മറുപടി
എഴുത്ത്: ദേവാംശി ദേവ
===================
“അമ്മ എന്തൊക്കെയാ പറയുന്നത്. ഹരിയേട്ടന്റെയും എന്റെയും വിവാഹമോ…എങ്ങനെ അമ്മക്ക് എന്നോടിത് പറയാൻ തോന്നി..അച്ഛൻ കേട്ടില്ലേ അമ്മ പറയുന്നത്. അച്ഛനൊന്നും പറയാനില്ലേ.”
“അമ്മ പറഞ്ഞതിൽ എന്താ ശ്രീക്കുട്ടി തെറ്റ്. മോളുടെയും ഹരിയുടെയും കല്യാണം ചെറുപ്പത്തിലേ തീരുമാനിച്ചത് അല്ലേ..”
“ഞങ്ങൾക്ക് രണ്ടോ മൂന്നോ വയസുള്ളപ്പോൾ നിങ്ങളെന്തെങ്കിലും പറഞ്ഞു വെച്ചുവെന്ന് വെച്ച് അതൊക്കെ ഞങ്ങൾ അനുസരിക്കണമെന്നാണോ..”
“ശ്രീക്കുട്ടി…അവനെന്താ കുഴപ്പം. നിന്റെ അപ്പച്ചിയുടെ മോനല്ലേ. നമ്മുടെ മുൻപിൽ വളർന്ന പയ്യൻ. അവനൊരു കുറവും ഞങ്ങൾ കാണുന്നില്ല..ഈ വിവാഹം എത്രയും വേഗം നടക്കണം”
“അത് അമ്മമാത്രം തീരുമാനിച്ചാൽ പോരാ..എന്റെ ജീവിതമാണ്. ഞാൻ തന്നെ തീരുമാനിക്കണം.”
“നിങ്ങൾ തമ്മിൽ അടുപ്പത്തിൽ ആയിരുന്നില്ലേ..വളരെ സ്നേഹത്തിലല്ലേ നിങ്ങൾ കഴിഞ്ഞിരുന്നത്.”
“അതൊക്കെ ശരിതന്നെയാ അച്ഛാ. എന്റെ അപ്പച്ചിയുടെ മകനോട് ഞാൻ സ്നേഹത്തിൽ സംസാരിച്ചാലെന്താ തെറ്റ്. ഹരിയേട്ടനോട് ഞാൻ വെറുപ്പ് കാണിക്കേണ്ട ആവശ്യം എന്താ..”
“നിർത്തെടി നിന്റെ പ്രസംഗം..മര്യാദക്ക് ഞങ്ങൾ പറയുന്നത് അനുസരിച്ചോ…ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഹരി നിന്റെ കഴുത്തിൽ താലി കെട്ടും. ഏടത്തിക്ക് ഞങ്ങൾ കൊടുത്ത വാക്കാ..”
“നടക്കില്ലമ്മേ..ഞാനൊരിക്കലും അതിന് സമ്മതിക്കില്ല..എന്റെ മനസ്സിൽ….വേറൊരാളുണ്ട്. ഞാനൊരാളുമായി ഇഷ്ടത്തിലാണ്.”
അടുത്ത നിമിഷം അമ്മയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞു
“അമ്മായി..”
ഹരിയുടെ വിളി കേട്ടപ്പോഴാണ് അവനും അവന്റെ അമ്മയും എല്ലാം കേട്ടുകൊണ്ട് നിൽക്കുകയാണെന്ന് അവരറിഞ്ഞത്.
“എന്താ അമ്മായി കാണിക്കുന്നത്.”
“നീ കേട്ടില്ലേ ഹരി അവള് പറഞ്ഞത്..ഇവളെ തല്ലുകയല്ല കൊ- ല്ലുകയാണ് വേണ്ടത്.” അവര് സാരിതുമ്പുകൊണ്ട് കണ്ണുതുടച്ചു.
“അവള് ദേഷ്യത്തോടെ എന്തെങ്കിലും പറയുന്നെന്ന് കരുതി അമ്മായി എന്തിനാ കരയുന്നെ..”
“അല്ല ഹരിയേട്ടാ…ഞാൻ സീരിയസായി തന്നെ പറഞ്ഞതാ..എനിക്കൊരിക്കലും ഹരിയേട്ടനെ വിവാഹം കഴിക്കാൻ പറ്റില്ല. എനിക്ക് വേറൊരു ഇഷ്ടമുണ്ട്. ആ ബന്ധത്തിന് ആരെങ്കിലും എതിര് നിന്നാൽ പിന്നെ എന്നെ ആരും ജീവനോടെ കാണില്ല..പറഞ്ഞേക്കാം.”
“എടി…” വീണ്ടും അവളുടെ അമ്മ അടിക്കാനായി കൈ ഉയർത്തിയതും ഹരി തടഞ്ഞു.
“വേണ്ടാമ്മായി….അവളുടെ ഇഷ്ട്ടം എന്താണെങ്കിലും അത് തന്നെയാണ് നടക്കേണ്ടത്. അവളുടെ സന്തോഷം അല്ലേ നമുക്ക് വലുത്..വെറുതെ അവളെ വിഷമിപ്പിക്കേണ്ട..അവളുടെ ഇഷ്ടം തന്നെ നടക്കട്ടെ.” ഹരി പുറത്തേക്ക് ഇറങ്ങി പോയി.
“ഏടത്തി…ഞങ്ങൾ എന്താ ചെയ്യേണ്ട.”
“ജീവിക്കേണ്ടത് അവർ തന്നെ അല്ലേ ഉഷേ…ജീവിതവും അവർ തന്നെ തീരുമാനിക്കട്ടെ..അല്ലാതെ ഞാൻ എന്ത് പറയാനാ..” നിറഞ്ഞ കണ്ണുകളോടെ അവരും പുറത്തേക്ക് നടന്നു.
ഹരികൃഷ്ണൻ എന്ന ഹരിയുടെ അമ്മയുടെ സഹോദരന്റെ മകളാണ് ശ്രീദേവി എന്ന ശ്രീക്കുട്ടി. കുട്ടികാലത്തെ അച്ഛൻ മരിച്ച ഹരിയേയും അമ്മയെയും സംരക്ഷിച്ചത് ശ്രീക്കുട്ടിയുടെ അച്ഛനും അമ്മയുമാണ്. പിന്നീട് അസുഖങ്ങൾ വന്ന് ശ്രീക്കുട്ടിയുടെ അച്ഛന് ജോലിക്ക് പോകാൻ പറ്റാതായപ്പോൾ ഹരി ആ കുടുംബം ഏറ്റെടുത്തു.
അന്നുമുതലേ ഹരിയും ശ്രീക്കുട്ടിയും തമ്മിൽ ഒന്നിക്കണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം.
“മോനെ..ഹരി…” അമ്മ വിളിച്ചതും നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ എഴുന്നേറ്റു.
“മോൻ വിഷമിക്കല്ലേ..അമ്മ സംസാരിക്കാം ശ്രീക്കുട്ടി മോളോട്.”
“വേണ്ട അമ്മേ..അവളുടെ ഇഷ്ടം തന്നെ നടക്കട്ടെ..എനിക്ക് വിഷമം ഒന്നും ഇല്ല.”
“എങ്കിൽ അമ്മ പറയുന്നത് എന്റെ മോൻ അനുസരിക്കണം.” എന്താന്നുള്ള അർത്ഥത്തിൽ ഹരി അമ്മയെ നോക്കി.
“അവളുടെ വിവാഹത്തിന് മുൻപ് എന്റെ മോന്റെ വിവാഹം നടക്കണം. അതിനു മുൻപ് നമുക്കീ വീട് മാറണം.”
ഹരിയൊന്നും മിണ്ടിയില്ല.
“നീ എന്താ ഒന്നും മിണ്ടാത്തത്. അമ്മയുടെ ആഗ്രഹമാ ഇത്..നീ എതിര് നിൽക്കരുത്.”
“അമ്മയുടെ ഇഷ്ടം പോലെ ചെയ്തോളൂ.”
സന്തോഷത്തോടെ അവർ കണ്ണ് തുടച്ചു.
പിന്നീട് എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. ഹരിയുടെ വിവാഹം ഉറപ്പിച്ചു. നിമിഷ..ഒരു കോടീശ്വരന്റെ ഏക മകൾ.
