ജേക്കബ്സ് ഹോസ്പിറ്റൽ..
കൊച്ചി നഗരത്തിലെ ഏറ്റവും മികച്ച ഹോസ്പിറ്റലാണ് ജേക്കബ്സ് ഹോസ്പിറ്റൽ. ഒറ്റ കാര്യം മാത്രം, അങ്ങോട്ട് ചെല്ലണമെങ്കിൽ കൈ നിറയെ പണം വേണം
അത് കൊണ്ട് തന്നെ ഏറ്റവും സമ്പന്നമാർ മാത്രമേ അവിടെ പോകാറുള്ളു
ഒരു പാട് പരാതികൾ,പ്രത്യേകിച്ച് അവയവക്കടത്ത് പോലെയുള്ള നിരവധി പരാതികൾ ഉണ്ടായിട്ടുണ്ട് അതിനെതിരായി. പക്ഷെ അതൊന്നും എത്തേണ്ടിടത്ത് എത്തിയിട്ടില്ല. പരാതികൾ ഉന്നയിക്കുന്നവർ എത്ര ഉന്നതങ്ങളിൽ ഇരിക്കുന്നവരാണെങ്കിലും നിശബ്ദരാക്കാൻ അവർക്ക് ആളുകളുണ്ട്. അത് കൊണ്ട് തന്നെ ഹോസ്പിറ്റലിന്റെ കോമ്പൗണ്ട് വിട്ട് അതൊന്നും പുറം ലോകം അറിഞ്ഞിട്ടില്ല.
ഡോക്ടർ അലോഷി അവിടേ ചാർജ് എടുത്തിട്ട് കഷ്ടിച്ച് ഒരു വർഷം ആയതേയുള്ളു. അദേഹത്തിന്റെ എത്തിക്സ് അദ്ദേഹത്തെ പലപ്പോഴും അവിടേ നിന്ന് രാജി വെച്ച് ഇറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതായിരുന്നു. അതിന് കഴിയാതെ പോയത് ആ ഹോസ്പിറ്റലിന്റെ ഉടമസ്ഥതയുള്ള മെഡിക്കൽ കോളേജിൽ തന്നെ പഠിക്കുന്ന അദേഹത്തിന്റെ രണ്ടു മക്കളായിരുന്നു. ഇരട്ടകളായ ആനിയും ജോജിയും ഒരു രൂപ പോലും വാങ്ങാതെ ഹോസ്പിറ്റലധികാരികൾ അവർക്ക് അഡ്മിഷൻ കൊടുക്കുമ്പോൾ ഒന്നേ ആവശ്യപ്പെട്ടുള്ളു. അലോഷി ഡോക്ടറുടെ സേവനം.
ഉയർന്ന ശമ്പളം കൊടുക്കുന്നുണ്ട് ഹോസ്പിറ്റൽ അദ്ദേഹത്തിന്. പക്ഷെ മനസാക്ഷിക്ക് നിരക്കാത്ത പലതും ചെയ്യേണ്ടി വരും. പലതിന് നേരേ കണ്ണടയ്‌ക്കേണ്ടിയും വരും. ആദ്യമൊക്കെ അദ്ദേഹത്തിന് അത് കടുത്ത മാനസിക സംഘർഷത്തിന് ഇടയാക്കിയിരുന്നു. പിന്നെ പിന്നെ എല്ലാ മനുഷ്യരെയും പോലെ തെറ്റുകൾ ശീലമായി. അല്ലെങ്കിലയാൾ അതിനെ കുറിച്ച് ബോധപൂർവം ഓർക്കാതെയായി.
അവിടെ ഉള്ള ഓരോ ഡോക്ടർമാർക്കും ടാർഗറ്റ് ഉണ്ട്. ഒരു മാസം ഒരാളുടെ കെയർ ഓഫിൽ ഇത്രയും തുക ഹോസ്പിറ്റലിന്റെ അക്കൗണ്ടിൽ എത്തിയിരിക്കണം. അലോഷിക്ക് കഴിഞ്ഞ മാസവും ടാർഗറ്റ് നേടാൻ കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് മേൽ നല്ല സമ്മർദ്ദം ഉണ്ടായിരുന്നു.
വരുൺ പനിയായി വന്നപ്പോൾ നിരവധി ടെസ്റ്റുകൾ ചെയ്തിരുന്നു. അപ്പോഴാണ് അത് കണ്ടെത്തിയത് വരുണിന്റ വൃക്ക മാച്ച് ആയത് കേന്ദ്രമന്ത്രി അശ്വിന്റെ മകനുമായിട്ടാണ് എന്നത്. പിന്നീട് സഞ്ജയ് വരുന്നത് വരെ കാര്യങ്ങൾ തന്റെ പ്ലാൻ അനുസരിച്ചു തന്നെ നടന്നു. വരുണിനു പിന്നിൽ സഞ്ജയ് ഉണ്ടെന്ന് അറിഞ്ഞു കൂടായിരുന്നു. സഞ്ജയ് വന്നു കാണും വരെ.
സഞ്ജയെ കുറിച്ച് അയാൾ കേട്ടിരുന്നു. എന്തെങ്കിലും പിഴവ് ഉണ്ടായാൽ അയാൾ തോക്ക് എടുക്കുക തന്റെ നേർക്ക് തന്നെ ആവും എന്നയാൾക്ക് ഉറപ്പായിരുന്നു. ഡോണർ ഞാൻ ആകാം എന്ന് പറഞ്ഞപ്പോൾ അയാൾ ഞെട്ടിയതും അത് കൊണ്ടാണ്. ഹോസ്പിറ്റൽ അധികാരികൾക്ക് മുന്നിൽ പിറ്റേ ദിവസം തന്നെ അയാൾ എത്തി
“ഇത് എനിക്ക് സാധിക്കില്ല സാർ “
ജേക്കബ് ഉമ്മന്റെ അതായത് ഹോസ്പിറ്റലിന്റെ ഏക ഉടമസ്ഥന്റെ മുഖത്ത് നോക്കി അലോഷി പറഞ്ഞു. ജേക്കബ് കുറുക്കന്റെ കണ്ണുകളിലൂടെ അയാളെ നോക്കി
“സാർ ഇത് സഞ്ജയ് ഉൾപ്പെട്ട കേസ് ആണ്. സഞ്ജയ് എങ്ങനെ ഉള്ള ആളാണ് എന്ന് ഈ കേരളത്തിൽ ഉള്ള കുട്ടികൾക്ക് പോലും അറിയാം. നമുക്ക് ടെസ്റ്റുകളിൽ പിഴവ് വന്നെന്നോ മറ്റൊ ഒരു നുണ പറഞ്ഞു ഒഴിവാക്കി കൂടെ?”
“താൻ ആരെയാ ഭയക്കുന്നത് ഡോക്ടറെ? ഈ സഞ്ജയ് ആരാണ്? ഇന്നലെ വന്നു ചാർജ് എടുത്ത ഒരു കിളന്തു പയ്യൻ. അവൻ പ്രായത്തിന്റെ തിളപ്പിൽ കുറച്ചു ഷോ കാണിക്കുന്നു അതും എവിടെ ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഗുണ്ടകൾക്ക് നേരേ.. അത് പോലെയാണോ ഈ ഹോസ്പിറ്റൽ.?”
