സൂര്യനെ പ്രണയിച്ചവൾ, അധ്യായം 27- എഴുത്ത്: അമ്മു സന്തോഷ്

വിവേക് ജയിലിന്റെ വാതിൽ കടന്നു പുറത്ത് ഇറങ്ങി

വെളിച്ചം

അവൻ ശുദ്ധവായു ശ്വസിക്കാൻ എന്ന വണ്ണം പുറത്തെ വായു ഉള്ളിലേക്ക് എടുത്തു. പെട്ടെന്ന് അവന് ആ മനുഷ്യൻ പറഞ്ഞ മുന്നറിയിപ്പ് ഓർമ വന്നു. ജയിലിന്റെ പുറത്ത് തന്നെ കാത്തു കൊല്ലാൻ നിൽക്കുന്ന ഒരു സംഘം. അവന് പക്ഷെ അങ്ങനെ ആരെയും കാണാൻ കഴിഞ്ഞില്ല.

എങ്ങോട് പോകണം എന്നറിയാതെ ഒരു നിമിഷം അവൻ നിന്നു.

“മോനെ “ഒരു വിളിയൊച്ച അപ്പയും അമ്മയും

അവൻ സ്തബ്ധനായി

“നിങ്ങൾ എങ്ങനെ…?” അവൻ അറിയാതെ ചോദിച്ചു പോയി

“ഒക്കെ അറിഞ്ഞു. മോൻ വാ. നമുക്ക് വീട്ടിൽ പോകാം ” അവർക്കൊപ്പം വാഹനത്തിൽ കയറുമ്പോൾ അവൻ ഒന്ന് തിരിഞ്ഞു നോക്കി

തനിക്ക് രക്ഷപെട്ടു പോകാൻ ഉള്ള വാഹനം അവിടെ പാർക്ക് ചെയ്തിരിക്കുന്നത് അപ്പൊ അവൻ കണ്ടു. അച്ഛനുമമ്മയും വരുമെന്ന് സ്വപ്നത്തിൽ കൂടി അവൻ ചിന്തിച്ചിരുന്നില്ല ഈ ഏഴു വർഷത്തിൽ ഒരിക്കൽ പോലും അവർ തന്നെ കാണാൻ വന്നിട്ടില്ല. ഒരു കത്തെഴുതിയിട്ടില്ല. ഒന്ന് ഫോൺ വിളിച്ചിട്ടില്ല. താൻ പറഞ്ഞത് അതൊന്നും അവർ കേട്ടില്ല വിശ്വസിച്ചില്ല. ഇപ്പൊ പിന്നെ എന്തിന് തന്നെ കൂട്ടിക്കൊണ്ട് പോയി. അവനവരോട് വെറുപ്പ് തോന്നി

ഒരേയൊരാൾ മാത്രം ആണ് തന്നെ സ്നേഹിച്ചത്, തന്നെ വിശ്വസിച്ചത്. തന്റെ പാറുക്കുട്ടി..എനിക്ക് വിശ്വാസം ആണ് ഏട്ടാ എന്നായിരം വട്ടം അവൾ പറഞ്ഞതിന്റെ ബലത്തിലാണ് ജീവിച്ചിരുന്നത് പോലും. ഇന്നവൾ വീട്ടിൽ ഇല്ല

അവന്റെ അടിമയായി നരകിച്ചു ജീവിക്കുന്നുണ്ടാകും. അവൻ പറഞ്ഞതാണത്

സഞ്ജയെ തനിക്ക് അറിയാം. അവൻ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും. ഒരാളെ വെ- ടി വെച്ചിടാൻ മടിയില്ലാത്തവൻ. ഒരു മന്ത്രിയുടെ മകനെ പോലും പരസ്യമായി അറസ്റ്റ്‌ ചെയ്തു കൊണ്ട് പോകാൻ പേടി ഇല്ലാത്തവൻ

അവന്റെ അടുത്ത ടാർഗറ്റ് താൻ തന്നെ ആവും. പ്രതികാരവും പകയും ഉള്ളിൽ കൊണ്ട് നടക്കുന്നവനാണ്.അപ്പക്കും അമ്മയ്ക്കും ഒരു പക്ഷെ ഇതൊന്നും അറിയണം എന്നില്ല. അല്ലെങ്കിൽ അവരുടെ മുന്നിൽ അഭിനയിച്ചിട്ടുണ്ടാകും

തന്റെ പാറു എങ്ങനെ ആ വൃത്തികെട്ടവന്റെ കൂടെ ജീവിക്കുന്നു? അവന്റെ കണ്ണ് നിറഞ്ഞൊഴുകി

അവൻ കണ്ണുകൾ അടച്ചു കാറിന്റെ പിൻസീറ്റിലേക്ക് ചാരി. കാർ ഓടിക്കൊണ്ടിരുന്നു

ഇടക്ക് കുറച്ചു സമയം കിട്ടിയപ്പോൾ സഞ്ജയ്‌  താരയെ വിളിച്ചു

വരുൺ പെർഫെക്ട് ഒക്കെ ആയി എന്നറിഞ്ഞപ്പോൾ അവന് സമാധാനം ആയി

ടെസ്റ്റുകൾ എല്ലാം കഴിഞ്ഞു. ഞങ്ങൾ ഉടനെ വരുമെന്ന് അവർ കൂട്ടിച്ചേർത്തു. വരുണിനോടും കൂടി അൽപനേരം സംസാരിച്ചിട്ട് അവൻ ഫോൺ വെച്ചു.

