സൂര്യനെ പ്രണയിച്ചവൾ, അധ്യായം 19- എഴുത്ത്: അമ്മു സന്തോഷ്

കോളേജ് ഓഡിറ്റോറിയം…ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിൽ ഗൗരി വിനയത്തോടെ നിന്നു. അവരുടെ സ്നേഹാദരങ്ങൾക്ക് നന്ദി പറഞ്ഞു.

“നമ്മുടെ കോളേജിന്റെ അഭിമാനമാണ് ഗൗരി പാർവതി.”

പ്രസംഗിച്ച ഓരോ അധ്യാപകരും ഗൗരിയെ വാനോളം പുകഴ്ത്തുമ്പോൾ അഭിമാനം കൊണ്ട് സഞ്ജയുടെ ഹൃദയം നിറഞ്ഞു.

ചടങ്ങുകൾ കഴിഞ്ഞു. ചെറിയ ഒരു ചായ സൽക്കാരം. അത് കഴിഞ്ഞ് അവർ തിരിച്ചു പോകാൻ ഇറങ്ങി.

“ഇതാണ് നന്ദന ” ഗൗരി അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ സഞ്ജയ്ക്ക് പരിചയപ്പെടുത്തി.

“എനിക്ക് അറിയാം ട്ടോ സാറിനെ ഞാൻ ഈയിടെയും ടീവിയിൽ കണ്ടു ” നന്ദന ചിരിച്ചു

“പരിചയപ്പെട്ടതിൽ സന്തോഷം നന്ദന “

സഞ്ജയ്‌ സ്വതസിദ്ധമായ ഗൗരവത്തിൽ പറഞ്ഞു. അടുത്തത് അഖിലിന്റെ ഊഴമായിരുന്നു.

“ഇത് അഖിൽ ഞാൻ പറഞ്ഞിട്ടില്ലേ..?” സഞ്ജയ്‌ മന്ദഹസിച്ചു കൊണ്ട് അവന്റെ കയ്യിൽ കൈ ചേർത്തു

“ഹലോ അഖിൽ “

“ഹായ് സഞ്ജയ്‌ ” അഖിൽ പുഞ്ചിരിച്ചു

സുമുഖനായ ചെറുപ്പക്കാരനായിരുന്നു അഖിൽ. ശാന്തനും മാന്യനും ആണവനെന്നവന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു.

“ഇനിയെന്താ നിങ്ങളുടെ ഒക്കെ പ്ലാൻ?”അവൻ അവളുടെ കൂട്ടുകാരോടായി ചോദിച്ചു

ഓരോരുത്തരും ഓരോ ഉത്തരങ്ങൾ പറഞ്ഞു. അഖിൽ മാത്രം സിവിൽ സർവീസ് എന്ന് പറഞ്ഞത് അവന് ഇഷ്ടായി

“നന്നായി പഠിക്കണം. കിട്ടും ” ഒരു അനുഗ്രഹം പോലെ അതവന്റെ നിറുകയിൽ വീണു

അവൻ നെഞ്ചിൽ കൈ വെച്ച് ഒന്ന് തല കുനിച്ചു

“ഗൗരിക്കും പണ്ടൊക്കെ ഐ എ എസ് ആയിരുന്നു ഇഷ്ടം അല്ലേടി ” നന്ദന പറഞ്ഞപ്പോൾ ഗൗരി അവളെ ഒന്ന് നുള്ളി

“അത് വെറുതെ സ്കൂൾ ടൈമിൽ ടീച്ചർ മാർ നമ്മൾ എന്താവാനാ ആഗ്രഹം എന്നൊക്കെ ചോദിക്കുമ്പോൾ ഗമയിൽ പറയില്ലേ ഐ എ എസ് എന്ന്. അങ്ങനെ പറഞ്ഞതാ. ഇപ്പൊ അങ്ങനെയൊന്നുമില്ല.”

“അത് കിട്ടിയ ആൾ ഐ പി എസ് ആയത് കൊണ്ടാ “

നന്ദന കളിയാക്കി. സഞ്ജയ്‌ ഗൗരിയെ ശ്രദ്ധിക്കുകയായിരുന്നു. അവൾക്ക് അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നോ. തന്നോട് പക്ഷെ അങ്ങനെയല്ല പറഞ്ഞത്. തിരിച്ചു ഡ്രൈവ് ചെയ്തു വരുമ്പോൾ അവനത് ചോദിച്ചു

“അത് കുഞ്ഞിലേ അങ്ങനെ തോന്നിയിരുന്നു. ഇപ്പൊ എനിക്ക് കെട്ടിടം ഡിസൈൻ ചെയ്യാനാ ഇഷ്ടം. എനിക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ഡിസൈനർ ആകാൻ ആഗ്രഹം ഉണ്ട്. അതാണ്‌ എന്റെ പാഷൻ “

സഞ്ജയ്‌ അവളെ ചേർത്ത് പിടിച്ചു

“അതാവല്ലോ.. എന്റെ കുട്ടി ഇനിയും പഠിക്ക്.. ഈ നാട്ടിൽ അല്ല. അമേരിക്കയിൽ പോയി പഠിക്ക്. ഞാൻ അമ്മേ വിളിച്ചു പറയാം “

“അയ്യടാ ഞാൻ പോവില്ല.. ഞാൻ ഇവിടെ പഠിച്ചോളാം. ഇവിടെ അല്ലെ എന്റെ ആത്മാവ്?”

സഞ്ജയ്‌ പിന്നെ ഒന്നും പറഞ്ഞില്ല. തൊണ്ടയിൽ എന്തോ വന്നു തടയും പോലെ… പേരറിയാത്ത ഒരു വേദന.

രാത്രി…

“ഇന്നലെ മഴ പെയ്യുമെന്ന് ആരോ പ്രവചിച്ചിരുന്നു ” സഞ്ജയെ ഒളികണ്ണിട്ട് നോക്കി ഗൗരി. സഞ്ജയ്‌ അവളെയും കൊണ്ട് മുറ്റത്തേക്കിറങ്ങി

“ദേ മുകളിൽ നിന്ന് ഇങ്ങനെ ഇങ്ങനെ..” മുകളിലേക്ക് നോക്കിയ അവളുടെ മൂക്കിന്റെ തുമ്പിലേക്ക് ഒരു മഴതുള്ളി വീണു. പൊടുന്നനെ ശക്തിയായി മഴ പെയ്തു

തിരിഞ്ഞു മുറിയിലേക്ക് ഓടാൻ ഒരുങ്ങിയ ഗൗരിയെ അവൻ പിടിച്ചു നിർത്തി

“മഴ ഇഷ്ടം ആണെന്ന് പറഞ്ഞിട്ട്..?

“കാണാൻ ആണ് ഇഷ്ടം “

അവൾ കുതറി

“അത് കഷ്ടം അല്ലെ കൊച്ചേ… കാണാൻ മാത്രം ഇഷ്ടം ഉണ്ടായത് കൊണ്ട് എന്താ പ്രയോജനം? അനുഭവിച്ചറിയേണ്ടേ?” അവൻ കള്ള ചിരി ചിരിച്ചു

ഗൗരി അവനിട്ടു ഒരിടി കൊടുത്ത് ഓടി മുറിയിൽ വന്നു

“നനഞ്ഞു പോയല്ലോ.ഉടുപ്പ് ഞാൻ മാറ്റി തരട്ടെ?”

സഞ്ജയ്‌ അവളെ തനിക്കഭിമുഖമായി നിർത്തി. ഗൗരി എതിർത്തില്ല. ഇമ വെട്ടാതെ അവനെ നോക്കി കൊണ്ട് നിന്നു

“പാറു..മോളെ കഴിക്കാൻ വാ. മോനോടും പറയു ട്ടോ. വേഗം വരണേ അച്ഛൻ കാത്തിരിക്കുന്നു ” അമ്മയുടെ ശബ്ദം

“ദാ വരുന്നമ്മേ..” ഗൗരി അടച്ച ശബ്ദത്തിൽ ഉറക്കെ പറഞ്ഞു

സഞ്ജയ്‌ പിന്നിലേക്ക് മാറി. അവന്റെ നനഞ്ഞു പോയ ഷർട്ട്‌ മാറ്റി. ട്രാവൽ ബാഗിൽ നിന്ന് ഒരു ഷർട്ട്‌ എടുത്തു. ഗൗരി ഒരു നിമിഷം അത് നോക്കി നിന്നിട്ട് ഷർട്ട്‌ വാങ്ങി ബെഡിൽ വെച്ചവന്റെ കൈ അവളുടെ ഉടുപ്പിൽ വെച്ച് അവനെ നോക്കി

“മാറ്റി താ “

സഞ്ജയ്‌ അവളുടെ ഉടലിനെ മെല്ലെ ഒന്ന് തഴുകി. ഗൗരി ഒന്ന് പിടഞ്ഞു. അവളുടെ നനഞ്ഞ ഉടുപ്പ് മെല്ലെ മാറ്റി പുതിയത് അണിയിച്ചു. ഗൗരി അവന്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു

“ഭ്രാന്ത് പിടിക്കും കൊച്ചേ “

അവൻ അവളുട മുഖം ഉയർത്തി.”ഗൗരീ ” വീണ്ടും വിളിയൊച്ച

“ഈ അമ്മ “

അവൾ മനസില്ലമനസ്സോടെ അകന്ന് മാറി. ഭക്ഷണ മേശയിൽ അവരെ കാത്ത് അച്ഛനും മുത്തശിയും ഉണ്ടായിരുന്നു

“കഞ്ഞി ഇഷ്ടമാണോ മോന്?”മുത്തശ്ശി ചോദിച്ചു

മേശപ്പുറത്ത് കഞ്ഞിയും പയർ തോരനും ചുട്ട പപ്പടവും കണ്ണിമാങ്ങാ അച്ചാറും പാത്രങ്ങളിൽ നിരന്നു

“ഉവ്വ് “അവൻ മറുപടി പറഞ്ഞു പിന്നെ രുചിയോടെ അത് കഴിച്ചു തീർത്തു.

“നല്ല രുചിയുണ്ട് “അവൻ അമ്മയെ നോക്കി. അമ്മ പുഞ്ചിരിച്ചു

“ഞങ്ങൾ നാളെ രാവിലെ പോകും. ഗൗരിയുടെ ഹയർ സ്റ്റഡീസ് എവിടെ വേണമെന്ന് കൺഫേം ചെയ്യണം..”

“ഇനിയെന്നാ വരിക?” മുത്തശ്ശി സങ്കടത്തിൽ ചോദിച്ചു

“മുത്തശ്ശി ഞങ്ങൾക്കൊപ്പം പോരെ.. ഇവിടെ എന്തിന് ഒറ്റയ്ക്ക് ” സഞ്ജയ്‌ സ്നേഹത്തോടെ പറഞ്ഞു

“ഇവിടെ വിട്ട് മുത്തശ്ശി വരില്ല ട്ടോ. മുത്തശ്ശൻ ഉറങ്ങുന്ന മണ്ണാ..  ദിവസവും വിളക്ക് വെയ്ക്കുന്നതാ അല്ലെ മുത്തശ്ശി?’

ഗൗരി ചോദിച്ചു

“അതെ കുഞ്ഞേ. എനിക്ക് ഇവിടെ വിട്ട് വരാൻ പറ്റില്ല. കൂടെയുണ്ടായിരുന്ന ഒരാൾ… ഇപ്പോഴും ഇവിടെ ഉള്ളപ്പോൾ മുത്തശ്ശി എങ്ങനെയാ വരിക? മോന്റെ അമ്മയുടെ സ്ഥിതിയും അതാണ്‌. അത്രക്ക് അവരെ സ്നേഹിക്കുന്നത് കൊണ്ടാ ഞങ്ങളൊക്കെ ഇങ്ങനെ.അല്ലാതെ നിങ്ങളോടൊന്നും സ്നേഹം ഇല്ലാഞ്ഞിട്ടല്ല “

സഞ്ജയ്‌ സ്തബ്ധനായ്. പലപ്പോഴും അവന് അമ്മയോട് ദേഷ്യം തോന്നിയിട്ടുണ്ട്. അമ്മ എന്തിനാണ് ഇങ്ങനെ തന്നെ ഒറ്റയ്ക്ക് ആക്കിയത് എന്നോർത്ത്. പക്ഷെ ചിലപ്പോൾ ഇതാവും കാരണം. ഇപ്പൊ മനസിലാക്കുന്നു അമ്മയെ.

