അപ്പൊ പിന്നെ  എല്ലാത്തിനും ഉള്ള മറുപടി നീ തന്നെ പറയട്ടെ എന്ന് കരുതിയാണ് ഞാനും ആദ്യം എതിർത്തത്…

എഴുത്ത്: മഹാ ദേവന്‍
=================

തന്നിഷ്ടക്കാരിയായ പെണ്ണിനെ വേണ്ടെന്ന് അമ്മ പറഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി. എനിക്ക് വേണ്ടി മാത്രം ജീവിച്ച അമ്മ ഒരു വശത്ത്‌…കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നവൾ മറുവശത്ത്‌.

ആരെ കൊള്ളും, ആരെ തള്ളും എന്നറിയാത്ത ഒരു അവസ്ഥയുണ്ടല്ലോ, അതൊരു വല്ലാത്ത എടങ്ങേറ് ആണ്…

“നിനക്കിനി അവളെ കെട്ടിയെ പറ്റൂ എങ്കിൽ നിന്റ ഇഷ്ടംപ്പോലെ ചെയ്‌തോ. പക്ഷേ, പിന്നെ ഞാൻ ഇവിടെ ഉണ്ടാകില്ല.”

ആദ്യമൊക്കെ നിരസിക്കുന്ന അമ്മ എന്റെ മനസ്സ് അറിഞ്ഞു പിന്നീട് സമ്മതിക്കുമെന്ന് കരുതിയിരിക്കുമ്പോൾ  ഇങ്ങനെ ഒരു പ്രതിസന്ധി നിറഞ്ഞ വാക്കാൽ മനസ്സിനെ വരിഞ്ഞുമുറുക്കുമെന്ന് കരുതിയില്ല.

“അമ്മേ, അമ്മ കരുതുംപ്പോലെ അവളത്ര പ്രശ്നക്കാരി ഒന്നുമല്ല. അവൾക്ക് പറ്റാത്തത് കണ്ടാൽ അത് മുഖത്തു നോക്കി പറയും.  അതിപ്പോ ആരാണെങ്കിലും എവിടെ വെച്ച് ആണെങ്കിലും….അതല്ലാതെ…..”

അവളെ ന്യായീകരിക്കാൻ ശ്രമിച്ചുനോക്കി. പക്ഷേ, അമ്മ എവിടെ അടുക്കാൻ….

“നീ എന്തൊക്കെ പറഞ്ഞാലും എനിക്കീ ബന്ധത്തിന് സമ്മതമല്ല. എന്ന് കരുതി എനിക്ക് വേണ്ടി നിന്റ ഇഷ്ടം നീ വേണ്ടെന്ന് വെക്കണമെന്ന് ഞാൻ പറയില്ല…ഞാൻ നിന്റ അമ്മാവന്റെ വീട്ടിൽ പോയി നിന്നോളം..ഏട്ടന് ഞാൻ അങ്ങോട്ട് ചെല്ലുന്നത് അത്രേം സന്തോഷമാ..എന്താന്ന് വെച്ചാ നീ തീരുമാനിച്ചോ. “

അതമ്മയുടെ അവസാന വാക്ക് ആയിരുന്നു. ആ വിഷയത്തിൽ ഇനി കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ലെന്ന് തോന്നി. ഇത്രമാത്രം അവളെ നിരസിക്കാൻ അമ്മയ്ക്കെങ്ങനെ കഴിഞ്ഞെന്ന് എത്ര ആലോചിച്ചിട്ടും പിടി തരാത്ത ഒരു ചോദ്യമായിരുന്നു.

“എടി, എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്. ഒരാളെ ഉപേക്ഷിച്ചു ഒരാളെ സ്വീകരിക്കാൻ എനിക്ക് വയ്യ. ഇതുപോലെ ഒരു പ്രതിസന്ധി എന്റെ ജീവിതത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. നീ എന്തേലും വഴി ഉണ്ടെങ്കിൽ ഒന്ന് പറ “

അവളോട് അവസ്ഥ പറയുമ്പോൾ അവളുടെ മുഖത്തു പുഞ്ചിരി ആയിരുന്നു.

“ഞാൻ എന്ത് പറയാനാ ദേവാ….അമ്മയ്ക്ക് എന്നോടിങ്ങനെ തോന്നണമെങ്കിൽ അതിന് പിന്നിൽ ഒരാൾ ഉണ്ടാകും. അത് ആരാണെന്ന് കണ്ടുപിടി ആദ്യം. അല്ലാതെ എന്നെ ഇതുവരെ കാണാത്ത അമ്മ എന്നെ കുറിച്ച് ഇത്രയ്ക്ക് ഒക്കെ പറയണമെങ്കിൽ….. “

അവൾ പറഞ്ഞപ്പോഴാണ് ഞാനും അത് ചിന്തിച്ചത്. ഒരു ശകുനിയുടെ കുരുട്ടുബുദ്ധി തന്ന പണിയാണ് ഇത്. അതിപ്പോ ആരായിരിക്കും..ചിന്തിച്ചിട്ട് ഒരെത്തും പിടിയും ഇല്ലായിരുന്നു.

