അനുപമ മനസ്സ് തുറക്കാൻ തുടങ്ങുകയായിരുന്നു. അവളുടെ മനസ്സ് ഒരു വർഷം പുറകോട്ടു പോയി..

എഴുത്ത്: ഗിരീഷ് കാവാലം
===================

തന്റെതായ കാരണം കൊണ്ട് മാത്രം വിവാഹ ബന്ധം വേർപ്പെടുത്തിയ യുവതി, 26 വയസ്സ്,  5′ 5″, രണ്ടാം വിവാഹം അന്വേഷിക്കുന്ന യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു..

“ഹലോ…പത്രത്തിലെ മാട്രിമോണിയൽ പരസ്യം കണ്ടുവിളിക്കുവാ..അല്ല താങ്കളുടെ എന്ത് കാരണം കൊണ്ടാ വിവാഹ ബന്ധം വേർപെട്ടത് “

രാവിലെ തന്നെ തന്റെ പരസ്യം കണ്ടു  കാൾ വന്നതും അനുപമയുടെ മുഖം അല്പം ഒന്ന് ഇരുണ്ടു

“അല്ല എന്റെ പ്രശ്നം എന്താന്ന് അറിയാനാണോ വിളിച്ചത് “

“അല്ല ഞാനും രണ്ടാം വിവാഹം കഴിക്കാൻ ഉള്ള തയ്യാറെടുപ്പിലാ…പ്രശ്നക്കാരിയാണോ അല്ലയോ എന്നറിഞ്ഞാലല്ലേ ഇടപെടാൻ പറ്റുള്ളൂ “

“എന്നാൽ കൂടുതൽ പ്രശ്നത്തിലേക്ക് താങ്കൾ പോകേണ്ട “

അനുപമ ദേക്ഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു

“ഹലോ…ഇത് മാട്രിമോണിയൽ പരസ്യം കണ്ട് വിളിക്കുവാ “

ഫോൺ കട്ട്‌ ചെയ്തതും അനുപമയുടെ ഫോണിലേക്ക് അടുത്ത കാൾ വന്നു

“ഹലോ ചേച്ചി ഇത് ഒരു പുതുമയുള്ള വിവാഹ പരസ്യം ആയല്ലോ ചേച്ചി..ഭർത്താവിനെ ചതിച്ചതാണോ…അതോ….”

“ഞാനേ വിവാഹ പരസ്യമാ ഇട്ടത് അല്ലാതെ ഞരമ്പ് രോഗികൾക്ക് ആനന്ദിക്കാൻ ഉള്ള പൈങ്കിളി കഥയല്ല “

അനുപമ പുച്ഛത്തോടെ കാൾ കട്ട്‌ ചെയ്തു

“തന്റെതായ കുറ്റം എന്താണെന്ന് അറിഞ്ഞാൽ നമുക്ക് വിശദമായി സംസാരിക്കാൻ…ഇക്കാലത്ത് തെറ്റ് കുറ്റങ്ങൾ ഇല്ലാത്തവരാരാ ? എന്റെയും ചെറിയ തെറ്റ് കൊണ്ട് വിവാഹം വേർപെടുത്തേണ്ടി വന്ന രണ്ടാം വിവാഹത്തിന് ആലോചിക്കുന്ന ആളാ ഞാനും…”

അടുത്തതായി വിളിച്ച ആളുടെ സംസാരം കേട്ടതും ഒന്ന് ആലോചിച്ച ശേഷം അനുപമ പറഞ്ഞു

“സോറി…ഒരു ബന്ധം ഉറച്ചു “

ഫോൺ കട്ട്‌ ചെയ്ത ശേഷം അനുപമ മനസ്സിൽ പറഞ്ഞു

“ഉം…കറപ്റ്റെഡ് ആയി ഒരു പെണ്ണിന്റെ ജീവിതം തകർത്ത ഒരാൾ വന്നിരിക്കുന്നു”

************************

വിശാൽ പേന കൊണ്ട് റൗണ്ട് ചെയ്ത മാട്രിമോണിയൽ പരസ്യം കണ്ടതും സുഭദ്രയമ്മയുടെ മുഖം കറുത്തു

“ങേ…രണ്ടാം വിവാഹക്കാരിയെ നിനക്കിഷ്ടപ്പെട്ടുള്ളൂ..അതും തന്റെതായ കാരണംകൊണ്ട് വിവാഹം വേർപെടുത്തിയ….”

