ധ്രുവം, അധ്യായം 58 – എഴുത്ത്: അമ്മു സന്തോഷ്

“കല്യാണത്തിന് ഞാൻ താമസം പറഞ്ഞതിനല്ലേ എന്നോട് വഴക്കിട്ടത്? എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ട്. ഇപ്പൊ ഈ നടയിൽ  വെച്ച് എന്നെ കല്യാണം കഴിച്ചോളൂ, എനിക്ക് സമ്മതമാണ് “

അർജുൻ സ്തബ്ധനായി

“ഇല്ലെങ്കിൽ ഇനിം വഴക്കുണ്ടാകും. എന്നോട് പിണങ്ങും. ഇത് പോലെ അപ്പുവേട്ടനും നീറും..തയ്യാറാണോ?”

അർജുൻ ആ ചോദ്യത്തിന് മുന്നിൽ ഒട്ടും പതറിയില്ല. ആ ചോദ്യം അവനെ അമ്പരപ്പിച്ചു കളഞ്ഞു എന്നത് ശരിയാണ്. പക്ഷെ അതവന് കൊടുത്ത സന്തോഷം ചെറുതല്ല

“നുറു വട്ടം. എവിടെ കിട്ടും മാല?” അവൻ ചുറ്റും നോക്കി

കൃഷ്ണയ്ക്ക് ചിരി വന്നു

“അയ്യടാ. നമുക്ക് ദേവസ്വം ഓഫീസിൽ പോയി ചോദിക്കണം. ഞാൻ ഇവിടെ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു ആ കുട്ടിയാണ് എനിക്ക് പറഞ്ഞു തന്നത് ചെക്കനും പെണ്ണും മാത്രം മതി കല്യാണത്തിന് എന്ന് “

“അങ്ങനെ ഒക്കെ പറ്റുമോ?”

“അറിഞ്ഞൂടാ. നമുക്ക് അമ്മമാരോട് വിവരം പറയാം. “

അവർ ഗസ്റ്റ്‌ ഹൌസിൽ എത്തി. അവരോട് എല്ലാം വിശദമായി പറഞ്ഞു

“ഞങ്ങൾക്ക് ഇപ്പൊ ഇവിടെ നിങ്ങൾ മാത്രേയുള്ളു. നടത്തി തരണം അനുഗ്രഹിക്കണം “

അവർ പുഞ്ചിരിച്ചു

“വീട്ടിൽ പറയണ്ടേ മക്കളെ. ഒളിച്ചു കല്യാണമൊക്കെ ശരിയാണോ”

“എന്റെ വീട്ടിൽ പറഞ്ഞ ഒരു ഭൂകമ്പം ഉണ്ടാകും. പിന്നെ എന്തായാലും കല്യാണം നടക്കും. ഇപ്പൊ ഒരു സമാധാനം. അതിനാണത് “കൃഷ്ണ പറഞ്ഞു

“എനിക്ക് പ്രശ്നം ഒന്നുമില്ല ഞാൻ അച്ഛനെ വിളിച്ചു പറയുന്നുണ്ട്” അർജുന്‌ സംശയം ഒന്നുമില്ല

“ഇതിന്റെ കാര്യങ്ങൾ അന്വേഷിച്ചു വരാം. ദേവസ്വത്തിൽ ഒന്ന് ചോദിക്കട്ടെ “

അവർ പോയി

അർജുൻ കൃഷ്ണയേ ചേർത്ത് പിടിച്ചവിടെ ഒരു പടിക്കെട്ടിൽ ഇരുന്നു. അവൻ അവളുടെ വിരലുകൾ കോർത്തു പിടിച്ചു മുഖത്ത് വെച്ചു

“അടിച്ചോ ” അവന്റെ ശബ്ദം ഇടറി

കൃഷ്ണ രൂക്ഷമായി ഒന്ന് നോക്കി

“എന്തിനാ? എന്നെ വിശ്വാസം ഇല്ലല്ലേ അപ്പുവേട്ടന്. ഞാൻ ഇട്ടേച് പോവുമെന്നാ ഇപ്പോഴും കരുതുന്നെ അല്ലെ? നാണമില്ലേ, വർഷം എത്രയായി ഒപ്പം ഉണ്ടായിട്ട്. ഇത് വരെ അറിയില്ല. എന്നിട്ട് പെട്ട് പോയത്രേ”

അവൾ പിച്ചിപ്പറിച്ചു

“ഞാനാ പെട്ട് പോയത്.ഈ ദുഷ്ടന്റെ വലയില്..രാ- ക്ഷസൻ എന്നെയാ മയക്കിയെടുത്ത് ഇങ്ങനെ ആക്കിയേ..എന്നിട്ട് പെട്ട് പോയിന്ന് “

“കാലു പിടിക്കാം..” അവൻ ആ കാലിൽ തൊട്ടു

“എന്തിനാ പിന്നാലെ വന്നത്?”

“കാണാതിരിക്കാൻ വയ്യാഞ്ഞിട്ട് “

“രണ്ടാഴ്ച കാണാണ്ടിരുന്നല്ലോ അത് പോലെ ഇരുന്നൂടായിരുന്നോ?”
അർജുൻ വിഷാദത്തോടെ ചിരിച്ചു

“മരിച്ചു പോയേനെ…”

കൃഷ്ണ ആ കയ്യിൽ അമർത്തി വരഞ്ഞു

“തോന്ന്യാസം പറയുന്നോ?”

“നിനക്ക് അറിയാഞ്ഞിട്ടാ..”

നിറഞ്ഞ കണ്ണുകൾ അവൾ കാണാതിരിക്കാൻ അവൻ മുഖം തിരിച്ചു കളഞ്ഞു. കൃഷ്ണ ആ മുഖം പിടിച്ചു തന്റെ നേരേ തിരിച്ചു

“ഞാൻ…എത്ര സ്നേഹിക്കുന്നുണ്ടെന്ന് അറിയോ”

അവൻ അറിയാം എന്ന് തലയാട്ടി

“എന്നിട്ടാണോ?”

അവൻ അവളുടെ തോളിലേക്ക് തല അണച്ച് വെച്ചു

“നീ പറഞ്ഞത് പോലെ ഞാൻ രാ- ക്ഷസൻ ആണ് മനുഷ്യൻ അല്ല. നീ ദേവിയും. അതോണ്ട് നീ എന്നോട് ക്ഷമിക്ക്. അല്ലെങ്കിൽ നിഗ്രഹിക്ക്..”

“അതാ കല്യാണം കഴിക്കാൻ പറഞ്ഞത്. ഇനിയാണ് ശരിക്കുള്ള എന്റെ അവതാരം കാണാൻ പോകുന്നത്. കാണിച്ചു തരാം ഞാൻ. ഇനിയത് പോലെ വല്ലതും പറഞ്ഞാ, നോക്കിക്കോ “

അവൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൈകൾ കയ്യിൽ ചേർത്ത് പിടിച്ചു

“എനിക്കിഷ്ടമായെടി “

“എന്തോന്ന് “

“നിന്റെ തീരുമാനം..അത് നന്നായി”

“അതേയ്..കല്യാണം കഴിഞ്ഞു കൂടെ വന്നു താമസിക്കുകയൊന്നുമില്ല “

“ങ്ങേ?” അവന്റെ കണ്ണ് മിഴിഞ്ഞു

“ആ “

“പിന്നെ എന്തിനാ?”

“അപ്പുവേട്ടന് വിശ്വാസം വരാൻ. സമാധാനം ആകുമല്ലോ..ഇവിടെ വെച്ചു നടക്കുന്നത് കൊണ്ട് കൃഷ്ണ ഒരിക്കലും വിട്ട് പോവില്ല എന്ന് ഉറപ്പുണ്ടാകുമല്ലോ. അല്ലെങ്കിൽ ഇടയ്ക്കിടെ ഈ ചർച്ച വരും. അപ്പോഴൊക്കെ പൊട്ടിത്തെറിച്ചു എന്നെ വഴക്ക് പറയും.”

“അപ്പൊ ഇത് കഴിഞ്ഞു നീ..”

“ഞാൻ എന്റെ വീട്ടിൽ പോകും. അപ്പുവേട്ടൻ സ്വന്തം വീട്ടിലും. ഒരു വർഷം കഴിഞ്ഞു എല്ലാരും അറിഞ്ഞു കല്യാണം നടത്തണമെങ്കിൽ നടത്താം അല്ലെങ്കിൽ..”

“അല്ലെങ്കിൽ..?”

അവൾ പ്രണയം തുളുമ്പുന്ന മിഴികൾ അവന്റെ നേരേ ഉയർത്തി

“ഇല്ലെങ്കി എന്നെ വിളിച്ചാ മതി. ഞാൻ കൂടെ വരും “

അവൻ ആ കണ്ണുകളിലേക്ക് നോക്കിയിരുന്നു

“ഇതിപ്പോ രണ്ടാൾക്കും സമാധാനം കിട്ടാനാ ഞാൻ പറഞ്ഞത്..”

അവൻ ആ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ ഒതുക്കി വെച്ചു. ഒരുമ്മ കൊടുക്കാനുള്ള തോന്നലിനെ നിയന്ത്രിച്ചു

“അപ്പൊ മറ്റൊന്നും നടക്കില്ലേ?”

അവൻ അടക്കി ചോദിച്ചു. കൃഷ്ണ പൊട്ടിച്ചിരിച്ചു കൊണ്ട് തിരിഞ്ഞു കളഞ്ഞു

“എടി….കല്യാണം കഴിഞ്ഞാലും ഞാൻ ഇങ്ങനെ തന്നെ…അങ്ങനയാണോ?”

അവൾ മുഖം പൊത്തി കുനിഞ്ഞിരുന്നു. പിന്നെ ചരിഞ്ഞു അവനെയൊന്നു നോക്കി

“പരമദ്രോ- ഹി. ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത് ട്ടാ..ദു- ഷ്ട “

“ദേ അമ്പലത്തിൽ വെച്ചു പറയാൻ പറ്റുന്ന കാര്യം ആണോ ഇത്? മിണ്ടാതെ ഇരിക്ക് “

അവൻ അവളോട് ചേർന്നിരുന്നു. മനസ്സ് ശാന്തമാണ്

അമ്മമാർ ദൂരെന്ന് വരുന്നത് കണ്ടു അവർ എഴുന്നേറ്റു

“ശീട്ട് ആക്കിയിട്ടുണ്ട്. നാളെ രാവിലെ അഞ്ചു മണിക്ക്. ഇത് പുതിയ അറിവാണ്. ആരും വേണ്ടത്ര. പെണ്ണും ചെക്കനും മാത്രം മതി. കല്യാണം നടത്താം. മുന്നേ കൂട്ടി രജിസ്റ്റർ ചെയ്തില്ലെങ്കിലും കുഴപ്പമില്ല. കൊള്ളാല്ലോ, കുട്ടിക്ക് എങ്ങനെ അറിയാമായിരുന്നു ഇത്?”

“ഞാൻ പറഞ്ഞില്ലേ രാധിക..അന്ന് നൃത്തം ചെയ്ത കുട്ടി. അത് പറഞ്ഞു തന്നതാ..”

“എന്തായാലും വീട്ടിൽ ഒന്ന് പറയണ്ടേ കൃഷ്ണ ..?”

“എനിക്ക് പറ്റില്ല ഇപ്പൊ. അവർ വിഷമിക്കും. ഈ സാധനത്തിന്റെ ദേഷ്യം മാറാന് ആണ് ഞാൻ ഇപ്പൊ ഇത് ചെയ്യണേ..”

അവൾ കുറുമ്പിൽ അവന്റെ മുഖത്ത് നോക്കി. അർജുൻ മെല്ലെ ഒന്ന് ചിരിച്ചു

“എന്നാ നിങ്ങൾ ഇവിടെ ഇരിക്കുകയല്ലേ. ഞങ്ങൾ മുറിയിലോട്ട് ചെല്ലട്ടെ..”

അവർ തലയാട്ടി

“ഈശ്വര നാളെ കല്യാണം..”

അവൾ താടിക്ക് കൈ കൊടുത്തു. അർജുൻ കുറച്ചു നേരം എന്തോ ആലോചിച്ചു ഇരുന്നു. പിന്നെ അച്ഛനെ വിളിച്ചു

“അച്ഛാ…”

ജയറാം ഹോസ്പിറ്റലിൽ ആയിരുന്നു

“നീ എന്നാ വരിക അർജുൻ?”

“അച്ഛാ ഇവിടെ കൃഷ്ണയുണ്ട്. ഭജനമിരിക്കാൻ വന്നതാണ്.. “

ജയറാം നിശബ്ദനായി

“അച്ഛാ എനിക്ക് അവളെയിനി….ഇനി..എനിക്ക്..”

“നീ കാര്യം പറ അർജുൻ “

“എനിക്ക് അവളെ കല്യാണം കഴിക്കണം “

അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു

“ഇനി നീട്ടികൊണ്ട് പോകാൻ വയ്യ. എന്നും വഴക്കും പിണക്കവും. അകന്ന് നിന്നു മടുത്തു..”

“അവൾക്ക് ഇനി ഒരു വർഷം കൂടിയുണ്ട്. അത് കഴിഞ്ഞു പോരെ?”

“പോരാ. എനിക്ക് ഇനി വെയിറ്റ് ചെയ്യാൻ വയ്യ. ജസ്റ്റ്‌ ഒരു തുളസി മാല കഴുത്തിൽ ഇട്ടാൽ മതി. ഇവിടെ വെച്ച് അത് ചെയ്താ പിന്നെ കൃഷ്ണ എന്റെയാ..പിന്നെ അവള് പഠിച്ചോട്ടെ. എത്ര കാലം വേണേൽ..”

“അതിനൊക്കെ ഒത്തിരി procedure ഉണ്ട് അർജുൻ. നിന്റെ കല്യാണം അങ്ങനെ നടക്കേണ്ട ഒന്നല്ല “

“അല്ല എനിക്ക് അറിയാം. അത് ഒരു വർഷം കഴിഞ്ഞു നടത്താം. ഇത് കഴിഞ്ഞു കൃഷ്ണ എന്റെ കൂടെ വന്ന് ജീവിക്കുകയൊന്നുമില്ല. അവള് വീട്ടിൽ പോകും. എന്റെ സമാധാനത്തിനാ..ഇവിടെ നടന്നാ അവളൊരിക്കലും എന്നെ വിട്ട് പോകില്ല. അല്ലെങ്കിൽ എന്റെ സ്വഭാവത്തിന് അവള് പോകും..എനിക്ക് ഉറപ്പാ അത് “

ജയറാമിന് ചിരി വന്നു

“നീ നന്നായാൽ പോരെ അർജുൻ. ഇതിലും എളുപ്പം അതല്ലേ?”

“ഞാൻ നന്നാവില്ലല്ലോ. പിന്നെ എന്താ ചെയ്ക? എനിക്ക് അവളില്ലാത് വയ്യച്ഛാ പ്ലീസ്,

അദ്ദേഹം ഒന്ന് മൂളി

“ഞാൻ വരാം..”

“അത് വേണോന്നില്ല. ഇവിടെ അങ്ങനെ ആരും വേണ്ട. പക്ഷെ അച്ഛൻ ഡാഡിയെ വിളിച്ചു പറയണം എനിക്ക് എന്തോ ഒരു മടി…അച്ഛൻ പറഞ്ഞാൽ മതി “

“അത് പറഞ്ഞോളാം. എന്തായാലും നിന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ട്. പിന്നെ വന്നാൽ എന്താ?”

“ok “

“കൃഷ്ണയുടെ കയ്യിൽ കൊടുക്ക്”

അവൻ അവളെ നോക്കി

“കൊളമാക്കരുത്. ഒന്ന് അടുപ്പിച്ചു കൊണ്ട് വരുന്നേയുള്ളൂ…”

“കൊടുക്ക് അർജുൻ “

അവൻ ഫോൺ കൊടുത്തു

“അങ്കിളേ “

“മോള് നന്നായി ആലോചിച്ചു തന്നെ എടുത്ത തീരുമാനം ആണോ?”

“അതേ അങ്കിളേ…ഈ രണ്ടു വർഷം ആയിട്ട് ഇത് പറഞ്ഞു കുറേ വഴക്ക് ഉണ്ടായിട്ടുണ്ട്. പിണങ്ങിയിട്ടുണ്ട്..ഇനി എനിക്ക് വയ്യ അങ്കിളേ ഇങ്ങനെ സങ്കടപ്പെടാൻ..ഇനിയിപ്പോ ഹൗസർജൻസിയാണ്. അങ്കിളിന് അറിയാല്ലോ തിരക്ക്. രാത്രിയും പകലും ഡ്യൂട്ടി പഠിത്തം. അതിനിടയിൽ ഇത്രയും നാള് കിട്ടിയ ഫ്രീ ടൈം ഒന്നും കിട്ടില്ല. കാണാതിരിക്കുമ്പോഅപ്പുവേട്ടൻ…”

അവൾ പെട്ടെന്ന് നിർത്തി. ജയറാം ആ വാക്ക് ആദ്യമായി കേൾക്കുകയായിരുന്നു

അപ്പുവേട്ടൻ…അങ്ങനെ ആണോ കൃഷ്ണ അവനെ വിളിക്കുക?

അപ്പു എന്നൊരു നീണ്ട വിളി അയാളുടെ കാതിൽ മുഴങ്ങി

“കാണാതെ വരുമ്പോൾ അപ്പുവേട്ടന് ദേഷ്യം വരും..പിണങ്ങും. എന്നെ വായിൽ തോന്നുന്നതു മുഴുവൻ വിളിച്ചു പറയും. ഇതാവുമ്പോ ഉള്ളിൽ അറിയാല്ലോ ഞാൻ ഭാര്യയാണെന്ന് അതോണ്ടാ.. എന്നാണെങ്കിലും ഞാൻ അപ്പുവേട്ടന്റെ തന്നെ അല്ലെ അങ്കിളേ. ഈ രാ- ക്ഷസനു അതറിയില്ലെങ്കിലും “

അർജുൻ ചിരിക്കുന്നുണ്ടായിരുന്നു

“പരസ്പരം ഓരോ തുളസി മാല ഇട്ടാ മതി. ഈ നടയിൽ. പിന്നെ ഭഗവാൻ കാത്തോളും. വേറെ വഴിയില്ല അതാ. പക്ഷെ ഇതൊന്നും ഇങ്ങോട്ട് വന്നപ്പോൾ എന്റെ മനസ്സിൽ ഇല്ല. ഒരാഴ്ച ഭജനമിരിക്കണം. ഒറ്റയ്ക്ക് ആണ് വന്നത്. ഞാൻ ആളോട് പറഞ്ഞുമില്ല. ഇവിടെ വെച്ച് ഒരു പെൺകുട്ടിയേ പരിചയപ്പെട്ടു. അത് വെറുതെ ഓരോന്ന് കുത്തി ചോദിച്ചപ്പോൾ ഞാൻ ഇത് പറഞ്ഞു. അപ്പോ ആ കുട്ടിയാണ് ഇങ്ങനെ ചെയ്യാൻ പറഞ്ഞത്. സത്യത്തിൽ ഇതൊന്നും ഞാൻ ചിന്തിച്ചു കൂടിയില്ല. അപ്പുവേട്ടൻ ഇവിടെ വരുമെന്ന് പോലും അറിയില്ലായിരുന്നു.ഇതൊരു നിമിത്തം പോലെ തോന്നുവാ..ഒരു പക്ഷെ ഭഗവാന്റെ നിശ്ചയം ആവും “

“അങ്കിൾ രാത്രി തന്നെ എത്തും. മോളുടെ വീട്ടിൽ ഒന്ന് പറയ്. അങ്കിൾ പോയി പറയട്ടെ “

“വേണ്ട, അവർക്ക് ഇത് പോലെ ഇത് അംഗീകരിക്കാൻ പറ്റില്ല. സമയം ചോദിക്കും. അത് വീണ്ടും…അവർ എതിർത്താൽ എനിക്ക് ഇത് പറ്റില്ല. ഇങ്ങനെ നടന്നാലും ഞാൻ വീട്ടിൽ പോകും. പിന്നെ സൗകര്യം പോലെ പതിയെ മതി “

“ശരി മോളെ, അങ്കിൾ വൈകുന്നേരം എത്തും അവനോട് പറഞ്ഞേക്ക് “

ഫോൺ കട്ട്‌ ആയി

“പിന്നെ സൗകര്യം പോലെ പതിയെ മതി ന്നൊ…ദേ കൃഷ്ണ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഒറ്റ വർഷം. അത് കഴിഞ്ഞു വന്നോണം എന്റെ കൂടെ.. അല്ലെങ്കിൽ നിന്നെ വരുത്താൻ ഉള്ള വിദ്യ എനിക്ക് അറിയാം കേട്ടോ ” അവന്റെ മുഖം ചുവന്നു

അവൾ ആ മൂക്കിൽ ഒന്ന് പിടിച്ചു

“ഇവിടെയാണോ ഈ ശുണ്ഠി മുഴുവൻ ഇരിക്കുന്നെ…ചെത്തി കളഞ്ഞേക്കട്ടെ.. എന്തൊരു ദേഷ്യാണ് ഹോ…ദൈവമേ ഞാൻ എങ്ങനെ സഹിക്കൂമിതിനെ?”

അവൻ ആ കണ്ണുകളിലേക്കു നോക്കിയിരുന്നു

“ഇപ്പൊ എന്റെ കൂടെ വന്നാ എന്താ? പ്രെഗ്നന്റ് ആകാതെ നോക്കിയാൽ പോരെ?”

അവൾക്ക് ചിരി വന്നിട്ട് മുഖം പൊത്തി തിരിഞ്ഞിരുന്നു

“എടി..ഇങ്ങോട്ട് നോക്ക്. നീ എന്നെ കൊ- ല്ലാനായിട്ട് ജനിച്ചയാണോ?”

അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ മടിയിൽ മുഖം അമർത്തി

“ദുഷ്ട..ചിരിക്ക്..”

കൃഷ്ണ തലയുയർത്തി നോക്കി

“ഒരു വർഷം ദേ പറന്നങ് പോകും. പിന്നെ നമ്മൾ ഒന്നിച്ചാ,

“അങ്ങനെ പറന്നങ്ങ് പോകാൻ എന്താ പരുന്താണോ? പതിയെ പോവുള്ളു. എന്റെ കൊച്ചേ ഞാൻ ശല്യം ഒന്നും ചെയ്യില്ല. നീ പഠിച്ചോ..എന്റെ കൂടെ വാ “

“ദേ.. മതി..നാളെ അർജുന്റെ ഭാര്യയാണ് കൃഷ്ണ. പിന്നെ ഇത് പോലെ ചാഞ്ചല്യം പാടില്ല. ഉള്ളിൽ ഒരുറപ്പ് വരികയാണ്. നമ്മൾ ഭാര്യയും ഭർത്താവുമാണ്. കാമുകി കാമുകൻമാരല്ല. അപ്പൊ അതിന്റെ പക്വത വേണം..ഒന്നിച്ചു ജീവിച്ചാലും ഒട്ടും സമയം കിട്ടാത്ത ഒരു വർഷം ആണ് ഇനി. അതിലും നല്ലത് സ്വസ്ഥം ആയി കിട്ടുന്ന വരും വർഷങ്ങൾ ആണ് “

അർജുൻ അതിശയത്തോടെ അവളെ നോക്കിക്കൊണ്ട് ഇരുന്നു. എത്ര മിടുക്കിയാണ്. എത്ര പക്വതയാണ്. അവൻ പുഞ്ചിരിച്ചു കൊണ്ട് ആ കൈ പിടിച്ചു

“ശരി മതി..ഇനി പറയില്ല. പക്ഷെ ഇടയ്ക്ക് എങ്കിലും കരുണ കാണിക്കാൻ മനസ്സുണ്ടാകണം “

അവൻ തൊഴുതു. അവൾ ചിരിച്ചു

“ഞാൻ വരും.നമ്മുടെ ഫ്ലാറ്റിൽ..അന്നത്തെ പോലെ…താമസിക്കാൻ.. ഉം?”

അവന്റെ മുഖം വിടർന്നു

“സത്യം?”

“ഉം സത്യം “

അവൻ അവളെ തന്നോട് ചേർത്ത് പിടിച്ചിരുന്നു. ഗുരുവായൂരിലെ കളഭത്തിന്റെ മണമുള്ള ഇളം കാറ്റ് അവരെ തഴുകി തലോടി കടന്ന് പോയി

“എടി..നിനക്ക് താലി വേണ്ടേ?”

“ഉയ്യോ എന്റെ പൊന്നെ വേണ്ട. ഞാൻ അതിട്ടോണ്ട് എങ്ങനെ നടക്കും? കണ്ടു പിടിക്കും. “

“ഊരി വെച്ചാ പോരെ?”

“എന്നാലും പിടിക്കും..അത് വേണ്ട”

“ശരി. ഒരു പുതിയ സാരീ എങ്കിലും വേണ്ടേ?”

അവൾ ചിരിച്ചു

“കൊള്ളാല്ലോ ആള്?”

“പുടവ കൊടുക്കുക എന്നാ ചടങ്ങ് എങ്കിലും നടക്കട്ടെ ദുഷ്ടേ “

“സമ്മതിച്ചു. പോകാം “

അവർ അവിടെയുള്ള കടകളിലോന്നിൽ കയറി

“ഇതൊക്കെ ചീപ് ആണ്. വില കുറവാണല്ലോ “

അവൻ അത് തിരിച്ചിട്ടു

“ഏതെങ്കിലും ഒന്ന് മതി. പിന്നെ ഉടുക്കില്ല ല്ലോ “

“ആണോ?”

“ഉം. സാരി വേണ്ട. എനിക്ക് ശരിക്കും ഉടുക്കാൻ പ്രാക്ടീസ് ഇല്ല. സെറ്റും മുണ്ടും മതി”

അങ്ങനെ പുളിയിലക്കരയുള്ള ഒരു സെറ്റ് മുണ്ട്. പിന്നെ കസവിന്റെ ഒരെണ്ണം. അവന് ഒരു മുണ്ട് ഷർട്ട്‌. ഒക്കെയും എടുത്തു

“അതേയ്…ഫ്ലാറ്റിൽ വരുമോടി സത്യമാണോ?”

തിരക്കില്ലാത്ത ഒരിടത്തു വെച്ചു അവൻ ചോദിച്ചു. കൃഷ്ണ അവനെ പെട്ടെന്ന് കെട്ടിപ്പിടിച്ചു

“എടി പബ്ലിക് പ്ലേസ് ആണെന്ന് “

അവൾ അവനെ ഒന്നുടെ ചേർത്ത് പിടിച്ചു. അർജുൻ ഒരു പുഞ്ചിരിയോടെ അവളെ അടർത്തി മാറ്റി

“ഈ സ്പോർട്സ് മാൻ സ്പിരിറ്റ്‌ അങ്ങ് ഫ്ലാറ്റിൽ വരുമ്പോഴും കാണിക്കണം കേട്ടോ. അന്നേരം വേറെ വല്ലോം പറഞ്ഞോണ്ട് വന്നാലുണ്ടല്ലോ “

“പറഞ്ഞാൽ എന്ത് ചെയ്യും?”

അവൾ ആ നെഞ്ചിൽ കൈ വെച്ചു തള്ളി

“പറഞ്ഞാലോ…” അവൻ ചുറ്റും ഒന്ന് നോക്കി

“അന്നാ എന്റെ മോള് ശരിക്കും അർജുൻ ആരാ എന്ന് അറിയുക…പിന്നെ തിരിച്ചു പോകില്ല..ഒരിക്കലും “

കൃഷ്ണയുടെ മുഖം ചുവന്നു തുടുത്തു

“ഒരിക്കലും പിന്നെ എന്നിൽ നിന്നു പോകാത്തത് പോലെ നിന്നെ ഞാൻ എന്നില് ബന്ധിച്ചിടും..എന്റെ പ്രണയത്തിൽ, എന്റെ…”

കൃഷ്ണ ആ വാ പൊത്തി

“മതി…” അവൾ നാണത്തിൽ ചിരി തൂകി. പിന്നെ ആ കൈയിൽ കൈ ചേർത്ത് നടന്നു

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *