…”

“ഉം..”

“ഒന്നുല്ല. എത്ര ദിവസമാണ് “

“ക്യാമ്പ് കുറച്ചു ദിവസം ഉണ്ടാകും. ഞങ്ങൾ ഇന്നൊന്നു പോവാ. ജസ്റ്റ് വിസിറ്റിംഗ്. നാളെയും മറ്റന്നാളും അവധിയാ. അതോണ്ട് ചിലപ്പോൾ അത് മൂന്ന് ദിവസം ആക്കും. എന്നാ വരിക?”

“വേഗം വരും…കഴിയുന്നതും വേഗം. ഇവിടെ നിന്ന്
നിനക്ക് എന്ത് വേണം? വാങ്ങി കൊണ്ട് വരാം “

“എനിക്കൊ…എനിക്ക്..അപ്പുവേട്ടൻ വേഗം വന്ന മതി. വേഗം..”

അവന്റെ കണ്ണുകൾ ഒന്ന് കലങ്ങി

“ഉം “

“വെച്ചേക്കട്ടെ പോകാറായി. വൈകുന്നേരം വിളിക്കാം ട്ടോ “

അവൻ ഒന്ന് മൂളി. കാൾ കട്ട്‌ ആയി. മനസ്സ് പെട്ടെന്ന് കലങ്ങി മറിഞ്ഞു. അവളെ കാണണം. അവൻ വീഡിയോ നോക്കി. തന്റെ കൈകളിൽ ചേർന്ന് ഒരു മുയൽ കുഞ്ഞിനെ പോലെ..

ഈ പെണ്ണിനെ ഞാനുപേക്ഷിച്ചു കളയില്ല എന്ന് പറയുമ്പോൾ കണ്ണീരോടെ നെഞ്ചിൽ ചേരുന്ന കൃഷ്ണ. ആ നിമിഷം അവൻ വീണ്ടും ഓർത്തു. ഒരു പൂവ് പോലെ..തന്റെ നെഞ്ചിൽ അവൾ

അവൻ കണ്ണുകൾ അടച്ചു

എനിക്കിപ്പോ കാണണം കൃഷ്ണ..അവൻ പിറുപിറുത്തു

കൃഷ്ണാ…അവൻ മെല്ലെ വിളിച്ചു നോക്കി

അവൾ ഒന്ന് വിളിച്ചു കഴിയുമ്പോൾ അല്ലെങ്കിൽ അവളെ കണ്ടു കഴിയുമ്പോൾ പിന്നെ ഒന്നിനും കഴിയാത്ത പോലെ താൻ ദുര്ബലനായി പോകുന്നതെന്താണെന്ന് അവന് മനസിലാകുന്നില്ലായിരുന്നു. സർവവും മനസ്സിൽ നിന്ന് മാഞ്ഞു പോകും. ആ മുഖം മാത്രം ഓർമ്മയിൽ വരും

നീളൻമുടി പിന്നലിൽ വലിച്ചു നെഞ്ചിലേക്കിടാൻ തോന്നുന്നു. ചിലപ്പോൾ തല്ലും മാന്തും ഇടിക്കും

പൂച്ചക്കുട്ടി…തന്റെ പൂച്ചക്കുട്ടി

അവൻ ആ വീഡിയോ പോസ് ചെയ്തു

“എന്താ നീ എന്നോട് ചെയ്തേ എന്നറിയോ കൃഷ്ണ?…അർജുനെ നീ നിന്നില് തളച്ചിട്ട് കളഞ്ഞു..”

പിന്നെ അവൻ പുഞ്ചിരിയോടെ നഗരത്തെ നോക്കി. ഇത് വരെ കണ്ടത് പോലെയല്ല നഗരത്തിന്റെ ഭംഗി ഇരട്ടിച്ച പോലെ

നീന മേശപ്പുറത്തെ സാധനങ്ങൾ എല്ലാം വലിച്ചു നിലത്തിട്ട് ചവിട്ടി. അവളുടെ കോപമടങ്ങുന്നില്ല

“നീന നീ ഒന്ന് അടങ്ങ് അവൻ വേണ്ട തീർന്നല്ലോ. അത് വിട്ടേക്ക് “

“അമ്മയ്ക്ക് അറിയോ അവൻ ഒരു തവണ പോലും എന്നെ നോക്കിട്ടില്ല. ഞാൻ എന്താ അത്രക്ക് മോശമാണോ? എത്ര വലിയ ഒരു ഇൻസൾട്ട് ആയിരുന്നു ന്നൊ. ഇനി ഇത് പോലെ പ്രഹസനം കാണിക്കാൻ ചെന്നു നിൽക്കരുത് എന്ന്. എന്റെ തൊലിയുരിഞ്ഞു പോയി..”

“ഞാൻ വൈശാഖൻ സാറിനോട് സംസാരിക്കാം “

നീന വൈരാഗ്യത്തിൽ അവന്റെ മുഖം ഓർത്തു

“നോക്കിക്കോ അർജുൻ എവിടെ വെച്ചെങ്കിലും നിന്നെ എനിക്ക് കിട്ടും അന്ന് നിനക്ക് ഞാൻ ഉഗ്രൻ ഒരു പണി തരികയും ചെയ്യും നോക്കിക്കോ “

അവൾ മനസ്സിൽ പറഞ്ഞു

പകലത്തെ മീറ്റിംഗുകൾ കഴിഞ്ഞവൻ വൈശാഖ്‌ന്റെ അരികിൽ എത്തി

“നീ നീനയെ ഇൻസൾട്ട് ചെയ്തു സംസാരിച്ചോ?”