ഐ ജി ചന്ദ്രമോഹന്റെ ഓഫീസിൽ ചെല്ലുമ്പോൾ നല്ല തിരക്കായിരുന്നു അവിടെ

“ഞാൻ ആരോടൊക്കെ മറുപടി പറഞ്ഞു മടുത്തെന്ന് നിനക്ക് അറിയാമോ സഞ്ജു?” സഞ്ജയ്‌ ചിരിച്ചു

“ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ അങ്കിൾ “

അവന്റെ മുഖം കാണുമ്പോൾ എപ്പോഴെത്തെയും പോലെ അയാളുടെ ഉള്ളിൽ വാത്സല്യം നിറഞ്ഞു. തന്റെ മാധവന്റെ മകൻ. അവൻ വളർന്നത് തന്റെ കണ്മുന്നിൽ കൂടിയാണ്. ഐപി എസ് എടുക്കണം എന്നൊക്കെ കുഞ്ഞിലേ പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്.

വളർന്നപ്പോൾ മെഡിക്കൽ കോളേജിൽ ചേർന്നു എന്നറിഞ്ഞപ്പോ അച്ഛനെയും അമ്മയെയും പോലെ ഒരു ഡോക്ടർ അത്രയേ കരുതി ഉള്ളു

പക്ഷെ ഒരു ദിവസം കാണാൻ വന്നു. പറഞ്ഞു

അങ്കിളേ എനിക്ക് സിവിൽ സർവീസ് ആണ് ഇഷ്ടം. ഹെല്പ് ചെയ്യണം

അങ്ങനെ..താനാണ് പാലക്കാട്‌ കോച്ചിങ് ക്ലാസ്സിൽ കൊണ്ട് ചേർക്കുന്നത്. തന്റെ പരിചയക്കാർ ധാരാളം ഉണ്ടായിരുന്നു അവിടേ. അന്നേ മിടുക്കൻ ആണ് സഞ്ജു.അവൻ പരീക്ഷ എഴുതുമ്പോൾ എല്ലാവർക്കും അറിയാമായിരുന്നു അവന് ആദ്യത്തെ പത്തു റാങ്കിനുള്ളിൽ തന്നെ കിട്ടും എന്ന്. എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് ഫസ്റ്റ് റാങ്ക് നേടി അവൻ.

മിടുമിടുക്കൻ തന്നെ. പക്ഷെ എന്താ ചെയ്ക. എടുത്തുചാട്ടം, തന്റേടം, ഒക്കെ കൂടി പോയി

“അങ്കിൾ എന്താ സ്വപ്നം കാണുവാണോ ” അവൻ വിരൽ ഞൊടിച്ചു

“അതേടാ അതിന് പറ്റിയ പ്രായം ആണല്ലോ. അതിന് പറ്റിയ സമയവും. നീ ആയിട്ട് സ്വപ്നം കാണാൻ കുറെ കാര്യങ്ങൾ ഉണ്ടാക്കി തന്നിട്ടുണ്ടല്ലോ..എന്നെ മര്യാദയ്ക്ക് റിട്ടയർ ചെയ്യിക്കില്ല.നീ അത് ഉറപ്പാ “

സഞ്ജയ്‌ അയാളെ ചേർത്ത് പിടിച്ചു

“എന്റെ പൊന്ന് അങ്കിളേ.. ഈ രാഷ്ട്രീയക്കാരെ ഇങ്ങനെ പേടിക്കണ്ട. ഈ അഞ്ചു വർഷം കഴിഞ്ഞാ. അവർ പൊതുജനം തന്നെ അല്ലെ? അഞ്ചു വർഷത്തെ ഒരു ഗുമ്മ്. അങ്ങനെ കണ്ട മതി.. പോകാൻ പറ “

“നിനക്ക് പറയാം. നീ വല്ല യൂ പിയിലോ ഡൽഹിയിലോ പോയി രക്ഷപ്പെടും.. ഞാൻ തനിച്ചാകും ” അവൻ അയാളുടെ കൈകൾ മുറുകെ പിടിച്ചു

“അങ്കിളിനെ വിട്ട് ഞാൻ ഒരിക്കലും ഒരിടത്തും പോകില്ല. ലോകനാർ കാവിലമ്മയാണെ സത്യം സത്യം സത്യം “

അയാൾ പൊട്ടിച്ചിരിച്ചു

“നീ നസീർ ഫാൻ ആണോടാ?”

“ഹേയ്.. ഞാൻ ചാണക്യൻ ഫാനാ “

“അതാരാ?”

ഐ ജി കണ്ണിറുക്കി

“അത് എന്റെ അച്ഛന്റെ അച്ഛന്റെ മൂത്താപ്പ ആയിട്ട് വരും.തമാശിക്കല്ലേ… ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരട്ടെ. വേഗം വരാം.. ഭാര്യയെ മിസ്സ് ചെയുന്നെന്നെ “

“ഓ ഓ അത് ശരി. ഈ വീര ശൂര പരാക്രമിയുടെ ഉള്ളിൽ ഒരു റൊമാന്റിക് ഹീറോ ഉണ്ടല്ലേ?”

“റൊമാന്റിക് അല്ലെങ്കിലേ പെണ്ണുംപിള്ള ഇട്ടേച്ചും പോകും.”

ഐ ജി പൊട്ടിച്ചിരിച്ചു പോയി. സഞ്ജയ്‌ കൈ വീശി യാത്ര പറഞ്ഞു പോകുകയും ചെയ്തു

തിരക്കുകൾ തീർന്നിട്ടൊന്നുമല്ല  സഞ്ജയ്‌ വീട്ടിലേക്ക് വന്നത്. അവന് ഗൗരിയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. ജയിലിൽ നിന്ന് വിവേകിനെ കൂട്ടാൻ പോകാം എന്ന് കരുതിയിട്ട് തിരക്ക് മൂലം അതും നടന്നില്ല. വിവേക് അച്ഛന്റെയും അമ്മയുടെയും ഒപ്പം വീട്ടിലേക്ക് പോയി എന്നറിഞ്ഞപ്പോൾ അവന് സമാധാനം ആയി.

ഒന്ന് കുളിച്ചു വേഷം മാറി താഴേക്ക് വന്നപ്പോ ഗൗരി കഴിക്കാൻ എടുത്തു വെച്ചിരുന്നു.

“നീയും ഇരിക്ക്. ഒന്നിച്ചു കഴിക്കാം “

ഗൗരിക്ക് രണ്ടു ദിവസമായി നല്ല തലവേദന ഉണ്ടായിരുന്നു ..വിശപ്പുമില്ല.

“എനിക്ക് വേണ്ട സഞ്ജു ചേട്ടാ വിശപ്പില്ല. നമുക്ക് ഏട്ടനെ ഒന്ന് കാണാൻ പോകണം. അപ്പയുടെയും അമ്മയുടെയും ഒപ്പം പോയെങ്കിലും ആള് മുറിയിൽ തന്നെ ഇരിപ്പാണ് എന്നാ അറിഞ്ഞത്. എന്തെങ്കിലും തെറ്റിധാരണ ഉണ്ടെങ്കിൽ അത് മാറ്റണം. ഏട്ടന്റെ മനസ്സിൽ ഇപ്പോഴും ചിലപ്പോൾ നമ്മൾ വഴക്ക് ആണെന്ന് ആയിരിക്കുമോ?”

സഞ്ജയ്‌ അങ്ങനെ ഒരു സാധ്യത ഇത് വരെ ചിന്തിച്ചില്ല. താൻ വിവേകിനെ അവസാനം കണ്ടപ്പോ അവനെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്..ഗൗരിയുടെ ജീവിതം നരകമാക്കും എന്ന് താൻ പറഞ്ഞിരുന്നു അവനെ ഇടക്ക് പോയി കണ്ടു തെറ്റിദ്ധാരണ തിരുത്തേണ്ടതായിരുന്നു എന്നവന് തോന്നി

“എനിക്ക് ഇപ്പൊ മാറി നിൽക്കാൻ പറ്റില്ല ഗൗരി. അതീവ ഗുരുതരമായ പുതിയ ഒരു കേസ് അന്വേഷണത്തിന്റെ ഇടയില ഞാൻ ഇപ്പൊ. ഇന്ന് കൂടി വരാൻ പറ്റുമെന്ന് കരുതിയതല്ല “

അവൻ കഴിച്ചെഴുനേറ്റു. കൈ കഴുകി മുറിയിലേക്ക് പോയി. ഗൗരി കൂടെ ചെന്നു

“നിന്നേ കാണാതിരിക്കുമ്പോൾ വല്ലാത്ത ഒരു..എന്താ പറയുക “അവൻ ഗൗരിയെ നെഞ്ചിൽ ചേർത്ത് പിടിച്ചു

ഗൗരി ആ മുഖം പിടിച്ചു താഴ്ത്തി നെറ്റിയിൽ ചുംബിച്ചു

“നിന്റെ ഓർമയിൽ മാത്രമാണ് ഗൗരി ചിലപ്പോൾ ഞാൻ ദുർബലനായി പോകുന്നത്..”

അവൻ അവളുടെ കണ്ണുകളിലുമ്മ വെച്ചു. ഗൗരി ആവേശത്തോടെ അവനെ ഇറുകെ പുണർന്നു. ദിവസങ്ങളുടെ വിരഹം. സഞ്ജയുടെ അവസ്ഥയും മറ്റൊന്നല്ലായിരുന്നു. വിരഹം അവനെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരുന്നു.ഉടലും മനസ്സുമൊക്കെ വരണ്ട പോലെ..

അവനവളെ ചുംബിച്ചു കൊണ്ടിരുന്നു. അവന്റെ വിരലുകൾ ഭ്രാന്തമായി അവളുടെ ഉടലിനെ ലാളിച്ചു കൊണ്ടിരുന്നു. അവന്റെ കൈക്കുള്ളിൽ ഗൗരി പൂത്തുലഞ്ഞ പൂമരം കണക്കെയായി. ആർത്തിരമ്പിയടുക്കുന്ന കടൽ പോലെ സഞ്ജയ്‌. ഗൗരി തീരമായി

“എന്റെ പൊന്നേ..”അവൾ അടക്കി വിളിച്ചു കൊണ്ടവനെ തന്നിലേക്ക് ചേർത്തു

പിന്നീടെപ്പോഴോ കടലടങ്ങി. ഗൗരി ആ നെഞ്ചിൽ മുഖം ചേർത്ത് കണ്ണുകൾ അടച്ചു കിടന്നു. അവന്റെ ഹൃദയം മിടിക്കുന്നത് കേട്ട്.

കാളിംഗ് ബെൽ ശബ്ദിച്ചത് കേട്ട് സഞ്ജയ്‌ എഴുന്നേറ്റു.

സുഷമ ചേച്ചി കുറച്ചു സാധനങ്ങൾ വാങ്ങാൻ പോയിരുന്നത് കൊണ്ട് താഴെ ആളില്ല.

“വരുൺ ആയിരിക്കും. അവർ എത്താറായി എന്ന് വിളിച്ചു പറഞ്ഞിരുന്നു “സഞ്ജയ്‌ ഗൗരിയോട് പറഞ്ഞിട്ട് താഴത്തെ നിലയിലേക്ക് പോയി. ഗൗരിയും എഴുനേറ്റു.

സഞ്ജയ്‌ വാതിൽ തുറന്നു. മുന്നിൽ വിവേക്

അവന് പെട്ടെന്ന് എന്ത് പറയണം എന്ന് ഒരു ഊഹം കിട്ടിയില്ല.

വളരെ മൂർച്ചയുള്ളതെന്തോ അ- ടിവയറ്റിലേക്ക് താഴ്ന്ന് പോകുന്നതറിഞ്ഞ് അവൻ വിവേകിനെ ബലമായി തള്ളിയകറ്റി.

“എന്റെ അനിയത്തിക്ക് വേണ്ടി ഒരു തവണ കൂടി ഞാൻ ജയിലിൽ പൊയ്ക്കോളാം
തെറ്റ് ചെയ്തിട്ട് “

വിവേക് അമർന്ന ശബ്ദത്തിൽ പറഞ്ഞു. സഞ്ജയുടെ കാഴ്ച മങ്ങി. അവൻ ബലമില്ലാതെ പിന്നിലേക്ക് നീങ്ങി. പിന്നാലെ വന്ന ഗൗരിയുടെ ദേഹത്ത് തട്ടി അവൻ നിന്നു

ഗൗരി വിശ്വസിക്കാൻ കഴിയാതെ വിവേകിനെ നോക്കിക്കൊണ്ടിരുന്നു. വിവേകിന്റെ കയ്യിലെ കത്തിയിൽ നിന്നിറ്റ് വീഴുന്ന ര- ക്തം

സഞ്ജയുടെ ഉദരത്തിൽ നിന്ന് കുതിച്ചു ചാടുന്ന രക്തം

“അയ്യോ എന്റെ പൊന്നേ….”

അലറികരഞ്ഞു കൊണ്ട് ഗൗരി സഞ്ജയുടെ ഉടലിനെ തന്നിലേക്ക് ചേർത്ത് പിടിച്ചു. അവളെ നനച്ചു കൊണ്ട് അവന്റെ രക്തം പടർന്നൊഴുകികൊണ്ടിരുന്നു.

വിവേക് ആ ഒറ്റ വിളിയൊച്ചയിൽ നടുങ്ങി പകച്ച് നിന്നു പോയി

തുടരും…