സൂര്യനെ പ്രണയിച്ചവൾ, അധ്യായം 17- എഴുത്ത്: അമ്മു സന്തോഷ്

മനുഷ്യാവകാശ കമ്മീഷൻ ശക്തമായ നിലപാട് എടുത്തതോടെ ഗവണ്മെന്റിന് സഞ്ജയ്ക്ക് സസ്‌പെൻഷൻ കൊടുക്കാതെ നിർവഹമില്ലാതെ വന്നു. അത് ഷൂട്ട്‌ ചെയ്തതിനല്ല,വെടിയേറ്റ് കിടന്നവന്റെ മുഖത്ത് ചവിട്ടിയതിന്, അവന്റെ വെടിയേറ്റ കാലിൽ ചവിട്ടിയതിന്. നിയമം അതൊന്നും അനുവദിക്കുന്നില്ല.

അവൻ വരുണിന്റ വീട്ടിലേക്ക് പോയി

“അപ്പൊ സസ്‌പെൻഷൻ ആയി? ഞഞ്ഞായി ” വരുൺ കളിയാക്കി

സഞ്ജയ്‌ ചിരിച്ചു

“സത്യത്തിൽ എനിക്കിതു നന്നായതേയുള്ളു. ഗൗരിയുടെ കോളേജിൽ ഒരു ഫങ്ക്ഷൻ ഉണ്ട്.റാങ്ക് കിട്ടിയതിന്റെ അനുമോദനം. പിന്നെ മറ്റൊന്ന് കല്യാണം കഴിഞ്ഞു അവളിത് വരെ വീട്ടിൽ പോയിട്ടില്ല. രണ്ടാഴ്ച ഒരു യാത്ര പോകാം. “

“ശരിക്കും ഇപ്പൊ നിനക്ക് അവളോട് ഇഷ്ടം ഉണ്ടോടാ അതോ ആ പാവത്തിനെ പറഞ്ഞു പറ്റിക്കുവാണോ?”

സഞ്ജയ്‌ നിശബ്ദനായി. അവന് എല്ലാം പറയണമെന്നുണ്ടായിരുന്നു. പക്ഷെ മരിച്ചു പോയ പെണ്ണിനെ കളങ്കപ്പെടുത്താൻ അവൻ ആഗ്രഹിച്ചില്ല. അവൾ എത്ര മോശമായിരുന്നുവെങ്കിലും ഒരു കാലത്ത് തന്റെ എല്ലാമായിരുന്നു. തന്റെ ലോകം തന്നെ അവളായിരുന്നു. വരുണിനോടും ഗൗരിയോടും എല്ലാം പറയണം എന്ന് തന്നെ ആണ് അവൻ ആദ്യമാലോചിച്ചത്. പിന്നീട് എപ്പോഴോ അതൊന്നും വേണ്ട എന്ന് തോന്നി

തന്നെ അവൾ ചതിച്ചതിൽ ഇന്ന് തനിക്ക് ദുഖമില്ല. ഓർമിക്കുമ്പോൾ ദുഃഖം രണ്ടു പേരെ ഓർത്താണ്.

ഒന്ന് മെന്റൽ ഹോസ്പിറ്റലിൽ കിടക്കുന്ന അലക്സ്

രണ്ട്. വിവേക്. ചെയ്യാത്ത തെറ്റിന് ഏഴു വർഷം ജയിലിൽ കിടന്നവൻ

ഇനിയവന്റെ ഭാവി എന്ത്?

“ഡാ. ഞാൻ ചോദിച്ചത് കേട്ടോ?”