ഡോക്ടർ അലോഷി തല കുടഞ്ഞു. ഇയാൾക്ക് എന്താണ് പറഞ്ഞാൽ മനസിലാകാത്തത്. ആ ചെറുക്കൻ മൂർഖന്റെ സ്വഭാവം ഉള്ള തെറിച്ച ഒരുത്തൻ ആണ്
അവന്റെ ജീവനാണ് വരുൺ എന്ന് തനിക്ക് മനസിലായതാണ്. വരുൺ പനിക്ക് ചികിത്സ തേടിയപ്പോൾ താൻ കൊടുത്ത മരുന്നിന്റെ താത്കാലിക എഫക്ട് ആയിരുന്നു ആ നീരും ക്ഷീണവും. അത് സ്ഥിരമായി താൻ ചെയ്യുന്നതുമാണ്. നീരു കണ്ടു ഭയക്കുന്ന രോഗി ടെസ്റ്റ് ചെയ്യുമ്പോൾ ക്രിയാറ്റിൻ ലെവൽ വളരെ ഉയർന്നു കാണിക്കും. കിഡ്നിയുടെ ടെസ്റ്റുകളിൽ എല്ലാം നോർമൽ റേഞ്ചിന് പുറത്ത് സെറ്റ് ചെയ്യും. അങ്ങനെ വൃക്ക തകരാറിലായി എന്നവരെ ബോധ്യപ്പെടുത്തുകയും അവരുടെ വൃക്ക എടുക്കുകയും ചെയ്യും..ഇനിയവർ വേറെ എവിടെ എങ്കിലും ടെസ്റ്റ് ചെയ്ത് പിഴവ് ഈ ഹോസ്പിറ്റലിൽ നിന്ന് സംഭവിച്ചതാണ് എന്ന് ആരോപണം ഉണ്ടാകുകയാണെങ്കിൽ അത് വെറും ലാബിലെ പിഴവായി നിസാരവത്കരിക്കുകയും തല്ക്കാലം അവരെ സസ്പെൻഡ് ചെയ്തു തടിയൂരുകയും ചെയ്യും. അങ്ങനെ അല്ലെങ്കിൽ അവരുടെ ആരോഗ്യമുള്ള വൃക്ക ആവശ്യമുള്ള ഒരു കോടീശ്വരന് കൈമാറുന്നു. ഓപ്പറേഷന് ശേഷം ഉണ്ടാകുന്ന ഹൃദയഘാതത്തിൽ രോഗി മരിക്കുന്നു. ഇതാണ് സ്ഥിരമായി സംഭവിക്കുന്നത്.
വളരെ ബുദ്ധിപൂർവമായ ഒരു നീക്കം സഞ്ജയുടെ രംഗ പ്രവേശത്തോടെ പാളി. അല്ല താൻ ഭയന്നു
“സാർ ഒന്നുടെ ആലോചിച്ചിട്ട് പോരെ?” അയാൾ വീണ്ടും ജേക്കബ്ന്റെ മുന്നിൽ കെഞ്ചി
ജേക്കബ് രണ്ടു മാർക്ക് ലിസ്റ്റുകൾ അയാൾക്ക് മുന്നിൽ ഇട്ടു കൊടുത്തു
“തന്റെ മക്കളുടെയാ. എല്ലാ വിഷയത്തിലും below average. ഇവരെ അങ്ങ് തോൽപ്പിച്ചു കളഞ്ഞേക്കട്ടെ. നല്ല പോലെ പഠിച്ചു പത്ത് പതിനഞ്ച് വർഷം കൊണ്ട് പാസ്സ് ആയാ മതി ഇവർ “
ഡോക്ടർ അലോഷിയുടെ മുഖം താണു
“എന്ത് വേണം?” ജേക്കബ് ഉഗ്ര സ്വരത്തിൽ ചോദിച്ചു
“ഞാൻ ചെയ്യാം സാർ..” അയാൾ എഴുനേറ്റു
“ഗുഡ് ” ജേക്കബ് പുഞ്ചിരിച്ചു. കഴുകന്റെ പുഞ്ചിരി.
