സൂര്യനെ പ്രണയിച്ചവൾ, അധ്യായം 24- എഴുത്ത്: അമ്മു സന്തോഷ്

“ഹലോ വരുൺ. ഡോക്ടർ അലോഷിയാണ്. നിങ്ങൾ പുറപ്പെട്ടോ?”

ബെസ്റ്റ്. ആദ്യമായിട്ടായിരിക്കും ഒരു ഹോസ്പിറ്റലിൽ നിന്ന് ഇങ്ങനെ ഒരു വിളി വരുന്നത്.

“ഞാൻ സഞ്ജയ്‌ ആണ് ഡോക്ടർ ” സഞ്ജയ്‌ ശബ്ദത്തിൽ കഴിയുന്നത്ര സ്വാഭാവികത വരുത്തി

“ഹലോ സഞ്ജയ്‌ ” ഡോക്ടറുടെ ശബ്ദത്തിൽ ഒരു പതർച്ച ഉണ്ടായത് സഞ്ജയ്‌ ശ്രദ്ധിച്ചു

“ഇന്നുച്ച കഴിഞ്ഞു എനിക്ക് അത്യാവശ്യം ആയി ഒരു മീറ്റിംഗ് ഉണ്ട്. നിങ്ങളെ അറ്റൻഡ് ചെയ്തിട്ട് വേണം പോകാൻ. അതാണ് വിളിച്ചു ചോദിച്ചത് “

“ഡോക്ടർ പൊയ്ക്കോളൂ. ഞങ്ങൾ രണ്ടു ദിവസം കഴിഞ്ഞു വരാം. തിരുവനന്തപുരം വരെ പോവാണ് “

“നോ നോ. വരുൺ ഈ സമയത്ത് അധികം ട്രാവൽ ചെയ്യണ്ട. കംപ്ലീറ്റ് റസ്റ്റ്‌ വേണം “

ഡോക്ടറുടെ ഉത്തരവ് കേട്ട സഞ്ജയ്ക്ക് ദേഷ്യം പതഞ്ഞു പൊങ്ങിയെങ്കിലും അവൻ സംയമനം പാലിച്ചു

“ഞാൻ വേണ്ട കെയർ എടുത്തു കൊള്ളാം ഡോക്ടർ. എന്റെ അമ്മ വന്നിട്ടുണ്ട്. എന്റെ അമ്മയേ ഡോക്ടർക്ക് അറിയാമല്ലോ.ഡോക്ടർ താര.നേഫ്രോളജിസ്റ്റ് ആണ്. നിങ്ങൾ ഒരുമിച്ചു പണ്ട് വർക്ക്‌ ചെയ്തിട്ടുണ്ട് അല്ലെ?”

അലോഷി ഞെട്ടിപ്പോയി. തീർന്നു എല്ലാം. എല്ലാ കള്ളത്തരവും വെളിച്ചത്താകും. ഇത് മാത്രം അല്ല പിടിക്കപ്പെട്ടാൽ പുറത്ത് വരിക. നൂറു കണക്കിന് അവയവ ദാനങ്ങൾ, മരണങ്ങൾ ഒക്കെ പുറത്ത് വരും. താൻ ഉൾപ്പെടെ ജയിലിൽ ആകും.

“doctor are you there?”

ഫോണിന്റെ മറ്റേ തലയ്ക്കൽ ശബ്ദം ഇല്ലഎന്ന് കണ്ട് അവൻ ചോദിച്ചു. ഫോൺ കട്ട്‌ ആയിരിക്കുന്നു. അവൻ ഫോൺ കട്ട്‌ ചെയ്തു

“അമ്മ സംശയിച്ചത് ശരിയാണ്. ഇത് ഒരു ട്രാപ് ആയിരുന്നു. ഇത് പോലെ എത്ര പേര് കുടുങ്ങിയിട്ടുണ്ടാകും “

“അമ്മ വന്നില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ നിങ്ങൾ രണ്ടു പേരും അപകടത്തിൽ പെടുമായിരുന്നില്ലേ?” ഗൗരി ഭീതിയോടെ ചോദിച്ചു

സഞ്ജയ്‌ ഒന്ന് തലയാട്ടി. എന്റെ ഭഗവാനെ എന്നൊരു വിളി വിളിച്ചു പോയി ഗൗരി

“അപ്പൊ ഒരു കാര്യം ചെയ്യാം. നിങ്ങൾ തിരുവനന്തപുരത്തിന് വിട്ടോ. ഞാൻ ഡ്രൈവറെ വിളിച്ചു പറഞ്ഞിട്ടുണ്ട്. റെഡി ആയിക്കോ. ഞാൻ ഒന്ന് ഓഫീസിൽ ചെന്നിട്ട് പുറകെ വരാം. സസ്പെൻഷനിലാ “

അവൻ അമ്മയെ ചമ്മി ഒന്ന് നോക്കി

“സ്വാഭാവികം ” താര ചിരിച്ചു

“സോറി എനിക്ക് അമ്മയോട് പറയാൻ ധൈര്യം ഇല്ലായിരുന്നു “

“നീ പറയണ്ട. ന്യൂസ്‌ ഞാൻ കേട്ടു കണ്ടു. ചന്ദ്രു എന്നെ വിളിച്ചു പറയുകയും ചെയ്തു. ഐ ജി ആയിട്ട് കക്ഷി അവിടേ ഇരിക്കുന്ന കൊണ്ടാ നിന്റെ തോന്ന്യാസം മുഴുവൻ നടക്കുന്നത് കേട്ടോ. അല്ലെങ്കിൽ ബീഹാറോ രാജസ്ഥാനോ വല്ലോം ട്രാൻസ്ഫർ അടിച്ചു കിട്ടിയേനെ “

“അതിന് ഞാൻ എന്താ ചെയ്തേ? ഞാൻ ചെയ്തത് കുറഞ്ഞു പോയി “

“ഉയ്യോ മതി മതി.. ഞങ്ങൾ റെഡി ആവാൻ പോണ് നീ ഇറങ്ങിക്കോ വിളിക്കാം “താര തൊഴുതു

താരയും മിയയും മുറിയിൽ പോയി. വരുൺ അവന്റെ അരികിൽ ചെന്നു

“ടാ… നീ ശരിക്കും ദൈവത്തെ പോലെയാ ട്ടോ “

“ആ ഇനി അതിന്റെ ഒരു കുറവ് കൂടെ ഉണ്ടായിരുന്നുള്ളു. നിനക്ക് മനസാക്ഷി ഉണ്ടൊ..?”

“ങ്ങേ?”

വരുണന്തം വിട്ട് അവനെ നോക്കി

“ഞാൻ ഓഫീസിൽ പോകാൻ പോകുന്നു. ദേ എന്റെ കൊച്ച് ഇവിടെ നിൽക്കുന്നു. എന്തിനായിരിക്കും.. ഒരു ഉമ്മക്ക്.. അപ്പൊ നീ ഒരു വകതിരിവും ഇല്ലാതെ  ഇങ്ങനെ പോസ്റ്റ്‌ ആകാമോ?”

വരുൺ പൊട്ടിച്ചിരിച്ചു പോയി. ഗൗരി ആണെങ്കിൽ നാണിച്ചിട്ട് മുറിയിലോട്ട് ഒരു ഓട്ടം വെച്ചു കൊടുത്തു

“സമാധാനം ആയല്ലോ. ഒരു ഉമ്മ പോയിക്കിട്ടി “

“ഞാൻ തന്നാ മതിയൊ?” വരുൺ അവനെ കളിയാക്കി

“പോടാ കോ- പ്പേ “

സഞ്ജയ്‌ അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് കാറിന്റെ കീ എടുത്തു

“ചെന്നാലുടനെ വിളിക്ക് ” വരുൺ തലയാട്ടി

പെട്ടെന്ന് സഞ്ജയ്‌ മുന്നോട്ട് വന്നവന്റെ കവിളിൽ ഉമ്മ വെച്ചു. വരുണിന്റ കണ്ണ് നിറഞ്ഞു. സഞ്ജയ്‌ നടന്നു കാറിൽ കയറുന്ന വരെ അവൻ ആ നിൽപ് നിന്നു

ഐ ജിയുടെ ഓഫിസ്

“സസ്‌പെൻഷൻ അങ്ങ് ആഘോഷിക്കുവാ അല്ലെ?” ചെന്നപ്പോഴേ ചോദ്യം വന്നു

സഞ്ജയ്‌ ഒന്ന് ചിരിച്ചു

“നീ ജോയിൻ ചെയ്തോട്ടൊ. ഞാൻ ഒക്കെ പറഞ്ഞു റെഡി ആക്കിയിട്ടുണ്ട്. ഓഫീസിൽ നിന്റെ ഒരു കുറവ് കാണാനുണ്ട്. മീഡിയക്കാരുടെ കണ്ണിൽ പൊടി ഇടാനുള്ള ഡ്രാമ അല്ലെ ഈ സസ്‌പെൻഷൻ ഒക്കെ..”

“അങ്കിളേ ഒരു പ്രശ്നം ഉണ്ട്.”

ഐജി ചന്ദ്രമോഹൻ അവനെ ഒന്ന് നോക്കി

“നീ പറ “

അവനെല്ലാം പറഞ്ഞു. വളരെ വിശദമായി തന്നെ. സംശയങ്ങൾ എല്ലാം പറഞ്ഞു കേൾപ്പിച്ചു

“എന്റെ ഈശ്വര!മനുഷ്യൻ എങ്ങനെ വിശ്വസിച്ച് ഒരു ഹോസ്പിറ്റലിൽ പോകും? പക്ഷെ മോനെ ഇവിടെ ഒരു പ്രശ്നം എന്താ ന്ന് വെച്ച നമുക്ക് തെളിവുകൾ ഇല്ല. ഹാർഡ് പ്രൂഫ് വേണം. അല്ലാതെ കേസ് ഒന്ന് അന്വേഷിച്ചു പോകാൻ പോലും പറ്റില്ല.”

“വരുണിന്റ മെഡിക്കൽ റിപ്പോർട്ട്‌, അലോഷിയുടെ വോയിസ്‌ പിന്നെ ഇന്നെടുക്കുന്ന ടെസ്റ്റുകളുടെ റിസൾട്ട്‌ ഇതൊക്കെ കൊണ്ട് ഒരു പ്രാഥമിക അന്വേഷണം നടത്താൻ നമുക്ക് സാധിക്കും. അത് രഹസ്യമായി മതി. നമുക്ക് അതിന് ആളുണ്ട് “

“എന്ന പിന്നെ നീ മുന്നോട്ടു പൊക്കോ ഞാൻ ഉണ്ട് കൂടെ… ആ പിന്നെ ജോയിൻ ചെയ്യണം ഇന്ന് തന്നെ “

“ഉയ്യോ നാളെ… നാളെ ചെയ്യാം. അമ്മ വന്നിട്ടുണ്ട്.”

“ആ വിളിച്ചു പറഞ്ഞാരുന്നു “

“നമുക്കിട്ടു പണിഞ്ഞു ല്ലേ? അമ്മ പറഞ്ഞു “

അയാൾ വാത്സല്യത്തോടെ ചിരിച്ചു

“എന്നാ നീ വിട്ടോ എനിക്ക് പണിയുണ്ട് “

അവൻ അവിടേ നിന്ന് ഇറങ്ങുമ്പോൾ കണ്ണൂർ ജയിലിൽ നിന്ന് ഒരു പോലീസ് ഓഫീസറുടെ കാൾ വന്നു.

“സാറെ ഞാൻ അനീഷാ “

“എന്താ അനീഷേ?”

“സാറെ പതിനഞ്ചാം തീയതി വിവേക് ഇറങ്ങുമ്പോൾ ഒരു അറ്റാക് ഉണ്ടാകാൻ സാധ്യത ഉണ്ട്. അയാളെ കൊ- ല്ലാൻ കൊട്ടേഷൻ കൊടുത്തിട്ടുണ്ട് “

“വാട്ട്?” അവൻ ഞെട്ടി പോയി

“ഇന്നലെ ഇവിടെ കുറച്ചു പുതിയ ആൾക്കാർ വന്നിട്ടുണ്ട്. അവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരമാ.. ആർക്കാണ് കൊട്ടേഷൻ എന്ന് വ്യക്തമല്ല. പക്ഷെ കൊടുത്തിരിക്കുന്നത് മരിച്ച പെൺകുട്ടിയുടെ അച്ഛനും ആങ്ങളയും ആണെന്ന് വ്യക്തം “

സഞ്ജയ്‌ ഒരു നിമിഷം നിശബ്ദനായി

“പതിനഞ്ചിനു ഇനി മൂന്ന് ദിവസമേയുള്ളു സാർ..”

