ധ്രുവം, അധ്യായം 33 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ എഴുതി കൊണ്ടിരിക്കുന്നത് നോക്കിയിരുന്നു ദൃശ്യ.

“എടി നീ ഇതിങ്ങനെ എഴുതി കൂട്ടണ്ട. പ്രിന്റ് എടുത്ത പോരെ..?”

“പിന്നേ അതിന് കുറേ പൈസയാകും. ഇത് മതി എന്റെ കൈക്ക് കുഴപ്പം ഒന്നുമില്ലല്ലോ. പിന്നെ എന്താ?”

“ഉയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ..എഴുതിക്കോ എഴുതിക്കോ…”

കൃഷ്ണ ഒന്ന് പുഞ്ചിരിച്ചു

“കൃഷ്ണ…അർജുൻ ചേട്ടൻ എന്ത് പറയുന്നു?”

“ങ്ങേ..എന്നോടോ ബാലാ?”

“നീയല്ലേ ഹെഡ് ഓഫീസ്?”

“ഉം??”

“പുള്ളിയെ അവിടെ രണ്ടാഴ്ച ആയിട്ട് കാണാനില്ല അതാണ്‌ ചോദിച്ചത് “

“ചെന്നൈയിൽ പോയി “

“അത് പറ. എന്ന് വരും?”

“ഇന്ന് “

“അപ്പൊ മോള് ഇന്ന് നേരെത്തെ പോകും “

കൃഷ്ണ നാണത്തിൽ ഒന്ന് ചിരിച്ചു

“ഈ ഹോസ്പിറ്റലിൽ പോയി കാണുമ്പോൾ എന്ത് കിട്ടാനാ? ജസ്റ്റ്‌ ഒരു kiss എങ്കിലും വേണ്ടേ?”

“അയ്യേ കിസ്സോ..നീ എന്ത് വൃത്തികെട്ട വർത്താനം ആണ് ദൃശ്യേ പറയുന്നേ?”

കൃഷ്ണ ചൂടായി

“ദൈവമേ ഞാൻ kiss എന്ന് തന്നെ അല്ലെ പറഞ്ഞത്? വേറെ ഒന്നുമല്ലല്ലോ. അത് ഇത്രയ്ക്കും വലിയ വൃത്തികെട്ട കാര്യം ആണോ?” ദൃശ്യ അമ്പരപ്പോടെ ചോദിച്ചു പോയി

“വൃത്തികെട്ട കാര്യം ആണ്. ഞാൻ അത്തരക്കാരി നഹി ഹേ”

“അത് ok. നീ നല്ലവൾ ഹേ. പക്ഷെ അർജുൻ ചേട്ടൻ കാസനോവ ആണല്ലോ. കക്ഷി നിന്നെ kiss ചെയ്യില്ല എന്ന് വേറെ വല്ല മരപ്പൊട്ടൻമാർ വിശ്വസിക്കും ഞാൻ വിശ്വസിക്കില്ല. അതും നിന്നെ പോലൊന്നിനെ കിട്ടിട്ട് പൂജിച്ചോണ്ടിരിക്കുമോ അങ്ങേര്?”

“അയ്യേ അയ്യേ എടി സ്വന്തം ചേട്ടനെ കുറിച്ചാണോ പറയുന്നേ മോശം മോശം…അപ്പുവേട്ടൻ അങ്ങനെ ഒന്നുമല്ല “

“എന്താ എന്താ വിളിച്ചത്?”

കൃഷ്ണ കള്ളച്ചിരി ചിരിച്ചു

“അപ്പുവേട്ടൻ “

“ഇതെന്ന ഈ വിളി തുടങ്ങിയേ?”

“ഫ്ലാറ്റിൽ പോയില്ലേ?അന്നുണ്ടല്ലോ എന്നോട് പറഞ്ഞു വേറെ എന്തെങ്കിലും വിളിക്കാൻ. അമ്മ അപ്പു എന്നാ  വിളിച്ചിരുന്നെന്ന് പറഞ്ഞിട്ടുണ്ട്. അപ്പൊ എനിക്ക് ആ പേര് ഇഷ്ടായി നല്ല പേര്..അതാണ്‌ അങ്ങനെ വിളിക്കാൻ തീരുമാനിച്ചത് “

“അനു ആന്റി അപ്പൂ എന്ന് വിളിക്കുന്നത് എത്ര ക്യൂട്ട് ആയിട്ടാണെന്നോ. എന്ത് സ്നേഹം ആയിരുന്നു ന്നൊ എല്ലാരോടും. കൃഷ്ണ ഞാൻ പലപ്പോഴും വിചാരിക്കും പറയണമെന്ന് ട്ടോ..നിനക്ക് ആന്റിയുടെ ഒരു ഛായ ഉണ്ട്. നിന്റെ മുടി പോലെയായിരുന്നു ആന്റിയുടെ മുടി. അരക്കെട്ട് കവിഞ്ഞു കിടക്കുന്ന മുടി..ഏകദേശം നിന്റെ മുഖത്തിന്റെ ഒരു shape ഒക്കെയാ..കണ്ണുകൾ എവിടെ ഒക്കെയോ അതുണ്ട്. പിന്നെ നിന്നെ പോലെ ഒരു പാവാ ആളും..ഒരു പക്ഷെ അർജുൻ ചേട്ടൻ അത് കൊണ്ടാവും ഇത്രയും പെട്ടെന്ന് നിന്നോട് അടുത്ത് പോയത് “

അത് കൃഷ്ണയ്ക്ക് പുതിയ അറിവായിരുന്നു. അർജുൻ അത് ഒന്നും അവളോട് പറഞ്ഞിട്ടില്ല

അനുപമ യുടെ ഫോട്ടോ ഒരിക്കൽ അവൾ കണ്ടിട്ടുണ്ട്. അന്ന് ആയിരുന്നു വഴക്ക്. പിന്നെ കണ്ടിട്ടില്ല

“ടി..ഫ്ലാറ്റിൽ വെച്ച് ഒന്നും നടന്നില്ലേ?”

കൃഷ്ണ കണ്ണ് മിഴിച്ചു

“എന്തോന്ന്?”

“രണ്ടു ദിവസം ഫ്ലാറ്റിൽ രാവും പകലും ഉണ്ടായിട്ട് ഒന്ന് പോലും നടന്നില്ലേ ന്ന്?”

“വൃത്തികെട്ടവളെ നിനക്കി ഒറ്റ ചിന്തേ ഉള്ളോ. ആണും പെണ്ണും ഒന്നിച്ചൊരു സ്ഥലത്ത് ഇരുന്ന ഉടനെ അ- വി-ഹിതം.  ഇയ്യെ..ശീ..”

“എന്ത് ശീ ഇതൊക്കെ ബയോളജിക്കൽ നീഡ് ആണെന്ന് കരുതുന്ന ഒരുത്തന്റെ കൂടെയാ മോള് ഉണ്ടായിരുന്നെ “

“പോടീ.എന്റെ അപ്പുവേട്ടൻ അങ്ങനെ ഒന്നുമല്ല. അങ്ങനെ ഒന്നും നോക്കിട്ട് കൂടില്ല. നീ പറയുന്ന പോലെ പുള്ളി അങ്ങനെ ഒക്കെ ഉള്ള ഒരാളാണെന്ന് എനിക്ക് വിശ്വസിക്കാൻ വയ്യ “

“ഇപ്പൊ എങ്ങനെ ഇരിക്ക്ണ്..ഞാൻ ആരായി?’

“ഇല്ല ദൃശ്യ. എന്നെ ഉമ്മ വെച്ചിട്ട് കൂടിയില്ല സത്യം. ചേർത്ത് പിടിച്ചിട്ടുണ്ട്. അത് സത്യാ. അത് ഞാൻ കരഞ്ഞപ്പോഴാ. അല്ലാണ്ട് ദൂരെ ഇരിക്കുകയെ ഉള്ളു
കയ്യിൽ പോലും പിടിക്കില്ല. ഞാൻ ആണ് ചിലപ്പോൾ സങ്കടം വരുമ്പോൾ കെട്ടിപിടിച്ചു കരയുക. അപ്പൊ ഒന്ന് ചേർത്ത് പിടിച്ചു തലമുടിയിൽ തലോടും അത്രേ തന്നെ “

“തലമുടിയിൽ തലോടുമെന്നോ..അയ്യേ unromantic fellow..അങ്ങേര് കൊള്ളൂല്ല കേട്ടോ. നമുക്ക് വേണ്ട..നീ കെട്ടിപിടിച്ചു നിൽക്കുമ്പോൾ തലോടിയിട്ട് പോകും അല്ലെ?”

“ആന്ന് സത്യം ഞാൻ എന്തിനാ കള്ളമൊക്കെ പറയുന്നേ അതും നിന്നോട്? “

“എടി അവന്റെ ശേഷി പോയ?”

കൃഷ്ണ പൊട്ടിച്ചിരിച്ചു കൊണ്ട് അവൾക്കിട്ട് ഒന്ന് കൊടുത്തു

“പറയാൻ പറ്റില്ല..ചിലപ്പോൾ പോയി കാണുമോ?”

“അയ്യേ..എന്തൊക്കെയാ പറയുന്നെന്നു നോക്ക്.”

“എന്നാലും തലമുടിയിൽ മാത്രം തൊട്ടിട്ട് പോകുമെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല കേട്ടോ…”

“എന്റെ കൃഷ്ണൻ സത്യം എന്നെ ഉമ്മ പോലും വെച്ചിട്ടില്ല “

ദൃശ്യ കണ്ണും മിഴിച്ചിരുന്നു

“എന്റെ ഈശ്വര..ഇങ്ങേര് ഈ പെണ്ണിനെ വെറുതെ കണ്ടോണ്ട് ഇരുന്നോ..ഇവള് പറയുന്നത് കൊണ്ട് മാത്രം ഞാൻ വിശ്വസിച്ചു. ഇല്ലെ ഞാൻ വിശ്വസിക്കില്ല ട്ടോ..അതേയ് അർജുൻ ചേട്ടനാ..അതോണ്ടാ.. എനിക്ക് ഡൌട്ട്. എന്റെ ഗോവിന്ദ് ചേട്ടൻ ആയിരുന്നു എങ്കിൽ ഞാൻ കണ്ണും പൂട്ടി വിശ്വസിച്ചു പോയേനെ “

“പുള്ളിക്ക് ലൈൻ ഒന്നുമില്ലേ?”

“ആർക്ക് ഗോവിന്ദ് ചേട്ടനോ?”

“ആം “

“സെക്കന്റ്‌ ഇയറിലോ മറ്റൊ ഒരു അടുപ്പം ഉണ്ടാര്ന്നു. കൂടെ ഉള്ള ഒരു കൊച്ചുമായിട്ട്. പിന്നെ ബ്രേക്ക്‌ അപ്പ് ആയി. റീസൺ അറിഞ്ഞൂടാ. അവർ നല്ല ഫ്രണ്ട്സ് ആണ് ഇപ്പൊ. പിന്നെ ഒന്നും കേട്ടിട്ടില്ല “

കൃഷ്ണ തലയാട്ടി

ഗോവിന്ദിനു അവളോട് ഇഷ്ടം ഉണ്ടെന്ന് ദൃശ്യ പറഞ്ഞില്ല. അതവൾ ഊഹിച്ചെടുത്തതാണ്. ഇനി പറഞ്ഞിട്ടും കാര്യമില്ല താനും

അവൾക്ക് അർജുൻ ചേട്ടനെയാ ഇഷ്ടം. അവൾ കൃഷ്ണ എഴുതി കൊണ്ട് ഇരിക്കുന്നത് നോക്കിയിരുന്നു

ഉച്ചക്ക് കൃഷ്ണ പോയി

അർജുൻ ജനാലയ്ക്കൽ നിൽക്കുന്നുണ്ടായിരുന്നു. അവൾ ബസ് ഇറങ്ങി മുകളിലേക്ക് നോക്കി. അവൾ ഓടി വരുന്നത് അവൻ കണ്ടു. ഉള്ളിൽ ഒരു തിരമാല വന്നടിച്ചു

അവൻ ലിഫ്റ്റിന്റെ മുന്നിൽ വന്നു നിന്നു. ലിഫ്റ്റിൽ അവൾ മാത്രം. അത് തുറന്നവൾ ഓടി വന്നവനെ ഇറുകെ കെട്ടിപിടിച്ചു. അർജുൻ ചുറ്റും നോക്കി പോയി. ഭാഗ്യം ആരുമില്ല. കൃഷ്ണ മുഖം ഉയർത്തി

അവൻ ആ ശിരസ്സിൽ ഒന്ന് തലോടി

“ക്ഷീണിച്ചോ കുറച്ച്?”

