നിന്നെയും കാത്ത്, ഭാഗം 52 – എഴുത്ത്: മിത്ര വിന്ദ

നിന്റെ തീരുമാനത്തിനു മാറ്റം ഇല്ലല്ലോ അല്ലേ….”

ലക്ഷ്മി വീണ്ടും ചോദിച്ചു.. അത് തന്നെയായിരുന്നു അച്ഛന്റെയും അമ്മയുടെയും മനസിൽ ഉരുത്തിരിഞ്ഞ ചോദ്യവും.

“ഹ്മ്മ്… എന്റെ തീരുമാനത്തിനു എന്റെ ജീവൻ പൊലിയും വരെയും, എന്റെ ശ്വാസം നിലക്കും വരെയും മാറ്റം ഉണ്ടാവുല്ല…. അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി “

“ഇതിന്റ ഒക്കെ നീ അനുഭവിക്കും നന്ദു….”

ഹ്മ്മ്.. അമ്മ പതിയെ തുടങ്ങുകയാണ് ശാപ വാക്കുകൾ…ഇത്രനേരവും മിണ്ടാതെ നിന്നിട്ട് ഇനി എന്തൊക്കെ പറഞ്ഞു ഒപ്പിക്കുമോ ആവോ….നന്ദന ഓർത്തു..

“ദേ അമ്മേ….. അമ്മയെ പോലെ തന്നെ ഒരു അമ്മയാണ് ഈ നിൽക്കുന്ന ഗീതമ്മയും,പിന്നെ ഏട്ടന്റെ രണ്ടു അനുജത്തിമാരുണ്ട്,എന്നോട് എന്ത് മാത്രം സ്നേഹം ആണുള്ളത്ന്നു അറിയാമോ അമ്മയ്ക്ക്..ഇവരെ ഒക്കെ ഇട്ടെറിഞ്ഞു വരാൻ എനിക്ക് ഒരിക്കലും കഴിയില്ല, അതുകൊണ്ട് ദയവ് ചെയ്തു അമ്മ ഇങ്ങനെ കുത്തു വാക്കുകൾ പറയാതെ ഇറങ്ങി പോയെ…”

“എടി നീ കണ്ടൊ മോളെ, ജനിപ്പിച്ച തന്തേo തള്ളേം ഒക്കെ കളഞ്ഞു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോന്നവൾ ആണ് ,  ഞാൻ ഒരു ശാപവാക്കും പോലും പറഞ്ഞില്ലേലും ശരി, ഈശ്വരന്റെ മുന്നിൽ നീ കണക്ക് പറയും….നല്ല അസ്സല് ആയിട്ട് തന്നെ..അല്ലാതെ ജീവിയ്ക്കില്ലടി.. പഠിപ്പിക്കാൻ വിട്ടപ്പോൾ ഒരുത്തനെ പ്രേമിച്ചു… ആ പാവം പിടിച്ച സാറിനെ ചതിച്ചു കൊണ്ട് കല്യാണ തലേന്ന് ചാടിപ്പോയി, ഞങ്ങളെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തി, നിലയും വിലയും ഉണ്ടായിരുന്ന അച്ഛൻ തല കുനിച്ചു അപമാന ഭാരത്താൽ ആ ഗ്രാമത്തിലൂടെ നടന്നു, എന്നിട്ട് നീ കാണിച്ചത് എന്താ,പ്രേമിച്ചവനെ നല്ല അസ്സലായിട്ട് തള്ളിക്കളഞ്ഞിട്ട്, ഇപ്പോ  എവിടെയോ കിടന്ന, ഒരുത്തനെ കല്യാണം കഴിച്ച്, ജീവിക്കുന്നു  എന്നിട്ട് നിന്റെ പറച്ചിലോ, സുഖമായിട്ട് സന്തോഷമായിട്ടാണ് കഴിയുന്നതെന്ന് പോലും, നിന്റെ, മാറിൽ കിടക്കുന്ന താലിക്ക് നീ എന്തു വിലയാടി നൽകിയിരിക്കുന്നത്, ഇതൊന്നും ഞങ്ങൾക്കാർക്കും മനസ്സിലാവില്ല എന്ന് കരുതിയോ, താമസിയാതെ ഈ താലി പൊട്ടിച്ചെറിഞ്ഞ നീ അടുത്തവന്റെ കൂടെ പോകും, അല്ലെങ്കിൽ കണ്ടോ…

