സൂര്യനെ പ്രണയിച്ചവൾ, അധ്യായം 14- എഴുത്ത്: അമ്മു സന്തോഷ്

സഞ്ജയ്‌ ഐ ജി ചന്ദ്രമോഹന്റെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ അതിഥികൾ ഉണ്ടായിരുന്നു

“നീ ഇരിക്ക് “. ഐ ജി അവനോട് പറഞ്ഞു

വന്നവർ പോയി കഴിഞ്ഞു അയാൾ അവനിലേക്ക് തിരിഞ്ഞു

“ഇവിടെ തിരുവനന്തപുരത്ത് കുറച്ചു ദിവസം നിൽക്കാമോ? ഒരു പത്തു ദിവസം “

“അപ്പൊ കൊച്ചിയിൽ അങ്കിൾ പോയിരിക്കുമോ?’ ഐ ജി ചിരിച്ചു പോയി

“എടാ ചെക്കാ ഇവിടെ ചീഫ് മിനിസ്റ്റർ ഒരു മീറ്റിംഗ് വിളിക്കുന്നു. ചിലപ്പോൾ മൂന്നാല് ദിവസം നീണ്ടു നിൽക്കും. ഞാൻ ഒന്ന് ആവറേജ് കണക്ക് പറഞ്ഞെന്നേയുള്ളൂ. സൗത്ത് സോൺ കഴിഞ്ഞു. ഇനി എറണാകുളം മുതൽ വയനാട് വരെ ഉള്ളവരാ.”

സഞ്ജയ്‌ തലയാട്ടി

“നീ എന്റെ കൂടെ കൂടിക്കോ. അവിടെ ഞാനും മോളും മാത്രേയുള്ളു “

“വേണ്ട എന്റെ വീട് ഉണ്ടല്ലോ ഇവിടെ”

“അത് ഞാനങ്ങ് മറന്നു “

“ഞാൻ പോവാ ഇത്രയും അല്ലേയുള്ളു.”

അവൻ എഴുന്നേറ്റു

“ഒരു ചായ കുടിച്ചിട്ട് പോ മാഷേ “. പുഞ്ചിരിയോടെ ദേവു മുന്നിൽ.

“വേണ്ട .. ശരി എന്ന “അവൻ മറുപടി പറഞ്ഞു

“ഈ കക്ഷിക്ക് ഒരു മാറ്റൊമില്ല അല്ലെ അച്ഛാ?”അവൾ അവൻ പോയ വഴിയിൽ നോക്കി പറഞ്ഞു. അയാൾ ഒന്നും പറഞ്ഞില്ല

സഞ്ജയ്‌ മുൻപ് വീടും പരിസരവും വൃത്തിയാക്കാൻ വരുമായിരുന്ന ജോർജിന്റെ മൊബൈലിൽ വിളിച്ചു. വീട് വരെ വരാൻ നിർദേശിച്ചു

അവൻ പോരുകയാണ് എന്ന് ഗൗരിയോട് പറഞ്ഞിരുന്നില്ല ആ ദിവസത്തിന് ശേഷം അവളോട് അവൻ സംസാരിച്ചുമില്ല. ഗൗരി പലപ്പോഴും മിണ്ടാൻ ഭാവിച്ച് കാത്തു നിൽക്കുന്നത് അവൻ കണ്ടിരുന്നു പക്ഷെ അതവൻ അവഗണിച്ചു കളഞ്ഞു.

പേരൂർക്കട പോലീസ് സ്റ്റേഷൻ

“ഞാൻ കൊച്ചി എ സിപി സഞ്ജയ്‌ മേനോൻ. സർക്കിൾ ഇല്ലെ?”

ഒരു ചെറുപ്പക്കാരൻ മുന്നിൽ .എസ് ഐ എഴുന്നേറ്റു. സല്യൂട്ട് ചെയ്തു

“ഇല്ല സാർ. ഇപ്പൊ എത്തും ഞാൻ വിളിക്കാം “

“വേണ്ട വരട്ടെ. “

“റഫീഖ് മുഹമ്മദ്‌ ” അവൻ നെയിം പ്ലേറ്റിൽ നോക്കി

“യെസ് സാർ “

“എത്ര വർഷം ആയി ഇവിടെ?”

“മൂന്ന് “

“ഏഴു വർഷം മുന്നേ ഇവിടെ ഇരുന്ന ആരെയെങ്കിലും അറിയാമോ?”

അയാൾ ഒന്ന് ആലോചിച്ചു

“ഇല്ല സാർ “

“സാർ ” കോൺസ്റ്റബിൾ ശിവൻ പെട്ടെന്ന് അകത്തേക്ക് വന്നു സല്യൂട്ട് ചെയ്തു

“സാർ.. ഉണ്ട് സാർ അന്നിരുന്ന കോൺസ്റ്റബിൾ മനു ട്രാൻസ്ഫർ ആയി കഴിഞ്ഞ ആഴ്ച ഇങ്ങോട്ട് വന്നിട്ടുണ്ട്. റഫീഖ് സാറെ നമ്മുടെ എ എസ് ഐ മനു “

“ഓ.. മനു ഇവിടെ ആയിരുന്നോ.?”എസ് ഐ ചോദിച്ചു

“അതെ സാറെ “

“അയാൾ ഉണ്ടോ ഇവിടെ?”സഞ്ജയ്‌ അവനെ നോക്കി

“ഇന്ന് ട്രാഫിക്ഡ്യൂട്ടി ആണ് സാർ. വിളിപ്പിക്കണോ “

“വേണ്ട.വരുമ്പോൾ എന്റെ നമ്പറിൽ വിളിക്കാൻ പറയണം. സർക്കിൾ വന്നാൽ എന്നെ വന്നു കാണാൻ പറയണം. ഞാൻ ഐ ജി ഓഫീസിൽ ഉണ്ട് “

“സാർ “

അവൻ അവിടെ നിന്നിറങ്ങി

“അന്വേഷിക്കണം.. ഒന്നുടെ “ഗൗരി പറഞ്ഞത് അവൻ ഓർത്തു

മൊബൈൽ ബെൽ അടിച്ചപ്പോൾ അവൻ നോക്കി ഗൗരി. അവൻ കാൾ കട്ട്‌ ചെയ്തു. ഗൗരിക്ക് സങ്കടം വന്നു. വാട്സാപ്പിൽ ഒരു മെസ്സേജ് വന്നപ്പോൾ അവൻ നോക്കി

“എന്നോട് വഴക്കിട്ടു എന്നെ ഉപദ്രവിച്ചിട്ട് ഇപ്പൊ എന്നോട് പിണങ്ങി നടക്കുന്നു.”

ഗൗരി

അവൻ റിപ്ലൈ കൊടുത്തില്ല. രാത്രി പക്ഷെ അവൻ ഗൗരിയുടെ കാൾ എടുത്തു

“സഞ്ജു ചേട്ടാ ” ആ വിളിയിൽ ഹൃദയം അലിയുന്നുണ്ട്. അവളെ ഒന്ന് കാണാൻ ആ നിമിഷം അവന് തോന്നി

“കേൾക്കുന്നുണ്ടോ?” അവൻ ഒന്ന് മൂളി

“എന്ന വരിക?”

“ഞാൻ അവിടെ ഇല്ലാത്തതാ നിനക്ക് നല്ലത്. എല്ലാം കൊണ്ടും. ഞാൻ ചീത്തയാ “അവൻ പറഞ്ഞു

ഗൗരി ദീർഘമായി ഒന്ന് ശ്വാസം എടുത്തു

“ഇത് സഞ്ജു ചേട്ടന്റെ വീടാ. ഞാനും “

അവന്റെ ഉള്ളൊന്നു പിടഞ്ഞു. കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“എനിക്ക് സഞ്ജു ചേട്ടൻ ഇവിടെ ഉള്ളതാ ഇഷ്ടം. എന്നോട് ദേഷ്യം കാണിച്ചാലും ഇവിടെ ഉണ്ടെങ്കിൽ ആശ്വാസമാ.. മിയ ചേച്ചി പറയുന്നത് എനിക്ക് സെൽഫ് റെസ്‌പെക്ട് ഇല്ലാന്നാ. അതോണ്ടാ പിന്നാലെ വരുന്നതെന്ന്.. സെൽഫ് റെസ്‌പെക്ട് ഇല്ലാഞ്ഞിട്ടല്ല ഞാൻ ഇങ്ങനെ..അതിൽ കൂടുതൽ എനിക്ക് അങ്ങോട്ട് ഇഷ്ടം ഉണ്ടായ കൊണ്ടാ. എന്നെങ്കിലും അത് മനസിലാകും നോക്കിക്കോ. കേൾക്കുന്നുണ്ടോ?”

