ചോറിൽ വെറുതെ വിരലിട്ട് ഇളക്കിക്കൊണ്ടിരിക്കുകയാണ് മിയ. ഗൗരി അൽപനേരം അത് നോക്കിയിരുന്നു. മിയയുടെ അവസ്ഥ അവൾക്ക് മനസിലാകും. ആരായാലും തളർന്നു പോകും. പക്ഷെ ആ തളർച്ച ശാശ്വതമാവാൻ പാടില്ല. അവരെ ഉയിർത്തെഴുന്നേൽപ്പിക്കുക തന്നെ വേണം. അതായിരിക്കണം ഒരു സഹജീവിയുടെ ഏറ്റവും വലിയ ധർമ്മവും. ഗൗരി പണ്ട് മുത്തശ്ശി പറഞ്ഞു തന്ന പാഠങ്ങൾ ഓർത്തു.
അവൾ പുഞ്ചിരിയോടെ മിയയെ തൊട്ടു
“ചേച്ചിയോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”
ചോദിച്ചു കൊള്ളു എന്ന അർത്ഥത്തിൽ മിയ തലയാട്ടി
“സപ്പോസ് ചേച്ചിക്കാണ് ഈ രോഗം വന്നതെന്ന് കരുതുക.ഇങ്ങനെ വരുൺ ചേട്ടൻ വിഷമിച്ചിരിക്കുന്നു എന്നും കരുതുക. ചേച്ചിയുടെ ഫീലിംഗ്സ് എന്തായിരിക്കും?”
മിയ ഒന്നും മനസിലാകാതെ അവളെ നോക്കി
“ഇനി ഞാൻ ആണ് ഈ അവസ്ഥയിൽ എങ്കിൽ. സഞ്ജു ചേട്ടൻ അണ്ടി പോയ അണ്ണാനെ പോലെ ഇങ്ങനെ ഇരിക്കുന്ന കണ്ടാൽ എന്ത് വിചാരിക്കുമെന്നോ?”
“എന്ത് വിചാരിക്കും?”
“ഞാൻ ഒരു ബാധ്യത ആയെന്ന് വിചാരിക്കും. സഞ്ജു ചേട്ടന്റെ ജീവിതം കൂടി ഞാൻ കാരണം നശിച്ചു എന്ന് ചിന്തിക്കും അതെന്നെ കൂടുതൽ തളർത്തും. രോഗം കൂടി ഞാൻ വടിയാകും “
“അയ്യോ എന്റെ കർത്താവെ ഞാൻ അങ്ങനെ ചിന്തിച്ചു കൂടിയില്ല. ഞാൻ എന്റെ സങ്കടം കൊണ്ട്…”
“എന്തിനാ സങ്കടം? എന്റെ പൊന്ന് ചേച്ചി കാൻസർ വന്നവർ പോലും നല്ല ജോളിയായിട്ട് നടക്കുന്നു. കൂട്ടത്തിൽ ഉള്ളവർ തളർന്നു പോയ അവരുടെ അവസ്ഥ എന്താ? വരുൺ ചേട്ടൻ വിചാരിക്കും ചേച്ചിക്ക് ഇട്ടേച്ച് പോകണം അതാണ് ഈ സങ്കടം ന്ന് “
ഗൗരി അവസാനത്തെ ആണിയും അടിച്ചു കയറ്റി യിട്ട് എഴുന്നേറ്റു കൈ കഴുകി. മിയ കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നു പിന്നെ എഴുന്നേറ്റു
“ഗൗരീ “
ഗൗരി മൊബൈൽ നോക്കിക്കൊണ്ട് മൂളി
“അങ്ങനെ വരുൺ വിചാരിക്കുമോ?”
“എങ്ങനെ?”
“ഞാൻ ഉപേക്ഷിച്ചു പോകുമെന്ന്?”
“എപ്പോഴേ വിചാരിച്ചു കാണും?”
“എന്റെ കർത്താവെ ഞാൻ ഇനി എന്ത് ചെയ്യും?”
“അത് നല്ല ചോദ്യം. ഞാൻ പറഞ്ഞു തരാം. പ്രായത്തിൽ ഞാൻ ഇളയതാ പക്ഷെ ചേച്ചി പോരാ.ഭയങ്കര വീക്ക്. എന്റെ ചേച്ചി ഇതൊക്കെ ഇപ്പൊ ഡോക്ടർമാർക്ക് പൂ പറിക്കുന്ന പോലെയല്ലേ?”
“ആണല്ലേ?”
“പിന്നല്ല. ചേച്ചി കരയാൻ തോന്നുമ്പോൾ ബാത്‌റൂമിൽ കേറിയിരുന്നങ്ങ് കരഞ്ഞേക്കണം. അല്ലാതെ ചുമ്മാ ഒരു മാതിരി..വരുൺ ചേട്ടന്റെ മുന്നിൽ അടിച്ചു പൊളിച്ചു പണ്ടത്തെ മിയ തന്നെ ആയിരിക്കണം. അല്ലെങ്കിൽ പുള്ളി തെറ്റിദ്ധരിക്കും.”
“പക്ഷെ ആ മുഖം കാണുമ്പോൾ എനിക്ക് സങ്കടം വരും ഗൗരി ‘
“മുഖത്ത് നോക്കണ്ട വേറെ ഭാഗങ്ങൾ ഒക്കെയുണ്ടല്ലോ അങ്ങോട്ട് നോക്ക് “
മിയയുടെ മുഖം ചുവന്നു
“ഈ കുട്ടി?”
“ഞാൻ ഈ കൈ കാല് അതൊക്കെ ആണ് ഉദേശിച്ചത് ചേച്ചി എന്താ ഉദേശിച്ചത്?”
ഗൗരി കള്ളച്ചിരി ചിരിച്ചു
“പോടീ “
മിയ മുഖം പൊത്തി
“ചേച്ചി നിങ്ങൾ ഇവിടെ താമസിക്കു കുറച്ചു നാൾ. എനിക്കും കൂട്ടാകും. പിന്നെ സുഷമ ചേച്ചിക്ക് എന്റെ കത്തിയിൽ നിന്ന് രക്ഷപ്പെടാം അല്ലെ ചേച്ചി?”
സുഷമ അവർക്ക് രണ്ടു പേർക്കും ഓരോ ആപ്പിൾ മുറിച്ചു കഷണങ്ങൾ ആക്കി കൊണ്ട് കൊടുത്തു. അവർ ഗൗരി പറഞ്ഞത് കേട്ട് ചിരിച്ചു
മിയ ഒന്നും മിണ്ടാതെ അവളുടെ തോളിലേക്ക് തല ചായ്ച്ചു
വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ അവർ പറഞ്ഞതും ആവലാതിപ്പെട്ടതുമൊക്കെ തന്റെ ഭാവിയെ കുറിച്ചായിരുന്നു. ഒരു കുഞ്ഞു പോലും ആയിട്ടില്ല. എന്തെങ്കിലും വന്നാൽ നീ, നിന്റെ ഭാവി ഒക്കെ എങ്ങനെ ആകും എന്നൊക്കെ പറഞ്ഞു കരച്ചിൽ തന്നെ. പക്ഷെ ഗൗരി പറയുന്നത് കേൾക്കവേ അവൾക്ക് ഒരു ധൈര്യം വന്നു. ഇനി കരയില്ല എന്ന് തീരുമാനിക്കുകയും ചെയ്തു.
