നിന്നെയും കാത്ത്, ഭാഗം 70 – എഴുത്ത്: മിത്ര വിന്ദ

ഭദ്രൻ തിരികേ വീട്ടിൽ എത്തിയപ്പോൾ അമ്മയും പെൺകുട്ടികളും ഉമ്മറത്തു ഉണ്ട്. അവന്റെ മിഴികൾ എന്നാൽ ആദ്യം തേടിയത് നന്ദനയെ ആയിരുന്നു. ബൈക്കിൽ നിന്നും ഇറങ്ങിയതും അമ്മുവും മിന്നുവും പാഞ്ഞു വന്നു.

“വല്യേട്ടാ… ഇതെവിടെ ആയിരുന്നു, എത്ര തവണ ഫോൺ വിളിച്ചു, എന്താ എടുക്കാഞ്ഞത്….”

മിന്നു കരഞ്ഞു കൊണ്ട് ചോദിച്ചപ്പോൾ കേട്ടു ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം. അവൻ പെട്ടന്ന് അവിടേക്ക് മുഖം തിരിച്ചു. കുളി കഴിഞ്ഞു ഇറങ്ങി വരുന്നുണ്ടായിരുന്നു നന്ദന.

കവിളിൽ നന്നായിട്ട് നീര് ഉണ്ട്..അവിടം വല്ലാണ്ട് വീങ്ങിയാണ് കിടക്കുന്നത്. ഭദ്രനെ കണ്ടതും അവളുടെ മിഴികൾ നിറഞ്ഞു ഒഴുകി.

അനിയത്തിമാരെയും ചേർത്തു പിടിച്ചു കൊണ്ട് അവൻ അമ്മയുടെ അരികിലേക്ക് കയറി ചെന്നപ്പോൾ അവരും കരഞ്ഞു കൊണ്ടിരിപ്പുണ്ട്.

“എന്റെ മോൻ അന്ന് ആകുന്ന പറഞ്ഞത് ആയിരുന്നു ജോലിക്ക് ഒന്നും പോകേണ്ടന്ന്.. അത് കേട്ടിരുന്നെങ്കിൽ ഇന്ന് ഇവിടെ ആർക്കും കരയേണ്ട അവസ്ഥ വരില്ലായിരുന്നു, എന്തൊക്കെയാണ് എന്റെ ഭഗവാനെ സംഭവിച്ചത്, യാതൊരു തെറ്റും ചെയ്യാത്ത, എന്റെ മോളെ അവൻ എല്ലാവരുടെയും മുമ്പിൽ വച്ച്, അപമാനിച്ചല്ലോ… അമ്മ പിന്നെയും പുലമ്പി കൊണ്ടിരുന്നു.

ഭദ്രൻ ആരോടും ഒരക്ഷരം പോലും പറയാതെ നേരെ, മുറിയിലേക്ക് ചെന്ന്, അഴയിൽ കിടന്നിരുന്ന തോർത്തെടുത്ത്, കിണറ്റിൻകരയിലേക്ക് പോയി. കുളി കഴിഞ്ഞ് കയറി വന്നപ്പോൾ, മിന്നു ഊണ് വിളമ്പി വച്ചുവെങ്കിലും, ഭദ്രൻ അത് കഴിക്കാൻ കൂട്ടാക്കിയില്ല, രണ്ടു ദോശ കഴിച്ചിട്ടാണ് വന്നതെന്ന് പറഞ്ഞു അവൻ നേരെ കട്ടിലിൽ പോയി കിടന്നു..

നന്ദനയ്ക്ക് ഒരിറ്റു വെള്ളം പോലും ഇറങ്ങില്ലായിരുന്നു, ടോണിയുടെ അടുത്തേക്ക്, പോകും മുന്നേ ഭദ്രൻ , നന്ദനയുടെ, കവിളിൽ കുത്തിപ്പിടിച്ചതിനാൽ, വായുടെ ഉൾവശത്തെ, തൊലി മുഴുവൻ പോയിരുന്നു, അതുകൊണ്ട് അവൾക്ക്, വേദന കാരണം, ഒന്നും കഴിക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. അല്ലെങ്കിലും അവൾക്ക് വിശപ്പ് ദാഹവും ഒക്കെ,  നഷ്ടമായതാണ്. എങ്ങനെയെങ്കിലും ഈ ജീവിതം ഒന്ന് തീർന്നു കിട്ടുവാനാണ് നന്ദന ഈശ്വരനോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നത്..

ഭദ്രന്റെ അടുത്തേക്ക് കയറി ചെല്ലാൻ പോലും അവൾക്ക് ഭയം ആയിരുന്നു. അവൻ പറഞ്ഞിട്ട് പോയ ഓരോ വാചകങ്ങളും ഓർക്കുമ്പോൾ നന്ദുവിനു ചങ്ക് പൊട്ടി.

ശരിയാണ് പഠിക്കാൻ വിട്ട നേരത്ത് കണ്ടവനെ പ്രേമിച്ചു നടന്നത് കൊണ്ട് ആണ് ഒരു തെറ്റും ചെയ്യാത്ത ഭദ്രേട്ടൻ പോലും ഈ ഗതിയിൽ ആയതു..തന്നെ വലിച്ചു തലയിൽ വെച്ചതോടെ പാവത്തിന്റെ ജീവിതം കൂടി കുഴപ്പത്തിൽ ആയി. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ പരിഹസിക്കപ്പെട്ടു, ഇന്ന് ഇപ്പൊ കമ്പനി യിൽ പോലും , തല കുനിച്ചു നടക്കേണ്ടതായി വന്നു ആ പാവത്തിന്.

എല്ലാത്തിനും കാരണം താൻ ഒരുത്തിയാണ്.. ശപിക്കപ്പെട്ട ജന്മം ആയി പോയി തന്റെത്.. കരഞ്ഞു കൊണ്ട് ഇരുന്നു വിതുമ്പുന്നവളുടെ തോളിൽ ഒരു കര സ്പർശം.നോക്കിയപ്പോൾ അമ്മയാണ്..

“നേരം ഒരുപാട് ആയി, മോള് ചെല്ല്.. ചെന്നു കിടക്കാൻ നോക്ക്, അവനും ആകെ തകർന്നാണ് വന്നു കിടക്കുന്നെ.. ചെന്നു എന്തെങ്കിലും പറഞ്ഞു അവനെ സമാധാനിപ്പിക്ക് “

അവർ പറഞ്ഞതും മറുത്തൊരു അക്ഷരം പോലും പറയാതെ, നന്ദു എഴുന്നേറ്റു മുറിയിലേക്ക് ചെന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും,ഭദ്രൻ ഒന്നു മുഖം തിരിച്ചു.

മുറിയിലേക്ക് കയറി  വാതിൽ അടച്ച് അകത്തെ, കുറ്റിയിട്ട ശേഷം, നന്ദന ഭദ്രന്റെ അരികിലേക്ക് വന്നു.. അവൻ പക്ഷേ അവളെ ഒന്നു നോക്കുക പോലും ചെയ്തില്ല.

ലൈറ്റ് ഓഫ് ചെയ്ത ശേഷം, ബെഡിലേക്ക് കയറി അവള് കിടന്നപ്പോൾ ഭദ്രൻ എഴുന്നേറ്റു. എന്നിട്ട്  വെറും നിലത്തേയ്ക്ക് കിടന്നു. അത് കണ്ടതും നന്ദുവിനു നെഞ്ചു പൊട്ടിപ്പോയി.

ഭദ്രേട്ടാ. എഴുന്നേറ്റു ഇരുന്ന് അവൾ മെല്ലെ വിളിച്ചു.

അവൻ പക്ഷെ തിരിഞ്ഞു കിടക്കുകയാണ് ചെയ്തത്. പിന്നീട് നന്ദന ഒന്നും മിണ്ടാതെ കൊണ്ട് ചുവരിൽ ചാരി അതേ ഇരുപ്പ് തുടർന്നു.

ഇടയ്ക്ക് അവളിൽ നിന്നും ഉതിർന്നു വരുന്ന തേങ്ങൽ കേട്ട് കൊണ്ട് ഉറങ്ങാതെ ഭദ്രനും കിടക്കുകയാണ്.

ഇത്രയധികം സ്നേഹിച്ചിട്ടും നന്ദന തന്നിൽ നിന്നും എല്ലാം ഒളിച്ചു വെച്ചല്ലോ… ഒന്നുല്ലെങ്കിലും താൻ അവളുടെ ഭർത്താവ് അല്ലേ.. ആ ഒരു വിചാരം ഉണ്ടായിരുന്നു എങ്കിൽ ഒരു വാക്ക് എങ്കിലും പറയില്ലായിരുന്നോ… മനഃപൂർവം അല്ലേ തന്നെ അകറ്റിയത്. ആ ഓർമ അവനേ ഓരോ നിമിഷവും ചുട്ടു പൊള്ളിച്ചു..

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും ഭദ്രൻ നിലത്തു കിടന്നപ്പോൾ മിഴിനീർ കണങ്ങളെ പുൽകി നന്ദനയും നേരം വെളുപ്പിച്ചു.

*****************

രാവിലെ ഭദ്രൻ ഉണർന്നപ്പോൾ കാണുന്നത് തന്റെ കാൽ കീഴിൽ ചുരുണ്ടു കൂടി കിടക്കുന്നവ നന്ദനയെ ആയിരുന്നു. പതിയെ എഴുനേൽക്കാൻ തുടങ്ങിയപ്പോൾ ആണ് കാണുന്നത് തന്റെ ദേഹത്തു പുതപ്പ് വിരിച്ചിരിക്കുന്നത്. അത് നന്ദു ആണ് ചെയ്തത് എന്ന് അവനു വ്യക്തമായി.

പുതപ്പ് എടുത്തു മാറ്റി അവളുടെ ദേഹത്തേക്ക് ഇടാൻ തുടങ്ങിയപ്പോൾ കണ്ടു വേഗം എഴുന്നെറ്റ് വരുന്നവളെ. അപ്പോളും അവളുടെ കവിളിലൂടെ കണ്ണുനീര് ഒലിച്ചു ഇറങ്ങുന്നുണ്ട്. കരഞ്ഞു കരഞ്ഞു മുഖം ഒക്കെ ഇടുമിച്ചു ആകെ വല്ലാണ്ട് ആയിരുന്നു…രണ്ടു ദിവസം കൊണ്ട് അവൾ ആകെ ക്ഷീണിച്ചു ഒരു കോലം ആയി.

ഭദ്രൻ എഴുന്നേറ്റ് മുണ്ട് അഴിച്ചു മുറുക്കി ഉടുത്തു കൊണ്ട് ബെഡിലേക്ക് ഇരുന്നു. പുതപ്പ് മടക്കി ഇട്ട ശേഷം നന്ദന വാതിലു തുറന്നു ഇറങ്ങി പോയി. ഒരു പ്രകാരത്തിൽ പല്ലും തേച്ചു മുഖം കഴുകി. അടുക്കളയിൽ ചെന്നപ്പോൾ അമ്മ കട്ടൻ തിളപ്പിക്കുന്നുണ്ട്.

“ആഹ്, മോളെ… അവൻ എഴുന്നേറ്റോ “

“ഹ്മ്മ്… എഴുന്നേറ്റു അമ്മേ…”

“ഇന്നാ ഈ കാപ്പി കുടിയ്ക്ക്, ഇന്നലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ,”

അമ്മ പറഞ്ഞപ്പോൾ നന്ദന ആ കാപ്പി മേടിച്ചു. മെല്ലെ ഒന്നു മൊത്തി കുടിച്ചു. വേദന കൊണ്ട് പുളയുകയാണ്.എന്നാലും വല്ലാത്ത പരവേശം ആയിരുന്നു. കുറേശെ എങ്ങനെ ഒക്കെയോ കുടിച്ചു എന്ന് വരുത്തി. ഗ്ലാസ്‌ കഴുകി വെച്ച ശേഷം,നേരെ ഭദ്രന് ഉള്ളതും എടുത്തു കൊണ്ട് മുറിയിലേക്ക് ചെന്നു.

അവൻ അപ്പോളും അതേ ഇരുപ്പ് ആയിരുന്നു.

ഭദ്രേട്ടാ… കാപ്പി.

പറഞ്ഞു കൊണ്ട് അവൾ അത് നീട്ടി എങ്കിലും ഭദ്രൻ ഒന്നു നോക്കുക പോലും ചെയ്തില്ല.

“വെറുപ്പ് ആണെന്ന് അറിയാം,,തെറ്റാണു ചെയ്തതും… മാപ്പ് ചോദിക്കാൻ ഉള്ള അർഹതയും ഇല്ല…. അതുകൊണ്ട് ഞാൻ… ഞാൻ എന്റെ വീട്ടിലേക്ക് പൊയ്ക്കോട്ടേ ഏട്ടാ….

വളരെ ശബ്ദം താഴ്ത്തിയാണ് നന്ദന ചോദിച്ചത്. ഭദ്രൻ അപ്പോളും ഒരക്ഷരം പോലും അവളോട് മിണ്ടിയില്ല.

“ഭദ്രേട്ടാ….”

“എനിക്ക് വാക്ക് ഒന്നേ ഒള്ളു.. അനുസരിക്കാൻ പറ്റില്ലെങ്കിൽ പോകാം, പിന്നീട് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല….”

എഴുന്നേറ്റ് പുറത്തേക്ക്പോകും മുൻപ് അവൻ നന്ദനയെ നോക്കി പറഞ്ഞു.

തുടരും….