അന്ന് ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ അമ്മാവനും അമ്മായിയും വീട്ടിൽ ഉണ്ടായിരുന്നു.

“എന്തായി നിന്റ തീരുമാനം ” എന്ന് അമ്മാവൻ ചോദിക്കുമ്പോൾ “അതിപ്പോ ന്താ ത്ര ആലോചിക്കാൻ, അമ്മയേക്കാൾ വലുത് അല്ലല്ലോ ആ പെണ്ണ് ” എന്ന് അമ്മായിയുടെ കമന്റ് കൂടെ ഒപ്പം വന്നു.

മൂന്ന് പേര് അറിഞ്ഞ കാര്യം ഒരു കുടുംബവിഷയം ആയെന്ന് മനസ്സിലായപ്പോൾ ഞാൻ എന്ത് പറയുമെന്ന ആശങ്കയിൽ ഒന്ന് അമ്മയെ നോക്കി. പിന്നെ പുഞ്ചിരിയോടെ എല്ലാവർക്കുമായി ഒറ്റ മറുപടിയും നൽകി

“സ്നേഹിച്ച പെണ്ണിനെ തന്നെ കെട്ടാൻ ഞാൻ തീരുമാനിച്ചു. “

അമ്മാവനും അമ്മായിയും ഞെട്ടലോടെ പരസ്പരം നോക്കികൊണ്ട് അമ്മയിലേക്ക് നോട്ടമെറിയുമ്പോൾ അ..അമ്മയുടെ മുഖത്ത്‌ മാത്രം പുഞ്ചിരി ആയിരുന്നു.

“ഇവനെ ആണല്ലോ ചേച്ചി ങ്ങനെ കഷ്ടപ്പെട്ട് വളർത്തിയത്. കണ്ടില്ലേ ചെക്കന്റെ തന്നിഷ്ടം. “

അമ്മാവനങ്ങനെ പറയുമ്പോൾ അമ്മായി പറഞ്ഞത് “ആ പെണ്ണ് കൈവിഷം കൊടുത്തു നമ്മുടെ ചെക്കനെ?മയക്കിയെടുത്തേക്കുവാ ” എന്നാണ്.

ഇന്നും ഇരുപത് കൊല്ലം പിറകിൽ നിൽക്കുന്ന അമ്മായിയുടെ വാക്ക് കേട്ട് ഉള്ളിൽ പുച്ഛം തോന്നി. കൈവിഷത്തിന്റെ കൂട്ട് തന്നെ കണ്ടുപിടിച്ചത് അമ്മായി ആണെന്ന് തൊന്നും പറച്ചിൽ കേട്ടാൽ.

“അല്ല ചേച്ചിക്ക് ഒന്നും പറയാനില്ലേ “

അമ്മാവൻ വീണ്ടും തിരക്കുമ്പോൾ അമ്മ പുഞ്ചിരിയോടെ പറയുന്നുണ്ടായിരുന്നു,

“അവനൊരു ആണല്ലേടാ..നമ്മളത്രയൊക്കെ പറഞ്ഞിട്ടും അവന് അവളെ മതിയെങ്കിൽ അങ്ങനെ ഒരു സ്നേഹത്തെ പിരിച്ചിട്ട് നമുക്ക് എന്ത് കിട്ടാനാ..? പിന്നെ നിനക്ക് ഇവനെക്കൊണ്ട് നിന്റ മോളെ കെട്ടിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. എനിക്കും അതിന് താല്പര്യകുറവ് ഒന്നുമില്ലെന്ന് നിനക്ക് അറിയാലോ. പക്ഷേ, കിട്ടേണ്ടത് അവനല്ലേ. നമ്മളൊക്കെ ചേർന്ന് മനസ്സിന് ഇഷ്ടപ്പെട്ട ഒരാളെ പിരിച്ചു മറ്റൊരാളെ ആ സ്ഥാനത്തേക്ക് പിടിച്ച് നിർത്തിയാൽ   ശരിയാകുമെന്ന് തോന്നുന്നുണ്ടോ?

നമ്മുടെ സന്തോഷത്തിന് വേണ്ടി മറ്റൊരാളുടെ സന്തോഷം ഇല്ലാക്കുന്നതിൽ അർത്ഥം ഇല്ലെടാ…അതുകൊണ്ട് എല്ലാം മറന്ന് നമുക്ക് ഈ കല്യാണം അങ്ങ് നടത്തിക്കൊടുക്കാം. അത് കഴിഞ്ഞു നിന്റ മോൾക്ക് നല്ല ഒരു പയ്യനെയും കണ്ടെത്താം..പോരെ.”

അമ്മ പുഞ്ചിരിയോടെ അത്രയൊക്കെ പറയുമ്പോൾ അമ്മാവന്റെയും അമ്മായിയുടെയും മുഖത്ത്‌ വല്ലാത്ത വിഷമം നിറഞ്ഞു നിന്നിരുന്നു.

അപ്പൊ ശകുനി വർക്ക്‌ ചെയ്തത് ഇവരിൽ നിന്നാണെന്ന് അപ്പോഴാണ് എനിക്കും മനസ്സിലായത്.

അന്ന് അമ്മാവനും അമ്മായിയും പോയിക്കഴിഞ്ഞപ്പോൾ ഞാൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപിടിച്ചു ഉമ്മ നൽകി

“നിന്റ കൊഞ്ചലൊന്നും വേണ്ട. നിന്റ തീരുമാനം മറിച്ച് ആയിരുന്നെങ്കിൽ എന്റെ സ്വഭാവം മാറിയേനെ “

അമ്മ അത് പറയുമ്പോൾ ഞാൻ അമ്മയെ ആശ്ചര്യത്തോടെ നോക്കി. ഇത്ര നേരം ഈ ബന്ധത്തെ എതിർത്ത അമ്മയ്ക്ക് പെട്ടന്ന് എങ്ങനെ ഈ മാറ്റം വന്നു എന്നായിരുന്നു എന്റെ ചിന്ത.

അത് ഞാൻ അമ്മയോട് ചോദിക്കുമ്പോൾ അമ്മ ഒന്ന് പുഞ്ചിരിച്ചു.

“ടാ…ഒരു പെണ്ണിന് മോഹം കൊടുത്താൽ അത് സാധിച്ചുകൊടുക്കുന്നവനാണ് ആണ്. ആ ആണത്തം എന്റെ മോൻ കാണിച്ചു. അതാണ് എന്റെ സന്തോഷവും.

ഇപ്പോൾ ഈ ഇറങ്ങിപ്പോയ നിന്റ അമ്മാവൻ പോലും പറഞ്ഞിട്ടുണ്ട്  ഒറ്റ മോനായ നിന്നെ ഞാൻ വളർത്തി വഷളാക്കി എന്ന്.?അമ്മക്കുട്ടിയായി വളർത്തി ഒരു കാര്യത്തിലും ഉത്തരവാദിത്വം ഇല്ല, അവനൊരു ആണല്ലേ എന്നൊക്കെ.  അപ്പൊ പിന്നെ  എന്റെ മോൻ അമ്മക്കുട്ടി മാത്രം ആണോ അതോ തന്റേടം ഉള്ള  ഒരു ആൺകുട്ടി കൂടെ ആണോ എന്ന് അമ്മാവന് തന്നെ തെളിയട്ടെ എന്ന് കരുതി.

അമ്മാവന് ആണേൽ  നിന്നെ കൊണ്ട് മോളെ കെട്ടിക്കാൻ ഒരു പൂതി. എനിക്കാണേൽ മറുത്തു പറയാനും കഴിയില്ല അവനോട്. അപ്പൊ പിന്നെ  എല്ലാത്തിനും ഉള്ള മറുപടി നീ തന്നെ പറയട്ടെ എന്ന് കരുതിയാണ് ഞാനും ആദ്യം എതിർത്തത്. ഉറച്ച ഒരു തീരുമാനം എടുക്കാൻ നിന്നെക്കൊണ്ട് കഴിയുമെന്ന് ഈ അമ്മയ്ക്ക് അറിയാലോ.?പിന്നെ പെണ്ണിന് ഇത്തിരി തന്റേടം ഇല്ലെങ്കിൽ എങ്ങനാടാ…ജീവിക്കാൻ പഠിച്ചവൾക്ക്  അതിച്ചിരി ഉണ്ടാകും…അങ്ങനെ ഉള്ളവളെ മുഖം ഉയർത്തിപ്പിടിച്ചു ജീവിക്കൂ…അപ്പൊ പിന്നെ ഇനി കൂടുതൽ ഒന്നും ആലോചിക്കേണ്ട…ഈ മീനത്തിൽ തന്നെ താലിക്കെട്ട്..

അമ്മ അത് പറയുമ്പോൾ ഒരിക്കൽകൂടി അമ്മയെ ചേർത്തുപിടിച്ചു ഞാൻ ചുംബിച്ചു…

ആ സ്നേഹച്ചുമ്പനത്തിൽ എന്റെ കണ്ണുനീർ കൂടെ അമ്മയുടെ കവിൾ നനച്ചുകൊണ്ട് ഊർന്നിറങ്ങി.

അല്ലേലും ആനന്ദകണ്ണീരു മുന്നിൽ ചിലപ്പോ ഈ തന്റേടം ഒന്ന് അടിയറവ് പറയും…അതൊരു വല്ലാത്ത ഫീലാ…..

✍️ദേവൻ