കല്യാണം കഴിഞ്ഞു ഗൗരിയും മനുവും വീട്ടിലേക്ക് വന്നെങ്കിലും അവർക്ക് അവിടെ യാതൊരു സ്വകാര്യതയുമില്ലന്ന് രമേശന് അറിയാമായിരുന്നു. അത് കൊണ്ട് അന്ന് ഒരു ദിവസത്തേക്ക് രമേശനും ലതയും അയാളുടെ പെങ്ങളുടെ വീട്ടിൽ അതായത് ഗൗരിയുടെ വീട്ടിൽ പോയി കിടന്നു. കൃഷ്ണ സദാശിവന്റെ വീട്ടിലും.
ഗൗരി ഒരു ഗ്ലാസ് പാലുമായി അവന്റെയരികിൽ വന്നിരുന്നു
“അയ്യടാ അവളുടെ ഒരു നാണം. പോടീ പെണ്ണെ ” മനു കളിയാക്കി
“ഇതൊക്കെ ചടങ്ങാണ് ” അവൻ പാല് പാതി കുടിച്ച് അവൾക്ക് കൊടുത്തു
“ജീവിതം തുടങ്ങുകയാണ് ഒന്നിച്ച്”
അവൻ കിടന്നു. അവളും
“കൃഷ്ണയ്ക്ക് വേണ്ടിയാണ് ഗൗരി ഞാൻ ഇപ്പൊ ഇതിന് സമ്മതിച്ചത്. എന്റെ മോള് എന്നെ നോക്കി ക്ലാസും കളഞ്ഞ് വീട്ടുജോലിയും ചെയ്ത്..ഒരു ഡോക്ടർ ആവേണ്ട കുട്ടിയാണ്. പഠിക്കാൻ സമയം പോലുമില്ല പാവത്തിന്. എന്റെ മോൾക്ക് കിടക്കാനും പഠിക്കാനും ഒരു മുറി പോലുമില്ല ഇവിടെ. എനിക്ക് വയ്യാത്തത് കൊണ്ട് അവൾ ഒരു പാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. മുറ്റത്തിരുന്നാ പലപ്പോഴും പഠിക്കുന്നത് തന്നെ. ഇപ്പൊ നീ കൂടി വന്നപ്പോ അവൾക്ക് തീരെയും സ്ഥലം ഇല്ല. നമുക്ക് നാളെ തന്നെ മാറാം.”
“അത് തന്നെ കൃഷ്ണ പഠിക്കട്ടെ. അവളോട് പറയണം മൂന്ന് വീട്ടിലെ ജോലിയൊന്നും വേണ്ടാന്ന്. ഞാൻ കൂടി സഹായിക്കാൻ ഉണ്ടല്ലോ ഇപ്പൊ. അവള് പാവം എന്ത് കഷ്ടപ്പെട്ട..പഠിക്കുന്നത് ” ഗൗരി ദീർഘമായി ശ്വസിച്ചു
മനുവിന്റെ കണ്ണ് നിറഞ്ഞു. അവൻ ഗൗരിയെ ചേർത്ത് പിടിച്ചു ഉറങ്ങാൻ ശ്രമിച്ചു
മെഡിക്കൽ കോളേജ്
എം ബി ബി എസ് രണ്ടാമത്തെ വർഷം മുതൽ കേസ് സ്റ്റഡി ആരംഭിക്കും. രാവിലെ മുതൽ ഉച്ച വരെ ഡോക്ടർക്കൊപ്പം റൗണ്ട്സ്ന് ഒപ്പം പോയി രോഗികളുടെ രോഗത്തെ കുറിച്ച് പഠിക്കും. അതിനെയാണ് കേസ് സ്റ്റഡി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്
സ്വന്തമായി കേസ് എടുത്തു പഠിക്കാൻ ആഗ്രഹം ഉള്ളവർക്ക് അത് ചെയ്യാം
രാമചന്ദ്രൻ ഡോക്ടർക്കൊപ്പമായിരുന്നു കൃഷ്ണക്ക് അന്നത്തെ റൗണ്ട്സ്
“ഈ symptoms ഒക്കെ ഏത് രോഗത്തിന്റെയാണ്?” ഡോക്ടർ അവരോടായി ചോദിച്ചു
എല്ലാവരും ആ രോഗിയെ നോക്കി നിൽക്കുകയാണ്. ഒരു ഐഡിയയും കിട്ടുന്നില്ല. വയറ് കുറച്ചു വീർതിരിക്കുന്നു. കാലിൽ നീരുണ്ട്. മുഖത്തും നീരുണ്ട്
“കൃഷ്ണ?”