“ഉം “

“എന്നോട് ദേഷ്യമാണോ ഇപ്പോഴും?”

അവൻ കണ്ണുകൾ തുടച്ചു

“ഇല്ല “

“എന്നാ വരിക?”

“എനിക്ക് കുറച്ചു ദിവസത്തെ  ഡ്യൂട്ടി ഉണ്ട്. ഒരു മീറ്റിംഗ്.. സി എമ്മുമായിട്ട്. വേറെയും കുറച്ചു കാര്യങ്ങൾ.പിന്നെ ഇവിടെ വീട് ഒന്ന് ക്ലീൻ ചെയ്തു. അന്നത്തെ പാറ്റ പല്ലി പൂച്ച ഒക്കെ ക്ലിയർ ആക്കി. ഞാൻ വീട്ടിൽ ഉണ്ട്. വീട്ടിലാ സ്റ്റേ. “

“ഞാനും കൂടി വരാരുന്നു. ഞാൻ ശരിക്കും ആ നാട് കണ്ടിട്ടില്ല “

“ശരിക്കും വരാൻ തോന്നുന്നുണ്ടോ?”.അവൾ മൂളി

മഞ്ഞുരുകി തുടങ്ങി

“അവിടെ എന്താ വിശേഷം? അയല്പക്കത്തെ അവര് ഡിസ്ചാർജ് ആയി വന്നോ?’

“ഇന്നലെ വന്നു. സുഷമ ചേച്ചി പോയിട്ടുണ്ടായിരുന്നു. ഇപ്പൊ ഓക്കേ ആയി. അവരുടെ ഭർത്താവ് വന്നിട്ടുണ്ട്.നിറയെ ആളാണ് അവിടെ. പിന്നെ ഒരു വിശേഷം ഇവിടെ ഞാൻ ഒരു കുഞ്ഞ് തുളസിതറ പണിതു. ചെറുത്. മിയ ചേച്ചി പറഞ്ഞിട്ട് ഒരാൾ സിമെന്റും ഇഷ്ടികയുമൊക്ക കൊണ്ട് തന്നു. പിന്നെ.. പിന്നെ കുറച്ചു ചെടി ഒക്കെ വാങ്ങി. ഞാൻ പോയില്ല ട്ടോ. സുഷമ ചേച്ചി പോയി വാങ്ങി വന്നു. അതൊക്കെ നട്ടു.”

അവൻ അതിങ്ങനെ കേട്ടിരുന്നു

“നന്ദന ചോദിച്ചു എന്നാ വരിക എന്ന്? കോളേജിൽ നിന്നു പ്രിൻസിപ്പൽ വിളിച്ചു
സ്വീകരണമൊക്കെ ഉണ്ടത്രേ . ഡേറ്റ് പറഞ്ഞാൽ ആ ഡേറ്റിൽ വെയ്ക്കാം എന്ന് പറഞ്ഞു. ഞാൻ എന്താ പറയേണ്ടത്?”

“ഞാൻ നോക്കിട്ട് പറയാം ഫ്രീ ആകുന്ന ദിവസം “

അവൾ അതിശയത്തിൽ ഫോണിൽ നോക്കി. ഈശ്വര സത്യം ആണോ?

“എന്നെ വിടുമോ?”അവൾ ചോദിച്ചു

“ഇല്ല..നമ്മൾ ഒന്നിച്ചു പോകും.”അവൻ പറഞ്ഞു.

ഗൗരിയുടെ കണ്ണ് നിറഞ്ഞു

ഇപ്പൊ എത്ര പാവമാണ്. ദേഷ്യം പിടിപ്പിച്ച തനി മൂർഖൻ

“ഗൗരീ “

“ഉം “

“സോറി.. അന്നത്തെ ദിവസം നീ മറന്നേയ്ക്ക്. ഇനി ഉണ്ടാവില്ല “

ഗൗരി മൂളി

“എന്നെ ദേഷ്യം പിടിപ്പിക്കുമ്പോ എനിക്ക് പിന്നെ ഭ്രാന്താ.. അതാണ് ഞാൻ. ശരി കിടന്നോ. ഉറങ്ങിക്കോ “

അവൾ ഫോൺ കട്ട്‌ ചെയ്തു

അന്നത്തെ ദിവസത്തിന് ശേഷം ഇത് വരെ താൻ ശരിക്കുറങ്ങിയിട്ടില്ല എന്ന് അവൾ ഓർത്തു.

കണ്ണടയ്ക്കുമ്പോൾ താഴ്ന്ന് വരുന്ന ആ മുഖം. കഴുത്തിൽ അമർന്ന ചുണ്ടുകളുടെ ചൂട്. ഉടലിൽ ചേർന്ന അവന്റെ കൈകളുടെ ശക്തി

അവൾ ഒരു ഉറക്കം കാത്ത് കണ്ണുകൾ അടച്ചു

സഞ്ജയ്‌ ജനാല തുറന്നിട്ട്‌ പുറത്തേക്ക് നോക്കി. ഗൗരീ എന്ന് അവൻ വെറുതെ ഉറക്കെ ഒന്ന് വിളിച്ചു

നിന്നേ ഞാൻ സ്നേഹിക്കുന്നുണ്ടെടി.. അവൻ കണ്ണീരോടെ മുഖം ജനാലയിൽ ചേർത്ത് വെച്ചു. എന്നെ മറന്നോയെന്ന് മറ്റൊരു മുഖം ചോദിക്കും പോലെ

അവൻ ഞെട്ടലോടെ ഇരുളിലേക്ക് നോക്കി. ഉള്ളു പുകയും പോലെ…

പക്ഷെ എങ്ങനെ ചിന്തിച്ചിട്ടും തന്റെ ഉള്ളിലിപ്പോ ഗൗരിയുടെ മുഖം മാത്രമേയുള്ളു. അവളുടെ വിളിയൊച്ച..സഞ്ജു ചേട്ടാ എന്നുള്ള കൊഞ്ചൽ. വാശി കാണിച്ചാലും പിണങ്ങിയാലും തിരിച്ചു പോകാൻ ഒരിടമുണ്ട്. അതവളാണ്. അവന് ഇപ്പൊ അവളെ കാണാൻ തോന്നി

ഫോൺ അടിച്ചപ്പോൾ അവൻ നോക്കി പരിചയം ഇല്ലാത്ത നമ്പർ

“ഹലോ “

“സാർ ഞാൻ മനു എ എസ് ഐ. പേരൂർക്കട പോലീസ് സ്റ്റേഷൻ “

“ആ മനു എനിക്ക് തന്നെ ഒന്ന് നേരിട്ട് കാണണം.”

“ഇപ്പൊ വരാം സാർ. സാർ എവിടെയാ?”

“ഞാൻ കവടിയാർ പാലസിനടുത്തുള്ള റോഡിൽ കുറച്ചു വന്നാൽ മതി. ഇവിടെ എത്തിയിട്ട് വിളിക്ക് “

“ഓക്കേ സാർ “

സമയം ഒമ്പത് ആയതേയുള്ളു. വരട്ടെ. തനിക്കും ഇഷ്ടം പോലെ സമയം ഉണ്ട്

മനു വന്നു

“സാറിന് ഏതു കേസ് ആണ് അറിയേണ്ടത്?”.കുറച്ചു സംസാരങ്ങൾക്ക് ശേഷം മനു ചോദിച്ചു

“ഏഴു വർഷം മുന്നേ ഒരു മെഡിക്കൽ സ്റുഡന്റിനെ പാലത്തിൽ നിന്ന് തള്ളിയിട്ടു കൊന്ന കേസ് ഓർമ്മയുണ്ടോ?”

“ഓർമയുണ്ട് സാർ. അന്ന് ഞാൻ ജോയിൻ ചെയ്ത ദിവസമായിരുന്നു. മറക്കാൻ പറ്റുമോ?”

“അതൊന്നു ഡീറ്റെയിൽസ് വേണം “

“സാർ അത് പ്രതിക്ക് ശിക്ഷ കിട്ടിയല്ലോ “

“ശരിക്കും അത് കൊ- ലപാതകം ആണോ മനു? ആലോചിച്ചു നോക്ക് ഒരു മെഡിക്കൽ സ്റ്റുഡന്റ് അങ്ങനെ ചെയ്യുമോ അതും പബ്ലിക് റോഡില് പാലത്തിൽ..”

“സാർ അത് ആ കൊച്ചന് എന്തോ അബദ്ധം പറ്റിയതാ.. എനിക്ക് അങ്ങനെയാ തോന്നിയെ. കണ്ടു നിന്നവര് പറഞ്ഞത് ഈ കൊച്ച് അവന്റെ മുഖത്തടിച്ചപ്പോ അവൻ പിടിച്ചു തള്ളുകൊ മറ്റൊ ചെയ്തു. പാലത്തിന്റെ കൈ വരി ഇളകിയതായിരുന്നു. അല്ലാതെ മനഃപൂർവം ആണെന്ന് തോന്നുന്നില്ല. അത് മാത്രം അല്ല സാറെ അന്ന് ഈ കൊച്ചിന്റെ കൂടെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. അവൾ ആദ്യമിങ്ങനെയാ പറഞ്ഞത്. പിന്നെ കോടതിയിൽ മൊഴി മാറ്റി. അങ്ങനെയാ ആ ചെറുക്കന് ശിക്ഷ കിട്ടിയത്. മരിച്ച കൊച്ചിന്റെ അച്ഛൻ എം എൽ എ അല്ലായിരുന്നോ? വെറുതെ വിടുമോ? എല്ലാം കൂടി ആയപ്പോൾ അവന് പൂട്ട് വീണു “

സഞ്ജയെ വിയർപ്പിൽ കുളിച്ചു അവന്റെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി

“അപ്പൊ അവൻ മനഃപൂർവം ചെയ്തതല്ലേ?”

“എന്തിന്?”

“അല്ല ഈ പ്രണയം പറയുമ്പോൾ നൊ പറഞ്ഞാൽ കൊ- ല്ലുന്ന ഒരു പരിപാടി ഉണ്ടല്ലോ അത് കൊണ്ട് ചോദിച്ചതാ “

“അതിന് ഈ പയ്യനുമായിട്ടല്ലായിരുന്നല്ലോ ആ പെണ്ണിന് അടുപ്പം. ഇവന്റെ കൂട്ടുകാരനുമായിട്ടായിരുന്നു “

സഞ്ജയ്‌ ഞെട്ടി പോയി

“ആദ്യത്തെ ചോദ്യം ചെയ്യലിൽ ഈ ചെറുക്കൻ എല്ലാം പറഞ്ഞു. ഇവന്റെ ക്ലാസ്സിൽ പഠിക്കുന്ന മറ്റൊരു പയ്യനുമായിട്ട് സ്കൂളിൽ തുടങ്ങി ഈ കൊച്ചിന് ബന്ധം ഉണ്ട്. കഴ്ഞ്ഞ കുറച്ചു നാളുകളായി വേറെ ബന്ധം വന്നപ്പോ ഇവനെ നൈസ് ആയി ഒഴിവാക്കി. പെണ്ണല്ലേ വർഗം? കുറച്ചു കൂടുതൽ കാശ് സൗകര്യം സൗന്ദര്യം ഒക്കെ ഉള്ളവരെ കാണുമ്പോൾ മിക്കവാറും എല്ലാം ഇങ്ങനെ തന്നെ. അപ്പൊ പറഞ്ഞു വന്നത് അവളെ സ്നേഹിച്ചവൻ അന്തം വിട്ട് സ്നേഹിച്ചു കാണും. അല്ലെങ്കിൽ സംഭവത്തിന്റെ തലേന്ന് ഇവളെ അവന്റെ കൂടെ കണ്ടപ്പോൾ അവൻ ആ- ത്മഹത്യക്ക് ശ്രമിക്കേണ്ട കാര്യം ഉണ്ടൊ? അത് ചോദിക്കാൻ പോയതാ ഇവനും കൂട്ടുകാരും. അതിങ്ങനെ ആയി. ഇവന് ശിക്ഷ കിട്ടണ്ട കേസ് ഒന്നുമില്ലായിരുന്നു സാറെ. പക്ഷെ ഞാൻ പറഞ്ഞില്ലേ എം എൽ എ യുടെ പിടിപാട്.. അവന്റെ ഭാവി പോയി. അത് പോട്ടെ സാർ എന്താ ഇപ്പൊ ഇത് അന്വേഷിച്ചു വരാൻ?”

സഞ്ജയ്ക്ക് ശബ്ദം ഇല്ലായിരുന്നു

അവൻ ശൂന്യമായ കണ്ണുകളോടെ അയാളെ നോക്കിയിരുന്നു

തുടരും….