മനുവിനെ ഡിസ്ചാർജ് ചെയ്തു. ഒരു മാസം കഴിഞ്ഞു. അവൻ ഊർജസ്വലനായി ജോലിക്ക് പോയി തുടങ്ങി. കൃഷ്ണ ഇടക്ക് ഡോക്ടർ അങ്കിളിനെ ഏട്ടന്റെ മൊബൈലിൽ നിന്ന് വിളിക്കും. അവൾക്ക് സ്വന്തം ആയി ഫോൺ ഇല്ല. അത് കൊണ്ട് ഏട്ടന്റെ ഫോണിൽ നിന്നാണ് വിളിക്കുക. ഡോക്ടറും ഇടക്ക് അവളെ വിളിക്കാറുണ്ട്
ദിവസങ്ങൾ കഴിഞ്ഞു പോയി. കൃഷ്ണക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നേ അഡ്മിഷൻ കിട്ടി
രാവിലെ അഞ്ചു മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങും. അവൾ ധന്യ ചേച്ചിയുടെ വീട്ടിലെ ജോലി കഴിഞ്ഞു ആനി ചേച്ചിയുടെ വീട്ടിലെ ജോലി. അത് കൂടെ കഴിയുമ്പോൾ ഏഴുമണി. കോളേജ് ബസ് വരും. അതിലാണ് കോളേജിൽ പോകുക”എട്ടു മണിക്ക് ക്ലാസ്സ് തുടങ്ങും. നാലു മണിക്ക് തിരിച്ചു വന്നാൽ ഒരു മണിക്കൂർ വത്സ ചേച്ചിയുടെ വീട്ടിൽ ക്ലീനിങ്. അത് കഴിഞ്ഞ് ഏഴു മണിക്കാണ് അവൾ വീട്ടിൽ ചെല്ലുക
ഒരു വർഷം ഏകദേശം 25000രൂപയോളം ഫീസ് അടയ്ക്കണം. അതിനാണ് അവൾ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത്. പുസ്തകങ്ങൾ ഒക്കെ ബീന ടീച്ചർ കൊടുത്തിട്ടുണ്ട്. അത് കൊണ്ട് അത് ഒരു സമാധാനം. അവൾ ഇങ്ങനെ കഷ്ടപ്പെടുന്നത് കണ്ട് അമ്മയും അച്ഛനും മനുവും സങ്കടം പറയാറുണ്ട്
അവൾ അതൊക്കെ ഒരു ചിരിയിൽ ഒതുക്കി കളയും. ലക്ഷ്യം വലുതാണ്. കഠിനമായി പരിശ്രമിക്കണം അത് അവൾക്ക് അറിയാം
അന്ന് അവൾക്ക് കോളേജ് ബസ് കിട്ടിയില്ല. പകരം ബസ് കയറി കോളേജിൽ എത്തിയപ്പോൾ വൈകി
ആദ്യ ക്ലാസ്സ് ഡോക്ടർ ദുർഗയുടേതാണ്. കർശനക്കാരിയാണ്. അവൾ ആ ക്ലാസ്സ് മുഴുവൻ പുറത്ത് നിൽക്കേണ്ടി വന്നു
“എന്താ ഇന്ന് വൈകിയത്?”
അവൾ അകത്തു കയറി ഇരുന്നപ്പോൾ മുന്നിലെ കസേരയിൽ ഇരുന്ന ദൃശ്യ പിന്നിലേക്ക് തിരിഞ്ഞു
“കോളേജ് ബസ് കിട്ടിയില്ല “
“കിടന്നു ഉറങ്ങി പോയോ “
അവൾ ചിരിയോടെ ഇരുന്നതേയുള്ളു
ആദ്യമായി കണ്ട നാള് മുതൽ ദൃശ്യ ശ്രദ്ധിക്കുന്നതാണ് കൃഷ്ണയേ. ആരും ഒറ്റ കാഴ്ചയിൽ അവളെ ശ്രദ്ധിച്ചു പോകും. അത്രക്ക് ഭംഗിയുള്ള പെൺകുട്ടിയാണ്. ക്ലാസ്സിൽ അവളുടെ ശബ്ദം ആരും കേട്ടിട്ടില്ല. ഒരു ബഹളത്തിലും പെടില്ല. ഒതുങ്ങി ഒരു പുസ്തകവുമായി ഇരിക്കും. ചിലപ്പോൾ ലൈബ്രറിയിൽ ആയിരിക്കും. ഉച്ചക്ക് ഒറ്റയ്ക്ക് ഒതുങ്ങി ഇരുന്നു ചിലപ്പോൾ കഴിക്കുന്നത് കാണാം. ചിലപ്പോൾ ആ നേരം പുറത്ത് പോകും
“കൃഷ്ണ അല്ലെ?”