മുഖം കറുപ്പിച്ചുകൊണ്ട് സുഭദ്രാമ്മ മകനോട് ചോദിച്ചു

“ഏയ്‌ ഇല്ലമ്മേ..അത് കണ്ടിട്ട് ഒരു കൗതുകം തോന്നി അതുകൊണ്ടാ “

അല്പം ചമ്മലോടെ വിശാൽ പറഞ്ഞു

“എന്റെ മോൻ കൗതുകവും വച്ചോണ്ടിരുന്നോ ഇപ്പൊ എത്ര വയസ്സ് ആയെന്നറിയുമോ നിനക്ക്..ഇനി എന്നെകൊണ്ട് വയ്യ അടുക്കള പണി ചെയ്യാൻ “

മുഖം കറുപ്പിച്ചുകൊണ്ട് സുഭദ്രാമ്മ അടുക്കളയിലേക്ക് നടന്നുപോയി

പ്രായം അല്പം കൂടിയതിന്റെ പേരിൽ വരുന്ന ആലോചനകൾ മുടങ്ങിയിരുന്ന വിശാലിനു വ്യത്യസ്തമായ ആ പരസ്യത്തിലെ നമ്പറിൽ ഒന്ന് വിളിച്ചാലോ എന്ന് തോന്നി

അമ്മ കാണാതെ വിശാൽ ആ നമ്പറിലേക്ക് വിളിച്ചു

“ഹലോ പരസ്യം കണ്ട് വിളിച്ചതാ…’

“എന്താ കൗതുകം തോന്നി വിളിച്ചതാണോ?

അനുപമ തിരിച്ചു ചോദിച്ചു

“അല്ല വിവാഹം കഴിക്കാൻ ഉള്ള താല്പര്യം കൊണ്ട് വിളിച്ചതാ “

ഒരു നിമിഷം അനുപമ ഒന്നാലോചിച്ച ശേഷം ചോദിച്ചു

“രണ്ടാം വിവാഹം ആണോ?

“അല്ല ആദ്യ വിവാഹം “

അനുപമക്ക് മറുപടിയായി വിശാൽ പറഞ്ഞു

“ഹെലോ കേൾക്കുന്നുണ്ടോ?

പിന്നെ മറുപടി ഒന്നും കേൾക്കാത്തതുകൊണ്ട് വിശാൽ വീണ്ടും ചോദിച്ചു

“എത്ര വയസ്സ് ആയി?

“മുപ്പത്താറ് കഴിഞ്ഞു “

“എന്തേ രണ്ടാം വിവാഹക്കാരിയുടെ പ്രൊപോസലിനോട് താല്പര്യം വന്നത് “

“കാലം മാറി, പണ്ടായിരുന്നേൽ പെണ്ണ് കിട്ടുമായിരുന്നു. ഇപ്പൊ വയസ്സ് കേൾക്കുമ്പോഴേ പിന്നീട് ആരും ഒന്നും ചോദിക്കുന്നില്ല. അത് മാത്രം അല്ല, പരസ്യത്തിൽ തന്റേതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം വേർപെടുത്തിയ എന്നാ സാധാരണ കാണാറുള്ളത് എന്നാൽ തികച്ചും വ്യത്യസ്തമായത് കണ്ടതുകൊണ്ടാ എനിക്കും എന്തോ ഒരു സ്പാർക്ക് ഫീൽ ചെയ്തത് “

വിശാലിന്റെ സംസാരത്തോട് അനുപമക്ക് ചെറിയ ഒരു ഇഷ്ടം തോന്നി

“അല്ല വിരോധം ഇല്ലെങ്കിൽ ഞാൻ ഒന്ന് ചോദിച്ചോട്ടെ?

