ധ്രുവം, അധ്യായം 38 – എഴുത്ത്: അമ്മു സന്തോഷ്

അച്ഛനോട് സംസാരിച്ചു നിൽക്കുന്നുണ്ടെങ്കിലും അർജുന്റെ കണ്ണുകൾ റോഡിൽ തന്നെയായിരുന്നു

ഗോവിന്ദിന്റെ കാർ പ്ലോട്ടിലേക്ക് കടന്നു വന്നപ്പോൾ അവൻ അച്ഛനെ മറികടന്നു പടികൾ ഇറങ്ങി കാറിനരികിലേക്ക് ചെന്നു

“ട്രാഫിക് കൂടുതലായിരുന്നോ?ലേറ്റ് ആയല്ലോ “

അവൻ ഗോവിന്ദിനോട് ചോദിച്ചു

“എറണാകുളം ഒരു രക്ഷയുമില്ല “

അവന്റെ കണ്ണുകൾ കൃഷ്ണയിൽ തന്നെ വീണു കൊണ്ടിരുന്നു

കൃഷ്ണ നേർത്ത ചിരിയോടെ അവനെ നോക്കി നിന്നു

“ചിറ്റ അങ്ങോട്ട് ചെല്ല്. ചിറ്റപ്പൻ ഉണ്ട് അവിടെ..” ഗോവിന്ദും ഭദ്രയും കൂടി നകുലനെ കണ്ടങ്ങോട്ടക്ക് പോയി

“ക്ഷീണം ഉണ്ടൊ.? മുഖം വാടിയല്ലോ.. കഴിച്ചില്ലേ?” അവൻ കൃഷ്ണയ്ക്ക് അരികിലേക്ക് നീങ്ങി

ദൃശ്യ വാ പൊത്തി ചിരിച്ചു

“എന്താഡി?”

“ഒന്നുമില്ലേ ” അവൾ കൈ മലർത്തി

“റസ്റ്റ്‌ എടുക്കണെങ്കിൽ റൂമിൽ പൊയ്ക്കോ..”

“ഇല്ല..ക്ഷീണം ഇല്ല. എനിക്ക് അമ്പലത്തിൽ പോകണം. കുളിച്ചിട്ട് പോയി വരാം.”

“നീ കൂടി പോ ദൃശ്യ “

ദൃശ്യയുടെ മുഖം ഒന്ന് വിളറി. അമ്പലത്തിൽ പോകാൻ വയ്യാത്ത സമയം ആണെന്ന് പറയാൻ മടി

“അവൾക്ക് പീരിയഡ് ആണ്. ഞാൻ ഒറ്റയ്ക്ക് പോയി വരാം. ബസ് ഉണ്ടാവില്ലേ?”

“പോടീ..ആദ്യായിട്ട് ഒരു സ്ഥലത്ത് വന്നിട്ട് ഒറ്റയ്ക്ക് പോയിട്ട് വരാമെന്ന്..”

“ചിറ്റ പോകുമോ.?”

“അമ്മയ്ക്ക് ഭയങ്കര ക്ഷീണം ആണ്. ഒന്ന് കിടന്നാ മതിന്ന് പറഞ്ഞിട്ടാ വന്നത് തന്നെ. ചേട്ടൻ കൊണ്ട് പോകും. അർജുൻ ചേട്ടൻ ഒന്ന് പറഞ്ഞ മതി “

“അത് വേണ്ട..അല്ല അവനും ഇത്ര നേരവും ഡ്രൈവു ചെയ്തല്ലേ വന്നത്..നോക്കട്ടെ “

“ഞാൻ പോയിട്ട് വരാം അപ്പുവേട്ടാ. എന്നാ കാർ വിട്ട് തന്ന മതി. അപ്പൊ പേടിക്കണ്ടല്ലോ “

“ആദ്യം നീ പോയി കുളിച്ചു ഫ്രഷ് ആക്. ആലോചിച്ചു പറയാം “

അവർ ഹോട്ടലിലേക്ക് പോയി

ദൃശ്യയ്ക്കും കൃഷ്ണയ്ക്കും ഒരു മുറിയായിരുന്നു

“അപ്പുവേട്ടൻ എന്താ നിന്റെ കയ്യിൽ ഏൽപ്പിച്ചത്?”

ദൃശ്യ പുഞ്ചിരിച്ചു കൊണ്ട് ഒരു പാക്കേറ്റ് കൊടുത്തു. അതിമനോഹരമായ ഒരു ഡ്രസ്സ്‌ ആയിരുന്നു അത്. അതിന് ചേരുന്ന ഓർണമെൻറ്സ്. അവൾ അത് വിടർത്തി നോക്കി. കാപ്പിപ്പൊടി നിറത്തിൽ ഉള്ള നീളൻ പാവാടയിൽ കണ്ണാടികൾ തുന്നി ചേർത്തിരിക്കുന്നു. അതിന്റെ കൂടെയുള്ള ടോപ്പ് കടും പച്ച അതിൽ മുത്തുകൾ വെച്ചിട്ടുണ്ട്

സാറ്റിന്റെ അതി സുന്ദരമായ ഒരു ഷാൾ. നീളൻ കമ്മലുകൾ. നേർത്ത ഒരു മാല

“നിനക്ക് ഇഷ്ടപെട്ടാൽ മാത്രം ഇടാൻ പറഞ്ഞു “

കൃഷ്ണയ്ക്ക് അതിഷ്ടപ്പെട്ടു. അവൾക്ക് അത് നല്ല ഭംഗിയുണ്ടായിരുന്നു. തനിക്ക് എന്തെങ്കിലും തോന്നിയാലോ എന്ന് കരുതിയാണ് അവൻ അങ്ങനെ പറഞ്ഞതന്ന് അവൾക്ക് മനസിലായി. അവൻ ഇത് മേടിക്കുമ്പോൾ എന്തൊക്കെയാവും ഓർത്തിട്ടുള്ളത്

ഏട്ടൻ പറഞ്ഞ വാചകങ്ങൾ ഓർത്തു കാണും. കൃഷ്ണ ഇതിൽ നല്ല ഭംഗിയുണ്ടാവുമെന്ന് ഓർത്തിട്ടുണ്ടാവും. അങ്ങനെ എന്തെല്ലാം..

അവൾ അത് മടക്കി വെച്ചിട്ട് കുളിക്കാൻ പോയി

“അച്ഛൻ ഗുരുവായൂർ അമ്പലത്തിൽ പോകുന്നില്ലേ?”

അർജുൻ വന്നു ചോദിച്ചപ്പോൾ ജയറാം അതിശയത്തിൽ നോക്കി

“അല്ല, അച്ഛൻ ഭയങ്കര ഭക്തനല്ലേ ഇവിടെ വരെ വന്നിട്ട് പൊയ്ക്കണ്ടില്ല അതോണ്ട് ചോദിച്ചതാ “

ജയറാം ഒരു ഗൂഡസ്മിതത്തോടെ അവനെ നോക്കി

“കൃഷ്ണയ്ക്ക് ഗുരുവായൂർ പോകണം “

അർജുൻ ചമ്മി. അച്ഛൻ കണ്ടു പിടിച്ചു

“ഒറ്റയ്ക്ക് അവളെ വിടാൻ വയ്യ “

അവൻ അച്ഛന്റെ മുഖത്ത് നോക്കിയില്ല

“കൂട്ട് പോകണം ഞാൻ “

“ബുദ്ധിമുട്ട് ഇല്ലെങ്കിൽ….”

“ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.. പക്ഷെ അഞ്ചു മണിക്ക് ഞാൻ നമ്മുടെ അനന്തന്റെ വീട്ടിൽ ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട്. അവന്റെ മോളുടെ കല്യാണത്തിന് പോകാൻ പറ്റിയില്ല. വാക്ക് കൊടുത്തു പോയി. നിനക്ക് പൊയ്ക്കൂടേ. ഒന്ന് പോയി തൊഴുതിട്ട് വാടോ. നാളെ ഒരു നല്ല കാര്യം നടക്കാൻ പോവല്ലേ “

“അച്ഛന് എന്നെ അറിയാം തർക്കം വേണ്ട “

“ശരി..എന്ന ഗോവിന്ദ് കൊണ്ട് പോകട്ടെ..അല്ലെങ്കിൽ നമ്മുടെ ഡ്രൈവർ കൊണ്ട് പോയിട്ട് വരും. കൊച്ച് കുട്ടിയൊന്നുമല്ലല്ലോ. ഇങ്ങനെ അല്ലെ ഓരോന്ന് പഠിക്കുന്നത് “

അവൻ ഒന്നും പറഞ്ഞില്ല. അങ്ങനെ വേറെ ആരും അവളെ കൊണ്ട് പോകണ്ട. ഡ്രൈവർക്കൊപ്പം വിടുന്നത് ഇപ്പൊ ശരിയല്ല. ഒറ്റയ്ക്ക് വിട്ടാ വരുന്നത് വരെ ടെൻഷൻ അടിക്കണം. കൃഷ്ണ കുളിച്ചു വന്നു സെറ്റും മുണ്ടും ഉടുത്തു

കറുത്ത കരയുള്ള സെറ്റും മുണ്ടും. കറുപ്പിൽ പ്രിന്റ് ഉള്ള ബ്ലൗസും

“എന്റെ പോന്നോ എജ്ജാതി…എടി കിടുക്കി. നീ തയ്ച്ചതാണോ?”

“ആണല്ലോ.”

“അമ്മക്ക് കഴിഞ്ഞ ഓണത്തിന് അമ്മ നിൽക്കുന്ന വീട്ടിലെ ചേച്ചി കൊടുത്തതാ. കക്ഷി ഇത് അവിടെ ഭദ്രമായി വെച്ചിരുന്നു. ഞാൻ അത്  ചോദിച്ചു വാങ്ങിച്ചു.”

“ബ്ലൗസ് എന്നിട്ട് വേറെ എടുത്തോ?”

കൃഷ്ണ ഒരു ചിരി ചിരിച്ചു

“ഇത് ഒരു ചുരിദാർ തുണിയുടെ ബാക്കിയ. ബാക്കി വന്നത് തിരിച്ചു കൊടുത്തപ്പോൾ. അവർ പറഞ്ഞു കൃഷ്ണ എടുത്തോളാൻ. ഞാൻ  അത് ഇങ്ങനെ അങ്ങ് തയ്ച്ചു “

“നീ വല്ല ഫാഷൻ ഡിസൈനിങ്ങിന് പോയ മതിയാരുന്നു. എന്ന സ്റ്റൈൽ ആയിട്ട തയ്ച്ചേക്കുന്നത്.”

കാളിംഗ് ബെൽ കേട്ട് അവൾ ചെന്നു വാതിൽ തുറന്നു

അർജുൻ…

അവൻ അതിശയത്തിൽ അവളെ നോക്കി നിന്നു പോയി. ഇങ്ങനെ ഒരു വേഷത്തിൽ കണ്ടിട്ടേയില്ല

“വാ പോകാം “

അവൾ കണ്ണ് മിഴിച്ചു

“ങ്ങേ?”

“നിനക്കല്ലേ അമ്പലത്തിൽ പോകണമെന്ന് പറഞ്ഞത്. വരാൻ”

അവൾ ചിരി വന്നിട്ട് വാ വാ പൊത്തി ദൃശ്യയെ നോക്കി. പോയിട്ട് വാഎന്നവൾ ആംഗ്യം കാണിച്ചു

“അപ്പുവേട്ടൻ വരണമെന്നില്ലായിരുന്നു. ഞാൻ വേഗം പോയി വന്നേനെ. അതേയ്..ഇന്നിവിടെ കാണേണ്ടതല്ലേ. ആൾക്കാർ അന്വേഷിക്കും “

ലിഫ്റ്റിൽ കയറുമ്പോൾ അവൾ ആ മുഖത്ത് നോക്കി

“ഞാൻ പോയി വന്നോളാം “

“എനിക്ക് സമാധാനം വേണം. അതിനാ കൂടെ വരുന്നത് “

അവൻ പരുക്കൻ സ്വരത്തിൽ പറഞ്ഞു

“ശെടാ..എന്നെ തീരെ വിശ്വാസം ഇല്ലല്ലേ? എനിക്ക് ഇപ്പൊ ഇരുപത്തിരണ്ട് വയസ്സായി
വലുതായി. തന്നെ പോകാം..അപ്പുവേട്ടാ..അപ്പുവേട്ടാ”

അവൻ ലിഫ്റ്റിൽ നിന്നിറങ്ങി സെല്ലാറിൽ പാർക്ക്‌ ചെയ്തിട്ടിരിക്കുന്ന കാറിനരികിലേക്ക് നടക്കുമ്പോൾ അവൾ ഓടി വന്നവന്റെ കയ്യിൽ പിടിച്ചു നിർത്തി

“ഇഷ്ടം ഇല്ലാതെയല്ലേ വരുന്നത്? വേണ്ട അപ്പുവേട്ടാ എന്ന ഞാൻ പോണില്ല. പിന്നെ ഒരു പ്രാവശ്യം പൊയ്ക്കോളാം. ഇവിടെ എല്ലാരും തിരക്കില്ലേ?”

അർജുൻ മന്ദഹസിച്ചു

പിന്നെ അവളുടെ ചരിഞ്ഞിരുന്ന പൊട്ട് നേരേ വെച്ച് കൊടുത്തു

“ഇഷ്ടമില്ലന്നോ. അതേയുള്ളു..ഇഷ്ടമായതു കൊണ്ടാണ് എപ്പോഴും കൂടെ..അത് കൊണ്ട്  വന്നേ. ഒത്തിരി ചിന്തിച്ചു തല പുകയ്ക്കണ്ട “

കൃഷ്ണ പെട്ടെന്ന് അർജുനെ കെട്ടിപ്പുണർന്നു. അവൾക്ക് സന്തോഷവും ഒരെ സമയം സങ്കടവും വന്നു

അർജുൻ അവളെ ചേർത്ത് പിടിക്കണോ എന്ന് സംശയിച്ച് അങ്ങനെ നിന്നു

“പോകാം “

അവൻ അവളുടെ തോളിൽ ഒന്ന് തട്ടി

കൃഷ്ണ പെട്ടെന്ന് അകന്ന് മാറി

മുണ്ടും ഷർട്ടുമായിരുന്നു അർജുൻ
കടും പച്ച ഷർട്ടും മുണ്ടും. അവന്റെ കാറിന്റെ പിന്നിൽ സെക്യൂരിറ്റിയുടെ വാഹനവും ഉണ്ടായിരുന്നു. അത് കൃഷ്ണയ്ക്ക് മനസിലായില്ല എന്ന് മാത്രം.

ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുമ്പോൾ കൃഷ്ണ ഒരു  മായികാലോകത്തിൽ പെട്ടത് പോലെ ഭ്രമിച്ചു പോയി. അങ്ങനെ ഒരു ലോകം അവൾ കണ്ടിട്ടില്ല

വൈകുണ്ഡത്തെ കുറിച്ച് കേട്ടിട്ടുണ്ട്. ഇതാണോ അത്?

എല്ലായിടത്തും കൃഷ്ണ വിളികൾ മാത്രം. അന്തരീക്ഷത്തിൽ ചന്ദനത്തിന്റ സുഗന്ധം

“എന്ത് രസാ അല്ലെ?”

അവൻ ഒന്ന് മൂളി

എങ്ങും എന്റെ കൃഷ്ണ…എന്റെ കൃഷ്ണ…എന്നുള്ള ജപം

“നിന്റെ പേരാണ് ഇവിടെ ഏറ്റവും കൂടുതൽ കേൾക്കുന്നത് അല്ലെ കൃഷ്ണ?”

അവൻ അവളോട് ചോദിച്ചു

അവൾടെ കണ്ണുകൾ നിറഞ്ഞിരിക്കുകയായിരുന്നു

“അപ്പുവേട്ടൻ ഒരു ദിവസം എത്ര തവണ ഭഗവാനെ വിളിക്കുന്നുണ്ട് എന്നറിയോ?” അവൾ കുസൃതിയിൽ ചോദിച്ചു

അവൻ ഒന്ന് ചിരിച്ചു

അവൾ വശത്തുള്ള കടകളിൽ നോക്കുന്നുണ്ടായിരുന്നു. എങ്ങനെയാ വെറും കയ്യോടെ പോവാ?

“എന്തെങ്കിലും വാങ്ങണോ?” അവനത് ശ്രദ്ധിച്ചു

അവൾക്ക് ഒന്നുമറിയില്ല. എന്ത് വാങ്ങണം. എന്ത് കൊടുക്കണം. അതിനുള്ള ഒരു പാട് പണവുമില്ല

“ഒരു തുളസി മാല ” അവൾ പറഞ്ഞു

മാലകൾ വിൽക്കുന്ന ചെക്കന്റെ അരികിൽ ചെന്നവൾ പറഞ്ഞു. അവർ അത് വാങ്ങി. അമ്പലത്തിൽ കയറാനുള്ളവരുടെ ക്യു നീണ്ടു കിടക്കുന്നുണ്ട്

“വരണം അർജുൻ സർ. ജയറാം സർ വിളിച്ചു പറഞ്ഞിരുന്നു.”

ദേവസ്വം മെമ്പർ എന്ന് തോന്നിക്കുന്ന ഒരാൾ വന്നു അവരെ കൂട്ടിക്കൊണ്ട് പോയി

“ഇതിലെ നേരേ കയറാം സർ വരണം “

എത്ര ചെറിയ വഴികളും അവസാനിക്കുന്നത് നടയിലാണ്.. ആ നടയിലെ തിരക്കിലൂടെ മാത്രമേ ഒരാൾക്ക് കയറാൻ സാധിക്കു

“പുലർച്ചെ ആയിരുന്നു എങ്കിൽ കുറച്ചു സമയം ബ്ലോക്ക് ചെയ്തു തരാമായിരുന്നു. ഇതിപ്പോ വൈകുന്നേരം ആയത് കൊണ്ടും പെട്ടെന്ന് വിളിച്ചു പറഞ്ഞത് കൊണ്ടും ഇത്രയേ അറേഞ്ച് ചെയ്യാൻ കഴിഞ്ഞുള്ളു. സോറി. നെക്സ്റ്റ് ടൈം നേരത്തെ ഒന്ന് വിളിച്ചു പറയണേ  “

അർജുൻ ഒന്ന് മൂളി. തിരക്കിലേക്ക് കയറുമ്പോൾ കൃഷ്ണ അവന്റെ കയ്യിൽ മുറുകെ പിടിച്ചു. ആൾക്കാരുടെ തിക്കിലും തിരക്കിലും പെട്ട് വീണു പോയേക്കുമെന്നവൾക്ക് തോന്നി. അർജുൻ അലസമായ രീതിയിൽ നടക്കുന്നത് കണ്ട് അവൾ ഒന്ന് നുള്ളി

“എന്താ?” അവൻ തിരിഞ്ഞു

“മുന്നിൽ ചെല്ലുമ്പോൾ ഇങ്ങനെ നിൽക്കരുത് പ്ലീസ്. തൊഴണം “
അവൻ മുഖം തിരിച്ചു

“പ്രായത്തിൽ മുതിർന്ന ഒരാളെ ബഹുമാനിക്കുകയാണ് എന്ന് കരുതിയ മാത്രം മതി. എന്റെ ചക്കരയല്ലെ പ്ലീസ് “

അവൾ ആ കാതിൽ മന്ത്രിച്ചു. അർജുൻ മുന്നിലേക്ക് നോക്കി. നേർത്ത ഒരു വെളിച്ചം പോലെ. രൂപം വ്യക്തമല്ല. വിളക്കുകളുടെ പ്രകാശമുണ്ട്

അതിന് പുറകിൽ…

കൃഷ്ണയുടെ കൃഷ്ണൻ…

ആ ഒരു നിമിഷം. അവന് വിചാരിച്ചിട്ട് പോലും ദൃഷ്ടികൾ മാറ്റാൻ സാധിച്ചില്ല. അത് ഒരു മാജിക് ആയിരുന്നു. മറ്റൊന്നുമോർക്കാൻ സാധിക്കാതെ..

നടക്ക് നേരേ അവർ എത്തിയപ്പോൾ അവർക്ക് വേണ്ടി മാത്രം കുറച്ചു സമയം അനുവദിക്കപ്പെട്ടു

അർജുൻ കൃഷ്ണയേ നോക്കി. കൈ കൂപ്പി നിൽക്കുകയാണ്. കണ്ണീർ ഒഴുകുന്നുണ്ട്

അവൻ അറിയാതെ കൈകൾ കൂപ്പി

“എനിക്ക് നിന്നെ അറിയില്ല.. നീ ഉണ്ടോന്ന് പോലും എനിക്ക് ഉറപ്പില്ല. ഉണ്ടെങ്കിൽ  എന്റെ പെണ്ണിന്…അവൾ ആഗ്രഹിക്കുന്നത് നടത്തി കൊടുക്ക്. എനിക്ക് ഒന്നും വേണ്ട. ഒന്നും.”

അത്ര മാത്രം പറഞ്ഞു

അവിടെ നിന്ന് ഗണപതിയുടെ അടുത്തേക്ക്..പിന്നെ ഓരോ നടയിലും കൃഷ്ണ അർജുനെ മറന്നത് പോലെ തോന്നി. അവൾ നാമം ജപിച്ചു കൊണ്ട് പ്രദക്ഷിണം വെയ്ക്കുന്നത് കണ്ട് അവൻ ക്ഷേത്രത്തിനുള്ളിലെ പടിക്കെട്ടിൽ ഇരുന്നു

കൊച്ച് കുഞ്ഞുങ്ങൾ പോലും കണ്ണുകൾ അടച്ചു പ്രാർത്ഥിക്കുന്നത് കാണവേ അവന്റെയുള്ളിലും എന്തോ ഒന്ന് സംഭവിക്കുന്നുണ്ടായിരുന്നു

അമ്മ മരിച്ചതിനു ശേഷം ആദ്യമായിട്ടാണ്. വിശ്വാസം നഷ്ടമായതും അന്നാണ്.

കൃഷ്ണ വന്നടുത്തിരുന്നു

അവളുടെ മുഖം ചെമ്പക പൂവ് പോലെ ചന്തം നിറഞ്ഞിരുന്നു. അർജുൻ ആ മുഖത്തെ വിയർപ്പ് ഒപ്പി. കൃഷ്ണ ചന്ദനം അവന്റെ നെറ്റിയിൽ തൊടാൻ ആഞ്ഞതും അവൻ മുഖം മാറ്റി

അവളൊരു ചിരിയോടെ മുഖം പിടിച്ചു താഴ്ത്തി അത് തൊട്ടു കൊടുത്തു

“എനിക്ക് തൊട്ട് തന്നെ ” അവൾ മുഖം അവന് അഭിമുഖമാക്കി

അർജുൻ അല്പം എടുത്തു പൊട്ടിനു മുകളിൽ ആയി തൊട്ടു

“ഇതിപ്പോ ചന്ദനം തൊട്ടെന്ന് അറിയില്ല ” അവൻ മെല്ലെ പറഞ്ഞു

“നിന്റെ മുഖത്തിനും അതേ നിറമാണ് “

അവൾ ഒന്നും പറയാതെ ആ തോളിൽ തല ചായ്ച്ച് വെച്ച് അവന്റെ കൈകൾക്കിടയിലൂടെ കൈയിട്ടു ചേർന്ന് അങ്ങനെ ഇരുന്നു

“അപ്പുവേട്ടാ “

“ഉം “

“ഇത്തിരി എങ്കിലും ദേഷ്യം ഉണ്ടൊ വരേണ്ടി വന്നതിൽ?”

“ഇല്ല.”

“സത്യം?”

“ഉം “

“കണ്ടോ ഭഗവാന്റെ മായാജാലം ആ മനസ്സിൽ പോലും ഭക്തി വന്നില്ലേ?”

“അതോണ്ടല്ലടി..നീ എന്നെയിങ്ങനെ ചേർന്ന് ഇരിക്കുന്നത് ഇവിടെയായിട്ടല്ലേ…അപ്പൊ അതൊരു ബൊണസാ. നമ്മളെ ആർക്കും അറിയില്ല. അതിന്റെയൊരു സുഖം “

“ഈശ്വര നോക്ക്…ഇങ്ങനെ ഒരു സാധനം..”

“പോകാം “

അവൻ എഴുന്നേറ്റു

“ഇനി നമുക്ക് ഇടയ്ക്ക് വരാം “

അവൻ പുരികം ചുളിച്ചു

“അല്ല ഇവിടെ ഹോസ്പിറ്റലിൽ വരുമ്പോൾ നമുക്ക് ഒന്നിച്ചു വരാം”

അവന് അതൊരു നല്ല ഐഡിയയാണെന്ന് തോന്നി. കൃഷ്ണയേ ഒറ്റയ്ക്ക് സമാധാനം ആയിട്ട് കിട്ടും. അവൾ തന്നോട് ചേർന്നിരിക്കും. അപ്പുവേട്ടാ എന്ന് വിളിച്ചു കൊഞ്ചും. കലഹിക്കും

അവൻനടക്ക് നേരേ നിന്നിട്ട് അകത്തേക്ക് വീണ്ടും നോക്കി.

താങ്ക്സ് കൃഷ്ണ ഇങ്ങനെ ഒരവസരം തന്നതിന് അവൻ കൈ വീശി കണ്ണനോട് യാത്ര പറഞ്ഞു

“ശേ അങ്ങനെ ചെയ്യാൻ പാടില്ല ട്ടോ കൈ വീശി ടാറ്റാ പറയാൻ കൃഷ്ണനെന്താ ഫ്രണ്ട് ആണോ?”

“വേണേ ഫ്രണ്ട് ആക്കാം.”

“ദേ ഗുരുത്വക്കേട് പറയരുത് ട്ടോ “

“അല്ലയോ കണ്ണാ നീ അർജുനന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നുല്ലോ..ഈ അർജുന്റെയും ബെസ്റ്റ് ഫ്രണ്ട് ആയിരിക്കു..എനിക്ക് നിന്നെ പ്രാർത്ഥിക്കാൻ ഒന്നും വയ്യ.ജസ്റ്റ്‌ ഫ്രണ്ട്സ്.  ok.?”

അവൻ അവൾ കേൾക്കെ അകത്തോട്ടു നോക്കി പറഞ്ഞു
അവൾ ഒരു നുള്ള് കൊടുത്തു

“ഒന്ന് മാറി നിൽക്കണേ ശീവേലി
തുടങ്ങുകയാണ് ” പെട്ടെന്ന് അറിയിപ്പുണ്ടായി

പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ച കൃഷ്ണ അർജുനെ പിടിച്ചു നിർത്തി

“ഇത് കഴിഞ്ഞു പോകാം. ഭഗവാൻ പുറത്ത് വരികയാണ് “

അവൻ സമ്മതിച്ചു കൊടുത്തു

ആനപ്പുറത്ത് തിടമ്പേറുന്നത് കാണുമ്പോൾ കൃഷ്ണയുടെ കയ്യും കാലും വിറച്ചു. അവളൊരു കോണിൽ നിന്ന് ആ മുഖത്തേക്ക് നോക്കി

എന്റെ ഭഗവാനെ എന്നൊരു നിലവിളി ഉയർന്നു. കണ്ണീര് പുഴ പോലെ ഒഴുകുന്നു

കടന്നു പോകുമ്പോൾ ആനയുടെ മുഖം നേരേ അവൾക്ക് അഭിമുഖമായി തിരിഞ്ഞു. ഒരു മുഴുവൻ നിമിഷം ആന നിശ്ചലനായി. ഭഗവാൻ അവളെയൊന്നു നോക്കി പുഞ്ചിരിച്ചു

കണ്ണീരിൽ കൃഷ്ണയ്ക്ക് ആ ദൃശ്യം മറഞ്ഞു. ആന നടന്ന് തുടങ്ങിയപ്പോൾ സ്വയമറിയാതെ അർജുൻ കൃഷ്ണയേ ചേർത്ത് പിടിച്ചു

പിന്നെ കണ്ണുകൾ അടച്ചു. കണ്ണിനുള്ളിൽ ആ നേരം ആ രൂപം തെളിഞ്ഞു

കത്തുന്ന വിളക്കിന്റെ പ്രഭയിൽ  പുഞ്ചിരി തൂകി നിൽക്കുന്ന രൂപം. കള്ളകൃഷ്ണന്റെ ഓമനരൂപം

കാണുന്നവരെയൊക്കെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന മായക്കണ്ണന്റെ വശ്യരൂപം

തുടരും…

Leave a Reply

Your email address will not be published. Required fields are marked *