ധ്രുവം, അധ്യായം 59 – എഴുത്ത്: അമ്മു സന്തോഷ്

ജയറാം ഫോണില്‍ വൈശാഖനോട്‌ എല്ലാം പറഞ്ഞു. വൈശാഖൻ ജയറാം പറയുന്നത് മുഴുവൻ കേട്ടിരുന്നു

“ഇത് ഉടനെ വേണ്ടാന്ന് ഞാൻ അവനോട് പറഞ്ഞിരുന്നല്ലോ,

“അർജുന്‌ ആ കുട്ടിയെ അത്രയ്ക്ക് ഇഷ്ടമാണ്..നമ്മൾ പറയുന്നതൊന്നും അവൻ ഈ കാര്യത്തിൽ അനുസരിച്ചു കൊള്ളണമെന്നില്ല..പക്ഷെ കൃഷ്ണ നല്ല കുട്ടിയ അച്ഛാ..പണത്തിനു കുറവുണ്ട് അത്രേയുള്ളൂ. അത് നമുക്ക് വേണ്ടുവോളം ഉണ്ടല്ലോ. ഇപ്പൊ കൃഷ്ണയേ തേടി ഗുരുവായൂർ പോയതാണവൻ. കൃഷ്ണ ഒഴിഞ്ഞു പോയതാണ്. സമ്മതിക്കില്ല അർജുൻ. ആര് പറഞ്ഞാലും ഈ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയുമില്ല. ഇതിപ്പോ കല്യാണം കഴിഞ്ഞാലും ആ കുട്ടി വീട്ടിൽ പോകും. കോഴ്സ് കഴിഞ്ഞു പിന്നെ ഗംഭീരമായിട്ട് നടത്താം. അത് വരെ അവന്റെ മനസമാധാനത്തിനാ.”

വൈശാഖൻ ഒന്ന് മൂളി

ജയറാം ഗുരുവായൂർ യാത്രയിൽ ആയിരുന്നു

അർജുന്റെ കല്യാണം. ശരിക്കും അത് സ്വപ്നം കണ്ടിട്ടൊന്നുമില്ല. അവന്റെ സ്വഭാവം അങ്ങനെയായിരിന്നു. ഒരു പെണ്ണ് കെട്ടുമെന്ന് ഒരിക്കലും തോന്നിട്ടില്ല. കൃഷ്ണ വന്നത് ഒരു തരത്തിൽ അനുഗ്രഹമായി. ആവശ്യമില്ലാത്ത യാത്രകൾ അവസാനിച്ചു. ഒരാളിൽ ഒതുങ്ങി. മൊത്തം ഒരു മിനുസം വന്നു. കൂട്ടുകാരുമായുള്ള പാർട്ടികളും കുറഞ്ഞു. ആള് ഒന്ന് മാറി

സന്ധ്യയോടെ അദ്ദേഹം ഗുരുവായുരെത്തി ഹോട്ടലിൽ മുറിയെടുത്തു. അർജുനെ വിളിപ്പിച്ചു

അർജുൻ വന്നു പിന്നിൽ കൃഷ്ണ

“രണ്ടും കൊള്ളാം. മോളിത്തിരി മുന്നോട്ട് നീങ്ങി നിൽക്ക് കാണട്ടെ”

കൃഷ്ണ ഒരു കള്ളച്ചിരി ചിരിച്ചു

“സത്യം പറ രണ്ടും കൂടി പ്ലാൻ ചെയ്തു വന്നതല്ലേ?”

“ഉയ്യോ അല്ല അങ്കിളേ സത്യം..ഞാൻ വന്നിട്ടാ അപ്പുവേട്ടൻ വന്നേ അല്ലെ?”

അവൾ അവന്റെ കയ്യിൽ പിടിച്ചു. അർജുൻ കൃഷ്ണയേ തന്നോട് ഒന്ന് ചേർത്ത് പിടിച്ചു

“planned അല്ല. ഓർമ്മയിൽ പോലും ഇല്ലായിരുന്നു. കണ്ടപ്പോൾ പെട്ടെന്ന് ഇവൾ ചോദിച്ചപ്പോൾ എനിക്കും തോന്നി. അതാണ് ശരി. അത് മതി ന്ന്. “

“ഡാഡിക്ക് അത്രേ ഇഷ്ടം ആയിട്ടില്ല. പെട്ടെന്ന് ഇത്..സാരമില്ല പറഞ്ഞു ശരിയാക്കാം…”

അർജുൻ ഒന്ന് മൂളി

“നീ മോളെ കൊണ്ട് വിട്ടിട്ട് വാ പുലർച്ചെ അമ്പലത്തിൽ എത്തണ്ടേ “

അവൻ അവളെയും കൊണ്ട് അവിടെ നിന്നിറങ്ങി. ഇരുളിൽ അവളുടെ മുഖത്തെ സങ്കടം അവൻ കണ്ടു

“നീ നേരെത്തെ വരുമെന്ന് എനിക്ക് അറിയാം എന്നാലും..നേരെത്തെ വരണം..”

കൃഷ്ണ അവനെ വട്ടം പുണർന്നു

“എന്താഡാ?”

“ഞാൻ തെറ്റ് ചെയ്യുകയാണോ അപ്പുവേട്ടാ?” ഈറൻ കലർന്ന ശബ്ദം

“എന്താ അങ്ങനെ”

“വീട്ടിൽ അറിയാതെ…തെറ്റാണോ ഇത്?”

“അല്ലെടി. ഒന്നും മാറുന്നില്ല. എല്ലാം പഴയ പോലെ. പിന്നെ എന്താ?”

“അറിയില്ല. ഒരു പേടി പോലെ.”

“എന്നെയാണോ മോൾക്ക് പേടി? ഞാൻ ഉപേക്ഷിച്ചു കളയുമോന്ന്?”

അവൾ വിളറിയ മുഖത്തോടെ അവനെ നോക്കി

“നാളെ നീ എന്റെ കാമുകിയല്ല. ഭാര്യ…ഭാര്യയെ ഉപേക്ഷിച്ചു കളയുക ഈസി അല്ല”

“ദേഷ്യം വന്നാ ഈ ആളല്ല “

“ഇനി വരില്ല. എനിക്ക് നിന്നെ കല്യാണം കഴിക്കണം എന്ന് മാത്രം ഉള്ളായിരുന്നു. ഇനി എന്ത് വന്നാലും ഒന്നുമില്ല. നിന്നോട് പിണങ്ങില്ലാടി ഇനി..”

അവൻ ആ നിറുകയിൽ ചുംബിച്ചു. അവൾ ഗസ്റ്റ് ഹൗസിലേക്ക് നടന്ന് പോകുന്നത് അവൻ നോക്കി നിന്നു

അവൾ പറയുന്ന പോലെ ഒരു തുളസി മാല വെറുതെ അങ്ങോട്ടു മിങ്ങോട്ടും അണിയിച്ചു ചടങ്ങ് തീർക്കില്ല എന്ന് അവൻ നിശ്ചയിച്ചു. അതിന് നിയമസാധുതയില്ല. കൃഷ്ണ അർജുന്റെ ഭാര്യയാവണം നിയമപരമായി തന്നെ. അതിന് ഈ ചടങ്ങ് നടക്കണം. നടക്കട്ടെ

പിറ്റേന്ന്….

അമ്മമാരാണ് അവളെ കൈ പിടിച്ച് അവന്റെയരികിൽ നിർത്തിയത്. പുളിയിലക്കരയുള്ള നേര്യതും മുണ്ടും കൃഷ്ണയ്ക്ക് നല്ല ഭംഗി ഉണ്ടായിരുന്നു. തിരുമേനി എടുത്തു കൊടുത്ത തുളസി മാല അവർ പരസ്പരം അണിയിച്ചു. ജയറാം താലി കോർത്ത മഞ്ഞ ചരട് അർജുന്റെ കയ്യിൽ കൊടുത്തു. കൃഷ്ണ നേരിയ പകപ്പോടെ നോക്കിയപ്പോൾ അർജുൻ കണ്ണ് ചിമ്മി കാട്ടി

കഴുത്തിലേക്ക് താലി ചരട് കെട്ടുമ്പോൾ അവൾ കണ്ണുകൾ അടച്ച് അച്ഛനെയും അമ്മയെയും ഓർത്തു. മനസ്സിൽ അവരോട് മാപ്പ് പറഞ്ഞു. വേറെ ഒരു വഴിയുമില്ലാഞ്ഞിട്ടാണ്. രണ്ടിലൊരാൾ നീറി തീരാതിരിക്കാനാണ്

“ഇത് കൂടി “

രണ്ടു മോതിരങ്ങൾ

അർജുനെന്ന് മനോഹരമായി കൊത്തിയ മോതിരം അവളുടെ വിരലിൽ പാകമായിരുന്നു. കൃഷ്ണ എന്നെഴുതിയത് അർജുന്റെ വിരലിലും. ഇതെങ്ങനെ ഇത്രയും കൃത്യമായി എന്നവർക്ക് അതിശയം തോന്നി

“ഇത് എന്റെ അച്ഛനാണ്” അർജുൻ അമ്മമാർക്ക് ജയറാമിനെ പരിചയപ്പെടുത്തി

“വന്നത് നന്നായി”അവർ പറഞ്ഞു. ദേവസ്വം ഓഫീസിലെ രജിസ്റ്റർൽ ഒപ്പ് വെച്ചു അവർ

സാക്ഷികൾ ആയി അമ്മമാരും ജയറാമും. രണ്ടു പേരും അകത്തു കയറി തൊഴുതു. എന്താണ് പറയേണ്ടത് എന്നറിയാതെ കൃഷ്ണ ശ്രീകോവിലിലേക്ക് നോക്കി നിന്നു. കണ്ണീരങ്ങനെ ധാരയായി ഒഴുകുന്നുണ്ട്. ഞാൻ വന്നപ്പോൾ എത്ര ദുഃഖം ഉണ്ടായിരുന്നോ. അതിന്റെയിരട്ടി സന്തോഷം തന്നല്ലോ ഭഗവാനെ…

ഞാൻ സുമംഗലിയായി. അവൾ താലിയിൽ മുറുകെ പിടിച്ചു

എത്ര പെട്ടെന്ന്

അർജുൻ കൈകൾ കൂപ്പി

താങ്ക്യൂ…അത് മാത്രമേ അവൻ പറഞ്ഞുള്ളു. ഇനി ടെൻഷൻ ഇല്ല. കുറച്ചു കൂടെ ആത്മവിശ്വാസം ഉണ്ട്. വേറെയൊന്നും ചിന്തിക്കേണ്ട

അവിടേ നിന്നിറങ്ങുമ്പോൾ അമ്മമാർ അടുത്ത് വന്നു. അവർ രണ്ടുപേരുടെയും കാലുകൾ തൊട്ട് വന്ദിച്ചു കൃഷ്ണയും അർജുനും…ആ പാവങ്ങളുടെ കണ്ണുകൾ  നിറഞ്ഞു പോയി

“ഇങ്ങനെ ഒരു ദിവസം ഞങ്ങൾക്കായി തന്നല്ലോ ഭഗവാൻ. മക്കളോ കുടുംബമോ ഇല്ലാത്ത ഞങ്ങൾക്കിപ്പോ ഒരു മോളും മോനുമായി..വീട്ടിൽ വരണം..സമയം പോലെ “

അർജുൻ പുഞ്ചിരിച്ചു കൊണ്ട് അവരെ ചേർത്ത് പിടിച്ചു

“വരും. എന്റെ കൃഷ്ണയേ ഈ ദിവസങ്ങളിൽ നോക്കിയതിനു, കരുതിയതിന് ഒക്കെ ഒരായിരം നന്ദിയുണ്ട്. മറക്കില്ല അർജുൻ. ഒരിക്കലും മറക്കില്ല. എന്താവശ്യമുണ്ടെങ്കിലും ഒരു ഫോൺ കാൾ മാത്രം മതി. ഇതാണ് കാർഡ്. ഇതിൽ എന്റെ നമ്പർ ഉണ്ട്. എന്ത് ആവശ്യം വന്നാലും വിളിക്കാൻ മറക്കരുത് “

അവർ സ്നേഹത്തോടെ അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. ജയറാം അതിശയത്തിൽ അത് നോക്കി നിൽക്കുകയായിരുന്നു

അർജുൻ ഇങ്ങനെ ഒക്കെ പെരുമാറുമോ…അർജുൻ ഒരാളെ കെട്ടിപിടിക്കുക, സ്നേഹത്തോടെ സംസാരിക്കുക അയാൾക്ക് അത് ആദ്യത്തെ അനുഭവം ആയിരുന്നു

കൃഷ്ണയും അവരെ കെട്ടിപിടിച്ചു

“ഇനി വഴക്കുണ്ടാക്കാൻ പാടില്ല ട്ടോ. ഭർത്താവ് ദൈവം പോലെയാണ്. പിണങ്ങരുത്. കുറേ കുറേ സ്നേഹിക്കണം. ദീർഘ സുമംഗലി ഭവ “

ഒരു ചെറിയ സദ്യ ഏർപ്പാട് ചെയ്യാൻ ജയറാം പറഞ്ഞെങ്കിലും അമ്പലത്തിൽ നിന്നുള്ള ഊണ് മതി എന്ന് കൃഷ്ണ പറഞ്ഞു

ഭക്ഷണം കഴിഞ്ഞു. അവരെ ഒരിക്കൽ കൂടി അനുഗ്രഹിച്ചിട്ട് അമ്മമാർ പോയി

“നെക്സ്റ്റ് പ്ലാൻ എന്താ?പോകുകയല്ലേ?”

അർജുൻ കൃഷ്ണയേ ഒന്ന് നോക്കി. ഇന്ന് തന്നെ തിരിച്ചു പോകണോ എന്നൊരു ചോദ്യം അവളുടെ കണ്ണിൽ ഉണ്ടായിരുന്നു

“അച്ഛാ ഇന്നൊരു ദിവസം ഇവിടെ നിന്നിട്ട് നാളെ നമുക്ക് ഒന്നിച്ച് പോകാം. രാവിലെ തൊഴുതിട്ട് “

“അത് പറ്റില്ല മോനെ. സർജറി ഉള്ള ദിവസമാണ്. അച്ഛന് പോയെ പറ്റു. ഒരു കാര്യം ചെയ്യു. നിങ്ങൾ ഇന്നൊരു ദിവസം നിന്നിട്ട് നാളെ വാ..”

അർജുൻ അത് സമ്മതിച്ചു

“കാർ വിട്ടേക്കട്ടെ “

“വേണ്ട ട്രെയിൻ മതി. അല്ലെ കൃഷ്ണ?’

അവൾ തലയാട്ടി. അച്ഛൻ പോയി കഴിഞ്ഞു. അവർ പരസ്പരം നോക്കി

അർജുൻ ആ കൈകൾ കൈയിൽ കോർത്തു പിടിച്ചു

“നീ പോയി ബാഗ് എടുത്തിട്ട് വാ. നമുക്ക് ഒരു മുറിയെടുക്കാം. ഇന്നത്തേയ്ക്ക് “

അവൾ ഒന്ന് സൂക്ഷിച്ചു നോക്കി

“ഗുരുവായൂർ ആണ്. അർജുൻ വ്രതമാണ്. മോള് പോയിട്ട് വാ “

അവൾ ചിരിച്ചു കൊണ്ട് പോയി. അവൻ തിരിഞ്ഞു ഭഗവാന്റെ വശത്തേക്ക് നോക്കി. വന്ന നാള് മുതൽ വൃതമായിരിന്നു. പോയിട്ടെ അത് തെറ്റിക്കുകയുള്ളു. അവൻ മനസ്സിൽ പറഞ്ഞു.

ഇന്ന് ഞങ്ങൾ ഇവിടെ ഉണ്ട് കേട്ടോ അവൻ അമ്പലത്തിൽ നോക്കി പറഞ്ഞു

അവൾ ദൂരെ നിന്ന് നടന്ന് വരുന്നത് കണ്ട് അവൻ അടുത്തേക്ക് ചെന്നു ബാഗ് വാങ്ങി

“ഇവിടെ ഒരു ഫ്ലാറ്റ് വാങ്ങിയാലോ. ഇടയ്ക്ക് വരുമ്പോൾ ഹോട്ടലിൽ പോകണ്ട “

കൃഷ്ണ തലയാട്ടി

“നിനക്ക് വിഷമം മാറിയില്ലേ?”

അവൾ വിഷാദത്തിൽ ഒന്ന് ചിരിച്ചു. ഹോട്ടലിൽ എത്തി മുറിയെടുത്തു അവർ

“Mr and Mrs arjun jayaram.

അവൻ ഫിൽ ചെയ്യുന്നത് നോക്കി നിന്നു അവൾ

Mrs arjun jayaram

കൃഷ്ണയിൽ നിന്ന് ഒറ്റ രാത്രി കൊണ്ട് മാറിയിരിക്കുന്നു

arjun &krishna എന്നല്ല അവൻ എഴുതിയത്

അവർ മുറിയിലേക്ക് പോയി. വേഷം മാറി ഒന്ന് വൃത്തിയായി രണ്ടു പേരും

ചരടിൽ കോർത്ത താലിയിൽ പിടിച്ചു നോക്കികൊണ്ട് ഇരുന്നവൾ

“ഇത് ഊരി വെച്ചോട്ടോ മോള്..” അവൻ അവളെ തന്നോട് ചേർത്ത് കിടത്തി

കൃഷ്ണ ഒന്നും പറയാതെ അവനെ ചേർത്ത് പിടിച്ചു കിടന്നു

“കൃഷ്ണ “

അവൾ ഒന്ന് മൂളി

“എന്താടി?”

“ഒന്നുല്ല”

അവൻ ആ മുഖം ഉയർത്തി

“നമ്മൾ പഴയ പോലെ തന്നെ അല്ലെ? നാളെ വീട്ടിലേക്ക് പോകുന്നു. ഞാൻ എന്റെ, നീ നിന്റെ. പിന്നെ പണ്ട് കാണും പോലെ ഇടയ്ക്ക് കാണുന്നു “

“അത്രേ സിമ്പിൾ അല്ല കാര്യങ്ങൾ. നമ്മുടെ മനസ്സ് മാറും. നമുക്ക് ഇങ്ങനെ കാണാതെയിരിക്കാൻ പറ്റാണ്ടാവും. അപ്പോ കുഴപ്പം ആകും “

“ഇല്ലെടി. നോക്കിക്കോ. അങ്ങനെ ഒന്നുമുണ്ടാകില്ല. ഞാൻ ഒരു വാശിയും കാണിക്കില്ല. പോരെ?

“സത്യം?”

“ഉം “

അവൻ കണ്ണുകൾ അടച്ചു. പിന്നെ അവളെ നെഞ്ചിലേക്ക് ഉയർത്തി കിടത്തി അർജുൻ

“ഉറക്കം വരുന്നു “

കൃഷ്ണ നോക്കി കിടക്കെ അവൻ ഉറങ്ങിപ്പോയി. അവൾ ആ ഉറക്കം നോക്കിക്കിടന്നു. പിന്നെ എഴുന്നേറ്റു ജനാലയിലൂടെ നിരത്തിലേക്ക് നോക്കി നിന്നു

ആൾക്കാർ ഒഴുകുന്നു ഗുരുവായൂരിലേക്ക്…അവൾ താലിയിൽ പിടിച്ചു നോക്കി കൊണ്ട് ഇരുന്നു

ഊരി വെച്ചോളൂ എന്ന് പറഞ്ഞു. ഭഗവാന്റെ മുന്നിൽ വെച്ചു കെട്ടിയതാണ്. എങ്ങനെ അത് സാധിക്കുക? അവൾ കഴുത്തിൽ കിടന്ന നേർത്ത മാലയിൽ ഒന്ന് തൊട്ടു. കഴിഞ്ഞ തവണ ചിട്ടി വീണപ്പോൾ അമ്മ നിർബന്ധിച്ചു വാങ്ങി ഇട്ടതാണ്..ജീവിതത്തിൽ ആദ്യമായാണ് ഒരു തരി പൊന്ന് ധരിക്കുന്നത്. ഇന്ന് ഒന്ന് മനസ്സിൽ ആഗ്രഹിച്ചാൽ എന്തും വാങ്ങി തരാൻ കഴിവുള്ള ഒരാൾക്കൊപ്പം…

പക്ഷെ വേണ്ട, സ്വന്തം അധ്വാനം കൊണ്ട് നേടുന്നത് മതി.

അവൾ അവനെ തിരിഞ്ഞു നോക്കി.

ഇത് എന്ത് കണ്ടിട്ടാണ് താൻ മതി എന്ന് വാശി പിടിച്ചത്, കിറുക്ക്. തന്നിൽ എന്താ ഉള്ളത്. അറിയില്ല

അവൾ വീണ്ടും പുറത്തേക്ക് നോക്കി നിന്നു. അരക്കെട്ടിലൂടെ ചുറ്റിപ്പിടിക്കുന്ന രണ്ടു കൈകൾ

“ഉണർന്നോ?”

അവൾ തിരിഞ്ഞു നോക്കി

“എന്റെ കൊച്ച് എന്താ ഈ ആലോചിച്ചു കൂട്ടുന്നെ?”

“ഇത് എന്റെ മാലയിലേക്ക് മാറ്റി തരുവോ?”

അവൾ താലി തൊട്ടു

“ആരെങ്കിലും കാണില്ലേ?”

“ആരും കാണാതെ ഞാൻ സൂക്ഷിച്ചു കൊള്ളാം. എന്നാലും ഊരണ്ട. അത് ശരിയല്ല. എന്റെ അമ്മ താലി മാല ഊരി വെയ്ക്കില്ല. ഭർത്താവിന്റെ ആയുസ്സിന് ദോഷമാണെന്ന് പറയും “

“അവള് തുടങ്ങി. എടി ഇതൊക്കെ അന്ധവിശ്വാസം ആണ്. താലിയിൽ ഒന്നുമല്ല ഭർത്താവിന്റെ ജീവൻ..അത് കള “

അവൾ പിണങ്ങി തിരിഞ്ഞു. അവൻ ഒരു നിമിഷം നോക്കി നിന്നിട്ട് ചിരിയോടെ അവളെ തിരിച്ചു നിർത്തി

“ശരി സമ്മതിച്ചു. ഈ ഇത്തിരി പൊന്നിലാണ് അർജുന്റെ ജീവൻ. ഞാൻ എന്ത് ചെയ്തു തരണം അത് പറയ് “

“ഇത് ഈ മാലയിൽ കോർത്തു തരണം “

“അത്രേ ഉള്ളു?”

അവൻ അവൾ പറഞ്ഞത് പോലെ അത് ചെയ്തു കൊടുത്തു

“നീ ഇതിട്ടൊണ്ട് നടക്കാൻ പോവാണോ?”

അവൾ ഒന്ന് മൂളി

“അടിപൊളി. ഇട്ടോളൂ ഇട്ടോളൂ “

“പിന്നെ ഈ മോതിരം വീട്ടിൽ പിടിക്കും കേട്ടോ. എനിക്ക് കുഴപ്പമില്ല. എന്റെ അച്ഛനാണല്ലോ ഇത് നടത്തിയത്. എനിക്ക് ധൈര്യമായി ഇടാം “

അവൻ മോതിരത്തിൽ ഒന്ന് ചുണ്ടമർത്തി. അവൾ വിഷമത്തിൽ അത് നോക്കി നിന്നു

“അല്ലെ പിന്നെ ഒരു വഴിയുണ്ട്. ഇത് അങ്ങ് പറയാം. അപ്പൊ നമ്മൾ ഫ്രീ ആയിലല്ലെ?”

“ദേ എനിക്ക് ഭ്രാന്ത് പിടിക്കും. കേട്ടോ മിണ്ടരുത് ഒറ്റ അക്ഷരം “

അവൾ ഒരിടി വെച്ചു കൊടുത്തു. എന്നിട്ട് കട്ടിലിൽ പോയി ചമ്രം പടഞ്ഞിരുന്നു. മോതിരത്തിൽ നോക്കി

“ശോ..എന്താ ചെയ്ക അപ്പുവേട്ടാ. കഷ്ടം ഉണ്ട്. എനിക്ക് ഇത് ഇടണം. പേര് വെണ്ടയ്ക്ക മുഴുപ്പിൽ അർജുൻ എന്ന്. ഇപ്പൊ പേര് ഒന്നും ഫാഷൻ അല്ല. വേണ്ടാരുന്നു.”

“അയ്യടാ അവൾക്ക് അത് കുറച്ചിലായി പോയി. നിന്റെ മുഖം നെഞ്ചിൽ കൊണ്ട് നടക്കുന്ന എന്നോട് തന്നെ ഇത് പറയണം..”

“അതിപ്പോ ആരും കാണില്ലല്ലോ. ഇത് അങ്ങനെ ആണോ പൊട്ടാ?”

അവൻ പൊട്ടിച്ചിരിച്ചു

പിന്നെ വാത്സല്യത്തിൽ ആ മുഖം കയ്യിൽ എടുത്തു

“എന്റെ കൊച്ചിന് ഇത് ഇടണം “

“ഉം “

“നീ രാവിലെ കോളേജിൽ പോകുമ്പോൾ ഇട്ടോ രാത്രി വീട്ടിൽ വന്ന് ഊരി വെച്ചാ പോരെ “

“ഊരാൻ പാടില്ല. വെഡിങ് റിംഗ് ആണെന്ന് “

“അതിലുമുണ്ടോടി എന്റെ ജീവൻ?”

“പോ അവിടുന്ന്..അങ്ങനെ ഒക്കെ ഉണ്ട് “

“എന്റെ ദൈവമേ ഡോക്ടർ ആണ് ഡോക്ടർ…എനിക്ക് കിട്ടിയ രണ്ടെണ്ണം ഒരു പോലെ അന്ധവിശ്വാസം. അച്ഛൻ പിന്നെ കുറച്ചു പഴയ ആളാണെന്ന് പറയാം. നീയോ?”

“എന്നാ അപ്പുവേട്ടൻ അത് ഊരി വെച്ചേ. നോക്കട്ട്. വലിയ വർത്താനം പറയുവല്ലേ. ഊരി വെയ്ക്ക് “

“ഞാൻ എന്തിനാ ഊരുന്നത് എനിക്ക് പ്രശ്നം ഇല്ലല്ലോ. അതുമല്ല നല്ല മോതിരം..കിടന്നോട്ടെ “

“കള്ളൻ..”

“ഞാൻ ഇടും. ചോദിച്ച അപ്പുവേട്ടൻ തന്നതാണ് എന്ന് പറയും. അത്രല്ലേ ഉള്ളു “അവൾ തന്നെ പറഞ്ഞു

അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി

yes, അതാണ്. അങ്ങനെ വേണം താനും. അവൾ തന്നെ പറയണം. ഞാൻ കൃഷ്ണ അർജുന്റെ ഭാര്യ എന്ന്. ആ ധൈര്യം നിനക്ക് വരുന്ന ദിവസത്തിനാണ് മോളെ അർജുൻ കാത്തിരിക്കുന്നത്

കൃഷ്ണ, അർജുന്റെ ഭാര്യ…

അവൻ നിർവൃതിയോടെ അത് ഒന്നുടെ ഓർത്തു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *