പിറ്റേന്ന് വെളുപ്പിന് അവൾ തിരിച്ചു പോയി. നമ്പർ മേടിച്ചു വിളിക്കുമ്പോൾ ഒരു ടെൻഷനും തോന്നിയില്ല…

Story written by Ammu Santosh

“സാർ ഒരു കാൾ ഉണ്ട് “

കേണൽ കാശി നാഥൻ വാതിൽക്കലേക്ക് നോക്കി

“ആരാണ് എന്ന് അയാൾ ആംഗ്യം കാണിച്ചുചോദിച്ചു

“മേജർ പാർഥിപൻ “

അവൻ വേഗം ഫോൺ വാങ്ങി. പുലരുന്നതേയുള്ളു

“ഗുഡ്മോർണിംഗ് സാർ “

“ഗുഡ്മോർണിംഗ് കാശി ന്യൂസ്‌ കണ്ടിരുന്നോ?”

അയാൾ ഒന്ന് അമ്പരന്ന് പോയി

“സാർ?”

“വയനാട്ടിൽ ഉരുൾ പൊട്ടിയത് അറിഞ്ഞിരുന്നോ. ചൂരൽമല എന്നൊരു ഗ്രാമം മുഴുവൻ ഒലിച്ച് പോയെന്നാണ് രഹസ്യവിവരം ‘”

കാശിയുടെ നെഞ്ചിൽ ഒരു ഉരുൾ പൊട്ടി. കാതിൽ ഒരു കൊഞ്ചൽ മുഴങ്ങുന്നു

“ഞാനോ…ഞാൻ ചൂരൽ മലയിലാണ്..ഞാൻ ജനിച്ചത് ഇവിടെയാ. ഇവിടെ ഒന്ന് വന്നു നോക്ക്. കശ്മീർ ഒന്നും ഒന്നുമല്ല “

“ഓ പിന്നേ…” താൻ കളിയാക്കും

“ആന്ന്. ഒരു പ്രാവശ്യം വന്നാ തിരിച്ചു പോകില്ല അത്ര ഭംഗിയാ “

“അത് ശരിയാവും നീ അവിടെ ഉണ്ടല്ലോ..പിന്നെങ്ങനെ തിരിച്ചു വരാൻ തോന്നും “

അമർത്തിയ ചിരി

“ഞാൻ കരുതി പട്ടാളക്കാരൊക്കെ വലിയ ഗൗരവക്കാരാണെന്ന് “

“ഇപ്പൊ അഭിപ്രായം മാറിയില്ലേ?”

‘കണ്ടാൽ അല്ലെ അറിയൂ? “

“കാണുമല്ലോ…ഉടനെ കാണും..കണ്ടു കഴിഞ്ഞാൽ കെട്ടി കൂടെ കൊണ്ട് പോരും “

‘അശ്ശോ…അത്രയ്ക്ക് ഇഷ്ടാ? “

“ഈ യൂണിഫോമിനോടുള്ള
അത്രയും ഇഷ്ടം “

തന്റെ പാറു..അവൾ അവിടെയാണ്…

മേജർ വീണ്ടും എന്തൊക്കെയോ പറഞ്ഞു. അവൻ അത് ഒന്നും കേട്ടില്ല

ഫോൺ കട്ട്‌ ആയി.

അവൻ വേഗം അവളുടെ നമ്പറിൽ ട്രൈ ചെയ്തു. കിട്ടുന്നില്ല. അവനെ വിയർത്തു കുളിച്ചു

കശ്മീരിൽ ഭീകരവാദികളുടെ മുന്നിലേക്ക് നെഞ്ചും വിരിച്ചു പോയപ്പോൾ പോലും പകച്ചിട്ടില്ല. ബോംബ് സ്-ഫോടനത്തിൽ പരിക്ക് പറ്റി ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ പോലും ഇത്രയും വേദനിച്ചില്ല

ഇത്….

പാർവതി…

ഒരു ഉത്സവത്തിന് കണ്ടതാണ് പാർവതിയെ. തന്റെ നാട്ടിൽ വെച്ച്…

ഒരവധിക്ക് വന്നതായിരുന്നു. താലപ്പൊലി എടുത്തു കൊണ്ട് പോകുന്ന പെൺകുട്ടികൾ. ഒരാൾ മാത്രം ഉള്ളിൽ ഉടക്കി. ശ്രീപാർവതി

സാക്ഷാൽ ശ്രീപാർവതി തന്നെ. നോക്കിനിന്നു പോയി

“കേണൽ കാശി യുടെ മനസ്സ് ഇടറിയോ?” കൂട്ടുകാരൻ ജിതിൻ കളിയാക്കി.

അവന്റെ വീട്ടിലാണ് അവൾ വന്നത്. അവന്റെ അനിയത്തിയുടെ കൂട്ടുകാരി.

“എനിക്ക് നമ്പർ വേണം “

നോട്ടം മാറ്റാതെ താൻ പറഞ്ഞു
ആർമിയിൽ നോർത്ത് ഇന്ത്യൻ സുന്ദരിമാരെ ധാരാളം കണ്ടിട്ടുണ്ട്. ഡോക്ടർമാർ, നേഴ്സ് മാർ, ആർമി ഓഫീസർസ്. പോകുന്ന സ്ഥലങ്ങളിൽ ഉള്ള പെൺകുട്ടികൾ. കശ്മീരിലെ സുന്ദരികൾ. മനസ്സ് ഒന്ന് ഉലഞ്ഞിട്ടു പോലുമില്ല.

ഇതിപ്പോ ഭ്രാന്ത് പിടിച്ച അവസ്ഥയായി. അവൾ തന്നെ കണ്ടില്ല.

പിറ്റേന്ന് വെളുപ്പിന് അവൾ തിരിച്ചു പോയി. നമ്പർ മേടിച്ചു വിളിക്കുമ്പോൾ ഒരു ടെൻഷനും തോന്നിയില്ല. ഏതോ ജന്മത്തിൽ ഒപ്പം ഉണ്ടായിരുന്നവളെ വിളിക്കും പോലെ

അവൾക്ക് പേടിയായിരുന്നു. ആദ്യമൊക്കെ സാധാരണ പോലെ

പിന്നേ പറഞ്ഞു

ഇഷ്ടമാണ്…

മറുപടി കിട്ടാൻ പിന്നെയും സമയം എടുത്തു

“ഗ്യാരണ്ടീ ഇല്ലാത്ത ലൈഫ് ആണ്. ഇഷ്ടം ഉണ്ടെങ്കിൽ എന്റെ ജീവിതം നീയെടുത്തോ “

അതായിരുന്നു പ്രൊപോസൽ

പിന്നെ കുറച്ചു ദിവസം കഴിഞ്ഞു തിരിച്ചു വിളിച്ചു

“ആരുടെ ജീവിതത്തിനാണ് ഗ്യാരന്റി? അങ്ങനെ ഒന്നുല്ല..അതല്ല. ഞാൻ ഒരു സാധാരണ പെണ്ണാണ്..ഞാൻ ശരിയാകുമോ?”

ചിരിച്ചു പോയി

“ശരിയാക്കാം “

അവിടെ ചിരി

“എങ്കിൽ ആ ലൈഫ് എനിക്ക് തന്നേക്ക്. പൊന്നു പോലെ നോക്കിക്കോളാം “

പിന്നെ കത്തിപ്പടർന്ന പ്രണയം

തന്റെ ഫോട്ടോ ഒന്നും കൊടുത്തേക്കരുത് എന്ന് ജിതിന് കർശന നിർദേശം കൊടുത്തിരുന്നു. അവളോടും പറഞ്ഞു

“എനിക്ക് നിന്നെ ആദ്യമായി കാണുമ്പോൾ ആ മുഖത്തെ ഭാവങ്ങൾ കാണാനാണ്. നീ ഫോട്ടോ കാണരുത്. ഞാൻ അത്യാവശ്യം ഗ്ലാമർ ആണെടി “

അവൾ പൊട്ടിച്ചിരിച്ചു

ആ ചിരി കാതിൽ ഉണ്ട്

കാശിയേട്ടാ എന്ന ഒറ്റ വിളിയിൽ പ്രപഞ്ചം ഒതുങ്ങി

ആർമിയിലെ സംഘർഷങ്ങൾക്ക് നടുവിൽ ആ മുഖം കുളിർമഞ്ഞു പോലെ…

വയനാട്ടിൽ ചൂരൽ മലയിലാണ് വീട് എന്ന് മാത്രേ അറിയൂ.

ഇനി നാട്ടിൽ വരുമ്പോൾ വരണേ അവൾ പറയും. അങ്ങനെ ഒരു അപേക്ഷയുടെ പ്രസക്തി ഇല്ല. വന്നു കൊണ്ട് പോകുമെന്ന് ഉറപ്പല്ലേ എന്ന് മറുപടി കൊടുത്തു.

എന്നും വിളിക്കാൻ കഴിയാറില്ല. സാധാരണ കാമുകൻമാരെ പോലെ സമയം ഇല്ല. പരാതി ഇല്ല

ഒരു മെസ്സേജ് മാത്രം മതി. ആള് ഹാപ്പി ആണ്. പഠിക്കുകയാണ്. പോസ്റ്റ്‌ ഗ്രാജുവേഷൻ

കാശി ന്യൂസ്‌ വെച്ചു നോക്കി

ഭീകരമായ ദൃശ്യങ്ങൾ

“കാശി “
കേണൽ ശ്രീറാം. തമിഴനാണ്

“നമ്മുടെ ബറ്റാലിയൻ അങ്ങോട്ടേക്ക് തിരിക്കുകയാണ്. ഞാൻ ആണ് ഇൻചാർജ്. നീ ഇവിടെ ഉണ്ടാകുമല്ലോ “

“ശ്രീ…ഞാൻ.. ഞാൻ പോകാം “

ശ്രീറാം ഒന്ന് അമ്പരന്ന് പോയി

“പ്ലീസ് ഞാൻ മേജർ പാർഥിപനെ വിളിച്ചു പറയാം..എനിക്കു പോകണം “

അവന്റെ കണ്ണ് നിറഞ്ഞത് ശ്രീറാം കണ്ടു. ഒരു പക്ഷെ കേരളമായത് കൊണ്ടാവും. അത്രയേ ശ്രീറാം കരുതിയുള്ളു

ഹൃദയത്തിൽ അഗ്നിയാണ്. ദേഹം ചുട്ടു പൊള്ളുന്നുണ്ട്. പൊന്ന് പോലെ നോക്കാമെന്നു പറഞ്ഞവൾ. ഒരിക്കൽ മാത്രം കണ്ടു നെഞ്ചിൽ പതിഞ്ഞവൾ. ജീവനോടെ ഉണ്ടോന്ന് അറിയാനുള്ള പാച്ചിലാണ്. അവൻ പാതി ചത്തത് പോലെ ആയി.

പക്ഷെ സംഭവം നടന്ന സ്ഥലത്തേക്ക് കടന്നപ്പോൾ അവന്റെ മനസിൽ നിന്ന് പാർവതി മാഞ്ഞു പോയി. പകരം നൂറുകണക്കിന് മനുഷ്യരുടെ ചിതറിയ ശരീരങ്ങളുടെ കാഴ്ചകൾ. ആർത്തനാദങ്ങൾ.
ഇരമ്പിയാർക്കുന്ന പ്രളയജലം. മുട്ടുവരെ കുതിർന്ന ചെളിയിൽ പുതഞ്ഞ മൃതശരീരങ്ങൾ.

അവൻ ഓരോന്നും എടുക്കുമ്പോൾ ആ മുഖം നോക്കും തന്റെ…തന്റെ പെണ്ണായിരിക്കുമോ…

അല്ല എന്ന് കാണുമ്പോൾ അല്പം ആശ്വാസം. പക്ഷെ അത് നീണ്ടു നിൽക്കില്ല.

മൃതശരീരങ്ങൾ അവസാനിക്കുന്നില്ല. പുഴകളിൽ കൂടി ഒഴുകി വരുന്ന ശരീരങ്ങൾ.

ഒറ്റപ്പെട്ട തുരുത്തുകളിൽ കുടുങ്ങി കിടക്കുന്ന മനുഷ്യർ

ഓരോരുത്തരെയും രക്ഷിക്കുമ്പോൾ ഉള്ളിൽ എവിടെയെങ്കിലും അവൾ ജീവനോടെ ഉണ്ടാകണേ എന്നൊരു പ്രാർത്ഥന.

കൈകാലുകൾ മുറിഞ്ഞ കബന്ധങ്ങളിൽ അവളെ തിരഞ്ഞപ്പോ കരഞ്ഞു പോയി സ്വന്തം കർത്തവ്യം ചെയ്യുമ്പോഴും, തേടിക്കൊണ്ടിരുന്നു പ്രിയപ്പെട്ടവളെ

രാത്രി എന്നില്ലാതെ പകൽ എന്നില്ലാതെ ഡ്യൂട്ടി ചെയ്യുന്നതിനിടയ്ക്ക് മരിച്ചവരുടെ ലിസ്റ്റിൽ ശ്രീപാർവതി മേനോൻ ഉണ്ടോന്ന് മനസ്സ് തിരഞ്ഞു കൊണ്ടിരുന്നു.

അവൾ അയച്ചു തന്ന സ്ഥലത്തിന്റെ ദൃശ്യഭംഗിക്ക് മേൽ ചെളി പുതഞ്ഞു കിടന്നു. അവളുടെ അച്ഛൻ, അമ്മ, അനിയൻ, ഒക്കെ കേട്ട് കേൾവി മാത്രം…

ജിതിനെ വിളിച്ചു. അവനും വ്യക്തമായി അറിയില്ല. അനിയത്തിക്കും അഡ്രസ് അറിയില്ല

ദിവസങ്ങൾ കഴിഞ്ഞു പോകുന്നു…

മണ്ണിനടിയിൽ ഇനിയും ഉണ്ട് നുറു കണക്കിന് മനുഷ്യർ. ആറാം ദിവസം ജിതിൻ അഡ്രസ് കണ്ടു പിടിച്ചു അയച്ചു തന്നു

ആ അഡ്രസ് നോക്കി പോയി. ആ വീടില്ല

“ആ വീട്ടിലെ എല്ലാവരും മരിച്ചു പോയി സാറെ. വേറെ ഹോസ്പിറ്റലിൽ ആണ് ബോഡി സൂക്ഷിച്ചു വെച്ചേക്കുന്നേ. “

ആരോ പറഞ്ഞത് കേട്ട് കാശി കണ്ണുകൾ ഇറുക്കിയടച്ചു

ഒരു ജന്മം ജീവിക്കാനുള്ള സ്നേഹം തന്നിട്ട് എന്തിനാ നീ എന്നെ വിട്ടു പോയതെന്ന് രാത്രികളിൽ ആരും കാണാതെ അവൻ ഇരുട്ടിനോട് ചോദിച്ചു
ഉറക്കം ഇല്ല. രാത്രിയിൽ അവൻ ആ സ്ഥലത്ത് പോയി നിൽക്കും. ഇവിടെ അവളുണ്ടായിരുന്നു

തന്നെ ഓർത്തു കൊണ്ട്…തന്നെ പ്രണയിച്ചു കൊണ്ട്…ഒരിക്കലും കാണാതെ തന്നെ സ്നേഹിച്ചു കൊണ്ട്…തന്നെ ആഗ്രഹിച്ചു കൊണ്ട്….

“സാർ..തിരിച്ചു പോകാൻ സമയം ആയി അല്ലേ?”

ഗൗതം

ഒരു പട്ടാളക്കാരനാണ്. ജോലിയിൽ കയറിയതേയുള്ളു. മിടുക്കൻ ആണ്.

“ഉം “കാശി ഒന്ന് മൂളി

“സാറിന് ഈ മലയിൽ അറിയാവുന്ന ആരെങ്കിലും ഉണ്ടായിരുന്നോ?”

കാശി പെട്ടെന്ന് മുഖം പൊത്തി തിരിഞ്ഞു. ഗൗതം പതറിപ്പോയി

“സോറി സാർ “

“its ഓക്കേ “

അവൻ ഇടറിയ ശബ്ദത്തിൽ പറഞ്ഞു

പിറ്റേന്ന് ആർമി അവരുടെ ഡ്യൂട്ടി തീർത്തു മടങ്ങുകയാണ്. നല്ലവരായ ആ നാട്ടുകാരിൽ ശേഷിക്കുന്നവർ അവർക്കൊരു യാത്ര അയപ്പ് നൽകി. അവർ കൊടുത്ത സ്നേഹത്തിനും ധൈര്യത്തിനും അവർ ഹൃദയത്തിൽ തൊട്ട് നന്ദി പറഞ്ഞു

“ദുരിതാശ്വാസ ക്യാമ്പിൽ ഉള്ളവർക്ക് ഒന്ന് കാണണമെന്നുണ്ട് ബുദ്ധിമുട്ട് ഇല്ലെങ്കിൽ..”

ഒരു രാഷ്ട്രീയ പ്രവർത്തകൻ പറഞ്ഞപ്പോൾ അവർ അതിന് സമ്മതിച്ചു. ഉറ്റവരും ഉടയവരും ഇല്ലാത്തവർ. ഇന്നലെ വരെ അമ്മയുടെ നെഞ്ചിൽ ഉറങ്ങിയ കുഞ്ഞുങ്ങൾ ഇന്ന് അമ്മയില്ലായ്മയിൽ കരഞ്ഞു തളർന്നുറങ്ങുന്നുണ്ടായിരുന്നു

ഭാര്യയെ നഷ്ടമായ ഭർത്താക്കന്മാർ, മക്കളെ നഷ്ടമായ അമ്മമാർ…

യുദ്ധ മുഖത്ത് പോലും പതറാതെ പിടിച്ചു നിന്ന പട്ടാളക്കാരിൽ പലരും കരഞ്ഞു പോയി. അഴിഞ്ഞുലഞ്ഞ നീണ്ട മുടിയാണ് ആദ്യമായി അവന്റെ കണ്ണിൽ പെട്ടത്
അവൻ മുന്നോട്ട് നടന്നു..

ഒരു പെൺകുട്ടി…

“അതിന്റെ എല്ലാരും പോയി..വല്ലാത്ത കരച്ചിലാ ” ആരോ പറയുന്നു.

പുറം തിരിഞ്ഞു നിൽക്കുകയാണ്. ആ കൈകൾ അവൻ ഒന്ന് നോക്കി. ഒരു തൂണിൽ പിടിച്ചു നിൽക്കുന്ന കൈകൾ

കൈയിൽ…കാശി എന്ന ടാറ്റൂ…

“കാശിയേട്ട ഞാൻ ടാറ്റൂ ചെയ്തു” ഒരിക്കൽ പറഞ്ഞു

“കാണിച്ചേ..പിക് അയയ്ക്ക് “

“അയ്യടാ സ്വന്തം മുഖം ഇത് വരെ എന്നെ കാണിച്ചിട്ടില്ല. ഇത് ഏട്ടൻ എന്നെ നേരിട്ട് കാണുമ്പോൾ കണ്ടാൽ മതി ട്ടോ “

ടാറ്റൂ എന്താ വരഞ്ഞത് എന്ന് പറഞ്ഞില്ല..

പക്ഷെ അവൻ കണ്ടു..താൻ..തന്റെ പേര്…

അവൻ ആ തോളിൽ ഒന്ന് തൊട്ടു

ഞെട്ടി തിരിഞ്ഞ ആ മുഖം

“പാറു..” അവന്റെ ശബ്ദം അടച്ചു

വീണ്ടും ഒരു ഉരുൾ പൊട്ടി… അത് പാർവതിയുടെ ഹൃദയത്തിൽ ആയിരുന്നു. ആ സ്വരം മാത്രേ അവൾക്ക് അറിയുമായിരുന്നുള്ളു.

പക്ഷെ ആ സ്വരം ഏത് ആരവങ്ങൾക്കിടയിലും അവൾക്ക് തിരിച്ചറിയാമായിരുന്നു

ആദ്യമായി ആ മുഖം അവൾ കണ്ടു. ആ നിറയുന്ന കണ്ണുകൾ
ഇടറുന്ന ശബ്ദം

പ്രളയം പോലെ കണ്ണുനീർ ഒഴുകി

കാശി അതിൽ മുങ്ങി..അവന്റെ നെഞ്ചിലേക്ക് ആ പ്രളയം പതിച്ചു. നെഞ്ചിൽ അടക്കിപ്പിടിച്ചു അവൻ

ചുറ്റും ഉള്ളവരെ കണ്ടില്ല. അറിഞ്ഞില്ല.

അവൾ മാത്രം…

തീപോലെ കത്തുന്ന ഹൃദയത്തിലേക്ക് ആദ്യത്തെ തുള്ളി വീണു.

കണ്ടു നിന്നവർ കരഞ്ഞു പോയി

എന്റെ പെൺകുട്ടിയാണ് എന്ന് അവന്റെ മുഖം പറയുന്നുണ്ടായിരുന്നു

ഇവളില്ലെങ്കിലും ഞാൻ ജീവിച്ചേനെ

യന്ത്രം കണക്കേ…മരിച്ചവരെ കണക്കെ…ഇനിയൊരാളെയും സ്നേഹിക്കാൻ കഴിയാതെ…ജീവിച്ചേനെ..

പക്ഷെ വിധി കരുണ കാട്ടി. അവളെ തന്നു.

കാശിയുടെ നെഞ്ചിൽ ചേർന്ന് ചൂരൽ മലയോട് പാർവതി യാത്ര പറയുമ്പോൾ വീണ്ടും ഒരു മഴക്കായി ഒരുങ്ങുന്നുണ്ടായിരുന്നു പ്രകൃതി.