ഭക്ഷണം കഴിഞ്ഞു അവൻ മുറിയിലേക്ക് പോയി. അവന് അമ്മയെ ഒന്ന് വിളിക്കാൻ തോന്നി

“സർപ്രൈസ് ആണല്ലോ. എന്റെ മോന് ഒന്ന് വിളിക്കാൻ തോന്നിയല്ലോ ഇങ്ങോട്ട് ” അമ്മ പറഞ്ഞു

“അമ്മയ്ക്ക് സുഖമാണോ?” അവൻ അല്പം പതറി

വർഷങ്ങൾക്ക് ശേഷം ചോദിക്കുകയാണ്

“സുഖം ” താരയുടെ ശബ്ദം ഒന്ന് അടച്ചു

ഗൗരി മുറിയിലേക്ക് വരുന്നത് കണ്ടവൻ കൈ പിടിച്ചു അടുത്തിരുത്തി

“അമ്മയ്ക്ക് കുറച്ചു ദിവസം ഇങ്ങോട്ട് വരാൻ പറ്റുമോ?”

“എന്തെങ്കിലും വിശേഷം ഉണ്ടോ?” താരാ പെട്ടന്ന് ചോദിച്ചു

അമ്മ ഉദ്ദേശിച്ച ആ വിശേഷം അവന് മനസിലായി

“വെറുതെ കുറച്ചു ദിവസം. വെക്കേഷന് വരും പോലെ… ഞാൻ ഗൗരിക്ക് കൊടുക്കാം “

ഗൗരിക്ക് ഫോൺ കൈ മാറി അവൻ

“സുഖമാണോ മോളെ?”

അവരുടെ സംഭാഷണം നീണ്ടു പോയപ്പോൾ അവൻ ബെഡിൽ കിടന്നു കണ്ണുകൾ അടച്ചു

“ദേ അമ്മ കട്ട്‌ ചെയ്തു. ഹോസ്പിറ്റലിൽ നിന്നു  എമർജൻസി കാൾ വന്നു പിന്നെ വിളിക്കാമെന്ന് പറഞ്ഞു ” സഞ്ജയ്‌ ഫോൺ മേശപ്പുറത്ത് വെച്ചു

“അമ്മ ചോദിക്കുന്നു. കട്ടിൽ ചെറുതായതു കൊണ്ടാണോ ഞാൻ മുത്തശ്ശിയുടെ കൂടെ കിടക്കുന്നത് എന്ന്?”

“എന്നിട്ട്?”

“ഞാൻ പറഞ്ഞു അതെന്ന് “

“അല്ലതെ പേടിച്ചിട്ടല്ല “

“എനിക്ക് പേടിയൊന്നുമില്ല “അവൾ കൂർത്ത നോട്ടത്തോടെ പറഞ്ഞു

“ശരിക്കും?”

“ഊഹും “

“പേടി പോയോ?”

അവൾ നാണത്തിൽ തലയാട്ടി

“എന്നെ വിശ്വാസം ഉണ്ടൊ?”

അവൾ കുനിഞ്ഞു. സഞ്ജയുടെ ചുണ്ടുകൾ നുകർന്നു.

“ലവ് യൂ “

അവളപ്പോൾ എപ്പോഴും കാണുന്ന നാണം കുണുങ്ങിയായ ഗൗരി ആയിരുന്നില്ല. സഞ്ജയ്‌ എന്ന പുരുഷന്റെ പെണ്ണായിരുന്നു. അവന്റേതാകാൻ കൊതിക്കുന്ന ഉടലുള്ള പെണ്ണ്.

സഞ്ജയ്‌ ആ മൂക്കിന്റെ തുമ്പിലൂടെ വിരൽ കൊണ്ട് ഒരു വര വരച്ചു. ഗൗരി പാതിയടഞ്ഞ മിഴികളോടെ ആ വിരലിൽ മൃദുവായി കടിച്ചു

“എനിക്ക് സഞ്ജു ചേട്ടനെ വേണം… എന്റെ മാത്രം ആയിട്ട്. ഇപ്പൊ ” അവൾ മെല്ലെ പറഞ്ഞു

ചുംബനങ്ങളുടെ പെരുമഴ പെയ്തു തുടങ്ങി. മഴയുടെ താളത്തിൽ ആവേശത്തോടെ അലിഞ്ഞു ചേരുന്ന രണ്ടുടലുകൾ. സ്നേഹിച്ചു മതിയാവാതെ രണ്ടാത്മക്കൾ. സഞ്ജയ്‌ ഗൗരിയെന്ന പെണ്ണിനെ അറിയുകയായിരുന്നു.. അവന്റേത്‌ മാത്രമായ പെണ്ണിനെ..അവന്റെ ജീവനെ…

തുടരും….