രാവിലെ എഴുനേറ്റു കുളിച്ചു വേഷം മാറി വന്ന വരുണിനെ കണ്ട് താര അല്പം അതിശയിച്ചു. മുഖത്ത് ഉണ്ടായിരുന്ന നീര് ഒക്കെ മാറിയിരിക്കുന്നു. കുറച്ചു കൂടെ ഊർജസ്വലനായി കാണുന്നു. കാൽപ്പാദത്തിൽ ഉള്ള നീരിന്നും കുറച്ചു കുറവുണ്ട്. അവന്റെ ക്ഷീണവും മാറി
“സഞ്ജു… നിന്റെ വരുണിനു നീ അടുത്തുണ്ടായാൽ മതി കേട്ടോ നോക്കു. ആള് മിടുക്കൻ ആയി “
സഞ്ജയ് ഐ ജി അങ്കിളിന്റെ കാൾ വന്നത് കൊണ്ട് ഓഫീസിൽ വരെ ഒന്ന് പോകാൻ റെഡി ആവുകയായിരുന്നു. അവൻ തല തിരിച്ചു വരുണിനെ നോക്കി
ശരി ആണല്ലോ. ഇപ്പൊ അസുഖം ഉണ്ടെന്ന് പറയില്ല..
“അമ്മേ എനിക്കൊന്നു ഓഫീസിൽ പോകണം. നിങ്ങൾ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ഞാൻ ജോയിൻ ചെയ്തോളാം “
“സഞ്ജു വെയിറ്റ്… എനിക്ക് ചില ഡൗട്സ് ഉണ്ട്. എന്റെ ഫ്രണ്ട് മാത്യു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നേഫ്രോളജി ഡിപ്പാർട്മെന്റ് ഹെഡ് ആണ് ഇപ്പൊ. ഞാൻ മോർണിംഗ് പുള്ളിയെ വിളിച്ചു. റിപ്പോർട്ട് ഒക്കെ വാട്സാപ്പ് ചെയ്തു. പുള്ളി പറയുന്നത് ജേക്കബ്സ് ഹോസ്പിറ്റലിൽ something is fishi “അദ്ദേഹം അത്ര നല്ല ഒരു റിപ്പോർട്ട് അല്ല ഹോസ്പിറ്റലിനെ കുറിച്ച് പറഞ്ഞത്. ഡോക്ടർമാർക്കിടയിൽ തന്നെ മോശം അഭിപ്രായം ഉള്ള ഒന്നാണ് ഈ ഹോസ്പിറ്റൽ. പിന്നെ ഡോക്ടർ അലോഷിയുടെ രണ്ടു മക്കളും ഇവിടെയാണ് പഠിക്കുന്നത്. He also ട്രാപ്പ്ഡ് there “
ആ വാക്കുകൾ സഞ്ജയുടെ ഹൃദയത്തിലേക്ക് ഒരു തീ മഴ പോലെയാണ് പെയ്തിറങ്ങിയത്. വരുൺ നടുങ്ങി പോയി
“എന്ന് വെച്ചാൽ?”അവൻ മുന്നോട്ട് നീങ്ങി
“കൺഫേം ആയിട്ട് പറഞ്ഞാൽ പോരെ?”
“നോ “
സഞ്ജയ് സത്യത്തിൽ അലറുക തന്നെ ആയിരുന്നു. മിയയും ഗൗരിയും അത് കേട്ട് ഓടി വന്നു
“അമ്മ പറ എനിക്ക് അറിയണം “
“ഞാൻ അത് ഉറപ്പിച്ചു പറയണമെങ്കിൽ വേറെ ലാബിൽ വേറെ കുറച്ചു ടെസ്റ്റുകൾ നടത്തണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോകണം. ഇവിടെ വേണ്ട”
സഞ്ജയ് പരിഭ്രമത്തോടെ അമ്മയെ നോക്കി
“അമ്മേ പ്ലീസ്… എന്നോട് പറ എന്താ?” അവൻ ആ കൈ പിടിച്ചു
“എന്റെ കൂടെയുള്ള ഒരു ഡോക്ടർ നെൽസൺ ഉണ്ട്. യൂഎസിൽ.അദ്ദേഹം ഒരിക്കൽ കേരളത്തിൽ ഉള്ള ഒരു ഹോസ്പിറ്റലിനെതിരെ വളരെ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം ജോലി ചെയ്തിരുന്ന കാലത്ത് കണ്ടെത്തിയ കുറച്ചു കാര്യങ്ങൾ. അതായത് ചില മരുന്നുകൾക്ക് താൽക്കാലികം ആയി ഇത്തരം അവസ്ഥ ഉണ്ടാക്കാൻ സാധിക്കും. മറു മരുന്നുകൾ കൊണ്ട് അത് മാറുകയും ചെയ്യും. വരുൺ പറഞ്ഞത് പനിക്ക് ചികിത്സ തേടി പോയി എന്നല്ലേ?”