“ഞാൻ..ഞാൻ വിളിക്കാം.. അല്ല വരാം “

അവൻ അസ്വസ്ഥത നിറഞ്ഞ മനസ്സോടെ ഓഫീസിൽ നിന്നിറങ്ങി. വിവേകിന് എന്ത് സംഭവിച്ചാലും പ്രാഥമികമായി ഗൗരി തന്നെ സംശയിക്കും. ഇപ്പോഴും പൂർണമായും അവൾ തന്നെ വിശ്വസിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അത് മാത്രം അല്ല.വിവേക് ഒത്തിരി അനുഭവിച്ചു കഴിഞ്ഞു. ചെയ്യാത്ത തെറ്റിന് ജീവിതം തന്നെ നഷ്ടമായവൻ. ഇനി അവന് ഒന്നും സംഭവിക്കരുത്. ഒന്നും. അവൻ കാറിൽ കയറും മുന്നേ ഫോൺ എടുത്തു സി ഐ മനോജിനെ വിളിച്ചു

“മനോജേ ഒന്ന് കാണണം “

“സാർ പറഞ്ഞ മതി. എവിടെ വരണം?”

“ഞാൻ ഇപ്പൊ പോലീസ് ക്ലബ്ബിലേക്ക് വരും. മനോജ്‌ എവിടെയാ?”

“ഞാൻ സ്റ്റേഷനിൽ ഉണ്ട് സാർ “

“അങ്ങോട്ട് വാ… ആരോടും പറയണ്ട. കോൺഫിഡൻഷ്യൽ ആണ് “

“ഞാൻ എത്തി “

മനോജിന്റെ ഫോൺ കട്ട്‌ ചെയ്തവൻ വരുണിനെ വിളിച്ചു

“നീ എവിടെ?”

“ഞങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നു. എന്താ?”

“കാറിൽ ഗൗരിയുണ്ടോ? yes or no പറഞ്ഞാൽ മതി. “

“നോ.”

“എടാ ഞാൻ പറയുന്നത് കേട്ടാൽ മതി. ഇങ്ങോട്ട് ഒന്നും പറയണ്ട “

വരുൺ ജാഗരൂഗനായി. എന്തോ പ്രശ്നം ഉണ്ട്. സഞ്ജയ്‌ കാര്യങ്ങൾ ചുരുക്കമായി അവതരിപ്പിച്ചു

“എനിക്ക് തിരുവനന്തപുരത്തേക്ക് വരാൻ പറ്റില്ല. അമ്മയുണ്ടല്ലോ. she can manage..”

“മതി..ഡ്യൂട്ടി ഫസ്റ്റ്..നീ വരണ്ട “മിയ നോക്കുന്ന കണ്ടവൻ പറഞ്ഞു

സഞ്ജയ്‌ ഫോൺ കട്ട്‌ ചെയ്തു

“അവനോട് ജോയിൻ ചെയ്യാൻ പറഞ്ഞു ത്രേ. എന്തോ എമർജൻസി ഉണ്ട്. അല്ലെങ്കിലും അവൻ വന്നിട്ട് എന്ത് ചെയ്യാനാ?” അവൻ മിയയോടും താരയോടും കൂടി പറഞ്ഞു

“ശരിയാണ് “താര സമ്മതിച്ചു

പോലീസ് ക്ലബ്ബിൽ സഞ്ജയ്‌ എത്തും മുന്നേ മനോജ്‌ എത്തി

“എന്താ സാർ കാര്യം?”

“കാര്യം… നമുക്ക് ഒരുത്തനെ പൂട്ടണം.. പൂട്ടുക എന്ന് വെച്ചാൽ അഴിക്കാൻ കഴിയാത്ത പോലെ ലോക്ക് ചെയ്യണം ” മനോജിന് കാര്യം മനസിലായില്ലെങ്കിലും ആവേശം തോന്നി

“സാർ പറഞ്ഞാൽ മതി ആരെയാ?”

“മന്ത്രി സജീവനെ…”

“ങ്ങേ?”

“അതേടോ മന്ത്രി സജീവൻ അയാളുടെ മകൻ അനൂപ്.. രണ്ടു പേരെയും ട്രാപ് ചെയ്യണം. അതിനിനീ എന്ത് വളഞ്ഞ വഴി പോയാലും കുഴപ്പമില്ല.”

“സാർ.. അയാൾ മന്ത്രി അല്ലെ സാർ?”

“എത്ര മന്ത്രിമാർ പെണ്ണ് കേസിൽ രാജി വെച്ചിരിക്കുന്നു മനോജേ.?” മനോജ്‌ ചിരിച്ചു

“പെണ്ണ് കേസ് തന്നെ മതി അല്ലെ സാർ?”

“yes… പെട്ടെന്നൊന്നും ഊരാൻ പറ്റാത്ത പോലെ ഒരെണ്ണം.. “

“അല്ല സാർ സാറിന് പറയാൻ വിഷമം ഇല്ലെങ്കിൽ കാരണമൊന്ന് പറയാമോ? അയാൾ സാറിനെതിരെ എന്തെങ്കിലും ചെയ്തോ?” മനോജിനെ അവൻ ഒന്ന് നോക്കി

സർവീസിൽ കയറിയ കാലം മുതൽ അങ്ങേയറ്റം സ്നേഹത്തോടെയും ആത്മാർത്ഥതയോടെയുംതനിക്കൊപ്പമുള്ള ആളാണ്

“സാറിന് ബുദ്ധിമുട്ട് ആണെങ്കിൽ പറയണ്ട. പക്ഷെ ഇത് ഞാൻ ഏറ്റു “

“ബുദ്ധിമുട്ട് ഒന്നുല്ല ഡോ ” പിന്നെ അവൻ അതൊന്നു ചുരുക്കി പറഞ്ഞു

“അന്ന് ഈ സജീവൻ വെറും എം എൽ എ ആയിരുന്നു. എന്നിട്ടും അയാൾക്ക് ഒരു നിരപരാധിയേ ഈ കാലമത്രയും ജയിലിൽ ഇടാൻ സാധിച്ചു. അപ്പൊ ഇന്ന് അയാൾ മന്ത്രി ആയിരിക്കെ അവനെ കൊ- ല്ലാൻതീരുമാനിച്ച നമുക്ക് വേറെ വഴി ഇല്ല..”

മനോജ്‌ തല കുലുക്കി സമ്മതം അറിയിച്ചു

“സാറെ ആ ചെക്കൻ വളരെ മോശമാണ്. അയാളുടെ മകൻ.ഡ്രഗ്ഗ്സ് പെണ്ണ് എത്ര തവണ പിടിച്ചിട്ടുണ്ട് എന്ന് അറിയുമോ? അപ്പോഴേക്കും വിളി വരും. പിടിച്ച പോലീസ് കാരനു സ്ഥലംമാറ്റവും. പിന്നെ എന്ത് ചെയ്യാൻ?”

“അവന്റെ കാര്യം എനിക്ക് വിട്ടേക്ക്.. എവിടെ ആണെന്ന് ലൊക്കേഷൻ കൃത്യമായി അറിയിച്ച മതി “

“ശരി സാർ “മനോജ്‌ എഴുന്നേറ്റു

“മനോജേ ഇതിൽ എന്ത് വന്നാലും മനോജിനെ ബാധിക്കില്ല അത് ഞാൻ ഉറപ്പ് തരാം “

“സാറിനോപ്പം ജോലി ചെയ്യാൻ കഴിഞ്ഞതാണ് സാർ എന്റെ ഏറ്റവും വലിയ ഭാഗ്യം.. സാറിന് വേണ്ടി ഇത് ചെയ്യുന്നത് എന്റെ സന്തോഷമാണ്.”

സഞ്ജയ്‌ പുഞ്ചിരിച്ചു

“അപ്പൊ പിന്നെ game starts now “

മനോജ്‌ അവനെ സല്യൂട്ട് ചെയ്തു

തുടരും…