നിന്നെയും കാത്ത്, ഭാഗം 68 – എഴുത്ത്: മിത്ര വിന്ദ

ഭദ്രേട്ടാ….

വിളിച്ചു കൊണ്ട് അവൾ ഭദ്രന്റെ നെഞ്ചിലേക്ക് വീഴാൻ തുടങ്ങിയതും, അവൻ പെട്ടെന്ന് കയ്യെടുത്ത് അവളെ വിലക്കി.

“പറയാനുള്ളത് ഇവിടെനിന്ന് പറഞ്ഞാൽ മതി, പക്ഷേ അത് സത്യസന്ധമായിരിക്കണം എന്ന് മാത്രം”

പരുഷമായി പറയുന്നവനെ നിറമിഴികളോടെ നോക്കിക്കൊണ്ട്  നന്ദന അനങ്ങാതെ നിന്നു.

നിന്റെ വായിൽ നാക്കില്ലെടി..അതോ എന്നേ വെറും മറ്റവൻ ആക്കാൻ ആണോ നിന്റെ ഉദ്ദേശം..അവളുടെ ഇരു തോളിലും പിടിച്ചു കുലുക്കി കൊണ്ട് ഭദ്രൻ ചോദിച്ചതും നന്ദന അവനെ ഇറുക്കെ പുണർന്നു പോയി.മാറ്റാൻ ആവുന്നത്ര ഭദ്രൻ നോക്കി എങ്കിലും അവൾ ഇറുക്കി പിടിച്ചു അവന്റെ നെഞ്ചിലേക്ക് കിടന്നു.

സോറി ഭദ്രേട്ടാ…. എനിക്ക്, എനിക്ക് പേടി ആയിരുന്നു, പറയാന്, സത്യം ആയിട്ടും പേടിച്ചിട്ടാ… അല്ലെങ്കിൽ ഞാൻ പറഞ്ഞേനെ… പക്ഷെ, പക്ഷെ ഇന്ന് വന്നു കഴിഞ്ഞു എല്ലാം പറയണം എന്ന് കരുതി ആയിരുന്നു…

എന്തൊക്കെയോ കിടന്ന് പറയുന്നുണ്ട് അവള്..

ഭദ്രന് ആണെങ്കിൽ ശരിക്കും ദേഷ്യം അതിന്റെ ഏറ്റവും പരമ കോടിയിൽ എത്തിയ നിമിഷം ആയിരുന്നു അത്.

അവൻ ബലം പ്രയോഗിച്ചു തന്നെ അവളെ തള്ളി മാറ്റി.

തൊട്ട് പോകരുത് എന്നേ.. ഇവിടെ നിന്ന് പറഞ്ഞാൽ മതി, എനിക്ക് കേൾക്കാം എല്ലാം… ഇനി ഒട്ടിച്ചേർന്ന എന്റെ അരികിലേക്ക് വന്നാൽ ഉണ്ടല്ലോ നിന്റെ ഇപ്പുറത്തെ കവിളിലും ഇത്‌ പോലെ പാട് വീഴും.

ഭദ്രേട്ടാ…. ഞാന്…

നിന്റെ കുമ്പസാരം ഒന്നും എനിക്ക് കേൾക്കണ്ട.. കാര്യം പറഞ്ഞാൽ മതി.

ഭദ്രൻ ഒച്ച വെച്ചതും നന്ദന അന്ന് നടന്ന കാര്യങ്ങൾ ഒക്കെ അവനോട് പറഞ്ഞു. അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് ഭദ്രൻ ചുവരിലേക്ക് ചേർത്തു നിറുത്തി.

എന്നിട്ട് ഇതൊന്നും എന്നോട് പറയാഞ്ഞത് എന്താടി ******മോളെ നീയ്..

വേദന കൊണ്ട് നന്ദന പുളയുന്ന നിമിഷം ആയിരുന്നു അത്.കണ്ണിൽ നിന്നും കുടു കുടാന്നു വെള്ളം വീണു. എന്നിട്ടും ഒന്നും മിണ്ടാതെ കൊണ്ട് അവൾ അതേ നിൽപ്പ് തുടർന്ന്..

“ഇന്നലെ ഈ കാര്യം നീ എന്നോട് ഒന്നു പറഞ്ഞിരുന്നെങ്കിൽ, ഇന്ന് ആരുടെയും മുന്നിൽ നീ ഒരു കള്ളിയായിട്ട് നിൽക്കേണ്ട അവസ്ഥ ഉണ്ടാകില്ലായിരുന്നു,

ഇത്രയും ദിവസം അന്തസ് ആയിട്ടും സത്യസന്ധമായിട്ടും ജോലി ചെയ്തിട്ടും ഒടുവിൽ നീ അവിടെ നിന്നും ഒരു കുറ്റവാളിയെ പോലെ അല്ലേടി ഇറങ്ങിപ്പോരേണ്ടി വന്നത്. ആളുകളൊക്കെ എന്തൊക്കെയാണ് നിന്നെക്കുറിച്ച് ധരിച്ചു വെച്ചിരിക്കുന്നത്. അച്ചായന്റെ കൂടെ കയറിയിട്ട് എത്രയോ വർഷങ്ങളായി എന്നറിയാമോ, എന്നിട്ട് ഇതേ വരെയായിട്ടും എനിക്ക്, ഒരുത്തന്റെയും മുന്നിൽ തലകുനിച്ചു നിൽക്കേണ്ടതായിട്ട്  വന്നിട്ടില്ല. പക്ഷേ ഇന്ന്, നിന്റെ പേരിൽ ഞാനും കൂടി, ക്രൂശിക്കപ്പെട്ടു

അതിനു കാരണക്കാരിയും നീ ഒരുത്തി തന്നെയാണ്.. നിന്റെ വിവരമില്ലായ്മ,,ഒപ്പം എടുത്തുചാട്ടവും, അഹങ്കാരവും കൊണ്ടാടി നിനക്ക് ഇങ്ങനെയൊക്കെ പറ്റിയത്.. നിന്നോട് എത്ര തവണ ഞാൻ ഇന്നലെ ചോദിച്ചതാണ്, എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. വാ പൊളിച്ചു ഒന്നു പറഞ്ഞിരുന്നുവെങ്കിൽ, ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ.

അതെങ്ങനെയാ പണ്ടും നിന്റെ സ്വഭാവം ഇതുപോലെയൊക്കെ തന്നെ അല്ലായിരുന്നോ, അതുകൊണ്ടല്ലേ ജനിപ്പിച്ച തന്തയും തള്ളയും കൂടപ്പിറപ്പിനെയും ഒക്കെ ഉപേക്ഷിച്ച് ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ചാടി പുറപ്പെട്ടു വന്നത്.

അവനാണെങ്കിൽ ലോക തരികിടയും.

ബാക്കിയുള്ളവൻ, നാട്ടുകാരുടെയും കുടുംബക്കാരുടെയും മുന്നില്,  ആദ്യമായി തലതാഴ്ത്തി നടന്നത് നീ കാരണമായിരുന്നു.. എന്റെ പെറ്റ തള്ളയോടുപോലും ഞാൻ, ഒരു നുണ പറഞ്ഞത് നിനക്ക് വേണ്ടിയായിരുന്നു, നിന്നെ പ്രേമിച്ച് കെട്ടി കൂടെ കൂട്ടി എന്നാണ്, എന്റെ അമ്മ പോലും ഇപ്പോഴും കരുതിയിരിക്കുന്നത്, എന്റെ അനിയത്തിമാര് പോലും, അവരുടെ വല്യേട്ടനിൽ നിന്ന് ഇങ്ങനെയൊന്നും ഒരു നീക്കവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

എല്ലാം എനിക്ക് വന്ന പാകപ്പിഴകളാണ്.എന്നിട്ട് അതിലേക്ക് ഞാനും കൂടെ വലിച്ചിഴക്കപ്പെട്ടു. നീ ഒരുത്തി കാരണമല്ലേടി എന്റെ ജീവിതം ഇങ്ങനെ ആയത്..

ദേഷ്യം വന്നിട്ട് ഭദ്രൻ വായിൽ വന്നത് എല്ലാം വിളിച്ചു കൂവി.

ഒന്നിനും ഒരു മറുപടിയും പറയാതെ കൊണ്ട് നന്ദന നിശബ്ദം കേണു.

അപ്പോഴും അവന്റെ വലതു കരം അവളുടെ കവിളിൽ കുത്തിപിടിച്ചിരിക്കുക ആയിരുന്നു.

വായിൽ ആകെമാനം രക്തത്തിന്റെ മണവും രുചിയും വ്യാപിക്കാൻ തുടങ്ങിയപ്പോൾ അവൾക്ക് വേദന അസഹനീയം ആയി.

ഭദ്രൻ കൈ വലിച്ചു എടുത്തു നന്ദനയുടെ അടുത്ത് നിന്നും അകന്നു മാറി പോയി, എന്നിട്ട് മൊബൈൽ ഫോൺ എടുത്തു നോക്കി.

ഷർട്ട്‌ മാറി വേറെ ഒരെണ്ണം എടുത്തു ഇട്ട് കൊണ്ട് മുണ്ടും അഴിച്ചു ഉടുത്തു എവിടേക്കോ പോകാൻ വേണ്ടി ഭദ്രൻ തയ്യാറായി.

ഭദ്രേട്ടാ…

ഇരു കവിളും വേദന കൊണ്ട് പുളയുമ്പോളും നന്ദന ശബ്ദം തഴ്ത്തി അവനെ വിളിച്ചു.

മുഖം ഉയർത്തി അവൻ ഒന്ന് നോക്കിയപ്പോൾ കണ്ടു അവശയായി അരികിൽ നിൽക്കുന്നവളെ.

ഞാൻ… ഞാൻ പോകുവാ ഇന്ന്.. തിരിച്ചു വരുമ്പോൾ ഇവിടെ കാണില്ല കെട്ടോ.

നിറ മിഴികളോട് പറയുന്നവളുടെ അടുത്തേക്ക് അവൻ അല്പം നീങ്ങി നിന്നു.

ഭദ്രൻ കെട്ടിയ താലിയാണ് നിന്റെ കഴുത്തിൽ കിടക്കുന്നത് എങ്കിൽ, ഇവിടെ നിന്നും ഒരടി പോലും വെച്ചു ഒരിടത്തേക്കും നീ ഇറങ്ങില്ല. അഥവാ അങ്ങനെ പോകാൻ ഉദ്ദേശം ഉണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്കു.

കനപ്പിച്ചു കൊണ്ട് അവളെ നോക്കി അവൻ പുലമ്പി. എപ്പോളും കാണുന്നതും പറയുന്നതും പോലെ ആവില്ല ഇനി ഭദ്രൻ.. അത് ഓർത്താൽ നിനക്ക് നന്ന്.

പറഞ്ഞു കൊണ്ട് അവൻ മുറ്റത്തേക്ക് ഇറങ്ങി.

ബൈക്ക് സ്റ്റാർട്ട്‌ ആവുന്ന ശബ്ദം കേട്ടതും ഗീതമ്മ മുറിയിലേക്ക് ഓടി വന്നു കതകിൽ കൊട്ടി വിളിച്ചു.

നന്ദന ഒരു പ്രകാരത്തിൽ ചെന്ന് വാതിൽ തുറന്നു.

“മോളെ അവൻ എവിടെ പോയതാണ്, എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ, ഒന്നിനും പോകരുതെന്ന് പറഞ്ഞല്ലേ വിട്ടത് “

അവര് ചോദിച്ചപ്പോഴാണ് നന്ദന പോലും അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചത്. പെട്ടെന്ന് തന്നെ നന്ദന ഫോണെടുത്ത് ഭദ്രന്റെ ഫോണിലേക്ക് വിളിച്ചു..

സ്വിച്ചു ഓഫ്‌ എന്നായിരുന്നു അതിൽ നിന്നും കേട്ട മറുപടി..

“അമ്മേ, ഭദ്രേട്ടൻ ഫോൺ ഓഫ് ചെയ്തു വെച്ചല്ലോ,  പറഞ്ഞതുപോലെ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ ഇനി”

അത് ചോദിച്ചത് നന്ദന കരഞ്ഞു പോയി.

“എനിക്കറിയില്ല കുഞ്ഞേ, അവന്റെ സ്വഭാവം വച്ച് ഏത് രീതിയിലായിരിക്കും ഇനി പ്രതികരിക്കുന്നതെന്നു,  നീ വല്ലതും പറഞ്ഞായിരുന്നോ അവനോട്”

“എങ്ങനെയൊക്കെയോ എല്ലാ സത്യങ്ങളും മനസ്സിലാക്കിയാണമ്മേ ഏട്ടൻ വന്നത്,അതുകൊണ്ട് കൂടുതലൊന്നും ഞാൻ പറയേണ്ടതായി വന്നില്ല

“എന്റെ ഭഗവാനെ ഇനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമോ ആവോ, പേടിയായിട്ട് വയ്യ…. വെട്ടൊന്ന് മുറി രണ്ട് എന്നുള്ള രീതിയാണ് അവന്റേത്..”

ഗീതമ്മ ഇരുന്ന് കരയാൻ തുടങ്ങി.

എന്ത് ചെയ്യണമെന്ന് അറിയാതെ പ്രാർത്ഥനയോടുകൂടി ഇരിക്കാൻ മാത്രമേ നന്ദനയ്ക്ക് അപ്പോൾ സാധിച്ചുള്ളൂ. ഇവിടെ നിന്നും എവിടേക്കെങ്കിലും ഇറങ്ങിപ്പോകാമെന്ന് കരുതിയതായിരുന്നു,പക്ഷേ, ഭദ്രേട്ടന് പേടിയാണ്..

കരഞ്ഞു തളർന്ന് അവൾ ചുവരിലൂടെ ഊർന്നു നിലത്തേക്ക് ഇരുന്നു.

******************

രാത്രി ഏകദേശം 8 മണിയായി കാണും നേരം. അച്ചായനും ആയിട്ട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. സത്യസന്ധമായി തന്നെയായിരുന്നു ഭദ്രൻ അയാളോട് കാര്യങ്ങളൊക്കെ പറഞ്ഞത്.

എല്ലാം കേട്ട് കഴിഞ്ഞതും, അച്ചായന്റെ മുഖം മുറുകി.

ആകെക്കൂടി അയാൾക്ക് ഒരു കാര്യം മാത്രമേഭദ്രേനോട് ആവശ്യപ്പെട്ടുള്ളൂ.

“എടാ ഭദ്ര, പറക്കമുറ്റാത്ത ഒരു കുഞ്ഞുo, പാവം പിടിച്ച് ഒരു പെണ്ണും, പ്രായമായ ഒരു അപ്പനും അമ്മയും ഉള്ളതാണ് അവന്, കാര്യം പറഞ്ഞാൽ കൂട്ടത്തിൽ ഉള്ളതാണെങ്കിലും, ലോക ചെ-റ്റയാണ് അവൻ, നീ കൊടുത്തോ,വേണ്ടെന്ന് പറയില്ല,പക്ഷേ കൊല്ലാതെ വിട്ടേക്കണം,അതേയുള്ളൂ അച്ചായന് നിന്നോട് പറയാന്.

അവന്റെ മുന്നിൽ യാചനയോട് കൂടിയായിരുന്നു ജോസ് അച്ചായൻ അത് പറഞ്ഞത്. എല്ലാം കേട്ടുവെങ്കിലും ഭദ്രന് യാതൊരു കുലുക്കവും ഇല്ലായിരുന്നു.

അവന്റെ ഉള്ളിൽ ടോണിയോടുള്ള പക ആളിക്കത്തി. എങ്ങനെയെങ്കിലും അവനെ തീർത്തു കളയണം എന്നൊരു ലക്ഷ്യം മാത്രമേ ഭദ്രന് ഉള്ളായിരുന്നു.

********************

പലതവണ നന്ദനയും അമ്മയും പെൺകുട്ടികളും ഒക്കെ മാറി മാറി ഭദ്രേനെ ഫോൺ വിളിച്ചു നോക്കിയെങ്കിലും,സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. സൂസമ്മയെ, ഗീത വിളിച്ചുവെങ്കിലും, അച്ചായനും ആയിട്ട് ഭദ്രൻ പുറത്ത് എവിടെയോ ഉണ്ടെന്നായിരുന്നു, അവരിൽ നിന്നും അറിയാൻ കഴിഞ്ഞത്.

അവിടെ അവൻ ഉണ്ടെന്നുള്ള കാര്യം അറിഞ്ഞപ്പോൾ എല്ലാവർക്കും സമാധാനമായി. പക്ഷേ ടോണിയെ ഭദ്രൻ തീർത്തു കളയും എന്നുള്ളത്, നന്ദനക്ക് വ്യക്തമായിരുന്നു.

എല്ലാ കാര്യങ്ങളും അമ്മയോടും അനുജത്തിമാരോടും പറഞ്ഞുവെങ്കിലും, ടോണി തന്നോട് അപമര്യാദയായി പെരുമാറിയത് നന്ദന അവരിൽ നിന്നും മറച്ചുവെച്ചു. അത് അറിയാവുന്ന ഏക വ്യക്തി ഭദ്രൻ മാത്രമായിരുന്നതിനാൽ, ടോണിയ്ക്കിട്ട് ഭദ്രൻ കൊടുക്കും എന്നുള്ളത് അവൾ തീർച്ചപ്പെടുത്തി..

*************

അന്നത്തെ ആ സംഭവത്തിനു ശേഷം, ബാറിൽ പോയി നന്നായി ഒന്നു മിനുങ്ങി,തന്റെ കാറും ഓടിച്ചു കൊണ്ട്,വരികയാണ് ടോണി.

ചുറ്റും വിജനമായ റബർതോട്ടമാണ്, ഏകദേശം 10 15 ഏക്കറോളം വ്യാപിച്ചു കിടക്കുകയാണ്, മുഴുവനും അച്ചായന്റെ തന്നെ സ്ഥലം ആണ്, ഒത്ത നടുക്കായാണ് അച്ചായന്റെ വീടും ഓഫീസും ഒക്കെ..അവിടെയുള്ള ഒരു ഔട്ട് ഹൗസിലാണ് ടോണി താമസിക്കുന്നത്.,

മെയിൻ റോഡ് കഴിഞ്ഞ് തോട്ടത്തിലൂടെ വണ്ടിയോടിച്ച് വന്ന ടോണിയുടെ മുന്നിൽ, വിലങ്ങനെ ഇരിയ്ക്കുന്നുണ്ട് ഒരു ബൈക്ക്.. അതാരുടേതാണെന്ന് മനസ്സിലാക്കുവാൻ ടോണിയ്ക്ക് അധികം നേരം ഒന്നും വേണ്ടിവന്നില്ല. പെട്ടെന്ന് അവന്റെ ഉള്ളിൽ വല്ലാത്തൊരു ഭയം വന്നു  മൂടി. വണ്ടി പുതിയ സ്ലോ ചെയ്ത ശേഷം അവൻ ചുറ്റിനും നോക്കി.

അവിടെയൊന്നും ആരെയും കാണുന്നില്ലയിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം അവൻ ഒന്ന് പകച്ചു. പക്ഷേ എന്തോ ഒരു അപകടം ഒളിഞ്ഞിരിക്കുന്നതായി അവനു വ്യക്തമായി. ഫോണെടുത്ത് അച്ചായനെ ഒന്ന് വിളിച്ചാലോ എന്നായിരുന്നു ആദ്യം ചിന്തിച്ചത്.

പലവിധ ആലോചനകൾ ഒരു നിമിഷം കൊണ്ട് അവന്റെ മനസ്സിലൂടെ കടന്നുപോയി.

അപ്പോഴേക്കും ചില്ല് പൊട്ടി തകരുന്ന ഒരു ശബ്ദം കേട്ട് അവൻ ഞെട്ടി വിറച്ചു. കാറിന്റെ ബാക്ക് ലേ ഗ്ലാസ്‌ മുഴുവൻ തകർന്നു തരിപ്പണം ആയിരുന്നു അപ്പോളേക്കും.

തുടരും….