ധ്രുവം, അധ്യായം 41 – എഴുത്ത്: അമ്മു സന്തോഷ്

എം എൽ എ സനൽ കുമാർ മുന്നിൽ ഇരിക്കുന്നയാളിന്റെ മുഖത്ത് കണ്ണ് നട്ടു. ആക്‌സിഡന്റ്ൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഒരേയൊരാൾ ആയിരുന്നവൻ. പ്രവീണിന്റെ സുഹൃത്ത് ദാസ്

“അന്ന് പ്രവീണിന്റെ വണ്ടിയിൽ ഞാനും ഉണ്ടായിരുന്നു. ആ ലോറി നേരേ വന്നിടിക്കുകയായിരുന്നു. വളരെ സേഫ് ആയാണ്  ഡ്രൈവർ ഡ്രൈവ് ചെയ്തിരുന്നത്. ലോറി റോങ് സൈഡ് ആയിരുന്നു.'”

“അപ്പൊ രാത്രി എത്ര മണിയായി?”

“ഒരു മണി കഴിഞ്ഞു “

“ഞാൻ അന്ന് തമിഴ്നാട്ടിൽ ആയിരുന്നു ദാസ്. അവൻ പോയിന്ന് അറിഞ്ഞാ ഓടി വന്നേ…നിങ്ങൾ അന്ന് എവിടെ പോയതായിരുന്നു?”

ദാസ് ഒന്ന് പതറി

“പറഞ്ഞോ അവന്റെയെല്ലാ തോന്ന്യസങ്ങളും അറിയുന്ന ഒരു അച്ഛനാണ് ഞാൻ. എന്നോട് പറഞ്ഞോ. വല്ല പെണ്ണുങ്ങളുടെയും അടുത്ത് പോയതാണോ?”

“അത് പ്രവീൺ പറഞ്ഞു അവന്റെ കോളേജിലെ ആ പെണ്ണിനെ പൊക്കാമെന്ന്. അങ്ങനെ ഞങ്ങൾ അവിടെ പോയി. അവിടെ വെച്ച് ഒരു നാട്ടുകാരി ഇടപെട്ടു. അങ്ങനെ ഞങ്ങൾ കാര്യം നടക്കാതെ തിരിച്ചു പോരുന്നു. അതിന്റെ കലിപ്പ് തീർക്കാൻ ബാറിൽ കേറി അടിച്ച്. അങ്ങനെ വരും വഴിയാ “

“അത് ശരി. അപ്പൊ കുടിച്ചിട്ടാ വണ്ടി ഓടിച്ചത് “

“അയ്യോ അല്ല അങ്കിളേ ഡ്രൈവ് ചെയ്ത സിനോജ് കുടിച്ചിട്ടില്ലായിരുന്നു. ആ ലോറിക്കാരനെ ഒന്ന് പൊക്കിയാൽ അറിയാം എന്റെ സംശയം ഇത് കൊട്ടേഷൻ ആണൊന്ന “

സനൽ ഞെട്ടിപ്പോയി

“അതെന്താ നിനക്ക് അങ്ങനെ തോന്നാൻ…?”

“ബാറിൽ വെച്ച് ഞാൻ ഇത് പോലെ ഒരാളെ കണ്ടത് പോലെ…പിന്നെ ഇപ്പൊ ഓർക്കുമ്പോൾ ഞങ്ങൾ ബാറിൽ നിന്നു ഇറങ്ങുമ്പോ ഒരു ലോറി അവിടെ കിടപ്പുണ്ടാരുന്നു. അത് മാത്രം അല്ല ലോറി പ്രവീൺ ഇരിക്കുന്നിടത്തേക്കാണ് കൃത്യമായി വന്നു ഇടിച്ചത് “

സനലിന്റെ ഉള്ളു വിറച്ചു പോയി

“അങ്കിളിന്റെ ശത്രുക്കൾ വല്ലോരും ആണോ? ഒന്ന് അന്വേഷിച്ചു നോക്ക്. ചിലപ്പോൾ രാഷ്ട്രീയക്കാർക്ക് കൊ- ല്ലാൻ പക തോന്നിക്കുന്ന ശത്രു ഉണ്ടാവാറില്ലേ? അങ്ങനെ വല്ലോം ഉണ്ടൊ? ഒന്ന് ഞാൻ ഉറപ്പിച്ചു പറയാം. അത് സാധാരണ ഒരു ആക്‌സിഡന്റ് ആയിരുന്നില്ല
കരുതി കൂട്ടി വന്നിടിച്ചതാ “

അവൻ പോയിട്ടും അയാൾ അതെയിരിപ്പ് തുടർന്നു…

മൂന്ന് മക്കൾ ആണ് സനലിന്. രണ്ടു പെണ്മക്കൾ പിന്നെ മരിച്ചു പോയ പ്രവീൺ

പ്രവീൺ നന്നായി പഠിക്കുമായിരുന്നു. പക്ഷെ തല തിരിഞ്ഞു പോയി.

അയാൾ ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു

എസ് ഐ ജോൺസ്…

ആക്‌സിഡന്റ് നടന്ന പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷനിലെ എസ് ഐ

“ജോൺസേ ഞാനാണ് സനല് “

“പറഞ്ഞാട്ടെ സാറെ “

“അന്നത്തെ ലോറി ഡ്രൈവർ ഇപ്പൊ എവിടെയുണ്ട്”

“അയാള് ജാമ്യം എടുത്തു പോയി സാറെ “

“എവിടെയുള്ളവനാ”

“കോയമ്പത്തൂർ “

“തമിഴ്?”

“അതേ സാറെ.. “

“അയാൾ ഇവിടെ എന്തിന് വന്നതാ?”

“ലോഡ്മായി വന്നതാ. കമ്പികൾ അതായിരുന്നു ലോഡ്. കാറിൽ ഉള്ളവരെല്ലാം നന്നായി മ ദ്യപിച്ചിരുന്നു സർ..കാർ അങ്ങോട്ട് ചെന്നു ഇടിച്ചതയാണ് പൊസിഷനിൽ നിന്ന് വ്യക്തമായത്. “

“അയാളുടെ അഡ്രസ് ഒന്ന് വാട്സാപ്പ്  ചെയ്തേക്ക് “

“ശരി സർ “

അങ്ങനെ കൊ- ട്ടേഷൻ കൊടുത്തു കൊ- ല്ലാൻ മാത്രം ആർക്കും വൈരാഗ്യമൊന്നുമില്ല. അതൊരു ആക്‌സിഡന്റ് ആയിരുന്നു. ഡോക്ടർ അത് തീർത്തു പറഞ്ഞു

എന്നാലും അന്വേഷിച്ചു നോക്കാം. വാട്സാപ്പ് മെസ്സേജ് വന്നു

ഒരു ഫോട്ടോ

ഇബ്രാഹിം മുഹമ്മദ്‌. ലോറി ഡ്രൈവറുടെ ഐഡി. അയാൾ ഒരാളെ വിളിച്ചു അത് ഒന്ന് അന്വേഷിച്ചു പറയാൻ പറഞ്ഞു.

*****************

നീരജയ്ക്ക് മടുത്തു തുടങ്ങി. ഇനിയിത് മുന്നോട്ട് കൊണ്ട് പോകുന്നതിൽ അർത്ഥം ഇല്ല. കുഞ്ഞുങ്ങൾ ഇല്ല. ദീപുവിന്റെ സ്നേഹം അതുമില്ല. എന്തിനാ വെറുതെ. അവൾ ഒരു ജോലിക്കായ് ശ്രമിച്ചിരുന്നു. അത് കിട്ടി. എറണാകുളത്താണ്. പോകണം. ദീപു വരാൻ അവൾ കാത്തിരുന്നു

ദീപു വന്നപ്പോൾ വൈകി. ബോധവും ഉണ്ടായിരുന്നില്ല. പുലർച്ചെ അവൾ ബാഗുകൾ ഒതുക്കി വെച്ച് അവനെ കാത്തിരുന്നു

“നീ വീട്ടിൽ പോകുന്നോ?” ദീപു അലസമായി ചോദിച്ചു

“ഉം വീട്ടിലേക്കല്ല. ഒരു ജോലി കിട്ടി. എറണാകുളത്താ. ട്രാവൽ ഏജൻസിയിൽ “

ദീപുവിന്റെ മുഖത്ത് ഒരമ്പരപ്പ് ഉണ്ടായി

“നിനക്ക് എന്തിനാ ജോലി?”

“കാശ് വേണ്ടേ ദീപു ജീവിക്കാൻ “

അവൾ ഒരു ഡോക്യുമെന്റ് ടീപോയിൽ വെച്ചു

“mutual conscent ഉണ്ടെങ്കിൽ ഡിവോഴ്സ് പെട്ടെന്ന് കിട്ടും. ദീപു എതിരൊന്നും പറയരുത്. സൈൻ ചെയ്തു വെയ്ക്കണം. ഇനി ഇതിങ്ങനെ കൊണ്ട് പോകണ്ട ദീപു..”

ദീപുവിന് പെട്ടെന്ന് ഒരു വല്ലായ്മ തോന്നി. അവൻ അതെടുത്തു വായിച്ച് നോക്കി

“ശരി ഞാൻ സൈൻ ചെയ്തു വെച്ചേക്കാം “

അവൻ അത് അവിടെ ഇട്ടു. മുറ്റത്തു ഒരു ടാക്സി വന്നു ഹോൺ അടിച്ചു

“പോട്ടെ…”

അവൾ നടന്ന് കാറിൽ കേറുന്നത് അവൻ നോക്കി നിന്നു. പിന്നെ സെറ്റിയിൽ ഇരുന്നു. ഡോക്യുമെന്റ് വെറുതെ വായിച്ചു നോക്കിക്കൊണ്ട് ഇരുന്നു

പെട്ടെന്ന് തീർന്നത് പോലെ. നാലു വർഷം ആകുന്നു. താൻ അവളെ സ്നേഹിച്ചിരുന്നില്ല. അത് കൊണ്ട് തന്നേ വേദന തോന്നുന്നില്ല. പക്ഷെ ഒരു അസ്വസ്ഥത. അവൾ പോയി

അവൻ കുറച്ചു നേരം പോയി കിടന്നു. കുറച്ചു നേരം വീണ്ടും ഉറങ്ങി. ഉണർന്നപ്പോഴും ആ വല്ലായ്മ ഉണ്ട്. അവൻ അർജുന്റെ നമ്പർ ഡയൽ ചെയ്തു

“എന്താഡാ?”

“ഒന്ന് കാണാൻ പറ്റുമോ?”

“നീ ഇങ്ങോട്ട് വാടാ ഞാൻ ഫ്ലാറ്റിൽ ഉണ്ട് “

അർജുൻ ഹോസ്പിറ്റലിൽ നിന്ന് വന്നതേയുള്ളായിരുന്നു. ദീപുവിന്റെ ശബ്ദം കേട്ടിട്ട് അവനെന്തോ പന്തികേട് ഉള്ളത് പോലെ തോന്നി

“നീയിങ്ങോട്ട് വാ അർജുൻ “

ദീപു കാൾ കട്ട്‌ ചെയ്തു

പത്തു മിനിറ്റ് എടുത്തില്ല അർജുൻ എത്തി. വാതിൽ തുറന്നു കിടക്കുകയായിരുന്നു. ദീപു ഹാളിൽ ഉണ്ട്

“ഹോ നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ. ഞാൻ പേടിച്ചു പോയി “

അവൻ വന്ന് എതിരെ യുള്ള കസേരയിൽ ഇരുന്നു

“എന്താ ദീപു?”

അവൻ ഡോക്യുമെന്റ് എടുത്തു നീട്ടി

“ഡിവോഴ്സ്?”

“നീരജ പോയി. രാവിലെ. ഇത് തന്നു. സൈൻ ചെയ്തു വെച്ചേക്കാൻ പറഞ്ഞു “

അർജുൻ അന്തം വിട്ട് അവനെ നോക്കിക്കൊണ്ടിരുന്നു

“ഞാൻ നിന്നെ വിളിച്ചത്…എന്റെ ജീവിതത്തിൽ ഞാൻ എന്തെങ്കിലും ചർച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിന്നോടാ അർജുൻ. ഞാൻ സൈൻ ചെയ്തു കൊടുത്തേക്കട്ടെ “

അർജുൻ ഒരു നിമിഷം ആലോചിച്ചു

“നീ നന്നാകാൻ ഉദ്ദേശമുണ്ടെങ്കിൽ ഞാൻ നീരജയോട് സംസാരിക്കാം. ഒരു കോംപ്രമൈസ്. അതല്ല ഇപ്പൊ പോകും പോലെ ആണെങ്കിൽ സൈൻ ചെയ്തേക്ക്.”