“ഉം ചോദിച്ചോളൂ…”

അനുപമ മറുപടി പറഞ്ഞു

“എന്താണ് തന്റെതായ കാരണം മൂലം എന്ന് ഉദ്ദേശിച്ചത്?

അനുപമ മനസ്സ് തുറക്കാൻ തുടങ്ങുകയായിരുന്നു. അവളുടെ മനസ്സ് ഒരു വർഷം പുറകോട്ടു പോയി

അന്നൊരിക്കൽ ഹൈദരാബാദിൽ നിന്ന് കേരളത്തിലേക്കുള്ള ഒരു ട്രെയിൻ യാത്രയിൽ ആണ് അടുത്ത സീറ്റിൽ ഇരുന്ന വിജേഷിനെ പരിചയപ്പെടുന്നത്

ട്രെയിൻ കേരളത്തിൽ എത്തിയപ്പോഴേക്കും അറിയാതെ അവർ രണ്ടു പേരും പരസ്പരം അടുത്തു പോയിരുന്നു. ഫോൺ കാളുകളിൽ കൂടി ദൃഡ്ഢമായ ആ ബന്ധം വെറും മൂന്ന് മാസത്തിനകം വിവാഹത്തിലേക്ക് എത്തി ചേരുകയായിരുന്നു

വീട്ടിൽ ആർക്കും ഈ ബന്ധത്തിനോട് താല്പര്യം ഇല്ലായിരുന്നു. അനുപമയുടെ ഒരു കസിൻ ബ്രദർ പോലും വിജേഷിന്റെ സ്വഭാവ ദൂഷ്യത്തെ കുറിച്ചറിഞ്ഞത് വീട്ടുകാരോട് പറഞ്ഞിരുന്നു

എന്നാൽ പ്രണയം തലക്ക് പിടിച്ച അനുപമയെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞു വിജേഷിന്റെ വീട്ടിൽ എത്തിയ അനുപമ അകന്ന രണ്ടു ബന്ധുക്കൾ സംസാരിക്കുന്നത് കേട്ടതും
പ്രാണൻ പോയ പോലെ മരവിച്ചു നിന്നുപോയി

“എന്താ എന്ത് പറ്റി?

അനുപമയുടെ മുഖഭാവം കണ്ടതും വീട്ടിലുള്ളവർ ചോദിച്ചു

“തലവേദന എടുക്കുന്നു..അല്പം ഒന്ന് റസ്റ്റ്‌ എടുക്കണം ‘

അമ്മയും എല്ലാവരും കൂടി അവളെ ബെഡ് റൂമിലാക്കി. അപ്പോഴേക്കും വിജേഷ് അതറിഞ്ഞു അങ്ങോട്ട്‌ എത്തി. കിടന്ന് അല്പം ഉറങ്ങിക്കോ തലവേദന മാറിക്കോളും എന്ന് പറഞ്ഞു അവൻ വെളിയിലേക്ക് പോയി

അനുപമ മുഖം പൊത്തി കരയുകയായിരുന്നു

ഹൈദ്രാബാദിൽ അവിഹിതത്തിൽ ഉണ്ടായ ഒരു കുട്ടിയുടെ അച്ഛനാണ് വിജേഷ് എന്നത് അവളുടെ മനസ്സിനെ തകർത്തിരുന്നു