അവർ സമ്മാനിച്ച വലിയൊരു വീട്ടിലേക്ക് ഹരിയും അമ്മയും താമസം മാറി..ആഡംബരപൂർവം തന്നെ ഹരിയുടെയും നിമിഷയുടെയും വിവാഹം കഴിഞ്ഞു. ശ്രീകുട്ടിയും അവളുടെ അച്ഛനും അമ്മയും വിവാഹത്തിൽ പങ്കെടുത്തു. തന്റെ മകന് കിട്ടിയ സൗഭാഗ്യത്തിൽ ഹരിയുടെ അമ്മ അവരുടെ മുൻപിൽ തലയുയർത്തി നിന്നു.
“ദാ മോളെ..ഈ പാല് കൂടി കൊണ്ട് പൊയ്ക്കോളൂ.” രാത്രി റൂമിലേക്ക് പോയ നിമിഷയുടെ നേരെ ഹരിയുടെ അമ്മ ഒരു ഗ്ലാസ് പാൽ നീട്ടി.
“വേണ്ട..എനിക്ക് ഇഷ്ടമല്ല.”
“ഇതൊരു ചടങ്ങല്ലേ മോളെ..അത് തെറ്റിക്കണ്ട.”
“വേണ്ടെന്ന് അല്ലേ പറഞ്ഞത്..പാല് കുടിച്ചാൽ ഞാൻ ശർദ്ധിക്കും.” നിമിഷയുടെ എടുത്തടിച്ച മറുപടികേട്ടതും അവരുടെ മുഖം മാറി.
“സാരമില്ലമ്മേ.. ഈ സമയത്ത് എല്ലാ ആഹാരവും ഇഷ്ടമാവില്ലല്ലോ..” നിമിഷ റൂമിലേക്ക് പോയതും ഹരി അവരുടെ അടുത്തേക്ക് വന്ന് പറഞ്ഞു.
അവരൊന്നും മനസ്സിലാകാതെ ഹരിയെ നോക്കി.
“ഗർഭിണി ആയിരിക്കുമ്പോൾ ചില ആഹാരങ്ങൾ കണ്ടാലേ ശർദ്ധിക്കില്ലേ..”
“ഗർഭിണിയോ..ആര്..”
“നിമിഷ..അവള് മൂന്ന് മാസം ഗർഭിണിയാണ്.”
“ഹരി…നീ എന്തൊക്കെയാ പറയുന്നത്.” ഞെട്ടലോടെ അവർ ഹരിയെ നോക്കി.
“പിന്നെ അമ്മ എന്താ വിചാരിച്ചത്. കോടീശ്വരനായ മഹീന്ദ്രൻ സാർ അമ്മയുടെ മകന്റെ സൗന്ദര്യം കണ്ടിട്ടാണ് ഏക മകളെ കെട്ടിച്ചു തന്നതെന്നോ..
നിമിഷ ബാംഗ്ലൂർ പഠിക്കുന്ന സമയത്ത് അവളുടെ കാമുകനുമായി ലിവിങ് ടുഗതർ ആയിരുന്നു..അയാൾക്ക് അതൊരു തമാശയായിരുന്നു..രണ്ടു പേരും പിരിഞ്ഞ ശേഷമാണ് അവൾ ഗർഭിണി ആണെന്ന് അറിഞ്ഞത്. കുഞ്ഞിനെ വളർത്താൻ അവൾ തീരുമാനിച്ചു. മകൾ കല്യാണം കഴിക്കാതെ അമ്മയാകുന്നത് അവളുടെ വീട്ടുകാർക്ക് നാണക്കേടായതുകൊണ്ട് അവർ വിലക്ക് വാങ്ങിയതാ അവരുടെ സ്ഥാപനത്തിലെ ജോലിക്കാരനായ എന്നെ..”
മകൻ പറയുന്നത് കേട്ട ഞെട്ടലിൽ അവരുടെ കൈയ്യിലിരുന്ന പാൽ ഗ്ലാസ് താഴെ വീണു പൊട്ടിചിതറി.
“അവര് നമ്മളെ ചതിക്കുകയായിരുന്നല്ലൊ മോനെ..”