നന്ദുവിന്റെ അമ്മ അവിടെ നിന്ന് വായിൽ വന്നത് എല്ലാം വിളിച്ചു കൂവി.

അതൊക്കെ കേട്ടതും അവൾ ഒന്ന് പതറി.

ജയിക്കാൻ വേണ്ടി ഏത് അറ്റം വരെയും, എന്ത് തോന്നിവാസം വേണേലും, പറഞ്ഞ് ഫലിപ്പിക്കുന്നവളാണ് അമ്മ. അത് നന്ദുവിന് വ്യക്തമായി അറിയുകയും ചെയ്യാം.

പക്ഷേ ഇപ്പോൾ അമ്മ പറഞ്ഞ ഈ വാചകങ്ങൾ, ഇതെല്ലാം കേട്ടുകൊണ്ടാണ് ഭദ്രേട്ടനും, ഏട്ടന്റെ അമ്മയും തന്റെ അടുത്ത് നിൽക്കുന്നത് എന്നോർത്തപ്പോൾ അവൾക്ക് തന്റെ നെഞ്ച് നീറി പിടഞ്ഞു.

“എടാ ചെറുക്കാ, ഇവളേ നീ ഇങ്ങനെ പൊന്നുപോലെ കൊണ്ടു നടന്നിട്ട് ഒന്നും യാതൊരു കാര്യവുമില്ല, ഇവള് പിഴച്ചവളാണ്, പിഴച്ചു നടക്കുന്നവൾ. ഇവിടെ നിനക്കും ഇല്ലേ രണ്ട് സഹോദരിമാര്, ആ പെൺകുട്ടികളുടെ ഒക്കെ  ഭാവിയെങ്കിലും ഓർത്ത്  ഈ നിൽക്കുന്നവളെ ഞങ്ങളുടെ ഒപ്പം പറഞ്ഞയ്ക്ക്, എന്നാൽ നിനക്ക് കൊള്ളാം…

നന്ദനയുടെ അരികിൽ നിന്നും ഭദ്രന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ആ സ്ത്രീ സംസാരിച്ചു.

അത്രയും നേരം അമ്മയുടെ മുന്നിൽ പൊരുതി നിന്നവളാണ്, ഇപ്പോൾ പാവം നന്ദനക്ക് അടിപതറി, അവളുടെ മിഴികൾ ഈറനണിഞ്ഞു… അതുപോലെ ഓരോരോ വാചകങ്ങൾ ആയിരുന്നു അമ്മയിൽ നിന്നും  പുറത്തേക്ക് വന്നത്.

” എല്ലാവരും ഇറങ്ങി പോകുന്നുണ്ടോ മര്യാദക്ക്… ഇല്ലെങ്കിൽ ഞാൻ കുറ്റി ചൂല് എടുത്തു ആട്ടി പായിക്കും……. “

അത് വരെയും ഒന്നും മിണ്ടാതെ നിന്നിരുന്ന ഗീതമ്മ ആയിരുന്നു അപ്പോള് ശബ്ദം ഉയർത്തിയത്.

“എന്റെ മകന്റെ ഭാര്യ ആണ് ഈ കുട്ടി, ഇവള് തത്കാലം എവിടേക്കും വരുന്നില്ല… നിങ്ങള് പോകാൻ നോക്കിക്കോ.. ഇല്ലെങ്കിൽ ഇത് വരെ നിങ്ങള് പറയുന്ന തോന്നിവാസം കേട്ട് നിന്നത് പോലെ ആവില്ല..ആട്ടി പായിക്കും…”

“അല്ലേലും നിങ്ങളെ പോലെ ഉള്ള ദാരിദ്രവാസികളുടെ അടുത്തേക്ക് പൊറുതിയ്ക്ക് വന്നത് ഒന്നും അല്ല ഞാനും എന്റെ കെട്ടിയോനും, ഇവിടെ ഒക്കെ കണ്ടിട്ട് തന്നെ അറപ്പാണ്, അതുകൊണ്ട് എത്രയും പെട്ടന്ന് ,പോകുക തന്നെ ചെയ്യും, പിന്നെ, ഇവളുടെ ഈ ധിക്കാരവും അഹങ്കാരവും.. ഇതിനൊക്കെ ഒക്കെ ഉള്ള മറുപടി മൂന്നു മാസത്തിനു ഉള്ളിൽ ഇവൾക്ക് കിട്ടും.. ഇത് പറയുന്നത് ഇവളെ പ്രസവിച്ചു വളർത്തി വലുതാക്കിയ ഇവളുടെ പെറ്റ തള്ളയായ ഈ ഞാൻ ആണ്.

കിതച്ചു കൊണ്ട് പറഞ്ഞ ശേഷം ആദ്യം ആയിട്ട് ഇറങ്ങി പോയത് നന്ദുവിന്റെ അമ്മ ആയിരുന്നു..

തൊട്ട് പിന്നാലെ അവളുടെ അച്ഛനും ചേച്ചിയും.

ഭദ്രൻ നോക്കുമ്പോൾ ഉണ്ട്, കോലായിലെ തൂണിൽ ചാരി നിന്ന് കൊണ്ട് കരയുകയാണ് നന്ദന.

അത് കണ്ടതും അവനു ഒരുപാട് സങ്കടം തോന്നി.

സ്വന്തം അമ്മയിൽ നിന്ന് എത്രമാത്രം ശാപവാക്കുകൾ ആണ് പാവത്തിന്റെ നെറുകയിൽ വീണത്… ഇവരൊക്കെ എന്തൊരു ദുഷ്ടയായ സ്ത്രീയാണോ…. ഇവരുടെ മകള് തന്നെയാണോ നന്ദു…എനിക്ക് ശരിക്കും സംശയം ഉണ്ട് കേട്ടോ..

ഗീതമ്മ അവര് പോയ വഴിയേ നോക്കി ദേഷ്യത്തിൽ പറഞ്ഞു.

നന്ദന ഒന്നും മിണ്ടാതെ കൊണ്ട് അങ്ങനെ തന്നെ നിന്നു.

ഭദ്രേട്ടന്  അല്ലാതെ തന്റെ വിവരങ്ങൾ ഒന്നും ഇവിടെ ആർക്കും അറിയില്ലായിരുന്നു. ആ സ്ഥിതിക്ക് തന്റെയും വരുണിന്റെയും  കാര്യം അമ്മ അറിഞ്ഞതും നന്ദനയ്ക്ക് വല്ലാത്ത ഭയം തോന്നി,ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ, അമ്മയ്ക്ക് തന്നോട് വെറുപ്പായി കാണുമോ… അമ്മുവും മിന്നുവും അറിയുമ്പോൾ തന്നെ തെറ്റിദ്ധരിക്കുമല്ലോ… പല പല ചിന്തകൾ അവളുടെ ഉള്ളിലൂടെ കടന്നുപോയി.. അപ്പോഴേക്ക് അവളുടെ മിഴിനീർ ധാരധാരയായി ഒഴുകി..

“മോളെ….  നീ ഇങ്ങനെ ഇവിടെ നിൽക്കാതെ കൊണ്ട് അകത്തേക്ക് കയറി വാ, ഇനി കരഞ്ഞിട്ടും പിഴിഞ്ഞിട്ടും ഒക്കെ എന്ത് കാര്യം, എന്തായാലും അവരുടെ ഒരു വരവ് കൂടി ഞാനും ഭദ്രനും പ്രതീക്ഷിച്ചതാണ്.