അപ്പോഴാണ് വിജേഷിന്റെ സഹോദരിയുടെ കുട്ടി മൊബൈലുമായി അനുപമയുടെ അടുത്തേക്ക് വന്നത്

“ആന്റി ഒരു മെസ്സേജ് വന്നു “

അനുപമയുടെ നേർക്ക് നീട്ടികൊണ്ട് കുട്ടി പറഞ്ഞു

അവൾ ഗെയിം കളിക്കുകയായിരുന്ന വിജേഷിന്റെ മൊബൈൽ ആയിരുന്നു അത്. വാട്സ്ആപ്പ് നോക്കിയതും അനുപമ ആലോചനയിൽ ആയി

“ഫസ്റ്റ് നൈറ്റിൽ എന്നെയും ഓർക്കണേ…”

ഗോപകുമാർ എന്ന പേരിൽ നിന്നാണ് മെസ്സേജ് വന്നിരിക്കുന്നത്. വേറെ മെസ്സേജ് ഒന്നും ഇല്ല

അവൾ ഫോൺ ഹിസ്റ്ററി എടുത്തു നോക്കി

ഗോപകുമാറിന്റെ കാൾ വരാത്ത ഒരു ദിവസം പോലും ഇല്ല. കൂടുതലും വൈകിയ രാത്രികളിൽ…

എന്തോ ആലോചിച്ച അനുപമ, ഗോപകുമാർ എന്ന നമ്പർ തന്റെ മൊബൈലിൽ നിന്ന് ഒരു മിസ്സ്ഡ് കാൾ ചെയ്തു. ഉടൻ തന്നെ ആ നമ്പറിൽ നിന്ന് തിരിച്ചു വിളിച്ചു..കാളർ ഐ ഡി ഉള്ള തന്റെ മൊബൈലിലേക്ക് വന്നത് സ്നേഹ എന്ന പേരിൽ നിന്നായിരുന്നു..അറ്റൻഡ് ചെയ്തതും ഒരു യുവതിയുടെ ശബ്ദം കേൾക്കാമായിരുന്നു

ഉടൻ കട്ട്‌ ചെയ്ത അവൾ മുഖം പൊത്തി കിടന്നു

പിറ്റേന്ന് രാവിലെ ഉണർന്നതും അനുപമ ആരും അറിയാതെ അവിടെ നിന്നിറങ്ങി നേരെ വീട്ടിലേക്കു പോയി. ഫോൺ ചെയ്തു വിജേഷിനോട്‌ താൻ അറിഞ്ഞ കാര്യങ്ങൾ പറഞ്ഞത് കേട്ട വിജേഷിന്റെ ശബ്ദത്തിലെ പതർച്ച അവൾ തിരിച്ചറിഞ്ഞു. അതോടെ കേട്ടത് സത്യം ആണെന്ന് തന്നെ അവൾ ഉറപ്പിച്ചു

അനുപമ പറഞ്ഞത് കേട്ട വിശാൽ ഒരു നെടുവീർപ്പിട്ടു

“അച്ഛനമ്മമാർ അന്ന് പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്ക് ഇത് സംഭവിക്കുകയില്ലായിരുന്നു..തെറ്റ് എന്റേതാണ്..അതാണ്‌ എന്റെതായ കാരണം കൊണ്ട് ഞാൻ ഉദ്ദേശിച്ചത് “

“അപ്പൊ എനിക്കും ആശ്വസിക്കാം. പേരിന് രണ്ടാം വിവാഹം എന്നല്ലാതെ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കാത്ത ആളല്ലേ താങ്കളും…അപ്പൊ ഞാൻ പെണ്ണ് കാണാൻ അങ്ങോട്ട്‌ വരട്ടെ..”

ങേ.. എന്റെ മോന് ഇഷ്ടപ്പെട്ടോ…എവിടെയാ പെണ്ണിന്റെ വീട്.

താൻ സംസാരിക്കുന്നത് കേട്ട് അമ്മ ചോദിച്ച ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വിശാലിന്റെ മുഖം അപ്പോൾ ഉരുണ്ടു കളിച്ചുകൊണ്ടിരുന്നു….

-ഗിരീഷ് കാവാലം