“ഉം നന്നായി ക്ഷീണിച്ച്..കുറച്ചു ഗ്ളൂക്കോസ് കൊടുക്ക് അർജുൻ “

ദൈവമേ ഡോക്ടർ ദുർഗ. കൃഷ്ണ പെട്ടെന്ന് അകന്ന് നിന്നു

“ആൾക്കാരെ കൊണ്ട് പറയിക്കാതെ മുറിയിൽ പോ രണ്ടാളും “

അർജുൻ മെല്ലെ ഒന്ന് ചിരിച്ചു. പിന്നെ അവളെ കൂട്ടി മുറിയിൽ പോയി

“അയ്യേ ഡോക്ടർ കണ്ടു “

“നീ പിന്നെ അന്തവും കുന്തവും ഇല്ലാതെ പരസ്യമായി കെട്ടിപ്പിടിച്ചാ ആൾക്കാർ കാണില്ലേ?”

“അപ്പൊ ഞാൻ ഇനി കെട്ടിപ്പിടിക്കുന്നില്ല “

അവൾ മുഖം വീർപ്പിച്ചു

“അങ്ങനെ പറയരുത്…ഇങ്ങോട്ട് നോക്കിക്കേ എന്റെ കുഞ്ഞാവ.”

“വേണ്ട പോ “

“എടി.നീ കെട്ടിപിടിച്ചൊ.. ആര് കണ്ടാൽ എന്താ.. ഉം? ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണല്ലേ. നീ ധൈര്യമായി പിടിച്ചോ “

കൃഷ്ണ ഒന്ന് ചിരിച്ചു

അവൻ അവളെ ഉയർത്തി മേശമേൽ ഇരുത്തി

“എന്റെ കൊച്ച് പറ. ഇവിടെ എന്തൊക്കെയാ വിശേഷം?”

കൃഷ്ണ ആ മുഖത്ത് കൈകൾ അർപ്പിച്ചു. കണ്ണുകളിലേക്ക് നോക്കി. വിരലുകൾ കൊണ്ട് മൂക്കിൽ ഒന്ന് തൊട്ടു

അത് ചുണ്ടിൽ വന്നു നിന്നു

“കൊറേ സി- ഗരറ്റ് വലിച്ചു”

അർജുന്റെ ഉള്ളു പിടയ്ക്കുന്നുണ്ടായിരുന്നു
തന്റെ നിയന്ത്രണം പോകുമോ എന്നവൻ പേടിച്ചു. ചിലപ്പോൾ ഒറ്റവലിക്ക് അടക്കിപ്പിടിച്ച് ഒരുമ്മ കൊടുത്തു പോകും. അവൻ ആ വിരൽ പിടിച്ചു മാറ്റി

“വലിച്ചോ, ഇല്ലേ?”

“കുറച്ച് “

അവൾ കൈ എടുത്തു മണത്തു നോക്കി

“ഇപ്പൊ കൂടെ വലിച്ചു “

“പോടീ..” കൃഷ്ണ ആ കൈ വിരലിൽ ഒന്ന് കടിച്ചു

“നോവുന്നടി..നീ എന്തോന്ന് ഇത് കാണുമ്പോൾ തുടങ്ങും ഉപദ്രവം,

കൃഷ്ണ ചിരിച്ചു

“ആരെങ്കിലും വേണ്ടേ അതിന്?”

“അത് കറക്റ്റ്..നിനക്ക് ഒരു സാധനം തരാം”

അവൻ ഒരു പാക്കേറ്റ് കൊടുത്തു
നല്ല ഒരു പേഴ്‌സ്. നിറയെ അറകൾ ഉള്ള ഭംഗിയുള്ള ഒന്ന്. അവൻ തന്നെ ബാഗിൽ നിന്ന് പേനയും മൊബൈലും അതിനുള്ളിൽ വെച്ച് കൊടുത്തു. അവൾക്ക് അത് ഇഷ്ടായി

“ഇതെന്താ കാശ്?”

അതിനുള്ളിൽ കുറച്ചു നോട്ടുകൾ കണ്ട് അവൾ ചോദിച്ചു

“പേഴ്സ് കൊടുക്കുമ്പോൾ വെറുതെ കൊടുക്കാൻ പാടില്ല അത് കൊണ്ടാണ് തെറ്റിദ്ധരിക്കണ്ട “

കൃഷ്ണ ഒന്ന് നോക്കി. പിന്നെ നൂറു രൂപ എടുത്തിട്ട് ബാക്കി അവന്റെ പോക്കറ്റിൽ വെച്ചു

“ഇത് മതി. എന്തെങ്കിലും വെച്ച പോരെ?

അർജുൻ കുറച്ചു നേരം അവളെ നോക്കി നിന്നു. അവൻ പിണങ്ങിയത് പോലെ അവൾക്ക് തോന്നി

“അപ്പുവേട്ടാ നോക്ക് അതൊന്നും വേണ്ട..”

“ഞാനാരാ നിന്റെ”

“എന്റെ അപ്പുവേട്ടൻ “

“പിന്നെ എന്താ വാങ്ങിച്ചാല്?”

“എന്തിനാ അത്? അല്ലെങ്കിൽ തന്നെ രണ്ടാഴ്ച വൈകുന്നേരം വന്ന് ഇരുന്നതിന് മുപ്പതിനായിരം അക്കൗണ്ട്ൽ വന്നിട്ടുണ്ട് ഞാൻ കണ്ടു..”

“അത് നീ ജോലി ചെയ്ത കാശ് ആണ് “

“അയ്യടാ കൊള്ളാല്ലോ. രണ്ടാഴ്ച പഞ്ചാര അടിച്ചതിനു ഇത്രയും രൂപ?”

അവൻ ചിരിച്ചു

“എന്റെ പെണ്ണാ നീ. എനിക്ക് തോന്നിയ പോലെ ഞാൻ ചെയ്യും. അതിൽ നീ കണക്ക് വെയ്ക്കരുത്. ചോദിക്കരുത് പറയരുത്. എനിക്ക് അതിഷ്ടമല്ല കൃഷ്ണ “

“എനിക്ക് ഇതും ഇഷ്ടം അല്ല. വെറുതെ കാശ് തരണത്..കാശ് മനുഷ്യന്മാരെ തമ്മിൽ തെറ്റിക്കും “

“ഓ പിന്നെ…എന്റെ മുഴുവനും നിനക്കല്ലേ..അപ്പോഴോ?”

കൃഷ്ണയുടെ കണ്ണ് നിറഞ്ഞു പോയി

“എനിക്ക്. അങ്ങനെ ഒന്നും വേണ്ട. അപ്പുവേട്ടൻ കൂടെ ഉണ്ടായ മതി..പണത്തിന്റെ കാര്യം ഒന്നും എന്നോട് പറയരുത്..പേടിയാ എനിക്ക്..”

“ok ശരി. പറയുന്നില്ല. മോള് പറ. ക്യാമ്പ് തീർന്നോ?”

“ഇല്ല. നാളെ കൂടി ഉണ്ട്. അന്ന് പോയിട്ട് പിന്നെ പോയില്ല. നാളെ ഒന്ന് പോയ കൊള്ളാം ന്നുണ്ട്
അന്ന് പോയില്ലേ..അത് നല്ല എക്സ്പീരിയൻസ് ആയിരുന്നു. കുറേ പാവങ്ങൾ ഉണ്ട് ട്ടോ മെഡിക്കൽ കെയർ കിട്ടാതെ പാവം. ഇവിടെ ഒരു ദുഷ്ടൻ ഉണ്ട്
കാശ് ഉണ്ടെങ്കിൽ മാത്രേ ട്രീറ്റ്മെന്റ് കൊടുക്കുള്ളു. പാവങ്ങൾ എന്ത് ചെയ്യും?”

“അതിനല്ലേ ഗവണ്മെന്റ് ഹോസ്പിറ്റൽ?”

“അവിടെ എല്ലായിടത്തും വലിയ ഫെസിലിറ്റി ഒന്നുമില്ലലോ. അതോണ്ടല്ലേ ഒരു അത്യാവശ്യം വരുമ്പോൾ പ്രൈവറ്റ് ഹോസ്പിറ്റലിൽ വരണത്. തീരെ പാവങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്തൂടെ അപ്പുവേട്ടാ?”

അർജുൻ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി

“നിനക്ക് ഞാൻ ഒരു ഓപ്ഷൻ തരാം കൃഷ്ണ. ആലോചിച്ചു പതിയെ തീരുമാനിച്ച മതി. നീ എം ബി ബി എസ് കഴിഞ്ഞു ജനറൽ മെഡിസിനിൽ എം ഡി ഇവിടെ ചെയ്യുക. എന്നിട്ട് ഇവിടെ ജോയിൻ ചെയ്യുക. ഈ ഹോസ്പിറ്റലിന്റെ ചെയർമാന്റെ കസേര നിനക്കുള്ളതാ. നിനക്ക് തീരുമാനിക്കാം ഈ ഹോസ്പിറ്റലിൽ എങ്ങനെ എന്ത് വേണമെന്ന് പൂർണ അധികാരം തന്നേക്കാം. ഞാൻ ഇടപെടില്ല. നീ പറയും പോലെ bpl കാർഡ് ഉള്ളവർക്ക് ഡിസ്‌കൗണ്ട് കൊടുക്കാം. തീരെ നിവൃത്തി ഇല്ലാത്തവർക്ക് ഫ്രീ ആയിട്ട് സർജറി ചെയ്യാം, ഒക്കെ നിന്റെ ഇഷ്ടം. ഒറ്റ കണ്ടീഷൻ ലൈഫ് ലോങ്ങ്‌ നീ ഇവിടെ ജോലി ചെയ്യണം..ഈ ഹോസ്പിറ്റലിൽ. ഗവണ്മെന്റ് സർവീസ് പറ്റില്ല. വേറെ ഒരിടത്തും ഒരിക്കലും പോകാൻ ഞാൻ സമ്മതിക്കില്ല. നിനക്ക് സമ്മതമാണെങ്കിൽ ഞാൻ അത് ചെയ്യാം. എന്ത് പറയുന്നു?”

കൃഷ്ണ അന്തം വിട്ട് അവനെ  നോക്കി. അവൻ പതിയെ അവളുടെ മുഖം അവന്റെ കൈകളിൽ എടുത്തു

“അർജുന്റെ ഭാര്യയായിട്ട് മതി..ഉം?”

അവൾ ആ കണ്ണുകളിൽ നോക്കി മയങ്ങിയെന്ന പോലെ ഇരുന്നു

“എന്നും എപ്പോഴും കാണാനാ. അങ്ങനെ വിചാരിച്ചാൽ മതി..”

അവൻ വിരൽ കൊണ്ട് ആ കവിളിൽ മെല്ലെ വരഞ്ഞു. അവന്റെ ശ്വാസം അവളുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. അവന്റെ വിരലുകൾ ചുണ്ടിൽ വന്ന് നിന്നു

“പറയ്…അർജുന്റെ പെണ്ണല്ലേ  നീ?”

കൃഷ്ണ ദീർഘമായി ശ്വാസം എടുത്തു

“പേടിയുണ്ടോ? “അവൻ ചുണ്ടുകളിൽ വിരൽ അമർത്തി

അവൾ മെല്ലെ കണ്ണടച്ച് തുറന്നു

“പിന്നെ എന്താ തോന്നുന്നേ ഇപ്പൊ?”

ആ ശബ്ദം അടച്ചു. മുഖം തൊട്ടടുത്താണ്. തിളങ്ങുന്ന കണ്ണുകൾ. പൊള്ളുന്ന ശ്വാസക്കാറ്റ്. കൃഷ്ണയുടെ നെഞ്ചു ശക്തിയായി മിടിച്ചു. അവന്റെ കണ്ണുകൾ പാതി അടഞ്ഞിരുന്നു

“എപ്പോഴും എന്റെ ഒപ്പമുണ്ടാകുന്നത് ഇഷ്ടമല്ലേ?”

അവളുടെ മുഖം രക്തനിറമായി

“എന്റെ കൃഷ്ണയല്ലെ?”

അർജുൻ അവളുടെ കാതിൽ ചുണ്ടുകൾ ചേർത്തു. കൃഷ്ണയ്ക്ക് താൻ ബോധം കെട്ട് വീണു. പോകുമെന്ന് തോന്നി. അവൾ മെല്ലെ മുഖം താഴ്ത്താൻ ശ്രമിച്ചു

“ഇങ്ങോട്ട് നോക്ക്. എന്റെ കണ്ണിലേക്ക് “

അവൻ അവളുടെ മുഖം ഉയർത്തി

“പറയ്.. എന്നെ വിട്ട് പോവോ എന്നെങ്കിലും?”

അവൾ ഇല്ല എന്ന് തല ചലിപ്പിച്ചു

“എന്നും കൂടെയുണ്ടാകും?”

“ഉം “

“സത്യം”

“സത്യം “

അവൻ മെല്ലെ പിന്നിലേക്ക് മാറി കസേരയിൽ ഇരുന്നു. കൃഷ്ണ പതിയെ ശ്വാസം എടുത്തു. അർജുൻ കൃഷ്ണയേ തന്നെ നോക്കിയിരിക്കുകയായിരുന്നു

തുടുത്തു ചുവന്ന്…മുഖം കടും ചുവപ്പ്. നെഞ്ചു മിടിക്കുന്നത് കാണാം. ആള് വിയർത്തു നനഞ്ഞു

അവൻ തൂവാല എടുത്തു ആ മുഖം ഒപ്പി

“എന്റെ കൊച്ച് എന്തിനാ പേടിക്കുന്നെ? ഉം”

കൃഷ്ണ അവനെ തന്നെ നോക്കിയിരുന്നു. അവൾക്ക് തലച്ചോർ പ്രവർത്തിക്കുന്നില്ലന്ന് തോന്നി. സർവ്വം ശൂന്യം. ഒന്നുമില്ല. ഭാരമേതുമില്ല.

അർജുൻ നേർത്ത ചിരിയോടെയവളെ നോക്കിക്കൊണ്ടിരുന്നു

“കൃഷ്ണ?”

“ഉം “

“എന്തെങ്കിലും പറയ് “

അവൾ എന്തോ പറയാൻ ഭാവിച്ചിട്ട് സാധിക്കാതെ ദയനീയമായി അവനെ നോക്കി

അർജുൻ പോയി ഒരു ഗ്ലാസ്‌ വെള്ളം കൊണ്ട് കൊടുത്തു. ഒറ്റ വലിക്ക് കുടിച്ചു തീർത്തിട്ട് അവളവനെ നോക്കി

അവൻ ചിരിച്ചു പോയി

“എന്റെ കൊച്ചിനെന്തു പറ്റി?”

കൃഷ്ണ അവന്റെ നെഞ്ചിലേക്ക് ചാരി..

“ഇങ്ങനെ ഒക്കെയാ പ്രേമമെങ്കിൽ ഞാൻ ച- ത്തു പോം.”അവൾ മെല്ലെ പറഞ്ഞു

അവൻ ഉറക്കെ ചിരിച്ചു പോയി
ചിരിച്ചു ചിരിച്ചു അവന് വയറ് വേദനിച്ചു

“ചിരിച്ചോ ദുഷ്ട..ഞാൻ ഇനി ഇങ്ങോട്ട് വരത്തില്ല നോക്കിക്കോ. ദൈവമേ എനിക്ക് ഹെർട്ട് അറ്റാക്ക് വരും..”

അർജുൻ അവളുടെ മുഖം വാത്സല്യത്തോടെ ചേർത്ത് പിടിച്ചു

“എന്നെ കാണാതിരിക്കാൻ പറ്റുമോ കൃഷ്ണ?”

“ദേ വീണ്ടും. ഇന്ന് മതി ഇന്നത്തെ കോട്ടാ കഴിഞ്ഞു. നോ. പ്രേമം “

അവൾ തല കുടഞ്ഞു

ഹൂ

അവൻ വീണ്ടും ഉറക്കെ ചിരിച്ചു കൊണ്ടവളെ ചേർത്ത് പിടിച്ചു

തുടരും…