“ചതിയോ…നിമിഷ എല്ലാം എന്നോട് പറഞ്ഞിരുന്നു. എല്ലാം അറിഞ്ഞു തന്നെയാ ഞാൻ അവളെ സ്വീകരിച്ചത്. എനിക്കൊരിക്കലും ശ്രീക്കുട്ടിയെ മറക്കാൻ കഴിയില്ല..നിമിഷക്ക് അവളുടെ കുഞ്ഞിനൊരു അച്ഛൻ വേണം. അതുകൊണ്ട് തന്നെ ഞങ്ങൾ ഒരുമിച്ചെടുത്തൊരു തീരുമാനമാണിത്. മറ്റുള്ളവരുടെ മുന്നിൽ ഭാര്യ ഭർത്താക്കന്മാരായി ജീവിക്കുക.”
“ഇല്ല…ഇതിന് ഞാൻ സമ്മതിക്കില്ല..നിന്റെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല”
“എന്റെ ജീവിതം നശിപ്പിച്ചത് അമ്മ തന്നെയല്ലെ…ഒരു കോടീശ്വരിയുടെ ആലോചനവന്നപ്പൾ അമ്മ പഴയതെല്ലാം മറന്നു..ഭർത്താവ് മരിച്ച് പറക്കമുറ്റാത്ത കുഞ്ഞുമായി നിന്നപ്പോൾ സഹായിച്ച സഹോദരനെയും ഭാര്യയെയും മറന്നു. അവരുടെ മകൾക്ക് കൊടുത്ത മോഹത്തെയും മറന്നു. ആ- ത്മഹത്യാ ഭീക്ഷണി മുഴക്കി ശ്രീക്കുട്ടിയെ കൊണ്ടു തന്നെ വിവാഹം വേണ്ടെന്ന് പറയിച്ചപ്പോൾ അമ്മ ജയിച്ചെന്ന് കരുതിയോ..”
പതർച്ചയോടെ അവർ ഹരിയെ നോക്കി.
“എനിക്ക് എല്ലാം അറിയാം അമ്മേ..ഒരു കാരണവും ഇല്ലാതെ എന്റെ ശ്രീക്കുട്ടി എന്നെ വേണ്ടെന്ന് പറയില്ല..അതെനിക്ക് ഉറപ്പായിരുന്നു.”
“മോനെ…അമ്മയോട് ക്ഷമിക്ക്..അമ്മക്കൊരു തെറ്റ് പറ്റി. നാളെ രാവിലെ തന്നെ ഇവളെ നമുക്ക് വീട്ടിൽ കൊണ്ടുപോയി വിടാം. ശ്രീക്കുട്ടിയുടെ കാലു പിടിച്ച് മാപ് പുപറഞ്ഞിട്ടാണെങ്കിലും അവളെ ഞാൻ നിനക്ക് തരാം.”
“അമ്മാവനും അമ്മായിയും ഒന്നും അറിഞ്ഞിട്ടില്ലെന്നുള്ള ധൈര്യമാണോ അമ്മക്ക്..എങ്കിൽ അവരെല്ലാം അറിഞ്ഞു..ശ്രീക്കുട്ടി പറഞ്ഞിട്ടല്ല..ഞാൻൻ പറഞ്ഞിട്ട്. അവർക്കിപ്പോൾ അവളെയോർത്ത് അഭിമാനമാണ്..അമ്മയോട് പുച്ഛവും. ഇനി ഈ കാര്യം പറഞ്ഞ് അങ്ങോട്ട് ചെന്നാൽ അവർ ആട്ടി വിടും.
പിന്നെ…നിമിഷയാണ് എന്റെ ഭാര്യ..ഈ ജന്മം ഇനി അങ്ങനെ തന്നെയാണ്..ഇത് അമ്മയുടെ അത്യഗ്രഹത്തിന് ഈശ്വരൻ തന്ന മറുപടിയായി കണ്ടാൽ മതി.”
ഉറപ്പിച്ച് പറഞ്ഞ് ഹരി റൂമിലേക്ക് പോകുമ്പോൾ ചെയ്തുപോയ തെറ്റിൽ മനം നൊന്ത് നിറകണ്ണുകളോടെ നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു.