സൂര്യനെ പ്രണയിച്ചവൾ, അധ്യായം 03- എഴുത്ത്: അമ്മു സന്തോഷ്

മുത്തശ്ശി പതിവിൽ നിന്നും വിപരീതമായി ഫോണിന്റെ റിസീവർ മാറ്റി വെയ്ക്കുന്നത് കണ്ട് ഗൗരി ചോദ്യഭാവത്തിൽ നോക്കി

“ആ ചെറുക്കനാ.ആ മരിച്ചു പോയ മീനാക്ഷിയുടെ അനിയൻ.കുറച്ചു നാൾ ചീത്ത വിളിയും ഭീഷണിയും ഇല്ലാതിരിക്കുവായിരുന്നു. ഇതിപ്പോ വിവേക് ഇറങ്ങുമെന്ന് എങ്ങനെയൊ അറിഞ്ഞിട്ടുണ്ട്. വീണ്ടും തുടങ്ങിയിരിക്കുവാ. കൊ-ല്ലും തിന്നും എന്നൊക്കെ ഉള്ള ഭീഷണി. എങ്ങനെ എങ്കിലും നിന്റെ കോഴ്സ് ഒന്ന് കഴിഞ്ഞിട്ട് വേണം ഇവിടെ നിന്ന് പോകാൻ.. അല്ലെങ്കിൽ തന്നെ എവിടേക്ക് പോകുമല്ലേ? എവിടെ ആണെങ്കിലും അവർ കണ്ടു പിടിക്കും. ആരുണ്ട് നമുക്ക്?”

മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞത് കണ്ട് ഗൗരി അവരെ ചേർത്ത് പിടിച്ചു

“കുരയ്ക്കുന്ന പട്ടി കടിക്കില്ല മുത്തശ്ശിയെ.. ഇതിപ്പോ കുറെ വർഷം ആയി കുര മാത്രം അല്ലെ ഉള്ളു? വരട്ടെ നമുക്ക് നോക്കാം എനിക്ക് കോളേജിൽ പോകാൻ സമയം ആയി. ഇന്ന് ക്ലാസ്സ്‌ ഇല്ല. പക്ഷെ നന്ദന വരും കുറച്ചു ലൈബ്രറി വർക്ക്‌ ഉണ്ട് അത് കഴിഞ്ഞു ഞാൻ വേഗം വരാമേ. എനിക്ക് ഇന്നുച്ചയ്ക്ക് പഴം പുളിശേരി വേണം… പിന്നെ മാങ്ങാ  ചമ്മന്തിയും.. ഉണ്ടാക്കി വെയ്ക്കണേ “

മുത്തശ്ശി അവൾക്ക് ഒരു ഉമ്മ കൊടുത്തു. എന്റെ പൊന്ന്. ആകെയുള്ള സന്തോഷം ഇവളാണ്

അവർ അവളെ യാത്രയാക്കി

ബസിറങ്ങി നടക്കുമ്പോൾ നല്ല മഴ വരുന്നത് കണ്ടു അവൾ

“ഗൗരി പാർവതി ” ഒരു വിളിയോച്ച

വിളിച്ച ആള് മുന്നിലേക്ക് വന്നു. അതിസുന്ദരനായ ഒരു യുവാവ്

അവൾക്ക് പെട്ടെന്ന് ആളെ മനസിലായി

സഞ്ജയ്‌ മേനോൻ

“ഞാൻ..”

“മനസിലായി “അവൾ പുഞ്ചിരിച്ചു

ഒരു മഴതുള്ളി വീണു.

മഴ തുടങ്ങുന്നു

“if you don’t mind. നമുക്ക് ആ കോഫീ ഷോപ്പിലിരിക്കാം. എനിക്ക് ഗൗരിയോട് സംസാരിക്കണം “

അവൾ ശരി എന്ന് തലയാട്ടി

“കോഫീ കുടിക്കുമോ?” വെയ്റ്റെർ വന്നപ്പോൾ അവൻ ചോദിച്ചു

“ഇല്ല ചായ “അവൾ പറഞ്ഞു

“ഒരു ചായ ഒരു കോഫീ ” അവൻ ഓർഡർ ചെയ്തു

“എന്നെ കണ്ടപ്പോ എങ്ങനെ മനസിലായി?”

“കഴിഞ്ഞ ആഴ്ചയിൽ ന്യൂസിൽ മട്ടാഞ്ചേരിയിൽ വെച്ചു നടന്ന ഒരു അടിപിടി ഉണ്ടായിരുന്നല്ലോ. ലൈവ് ആയിട്ട്. കേരളത്തിൽ എല്ലാർക്കും പരിചയം ആയി കാണും സാറിനെ.. മുഖം ക്ലോസ് അപ്പിൽ കാണിക്കുന്നുണ്ടായിരുന്നു.”

അവൻ അവളെ പഠിക്കുന്ന പോലെ ഒന്ന് നോക്കി

അവൾ പറഞ്ഞതിൽ പരിഹാസം ഉള്ളത് പോലെ അവന് തോന്നി
ഉള്ളിലെന്തോ പതഞ്ഞു ഉയർന്നു വന്നെങ്കിലും അതവൻ ഭാവിച്ചില്ല

“അതൊക്കെ ജോലിയുടെ ഭാഗമായി വന്നു പോകുന്നതാണ്.. ഞാൻ ഒരു തെമ്മാടി ഒന്നുമല്ല “

അവൻമെല്ലെ ചിരിച്ചു

“അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ചില്ല ട്ടോ. മനസ്സിലായോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു ന്നേയുള്ളു “

അവൻ തലയാട്ടി

“ഗൗരി.. ആക്ച്വലി ഞാൻ ഇന്ന് ഗൗരിയെ കാണാനാണ് വന്നത്. എനിക്ക് ഗൗരിയെ ഇഷ്ടമാണ്. അതെങ്ങനെ എന്ന് ചോദിച്ചാൽ എന്റെ സിവിൽ സർവീസിനുള്ള കോച്ചിങ് ക്ലാസ്സ്‌. ഈ നഗരത്തിലായിരുന്നു. ഞാൻ കണ്ടിട്ടുണ്ട്. പലയിടത്തും വെച്ച്. അന്വേഷിച്ചു വന്നപ്പോൾ വിവേകിന്റ അനിയത്തി ആണ് എന്നറിഞ്ഞു.വിവേക് എന്റെ സീനിയർ ആയിരുന്നു.എനിക്ക്.. എല്ലാം അറിയാം ഗൗരി “

ഗൗരി നിശബ്ദയായി

ഏട്ടനെ കുറിച്ച് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് സങ്കടം വന്നു നിറഞ്ഞത് കണ്ട് അവന് ഉള്ളിലൊരു ആനന്ദമുണ്ടായി.

“എന്റെ കല്യാണം ഞാൻ അല്ല സഞ്ജയ്‌ സാർ തീരുമാനിക്കുക “

“യെസ് അത് എനിക്ക് അറിയാം. വീട്ടുകാരോട് അമ്മ സംസാരിക്കും അവർ സമ്മതിച്ചാൽ ഗൗരി ഒരു നോ പറയാതിരുന്നാൽ മതി “

അവൾ അൽപ നേരം നിശബ്ദയായിരുന്നു

“സാർ ഞാൻ ഒരു സാധാരണക്കാരിയാണ്. അപ്പയ്ക്ക് പപ്പടം ഉണ്ടാക്കി വിൽക്കുന്ന ജോലിയാണ്. അമ്മ വീട്ടമ്മ. ഇവിടെ മുത്തശ്ശിയുണ്ട് അവരും കഷ്ടത്തിലാണ്. ഏട്ടൻ പഠിച്ചു ഡോക്ടർ ആയി കുടുംബത്തെ ഒക്കെ നോക്കുമെന്ന് വിശ്വസിച്ചു ജീവിച്ച പാവങ്ങളായിരുന്നു എന്റെ അപ്പയും അമ്മയും. അതിങ്ങനെ ആയി. ഏട്ടൻ അത് ചെയ്തിട്ടില്ല അല്ലെങ്കിൽ ചെയ്യില്ല എന്ന് ഈ ഭൂമിയിൽ വിശ്വസിക്കുന്ന ഒരേയൊരാളാണ് ഞാൻ. എനിക്ക് എന്റെ ഏട്ടൻ പുറത്ത് വരുന്ന നിമിഷം ഒപ്പം പോകണം. ഏട്ടന്റെ ഒപ്പം ജീവിക്കണം അതേയുള്ളു ആഗ്രഹം. എന്റെ ഏട്ടനെന്നെ ജീവനാണ് “

അവന് അവളുടെ മുഖം അടച്ചോന്ന് കൊടുക്കാൻ കൈ തരിക്കുന്നുണ്ടായിരുന്നു

ഏട്ടന്റെ വേദാന്തം. ഒരു പെണ്ണിനെ കൊന്നവനെ വിശുദ്ധനാക്കുന്ന വേദാന്തം

എങ്കിലുമവൻ സ്വയം നിയന്ത്രിച്ചു

“വിവാഹം കഴിഞ്ഞാലും ഏട്ടനെ കാണാൻ പോകാം ഗൗരി. അതിനെന്താ?”

അവൻ മൃദുവായി പറഞ്ഞു

“എനിക്ക് കൊച്ചി ഇഷ്ടമല്ല സഞ്ജയ്‌ സാർ. തിരക്കും ബഹളവും.. ഇവിടെ ശാന്തമാണ് “

“ഞാൻ കൊച്ചിക്കാരനല്ല. സ്വന്തം വീട് തിരുവനന്തപുരത്താണ്. ഞാൻ പഠിച്ചതുംഅവിടെയാണ്. ജോലി ട്രാൻസ്ഫർ ഉള്ളതല്ലേ. മാറ്റം വാങ്ങാം “

അവൾ അവന്റെ മുഖത്തേക്ക് നോക്കി. സുന്ദരമായ ആ കണ്ണുകളിലേക്ക്

“എനിക്ക് ഹയർ സ്റ്റഡിസിന് പോകണം. യൂഎസിലോ, അയർലൻഡിലോ. എക്സാം കഴിഞ്ഞതിന്നു പ്രിപ്പയർ ചെയ്യണം. കല്യാണം ഇപ്പൊ എന്റെ മനസിലില്ല “

“ശരി. പോയിട്ട് വരുമ്പോൾ… അല്ല പുറത്ത് പോയി പഠിച്ചിട്ട് വരും വരെ ഞാൻ കാത്തിരുന്നാൽ… എങ്കിൽ?”

അവൾക്ക് പെട്ടന്ന് സങ്കടം വന്നു. ഒപ്പം ഉള്ളിൽ മറ്റൊരു മുഖവും വന്നു.

അഖിൽ പരമേശ്വരൻ

“സാർ സത്യത്തിൽ മൂന്ന് വർഷം ആയിട്ട് ഒരാൾക്കെന്നോട് ഒരു ഇഷ്ടം ഉണ്ട്. എന്റെ കോളേജിൽ തന്നെ ഉള്ളതാ ഞാൻ ഒരു യെസ് പറഞ്ഞിട്ടില്ല. പാവാ അയാൾ ഒരു പാട് നല്ലവനാ. ഒരു കല്യാണം മനസ്സിൽ വരുമ്പോൾ ഞാൻ ആ ആളുടെ സ്നേഹത്തിന് ഒരു പരിഗണന കൊടുക്കണ്ടേ? അയാൾക്ക് എന്റെ ബാക്ക് ഗ്രൗണ്ട് അറിയില്ല. പക്ഷെ ഞാൻ പറയും പഠിത്തം കഴിഞ്ഞ്.”

സഞ്ജയ്‌ മെല്ലെ തലയാട്ടി

“ചുരുക്കത്തിൽ എനിക്ക് ആശക്ക് വകയില്ല ല്ലേ?” അവൾ നിശബ്ദയായി

“സാരമില്ല ഗൗരി. നമ്മൾ കണ്ടിട്ടുമില്ല ദേ ഇങ്ങനെ മിണ്ടിയിട്ടുമില്ല. ഓക്കേ?”
അവൻ കോഫീ കുടിച്ചു തീർത്തു

അവർ എഴുന്നേറ്റ ആ നിമിഷം തന്നെ ആണ് എവിടെ നിന്നോ ഒരു ചെറുപ്പക്കാരൻ പ്രത്യക്ഷപ്പെട്ടതും ഗൗരിക്ക് നേരേ കത്തി വീശിയതും.

“നിന്റെ ചേട്ടൻ കൊ- ന്നത് എന്റെ ചേച്ചിയേ ആണെടി.. നിന്നേ ഒളിപ്പിച്ച ഞാൻ കണ്ടു പിടിക്കില്ലന്ന് കരുതിയോ? “അവൻ അലറി

സഞ്ജയ്‌ ഞൊടിയിടയിൽ അവനെ തടഞ്ഞ് ആ കത്തി പിടിച്ചു വാങ്ങി ഒന്ന് കൊടുത്തു.അവനും തിരിച്ചാക്രമിച്ചു

ആ ചലനങ്ങളിൽ നിന്ന് അവൻ ഒരഭ്യാസിയാണെന്ന് തോന്നുമായിരുന്നു.

ഗൗരിയുടെ മാറിൽ നിന്ന് ഒറ്റ വലിക്ക് ഷാൾ എടുത്തവന്റെ രണ്ടു കൈകളും കൂട്ടി കെട്ടി നിലത്ത് കമിഴ്ത്തി വീഴിച്ചു സഞ്ജയ്‌.

ഗൗരി ഭയന്ന് പോയിരുന്നു. അവൾ ബാഗ് നെഞ്ചിൽ ചേർത്ത് വെച്ച് അവനെ നോക്കി

അവൻ മൊബൈലിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു

അവന്റെ കൈ മുറിഞ്ഞു ചോര ഒഴുകുന്നതവൾ കണ്ടു

ആ കത്തി വന്നപ്പോൾ സർവവും മറന്ന് സഞ്ജയ്‌ ഇടയിൽ കയറിയ ആ ഒറ്റ നിമിഷം മതിയായിരുന്നു അവളുടെ നെഞ്ചിലേക്ക് അവന് അടച്ചിട്ട സകല പ്രണയജാലകങ്ങളും തുറന്നു കയറി വരാൻ.

അവൾ ചുറ്റുപാടുകളൊക്കെ മറന്നു. ചുറ്റും മൊബൈലിൽ ദൃശ്യം പകർത്തുന്നവരെ, എന്താ എന്ന് ചോദിച്ചു വന്നവരെ, എല്ലാരേം മറന്നു

“സഞ്ജയ്‌ സാർ ചോര “അവളറിയാതെ ആ കൈ പിടിച്ചു

“its ഓക്കേ “അവൻ ആ കൈ പിടിച്ചു മാറ്റി

അപ്പോഴേക്കും പോലീസ് വന്നു

“സഞ്ജയ്‌ മേനോൻ എ സി പി കൊച്ചി “

അവൻ പരിചയപ്പെടുത്തി.പോലീസ് ആക്രമിയെ കൊണ്ട് പോകുന്നത് അവൻ നോക്കി നിന്നു

പോലീസിന്റെ ഒപ്പം പോകുന്നവൻ  പെട്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കി
സഞ്ജയ്‌ അവനെയും. പിന്നെ അവൻ തിരിഞ്ഞു

“പേടിക്കണ്ട ഗൗരി.. ഇനിയൊന്നുമുണ്ടാകില്ല. അവനെ remand ചെയ്യും. ഞാൻ അങ്ങോട്ടേക്ക് ചെല്ലട്ടെ. ഞാൻ ആണല്ലോ witness “

“ചോര…”അവൾ കയ്യിൽ ഉണ്ടായിരുന്ന തൂവാല മുറിവിൽ കെട്ടിവെച്ചു

“താങ്ക്യൂ “

അവൻ മെല്ലെ മുഖം താഴ്ത്തി അവളുടെ കണ്ണിലേക്കു നോക്കി പറഞ്ഞു. ഗൗരിയുടെ മിഴികൾ പിടഞ്ഞു താണു

“ഗൗരി വരണ്ട. ഗൗരി ഇതിൽ ഇൻവോൾവ് ആകേണ്ട. ഇത് ഞാൻ ഡീൽ
ചെയ്തോളാം”

അവൾ മെല്ലെ തലയാട്ടി

അവൻ നടന്ന് കാറിൽ കയറും വരെ അവൾ അങ്ങനെ നിന്നു

തുടരും…