വരുൺ തലയാട്ടി
“അന്ന് തന്ന മെഡിസിൻ ഓർമ്മയുണ്ടോ സ്ട്രിപ്പൊ വല്ലോം കയ്യിൽ ഉണ്ടൊ “
“ഇല്ല. അവർ ഒരു ഇൻജെക്ഷൻ തന്നിരുന്നു. പിന്നെ സ്ട്രിപ്സ് ഇല്ലാത്ത കുറച്ചു മരുന്നുകൾ. മൂന്ന് ദിവസം കഴിഞ്ഞു അസുഖം മാറിയെങ്കിലും പെട്ടെന്ന് തന്നെ inflammation വന്നു.”
“see… ആ ഇൻജെക്ഷൻ ആണ് കുഴപ്പം ചെയ്തിരിക്കുക. ഒന്നുകിൽ വരുണിന്റെ കിഡ്നിക്ക് മാച്ച് ആയ ഏതോ ആള് booking ഓർഡറിൽ ഉണ്ട്. അല്ലെങ്കിൽ വേറെ എന്തോ പ്ലാൻ ഉണ്ട്. എന്തിനും ഉറപ്പ് പറയാൻ എല്ലാ ടെസ്റ്റും ഒന്നെന്നു ചെയ്യണം. എനിക്ക് സംശയം ഈ ടെസ്റ്റുകൾ പോലും fake ആണെന്നാണ്. നെൽസൺ ജോലി ചെയ്തിരുന്നത് ഈ ഹോസ്പിറ്റലിൽ ആണെന്നാണ് എന്റെ ഓർമ്മ. അയാൾക്ക് ഇതൊക്കെ കണ്ടിട്ട് മടുത്തു നാട് വിടുകയായിരുന്നു. എതിർക്കുന്നവർ ഈ ഭൂമിയിൽ കാണില്ല അവർ കാണിക്കില്ല. അത് കൊണ്ട് ആള് പേടിച്ച് അങ്ങോട്ടേക്ക് വന്നു. പക്ഷെ ഈ ഹോസ്പിറ്റലിന്റെ പേര് എനിക്ക് നെൽസനോട് ഒന്നുടെ വിളിച്ചു ചോദിച്ചു കൺഫേം ചെയ്യണം. ഈ ആശുപത്രി തന്നെ ആണോന്ന് “
സഞ്ജയ് സെറ്റിയിലേക്ക് ഇരുന്നു പോയി
“ഇതിൽ നീ ഇടപെടുമെന്ന് അവർക്ക് അറിയില്ലായിരുന്നു. നീ ഇൻവോൾവ് ആയ സ്ഥിതിക്ക് അവർ പിന്മാറാൻ ആണ് സാധ്യത. അല്ല ഇനി എന്റെ നിഗമനങ്ങൾ തെറ്റാണെങ്കിൽ അവർ ഇങ്ങോട്ട് വിളിക്കും “
പൊടുന്നനെ വരുണിന്റ ഫോട്ടോ ശബ്ദിച്ചു
“ഡോക്ടർ അലോഷി കാളിങ് “
വരുൺ അത് അവരെ കാണിച്ചു
“They are oversmart “അവൻ പിറുപിറുത്തു
സഞ്ജയ് ഫോൺ അവന്റെ കൈയിൽ നിന്ന് വാങ്ങി
തുടരും…