ദീപു പേന എടുത്തു സൈൻ ചെയ്തു

“ഞാൻ മാറാൻ പോണില്ല. ഞാൻ ഇങ്ങനെ തന്നെയാ. നിന്നെ പോലല്ല ഞാൻ. എനിക്ക് ഒരു പെണ്ണിനോടും commitment ഇല്ല..വേണ്ട താനും “

അർജുൻ അവനെ തന്നെ നോക്കിയിരുന്നു. ദീപു പുറമെ അങ്ങനെ ഒക്കെ പറയുന്നുണ്ടെങ്കിലും അവന്റെ ഉള്ളിൽ എന്താ എന്ന് അവന് മനസിലായില്ല. വിഷമം ഉണ്ടോന്ന് അറിയില്ല. ഉണ്ടാകും

നീരജയെ അവൻ സ്നേഹിച്ചിരുന്നില്ല എന്ന് മറ്റാരേക്കാളും അർജുന്‌ നന്നായി അറിയാം

“എടാ നമുക്ക് ഒന്ന് പുറത്ത് പോയാലോ “

അർജുൻ ചോദിച്ചു

“വേണ്ട…നീ കുറച്ചു നേരം ഇരിക്ക്…അച്ഛനോട് ഇതെങ്ങനെ പറയുമെന്നാ. കുടുംബക്കാർ ഒക്കെ അറിയുമ്പോൾ വലിയ നാണക്കേട് ആകും അർജുൻ “

അർജുൻ മിണ്ടിയില്ല

“എടാ സ്നേഹിക്കാൻ പറ്റുന്നില്ലെങ്കിൽ പിരിയണം. നീ ഇത് നാലു വർഷം വലിച്ചിഴച്ചത് തന്നെ മോശമായി.”

“എന്താ സ്നേഹം അർജുൻ?”

അർജുൻ അമ്പരന്നു പോയി

“പറഞ്ഞു താ എന്താ സ്നേഹം?”

“കൃഷ്ണ എങ്ങനെയാ നിന്നെ സ്നേഹിക്കുന്നത്?”

അർജുൻ ഒന്ന് പതറി

“പറയ്. അതില് എന്തെങ്കിലും കാണുമല്ലോ. അത് കൊണ്ടാവുമല്ലോ നീ അവളിൽ തന്നെ ഒതുങ്ങി പോയത്. പറയ്. നിന്റെ എല്ലാ ഇഷ്ടവും അവൾ ചെയ്തു തരുമോ. എല്ലാ ഇഷ്ടവും?”

“എന്ന് വെച്ചാ?” അർജുൻ കണ്ണ് മിഴിച്ചു

“എന്ന് വെച്ചാൽ എല്ലാം “

“പോടാ…നീ ഉദേശിച്ചത്‌ ഒന്നും ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. നിനക്ക് ഈ ഒറ്റ വിചാരമേയുള്ളോ ദീപു? ഇതൊന്നും ഒന്നുമല്ലടാ. നീ അല്ലാതെ ഒരു പെണ്ണിനെ സ്നേഹിച്ചു നോക്ക്. ശരീരം നോക്കാതെ. മനസ്സ് മാത്രം നോക്കിട്ട് “

“എന്ത് കാര്യത്തിന്?”

“മനസുഖം എന്ന് പറയുന്ന ഒരു കാര്യം ഉണ്ട്. മറ്റേത് കുറച്ചു സമയം മാത്രം നീണ്ടു നിൽക്കുകയുള്ളു. ഇതിന്റെ warranty ലൈഫ് ലോങാ. ജീവിതം മുഴുവൻ. “

“കൃഷ്ണ എങ്ങനെയാ സ്നേഹിക്കുന്നത് അത് പറ. എന്നേക്കാൾ മോശമായ നീ എങ്ങനെ നന്നായി എന്നറിയാനുള്ള കൗതുകം കൊണ്ടാണ് പറ “

“പറഞ്ഞു തരാൻ അറിയില്ല ദീപു. അത് അനുഭവിച്ച് അറിയാനെ പറ്റു. അവളുടെ എല്ലാമാ ഞാൻ. ആ ഒരു ഫീലിംഗ് അത് അനുഭവിച്ചു തന്നെ അറിയണം “

“അങ്ങനെ ഒരു പെണ്ണ് എന്നെ സ്നേഹിച്ചിരുന്നെങ്കിൽ ഞാനും നന്നായേനെ “

ദീപു പറഞ്ഞു

അർജുൻ അതിന് മറുപടി പറഞ്ഞില്ല

“നീ ഒരു കാര്യം ചെയ്യു ദീപു, കുറച്ചു ദിവസം നാട്ടിൽ അമ്മയ്ക്കും അച്ഛനുമൊപ്പം പോയി നിൽക്ക്. ഇവിടുത്തെ ബിസിനസ് ഒക്കെ നോക്കാൻ ആളുണ്ടല്ലോ. റിപ്പോർട്ട്‌ വൈകുന്നേരം തോറും കിട്ടിയ പോരെ..മനസ്സ് ഒന്ന് മാറട്ടെ. ശാന്തമാകട്ട. അവർക്കും സന്തോഷം ആകും ചെല്ല് “

ദീപു ഒന്ന് മൂളി

ദീപുവിന്റെ നാട് കോട്ടയമാണ്. അവരിവിടെ വന്ന് താമസിക്കുന്നു എന്നെയുണ്ടായിരുന്നുള്ളു

“ഞാനും വരാം കൂടെ. നാളെ സൺ‌ഡേയല്ലേ? നമുക്ക് ഒന്നിച്ചു പോകാം “

ദീപു അർജുന്റെ മടിയിലേക്ക് തല വെച്ചു കണ്ണുകൾ അടച്ചു

“നിനക്ക് തിരക്കില്ലല്ലോ “

“ഇല്ലടാ ജസ്റ്റ്‌ സ്ലീപ്‌…ഞാൻ ഇന്ന് പോണില്ല പോരെ “

അർജുൻ അവന്റെ മുഖത്ത് ഒരുമ്മ കൊടുത്തു. ദീപുവിന്റെ കണ്ണുകൾ ഇക്കുറി നിറഞ്ഞു. പക്ഷെ ഒരു ചിരി കൊണ്ട് അവൻ അത് മറച്ചു. പിന്നെ കണ്ണുകൾ അടച്ചു

*********************

കൃഷ്ണ ഒരു ചുരിദാർ തയ്ക്കുകയായിരുന്നു. മനുവും ഗൗരിയും വരുന്നത് കണ്ട് അവൾ അത് നിർത്തി എഴുന്നേറ്റു

“പോയി വന്നിട്ട് അങ്ങോട്ട് കണ്ടില്ലല്ലോ മോളെ”

ഗൗരി വാത്സല്യത്തോടെ അവളോട് ചോദിച്ചു

“കുറേ പെന്റിങ് വർക്ക്‌ ഉണ്ടാരുന്നു. ഇന്നെന്തായാലും വന്നേനെ. ഇത് ഒന്ന് തീർത്തിട്ട്
കൊടുക്കാമെന്നു പറഞ്ഞ തീയതി കഴിഞ്ഞു “

മനു അവളുടെ ശിരസ്സിൽ തലോടി

“ഇതിനിടയിൽ ഇത് കൂടി വേണ്ട മോളെ ഇതിപ്പോ നാലാമത്തെ വർഷം ആണ്. പഠിക്കാൻ കുറേയില്ലേ?”

“ഇത് ഇഷ്ടത്തോടെ ചെയ്യുന്നതാ ഏട്ടാ. ഒരു സന്തോഷം. ഗൗരിച്ചേച്ചിക്ക് ഒരെണ്ണം തയ്ച്ചു വെച്ചിട്ടുണ്ട്. നോക്കിക്കേ “

ഗൗരി അത് എടുത്തു നോക്കി. മഞ്ഞ നിറത്തിൽ കടും വയലറ്റ് നിറമുള്ള ഒരു നൈറ്റി

“ഇനി വീട്ടിൽ നിൽക്കുമ്പോൾ ഇടാം ഫ്രണ്ട് ഓപ്പൺ ആണ്. വാവ വരുമ്പോൾ യൂസ് ചെയ്യാം “

“മോളെന്തിനാ കാശ് കളഞ്ഞത്?”

“കളയാനുള്ളതല്ലേ കാശ്?”

അവൾ ചിരിച്ചു. അച്ഛനും അമ്മയും നല്ല ഉറക്കം. അവരെ ശല്യം ചെയ്യാതെ കുറച്ചു നേരം കൂടി അവർ അവിടെയിരുന്നു

“മോളെ അന്ന് നിന്റെ കൂടെ വിളക്ക് കത്തിച്ച ആ ആളിന്റെ പേരെന്താ?”

പോകാൻ നേരം പെട്ടെന്ന് മനു തിരിഞ്ഞു ചോദിച്ചു

“അർജുൻ “

അവൾ തയ്ച്ചു കൊണ്ട് പറഞ്ഞു

“ഡോക്ടർടെ മോനാണോ?”

അവൾ അതേയെന്ന് പറഞ്ഞു

“കല്യാണം കഴിഞ്ഞതാണോ “

“അല്ല “

“ഒത്തിരി അടുപ്പം വേണ്ട. അറിയാല്ലോ നമ്മുടെ അവസ്ഥ “

“അത് ആ ചേട്ടനും അറിയാം “

കൃഷ്ണ പുഞ്ചിരിച്ചു

“എന്ത്?” മനു നെറ്റി ചുളിച്ചു

“എന്റെ അവസ്ഥ “

“അത് കൊണ്ട്?”

“അത് കൊണ്ട് ഒന്നുമില്ല എന്ന് പറഞ്ഞതാ “

അവൾ ജോലി തുടർന്നു. മനു അടുത്ത് വന്നിരുന്നു

“എന്റെ കുട്ടി സൂക്ഷിക്കുമെന്ന് ഏട്ടന് അറിയാം. അവരൊക്കെ വലിയ ആൾക്കാരാണ്. പ്രണയം, സ്നേഹം ഒക്കെ അവർക്ക് ചിലപ്പോൾ നേരമ്പോക്ക് ആണ്. അന്നേരം തോന്നുന്ന ഒരു സന്തോഷം അതാണ്. നമ്മൾ പാവങ്ങളാ മോളെ. അറിയാതെ പോലും ഒന്നും തോന്നരുത് ട്ടോ “

കൃഷ്ണ തലയാട്ടി. അവൻ പറയുന്നതിന് നല്ല വശം മാത്രേ ഉള്ളു എന്ന് അവൾക്ക് അറിയാം. പക്ഷെ അർജുൻ

അവനിങ്ങനെയാണെന്ന് ഏട്ടനെങ്ങനെ മനസിലാക്കി കൊടുക്കും. അറിയില്ല

അവർ പോയി കഴിഞ്ഞപ്പോൾ മനസ്സ് അസ്വസ്ഥമായത് പോലെ തോന്നിട്ട് അവൾ മുറ്റത്തു പോയിരുന്നു

കാൾ വരുന്നു

അർജുൻ

“ഹലോ.”

“എന്താ വല്ലാതെ?”

പെട്ടെന്ന് അവനത് തിരിച്ചറിഞ്ഞു

“ഹേയ്…”

“പറയ് “

“ഒന്നുല്ലന്ന് ‘

“എന്നോട് പറയാൻ പറ്റാത്തതാണോ?”

അവൾ ശ്വാസം എടുത്തു

“ഏട്ടൻ വന്നിരുന്നു. കുറേ ഉപദേശിച്ചു. എനിക്ക് എന്തോ കുറ്റബോധം പോലെ…ഉള്ളിൽ ഒരു വിഷമം. എല്ലാരേയും പറ്റിക്കുന്ന പോലെ. നമ്മുടെ ഈ ബന്ധം എവിടെ ചെന്നാ അവസാനിക്കുക? ഒടുവിൽ ഇഷ്ടം തീരുമ്പോൾ ഞാൻ ഒറ്റയായി പോവോ?”

അർജുന്റെ ഉള്ളു പിടഞ്ഞു പോയി

“ഞാൻ ഒഫീഷ്യൽ ആയി വീട്ടിൽ വരാം. കല്യാണം നടത്താം. അത് കഴിഞ്ഞു നീ പഠിച്ചോ…മതിയോ “

അവൾ പേടിച്ചു പോയി

“എന്റെ ദൈവമേ ഇതാണോ അതിനുള്ള മറുപടി. ഒന്ന് സമാധാനിപ്പിച്ചാ പോരെ? ഞാൻ സമാധാനിച്ച് ഇരിക്കൂലേ? അതിന് പകരം…”

“ഞാൻ സീരിയസ് ആയി പറഞ്ഞതാ. നിന്റെ ഏട്ടനെ ഞാൻ നേരിട്ട് കാണുന്നുണ്ട്. ഞാൻ പറയാം. ഞാൻ കല്യാണം കഴിക്കുമെന്ന്. ടൈം പാസ്സ് അല്ലെന്ന്. പോരെ “

“ഒന്ന് പോയെ… മിണ്ടാണ്ട് ഇരുന്നോ അവിടെ..അങ്ങനെ ഒന്നും വന്ന് കളയരുത്. ഞാൻ എന്റെ സങ്കടം കൊണ്ട് പറഞ്ഞു പോയതാ. ഇനി പറയില്ല…ഇജ്ജാതി സാധനം “

അവൾക്ക് ദേഷ്യം വന്നു

“കൃഷ്ണ?”

“മിണ്ടണ്ട പോ “

അവൾ പിണങ്ങി

“എടി ഞാൻ ഇപ്പൊ അങ്ങോട്ട് വരും കേട്ടോ “

അവൾ ഞെട്ടി പ്പോയി

“എന്റെ പൊന്നല്ലേ ചക്കരയല്ലേ..കണ്ട്രോൾ കണ്ട്രോൾ. അവിടെ നിൽ..”

അവൻ ചിരിക്കുന്നതവൾ ഫോണിലൂടെ കേട്ടു

“ഞാൻ വിളിച്ചത് എന്തിനാണ് എന്ന് വെച്ചാൽ ഞാൻ ഒരാഴ്ച ഉണ്ടാവില്ല..നീ ഹോസ്പിറ്റലിൽ വന്നേക്കണേ. ഞാൻ ദുബായ് പോവാണ്. ഒഴിവാക്കാൻ വയ്യാത്ത രണ്ടു മീറ്റിഗ്സ്. എന്റെ കൊച്ച് ഒന്ന് ഹോസ്പിറ്റലിൽ വരണം. ഈ ആഴ്ച. അന്നത്തെ പോലെ ഒരു മണിക്കൂർ മതി.”

“പണിയെടുപ്പിച്ച് കൊ- ല്ലുവോ?”

അവൻ ചിരിച്ചു

“എന്റെ കൃഷ്ണയല്ലേടാ … ഉം? അപ്പുവേട്ടൻ വരുമ്പോൾ എന്റെ കൊച്ചിന് ബിരിയാണി വാങ്ങി തരാം “

സുഖമുള്ളതെന്തോ ഉള്ളിൽ നിറഞ്ഞു. കൃഷ്ണ മൂളി

“മനസ്സിൽ വേറെ ഒന്നും വേണ്ടാ എന്റെ ദുബായ് ട്രിപ്പ് സ്ട്രിക്ടിലി ഒഫീഷ്യൽ ആണ്. അർജുൻ നിന്റെയാണ്. എന്നും “

കൃഷ്ണ അതിനും മൂളി

“വെയ്ക്കട്ടെ “

“അപ്പുവേട്ടാ…”

“ഉം?”

“ഞാൻ ഉണ്ട്ട്ടോ ഒപ്പം “

അവന്റെ കണ്ണ് നിറഞ്ഞു

ഫോൺ കട്ട്‌ ആയി. അവന് ആ നിമിഷം അവളെ കാണാൻ തോന്നി

ലോകത്ത് ഏറ്റവും വില പിടിച്ചതെന്ത് എന്ന് ചോദിച്ചാൽ അവൻ ആ നേരം പറഞ്ഞേനെ

അതാ വാചകത്തിനാണ്

ഞാനുണ്ട് ഒപ്പം എന്ന വാചകത്തിന്

തുടരും…..