ക്ഷണിക്കപ്പെട്ട അതിഥികൾ എത്തി തുടങ്ങി
മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ള മന്ത്രിമാർ. പ്രതിപക്ഷനേതാക്കൾ, ചലച്ചിത്ര രംഗത്തു നിന്നുള്ളവർ
ദൃശ്യയും കൃഷ്ണയും കുറച്ചു മാറി നിന്നു കാണുകയായിരുന്നു. എത്രയോ വലിയ ഹോസ്പിറ്റലാണ്. തിരുവനന്തപുരത്തേക്കാൾ ഒരു പാട് വലുതാണ്. ഒരു പാട് പുതിയ വാർഡുകൾ ഡിപ്പാർട്മെന്റ്കൾ അങ്ങനെ വലിയ ഒരു സംരംഭം
രാവിലെ 11മണിക്കാണ് ഫങ്ക്ഷൻ എങ്കിലും അവർ നേരത്തെ എത്തി. വലിയ നടപ്പാത അലങ്കരിച്ചിരിക്കുന്നു. ആയിരം പേർക്കെങ്കിലും ഫങ്ക്ഷൻ കണ്ടു കൊണ്ട് ഇരിക്കാവുന്ന സജ്ജീകരണങ്ങൾ. അങ്ങനെ മൂന്നിടങ്ങളിൽ. കൃഷ്ണ ആദ്യമായിരുന്നു അങ്ങനെ ഒന്ന് കാണുന്നത് തന്നേ
അർജുൻ എവിടെയോ ഉണ്ടെന്ന് തോന്നി. ജയറാം സാറിനെ അവൾ കണ്ടു. വീൽ ചെയറിൽ ഒരാൾ. ജയറാം സർ അദേഹത്തിന്റെ പിന്നിൽ നിൽക്കുന്നു. ഇടയ്ക്ക് കുനിഞ്ഞു സംസാരിക്കുന്നുണ്ട്
“അതാരാ?”
കൃഷ്ണ ദൃശ്യയോട് ചോദിച്ചു
“അത് ഡാഡി..അങ്കിളിന്റെ അച്ഛൻ. ഞങ്ങളുടെയെല്ലാം ഡാഡി.
ദേ അവിടെ നിൽക്കുന്നത് അർജുൻ ചേട്ടന്റെ അമ്മയുടെ അച്ഛനും അമ്മയും പിന്നെ അവരുടെ മൊത്തം ഫാമിലിയും. അത് വലിയ കുടുബമാണ്. ആ നിൽക്കുന്ന മുഴുവൻ പേരും അവരുടെ കുടുംബമാ. വാ നമുക്ക് അങ്ങോട്ട് പോകാം “
കൃഷ്ണയ്ക്ക് ഒരു വല്ലായ്മ തോന്നി
“നീ പൊയ്ക്കോ ദൃശ്യ എനിക്ക് ചമ്മൽ.”
“എന്ത് കാര്യത്തിന്? നാളെ ദേ അവിടെ നിൽക്കണ്ട ആളാണ് നീ “
അർജുൻ അവിടേയ്ക്ക് വന്നു
“വാ പ്രോഗ്രാം തുടങ്ങാറായി..സ്റ്റേജിൽ ഉണ്ടാവണം രണ്ടു പേരും “
“ഞാനോ? ഇവള് വരും “
കൃഷ്ണ പറഞ്ഞു
“തർക്കിക്കാൻ നേരമില്ല. വേഗം “
അവന്റെ സ്വരം മാറി
ദൃശ്യ കൃഷ്ണയെയും കൂട്ടി അവിടേക്ക് നടന്നു
പ്രാർത്ഥനക്കു ശേഷം വിളക്ക് കത്തിക്കുന്ന ചടങ്ങ്. ആദ്യത്തെ തിരി വൈശാഖൻ. പിന്നെ അനുപമയുടെ അച്ഛൻ ഋഷികേശ്. പിന്നെ ജയറാം
പിന്നെ അദ്ദേഹം അത് അർജുന് കൈ മാറി. അർജുൻ അത് കൃഷ്ണയ്ക്ക് നേരേ നീട്ടി. അവൾക്ക് പരിഭ്രമം തോന്നി. കൈ ഒന്ന് വിറച്ചു
അർജുൻ അവളുടെ കൈ ചേർത്ത് പിടിച്ചു. പിന്നെ അവൻ സദസ്സിന് നേരേ നോക്കി. അത് ഒരു പരിചയപ്പെടുത്തലായിരുന്നു. എന്റെ പെണ്ണാണ്. അർജുന്റെ പെണ്ണ്
അവൾ ഒരു രാജകുമാരിയെ പോലെ ശോഭിച്ചു. പിന്നെ അവർ ഒന്നിച്ചു ബാക്കി രണ്ടു തിരികൾ കത്തിച്ചു
“എന്തിനാ പേടിക്കുന്നെ. ഞാനല്ലേ കൂടെ?” അർജുൻ മെല്ലെ പറഞ്ഞു
കൃഷ്ണ നേർത്ത ചിരിയോടെ അവനെയൊന്ന് നോക്കി
ചാനലുകൾ, പത്രക്കാർ, ക്യാമറ വീഡിയോ. കൃഷ്ണ അമ്പരപ്പ് മാറാതെ അങ്ങനെ നിന്നു പോയി
ദൃശ്യ അവളുടെ കൈ പിടിച്ചു. തണുത്തിരിക്കുന്നു
“പേടിച്ചു പോയോ?” അവൾ അടക്കി ചോദിച്ചു
“അർജുൻ ചേട്ടൻ മാസ്സ് ആണല്ലോ. ട്വിസ്റ്റ് ട്വിസ്റ്റ്. ലോകം മുഴുവൻ കാണും കേട്ടോ. നോക്കിക്കെ എല്ലാ ചാനലുകളും ഉണ്ട് “
“പോടീ എനിക്ക് വിറച്ചിട്ട് പാടില്ല “
കൃഷ്ണ മെല്ലെ പറഞ്ഞു
അവർ സദസ്യരുടെ ഇടയിൽ പോയിരുന്നു. പ്രസംഗങ്ങൾ ആയിരുന്നു. കൃഷ്ണ അത് കേൾക്കുന്നുണ്ടായിരുന്നില്ല. അവൾ കഴിഞ്ഞു പോയ നിമിഷങ്ങളിലായിരുന്നു
ജീവിതത്തിൽ ഒരു പാട് താഴ്ത്തികെട്ടിയ ഒരാൾ. ഇന്ന് ഉയരങ്ങളിലേക്ക് കൈ പിടിച്ചു കയറ്റുകയാണ്. ചെയ്ത എല്ലാ തെറ്റുകളുടെയും പരിഹാരം ചെയ്യുന്നത് പോലെ..
അപ്പോൾ വേറെ ഒരു നാട്ടിൽ വേറെ ഒരു വീട്ടിൽ…
“ദേ നിന്റെ എക്സ് ടീവിയിൽ “
കുഞ്ഞിനെ ഉറക്കുകയായിരുന്നു ഐശ്വര്യ. അഭിജിത്തിന്റെ ശബ്ദം കേട്ട് അവൾ ടീവി മുറിയിലേക്ക് വന്നു
അർജുൻ
“ഇത് എത്രാമത്തെ ഹോസ്പിറ്റൽ ആണ്. കക്ഷി ബിസിനസ് ടൈകൂൺ ആണല്ലോ. നീ മണ്ടത്തരമാ ചെയ്തേ കേട്ടോ “
“ഓ പിന്നെ ഒരു വട്ടന്റെ കൂടെ ജീവിച്ചു കളയാനുള്ളതല്ല എന്റെ ജീവിതം ” അവൾ പുച്ഛത്തോടെ പറഞ്ഞു
“അത് പോയിന്റ്. അടുത്ത് ഒരു പെണ്ണുണ്ടല്ലോ. കല്യാണം കഴിച്ചോ?”
“ഹേയ് എങ്കിൽ അറിയും. കസിൻ സിസ്റ്റർ വല്ലോം ആവും “
“അല്ലലോ മോളെ. ആ ചിരിയും നോട്ടവും ചേർത്ത് പിടിക്കലും കണ്ടോ. അതവന്റെ ഗേൾ ഫ്രണ്ട് തന്നെ. എന്ന ച’ രക്കാടി “
“ശേ എന്ത് മോശം ഭാഷയാ അഭി..പെണ്ണിന് കുറച്ചു വില കൊടുത്തു സംസാരിക്ക് “
“ഓ ഫെമിനിസ്റ്റ് ഉണർന്നല്ലോ…എന്റെ ഐഷു ആ കൊച്ചു കൊള്ളാം. കിടിലൻ കൊച്ചാ. എന്തായാലും നിന്നെക്കാൾ നല്ലതാ..പ്രായവും കുറവ് “
“എന്നാ അങ്ങനെ ഇപ്പൊ കാണണ്ട “
ഐശ്വര്യ ടീവി ഓഫ് ചെയ്തു മുറിയിൽ പോയി. അഭിജിത് ആ അസൂയ നോക്കി ചിരിച്ചു
അർജുൻ കല്യാണം കഴിച്ചോ. ആരും പറഞ്ഞില്ലല്ലോ. പിന്നെ കോൺടാക്ട് ഒന്നുമുണ്ടായില്ല. ഫ്രണ്ട്‌ലി ആയി വിളിച്ചു താൻ ഒരിക്കൽ. അന്ന് മേലിൽ വിളിക്കരുത് എന്ന് പറഞ്ഞു കട്ട് ചെയ്തു. പിന്നെ വിളിച്ചിട്ടില്ല
അഭിജിത്ത് നല്ലവനാണ്, സ്നേഹം ഉള്ളവൻ. അത് കൊണ്ട് തന്നെ അർജുനെ കുറിച്ച് ഓർത്തിട്ടില്ല. പക്ഷെ ഇപ്പൊ കണ്ടപ്പോൾ ഒരു വല്ലായ്മ. അത് അർജുനെ കണ്ടിട്ടല്ല കൂടെയുള്ള ആ അപൂർവ സുന്ദരിയെ കണ്ടിട്ട്…അവൾ അത് മറക്കാൻ ശ്രമിച്ചു
“ദേ മനുവേട്ടാ കൃഷ്ണയല്ലേ അത്?”
ന്യൂസ് കാണുകയായിരുന്നു ഗൗരി. മൊബൈലിൽ എന്തോ നോക്കി കൊണ്ട് ഇരുന്ന മനു ടീവിയിലേക്ക് നോക്കി
മാധവം മെഡിക്കൽ കോളേജിൻറെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിക്കുകയാണ്. വിളക്ക് കൊളുത്തുന്നതിനടുത്ത് കൃഷ്ണ, ദൃശ്യ
അവളുടെ വേഷം കണ്ട് അവൻ അമ്പരന്നു. ഒരു രാജകുമാരിയേ പോലെ. ഓരോ തിരികൾ ആരൊക്കെയോ കത്തിക്കുന്നു
ഒരാളെ മാത്രം അവന് അറിയാം
ജയറാം ഡോക്ടർ. അതിസുന്ദരനായ ഒരു യുവാവ് കൃഷ്ണയ്ക്ക് കോൽവിളക്ക് കൊടുക്കുന്നു. അവർ ഒന്നിച്ച് തിരി തെളിക്കുന്നു
അവൻ കൃഷ്ണയോട് എന്തോ പറയുന്നുണ്ട്. കൃഷ്ണ പുഞ്ചിരിക്കുന്നു. മനുവിന്റെ മനസ്സ് പെട്ടെന്ന് അസ്വസ്ഥമായി. അവൻ വളരെ ചേർന്നാണ് നിൽക്കുന്നത്. കൃഷ്ണയും
ഇതാരാണ്? അവൻ അറിയാതെ ചോദിച്ചു പോയി
“അറിയില്ല..ചിലപ്പോൾ ഡോക്ടറുടെ മകനാവും. ഒരു മകനുണ്ട് എന്ന് കേട്ടിട്ടുണ്ട് “
ഗൗരി ഉഴപ്പി.
ഫങ്ക്ഷൻ കഴിഞ്ഞ് വീണ്ടും സൽക്കാരങ്ങൾ
കൃഷ്ണയ്ക്ക് മടുത്തു. ദൃശ്യയ്ക്കും
“നമുക്ക് മുറിയിൽ പോകാം. ഇന്നെന്തായാലും തിരിച്ചു പോരില്ല. നല്ല ക്ഷീണം ഉണ്ട് ഏട്ടന്. നാളെ പുലർച്ചെ ആകും തിരിക്കുക “
“ചുരുക്കത്തിൽ ഒരു ക്ലാസ്സ് പോയി. ആ ഡോക്ടർ കൊ- ല്ലും “
കൃഷ്ണ നഖം കടിച്ചു. അവൾ വസ്ത്രം മാറി കുളിച്ച് ഒരു ഉടുപ്പ് എടുത്തു അണിഞ്ഞു
“ഇതും നീ തയ്ച്ചതാ?”
“അതേല്ലോ “
കടും ചുവപ്പിൽ കറുപ്പ് പൂക്കളുള്ള ഒരു സാധാരണ തുണിയായിരുന്നു അതിന്റെ പക്ഷെ അതിൽ തുന്നി ചേർത്തിരിക്കുന്ന നേർത്ത ലേസുകൾ അതിന്റെ ഭംഗി കൂട്ടി
“എനിക്കും തയ്ച്ചു തരുവോ?”
“പിന്നെന്താ നല്ല തുണി എടുത്തു ത..നല്ല ഉഗ്രൻ ഉടുപ്പ് തയ്ച്ചു തരാം”
ദൃശ്യയ്ക്ക് സന്തോഷമായി
“നിനക്ക് ഇത് കോളേജിൽ ഇട്ടൂടെ?”
“ആ അത് കൊള്ളാം. ഏട്ടൻ എന്നെ കൊ- ല്ലും സമ്മതിക്കില്ല. വീട്ടിൽ ഇടുമ്പോൾ തന്നെ ദേഷ്യം ആണ്. പിന്നെ ഞാൻ എന്റെ ഒരു കൊതിക്കു തയ്ക്കും.”
പൊടുന്നനെ കാളിംഗ് ബെൽ ശബ്ദിച്ചു. ഗോവിന്ദ് ആയിരുന്നു
“മനുഷ്യൻ ബോറടിച്ചു ച- ത്തു “
അവൻ ദൃശ്യയ്ക്ക് അരികിൽ വന്നിരുന്നു
“ഞങ്ങൾ അതല്ലേ നേരെത്തെ പോരുന്നത് “
അവൾ പറഞ്ഞു
“ഇന്ന് പോകാൻ പറ്റുമോ?”
കൃഷ്ണ ചോദിച്ചു
“ഇല്ലെടോ tired ആണ്. നാളെ പോകാം “
കൃഷ്ണ തലയാട്ടി
“ഞാൻ മുറിയിലോട്ട് പോട്ടെ. ഒന്നുറങ്ങണം. നിങ്ങൾ രാത്രി കഴിക്കാൻ പോകുമ്പോൾ. എന്നെ കൂടെ വിളിച്ച മതി “
“ok.”
ദൃശ്യ പറഞ്ഞു
അവൻ പോയപ്പോൾ അവൾ വാതിൽ അടച്ചു
“അർജുൻ ചേട്ടൻ വളരെ സീരിയസ് ആണല്ലോ..പബ്ലിക് ആയിട്ട് പരിചയപ്പെടുത്തുന്ന പോലെ ആയിരുന്നു ഇന്ന്..എല്ലാരും ശ്രദ്ധിച്ചു. ടീവിയിൽ ന്യൂസ് വന്നു കാണും “
കൃഷ്ണ പുഞ്ചിരിച്ചു
“ആള് കുഴപ്പം ഒന്നും കാണിക്കാതെ നോക്കിക്കോണേ “
അവൾ അർത്ഥം വെച്ച് പറഞ്ഞു
“പോടീ.. “
കൃഷ്ണയുടെ മൊബൈൽ ശബ്ദിച്ചു
“നുറു ആയുസ്സ്,
അവൾ കാൾ എടുത്തു
“നീ ഒന്ന് വന്നേ. ഡാഡി പോകാൻ നിൽക്കുന്നു. ഒന്ന് പരിചയപ്പെടുത്തിയിട്ട് വിടാം. റൂം നമ്പർ 501”
“ശരി “
“അപ്പുവേട്ടനാണ് ഡാഡിയെ പരിചയപ്പെടുത്താൻ വിളിക്കുന്നു. ഞാൻ ഈ വേഷം മാറട്ടെ. നീ കൂടി വരണേ “
അവൾ ബാഗിൽ നിന്ന് ഒരു ജോഡി ചുരിദാർ എടുത്തു ബാത്‌റൂമിലേക്ക് പോയി
റൂം നമ്പർ 501
വൈശാഖൻ മുന്നിൽ വന്നു നിക്കുന്ന പെൺകുട്ടിയേ സൂക്ഷ്മമായി ഒന്ന് നിരീക്ഷിച്ചു. ഇളം റോസ് നിറത്തിൽ ഉള്ള ഒരു ചുരിദാർ. ഷാൾ പിൻ ചെയ്തിരുന്നു. വളരെ കുലീനമായ ആത്മവിശ്വാസം നിറഞ്ഞ മുഖം
വലിയ കണ്ണുകൾ. അതീവ ചാരുതയുള്ള ഒരു സുന്ദരികുട്ടി
അവൻ അവളെ പരിചയപ്പെടുത്തി
“ഇത് കൃഷ്ണ. മെഡിക്കൽ സ്റ്റുഡന്റ് ആണ്.എന്റെ..എന്റെ..she is very close to my heart “
അതിൽ എല്ലാം ഉണ്ടായിരുന്നു. അനുപമയുടെ അച്ഛനും അമ്മയും മുറിയിൽ ഉണ്ടായിരുന്നു. അവരും അവളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു
“കൃഷ്ണ?” വൈശാഖൻ പുഞ്ചിരിച്ചു
“അതേ “
“ഞാനാരാ എന്നറിയുമോ?”
“അങ്കിളിന്റെ അച്ഛൻ അല്ലെ?”
അവൾ ജയറാമിനെ നോക്കി ചോദിച്ചു. ജയറാം അതേയെന്ന് തലയാട്ടി
“മോൾ ഇപ്പൊ ഏത് വർഷമാണ്?”
“നാലാമത്തെ വർഷം “
“എവിടെയാ വീട്?”
“തിരുവനന്തപുരം “
അർജുൻ കൗതുകത്തോടെ നോക്കി നിക്കുകയായിരുന്നു. ഒരു പാവക്കുട്ടി നിൽക്കുന്നത് പോലെ. അതീവ സുന്ദരിയായ ഒരു പാവക്കുട്ടി. അനുപമയുടെ അമ്മ അവളെ വിളിച്ചു അടുത്തിരുത്തി. അവർക്ക് അവളെയിഷ്ടമായി. മിതഭാഷിയായ ഒരു പെൺകുട്ടി. അവർ വീട്ടുകാര്യങ്ങൾ ഒക്കെ വെറുതെ ചോദിച്ചു പോയി. കൃഷ്ണ എല്ലാത്തിനും വ്യക്തമായ മറുപടി കൊടുക്കുകയും ചെയ്തു
അനുപമയുടെ അച്ഛൻ, അനിയത്തിമാർ ഒക്കെയും അവളോട് സംസാരിച്ചു. അർജുൻ എങ്ങനെ ഇവളിൽ ഭ്രമിച്ചു എന്നെല്ലാവര്ക്കും ഉള്ളിൽ. നല്ല സംശയം ഉണ്ടായിരുന്നു. അത് പക്ഷെ അവളുടെ കൂടെ ചിലവഴിച്ച അരമണിക്കൂർ കൊണ്ട് നിശ്ശേഷം മാറി. അങ്ങനെ ഒരു പെൺകുട്ടിയെ പരിചയത്തിലോ ബന്ധത്തിലോ അവരാരും കണ്ടിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ആ വിടർന്ന മുഖവും ആഴമുള്ള കണ്ണുകളും അവരുടെയുള്ളിൽ പതിഞ്ഞു കിടന്നു
അവൾ യാത്ര പറഞ്ഞു പോകുമ്പോൾ എന്തോ നഷ്ടം ആകും പോലെ അവർക്ക് തോന്നുകയും ചെയ്തു
“അർജുൻ?”
അനുപമയുടെ അനിയത്തി ദീപ അവന്റെയരികിൽ ചെന്നു
അവരോടാണ് ആ കുടുംബത്തിൽ അർജുന് ഏറ്റവും അടുപ്പം
“എന്താ ചിറ്റേ?”
അവൻ തിരിഞ്ഞു
“ആ കുട്ടിയോട് പറഞ്ഞിട്ടുണ്ടോ?”
“അതെന്താ അങ്ങനെ ചോദിച്ചത്? പറഞ്ഞു “
“അതല്ല. എല്ലാം”
അവർ ഉദേശിച്ചത് അവന് മനസിലായി
“അതൊക്കെ ഞാൻ പറയും മുന്നേ അവൾ അറിഞ്ഞിരുന്നു. ദൃശ്യ പറഞ്ഞു. അവൾക്ക് എല്ലാം അറിയാം. ഞാൻ, എന്റെ past എല്ലാം “
അവന്റെ ശബ്ദം നേർത്തു
“നിങ്ങൾ തമ്മിൽ എത്ര വയസ്സ് വ്യത്യാസം ഉണ്ടാവുമെന്നറിയോ?”
“അത് അവൾക്ക് അറിയുമോ എന്നറിയില്ല “
“ഇപ്പോഴത്തെ പെൺകുട്ടികൾക്ക് പ്രായവ്യത്യാസം ഒത്തിരി ആവുന്നത് ഇഷ്ടമല്ല. അത് കൊണ്ട് ചോദിച്ചതാ. പിന്നെ നിന്റെ സ്റ്റാറ്റസ് കൊണ്ട് അവൾ അത് മറന്നേക്കുമല്ലേ?”
“അങ്ങനെ ഒരാളല്ല. കല്യാണത്തിന് ഒന്നും ഇപ്പോഴും yes പറഞ്ഞിട്ടില്ല. അവൾക്ക് പേടിയാണ് എന്റെ സ്റ്റാറ്റസ്. എന്റെ പണം. എല്ലാം പേടിയാണ്. അത് കൊണ്ട് തന്നെ സമയം വേണമെന്ന് പറഞ്ഞു. പരസ്പരം മനസിലാക്കാൻ കുറച്ചു സമയം. ഒന്നിച്ചു ജീവിക്കാൻ അത് വേണമെന്ന് പറഞ്ഞു. അല്ലാത് ഞാൻ പ്രൊപ്പോസ് ചെയ്ത ഉടനെ yes പറഞ്ഞിട്ടില്ല. ഇഷ്ടം ആണ്. ഇഷ്ടം ഉണ്ട്. അത്ര തന്നെ.”
“സമയം?”
“ഉം “
“എത്ര നാൾ? നിനക്ക് ഇപ്പൊ 28വയസ്സായി. സെറ്റിൽ ആകേണ്ട സമയം ആയി..,
“അവൾ പറയുന്ന സമയം..അന്ന് മതി “
“അത്രയും വൈകണോ .?”
അർജുൻ ഒരു നിമിഷം നിശബ്ദനായി
“കൃഷ്ണ..എന്റെയാണ്..എന്റെ മാത്രം..അതിന് മാറ്റമുണ്ടാവില്ല.”
ദീപ അവനെയൊന്നു ചേർത്ത് പിടിച്ചു
“അങ്ങനെ തന്നെ ആവട്ടെ.. ഒരു ദിവസം ബാംഗ്ലൂർ കൊണ്ട് വരണം. നമ്മുടെ വീട്ടിൽ കേട്ടോ “
“ഇത് തന്നെ..കാല് പിടിച്ചിട്ടാ നോക്കട്ടെ “
“അത് ശരി. കാലുപിടിക്കാനൊക്കെ തുടങ്ങി, അവർ കളിയാക്കി
“പിടിച്ചു പോം…” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
“അത്ര ഇഷ്ടമാണോ ആ കൊച്ചിനെ..”
“എന്റെ അമ്മയുടെ അത്രയും ഇഷ്ടം “
ദീപയുടെ കണ്ണ് നിറഞ്ഞു പോയി
സത്യത്തിൽ കൃഷ്ണക്ക് എവിടെ ഒക്കെയോ അനുപമയുടെ ഛായ പോലും ഉണ്ടായിരുന്നു. ആ അരക്കെട്ട് നിറഞ്ഞു കിടന്ന തലമുടി അനുപമയേ ഓർമിപ്പിച്ചു. പിന്നെ അവളുടെ വലിയ ആഴമുള്ള കണ്ണുകൾ അത് രണ്ടും അനുപമയേ പോലെ. അനുവിന്റെ അമ്മ ഗായത്രിയും അത് തന്നെ പറയുകയായിരുന്നു
“എവിടെ ഒക്കെയോ അനുക്കുട്ടിയുടെ പോലെ. ആ നിറവും മുടിയും കണ്ണും ചിരിയും..എങ്ങനെ സാമ്യം വന്നു അല്ലെ ജയാ?”
ജയറാമിന് ആദ്യ കാഴ്ചയിൽ തന്നെ അത് തോന്നിട്ടുണ്ട്. തങ്ങൾക്ക് ഒരു മകള് ഉണ്ടായിരുന്നു എങ്കിൽ ഇത് പോലെ തന്നെ ഉണ്ടാകുമായിരുന്നു
കാണുമ്പോൾ ഒക്കെ മുജ്ജന്മത്തിൽ എവിടെയോ കൂടെയുണ്ടായിരുന്ന ഒരാളെ പോലെ തോന്നിപ്പിച്ചിരുന്നു
“എന്റെ കുഞ്ഞ് പോകുമ്പോൾ ഉള്ളിൽ ഉണ്ടായിരുന്നത് മോളായിരുന്നില്ലേ ജയാ?”
അവർ കണ്ണീരോപ്പി
“ചിലപ്പോൾ ആ സങ്കടം മാറ്റാൻ തന്നതാവും അത് പോലെ ഒരാളെ. അല്ലെ?”
ജയറാം ഭാരം നിറഞ്ഞ മനസ്സുമായി മുറിയിൽ നിന്ന് ഇറങ്ങി പോയി
ഇടനാഴിയിലൂടെ നടന്ന് സംസാരിക്കുകയായിരുന്നു അർജുനും കൃഷ്ണയും. ജനാലയിലൂടെ നോക്കുമ്പോൾ നഗരം മുഴുവൻ കാണാം
“ദീപ ചിറ്റ ചോദിച്ചു നിനക്ക് എല്ലാം അറിയുമോന്നു?”
“പെണ്ണ് പിടിക്കുന്ന കാര്യമല്ലേ, അറിയാന്ന് പറ “കൃഷ്ണ തിരിച്ചടിച്ചു
അർജുൻ പൊട്ടിച്ചിരിച്ചു പോയി. കൃഷ്ണയും ചിരിച്ചു
“കൃഷ്ണ….അർജുൻ ഒരു ചെളിക്കുണ്ടിലൂടെ ആയിരുന്നു നടന്നിരുന്നത്. പിന്നെ ഉള്ളിലേക്ക് നീ വന്നു. ഒരു മഴ പെയ്യും പോലെ…സാവധാനം നനഞ്ഞു പോയ ഒരു മഴ. ഇഷ്ടം ആണെന്ന് പറയും മുന്നേ തന്നെ അടിമുടി നനഞ്ഞു പോയി. പിന്നെ കാണുന്ന സ്ത്രീരൂപങ്ങൾക്കൊന്നിനും അർജുനെ മോഹിപ്പിക്കാൻ കഴിഞ്ഞില്ല കൃഷ്ണ…എനിക്ക് നിന്റെ അപ്പുവേട്ടനായാ മാത്രം മതി ഈ ജന്മത്തിൽ..ഇനിയൊന്നും വേണ്ട.”
കൃഷ്ണയുടെ കണ്ണ് നിറഞ്ഞു തുളുമ്പി. അവൾ അവന്റെ നെഞ്ചിൽ ചേർന്ന് അവനെ വട്ടം പിടിച്ചു. കടന്നു പോകുന്നവർ അവരെ നോക്കി അടക്കി ചിരിച്ചു കൊണ്ട് എന്തോ പറഞ്ഞു കൊണ്ട് നടന്ന് പോയി
“നീ ഇങ്ങനെ പരിസരം നോക്കാതെ കെട്ടിപ്പിടിക്കല്ലേ കൊച്ചേ. ആൾക്കാർ നോക്കുന്നെന്ന് ” അവൻ അവളുടെ കാതിൽ പറഞ്ഞു
കൃഷ്ണ പുഞ്ചിരിയോടെ അകന്ന് മാറി
“എനിക്ക് സങ്കടം വന്ന കെട്ടിപ്പിടിക്കാൻ തോന്നും. എന്റെ ഏട്ടനെയും ഞാൻ ഇങ്ങനെയാ “
“അത് ശരി. ഏട്ടനെ പോലെയാണോ ഞാൻ?”
“അല്ല….” അവൾ കുസൃതിയിൽ ചിരിച്ചു
“ഏട്ടനോടാണോ എന്നോടാണോ ഇഷ്ടം?”
അത് ഒരു ചോദ്യമായിരുന്നു. അവന്റെ മുഖം ഗൗരവത്തിലുമായിരുന്നു
കൃഷ്ണ ആ കവിളിൽ തൊട്ടു
“ഏട്ടനോട് വേറെ ഈ ആളോട് വേറെ “
“അതല്ല ഉത്തരം. ഒറ്റ ഉത്തരം. എന്നോടാണോ അവനോടാണോ?”
ആള് മാറി കഴിഞ്ഞു. മുഖം ചുവന്നു
” എന്നോടല്ല അല്ലെ?”
അവൾ ആ വാ പൊത്തി
“ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് ഈ ഭൂമിയിൽ സ്വന്തം ആയിട്ടുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നത് ഇപ്പൊ എന്റെ അപ്പുവേട്ടൻ മാത്രം ആണെന്ന്. ഏട്ടൻ ഗൗരിയുടേതല്ലേ? കൃഷ്ണ അർജുന്റെതും. അപ്പൊ കൃഷ്ണയുടെ ജീവൻ ആരിലാ അപ്പുവേട്ടാ? “
അർജുൻ അവളെ ഉറ്റു നോക്കി നിന്നു
“എന്റെയാ നീ..എന്റെ മാത്രാ ” അവൻ അടക്കി പറഞ്ഞു
അവന്റെ വിരലുകൾ അവളുടെ കൈയിൽ അമർന്നു. അവനാ കൈ അവന്റെ കവിളിൽ ചേർത്ത് വെച്ചു
“കൃഷ്ണാ ..”
കൃഷ്ണ മുഖം താഴ്ത്തി
അവന്റെ മുഖത്തിന് അഗ്നിയുടെ ചൂട്
“അർജുന്…ഇനി പിന്നോട്ട് പോകാൻ പറ്റില്ല. നീയില്ലാതെ മുന്നോട്ടും പോകാൻ പറ്റില്ല…”
കൃഷ്ണ കിതപ്പോടെ അവന്റെ കണ്ണിലേക്കു നോക്കി. അവൻ ഒന്ന് ചിരിച്ചു. പിന്നെ കൈവെള്ളയിൽ മുഖം ഒന്നുരച്ചു. അവന്റെ കണ്ണുകൾ ലഹരിയിൽ എന്ന പോലെ പാതിയടഞ്ഞു. അവളുടെ കൈവെള്ളയിൽ അവൻ മുഖം അമർത്തി ചുംബിച്ചു. കൃഷ്ണ ഒന്ന് പിടഞ്ഞു പോയി
അർജുൻ മുന്നോട്ടാഞ്ഞ് ആ കണ്ണിലേക്കു നോക്കി. കൃഷ്ണ ഭിത്തിയിൽ ചാരി
അവന്റെ കൈകൾ അവളുടെ ഇരുവശത്തും…ശ്വാസം മുഖത്ത് തട്ടുന്നു. കൃഷ്ണ ആ കണ്ണുകളുടെ ആകർഷണവലയത്തിൽ മയങ്ങി അനങ്ങാതെ നിന്ന് പോയി. മറ്റൊന്നും ഓർക്കാൻ കൂടി കഴിയാതെ. പ്രണയം തീ പോലെ അവരെ ദഹിപ്പിക്കാൻ തുടങ്ങിയത് അന്ന് മുതലായിരുന്നു
തുടരും…..