മുറ്റത്തു കാർ വന്നു നിന്നപ്പോൾ അവർ രണ്ടു പേരും കൂടിയാണ് പൂമുഖത്തേക്ക് ചെന്നത് വരുൺ ക്ഷീണം ഒക്കെ മാറി മിടുക്കൻ ആയി കാണപ്പെട്ടു
“ഡോക്ടർ എന്ത് പറഞ്ഞു?” മിയയും ഗൗരിയും ചോദിച്ചു
“അകത്തോട്ടു വന്നിട്ട് പോരെ..?”സഞ്ജയ് കൈ കൂപ്പി
“അയ്യോ മതിയേ ” ഗൗരി ചിരിച്ചു
“സുഷമ ചേച്ചി രണ്ടു ചായ “
സഞ്ജയ് അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു. അത് കേട്ട് നിന്ന സുഷമയുടെ മനസ്സ് നിറഞ്ഞു. ഇപ്പൊ സഞ്ജു മോന് എന്ത് മാറ്റമാണ്? അവർ ഓർത്തു. ഇപ്പോഴാണ് മനുഷ്യൻ ആയത്
“നാളെ ഞങ്ങൾ രണ്ടു പേരും കൂടി ഹോസ്പിറ്റലിൽ പോകും. ഇവന് ഡയാലിസിസ് സ്റ്റാർട്ട് ചെയ്യണം. പിന്നെ എനിക്ക് കുറച്ചു ടെസ്റ്റ്. അത് ഓക്കേ ആണെങ്കിൽ. എന്റെ കിഡ്നി ഇവന്. അതെത്രയും വേഗം.. “
മിയ ഞെട്ടിപ്പോയി. താൻ ആ സാധ്യതയെ കുറിച്ച് ചിന്തിച്ചില്ല. സത്യത്തിൽ ഇതൊക്കെ കേട്ട ഷോക്കിൽ അതൊന്നും ആലോചിച്ചില്ല എന്നതാണ് സത്യം
ഗൗരി ഓടി ചെന്നു സഞ്ജയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു
“ഗ്രേറ്റ് മൈ ഡിയർ ഹസ്ബൻഡ്… you make the day ” സഞ്ജയ്ക്ക് ഉള്ളിൽ ഒരു ചെറിയ സംശയമുണ്ടായിരുന്നു.
ഗൗരിയോട് ചോദിക്കാതെ എടുത്ത ഡിസിഷൻ ആണ്. അവളെന്തു പറഞ്ഞേക്കും എന്നൊക്കെ ചെറിയ ഒരു ആശങ്ക ഉണ്ടായിരുന്നവന്. പക്ഷെ ഗൗരി ഞെട്ടിച്ചു കളഞ്ഞു
“എന്റെ വരുൺ ചേട്ടാ ഈ മനുഷ്യന്റെ കിഡ്നി കിട്ടി കഴിഞ്ഞാ വരുൺ ചേട്ടൻ രക്ഷപെട്ടു. എത്ര കാലം വേണേലും വെള്ളമടിക്കാം. ഒരു കുഴപ്പോം വരില്ല. ഡബിൾ സ്ട്രോങ്ങ് ആണ് “
വരുൺ ഗൗരിയുടെ ശിരസ്സിൽ ഒന്ന് തലോടി. അനിയത്തിക്കുട്ടി. ചില ഭാര്യമാർ ഇതൊക്കെ അനുവദിക്കില്ല. അവർ വഴക്കുണ്ടാക്കും സ്വന്തം ഭാവിയെ കുറിച്ച് ചിന്തിക്കും. ചിലപ്പോൾ ഇറങ്ങി പൊയ്ക്കളയാനും മതി
“ദേ മിയ ചേച്ചി. ഇപ്പൊ നമ്മൾ equal ആയി ട്ടോ എന്റെ കെട്ടിയോനും ഒരു കിഡ്നി ചേച്ചിയുടെ കെട്ടിയോനും ഒരു കിഡ്നി. ഇനി ഹാപ്പി ആയി ഇരുന്നോ “
എല്ലാവരും പൊട്ടിച്ചിരിച്ചു. രോഗം അവർ ഒരാഘോഷമാക്കി
“എടാ നിനക്ക് വെള്ളമടിക്കാൻ പറ്റുന്ന വരെ ഞാൻ ഇവനെ അടിക്കുന്നില്ല “
സഞ്ജയ് അവിടെ ഇരുന്ന കുപ്പികൾ അടപ്പ് തുറന്നു വാഷ് ബേസിനിൽ ഒഴുക്കി കളഞ്ഞു
“മഹാപാപി ഓപ്പറേഷൻ കഴിഞ്ഞു കുറച്ചു കഴിക്കാൻ ഒക്കെ പറ്റും. നീ ഓവർ ആക്കി ചളം ആക്കരുത്. ലിവർ പോയാലെ വെള്ളമടിക്കരുത് എന്ന് കർശന നിർദേശം വരുവുള്ളു. ഇത് കിഡ്‌നി അല്ലെ? കുഴപ്പമില്ല.. നീ അത് മുഴുവൻ കളയല്ലേ. “
വരുൺ തലയിൽ കൈ വെച്ചു
“എടാ മണ്ടാ. ഓപ്പറേഷൻ കഴിഞ്ഞു ഉടനെ ഒന്നും പറ്റില്ല. കുറെ നാളെടുക്കും. നീ കാരണം എന്റെ വെള്ളം കുടി മുടങ്ങി കൊരങ്ങൻ “
വരുൺ ചിരിച്ചു
“പക്ഷെ വരുൺ ചേട്ടാ. ഏത് തീരുമാനം എടുക്കും മുന്നേയും ഒരു സെക്കന്റ് ഒപ്പീനിയന് ചാൻസ് ഉണ്ട്. നമുക്ക് ഒരു ഡോക്ടറോട് കൂടെ ചോദിച്ചിട്ട് പോരെ ഇതൊക്കെ?” ഗൗരി പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് ആദ്യമായി അവർക്ക് തോന്നി
“ശരിയാണ്. ഞാനും അത് ചിന്തിച്ചില്ല. പക്ഷെ കേരളത്തിലെ ഏറ്റവും നല്ല ഡോക്ടർമാരിൽ ഒരാളാണ് ഡോക്ടർ അലോഷി. അദേഹത്തിന്റെ ഡയഗ്നോസിസ് സാധാരണ തെറ്റില്ല.”
സഞ്ജയ് തെല്ല് ആലോചനയോടെ പറഞ്ഞു
“നമുക്ക് അമൃതയിൽ കൂടെ ഒന്ന് കാണിച്ചു നോക്കാം സഞ്ജു. ഡയാലിസിസ് നടന്നോട്ടെ. ഇതിപ്പോ ഒരു കിഡ്നി ആണല്ലോ സീരിയസ് കണ്ടിഷൻ ആയിട്ട് ഡോക്ടർ പറയുന്നത് മറ്റേത് ഏത് നിമിഷം വേണേലും അപകടത്തിൽ ആയേക്കാം എന്നുള്ള ഊഹമാണല്ലോ? നമുക്ക് ഒരാളെ കൂടി കാണിക്കാം “
മിയ പറഞ്ഞു. വരുണും അത് സമ്മതിച്ച പോലെ തല കുലുക്കി
പൊടുന്നനെ കാളിംഗ് ബെൽ ശബ്ദിച്ചു
“ഇതാര് ഈ സമയത്ത്?”
സഞ്ജയ് എഴുന്നേറ്റു പോയി വാതിൽ തുറന്നു. അവൻ ഒരു നിമിഷം സ്ഥബ്ധനായി
“അമ്മ “
“അമ്മ ഒറ്റയ്ക്ക്… ഒന്ന് വിളിച്ചു പറഞ്ഞിരുന്നു എങ്കിൽ ഞാൻ എയർപോർട്ടിൽ വന്നേനെയെല്ലോ ” താര പുഞ്ചിരിച്ചു
“നീ ആഗ്രഹിക്കുമ്പോ അമ്മ വന്നില്ലേ. അത് പോരെ മോന്?”
പൊടുന്നനെ സഞ്ജയ് അവരെ ഇറുക്കി കെട്ടിപ്പിടിച്ചു. അവന് കരച്ചിൽ വരുന്നുണ്ടായിരുന്നു. അമ്മ വന്നു. ഇനി എല്ലാത്തിനും പരിഹാരം ഉണ്ടാകും
എല്ലാം അമ്മ നോക്കിക്കൊള്ളും. അവന്റെ ഹൃദയത്തിൽ ഒരു തണുപ്പ് വീണു
തുടരും…