ഷൈനി മോൾക്ക് വയറുവേദനയാണെന്ന് പറഞ്ഞു പീറ്റർ വിളിച്ചിരുന്നു. അവൾ മുറിയിൽ കിടന്നു ഭയങ്കര കരച്ചിലാണെന്ന് പറഞ്ഞു…

ശത്രുവിന്റെ മുഖപടം അണിഞ്ഞിരുന്നവൾ…
Story written by Nisha Pillai
======================

“എന്ത് പറ്റി ജെസ്സീ “

അമലയുടെ ചോദ്യം കേട്ടാണ് ജെസ്സി ചിന്തയിൽ നിന്നുണർന്നത്. അവളുടെ വലതു കയ്യിലിരുന്ന ഫോൺ വിറയ്ക്കുകയായിരുന്നു.

“ഷൈനി മോൾക്ക് വയറുവേദനയാണെന്ന് പറഞ്ഞു പീറ്റർ വിളിച്ചിരുന്നു. അവൾ മുറിയിൽ കിടന്നു ഭയങ്കര കരച്ചിലാണെന്ന് പറഞ്ഞു.”

“എന്നിട്ടു കൊച്ചിനെ ഡോക്ടറുടെ അടുത്ത് കൊണ്ടു പോയില്ലേ.”

“ഇല്ല, അയാള് അവളുടെ രണ്ടാനച്ഛനല്ലേ. അയാളിപ്പോൾ ഹാളിലെ ടീപ്പോയിൽ ഒരു കുപ്പിയും ഗ്ലാസും വെള്ളവുമായി ഇരുന്നു കാണും. അപ്പൻ സ്ഥാനം പേരിന് മാത്രമല്ലേ.”

“നീ പൊയ്ക്കോ ജെസ്സി, സാറിനോട് ഞാൻ പറഞ്ഞേക്കാം. ഞാൻ ഇന്ന് നിനക്ക് വേണ്ടി ഒരു മണിക്കൂർ കൂടി ഇരിക്കാം.”

“അയ്യോ നിന്റെ ഇരട്ട കുഞ്ഞികള് നിന്നെ കാണാതെ വിഷമിക്കില്ലേ, വീട്ടിൽ സഗ്മ പ്രശ്നമുണ്ടാക്കില്ലേ.”

“ഇല്ല ജെസ്സി പൊയ്ക്കോ, സഗ്മ, അയാളൊരു മലയാളി അല്ലാത്തത് കൊണ്ട് അങ്ങനെ ചില ഗുണങ്ങളുണ്ട്. ഈ നാഗന്മാർക്കു നന്നായി കുട്ടികളെ നോക്കാനറിയാം. പിന്നെ നല്ല പാചകവും. ഇടക്കൊന്നു ശ്രദ്ധിച്ചില്ലേൽ പ-ട്ടിയി-റച്ചിയും ആമയിറച്ചിയും ഒക്കെ വറുത്ത തീറ്റിക്കുമെന്നേയുള്ളു. നീ വേഗം  പൊയ്ക്കോ ജെസ്സി. ഇവിടത്തെ കാര്യം ഞാൻ മാനേജ് ചെയ്തോളാം.”

ജെസ്സി വീട്ടിലെത്തുമ്പോൾ പതിവു പോലെ പീറ്റർ ഹാളിലിരിക്കുന്നു. അയാളുടെ മുഖഭാവത്തിൽ നിന്ന് തന്നെ അയാളിപ്പോൾ മൂന്നാമത്തെ പെഗ്ഗിൽ എത്തിയെന്നവൾക്കു മനസിലായി. ഇനി അയാൾ പാടാൻ  തുടങ്ങും. പീറ്ററിനെ അവഗണിച്ചു ജെസ്സി ഷൈനി മോളുടെ മുറിയിലേയ്ക്കു നടന്നു.

അവൾ കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുകയാണ്. അവൾ അടിവയറു പൊത്തി പിടിച്ചു ജെസ്സിയെ നോക്കി വിതുമ്പി.

“മമ്മീ.”

ഷൈനി മോളെയും കൂട്ടി ടാക്സിയിൽ കയറുമ്പോൾ ജെസ്സിയുടെ മനസിലേയ്ക്ക് ചില ചിന്തകൾ കടന്നു വന്നു, ഇനി പീറ്ററെങ്ങാനും ഷൈനിമോളെ ഉപദ്രവിച്ചു കാണുമോ. കവിളിലേയ്ക്ക് ഒഴുകി വന്ന കണ്ണുനീർ ജെസ്സി ആരും കാണാതെ തുടച്ചു മാറ്റി.

പ്രശസ്തനായ ഫിസിഷ്യനെ കാണാനായി, നഗരത്തിലെ പേര് കേട്ട ആശുപത്രിയിലെ ഓ പിയിൽ ഇരുന്നു, വൈകുന്നേരമായിട്ടു കൂടി നല്ല തിരക്ക്. അവിടെ നിന്ന നേഴ്സിനോട് മകളുടെ വേദനയുടെ കാര്യം സൂചിപ്പിച്ചു.

സീനിയർ നഴ്സിനോട് പറഞ്ഞിട്ട് പെട്ടെന്ന് വിളിക്കാമെന്ന് ആ തമിഴ് നേഴ്‌സ് ഉറപ്പു നൽകി. 

ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങി വന്ന സീനിയർ നഴ്സിനെ കണ്ടു ജെസ്സി ഞെട്ടിപ്പോയി. എന്നും  തിരക്കേറിയ മെട്രോയിൽ വച്ച് കണ്ടു മുട്ടുന്ന ആ സ്ത്രീ. പരസ്യമായി അവളെ വഴക്ക് പറയുന്ന സ്ത്രീ. എന്താണ് ആ ദേഷ്യത്തിൻ്റെ കാരണം എന്ന് കൂടി അറിയില്ല.

അവരെ ആദ്യമായിട്ടാണ് നഴ്സിംഗ് വേഷത്തിൽ കാണുന്നത്. ഇവരിവിടെയാണോ ജോലി ചെയ്യുന്നത്. കണ്ടാൽ തീർച്ചയായും അവർ ജെസ്സിയെ തിരിച്ചറിയും, അവർക്കു ജെസ്സിയെ കാണുന്നത് തന്നെ ചതുർത്ഥിയാണ്. ചിലപ്പോൾ അവർ ഒടുവിലെ ഷൈനിമോളെ വിളിക്കൂ.

ഷൈനിമോൾ വേദന കൊണ്ട് ഞരങ്ങുകയാണ്. അത് കണ്ടു സീനിയർ നഴ്സിങ് അസിസ്റ്റന്റ് അവളുടെ അടുത്തേയ്ക്കു വന്നു.

“മോളെ പേടിക്കണ്ട. അടുത്തത് മോളെ അകത്തേയ്ക്കു വിളിക്കും. വേദന ഇപ്പോൾ മാറും.”

എന്നിട്ടു ജെസ്സിയുടെ നേരെ  തിരിഞ്ഞു ചോദിച്ചു.

“ഇത് ജെസ്സിയുടെ മകളാണോ.”

നിറഞ്ഞ കണ്ണുകൾ കൊണ്ട് ജെസ്സി അവരെ നോക്കി തലയാട്ടി. അപ്പോൾ ഇവർക്കെന്റെ പേരറിയാമോ. ഇവർക്കെന്നെ മെട്രോയിൽ വച്ച് കണ്ടിട്ടുള്ള പരിചയമല്ലാതെ മുൻപേ അറിയുമോ.

“അതെ, എന്റെ ഒരേയൊരു മകളാണ്.”

ഷൈനിമോളെ ഡോക്ടർ പരിശോധിച്ചിട്ട് സ്കാനിങ് ചെയ്യാൻ നിർദ്ദേശിച്ചു. നഴ്സിംഗ് അസിസ്റ്റന്റ് ആയ രണ്ടു പെൺകുട്ടികൾ ഷൈനിയെ ഒരു വീൽ ചെയറിലിരുത്തി സ്കാൻ ചെയ്യാനായി കൊണ്ട് പോയി. കൂടെ പോകാനായി മുതിർന്ന ജെസ്സിയെ സീനിയർ നഴ്സിംഗ് അസിസ്റ്റന്റ് തടഞ്ഞു.

“പേടിയ്ക്കണ്ട ജെസ്സി ഇവിടിരിക്കൂ, അവർ പോയിട്ട് വരും.”

“എന്റെ പേരെങ്ങനെ അറിയാം.”

“അറിയാം. ജെസ്സി, പീറ്ററിന്റെ രണ്ടാം ഭാര്യ. ആ കൊച്ചിന് എന്താ പറ്റിയത്, സ്കാൻ ചെയ്യുമ്പോൾ കണ്ടു പിടിക്കാം എന്നാലും സൂക്ഷിക്കണം. പീറ്റർ അവളുടെ രണ്ടാനച്ഛനല്ലേ. പെൺകുട്ടികളുടെ അമ്മമാർ രണ്ടാം വിവാഹം കഴിക്കുന്നത് ആത്മഹത്യാപരമാണ്. അവളെ വളർത്താൻ ജെസ്സിയ്ക്കൊരു ജോലിയുണ്ടായിരുന്നില്ലേ, പീറ്റർ ജെസ്സിക്കൊരു പ്രാരാബ്ധമല്ലേ .”

“ചേച്ചീ, അങ്ങനെ വിളിച്ചോട്ടെ ഞാൻ, എന്റെ അലക്സച്ചായൻ മരിക്കുമ്പോൾ എനിക്ക് ഇരുപത്തിമൂന്നു വയസായിരുന്നു. കൊച്ചിനെയും കൊണ്ട് ഈ വൻ നഗരത്തിൽ ഒരു വാടക വീടിനായി അലഞ്ഞ് നടന്നു. സിംഗിൾ പേരന്റിനു ചിലർ വീട് തരില്ല, ചെറുപ്പക്കാരിയായ വിധവ ആയതു കൊണ്ട് മലയാളികളടക്കം പുരുഷന്മാരുടെ ശല്യം വേറെയും. ഇടവകയിലെ കന്യാസ്ത്രീയുടെ ഉപദേശപ്രകാരമാണ് മുഴുകുടിയനാണെന്നറിഞ്ഞിട്ടും ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. അയാളെ കൊണ്ട് എനിക്കും മോൾക്കും ഒരു ഗുണവുമില്ല ദോഷവുമില്ല.”

“പണ്ടും അയാൾ അങ്ങനെ ആയിരുന്നു. ഗതികെട്ടാണ് എൻ്റെ സോഫിയ ആ- ത്മഹ- ത്യ ചെയ്തത്. പാവം എന്ത് ചെയ്യും വർഷങ്ങൾ കഴിഞ്ഞിട്ടും അവൾക്കൊരു കുഞ്ഞി കാല് കാണാനുള്ള ഭാഗ്യവും ഉണ്ടായില്ല. അവനവൾക്ക് സ്നേഹമോ സമാധാനമോ കൊടുത്തില്ല. അവളുടെ മനസ്സിൽ തീയായിരുന്നു. ആരോടെങ്കിലും ഒന്ന് തുറന്നു പറഞ്ഞിരുന്നുവെങ്കിൽ…ഒരു പക്ഷെ സോഫി ഇപ്പോഴും ജീവിച്ചിരുന്നേനെ.”

“ചേച്ചിയ്ക്ക് എല്ലാ കഥകളും അറിയാമല്ലേ.”

“അറിയാം, അലക്സിനെയും അറിയാം ജെസ്സിയെയും അറിയാം. ഞാൻ സൂസന്ന, സോഫി എന്റെ കുഞ്ഞനുജത്തിയായിരുന്നു. ഈ നഗരത്തിലേക്ക് ഞാനാണവളെ കൂട്ടി കൊണ്ട് വന്നത്. പീറ്ററിനു കെട്ടിച്ചു കൊടുത്തത്. ഇതുവരെ പീറ്ററിനോട് തോന്നിയ ദേഷ്യമൊക്കെ എനിക്ക് ജെസിയോടും തോന്നിയിരുന്നു. ഇപ്പോൾ എനിക്ക് ജെസ്സിയോട് നല്ല സ്നേഹം തോന്നുന്നു.”

അവർ ജെസ്സിയുടെ കൈ പിടിച്ചു മെല്ലെ തടവി.

“എന്നോട് ക്ഷമിക്കൂ ജെസ്സി.”

അപ്പോഴേക്കും സ്കാനിങ് കഴിഞ്ഞു ഷൈനി മടങ്ങി വന്നിരുന്നു. റിപ്പോർട്ട് പരിശോധിച്ചു ഡോക്ടർ സൂസന്നയ്ക്ക് എന്തൊക്കെയോ നിർദേശങ്ങൾ  നൽകി.

“പേടിയ്‌ക്കേണ്ട ജെസ്സി അവൾക്കു വൃക്കയിൽ ചെറിയ കല്ലുകളുണ്ട്. ഒരു ട്രിപ്പിടാം. മുടങ്ങാതെ മരുന്നും കഴിക്കണം. ധാരാളം വെള്ളവും കുടിയ്ക്കണം. വേദന മാറി കൊള്ളും .”

“അവൾക്കു പൊതു ശൗചാലയങ്ങൾ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് പകൽ വെള്ളം കുടി കുറവാണ് .”

“അതൊക്കെ തന്നെയാണ് ഈ പ്രശ്ശ്‌നങ്ങൾക്കു കാരണം. എന്തായാലും എന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു. ട്രിപ്പ് കഴിയുന്നത് വരെ ഞാൻ കാത്തിരിക്കാം. നമുക്ക് ഒന്നിച്ചു പോകാം.”

ഇന്ന് രാവിലെ വരെ കണ്ട് മുഖമല്ല സൂസന്നയ്ക്കിപ്പോൾ. ജെസ്സിക്കവരെ പേടിയായിരുന്നു. പലപ്പോഴും അഭിമുഖമായിട്ടുള്ള സീറ്റുകളില് ഇരുന്ന് യാത്ര ചെയ്യുമ്പോൾ സൂസന്നയിൽ കാണുന്ന വെറുപ്പിന്റെ ഭാവങ്ങൾ, ശത്രുതയുടെ കാരണം മനസ്സിലായപ്പോൾ ഒരിക്കലും അവരെ കുറ്റപ്പെടുത്താനാവില്ല എന്നവൾക്ക് തോന്നി.

സ്വസഹോദരിയുടെ ആ- ത്മഹത്യയ്ക്ക് കാരണക്കാരനായവൻ, അവൻ്റെ പുതിയ പങ്കാളി…അവരെ സംബന്ധിച്ചിടത്തോളം അതൊക്കെ പൊറുക്കാൻ കഴിയാത്ത കുറ്റമാണ്.

“ജെസ്സി നിന്റെ കൂടെ ഇപ്പോൾ പീറ്റർ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ നിന്നെ അവഗണിച്ചേനെ. അല്ല ദ്രോഹിച്ചേനെ. ഇന്ന് നീ ഓപിയിൽ വന്നിരുന്നപ്പോൾ ഞാൻ ജെസ്സിയെ അല്ല എൻ്റെ സോഫി മോളെയാണ് നിന്നിൽ കണ്ടത്.”

മെട്രോയിലിരുന്ന് സൂസന്ന പറയുന്നത് ജെസ്സി കേട്ട് കൊണ്ടേയിരുന്നു. സൂസന്നയുടെ മടിയിൽ കിടന്ന് മയങ്ങുന്ന ഷൈനി മോളുടെ തലയിൽ അവർ തടവി കൊണ്ടിരുന്നു.

“കർത്താവ് എനിക്കും ഒരു കുഞ്ഞിനെ തന്നില്ല. എന്ന് വെച്ച് ഞാൻ ചാവാനൊന്നും നടന്നില്ല. എനിക്കിപ്പോൾ ഒത്തിരി മക്കളുണ്ട്. വർഷം നാലഞ്ച് കുട്ടികളുടെ പഠന ചിലവ് ഞാൻ വഹിക്കും. അല്ലാതെ സമ്പാദിച്ച് വച്ചിട്ടെന്തിനാ…”

“ചേച്ചീ എന്ത് കൊണ്ടാണ് ഇതൊന്നും ഒരിക്കൽ പോലും എന്നോട് പറയാതിരുന്നത്.”

“എല്ലാത്തിനും ഒരു സമയമുണ്ടല്ലോ. ഇവളായിരിക്കും എല്ലാത്തിനും നിമിത്തം. പീറ്ററിനെ സഹിക്കാൻ വയ്യാതെ വരുമ്പോൾ നിനക്കും മോൾക്കും കയറി വരാൻ ഒരു വീടുണ്ട്. നിന്നെ കാത്തിരിയ്ക്കാൻ ഒരു കൂടപ്പിറപ്പുണ്ട് എന്ന് കരുതണം.”

സൂസന്ന യുടെ മുഖത്ത് വാൽസല്യം നിറഞ്ഞു. പല മനുഷ്യരേയും അടുത്തറിയുമ്പോഴാണ് അവരുടെ യാഥാർത്ഥ്യം തിരിച്ചറിയുന്നത്. മെട്രോ സ്റ്റേഷനിലിറങ്ങി രണ്ട് വഴിയ്ക്ക് നടക്കുമ്പോൾ ജെസ്സി മെല്ലെ തിരിഞ്ഞ് നോക്കി. കൈവീശി കൊണ്ട് അവരെ തന്നെ നോക്കി നിൽക്കുന്ന സൂസന്ന.

✍️നിഷ പിള്ള

Leave a Reply

Your email address will not be published. Required fields are marked *