സഞ്ജയ്‌ തലയാട്ടി

“മറുപടി പറ “

“ഗൗരിയെ ഞാൻ സ്നേഹിക്കുന്നു വരുൺ. സ്നേഹത്തേക്കാൾ അവളെ ഞാൻ ബഹുമാനിക്കുന്നു. ഗൗരി നല്ല പെണ്ണാണ്. ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല പെണ്ണ് ” വരുൺ പുഞ്ചിരിച്ചു

“അപ്പൊ.. ഇനി ഉടനെ ഒരു കുഞ്ഞിക്കാൽ പ്രതീക്ഷിക്കാം “

വരുൺ അർത്ഥം വെച്ചു പറഞ്ഞു

“ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും ഇത് വരെ.……”അവന്റെ മുഖം ചുവക്കുന്നുണ്ടായിരുന്നു

“എന്തോന്നാ എന്തോന്നാ?”വരുൺ ഒന്ന് മുന്നോട്ടാഞ്ഞു

“അത് പിന്നെ.. എനിക്ക് ഒരു വല്ലായ്മ. എടാ അവള് ഭയങ്കര നിഷ്കളങ്കയാടാ.. എന്നെ കൊണ്ട് വയ്യ. ആ മുഖത്ത് നോക്കിയാൽ കുഞ്ഞുങ്ങളെ പോലെയാ “

“തേങ്ങാക്കൊല… എന്റെ ദൈവമേ ഏത് നേരത്താണോ ആ മാധവൻ അങ്കിളിനും ആന്റിക്കും ഇത് തോന്നിയത്.. ഇവനെ ഉണ്ടാക്കിയ നേരത്ത്..”

“മതി. വാഴ അല്ലെ?”

“അത് തന്നെ.. ഇപ്പോഴും അവള് താഴെ മുറിയിൽ ആണോ കിടക്കുന്നത്?”

സഞ്ജയ്‌ തലയാട്ടി. വരുൺ കണ്ണ് മിഴിച്ചു

“അയ്യേ.. എടാ കോപ്പേ നിനക്കിനി ഇതും ഞാൻ പറഞ്ഞു തരണോ? വലിയ ഐ പി എസുകാരനാ.. അല്ല നിന്റെ കാമുകിയുമായി നിനക്ക് എല്ലാ റിലേഷനും ഉണ്ടായിരുന്നതല്ലേ? പിന്നെ എന്താ ഇപ്പൊ?”

“അത് വെള്ളത്തിന്റെ പുറത്ത്.. അവളും ഞാനും മദ്യപിക്കും. പിന്നെ ബോധം ഒന്നുമില്ല. അങ്ങനെ ആയിരുന്നു അത്. ഗൗരി അങ്ങനെയല്ല. അവള് ദേവി മാതിരി. വിശുദ്ധമായ ഒരു പൂവ് പോലെ “

വരുൺ അത് കേട്ടിരിക്കുകയായിരുന്നു

ഗൗരിയുടെ പേര് പറയുമ്പോൾ വികാരാധിക്യം കൊണ്ട് അവന് വാക്കുകൾ കിട്ടുന്നില്ലായിരുന്നു. സ്വതവേ വെളുത്ത അവന്റെ മുഖം രക്തനിറമായി. ഗൗരിയെ എത്രത്തോളം അവൻ ആരാധിക്കുന്നുണ്ടെന്ന് അവന്റെ കണ്ണുകൾ പറഞ്ഞു.

“നിനക്ക് ഒരെണ്ണം ഒഴിക്കട്ടെ. നീ ഒന്ന് ഉഷാറാവട്ടെ “വരുൺ കുപ്പി എടുത്തു

“വേണ്ടെടാ… ഇന്ന് അമ്പലത്തിൽ എന്തോ പൂജയോ മറ്റൊ ഉണ്ട്. എന്റെ പേരില്. ഗൗരി നേർന്നതാ. പോകണം “

“നീ അമ്പലത്തിൽ പോയി തുടങ്ങിയൊ?”

വരുൺ അതിശയിച്ചു പോയി

“പോയിട്ടില്ല. കുഞ്ഞിലേ പോലും പോയ ഓർമ ഇല്ല. ആദ്യായിട്ടാ. എനിക്ക് വലിയ വിശ്വാസം ഒന്നുല്ല. പക്ഷെ അവൾക്ക് സന്തോഷം ആകുമെങ്കിൽ.. ഒത്തിരി കരയിച്ചതല്ലെടാ ഞാനവളെ.. ചിലപ്പോൾ എനിക്ക് എന്റെ വലതു കൈ അടിച്ചു ചിതറിക്കാൻ തോന്നും. അവളെ ഉപദ്രവിച്ച കൈയല്ലേ അത്? എന്നിട്ടും അവളെന്നെ ഇങ്ങനെ സ്നേഹിക്കുന്നതെങ്ങനെ?”

“അതാണ് പെണ്ണെന്ന മാജിക്. ഇവിടെ ഒരെണ്ണം ഉണ്ട്. നമുക്ക് പിടി കിട്ടത്തില്ല. അവരെന്താ ചിന്തിക്കുന്നത് ഇനിയെന്താ പറയുന്നത്… ഒന്നും ങ്ങേ ഹേ.. പിന്നെ നമ്മൾ ഒരു ഊഹം വെച്ചങ്ങ് ജീവിക്കുവാ “

“അത് പറഞ്ഞപ്പോഴാ. അനക്കം ഇല്ലല്ലോ. മിയ ഇല്ലെ?”

“വീട്ടിൽ പോയി. രണ്ടു ദിവസം പോയി നിന്നോളാൻ ഞാനും. ഒന്ന് ഫ്രീ ആയിട്ട് വെള്ളമടിച്ചു വാള് വെച്ച് ഉറങ്ങണം “

സഞ്ജയ്‌ പൊട്ടിച്ചിരിച്ചു

“വിവേക് ജയിലിൽ നിന്നു ഇറങ്ങുമ്പോഴോ? നിന്റെ മനസ്സ് മാറുമോ?” അത് ഒരു ചോദ്യമായിരുന്നു

സഞ്ജയ്‌ എന്ത് പറയണം എന്നറിയാതെ അൽപനേരം ഇരുന്നു

“വരുൺ. ഞാനന്ന് തിരുവനന്തപുരത്ത് പോയില്ലേ? അന്ന് ഗൗരി പറഞ്ഞിട്ട് ഞാൻ ആ കേസിനെ കുറിച്ച് കുറച്ചു വിശദമായി അന്വേഷിച്ചു. വിവേക് മനഃപൂർവം ചെയ്തതല്ലത്. പക്ഷെ മീനാക്ഷിയുടെ അച്ഛൻ എം എൽ എ ആയത് കൊണ്ട് അയാൾ എന്തൊക്കെയോ തരികിട കാണിച്ചു. വിവേകിന് ശിക്ഷ കിട്ടുകയും ചെയ്തു “

“എന്റെ കർത്താവെ ആ പയ്യന്റെ ജീവിതം പോയല്ലോടാ… ദൈവമേ എന്തൊക്കെയാ ഈ ഭൂമിയിൽ നടക്കുന്നെ. ഒരു മിടുക്കൻ ഡോക്ടർ ആകേണ്ടിയിരുന്നവൻ ജയിലിൽ.. ഗൗരിയോട് പറഞ്ഞോ നിയിത്?”

“ഇല്ല..  പറയും. നാട്ടിൽ പോകുമ്പോൾ പറയും അവളോട് മാത്രം അല്ല. അവളുടെ മാതാപിതാക്കളോടും “

“വേണം. അത്രേ എങ്കിലും നീ ചെയ്യണം സഞ്ജു. പാവങ്ങൾ “

സഞ്ജയ്‌ കസേരയുടെ പിന്നിലേക്ക് ചാരി കണ്ണുകളടച്ചു

അതെ പാവങ്ങളാണ്.. തന്നെ കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണം..

