ഗൗരിയും സഞ്ജയും തമ്മിലുള്ള വിവാഹം ഗംഭീരമായിരുന്നു. വിവാഹം കഴിഞ്ഞവർ നേരേ കൊച്ചിയിലേക്ക് വന്നു. പിറ്റേ ദിവസം ആയിരുന്നു പാർട്ടി. ലെ മെറിഡിയൻ ഹോട്ടലിൽ വെച്ച്
ബ്ലാക്ക് സ്യൂട്ടിൽ സഞ്ജയ് അതീവ സുന്ദരനായി കാണപ്പെട്ടു. കടും മറൂൺ നിറമുള്ള ഗൗണിൽ ഗൗരി ഒരു നക്ഷത്രം കണക്കെ ജ്വലിച്ചു
“your selection is awsom” ഐ ജി ചന്ദ്രമോഹൻ അവന് കൈ കൊടുത്തു
അവൻ ചെറുതായി ഒന്ന് ചിരിച്ചു
“she is like a prince… oh sorry she is your Queen now “
“സാർ കുറച്ചു കൂടുതൽ കഴിച്ചു “
അവൻ കളിയായി പറഞ്ഞു
“ഡാ ചെക്കാ.നിന്റെ അപ്പൻ മാധവനാ എന്റെ ഗുരു. ഞാൻ അങ്ങനെ ഒന്നും പൂസാകുകേല മോനെ “
അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ചന്ദ്രമോഹൻ സാർ. ആ ഒരു സ്നേഹം സാറിന് എപ്പോഴും അവനോട് ഉണ്ട്. അവന്റെ പരുക്കൻ സ്വഭാവത്തിന്റെ പ്രതിഫലനങ്ങൾക്ക് ഡിപ്പാർട്മെന്റ് തന്നെ എതിരാകുമ്പോൾ സാറാണ് അവനെ സപ്പോർട്ട് ചെയ്യുക.
“ലവ്മാര്യേജ് ആണോ?” അവൻ മെല്ലെ ഒന്ന് തലയാട്ടി. പിന്നെ തിരിഞ്ഞു നോക്കി
ഗൗരിക്കരുകിൽ വരുണും മിയയും. അവൻ തിരിഞ്ഞു അവരുടെ ഗ്രൂപ്പിലേക്ക് പോയി. വരുൺ ഗൗരിയോടു പറയുകയായിരുന്നു
“ഞാൻ വരുൺ. അവന്റെ ഒരേയൊരു ഫ്രണ്ട്. ഇത് എന്റെ ഒരേയൊരു ഭാര്യ “
ഗൗരി ചിരിച്ചു
“ഇവിടെ സഞ്ജയുടെ വീടിന്റെ രണ്ടു വീട് അപ്പുറത്ത ഞങ്ങൾ. അവൻ ഭയങ്കര ബിസിയാ. ഗൗരിക്ക് ബോർ അടിക്കുമ്പോ വീട്ടിലോട്ട് പോരെ “
ഗൗരി തലയാട്ടി
“ഗൗരി ഇത്രയേ മിണ്ടുള്ളു?”
അവൾ ചിരിച്ചു
“വാ എല്ലാരേം പരിചയപ്പെടണ്ടേ?”
മിയ അവളെ കൂട്ടിക്കൊണ്ട് പോയി
ഗൗരിക്ക് ആ അന്തരീക്ഷം പരിചിതമായിരുന്നില്ല
ആണും പെണ്ണും മദ്യപിക്കുന്ന സദസ്സുകൾ അവൾ കണ്ടിട്ടുണ്ടായിരുന്നില്ല. ഇത് വേറെ ഏതോ ലോകം ആണെന്ന് അവൾക്ക് തോന്നി. സഞ്ജയ് അവളോട് അങ്ങനെ സംസാരിച്ചിരുന്നുമില്ല. സഞ്ജയ് കുറച്ചു ഗൗരവമുള്ള ആളാണ് എന്നവൾക്ക് തോന്നി. അവൾ മുഖത്ത് ഒരു പുഞ്ചിരി അണിഞ്ഞു എല്ലാരേം നോക്കി നിന്നു
പിറ്റേന്ന് വെളുപ്പിന് സഞ്ജയുടെ അമ്മ തിരിച്ചു പോയി.
“ഹോസ്പിറ്റലിൽ നിന്ന് കുറെ തവണ വിളിച്ചു. എന്നെ കാത്ത് ഒരു കൂട്ടം പേരുണ്ട് കുട്ടി അവിടെ. ഇവിടെ ഇനിയും എന്റെ ആവശ്യം ഇല്ല. ഇനിയും നിങ്ങളുടെ ലൈഫ് ആണ്. തമ്മിൽ സ്നേഹിക്കുക. സ്നേഹിക്കുക മാത്രം ചെയ്യുക “
അവർ സഞ്ജയുടെ നിറുകയിൽ ഉമ്മ വെച്ചു. ഗൗരിയെ ഒന്ന് ചേർത്ത് പിടിച്ചു
“ഇവന്റെ തിരക്ക് ഒഴിയുമ്പോൾ വരണം ട്ടോ. രണ്ടാളും കൂടി “
ഗൗരി സഞ്ജയെ നോക്കി. അവൻ മെല്ലെ മുഖം തിരിച്ചു കളഞ്ഞു. പകൽ പിന്നെ അവൾ അവനെ കണ്ടില്ല. അവൾ വീട് ഒന്ന് ചുറ്റി നടന്നു കണ്ടു. വലിയ വീടാണത്. മുകളിൽ സഞ്ജയുടെ മുറിയാണ് എന്നവൾക്ക് തോന്നി
താഴെ മുറികൾ ഉണ്ട്. എന്തിനാണാവോ ഇത്രയും വലിയ വീട്?
“മോൾക്കെന്താ കുടിക്കാൻ?” സഹായത്തിനായി ഒരാളെ നിർത്തിയിട്ടുണ്ട് എന്ന് അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു
അവൾ നേർമ്മയായ് ചിരിച്ചു
“ഒന്നും വേണ്ട. ചേച്ചിയുടെ പേരെന്താ?”
“സുഷമ.. സാറിന്റെ തിരുവനന്തപുരത്തുള്ള വീട്ടിൽ ആയിരുന്നു ഞാൻ. കല്യാണം കഴിഞ്ഞപ്പോൾ മാഡം പറഞ്ഞു ഇവിടെ വന്നു നിൽക്കാൻ “
“ചേച്ചിയ്ക്ക് വീട്ടിൽ ആരൊക്കെയുണ്ട്?”
സുഷമ ഒരു നിമിഷം നിശബ്ദമായ്
“പണ്ട് മാഡം നാട്ടിലെ ആശുപത്രിയിൽ ആയിരുന്നപ്പോൾ പ്രസവത്തിനു ഭർത്താവ് കൊണ്ടാക്കിയതാ ഒരു ദിവസം. പ്രസവം കഴിഞ്ഞപ്പോ അയാൾ മുങ്ങി. കൊച്ചു മരിച്ചും പോയി. അയാൾ പോയത് നന്നായി. അത്രക്ക് ഉപദ്രവം ആയിരുന്നു. വീട്ടുകാരെ എതിർത്തു കൊണ്ടാ ഞാൻ സ്നേഹിച്ച് അയാൾക്കൊപ്പം ഇറങ്ങി പോയത്. അത് കൊണ്ട് വീടും വീട്ടുകാരുമില്ല. അന്ന് സഞ്ജയ് സാർ ഊട്ടിയിൽ പഠിക്കുവാ. മാഡം എന്നെ വീട്ടിൽ കൊണ്ട് പോയി.. പിന്നെ ദേ ഈ ദിവസം വരെ ഞാൻ ഇങ്ങനെ തന്നെ “
അവൾ അമ്പരന്ന് പോയി
“അവർ രണ്ടും അമേരിക്കയിൽ പോയപ്പോൾ എന്നെ വീട് ഏൽപ്പിച്ചു. സഞ്ജയ് സാർ പക്ഷെ പഠിക്കുമ്പോൾ അവിടെ ആയിരുന്നില്ല.. . കോളേജിനടുത്ത് ഫ്ലാറ്റിൽ ആയിരുന്നു. പിന്നെ ജോലി ആയപ്പോൾ ഞാൻ സാറിന്റെ കൂടെ ഇങ്ങോട്ട് വന്നു “
ഗൗരി ഒരു സിനിമകഥ കേട്ടത് പോലെ അങ്ങനെ നിന്ന് പോയി
“ചായ തരട്ടെ? എന്താവശ്യമുണ്ടെങ്കിലും പറഞ്ഞാ മാത്രം മതി കേട്ടോ “
“ഉം “അവൾ മൂളി
സഞ്ജയ് എവിടെ പോയെന്ന് അവൾക്ക് അറിയുമായിരുന്നില്ല. അവൻ പോകുന്നതും വരുന്നതും അവൾ കാണുന്നില്ലായിരുന്നു. ചായ കുടിച്ചു കൊണ്ട് നിൽക്കുമ്പോൾ സഞ്ജയ് വന്നു
അവൻ യൂണിഫോമിൽ ആയിരുന്നു
“get ready gouri.. നമുക്ക് ഒരു ചെറിയ യാത്ര ഉണ്ട് “
ഗൗരിയുടെ ഹൃദയത്തിൽ ഒരു തണുപ്പ് വീണു
അവൾ തലയാട്ടി
സഞ്ജയ് കാർ ഓടിക്കുന്നത് അവൾ കൗതുകത്തോടെ നോക്കിയിരുന്നു. അവൻ എന്താണ് തന്നോട് അധികം മിണ്ടാത്തത്? അല്ലെങ്കിൽ സ്നേഹത്തോടെ ഒന്ന് നോക്കാത്തത് എന്നൊക്കെ അവളുടെ ഉള്ളിലുണ്ടായിരുന്നു.