ഇടി വെട്ടുന്ന പോലെ രാമചന്ദ്രൻ ഡോക്ടറുടെ ശബ്ദം കേട്ട് അവൾക്ക് ഉള്ള ബോധം കൂടി പോയി
“കേസ് ഷീറ്റ് നോക്കരുത് “
അവൾ അത് അവിടെ തൂക്കിയിട്ടു
“ചോദിച്ചത് കേട്ടില്ലേ?”
കൃഷ്ണ ദയനീയമായി രോഗിയെ നോക്കി. ചത്താലും ഞാൻ പറഞ്ഞു തരില്ല എന്നാ മട്ടിൽ അയാൾ അവളെയും
“ശരിക്കും നോക്കെടോ അങ്ങോട്ട്…രാവിലെ കെട്ടിയൊരുങ്ങി വന്നോളും വീട്ടുകാരെ പറയിക്കാൻ. നിയൊക്കെ ഡോക്ടർ ആയിട്ട് പുറത്ത് ഇറങ്ങുമ്പോൾ എങ്ങനെ ഇരിക്കും. സ്വന്തം തന്തയുടെ രോഗം കണ്ടു പിടിക്കില്ല പിന്നെ അല്ലെ നാട്ടുകാർ?”
കൃഷ്ണയുടെ തൊണ്ട വരണ്ടു. കൂടെയുള്ളവർ അവളെ ദയനീയമായി നോക്കുന്നുണ്ട്. അടുത്ത ഇര അവരാണെന്ന് അവർക്ക് നന്നായി അറിയാം
“അറിയാമോ?”
“ലിവർ സിറോസിസ് ആണോ?”
അവൾ വിക്കി. ഡോക്ടറുടെ മുഖം ഭയാനകമായി
“കാലിൽ നീരുള്ളത് കൊണ്ടായിരിക്കും “
“അത് മാത്രം അല്ല വയറ്..വീർത്തു “
“ദേ ആ സ്ത്രീയുടെ കാലിൽ നീരുണ്ട് വയറ് വീർതിരിക്കുവാ താൻ പറഞ്ഞ അസുഖം ആണോ”
കൃഷ്ണ അങ്ങോട്ടേക്ക് നോക്കി. ആർക്കോ കൂട്ടിരിക്കാൻ വന്ന ഒരു ഗർഭിണി. ആൾക്കാർ അടക്കി ചിരിച്ചു. അവൾ വിളർച്ചയോടെ നോക്കി
“പൊ പൊ എന്റെ ഗ്രൂപ്പിൽ നിന്ന് പോയിക്കോ “
കൃഷ്ണ തല താഴ്ത്തി നടന്ന് പോയി. അവൾക്ക് നല്ല സങ്കടം വരുന്നുണ്ടായിരുന്നു
ഇതെന്താ ജ്യോത്സമോ? ഒരു ടെസ്റ്റും ചെയ്യാതെ എങ്ങനെ അറിയും? ചില രോഗങ്ങളുടെ ലക്ഷണങ്ങൾ ഒരെ പോലെ ഇരിക്കും. ദൈവമേ ഈ ദുഷ്ടന്റെ കൂടെ തന്നെ നീ എന്നെ വിട്ടു കളഞ്ഞല്ലോ
അവൾ ഒന്ന് തിരിഞ്ഞു നോക്കി. അവർ അടുത്ത വാർഡിലേക്ക് പോകുന്നു. അവൾ കട്ടിലിൽ കിടക്കുന്ന രോഗിയെ ഒന്ന് എത്തിനോക്കിയിട്ട് അങ്ങോട്ടേക്ക് ചെന്നു
“ചേട്ടാ..ചേട്ടന് എന്താ അസുഖം?”
അയാൾ അവളെ നോക്കി
“നുറു രൂപ തന്ന പറയാം “
എന്റെ പോന്നോ ഇതെന്തു മനുഷ്യൻ? ഇയാളിതു സ്ഥിരം ഏർപ്പാട് ആയിരിക്കുമോ? കൈക്കൂലി ചോദിക്കുന്നു. പത്തു രൂപ ഉള്ളു കയ്യിൽ. അപ്പോഴാണ് നുറു രൂപ
അവൾ പതിയെ കേസ് ഷീറ്റ് ഒന്ന് പൊന്തിച്ചു നോക്കി
“ഞാൻ നാളെ ഡോക്ടർ വരുമ്പോൾ പറഞ്ഞു കൊടുക്കും “
അവൾ പെട്ടെന്ന് താഴ്ത്തിയിട്ട് നടന്നു
“മൂ- ത്രം പോണില്ല. വേറെ കുഴപ്പമില്ല “
അടുത്തു കൂടി പോയ സിസ്റ്റർ അവളുടെ കാതിൽ പറഞ്ഞു. അവൾ താടിക്ക് കൈ കൊടുത്തു നിന്നു പോയി
മൂ- ത്രം പോണില്ല. അയിനാണ് അങ്ങേര് ഈ ബിൽഡപ്പ് മുഴുവൻ കൊടുത്തത്. താൻ വിചാരിച്ചു കിഡ്നിയോ ലീവ്റോ മറ്റൊ അടിച്ചു പോയിന്നു. ശെടാ
അവൾ എന്തായാലും ക്ലാസ്സിൽ പോയിരുന്നു. പിറ്റേന്ന് ലക്ഷ്മി ഡോക്ടർക്ക് ഒപ്പം ആയിരുന്നു. അത് രാമചന്ദ്രൻ ഡോക്ടറുടെ രണ്ടിരട്ടി വില്ലത്തിയാണ്
പച്ചക്ക് തെറി വിളിച്ചു കണ്ണ് പൊട്ടിച്ച് കളയും. അവൾ കുറച്ചു പമ്മി പിറകിൽ ആയി ഒതുങ്ങി നടന്നു
“കൃഷ്ണാ “
കൃഷ്ണ ഞെട്ടി
“ഇതേതു കേസ് ആണെന്ന് പറയാൻ കഴിയുമോ?”
അവൾ ദയനീയമായി നോക്കി
ലക്ഷണങ്ങൾ ചോദിച്ചു മനസിലാക്കി. അയാളുടെ കണ്ണുകൾക്ക് ഒരു മഞ്ഞനിറമുണ്ട്. വേറെയൊന്നും പിടിത്തം കിട്ടുന്നില്ല. ലക്ഷ്മി സാക്ഷാൽ ദുർഗയായി നിക്കുന്നു
“താനൊക്കെ ഇത് അർഹിക്കുന്നില്ല കേട്ടോ കഷ്ടം “
അവളുടെ ദയനീയത കണ്ടിട്ടാവും രോഗി മഞ്ഞ നിറമുള്ള അയാളുടെ ബെഡ്ഷീറ്റിൽ ഒന്ന് തൊട്ടു
“മഞ്ഞപ്പിത്തം. ജോൻഡിസ് “
അവൾ പെട്ടെന്ന് പറഞ്ഞു
“അത് ആലോചിച്ചു എടുക്കാൻ ഒരു മണിക്കൂർ എടുത്തു “
പിറുപിറുത്തു കൊണ്ട് അവർ നടന്നു. അവൾ അയാളെ നോക്കി ഒന്ന് തൊഴുതു പിന്നെ അവരുടെ പിന്നാലെ പോയി
“ഈ കേസ് സ്റ്റഡി എന്നേം കൊണ്ടേ പോകു “
ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ അവൾ ദൃശ്യയോട് പറഞ്ഞു
“എനിക്ക് വലിയ tough ആയിട്ട് തോന്നുന്നില്ലല്ലോ നിനക്ക് എന്തോ പറ്റി?”
“അറിഞ്ഞൂടാ. എനിക്ക് ടീച്ചർമാരെ കാണുമ്പോൾ പേടിയാ. ഒന്ന് നോക്കിയാൽ ഉള്ളത് കൂടി പോകും. രാമചന്ദ്രൻ ഡോക്ടറെ കാണുമ്പോൾ നെഞ്ചിൽ ഒരു പഞ്ചാരി മേളമാ. അങ്ങേർക്ക് എന്നെ കണ്ണെടുത്ത കണ്ടൂടാ “
“അങ്ങനെ ഒന്നുമില്ലടി. നീ പേടിക്കാതെ ഇരിക്ക് അപ്പൊ എല്ലാം ശരിയാകും “
അവൾ കുറച്ചു നേരം ദൂരെ നോക്കിയിരുന്നു
“നമ്മുടെ ചുറ്റുപാടുകളാ നമ്മളെ സ്ട്രോങ്ങ് ആക്കുന്നത്. കോൺഫിഡൻസ് തരുന്നത്. അങ്ങനെ നോക്കുമ്പോൾ എനിക്ക് അത് കുറവാണ്. എനിക്ക് പെട്ടെന്ന് സങ്കടം വരും. പേടി വരും. എനിക്ക് ആരുമില്ലല്ലോ എന്നുള്ള തോന്നലാ. എല്ലാം ഒറ്റയ്ക്ക് വേണം. സഹായിക്കാൻ ആരുമില്ല. അപ്പൊ നമ്മൾ അനുഭവിക്കുന്ന ഒരു അരക്ഷിതാവസ്ഥയുണ്ട്. ഒറ്റയ്ക്ക് ഒരു വഴിയിൽ ദിശയറിയാതെ നിൽക്കുന്ന ഒരാൾക്ക് തോന്നുന്നത്. നിനക്ക് അത് മനസിലാവില്ല. നിനക്ക് ഏട്ടനുണ്ട് ഡോക്ടർ ആണ്. അച്ഛനും അമ്മയ്ക്കും വിദ്യാഭ്യാസം ഉണ്ട്. ഡൗട്സ് ഒക്കെ ക്ലിയർ ചെയ്തു തരും. സർവോപരി ഒരാളുടെയും അടുക്കളയിൽ നിന്നല്ല നീ വരുന്നത്. സ്വന്തം കാറിൽ…കോൺഫിഡൻസ് കൂടുതലായിരിക്കും ദൃശ്യാ..”
ദൃശ്യ അവളുടെ കയ്യിൽ അമർത്തി പിടിച്ചു. അവളെ ദൃശ്യക്ക് നല്ലോണം മനസിലാകുന്നുണ്ടായിരുന്നു
“ഈ സമയവും കടന്ന് പോകും “
ദൃശ്യ മന്ത്രിച്ചു
കൃഷ്ണ അവളുടെ തോളിൽ തല ചായ്ച് വെച്ചു. ഇവളാണ് ഇപ്പൊ തന്റെ ധൈര്യം
“ഹലോ കൃഷ്ണ “
തൊട്ട് മുന്നിൽ പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ വന്നിരുന്നപ്പോൾ അവൾ ചാടിയെഴുനേറ്റു
“ഇരിക്ക് ഇരിക്ക് പറയട്ടെ “
അവൾ ഒന്ന് വിളറി പക്ഷെ ഇരുന്നു
“ദൃശ്യ ഞാൻ ഈ കുട്ടിയോട് പേർസണൽ ആയിട്ട് ഒരു കാര്യം പറഞ്ഞോട്ടെ പ്ലീസ് “
ദൃശ്യ എഴുന്നേറ്റു മാറി
“കൃഷ്ണ..തിരുവനന്തപുരം തന്നെ ആണ് അല്ലെ?”
അവൾ തലയാട്ടി
“ഞാൻ പ്രവീൺ. നിങ്ങളുടെ സീനിയർ ആണ് “
അവള് കണ്ണ് മിഴിച്ച് നോക്കിയിരിക്കുകയാണ്
“കൃഷ്ണ. തന്നെ എനിക്ക് ഇഷ്ടമാണ്. ഐ മീൻ. പ്രൊപോസൽ ആയിട്ട് തന്നെ വന്നതാണ്. ഐ ലവ് യു “
കൃഷ്ണ അവന്റെ മുഖത്ത് നോക്കി
“സമ്മതമാണെങ്കില്….”
“അല്ല സമ്മതമല്ല “
“അത് അങ്ങനെ പെട്ടെന്ന് പറയല്ലേ. പതിയെ മതി. നമ്മൾ ഒന്ന് സിങ്ക് ആവട്ടെ ആദ്യം എന്നിട്ട് മതി. അടുത്തറിഞ്ഞാലല്ലേ ഒപ്പം കൂട്ടാൻ പറ്റു “
അവൻ എഴുന്നേറ്റു
“അപ്പൊ മോള് ആലോചിക്ക്. നോ മാത്രം വേണ്ട കേട്ടോ “
അവൻ പോയി കഴിഞ്ഞു
“കോഴിയാ ” ദൃശ്യ വന്നടുത്തിരുന്നു
“തോന്നി ” കൃഷ്ണ പറഞ്ഞു
“notorious കോഴി..ഇവനെയൊക്കെ സൂക്ഷിച്ചോ ട്ടോ. ഡോക്ടർ ആകാൻ പഠിക്കുന്നെന്ന് പറഞ്ഞിട്ട് ഒരു കാര്യോമില്ല തനി ചെ- റ്റയാണ് “
കൃഷ്ണയ്ക്ക് അതൊന്നും ഹാൻഡിൽ ചെയ്യുന്നത് പേടിയില്ല. പോടാ പുല്ലേ എന്ന് പറഞ്ഞിട്ട് നടന്ന് നിൽക്കും അവൾ. അവളുടെ മുന്നിൽ ഒരു രൂപം. രാമചന്ദ്രൻ സർ. കേസ് സ്റ്റഡി. സ്വന്തം ആയിട്ട് കേസ് എടുത്തു പഠിക്കാൻ പറഞ്ഞു വിട്ടേക്കുവ. ദൈവമേ…
അവൾ ആ രോഗിയുടെ അരികിൽ പോയി. ലക്ഷണങ്ങൾ ഒക്കെ നോക്കി. ഡീറ്റെയിൽസ് ഒക്കെ ശേഖരിച്ചു. ഒരു ഐഡിയ കിട്ടുന്നില്ലല്ലോ. ഇങ്ങേര് നാളെ തന്നെ എന്നെ വീട്ടിൽ പറഞ്ഞു വിടും. ആഞ്ജനേയാ രക്ഷിക്കൂ
പെട്ടെന്നവളുടെ ഉള്ളിൽ ഒരു മുഖം തെളിഞ്ഞു. ഡോക്ടർ ജയറാം. ഹയ്യോ താൻ എന്താ ഇത് വരെ മറന്നത് കക്ഷിയെ. പുള്ളിയുടെ അടുത്ത് പോകാം. എന്തെങ്കിലും ഒരു വഴി കാണിച്ചു തരും
അവൾ ദൃശ്യയോട് കാര്യങ്ങൾ പറഞ്ഞു.
ഉഗ്രൻ ഐഡിയ ആണ് മോളെ നീ സമയം കളയണ്ട വിട്ടോ എന്നവൾ. പക്ഷെ ആ രാ- ക്ഷസൻ കാണും. സി- ഗരറ്റ് വലിച്ചോണ്ട് നിൽക്കുന്നുണ്ടാവും. അതോർക്കുമ്പോൾ ഒരു ടെൻഷൻ. പൊയ്ക്കളയാം
അവൾ തീരുമാനിച്ചു
വൈകുന്നേരം ഇറങ്ങുമ്പോൾ തൊട്ട് മുന്നിൽ ഒരു ആക്‌സിഡന്റ്. ഒരമ്മയും മകനും സ്കൂട്ടറിൽ. സ്കൂട്ടറിന്റെ ഹാൻഡിലിൽ ബസ് തട്ടി. സ്കൂട്ടർ മറിഞ്ഞു. അമ്മയുടെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങുന്നത് കാണാൻ വയ്യാതെ അലറി കരയുന്ന മകൻ. അവളോടി ആ കുട്ടിയെ വാരിയെടുത്തു കണ്ണ് പൊത്തി. ആൾക്കാർ ഓടി കൂടി
അവരുടെ ശരീരം കൊണ്ട് പോകാൻ ആംബുലൻസ് വന്നു
കുട്ടിയവളുടെ തോളിൽ തളർന്നു കിടന്നു. അവൾ അവനെയും കൊണ്ട് ആംബുലൻസ്ൽ കയറി
മെഡിക്കൽ കോളേജിൽ എത്തിയപ്പോഴായിരുന്നു ആ അത്ഭുതം. അവരൊന്നു ശർദിച്ചു
ഒന്ന് പിടഞ്ഞുഡോക്ടർമാർ പാഞ്ഞു വന്നു. അടിയന്തിര ശുഷ്‌റൂഷകൾ ചെയ്തു തുടങ്ങി. അവൾ കുട്ടിയേയും കൊണ്ട് അവിടെ ഇരുന്നു
“അമ്മയ്ക്ക് ഒന്നുമില്ല ട്ടോ. ഒന്നുമില്ല “
അവൻ ശൂന്യമായ കണ്ണുകളോടെ അവളെ നോക്കിയിരുന്നു. ഇപ്പൊ അവൻ കരയുന്നില്ല. നോട്ടം ശൂന്യമാണ്. അവൾക്ക് അപ്പൊ വേറെയൊരു മുഖം ഓർമ്മ വന്നു
അമ്മ കണ്മുന്നിൽ മരിക്കുന്നത് കണ്ട മറ്റൊരു മകൻ. അമ്മയുടെ മുറിഞ്ഞു പോയ കൈ മുഖത്ത് വീണപ്പോൾ സമനില തെറ്റിപ്പോയ ഒരു മകൻ. ഇന്നലെ വരെ തന്നെ ചേർത്ത് പിടിച്ച കൈ ആയിരുന്നു അത് എന്നവൻ ഓർത്തപ്പോൾ ഭ്രാ- ന്ത് പിടിച്ചു പോയതാവാം. അമ്മയില്ലാതെ ജീവിക്കേണ്ടി വരിക എന്നത് തന്നെ ഏറ്റവും ദുഖാർദ്രമാണ്. അപ്പൊ ഇത്തരമൊരു ദുരന്തം ആയാലോ…അർജുൻ പക്ഷെ ഒരു വർഷം കഴിഞ്ഞു അതിനെ അതിജീവിച്ചു വരാൻ. പിന്നെ ആ പെൺകുട്ടി പോയപ്പോഴാണ് ആള് ഇത്രയും മോശമായി പോയതെന്നാണ് ദൃശ്യ പറഞ്ഞത്. ഒരാൾക്ക് വേണ്ട എന്നുണ്ടെങ്കിൽ തനിക്ക് തന്റെ ജീവിതം വേണ്ടതാകുമോ?
അത് വരെ ശുദ്ധജലത്തിൽ കൂടി നടന്നയാൾ ചെളിയിൽ കൂടി നടക്കുമോ?
ജീവിതത്തിൽ ഒരു എത്തിക്സ് വേണ്ടേ?
ഏത് പെണ്ണിന്റെ കൂടെയും നിസാരമായി കഴിയാൻ പുരുഷന് പറ്റുന്നതെങ്ങനെ?
സ്നേഹം ഇല്ലാതെ സെ- ക്സ് മാത്രം അവന് എങ്ങനെ കഴിയുന്നു?
അവൾ കുഞ്ഞിനെ നോക്കി. അത് മിണ്ടാതെ പുറത്തോട്ട് നോക്കിയിരിക്കുകയാണ്
പെട്ടെന്ന് ഒരു പുരുഷൻ ഓടി വന്നു
“മോനെ…” അവൻ തിരിഞ്ഞു നോക്കി
അവൾ കുട്ടിയുമായി എഴുന്നേറ്റു
“എന്റെ മോനാണ് ” അവൾ കുട്ടിയെ നോക്കി
അവൻ യാന്ത്രികമായി അയാളുടെ കയ്യിലേക്ക് പോയി. അവർ അവിടേ നിന്ന് നടന്ന് പോയപ്പോൾ കൃഷ്ണയും ഇറങ്ങാൻ ഭാവിച്ചു. ദേഹത്ത് രക്തക്കറയുണ്ട്. ഇനി ഇന്ന് ഹോസ്പിറ്റലിൽ പോകണ്ട. ഇന്നിനി വീട്ടിലേക്ക് പോകാം
ദൈവമേ അമ്മ കണ്ട അപ്പൊ ബോധം കെട്ട് വീഴും. തനിക്ക് എന്തോ സംഭവിച്ചു എന്ന് വിചാരിക്കും. ഡോക്ടർ രാമചന്ദ്രൻ അത് കണ്ടു നിൽക്കുകയായിരുന്നു
“കൃഷ്ണ “
അവൾ പെട്ടെന്ന് നിന്നു. ദൈവമേ വീണ്ടും ഇങ്ങേര്..ചുറ്റും ആളുണ്ട്. ഇവിടെ വെച്ച് ചീത്ത പറയല്ലേ
കണ്ണടച്ച് അവൾ ഒരു നിമിഷം പ്രാർത്ഥിച്ചു
“you did a good work..” അദ്ദേഹം അവളുടെ തോളിൽ തട്ടി
ദൈവമേ അഭിനന്ദനങ്ങൾ പറഞ്ഞു
ഹൂ…രക്ഷപെട്ടു
അവൾ കൈ കൂപ്പി താങ്ക്സ് പറഞ്ഞു
“കേസ് സ്റ്റഡി മറക്കണ്ട “
അദ്ദേഹം അങ്ങനെ പറഞ്ഞിട്ട് നടന്ന് പോയി
ഇല്ലാ, മറക്കില്ല…
ദൈവമേ..എന്റെ ജയറാം അങ്കിളേ ഞാൻ വരുന്നു. അവൾ സ്വയം പറഞ്ഞു കൊണ്ട് നടന്നു
തുടരും…..