ധ്രുവം, അധ്യായം 36 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ ചെല്ലുമ്പോൾ ജയറാം എന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്.

“കൂയ് അസാധ്യ വായനയാണല്ലോ. പുതിയ ബുക്ക്‌. ആണോ “

“ഭഗവത് ഗീതയാ മോളെ “

അദ്ദേഹം അത് മടക്കിയവളോട് ഇരിക്കാൻ പറഞ്ഞു

“പറയ് വിശേഷങ്ങൾ?”

“എക്സാമൊക്കെ തീർന്നു. നാലാമത്തെ വർഷം ക്ലാസ്സ്‌ തുടങ്ങി.”

“മോള് അടുത്ത ഞായറാഴ്ച ഫ്രീ ആവണം. തൃശൂർ ഉള്ള നമ്മുടെ ഹോസ്പിറ്റലിന്റെ ഉത്ഘാടനം ആണ്. വീട്ടിൽ ചോദിച്ചിട്ട് തലേന്ന് തന്നെ വരണം. ദൃശ്യയുണ്ട് ബോർ അടിക്കില്ല ട്ടോ “

“ഞാൻ….വീട്ടിൽ അത്രേം ദൂരമൊന്നും വിടില്ല അങ്കിൾ. ഞാൻ ഇത് വരെ ഈ ജില്ല വിട്ടേങ്ങും പോയിട്ടില്ല. ഇവിടെ തന്നെ മര്യാദക്ക് പോയിട്ടില്ല “

അവൾ ചിരിച്ചു

“ഞാൻ മനുവിനെ വിളിച്ചു പറയാം”

അവൾ തലയാട്ടി

“നിയെപ്പോ വന്നു?”

വാതിൽ തുറന്ന് അർജുൻ

“ഇപ്പൊ “

“പോയ കാര്യം എന്തായി?” ജയറാം ചോദിച്ചു

“done ” അവൻ അങ്ങനെ പറഞ്ഞിട്ട് മുറി വിട്ട് പോയി

“മിനിസ്റ്ററെ കാണാൻ പോയതാണ്”

അവൾ തലയാട്ടി

“ഞാൻ പോട്ടെ അങ്കിളേ..”

“ശരി വരണം ട്ടോ “

“അവൾ പുഞ്ചിരിച്ചു. അർജുന്റെ മുറിയിൽ ആളുണ്ടായിരുന്നത് കൊണ്ട് അവൾ ജനാലയിലൂടെ പുറത്ത് നോക്കി വെറുതെ നിന്നു. ഫോൺ ശബ്ടിച്ചപ്പോ അവൾ എടുത്തു

“അകത്തു വാ ” കാൾ കട്ട്‌ ആയി

മുറിയിൽ ഉള്ളവർ പോയിക്കഴിഞ്ഞു. അവൾ പുഞ്ചിരിയോടെ അവന്റെ മുന്നിലെ കസേരയിൽ പോയി ഇരുന്നു. അവൻ കുറച്ചു നേരം അവളെ നോക്കിയിരുന്നു

“എന്താ അപ്പുവേട്ടാ?”

അവൻ ഒന്നുമില്ല എന്ന് കണ്ണടച്ച് കാട്ടി

“നീ തലേന്ന് തന്നെ വരില്ലേ?”

“അങ്കിൾ ഏട്ടനെ വിളിച്ചു പറയാമെന്നു പറഞ്ഞു. ഏട്ടൻ സമ്മതിക്കില്ല. ഞാൻ അങ്ങനെ ഇത് വരെ ദൂരെയൊന്നും പോയിട്ടില്ല “

“ഇനി പോകേണ്ടി വരില്ലേ”

“അപ്പൊ ഞാൻ കുറച്ചു കൂടി വലുതാവില്ലേ?”

ആ മുഖം കണ്ടവൻ ചിരിച്ചു പോയി

“എന്റെ കുഞ്ഞാവ…”

ആ കണ്ണുകളിൽ നോക്കി അർജുൻ മെല്ലെ പറഞ്ഞു. എപ്പോഴും എന്ന പോലെ കൃഷ്ണയുടെ ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടായി. അവളുടെ മിഴികൾ പിടഞ്ഞു താണു

“കൃഷ്ണ…” കൃഷ്ണ തലയുയർത്തി

“എന്താ?”

“ഊഹും. ദൃശ്യയോട് പറയേണ്ടി വന്നു “

“എന്ത് “

അവന്റെ ചുണ്ടിൽ ഒരു കുസൃതിചിരി

“അർജുൻ സർ അപ്പുവേട്ടൻ ആയത് “

ഒരു മുഴുവൻ നിമിഷവും അവൻ അങ്ങനെ തന്നെ ഇരുന്നു

“എന്നിട്ട് അവൾ എന്ത് പറഞ്ഞു?”

“ഡയലോഗ് മാത്രേ ഉള്ളോ, അതോ സീരിയസ് ആണോന്ന് ചോദിച്ചു “

“ഓഹോ എന്നിട്ടോ?”

“ഞാൻ പറഞ്ഞു എനിക്ക് അറിഞ്ഞൂടാ. ഞാൻ ഇത് വരെ ഒന്നും പറഞ്ഞിട്ടില്ലന്ന് “

“അത് ശരി അപ്പൊ എന്റെ കുഞ്ഞാവയ്ക്ക് ഇത് സീരിയസ് ആണോന്ന് അറിയണം. അതോ ചുമ്മാ ഡയലോഗ് അടിച്ചിട്ട്  അർജുൻ അങ്ങ് സ്വന്തം വഴിക്ക് പോവോ. നിന്നെ ഫ്രീ ആക്കി വിടുമോന്ന് അറിയണം. “

കൃഷ്ണ ഒരു കൈ കൊണ്ട് കണ്ണ് പൊത്തി

“എടി ഇങ്ങോട്ട് നോക്ക്..ഇങ്ങോട്ട് നോക്കാൻ “

അവൾ കൈ മാറ്റി

“you are locked…” അവൻ കൃഷ്ണയുടെ മിഴികളിൽ നോക്കി ഉറച്ച സ്വരത്തിൽ പറഞ്ഞു. കൃഷ്ണ അമ്പരപ്പോടെ അവനെ നോക്കിപ്പോയി. അവൻ നേർത്ത ഒരു ചിരിയോടെ അവളെ നോക്കി

“എന്റെയാ എന്ന് അർജുൻ പറഞ്ഞിട്ടുണ്ടെങ്കിൽ നീ ജീവിതകാലം മുഴുവൻ എന്റെയാ എന്നാണ്. അല്ലാതെ അത് സിനിമ ഡയലോഗല്ല. ഞാൻ നിന്റെയും. നിന്റെ മാത്രം. മനസ്സിലായോ?”

കൃഷ്ണയുടെ ഉള്ളു പിടച്ചടിച്ചു

“നിനക്ക് എന്താ അതിനെ കുറിച്ച് അഭിപ്രായം?”

“ഏതിനെ കുറിച്ച്?”

“അർജുന്റെ കൂടെ ജീവിക്കുന്നതിനെ കുറിച്ച് “

“ഇനി എത്രയോ അറിയാനിരിക്കുന്നു…എത്ര നാളുകൾ?”

“അപ്പൊ അത് തീരുമാനം ആയിട്ടില്ല?”

“ഇല്ല.” അവൾ മന്ദഹസിച്ചു

“ഞാൻ ഒരു പാവല്ലേ അപ്പുവേട്ടാ. എന്റെ സാഹചര്യം, ജീവിതം ഒക്കെ അറിയാല്ലോ? എന്നെ പോലൊരു പെണ്ണിന് അപ്പുവേട്ടനെ പോലെയൊരാളിന്റെ ഒപ്പം ജീവിക്കാൻ പേടി ഉണ്ടാവില്ലേ? ഒരു പാട് വ്യത്യാസം ഇല്ലെ രണ്ടു പേരുടെയും ജീവിതങ്ങൾ തമ്മിൽ? അത് കൊണ്ട് ഞാൻ ഒന്ന് മനസിലാക്കട്ടെ. എനിക്ക് സമയം താ.”

“ശരി സമയം തരാം.  ഞാൻ നിന്റെ ആരാ കൃഷ്ണ? ഒന്നുടെ പറ”

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി

“എന്റെ അപ്പുവേട്ടൻ…കൃഷ്ണക്ക് ഇത് വരെ സ്വന്തമായി ഒന്നുല്ലായിരുന്നു ഈ ഭൂമിയിൽ. ഇപ്പൊ എനിക്ക് ഈ ആളുണ്ട്. അപ്പുവേട്ടൻ എന്റെ സ്വന്തമാണ് അങ്ങനെയാ ഞാൻ കരുതിയെക്കണേ “

അവൾ പെട്ടെന്ന് വിങ്ങി കരഞ്ഞു കൊണ്ട് മുഖം പൊത്തി. അവന്റെ കണ്ണും നിറഞ്ഞു പോയി. അവൻ പതിയെ എഴുന്നേറ്റു അവൾക്കരികിൽ വന്നു നിന്നു. പിന്നെ തൊടണോ വേണ്ടയോ എന്ന് സംശയിച്ചു

പിന്നെ അവളെ ചേർത്ത് പിടിച്ചു ആ കണ്ണീരോപ്പി.

“ഇനി ഞാൻ ഈ വിഷയം സംസാരിക്കില്ല. നീ എന്റെയാ. ഞാൻ നിന്റെയും. അത് മതി “

അവൾ തലയാട്ടി. അർജുൻ മേശയിൽ ചാരി നിന്നു

“ഇനി പറ തലേന്ന് വരില്ലേ?”

“വരണം ന്നാണ്. ഞാനെ ഗുരുവായൂർ തൊഴുതിട്ടില്ല. വലിയ ആഗ്രഹമാണത്. ഒന്ന് തൊഴണം. തലേന്ന് വന്ന അവിടെ അടുത്തല്ലേ? നമുക്ക് ഒന്നിച്ചു പോയിട്ട് വരാം “

“അത് മോള് മനസ്സിൽ പോലും സ്വപ്നം കാണണ്ട. അർജുൻ ക്ഷേത്രത്തിൽ പോവില്ല. ദൈവത്തിൽ വിശ്വാസവുമില്ല. നിനക്ക് പോകാം. പ്രാർത്ഥിക്കാം അതൊക്ക നിന്റെ ഇഷ്ടം. എന്നെ പ്രതീക്ഷിക്കരുത്. എനിക്ക് എന്നിലാണ് വിശ്വാസം. അത് മതി മനുഷ്യന്…”

“എന്താ അപ്പുവേട്ടാ ഇത്. അങ്ങനെ ഒന്നും പറയല്ലേ?ദൈവമെന്നത് ഒരു സത്യാ. എനിക്ക് ഗുരുവായൂർ കണ്ണനെ കാണണം “

“നീ പോയി തൊഴുതോ.. ഞാൻ കാർ വിട്ടു തരാം. ദൃശ്യയെയും കൂട്ടിക്കോ. തന്നെ പോകണ്ട. എന്റെ മോള് പോയിട്ട് വാ. ഞാൻ വരില്ല ഇപ്പോഴെന്നല്ല, ജീവിതത്തിൽ ഒരിക്കലും ഒരിടത്തും…”

“ഇങ്ങനെ ഒരു സാധനം. പോ “

അവൾ മുഖം വീർപ്പിച്ചു. അർജുന്‌ ചിരി വന്നു

“എന്റെ കൊച്ചിന് കഴിക്കാൻ വല്ലോം വേണേ പറ. കാപ്പി പറയട്ടെ
ഞാൻ ഒന്നും കഴിച്ചില്ലടി വിശക്കുന്നു.”

അവൾ തലയാട്ടി. ഭക്ഷണം വന്നു

“വാ ബിരിയാണിയാണ് “

“വേണ്ടാന്ന് കഴിച്ചിട്ട് വാ “

“നീ ഉച്ചക്ക് എന്താ കഴിച്ചേ?”

അവൾ പെട്ടെന്ന് പതറി

“കള്ളം പറയരുത്. സത്യം മാത്രം പറ “

“ബിസ്കറ്റ്..അത് പിന്നെ..അതേയ്”

“വാടി ഇങ്ങോട്ട് “

അവൻ അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി. രണ്ടു പ്ലേറ്റുകളിലിൽ ബിരിയാണി പകർന്നു

“എനിക്ക് കുറച്ചു മതി.”

“നീ കഴിച്ചേ..”

അവൻ തന്റെ പ്ലേറ്റിൽ ഇരുന്ന ലെഗ് പീസ് എടുത്തു വെച്ച് കൊടുത്തു

“എന്റെ കുഞ്ഞാവ കഴിക്ക്..”

അവൾ അവനെ തന്നെ നോക്കിയിരുന്നു

“വാരി തരണോ?”

അവൾ ചിരിച്ചു കൊണ്ട് വേണ്ട എന്ന് തല ചലിപ്പിച്ചു

“അതേയ് അന്ന് ഞാൻ മെഡിക്കൽ ക്യാമ്പിൽ പോയിട്ട് വരുന്ന വഴി പ്രവീൺ പിന്നെ കുറച്ചു പേരും..എന്താ ഉദ്ദേശമെന്നൊന്നും അറിയില്ല. മര്യാദക്ക് കാറിൽ കയറ് എന്നൊക്കെ പറഞ്ഞു കത്തി ഒക്കെ ചൂണ്ടി. ഈശ്വര ഏലിയാമ്മ ചേട്ടത്തി അന്നേരം അവിടെ വന്നില്ലാരുന്നെങ്കിൽ…പക്ഷെ അന്ന് രാത്രി തന്നെ ആക്‌സിഡന്റ്ൽ അവൻ പോയി..ദൈവം ഇപ്പൊ പെട്ടെന്നാ ചോദിക്കുക “

അർജുന്‌ ഒരു ചിരി വന്നു. പക്ഷെ അവനത് ഭാവിച്ചില്ല

“ഈ കക്ഷി ആരാ? ഏലിയാമ്മ ചേട്ടത്തി?”

“അത് ഞങ്ങൾ ജംഗ്ഷനിൽ ചായക്കട നടത്തുന്ന ഒരു പാവാ. പണ്ട് എന്റെ അച്ഛനുമായി ഇഷ്ടത്തിലായിരുന്നു ട്ടോ. അന്നൊക്കെ ഈ religion വലിയ കുഴപ്പം അല്ലായിരുന്നോ. പാവത്തിനെ വേറെ കല്യാണം കഴിപ്പിച്ചു. അച്ഛൻ കുറച്ചു നാള് വിഷമിച്ച് നടന്നു പിന്നെ വീട്ടുകാരുടെ നിർബന്ധം കൊണ്ട് അമ്മയെ കല്യാണം കഴിച്ചു. അപ്പൊ ദേ ഈ ചേട്ടത്തി ഭർത്താവിനെ ഉപേക്ഷിച്ചു തിരിച്ചു വന്നു. പക്ഷെ പുള്ളിക്കാരി ലേറ്റ് ആയി പോയി. എന്നാലും പാവം. അച്ഛനും പാവം. പിന്നെ സങ്കടം മറക്കാൻ വൈകുന്നേരം അവരുടെ ചായക്കടയിൽ നിന്ന് പരിപ്പ് വടയും വാങ്ങി വരും
എന്തെങ്കിലും മിണ്ടാമല്ലോ “

അർജുൻ കൗതുകത്തോടെ ആ കഥ കേട്ടിരുന്നു

“അമ്മയ്ക്ക്…കുഴപ്പം ഒന്നുമില്ലേ അച്ഛൻ മിണ്ടുന്നതിൽ “

“അമ്മയ്ക്ക് ഭയങ്കര വിശ്വാസം ആണ് അച്ഛനെ..ഒരിക്കലും വഴക്ക് ഉണ്ടാക്കിയിട്ടില്ല”

“ഗ്രേറ്റ്‌ ലേഡി “

“ആ പക്ഷെ ഞാൻ അത്രേ ഗ്രേറ്റ്‌ അല്ല. ബിരിയാണിയിൽ വിഷം ചേർത്ത് കൊ- ന്നു കളയും നോക്കിക്കോ “

ഒരു നിമിഷം അന്തം വിട്ട് ഇരുന്നിട്ട് പൊട്ടിച്ചിരിച്ചു പോയി അർജുൻ

“ഞാനങ്ങനെ ഒക്കെ ചെയ്യോ?”

അവൻ ആ മുഖത്ത് നോക്കി

“ഞാൻ ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് പറഞ്ഞതാ. ദേ ഞാൻ കൊ- ല്ലും കേട്ടോ എന്റെയാ അപ്പുവേട്ടൻ “

“എന്റെ പൊന്നെ നീ ഇങ്ങനെ പേടിപ്പിച്ചു പേടിപ്പിച്ചു ഞാൻ നല്ലവനായെടി സത്യം “

കൃഷ്ണ പുഞ്ചിരിച്ചു

“എന്നെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുമോന്ന് ആണ് ഇപ്പൊ എന്റെ സംശയം “

അവൾ എഴുന്നേറ്റു

“over ആക്കല്ലേ മതി ലേറ്റ് ആയി. പോട്ടെ…”

അവന്റെ ചിരി മാഞ്ഞു. മുഖത്തെ വെളിച്ചം മങ്ങി. ഒന്ന് മൂളി

“ഇനി തിരക്കാണോ? എന്താ പരിപാടി?” കൃഷ്ണ ചോദിച്ചു

“ഒന്നുല്ല ” നിർവികാരമായി അവൻ പറഞ്ഞു

“എന്നാ വാ എന്നെ കൊണ്ട് വിട് “

ഒറ്റ നിമിഷം കൊണ്ട് മുഖം വിടർന്നു

അവൾ ചിരിച്ചു. അവർ ഒന്നിച്ചു നടന്ന് പോകുന്നത് ജയറാം കാണുന്നുണ്ടായിരുന്നു. അവൾ ഇത്രയും നേരം അവന്റെ മുറിയിൽ ഉണ്ടായിരുന്നുവോ? അയാൾക്ക് അസ്വസ്ഥത തോന്നി

കൃഷ്ണ ഒരു പാവം കുട്ടിയാണ്

അർജുൻ അവളെ?

അയാൾക്ക് തല വേദനിക്കും പോലെ തോന്നി. നല്ല സൗഹൃദം ആണെങ്കിൽ കുഴപ്പമില്ല. പക്ഷെ അർജുന്‌ സ്ത്രീ സൗഹൃദങ്ങൾ ഇല്ല. ചോദിക്കണം. അറിയണം. വിലക്കണം

കാർ ഓടുമ്പോൾ കൃഷ്ണ അർജുന്റെ മുഖത്തോട്ട് നോക്കി

“അപ്പുവേട്ടാ? “

“ഉം “

“അങ്കിൾ ചോദിച്ച എന്ത് പറയും?”

“സത്യം “

“ഞാൻ പിന്നെ എങ്ങനെ മുഖത്ത് നോക്കും?”

അവളുടെ മുഖത്ത് ചമ്മൽ

“നീ നോക്കണ്ട തീർന്നില്ലേ?”

“പോ അവിടുന്ന്. ഒന്നും പറയല്ലേ എനിക്ക് നാണമാന്ന്.. ഫ്രണ്ട്സ് ആണെന്ന് പറഞ്ഞ മതി “

അവൻ വണ്ടി ഒന്ന് സൈഡ് ആക്കി

“എന്റെ അച്ഛന്റെ ബുദ്ധിയുടെ പാതി പോലും ഞാൻ സാധാരണ മനുഷ്യരിൽ കണ്ടിട്ടില്ല. ജീനിയസ് ആണ്. കള്ളം പറയുന്നത് പോയിട്ട് ചിന്തിക്കാൻ പോലും പറ്റില്ല. പുറമേക്ക് ഭാവിക്കില്ലായിരിക്കും പക്ഷെ ആൾക്ക് വിഷമം വരും. അത് വേണ്ട. ഞാൻ അത് നിനക്ക് കുഴപ്പം വരാതെ പറഞ്ഞോളാം. പോരെ?”

“മതി അത് മതി. മുഴുവൻ കുഴപ്പവും അപ്പുവേട്ടന്. അങ്ങനെ പറഞ്ഞ മതിയേ “

“എന്റെ പോന്നോ സമ്മതിച്ചു “

അവളുടെ ബസ്സ്റ്റോപ്പിൽ കാർ നിന്നു. അവൾ പതിവ് പോലെ ഡ്രൈവിംഗ് സീറ്റിനടുത്ത് വന്നു. ഒരു നിമിഷം നോക്കി നിന്നു

“എന്റെ ചക്കരയാ “

കൃഷ്ണ ശബ്ദം താഴ്ത്തി മെല്ലെ പറഞ്ഞു. പിന്നെ നാണത്തോടെ തിരിഞ്ഞു ഒരോട്ടം വെച്ച് കൊടുത്തു. അർജുൻ ചലിക്കാൻ വയ്യാതെ ഇരുന്ന് പോയി. അവളുടെ ശബ്ദത്തിന് ഒരു മാന്ത്രികതയുണ്ട്. കേൾക്കുന്നത് എന്താണോ അത് തേൻ പോലെ ഉള്ളിലേക്ക് ഇറ്റ് വീഴുന്ന പോലെ

മധുരം…

അർജുൻ കണ്ണടച്ച് ആ വാചകം ഒന്നുടെ ഓർത്തു. പിന്നെ ചിരിയോടെ അവൾ പോയിടത്തേക്ക് നോക്കി. ഈ പെണ്ണ് ഇങ്ങനെ തന്നെ അടിമുടി കീഴ്പ്പെടുത്തി കളയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അർജുൻ എന്ന ആണിന്റെ എല്ലാ ദാർഷ്ട്യവും അഹങ്കാരവും വാശിയും അവളുടെ മുന്നിൽ അടിയറവ് വെച്ചവൻ

അവൻ വേറെയായി മാറി. വേറെ ഒരാൾ. ആർദ്രമായ ധനുമാസകാറ്റു പോലെ…

അവൻ വീട്ടിൽ എത്തുമ്പോൾ അച്ഛൻ എത്തിയിട്ടുണ്ട്

“അച്ഛൻ നേരത്തെ വന്നല്ലോ “

“നേരത്തെ ഇറങ്ങിയിട്ട് നീ എങ്ങോട്ടാ പോയത്?” അവൻ വന്നരികിൽ ഇരുന്നു

“ഞാൻ കൃഷ്ണയേ സ്റ്റോപ്പിൽ വിടാൻ പോയി ” ജയറാം ആ മുഖം സൂക്ഷ്മമായി നിരീക്ഷിച്ചു

നോർമൽ ആണ്

“കൃഷ്ണയോട് എന്താ പതിവിൽ കൂടുതൽ അടുപ്പം?”

അർജുൻ ഏത് നിമിഷവും അത് പ്രതീക്ഷിച്ചിരുന്നു

“കൃഷ്ണ നല്ല കൊച്ചല്ലേ?”

“അതേ അത് കൊണ്ടാണല്ലോ അപകടവും. നീ നല്ലതല്ലല്ലോ “

അച്ഛൻ സീരിയസ് ആകുന്നത് അവൻ ആദ്യമായി കാണുകയായിരുന്നു

“ശെടാ ഞാൻ അവളോട് ഒരു തെറ്റും ചെയ്യില്ല അച്ഛാ…ഞാൻ അങ്ങനെ വല്ലോം ചെയ്യുമോ?”

“അത് അവിടെ നിൽക്കട്ടെ. സത്യം പറ. കൃഷ്ണയോട് എന്താ?”

അർജുൻ ഒരു നിമിഷം മിണ്ടിയില്ല

“അർജുൻ?”

“അത് പിന്നെ ഒരു ഇഷ്ടം ഉണ്ട്..പറഞ്ഞിട്ടൊന്നുമില്ല. എനിക്ക് മാത്രം ആണ് ഇഷ്ടം. അത് കൊണ്ട് അത് അങ്ങനെ ഫ്രീസ് ആണ്. വേറെയൊന്നുമില്ല “

“നുണ. അവളെയെനിക്ക് അറിയാം. അവള് മറ്റൊരാണിന്റെ ഒപ്പം ഇങ്ങനെ അടുത്ത് ഇടപഴകാറുമില്ല. രണ്ടു പേരും എന്നോട് ഒളിക്കണ്ട. എനിക്ക് അറിയാം. പക്ഷെ അർജുൻ ഒന്ന് ഞാൻ പറയാം. അവൾ കരയേണ്ടി വരരുത്. അങ്ങനെ വന്നാൽ പിന്നെ നിനക്ക് അച്ഛൻ ഇല്ല. മനസിലായോ?”

അർജുൻ സ്തംഭിച്ചു പോയി

“അവളെ പോലൊരു പെണ്ണിന്റ ശാപം മേടിച്ചു വെയ്ക്കരുതന്ന്  “

ജയറാം മുറിയിലേക്ക് പോയി.

ഇതിപ്പോ എന്റെ അച്ഛനാണോ അവളുടെ അച്ഛനാണോ?

അവൻ തന്നെ ചോദിച്ചു പോയി

തുടരും….

Leave a Reply

Your email address will not be published. Required fields are marked *