കാർ ഒരു കടൽ തീരത്തെത്തി. തീരം ഏറെക്കുറെ വിജനമായിരുന്നു. അവൻ കാറിൽ നിന്നിറങ്ങി ഗൗരിയും
“ഒരു കഥ പറയട്ടെ ഗൗരി?”
ഗൗരി അമ്പരപ്പിൽ തലയാട്ടി “നമുക്ക് ഒന്ന് നടന്നാലോ?”
അവൻ നടന്ന് തുടങ്ങി
“ഒരു പ്രണയകാലം. അതായത് മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഒരു പ്രണയകാലം. അത് വരെ സ്നേഹം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ഒരു ആൺകുട്ടി. അവനെ ജീവന് തുല്യം സ്നേഹിച്ച ഒരു പെൺകുട്ടി. അവനും അവളെ ജീവനായിരുന്നു. ആരും വിലക്കാനില്ലാതെ തീർത്തും സ്വാതന്ത്ര്യത്തോടെ പരസ്പരം എല്ലാം പങ്കിട്ട് ചിലവഴിച്ച ഒരു പ്രണയ കാലം.
ആ സമയത്താണ് സീനിയർ ചേട്ടന്റെ കണ്ണ് അവൾക്ക് മേൽ പതിഞ്ഞത്. അത് പ്രണയം ആയി. അവൾക്കിഷ്ടമില്ലാഞ്ഞിട്ടും പിന്നാലെ നടക്കലായി. ഒരു പകലിൽ അവളെ തേടി വന്ന അവനും കൂട്ടുകാരും പെൺകുട്ടി മറ്റൊരാൾക്കൊപ്പം പ്രണയം പങ്കിടുന്നത് കണ്ടു. പിറ്റേ പകലിൽ അവൻ അവളെ കൊ- ന്നു കളഞ്ഞു “
ഗൗരി സ്തംഭിച്ചു പോയി. അവളുടെ മുഖം വിളറി വെളുത്തു
“ഈ കഥയിലെ ഒരാളെ ഗൗരിക്ക് അറിയാം. വിവേക് “
അവൻ അവൾക്ക് അഭിമുഖമായി വന്നു നിന്നു
“ഇനി ഒരാളുണ്ട് അവളെ നഷ്ടപ്പെട്ടപ്പോൾ ഭ്രാന്ത് പിടിച്ചു പോയ ഒരാൾ. ഉറങ്ങാതെ തീ തിന്ന് ഇന്നും കഴിയുന്ന ഒരാൾ. അവളെ മറക്കാൻ കഴിയാതെ, സ്വയം മരിക്കാൻ കഴിയാതെ ഒടുവിൽ….”
ഗൗരി ഭയന്ന് പോയി
“അത് ഞാനാണ്.. സഞ്ജയ് “
ഗൗരി വാ പൊത്തി ഒരു നിലവിളി അടക്കി
“ഞാൻ എന്തിനാ ഗൗരിയെ വിവാഹം കഴിച്ചതെന്ന് അറിയുമോ ഗൗരിക്ക്?”
അവൾ ഇല്ല എന്ന് തല ചലിപ്പിച്ചു
“ഏഴു വർഷത്തെ ശിക്ഷ മതിയോ വിവേകിന്? ഗൗരി പറ. ജീവന്റെ ഭാഗമായിരുന്നവളെ കൊന്നവനെ വെറുതെ വിടണമൊ? ഞാൻ ഒരു പാട് ആലോചിച്ചു. അവൻ ശിക്ഷ കഴിഞ്ഞു ഇറങ്ങുമ്പോൾ കൊന്നു കളഞ്ഞാലോ എന്ന് വരെ. പക്ഷെ ഞാൻ എന്തിന് ജയിലിൽ പോകണം..?അപ്പോഴാണ് നീ മുന്നിൽ വന്നു പെട്ടത്. അവന്റെ പാറു.. അവന്റെ ജീവൻ.. നീ ഇല്ലാതായാൽ മതി. നിന്റെ ജീവിതം കണ്മുന്നിൽ ഇങ്ങനെ നരകമാകുന്നത് കണ്ടു കൊണ്ട് അവൻ ജീവിക്കട്ടെ. ഞാൻ ജീവിക്കും പോലെ. അതല്ലേ ശരി? അല്ലേടി?”
സഞ്ജയുടെ മുഖം പൈശാചികമായി. ഗൗരി തിരിഞ്ഞോടി കാറിൽ ചാരി നിന്ന് കിതച്ചു
ഈശ്വര!ചതി..
തൊട്ട് മുന്നിൽ സഞ്ജയ്
“നീ ഇത് ആരോടെങ്കിലും പറഞ്ഞാൽ.. എന്നെ വിട്ട് പോയാൽ, നിന്നിൽ നിന്ന് എന്തുണ്ടായാലും ജയിലിൽ നിന്ന് പിന്നെ വിവേക് പുറത്തിറങ്ങില്ല. അവിടിട്ട് തീർക്കും ഞാനവനെ.”
ഗൗരി വിറച്ചു പോയി
“കയറ് പോകാം “
ആ നിമിഷം ഗൗരി കടലിലേക്ക് ഓടി. ഇതിലും ഭേദം മരിക്കുന്നതാണെന്ന് ആ നിമിഷം അവൾക്ക് തോന്നിപ്പോയി.
സഞ്ജയ് പിന്നാലെ ചെന്ന് ഒറ്റ വലിക്ക് അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു
“പെണ്ണിനെ കിട്ടിയ ഒരാണു ചെയ്യുന്ന ഏത് വൃത്തികേടും ഞാൻ ചെയ്യില്ല പക്ഷെ എന്നെ കൊണ്ടത് ചെയ്യിക്കരുത്. ആ ഒരു ഉദ്ദേശത്തിൽ നിന്നേ തൊടില്ല ഞാൻ.പക്ഷെ അടങ്ങി ഒതുങ്ങി ജീവിച്ചോണം.ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ…” അവൻ അവളുടെ മുഖത്ത് അമർത്തി പിടിച്ചു കണ്ണുകളിലേക്ക് നോക്കി
“പിന്നെ നീ ഇല്ല. മനസ്സിലായോ?”അവൻ അവളെ കാറിലേക്ക് തള്ളിയിട്ടു ഡോർ അടച്ചു
“ഒന്ന് ഓർമയിൽ വെച്ചോ നീ.. ഇന്നിവിടെ വെച്ച് വിവേകിന്റെ പാറു മരിച്ചു.. അതായത് നീ..നീ മരിച്ചെന്ന്.. ഇനി ഗൗരി സഞ്ജയുടെ കളിപ്പാട്ടം ആയിട്ടാ ജീവിക്കുക. ജീവിതം മുഴുവൻ.”
ഗൗരി തകർന്നു പോയ ഹൃദയത്തോടെ ഏങ്ങി കരഞ്ഞു കൊണ്ട് മുഖംപൊത്തി
“മറ്റുള്ളവരുടെ മുന്നിൽ മാത്രം നീ എന്റെ ഭാര്യയാണ്. അല്ലാത്തപ്പോൾ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന അറയ്ക്കുന്ന പുഴു… അതാണ് നീ “
അവൻ കാർ സ്റ്റാർട്ട് ചെയ്തു
“എന്റെ മുന്നിൽ വരരുത് ഒന്നിനും.. ഞാൻ മൃഗമായി പോകും. കേട്ടല്ലോ “
ഗൗരി കണ്ണീരിനിടയിൽ കൂടി ഒന്ന് മൂളി
കാർ ചീറിപ്പാഞ്ഞു
തുടരും…