വിഷമം ഉള്ളിൽ ഒതുക്കി അവൾ വീട്ടുകാരെ എല്ലാം സമാധാനപ്പെടുത്തികൊണ്ടിരുന്നു…

എഴുത്ത്: ഗിരീഷ് കാവാലം
====================

ഇരുന്നൂറ്റി ഒന്ന് പവൻ സ്വർണം എടുക്കാൻ വന്ന വിവാഹ പാർട്ടിയായ കസ്റ്റമേർസ് നെ സ്വീകരിച്ചിരുത്തിയ പാർവതി വീട്ടിൽ നിന്ന് വന്ന ആ ഒരു ഫോൺ കാളിൽ പകച്ചു നിന്നുപോയി.

തന്റെ വിവാഹത്തിന് സഹകരണ ബാങ്കിൽ നിന്ന് സ്ഥലം ഈടു വച്ച് എടുത്ത അഞ്ച് ലക്ഷം രൂപയടങ്ങിയ ബാഗ് ബസിൽ വെച്ച് വച്ചു അച്ഛന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു.

ഒരു നിമിഷം അവൾ ജ്വല്ലറിയുടെ കൌണ്ടറിൽ ഇരിക്കുന്ന ഉടമസ്ഥനായ സാറിനെ ഏറുകണ്ണിട്ട് നോക്കി

എന്നത്തേയും പോലെ വലിയ കസ്റ്റമേർസ്നെ സ്വതസിദ്ധമായ മാനേജ്മെന്റ് വൈദഗ്ധ്യത്തോടെ ഡീൽ ചെയ്യുന്ന പാർവതിയെ നോക്കി അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. ഉള്ളിലെ നീറ്റൽ മറച്ച അവൾ പെട്ടന്ന് എന്നത്തേയും പോലെ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് തന്റെ മുന്നിൽ ഇരിക്കുന്ന കസ്റ്റമേഴ്‌സിനോട്‌ പുഞ്ചിരിച്ചുകൊണ്ട് ഇടപെഴകാൻ തുടങ്ങി

വീണ്ടും അവളുടെ ഫോണിലേക്ക് മാമന്റെ കാൾ വന്നു

“മോളെ വേറെ ആരെയെങ്കിലും കൂട്ടി വിടണ്ടായിരുന്നോ, അതും ഇത്രയും പൈസ ആയിട്ട് ഒറ്റക്ക്, ഞങ്ങൾ സ്റ്റേഷനിലും പറഞ്ഞിട്ടുണ്ട്. തീർച്ചയായും കിട്ടും. മോള് വിഷമിക്കണ്ട “

തന്റെ എതിരായി ഇരിക്കുന്ന കല്യാണപെണ്ണിന് ഒപ്പം വന്ന ബന്ധുക്കളുടെ മുഖത്തെ പ്രസന്നതിയിലും എനെർജിറ്റിക് ആയി പാർവതി ഓരോ ഐറ്റവും അവരെ കാണിക്കാൻ തുടങ്ങുകയായിരുന്നു

ജ്യൂവലറി സ്റ്റാഫിൽ സാധാരണ കാഴ്ചയിൽ മിടുക്കരെയും മിടുക്കത്തികളെയുമാണ് വെക്കുന്നതെങ്കിൽ അതിന് വിപരീതമായി കാഴ്ചയിൽ ഒരു ആകർഷണവും ഇല്ലാത്ത പാർവതിയെ എന്തിന് വച്ചു എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് കസ്റ്റമേഴ്‌സ് നോട് ഡീൽ ചെയ്യാനുള്ള അവളുടെ കഴിവും ഒന്ന് വന്നവർ വീണ്ടും അവിടേക്കു വരുന്നതിന്റെ കാരണവും

വീണ്ടും പാർവതിയുടെ മൊബൈലിലേക്ക് കാൾ വന്നു

“മോളെ നീ എവിടാ സ്വർണക്കടെന്നു ഇറങ്ങിയോ?”

“ഇല്ല ചിറ്റേ, ഉടൻ ഇറങ്ങും “

“സോറി വീട്ടിൽ നിന്നാ..”

കസ്റ്റമേഴ്‌സ്നോട്‌ പാർവതി വിനയത്തോടെ പറഞ്ഞു

“വിവാഹ പെണ്ണാ കക്ഷിയും..”

അടുത്ത് നിന്ന സ്റ്റാഫ് പാർവതിയെ ചൂണ്ടി പറഞ്ഞതും വന്നവർക്കും സന്തോഷമായി

“എന്നാ വിവാഹം?”

വന്നവരിലെ കല്യാണപെണ്ണ് ചോദിച്ചു

“അടുത്ത മാസം പത്താം തീയതി “

അത് പറയുമ്പോൾ പാർവതിയുടെ ഉള്ള് പിടയുന്നുണ്ടായിരുന്നു

അപ്പോഴാണ് പാർവതി കൌണ്ടറിൽ ഇരിക്കുന്ന സാറിന്റെ മുഖം ശ്രദ്ധിച്ചത്. കസ്റ്റമേഴ്സിനോട് ഇടപെടുന്ന സമയം ഫോണിൽ കൂടുതലായി സംസാരിക്കുന്നത് സാറിന് ഇഷ്ടപ്പെട്ടില്ലായിരിക്കും. അവൾ ഫോൺ സൈലന്റ് മോഡിൽ ഇട്ടു തന്റെ മനസ്സിന്റെ നീറ്റലിനെ തടഞ്ഞു നിർത്തി, പല വെറൈറ്റിയിലെ ആഭരണങ്ങൾ അവർക്ക് മുന്നിൽ പ്രസെന്റ് ചെയ്യുന്നതിനും കോഫി വരുത്തിച്ചു അവരെ സന്തോഷിപ്പിക്കുന്നതിനും ഇടയിലാണ് ഒരു കൈ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ എല്ലാവരെയും അലോസരപ്പെടുത്തിയത്..

പാർവതി തന്റെ കയ്യിൽ എടുത്ത് കുഞ്ഞിനെ കളിപ്പിച്ചതും കുഞ്ഞ് ശാന്തമായി..

സെലക്ട്‌ ചെയ്ത ആഭരണങ്ങൾ ക്ലോസ് ചെയ്തു ബില്ലിങിലേക്ക് വിട്ടു

ജ്യൂവലറിയിൽ നിന്ന് ഇറങ്ങാൻ നേരവും തന്നെ വീക്ഷിച്ച സാറിന്റെ മുഖത്ത് അത്ര തെളിച്ചം ഇല്ലായിരുന്നു

“പാർവതി ഒന്ന് നിന്നെ “

അവൾ ഇറങ്ങാൻ നേരം സാർ അവളെ മാറ്റി നിർത്തി ചോദിച്ചു

“വീട്ടിൽ നിന്ന് എന്നെ വിളിച്ചിരുന്നു. കാര്യങ്ങൾ പറഞ്ഞു. വിഷമിക്കണ്ട…ഞാൻ സ്റ്റേഷനിൽ കംപ്ലയിന്റ് ചെയ്തിട്ടുണ്ട് CI എന്റെ ഒരു ഫ്രണ്ടാ…”

വീട്ടിൽ എത്തിയ പാർവതിക്ക് ഒരു മരണവീടിന്റെ പ്രതീതിയാണ് തോന്നിയത്

“അച്ഛാ വിഷമിക്കണ്ട ആരുടെയെങ്കിലും കൈയ്യിൽ കിട്ടും…അത് തിരിച്ചു നമ്മുടെ കൈയ്യിൽ തന്നെ എത്തും അച്ഛാ “

വിഷമം ഉള്ളിൽ ഒതുക്കി അവൾ വീട്ടുകാരെ എല്ലാം സമാധാനപ്പെടുത്തികൊണ്ടിരുന്നു

അടുത്ത ദിവസം അവൾ ജ്യൂവലറിയിൽ പോയില്ല . ബാഗ് കിട്ടിയെന്നുള്ള വിളി വരൂവെന്ന പ്രതീക്ഷയിൽ രാത്രിവരെയും കാത്തിരുന്നെങ്കിലും അങ്ങനെ ഒരു വിളി വന്നില്ല

രണ്ടാം ദിവസവും ഉച്ചയായിട്ടും ഒരു വിവരവും കിട്ടിയില്ല. ഇനി അതിനെക്കുറിച്ചുള്ള പ്രതീക്ഷ മനസ്സിൽ നിന്ന് അവൾ എടുത്തു കളയാൻ തുടങ്ങുകയായിരുന്നു

അപ്പോളാണ് സന്തോഷകരമായ ആ കാൾ വന്നത്. ബസിൽ നിന്ന് കിട്ടിയ ബാഗ് തങ്ങളുടെ കൈവശം ഉണ്ടെന്ന വിളിയായിരുന്നു അത്

പറഞ്ഞറിയിക്കാൻ പറ്റാത്ത നിമിഷങ്ങൾ ആയിരുന്നു വീട്ടിൽ ആ സമയം കടന്ന് പോയത്. ഭയങ്കരമായ പ്രതിസന്ധിയിൽ നിന്ന് രക്ഷപെട്ട മാനസികനിലയിൽ ആയിരുന്നു എല്ലാവരും

അടുത്ത ദിവസം തന്നെ ബാഗുമായി ആ വീട്ടിൽ എത്തിയ ആൾക്ക് നല്ല രീതിയിൽ തന്നെ സൽക്കാരം നടത്തിയാണ് അവർ വിട്ടത്

എല്ലാവർക്കും മധുര പലഹാരവുമായിട്ടാണ് പാർവതി അടുത്ത ദിവസം ജ്യൂവലറിയിലേക്ക് ചെന്നത്

‘സാറേ നമ്മൾ മലയാളികൾ  പാർട്ടിയുടെ പക്ഷം പറഞ്ഞു മലയാളികളെ തന്നെ ഇകഴ്ത്തി സംസാരിക്കുന്നത് പതിവാണ്. പക്ഷേ നമ്മുടെ നാട്ടിലെ പോലെ നന്മമരങ്ങൾ വേറെ എവിടെയും കാണാൻ കഴിയില്ല എന്നത് യാഥാർഥ്യവും ആണ് ‘

സ്വീറ്റ്സ് കഴിക്കുന്നതിനിടയിൽ ഒരു സ്റ്റാഫ് സാറിനോട് പറഞ്ഞു

പക്ഷേ ആ പറഞ്ഞതിനോട് എല്ലാവരും ഇമോഷണൽ ആയി പുഞ്ചിരിച്ചെങ്കിലും ഉടമയായ സാറിന് ഹൃദയത്തിൽ നിന്ന് പുഞ്ചിരിക്കാൻ കഴിഞ്ഞില്ല

താൻ കൊടുത്ത അഞ്ച് ലക്ഷം രൂപ ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി നഷ്ടപ്പെട്ട ആ പ്ലാസ്റ്റിക് കവറിലെ പൈസ ആണെന്ന രീതിയിൽ ഒരാളെ പറഞ്ഞു വിട്ടത് ഉടമയായ സാർ ആയിരുന്നു എന്നത് ആർക്കും അറിയില്ലായിരുന്നു

അപ്പോഴും പാർവതി ഇത് അറിയരുത് എന്ന ചിന്ത മാത്രമായിരുന്നു സാറിന്….കാരണം താൻ ഒരു ബാധ്യതക്കാരിയാണ് എന്ന കുറ്റബോധം അവളെയും ഒപ്പം ഇതുവരെ ഉണ്ടായിരുന്ന ഈ ജ്യൂവലറിയിലെ അവളുടെ പെർഫോമൻസിനെയും ബാധിക്കാൻ സാർ ആഗ്രഹിച്ചിരുന്നില്ല…..

-ഗിരീഷ് കാവാലം