അന്ന് കുറച്ചു ഫ്രീ ആയപ്പോൾ ദൃശ്യ വന്ന് അടുത്തിരിക്കുക തന്നെ ചെയ്തു. കൃഷ്ണ പുഞ്ചിരിച്ചു
“ഞാൻ ദൃശ്യ ” കൃഷ്ണ തലയാട്ടി
“ആരോടും മിണ്ടാറില്ലേ? എന്താ മിണ്ടാത്തത്?”
“ഒത്തിരി പഠിക്കാൻ ഉണ്ടല്ലോ അതാണ് “
“അപ്പൊ വീട്ടിൽ ചെന്നു എന്താ പണി?”
കൃഷ്ണ മറുപടി ഒന്നും പറഞ്ഞില്ല
“എന്നോട് കൂട്ട് കൂടാമോ?ഫ്രണ്ട്സ്?”
അവളുടെ നീട്ടിയ കയ്യിൽ കൃഷ്ണ കൈ ചേർത്തു പിടിച്ചു
പിന്നെ വളരെയടുത്തപ്പോൾ മാത്രം ഇടയ്ക്ക് തനിക്ക് ബസ് കിട്ടാതെ പോകുന്നത് എങ്ങനെ എന്ന് പറയേണ്ടി വന്നു കൃഷ്ണയ്ക്ക്
അത് മാത്രം അല്ല, അവളെ സംബന്ധിച്ച എല്ലാം
“നിങ്ങളെയാരെയും പോലെ അല്ല ഞാൻ. അതാണ് എല്ലാറ്റിനും ഒരു നിയന്ത്രണം വെക്കുന്നത്. ഞാൻ ഡോക്ടർ ആയി ജോലി കിട്ടിയിട്ട് വേണം എന്റെ അച്ഛനും അമ്മയ്ക്കും വിശ്രമിക്കാൻ. അത് കൊണ്ട് എനിക്ക് സമയം ഇല്ല “
ദൃശ്യയുടെ കണ്ണ് നിറഞ്ഞു തൂവി
“എന്തിനാ കരയുന്നെ? എനിക്ക് ഇല്ലല്ലോ സങ്കടം?”
കൃഷ്ണ ആ മിഴികൾ തുടച്ചു. ദൃശ്യ അറിയാതെ അവളെ കെട്ടിപ്പിടിച്ചു പോയി. ദൃശ്യയുടെ വീട് പറഞ്ഞു വരുമ്പോൾ കൃഷ്ണയുടെ നാടിന്റെ അടുത്താണ്
അവളുടെ അച്ഛൻ ബാങ്കിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹം വരും വഴി അവളെ കോളേജിൽ വിടും. ഒരു ഏട്ടനുണ്ട്. എം ഡി ചെയ്യുന്നു. ഇവിടെ തന്നെ.
“ഒരു ദിവസം ഞാൻ പരിചയപ്പെടുത്തി തരാം ട്ടോ കക്ഷിയെ. ബുദ്ധിജീവി വിഭാഗമാണ്.”
കൃഷ്ണ ചിരിച്ചു പോയി
“പിന്നെ കൃഷ്ണയുടെ ഏട്ടനെ നോക്കിയ ഡോക്ടർ ജയറാം എന്റെ റിലേറ്റീവ് ആണ്. എന്റെ അമ്മയും ജയറാമങ്കിളും ചേട്ടനിയൻമാരുടെ മക്കൾ ആണ്. എന്റെ വീടിന്റെ തൊട്ട് അടുത്താണ് അങ്കിൾ.”
കൃഷ്ണയ്ക്ക് അത് ഒരു സർപ്രൈസ് ആയിരുന്നു
“എന്റെ വീട്ടിൽ വരുമോ ഒരു ദിവസം?”
കൃഷ്ണ പുഞ്ചിരിച്ചു കൊണ്ട് ഇല്ല എന്ന് തലയാട്ടി
“അതെന്താ?” ദൃശ്യ മുഖം വീർപ്പിച്ചു
“ഇങ്ങനെ നമ്മൾ കാണുന്നുണ്ടല്ലോ പിന്നെ എന്തിനാ വീട്ടിൽ വരണേ?”
ദൃശ്യ ആ ചോദ്യം കേട്ട് ഒരു നിമിഷം നിശബ്ദയായി ശരിയാണ്. പക്ഷെ..
“ഞാൻ പറഞ്ഞില്ലേ ഓരോ വീട്ടിൽ ജോലിയുണ്ട്. ഒരു ദിവസം ചെന്നില്ലെങ്കിൽ അവർക്കൊക്കെ അത് ബുദ്ധിമുട്ട് ആണ്. അതാട്ടോ വരാത്തത്. “
ദൃശ്യ മൂളി
“ഞായറാഴ്ച അവധി ഉണ്ട്. പക്ഷെ ആ ദിവസം വീട്ടിൽ നല്ല പണിയാ. തയ്യൽ ഉണ്ട്. കുറച്ചു ഓർഡർ ഒക്കെ കിട്ടുന്നുണ്ട്. ഞായറാഴ്ച ആണ് ആ പണി..”
“തയ്ക്കുമോ?” ദൃശ്യയുടെ കണ്ണ് വിടർന്നു
“ഉം. ഞാൻ ഇടുന്ന എല്ലാം ഞാൻ തയ്ച്ചു ഉണ്ടാക്കിയതാ “
“ശരിക്കും?”
“അതേ..കുട്ടി തുണി തന്നോളൂ ഫാഷനും പറഞ്ഞോളൂ. ഞാൻ തയ്ച്ചു തരാം. ഉടനെ പറയരുത് ട്ടോ.”
ദൃശ്യ കണ്ണ് മിഴിച്ച് കേട്ടിരിക്കുകയാണ്. ഒരാളാണോ ഇതെല്ലാം ചെയ്യുന്നത്? എന്നിട്ട് നന്നായി പഠിക്കുന്നുമുണ്ട്? ഇവൾ എപ്പോ വിശ്രമിക്കും? തന്നെ കുറിച്ച് അവൾ ഓർത്തു
അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണം കഴിച്ച് ജോലിക്കാർ കഴുകി ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ച് അച്ഛന്റെ കാറിൽ സുഖയാത്ര. തിരിച്ചു ചെന്നാൽ ടീവി, മൊബൈൽ
എന്തെങ്കിലും സഹായം ചോദിച്ചാൽ അമ്മയ്ക്ക് കണ്ടു കൂടെ എനിക്ക് ക്ഷീണം ആണെന്ന്. ഒരുപാട് പഠിക്കാൻ ഉണ്ട്. എന്നൊക്ക പറഞ്ഞു ഒഴിവാകും
ഓരോ ആഴ്ചയിലും ഹോട്ടലിൽ പൊട്ടിച്ച് കളയുന്ന കാശ് എത്ര?
അവൾ കൃഷ്ണയേ ഇടക്ക് സാകൂതം നോക്കിയിരിക്കും
മറ്റൊരു ചിന്ത ഇല്ലവൾക്ക്….
ഒരു ഞായറാഴ്ച
ജയറാം ഒരുറക്കം കഴിഞ്ഞു നാലു മണി ചായ കുടിച്ച് വെറുതെ ടീവി കണ്ടിരിക്കുമ്പോഴാണ് ദൃശ്യ വന്നത്
“ആ ദൃശ്യക്കുട്ടി പഠിത്തം ഒക്കെ എങ്ങനെ?”
“അങ്കിളിന് അറിയാത്ത ഒന്നുമല്ലല്ലോ. പട്ടിപ്പണിയാ. ഹൂ ഇത്രയും പ്രയാസം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഒരു ഡോക്ടർ എന്നൊക്കെ പറഞ്ഞാൽ ഒരു ഗമയല്ലേ എന്ന് കരുതി പോയതാ. ഇതിപ്പോ ചാർ എടുക്കുവാ..”
ജയറാം ചിരിച്ചു പോയി. അർജുൻ അകത്തു നിന്ന് ഒരു കോഫീയുമായി വന്നു
“ശെടാ ചുമ്മാതെയല്ല ഉൽക്കമഴ ഒക്കെ പെയ്യുന്നത്. ചിലരൊക്കെ നേരം തെറ്റി വീട്ടിൽ ഒക്കെ കേറുന്നുണ്ട് “
ജയറാം പൊട്ടിവന്ന ഒരു ചിരി അടക്കി
“പോ- ടീ പോ- ത്തേ…”
“അങ്കിളേ “
“അർജുൻ..ഇത് പോലെ ഉള്ള വേർഡ്സ് യൂസ് ചെയ്യരുത് “
“പിന്നല്ലാതെ, വന്ന ഉടനെ എനിക്കിട്ട് താങ്ങിക്കോണം..തടിച്ചി “
“തടിച്ചി നിന്റെ….പോടാ. നീ കേട്ടുന്നവൾ നുറു കിലോയാവും നോക്കിക്കോ “
“പിന്നെ ഞാൻ നിന്നേ പോലുള്ളതിനെ ഒന്നും കെട്ടത്തില്ല. നല്ല മെലിഞ്ഞു സീറോ സൈസ് ഉള്ള പെണ്ണായിരിക്കും “
“അവൾ പ്രസവിച്ചു കഴിഞ്ഞു 100 ആയി കൊള്ളും.,
“അതിനല്ലേ പ- ന്നി ഇപ്പൊ സർജറി ഒക്കെ ഉള്ളത്. മെഡിസിന് പഠിക്കുവാ അവള് ഒരു തേങ്ങയും അറിയത്തില്ല. ദേ അനിയത്തി ആണെന്നൊന്നും നോക്കില്ല കാല് മടക്കി ഒന്ന് തരും കേട്ടോ “
“എന്റെ അർജുൻ നീ ഒന്ന് അടങ്ങിക്കെ. മോളെ നീ മിണ്ടാതെ “
അവള് കുറച്ചു നേരം അവനെ രൂക്ഷമായി നോക്കിയിരുന്നു
“ദൃശ്യ…ഇങ്ങോട്ട് നോക്കു. കോളേജിലെ വിശേഷങ്ങൾ പറ “
അവൾ അദേഹത്തിന്റെ നേരേ തിരിഞ്ഞു
“അവിടെ എന്താ വിശേഷം?രാവിലെ ചെല്ലുന്നു, പഠിക്കുന്നു പോരുന്നു. ആ ഒരു വിശേഷം ഉണ്ട്. കൃഷ്ണ.”
ജയറാമിന്റെ മുഖം വിടർന്നു
“ശരിയാണല്ലോ കൃഷ്ണ അവിടെയാണല്ലോ.”
അർജുന്റെ മുഖം ഇരുണ്ടു
“എന്റെ അങ്കിളേ എന്ത് നല്ല കുട്ടിയാണെന്നറിയോ? ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ഇങ്ങനെ ഒരാളെ “
അവളുടെ ശബ്ദം താഴ്ന്നു
“രാവിലെ അഞ്ചു മണിക്ക് വീട്ടിൽ നിന്നിറങ്ങും രണ്ടു വീട്ടിൽ അടുക്കളപ്പണി ഉണ്ട്. അത് കഴിഞ്ഞ കോളേജിൽ വരിക. ആരോടും സംസാരിക്കില്ല. ക്ലാസ്സ് കഴിഞ്ഞു ലൈബ്രറി. അല്ലെ എവിടെ എങ്കിലും മാറിയിരുന്നു വായിക്കും അല്ലെങ്കിൽ നോട്സ്. വൈകുന്നേരം കോളേജിൽ നിന്ന് പോകുന്നതും ഒരു വീട്ടിലോട്ടാ അവിടുത്തെ പണി കഴിഞ്ഞിട്ട് ഏകദേശം ഏഴെട്ട് മണിയാകും വീട്ടിൽ ചെല്ലുമ്പോൾ. ഇതൊക്കെ ഇങ്ങോട്ട് പറഞ്ഞതല്ലേ. ഞാൻ കുത്തി ചോദിച്ചപ്പോൾ പറഞ്ഞുന്നേയുള്ളു. ആകെ കിട്ടുന്ന ഞായറാഴ്ച തയ്യൽ ഉണ്ട്. ഒരു വർഷം ഫീസ് അടക്കാൻ വേണ്ടിയാ ഇങ്ങനെ കഷ്ടപ്പെടുന്നത്. ഒരു മൊബൈൽ പോലുമില്ല അവൾക്ക്. ഞാൻ എന്റെ പഴയ ഒരെണ്ണം കൊടുക്കാൻ കൊണ്ട് ചെന്നതാ. വാങ്ങിച്ചില്ല. ഭയങ്കര അഭിമാനിയാ. ഒത്തിരി പാവങ്ങളാ. ഉച്ചക്ക് ചിലപ്പോൾ ഭക്ഷണം ഒന്നും കാണില്ല. ഞാൻ അത് കാണാറുണ്ട് പക്ഷെ ചോദിച്ച അവൾക്ക് വിഷമം ആവും. കൊടുത്താൽ കഴിക്കുകയുമില്ല. പിന്നെ ഞാൻ അത് കാണാത്ത പോലെ ഇരിക്കും. അല്ലാതെ എന്ത് ചെയ്യാനാ. ചില നേരം മനുഷ്യൻ നിസഹായനായി പോകും അങ്കിളേ. ആഗ്രഹം ഉണ്ട് പക്ഷെ ഒന്നും ചെയ്യാൻ കഴിയില്ല. നമുക്കിടയിൽ ഇപ്പോഴും ദാരിദ്ര്യം ഒക്കെയുണ്ട് അല്ലെ? ഒരു നേരം ഭക്ഷണം കഴിക്കാൻ ഇല്ലാത്തവർ…എനിക്ക് അത് പുതിയ അറിവാ”
ജയറാമിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അയാൾ പെട്ടെന്ന് എഴുന്നേറ്റു മുറിയിലേക്ക് പോയി
അർജുൻ അവളെ ഒന്ന് നോക്കി
“അച്ഛനെ വിഷമിപ്പിച്ചപ്പോ നിനക്ക് സമാധാനം ആയോ? നിനക്ക് ഇവിടെ വന്ന് ഇത് വിളമ്പണ്ട കാര്യം എന്താ ദൃശ്യേ?”അർജുൻ ദേഷ്യപ്പെട്ടു
“ഞാൻ…കൃഷ്ണക്ക് അങ്കിളിനെ വലിയ ഇഷ്ടാ അർജുൻ ചേട്ടാ. എപ്പോഴും പറയും അങ്കിൾ ദൈവത്തെ പോലെയാണ് എന്ന്. അങ്കിളിനും ഇഷ്ടം ആണല്ലോ പിന്നെ എന്താ?”
അവൾ തർക്കിച്ചു
“അവൾക്ക് ദാരിദ്ര്യവും പട്ടിണിയും ആയതിൽ അവൾക്ക് വിഷമം ഇല്ല. ജോലി ചെയ്തു പഠിക്കുന്നുണ്ട്. നിങ്ങൾക്കൊക്കെ എന്തിനാ വിഷമം. ഇതിലും പാട് പെട്ട് ജീവിക്കുന്നവരുണ്ട്. ഇവളല്ല ആദ്യമായി ജോലിക്ക് പോയി പഠിക്കുന്ന പെണ്ണ്. യുകെ യിലൊക്കെ പോയി നോക്ക്. മിക്കവാറും എല്ലാരും ഇങ്ങനെ ആണ്. അത് കൊണ്ട് ഇത് വലിയ കാര്യമായി പൊക്കിപ്പിടിച്ചു പറയണ്ട. ഒരു കൃഷ്ണ..എഴുന്നേറ്റു പോടീ. മേലിൽ ഇതും പറഞ്ഞോണ്ട് ഈ വീടിന്റെ പടി ചവിട്ടിയേക്കരുത്. വീട്ടിൽ പൊ “
“ഒ പിന്നെ. ഇത് അങ്കിൾന്റ വീടാ നിന്റെയല്ല ഞാൻ വരും “
അവൾ എഴുന്നേറ്റു പുറത്തേക്ക് പോയി
അവൻ അച്ഛന്റെ മുറിയിലേക്ക് നോക്കി. ഇതും പറഞ്ഞ് അച്ഛൻ അവളെയെങ്ങാനും സ്പോൺസർ ചെയ്തു കളയുമോ?
ഈ പെണ്ണിന് ഇതെന്തിന്റെ കേടാ ഇപ്പൊ വന്ന് ഇതൊക്കെ പറയാൻ?
അവൻ അരിശം കൊണ്ട് പുകഞ്ഞു
ഒരു കൃഷ്ണ
അവൻ അച്ഛന്റെ മുറിയിൽ എത്തി
“അച്ഛൻ ഇങ്ങോട്ട് വന്നേ. ഒന്ന് പുറത്ത് പോയിട്ട് വരാം “
അവൻ അദ്ദേഹത്തെ നോക്കി പറഞ്ഞു
“നീ പോയിട്ട് വാ,
“ഞാൻ ഒറ്റയ്ക്ക് പോണില്ല. രാത്രി ഫ്ലൈറ്റിന് ഞാൻ ദുബായ് പോകും. കുറച്ചു purchase ഉണ്ട് അച്ഛൻ കൂടെ വാ “
ഒടുവിൽ മനസിലാമനസ്സോടെ അയാൾ എഴുന്നേറ്റു. ഡ്രൈവ് ചെയ്യുമ്പോൾ അർജുൻ അച്ഛനെ നോക്കി
“ഇത്രയും പാവമാകരുത് അച്ഛൻ. ഇത്രയും സെന്റിമെന്റൽ ആകുകയും അരുത്. ആ കൊച്ചു ജോലി ചെയ്തു പഠിക്കുന്നു. നല്ല കാര്യം അല്ലെ? അതിന് അത് ഇഷ്ടം ആയിരിക്കും. അത് പഠിക്കട്ടെ. അച്ഛൻ എന്തിനാ അതൊക്കെ ഓർത്തു വിഷമിക്കുന്നത് “
“അതൊരു കുട്ടി അല്ലേടാ? പതിനെട്ടു തികഞ്ഞു കാണുമോ? കുഞ്ഞാണ്. ഈ പ്രായത്തിൽ..”
“അച്ഛൻ തമിഴ് നാട്ടിൽ പോയിട്ടില്ലേ…പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾ ജോലി ചെയ്യുന്നുണ്ട്. എന്നിട്ട് പഠിക്കുന്നുണ്ട്. കേരളത്തിൽ മാത്രം ആണ് ആൾക്കാർക്ക് ഇത്രയും സെന്റിമെന്റ്സ്. അതിന്റെ ആവശ്യം ഇല്ല. അച്ഛൻ കുറേ സെന്റിമെന്റ്സ് കാണിച്ചു കുറേ പേരെ സഹായിച്ചിട്ടുണ്ടല്ലോ അവരൊക്കെ എവിടെ? അച്ഛനെ ഓർക്കുന്ന ആരെങ്കിലും ഉണ്ടൊ?”
ജയറാമിന് മറുപടി ഇല്ല
“മനുഷ്യന് നന്ദി ഇല്ല. അച്ഛൻ ഈ കൃഷ്ണയേ സഹായിച്ചു. ചിലപ്പോൾ ഭാവിയിലും സഹായിച്ചേക്കാം അവള് പഠിച്ച് അച്ഛനെക്കാൾ വലിയ ഡോക്ടർ ആകും. അപ്പൊ അച്ഛനെ അവൾ ഓർക്കുക കൂടെ ഇല്ല. അതാണ് മനുഷ്യൻ.”
അവൻ പറയുന്നതൊക്കെ ശരിയാണ് എന്ന് ജയറാമിന് അറിയാം
പക്ഷെ. കൃഷ്ണ അങ്ങനെ അല്ല. അത് അയാൾക്ക് ഉറപ്പാണ്
“എല്ലാവരെയും ഒരെ സ്കയിൽ വെച്ച് അളക്കരുത് അർജുൻ. അളവുകൾ മാറും. മനുഷ്യനെ അളക്കാൻ ഉള്ള അളവുപാത്രങ്ങൾ മാത്രം ആരും കണ്ടു പിടിച്ചിട്ടില്ല. എനിക്ക് അറിയാം നിന്റെ പേടി. പേടിക്കണ്ട നിന്റെ കാശ് പോവില്ല. ഞാൻ കൃഷ്ണയേ സഹായിച്ചാൽ അത് എന്റെ ശമ്പളം കൊണ്ട് മാത്രം ചെയ്യുകയുള്ളൂ. എന്റെ ശമ്പളം നീ കട്ട് ചെയ്തോ “
അവൻ രൂക്ഷമായി അച്ഛനെ നോക്കി
“പഠിക്കില്ല എത്ര കിട്ടിയാലും “
“അച്ഛന് എന്തിനാ മോനെ കാശ്? നിനക്ക് എന്റെ കാശ് വേണ്ട. അത് ആവശ്യം ഉള്ളവർ എടുത്തോട്ടെ. ആരും എനിക്ക് ഒന്നും തിരിച്ചു തരണ്ട. എനിക്ക് നീയില്ലേ? അത് മതി “
അത് വരെ ഇളകാത്ത അർജുന്റെ മനസിന്റെ കരിമ്പാറകെട്ടുകൾ ആ നേരം ഒന്ന് കുലുങ്ങി.
അത് അങ്ങനെ ഒരു നേരമായിരുന്നു
തുടരും….