സൂര്യനെ പ്രണയിച്ചവൾ, അധ്യായം 20- എഴുത്ത്: അമ്മു സന്തോഷ്

ഒരാഴ്ച ആയി വരുണിനെ കണ്ടിട്ട്. സഞ്ജയ്‌ തിരിച്ചു വന്ന ഉടനെ വരുണിന്റെ വീട്ടിൽ പോയി. വാതിൽ തുറന്നു കിടന്നു

“വരുൺ എവിടെ?”?സഞ്ജയ്‌ അകത്തേക്ക് ചെന്നു

മിയയുടെ മുഖം വല്ലാതെയിരിക്കുന്നു

“എന്താ മിയ?”

“അത്…പിന്നെ..”

“ഡാ എപ്പോ വന്നു നീയ്?” പടികൾ ഇറങ്ങി വരുൺ അവനരികിലേക്ക് വന്നു. അവന്റെ മുഖം വല്ലാത് ക്ഷീണിച്ചു വിളറിയിരുന്നു

“നിന്റെ മുഖമെന്താ വല്ലാതെ? പനിയുണ്ടോ?” സഞ്ജയ്‌ അവന്റെ നെറ്റിയിൽ കൈ വെച്ചു

“ഒന്നുല്ലടാ ഉറക്കം ശരിയായില്ല. പിന്നെ നിന്റെ വിശേഷം പറ. പ്രോഗ്രാം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു “

“നിന്റെ കാലിൽ എന്താ നീര്..” വരുണിന്റ കാലിലും കയ്യിലും മുഖത്തും നീര് കെട്ടി കിടക്കുന്നുണ്ടായിരുന്നു

“സത്യം പറ എന്താ മിയ?” മിയ ഒരു പൊട്ടിക്കരച്ചിലോടെ സെറ്റിയിൽ ഇരുന്നു

“മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയടാ നാ-റി ” സഞ്ജയ്‌ പൊട്ടിത്തെറിച്ചു

“കിഡ്നി പോയിന്നാ തോന്നണേ “

വരുൺ ചിരിച്ചു. സഞ്ജയ്‌ നടുക്കത്തോടെ അവനെ നോക്കിനിന്നു

“ഒരു പനി ഉണ്ടായിരുന്നു.വെറുതെ ഒരു ടെസ്റ്റ്‌ ചെയ്തു നോക്കി. ഡോക്ടർ പറയുന്നത് കിഡ്നി മാറ്റി വെയ്ക്കണം ന്ന് പക്ഷെ ഡോണർ വേണ്ടേ?  ദുബായ് നിന്ന് പപ്പയും അമ്മയും അനിയത്തി അനിയൻ ഒക്കെ വരാൻ ഇരിക്കുവാ . കിഡ്നി കിട്ടേണ്ട താമസം..” അവൻ ചിരിച്ചു

സഞ്ജയുടെ കണ്ണ് നിറഞ്ഞു

അവൻ വരുണിനെ ഇറുകെ കെട്ടിപിടിച്ചു. അവൻ പറയുന്നതൊക്കെ വെറുതെ ആയിരുന്നുവെങ്കിൽ എന്ന് ആശിച്ചു. ഈ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെയാ ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് എന്നോർത്ത് വേവലാതിപ്പെട്ടു

“നമുക്ക് ഒന്ന് പുറത്ത് പോകാം ” സഞ്ജയ്‌ അവനോട് പറഞ്ഞു

“ഞാൻ നീ വരാൻ നോക്കിയിരിക്കുവായിരുന്നു. ഹോ ഈ ഒരാഴ്ച നിന്നേ എനിക്ക് ശരിക്കും മിസ്സ് ചെയ്തെടാ. വീട്ടിൽ തന്നെ ഇരുന്നു മടുത്തു. ഇവളാണെങ്കിൽ കരച്ചിൽ..”

“മിയയും റെഡി ആകു വീട്ടിൽ ആക്കി തരാം. ഗൗരി ഉണ്ടല്ലോ. ഞാൻ ഒന്ന് ഇവന്റെ ഡോക്ടറെ കണ്ടിട്ട് വരാ ” മിയ സമ്മതിച്ചു

ഗൗരിയുടെ അടുത്ത് മിയയെ ആക്കിയിട്ട് അവർ ഡോക്ടറുടെ വീട്ടിലേക്ക് പോയി.

ഡോക്ടർ അലോഷി സെബാസ്റ്റ്യൻ. ഗേറ്റിൽ നെയിം ബോർഡ് ഉണ്ട്. വിളിച്ചു പറഞ്ഞു വെച്ചിരുന്നത് കൊണ്ട് കാത്തിരിക്കേണ്ടി വന്നില്ല.

“സഞ്ജയ്‌.. എസിപി “

“yea”

“വരുണിന്റെ മെഡിക്കൽ റിപ്പോർട്സ് ഒക്കെ എന്റെ കയ്യിൽ ഉണ്ട്. പക്ഷെ അത് നിങ്ങൾക്ക് മനസിലാകണം എന്നില്ല. അത് കൊണ്ട് ഞാൻ ഡീറ്റെയിൽ ചെയ്യാം”

“no need.. എനിക്ക് മനസിലാകും. ഞാൻ ഒരു ഡോക്ടർ ആണ്. അത് കഴിഞ്ഞാണ് സിവിൽ സർവീസ് പാസ്സ് ആയത് ” സഞ്ജയ്‌ പറഞ്ഞു

“ഓ ഇട്സ് ഗ്രേറ്റ്‌.”അദ്ദേഹം റിപ്പോർട്സ് എല്ലാം കൊടുത്തു

സഞ്ജയ്‌ എല്ലാം വായിച്ചു നോക്കി. ക്രീയാറ്റിൻ ലെവൽ ഒക്കെ വളരെ കൂടുതൽ

“ഡയാലിസിസ് സ്റ്റാർട്ട്‌ ചെയ്തോ?”

“ഇല്ല.. സഞ്ജയ്‌ വന്നിട്ട് മതി എന്തും എന്ന് വരുണിനു വാശി എന്ന ഫോൺ ചെയ്തു പറയാൻ പറഞ്ഞിട്ട് കേട്ടില്ല. നിങ്ങളുടെ സന്തോഷം കളയണ്ട എന്ന് എന്താ ചെയ്ക “

സഞ്ജയ്‌ തുളുമ്പി പോയ കണ്ണുകൾ മറയ്ക്കാൻ ഗ്ലാസ്‌ ധരിച്ചു

“ഞാൻ നാളെ ഹോസ്പിറ്റലിൽ വരാം. എന്റെ ടെസ്റ്റുകൾ നോർമൽ ആണെങ്കിൽ ഞാൻ ഇവന് മാച്ച് ആകുന്നെങ്കിൽ you can take it from me..”

വരുൺ നടുക്കത്തോടെ സജ്ഞയേ നോക്കി. ഡോക്ടറും അമ്പരപ്പോടെ അത് കേട്ടിരുന്നു

“ഇനി എന്റെ കിഡ്നി മാച്ച് ആകുന്നില്ലങ്കിൽ. ഞാൻ ഇവനെ അമേരിക്കയിൽ കൊണ്ട് പോകും. എന്റെ അമ്മ അവിടെ ഡോക്ടർ ആണ്. she has a hospital there.”

ഡോക്ടർ അലോഷി അവന്റെ സ്നേഹാധിക്യത്തിന് മുന്നിൽ നിശബ്ദനായി പോയി. പലതരം മനുഷ്യർ അദേഹത്തിന്റെ മുന്നിലൂടെ കടന്നു പോയിട്ടുണ്ട് ഇതിനകം. രോഗം ആണെന്നറിയുബോൾ തന്നെ ഉപേക്ഷിച്ചു പോകുന്ന പങ്കാളികൾ. തിരിഞ്ഞു നോക്കാത്ത ബന്ധുക്കൾ. വേറെ നിവൃത്തി ഇല്ലാത്തതു കൊണ്ട് മാത്രം കൂടെ നിൽക്കുന്നവർ. പക്ഷെ ഇത്തരമൊന്ന് അദ്ദേഹം ആദ്യം കാണുകയായിരുന്നു. ചില സമയങ്ങളിൽ ഡോക്ടർമാരും കരഞ്ഞു പോകും

അത് അത്തരമൊരു സമയം ആയിരുന്നു. ഡോക്ടർ മിഴികൾ ഒപ്പി

“വരുൺ നിങ്ങൾ ഭാഗ്യവാനാണ്.. കൂടപ്പിറപ്പുകളും ഭാര്യയും പോലും ചിലപ്പോൾ ഒന്ന് മടിക്കും ഇത്..”

“അത്രയ്ക്കൊന്നുമില്ല ഡോക്ടർ ഇതിൽ. എനിക്ക് രണ്ടെണ്ണം ഉണ്ട്. ഒന്ന് ഇവന് കൊടുക്കാൻ എനിക്ക് എന്തിനാ മടി? ഞാൻ ജീവിക്കുന്ന കാലം വരെ എനിക്ക് ഇവനെ കാണണം… ഡോക്ടർക്ക് ഞങ്ങളുടെ ബന്ധം ശരിക്കും അറിയാഞ്ഞിട്ടാ. അഞ്ചു വയസ്സിൽ ഒപ്പം കൂടിയ ചങ്ങായി ആണ്. അവനില്ലാതെ ഞാൻ എന്തിനാ ഭൂമിയിൽ? എനിക്ക് എന്ത് ഉണ്ടായിട്ടെന്താ? ആര് ഉണ്ടായിട്ടെന്താ? ഇവന് പകരമാവില്ല ആരും. ഞാൻ വരാം. നാളെ.” അവൻ എഴുന്നേറ്റു

ഡോക്ടർക്ക് ഹസ്തദാനം നൽകി

“ഡോക്ടർ ടെൻഷൻ ആവണ്ട. ഇവന്റെ കാര്യം നമുക്ക് ശരിയാക്കാം ന്ന്. ല്ലെടാ?”

അവൻ വരുണിനെ ചേർത്ത് പിടിച്ചു നടന്നു പോകുന്നത് ഡോക്ടർ അലോഷി നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു. ഇങ്ങനെ ഒരു കൂട്ടുകാരൻ ഉണ്ടെങ്കിൽ എന്ത് വേണം പിന്നെ മനുഷ്യന്?
അദ്ദേഹം ചിന്തിച്ചു

തിരിച്ചുള്ള യാത്രയിൽ വരുൺ നിശബ്ദനായിരിക്കുന്നത് കണ്ട് അവൻ കാർ നിർത്തി

“എന്താടാ?”

വരുൺ ഒന്നും പറയാതെ അവന്റെ തോളിൽ മുഖം അമർത്തി

“ഒന്നുല്ലടാ നിനക്ക്.. ഞാൻ ഇല്ലെടാ?”

സഞ്ജയ്‌ അവന്റെ നിറുകയിൽ ചുംബിച്ചു

“ഇന്ന് മുതൽ നിങ്ങൾ എന്റെ വീട്ടിൽ താമസിച്ച മതി. കുറച്ചു നാൾ ലീവ് എടുക്ക്. ദുബായ്നിന്ന് അവരൊന്നും ഓടിപ്പിടിച്ചു ഇങ്ങോട്ട് വരണ്ടാന്നു പറ. എന്തെങ്കിലും ഒന്ന് കൺഫേം ആയിട്ട് വന്നാൽ മതി. അവർക്കെല്ലാം ജോലിയുള്ളതല്ലേ. ഓപ്പറേഷൻ ടൈമിൽ വന്നാൽ മതി “

“ടാ എനിക്ക് ഈ ഓപ്പറേഷൻ ഒക്കെ പേടിയാ “

വരുൺ പേടിയോടെ പറഞ്ഞു

“എന്ത് കാര്യത്തിന് പേടി? എടാ നിന്റെ ഓപ്പറേഷൻ നടക്കുമ്പോൾ എന്റെ ഓപ്പറേഷൻ കൂടി ആ സമയം നടക്കുകേലെ? നീ എന്നെ ഓർത്തു പേടിക്ക്. നീ കാരണം ഞാനും.. വെറുതെ ഇരുന്ന എന്നെ കൂടി കീറുകെലെ?ഹോ ദൈവമേ ഈ പണ്ടാരത്തിനെ കൊണ്ട് ഞാൻ തോറ്റു “

വരുൺ ചിരിച്ചു പോയി

കടൽ പോലെ ഇളകി മറിഞ്ഞു കൊണ്ടിരുന്ന മനസ്സ് ശാന്തമായ ഒരു പൊയ്ക പോലെ. അവൻ സഞ്ജയ്‌ ഡ്രൈവ് ചെയ്യുന്നത് നോക്കിയിരുന്നു

“സഞ്ജു?”

“ഉം?”

“നിനക്ക് എന്നോട് ഇത്രേം സ്‌നേഹമൊക്ക ഉണ്ടാരുന്നോടാ?”

“തേങ്ങാക്കൊല… സ്നേഹം ഉണ്ടായിട്ടൊന്നുമല്ല.നീ എങ്ങാനും ച-ത്തു പോയ വെള്ളമടിക്കാൻ എനിക്ക് പിന്നെ കമ്പനി ആരാ?”

“നീ നന്നാവൂല്ലാ അല്ലേടാ?” വരുൺ അവന്റെ തലയ്ക്കിട്ട് കൊട്ടി

“നെവർ എവർ ” സഞ്ജയ്‌ കൈകൾ വിടർത്തി

“സത്യത്തിൽ നിന്റെ കിഡ്നി ആണ് അടിച്ചു പോകേണ്ടത്. അമ്മാതിരി കുടിയാ നീ കുടിച്ചിരിക്കുന്നെ? എന്നിട്ട് അത് കണ്ടിരുന്ന എന്റെ കിഡ്നി പോയി “വരുൺ പറഞ്ഞു

സഞ്ജയ്‌ ഊറിച്ചിരിച്ചു”എടാ മോനെ വരുണേ.. നിന്റെ കിഡ്നി പോയപ്പോൾ എന്റെതും പോകുവല്ലേ? അപ്പൊ ഫലത്തിൽ എന്റെ കിഡ്നിയും പോയില്ലേടാ പൊട്ടാ “

“ഉയ്യോ ശരിയാണല്ലോ ” വരുൺ തലയാട്ടി.

സഞ്ജയ്‌ അവന്റെ തോളിലൂടെ കൈ ഇട്ടവനേ തന്നിലേക്ക് ചേർത്ത് പിടിച്ചു

“നിന്നേ ഞാൻ ഒന്നിനും കൊടുക്കൂല മോനെ.”

“ഉവ്വാ. ഒഴിയാബാധ “വരുൺ തല കുലുക്കി

“എന്റെ ചക്കര അല്ലേട?”

വരുണിന്റ കവിളിൽ സഞ്ജയ്‌ അമർത്തി ചുംബിച്ചു. വരുൺ അത്ഭുതത്തോടെ അവനെ നോക്കിയിരുന്നു. എന്ത് തരം മനുഷ്യൻ ആണിത്. സ്നേഹം ഉണ്ടെന്ന് അറിയാമായിരുന്നു. പക്ഷെ പ്രാണൻ കൊടുക്കുന്ന സ്നേഹം ഉണ്ടെന്ന് അറിയില്ലായിരുന്നു.

തിരിച്ചായിരുന്നെങ്കിൽ താൻ ചെയ്യുമായിരുന്നൊ? വരുൺ ആലോചിച്ചു നോക്കി. ചെയ്യും. നൂറു വട്ടം ചെയ്യും. അവന്റെ മനസ്സ് അവന് ഉത്തരം കൊടുത്തു

രക്തത്തിൽ അലിഞ്ഞു പോയ ചില ബന്ധങ്ങളുണ്ട് മനുഷ്യന്. വേർപിരിക്കാനും വേർപ്പെടുത്താനും വയ്യാത്തത്. അവരിൽ നിന്നിറങ്ങി പോകുക അസാധ്യമാണ്. അവരെ മറക്കാനും അവരില്ലാതെ കഴിയാനും ആവില്ല തന്നെ. സഞ്ജയ്‌ തനിക്ക് അങ്ങനെയാണ്. അവന് താനും അങ്ങനെ തന്നെ. ദൈവം കൂട്ടി ചേർത്തവർ

അവൻ മനസ്സ് കൊണ്ട് ദൈവത്തിനു നന്ദി പറഞ്ഞു

തുടരും…