ഗീതമ്മ വന്ന നന്ദനയുടെ തോളിൽ കൊട്ടി അവളെ അകത്തേക്ക് വിളിച്ചു

പെട്ടെന്ന് തന്നെ അവൾ തിരിഞ്ഞ് അവരുടെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞു.

അമ്മേ….. ഞാൻ… എനിക്ക്.. സത്യം ആയിട്ടും ഭദ്രേട്ടൻ പാവം ആണ്.. ഞാൻ, എന്റെ അമ്മ പറഞ്ഞതുപോലെ കോളേജിൽ പഠിക്കുമ്പോൾ ഒരു  അന്യ ജാതിക്കാരനായ ചെറുക്കനും ആയിട്ട് ഇഷ്ടത്തിലായിരുന്നു, വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചത് ആണ്, പക്ഷേ അവന്റെ ഉദ്ദേശം വേറെയായിരുന്നു, എനിക്ക് സത്യമായിട്ടും അതൊന്നും അറിയില്ലായിരുന്നു,…  വിങ്ങിപ്പൊട്ടി പറയുന്നവളെ പിടിച്ചു എഴുനേൽപ്പിച്ച ശേഷം അവളുടെ വായ മൂടിക്കൊണ്ട് ഗീത തന്റെ വലതു കൈ വെച്ചു മറച്ചു.

മോളിതൊന്നും ഇനി എന്നോട് പറയേണ്ട, എല്ലാ കാര്യങ്ങളും ഞാൻ അറിഞ്ഞതാണ്, നിങ്ങളുടെ കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ സൂസമ്മ ഇതെല്ലാം എന്നോട് പറഞ്ഞു,എന്റെ മകൻ എത്ര വലിയവനാണ് എന്നായിരുന്നു എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാൻ ചിന്തിച്ചത്. സാരമില്ല കഴിഞ്ഞതൊക്കെ നല്ലതിന് ആണെന്ന് കരുതിയാൽ മതി. അതൊന്നും ഓർത്ത് ഇനി മനസ്സ് വിഷമിപ്പിക്കേണ്ട, എന്റെ മകന്റെ താലി,  നിന്റെ കഴുത്തിൽ വീണ നിമിഷം മുതൽ നീ മനസ്സുകൊണ്ട് ഇവന്റെ പെണ്ണാണെന്ന് എനിക്കറിയാം,  അതുകൊണ്ട് കഴിഞ്ഞതിനെ കുറിച്ച് ഒന്നും ചിന്തിച്ച് വിഷമിക്കാതെ, സമാധാനത്തോടുകൂടി  എന്നും എന്റെ മരുമകളായി , എന്റെ ഭദ്ര തണലായി നീ ഉണ്ടാകണം….

അത് ഗീതമ്മയും കരഞ്ഞു പോയിരുന്നു.

അമ്മയ്ക്ക് ഈ സംഭവങ്ങളൊക്കെ അറിയാമായിരുന്നു എന്നുള്ളത് ഭദ്രൻ പോലും അപ്പോഴാണ് മനസ്സിലാക്കിയത്.

മോനേ…. നന്ദനയെ കൂട്ടിക്കൊണ്ട് മുറിയിലേക്ക് പോടാ…. ഞാനേ അപ്പുറത്തെ ദേവകി ചേച്ചിയുടെ വീട് വരെ ഒന്ന് പോയിട്ട് വരാം, ചേച്ചി വീണിട്ട് കാലിനു പൊട്ടൽ ആയിട്ട് ഇരിക്കുവാ….

അതും പറഞ്ഞുകൊണ്ട് ഗീതമ്മ വെളിയിലേക്ക് ഇറങ്ങി.

തുടരും…