ഐ ജി അങ്കിളിനോട് പറഞ്ഞിട്ടുണ്ട് സ്വാതന്ത്ര്യ ദിനത്തിൽ കുറച്ചു തടവുകാരെ വിട്ടയയ്ക്കുന്ന ഒരു പതിവുണ്ട്. ഇത്തവണ വിവേക് ആ ലിസ്റ്റിൽ ഉണ്ടാകണം എന്ന് പറഞ്ഞപ്പോൾ നീ പറഞ്ഞത് എന്തെങ്കിലും ഞാൻ ചെയ്യാതിരുന്നിട്ടുണ്ടോ എന്ന് അങ്കിൾ ചോദിച്ചു. അങ്ങനെ ആണെങ്കിൽ ഇനി കഷ്ടിച്ച് ഇരുപത് ദിവസം. വിവേക് വരും.വിവേകിന് ഒരു ജോലി,ഒരു കുടുംബം. ഒക്കെ മനസിലുണ്ട്

ഒരു പ്രായശ്ചിത്തമാണ് അത്. ഗൗരിയെ വേദനിപ്പിച്ചതിനുള്ള പ്രായശ്ചിത്തം

സഞ്ജയ്‌ ചെല്ലുമ്പോൾ ഗൗരി കുളിക്കുകയായിരുന്നു.

സഞ്ജയ്‌ ആ നേരത്ത് വരുമെന്ന് ഒരൂഹവുമില്ലാതിരുന്നത് കൊണ്ട് അവൾ മുറിയുടെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. ഗൗരി കുളിച്ചു ഒരു ടവൽ ധരിച്ചു മുറിയിൽ വന്നു. ഏത് വസ്ത്രം ഇടണമെന്ന് അലമാരയിൽ തിരയുകയായിരുന്നു അവൾ.സഞ്ജയുടെ കാർ വന്നത് അവൾ അറിഞ്ഞില്ല

“ഗൗരീ “

ചാരി ഇട്ടിരിക്കുന്ന വാതിൽ തുറന്ന് സഞ്ജയ്‌ അകത്തേക്ക് വന്നപ്പോൾ ഗൗരി പെട്ടെന്ന് പകച്ചു പോയി

സഞ്ജയുടെ ശ്വാസം വിലങ്ങി. അവൻ അവളെ നോക്കി നിന്നു പോയി. വെണ്ണക്കൽ ശില്പം പോലെയൊരു പെണ്ണ്. ഉടലളവുകൾ കൃത്യം. മുടിയിഴകളിൽ നിന്ന് വീഴുന്ന ജലകണങ്ങൾ അവളുടെ കഴുത്തിൽ പറ്റിപ്പിടിച്ചു കിടന്നു. ചുവന്നു പോയ മുഖം. അവന്റെ രക്തം ചൂടാകുന്നതവൻ അറിയുന്നുണ്ടായിരുന്നു.

ഗൗരിയാകട്ടെ വേഗം കട്ടിലിൽ കിടന്ന ഒരു ഷീറ്റ് എടുത്തവളെ തന്നെ മറച്ചു

സഞ്ജയ്‌ മെല്ലെ ചിരിച്ചു. പിന്നെ മുന്നോട്ടു ചെന്നു. ഷീറ്റ് മെല്ലെ മാറ്റി കട്ടിലിൽ ഇട്ടു.

“സഞ്ജു ചേട്ടൻ പോയെ. ഞാൻ ഡ്രസ്സ്‌ ചെയ്യട്ടെ ” അവൾ അവന്റെ നെഞ്ചിൽ മെല്ലെ തള്ളി

“നീ ഡ്രസ്സ്‌ ചെയ്തോ ” അവനൊരു കള്ള ചിരി ചിരിച്ചു

“കഷ്ടം ഉണ്ട് ട്ടോ “

“ഞാൻ ഒന്ന് കാണട്ടെടി.. നീ ഏത് ഡ്രസ്സാ ഇടുന്നത്?” സഞ്ജയ്‌ അടുത്ത് വന്നു

“സാരി ആണോ?”

അവൾ അല്ല എന്ന് തലയാട്ടി

“പിന്നെ എന്താ എന്റെ പൊന്ന് ഇടുന്നത്? ഉം?”

അവന്റെ വിരലുകൾ അവളുടെ ചുണ്ടിൽ അമർന്നു. അവൾ ദുർബലമായി കുതറി. അവൻ അവളുടെ കഴുത്തിൽ ചുംബിച്ചു. ഗൗരിക്ക് കുളിർന്നു. അവൾ ഇമ വെട്ടാതെ അവനെ നോക്കിക്കൊണ്ട് നിന്നു. സഞ്ജയ്‌ മൃദുവായി അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു

ശക്തിയിൽ മിടിക്കുന്ന ഹൃദയം. പേടിച്ചു പോയ മുഖം

“പേടിയാണോ എന്നെ?” അവൻ മെല്ലെ ചോദിച്ചു

അവൾ അല്ല എന്ന് തലയാട്ടി

“പിന്നെന്താ?”

“അറിയില്ല.. സഞ്ജു ചേട്ടൻ എന്നെ എന്നെങ്കിലും ഉപേക്ഷിച്ചു പോവോ?”

ആ കണ്ണുകൾ നിറഞ്ഞിരുന്നു. സഞ്ജയുടെ കണ്ണുകളും പൊടുന്നനെ നിറഞ്ഞു

“എന്റെ ഇഷ്ടം ഒക്കെ കഴിഞ്ഞിട്ട് എനിക്ക് മടുക്കുമ്പോ ഞാൻ നിന്നേ ഉപേക്ഷിച്ചു കളയുമെന്നാണോ?”

ഗൗരി ആ വാ പൊത്തി.സഞ്ജയ്‌ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു

“ഗൗരീ… നിന്നേ ഉപേക്ഷിച്ചു പോവില്ല ഞാൻ.. ഒരിക്കലും. എന്നെങ്കിലും നീ എന്നെ ഉപേക്ഷിച്ചു പോയ പിന്നെ സഞ്ജു ഇല്ല..”

ഗൗരി ഞെട്ടലോടെ അവന്റെ മുഖത്ത് നോക്കി

“സഞ്ജയ്‌ പിന്നെ ജീവിച്ചിരിക്കില്ല. ഒന്നിന് വേണ്ടിയും ആർക്ക് വേണ്ടിയും. അത്രക്ക് ഇഷ്ടമാണ് നിന്നെ.. “

അവനവളുടെ ചുണ്ടിൽ ഭ്രാന്തമായി ചുംബിച്ചു. ഗൗരി അവന്റെ ശക്തിയിൽ താഴെ വീണു പോകാതെയിരിക്കാൻ അവനെ അള്ളിപ്പിടിച്ചു. അവൻ മുഖം എടുത്തപ്പോൾ അവൾ അവന്റെ നെഞ്ചിലേക്ക് വീണു പോയി

“നീ ആഗ്രഹിക്കുമ്പോഴേ ഞാൻ എല്ലാ അർത്ഥത്തിലും നിന്റെ സ്വന്തം ആകു.. ഇത് വാക്ക്. എന്ന് നീ എന്നെ പൂർണമായി വിശ്വസിക്കുന്നോ അന്ന് മാത്രം മതി എനിക്ക് എല്ലാം.എല്ലാം “

സഞ്ജയ്‌ അവളെ ഇറുകെ കെട്ടിപ്പിടിച്ചുമ്മ വെച്ചിട്ട് സ്വതന്ത്രയാക്കി

“ഞാൻ കുളിച്ചിട്ട് വരാം. ക്ഷേത്രത്തിൽ പോകാം. പിന്നെ ആ ഒരു കാര്യം.. സസ്‌പെൻഷൻ അടിച്ചു കിട്ടി. അതോണ്ട് നാളെ നമ്മൾ നിന്റെ നാട്ടിലേക്ക്..”

ഒരെ സമയം ചിരിക്കണോ കരയണോ എന്നറിയാതെ അവൾ നിന്നു

സഞ്ജയ്‌ വാതിൽ ചാരി അവന്റെ മുറിയിലേക്ക് പോയി

തുടരും…