“ഞാൻ സംസാരിച്ചു. അത് അവൾക്ക് അങ്ങനെ തോന്നിയതിൽ ഞാൻ എന്ത് ചെയ്യാനാ?”

വൈശാഖനു മറുപടി ഇല്ല

“നിനക്ക് ഇഷ്ടം ആയില്ലേ?”

“ഇല്ല “

“why?”

അവൻ പറയണോ വേണ്ടയോ എന്നാലോചിച്ചു. ഡാഡി അച്ഛനെ പോലെ അല്ല. കൃഷ്ണയേ ഉൾക്കൊള്ളാൻ ഡാഡിക്ക് ഉടനെ സാധിക്കില്ല. അത് കൃഷ്ണയ്ക്ക് ദോഷമാകാൻ സാധ്യത ഉണ്ട്. പക്ഷെ ഡാഡി അറിയും തൃശൂർ ഹോസ്പിറ്റലിന്റെ ഉൽഘാടനം..അന്ന് കൃഷ്ണ വരും. ഡാഡി കണ്ടു പിടിക്കും

“പറയു അർജുൻ?”

“ഒന്നുല്ല. എനിക്ക് ഇഷ്ടമായില്ല. അത്രേ തന്നെ..”

“വേറെ ആരെങ്കിലും ഉണ്ടോ മനസ്സിൽ?”

ആ ചോദ്യത്തിന് മുന്നിൽ അർജുൻ പതറിയില്ല

“yes ഉണ്ട്. പറയാറായിട്ടില്ല. സമയം ആകുമ്പോൾ പറയും,”

അവൻ ഗ്ലാസ്‌ നിറച്ചു കൊണ്ട് സെറ്റിയിൽ വന്നിരുന്നു. വൈശാഖൻ അത് നോക്കിയിരുന്നു

ഒരു കയ്യിൽ സി- ഗരറ്റ് മറുകയ്യിൽ മ- ദ്യം നിറഞ്ഞ ഗ്ലാസ്‌. ഒരു പക്ഷെ അർജുൻ അങ്ങനെ ഇരിക്കാത്ത ഒരേയൊരാൾ അവന്റെ അച്ഛൻ മാത്രം ആണ്. അച്ഛന്റെ മുന്നിൽ മാത്രം പരസ്യമായിട്ട് അവൻ മ- ദ്യപിക്കില്ല. ബാക്കിയാരും അവന്റെ മുന്നിൽ ഒന്നുമല്ല ഒന്നും

“അർജുൻ കമ്മിറ്റഡ് ആയോ?”

വൈശാഖൻ ചോദിച്ചു

“yes.”

അവൻ കണ്ണടച്ച് ഒരു പഫ് എടുത്തു. കമ്മീറ്റഡ് എന്നല്ല പറയുക അഡിക്ട് പോയി..അവളിൽ…കൃഷ്ണയിൽ…

അപ്പുവേട്ടാ…അതേയ്…അപ്പുവേട്ടാ പിന്നേയ്…

കൈയിൽ കോർത്തു പിടിച്ചു കൊണ്ടാണ് സംസാരിക്കുക. കണ്ണിലേക്കു നോക്കി. അധികം ആ കണ്ണിലേക്കു നോക്കിയിരിക്കാൻ പറ്റില്ല തനിക്ക്. മുഖം മാറ്റും. അപ്പൊ മുഖം പിടിച്ചു തിരിച്ചു നോക്കും

എന്താ കള്ളത്തരം?

അവളുടെ കണ്ണുകൾക്ക് തന്റെ ഉള്ളിലെ എല്ലാം കണ്ടു പിടിക്കാൻ ഉള്ള കഴിവുണ്ട്

പറയ്..ഇന്ന് എത്ര സി-ഗരറ്റ് വലിച്ചു?

പിന്നെ പണിഷ്‌മെന്റാണ്. ഏത്തമിടിക്കും അല്ലെങ്കിൽ പറയും. അമ്പത് തവണ എഴുതി താ. ഇനി ആവർത്തിക്കില്ല ന്ന്

ചെയ്തു കൊടുക്കും. എതിർത്തു ഒരു വാക്ക് പറയാൻ തോന്നില്ല. അവളെന്തു പറഞ്ഞാലും ഇഷ്ടം ആണ്

എന്ത് പറഞ്ഞാലും അനുസരിച്ചു പോകും..തന്റെ പാവം പെണ്ണ്…വാതിൽ പാളിയിൽ മുഖം ചേർത്ത് അവൾ പറയുന്നു

അർജുൻ കൃഷ്ണയുടേതാ…കൃഷ്ണയുടെ മാത്രം…

കൃഷ്ണ….

ആ ഓർമ്മകൾക്ക് അവന്റെ കയ്യിൽ ആ നേരമുണ്ടായിരിന്ന രണ്ടിനെക്കാളും ലഹരി ഉണ്ടായിരുന്നു…അവനെ പൂർണമായും കീഴ്പ്പെടുത്തി കളഞ്ഞ ലഹരി…

തുടരും….