ധ്രുവം, അധ്യായം 43 – എഴുത്ത്: അമ്മു സന്തോഷ്

അലറിക്കരയുന്ന ഒരു കുഞ്ഞിന്റെ ബെഡിൽ എത്തി കൃഷ്ണ. അവന് പുറമേയ്ക്ക് മുറിവുകൾ ഇല്ല

“രാത്രി ഒന്നും ഒരു കുഴപ്പവുമില്ലായിരുന്നു ഡോക്ടറെ”

“ഞാൻ ഡോക്ടർ അല്ലാട്ടോ പഠിക്കുന്നേയുള്ളു ” അവൾ വീണ്ടും തിരുത്തി

അവരോട് തന്നെ ഇത് മൂന്നാമത്തെ തവണയാണ് അവൾ അത് പറയുന്നത്. പക്ഷെ അവരത് കേൾക്കുന്നില്ലന്ന് തോന്നി

“ഡ്യൂട്ടി ഡോക്ടർ വന്നു നോക്കിയല്ലെ?”

“നോക്കി. ഇന്നലത്തെ ഷോക്ക് ആണെന്ന പറഞ്ഞത്. ദേഹത്ത് മുറിവൊന്നുമില്ല. ചതവുമില്ല “

“മൂ- ത്രം പോയോ?”

“പോകുന്നുണ്ട്. കക്കൂസിലും പോയി. അത് കഴിഞ്ഞ കരച്ചിൽ “

ഏകദേശം നാലു വയസ്സുള്ള കുഞ്ഞാണ്

“മോൻ ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്”

അവൾ കുഞ്ഞിനോട് സ്നേഹത്തോടെ ചോദിച്ചു

“എൽ കെ ജി ബി” ഏങ്ങലടിച്ചു കൊണ്ട് കുഞ്ഞ് പറഞ്ഞു

“മോന് എവിടെയെങ്കിലും വേദനിക്കുന്നോ?”

അവൾ അവന്റെ ഷർട്ട്‌ ഊരി. അതിനറിയില്ലന്ന് കൃഷ്ണയ്ക്ക് തോന്നി. അവൾ നെഞ്ചിൽ ഒന്ന് തൊട്ടു

വേദന ഉണ്ടോ…കുഞ്ഞ് ഇല്ല എന്ന് തലയാട്ടി

അവൾ വയറിൽ തൊട്ട് നോക്കി. അവൻ വീണ്ടും ഇല്ല എന്ന് തലയാട്ടി. പിന്നെയും കരച്ചിൽ ആരംഭിച്ചു

“ഒന്ന് കമിഴ്ന്നു കിടക്കാമോ?”

അമ്മ അവനെ കമിഴ്ത്തി കിടത്തി. പുറമേയ്ക്ക് ഒന്നുമില്ല. പക്ഷെ അവൻ നന്നായി കരയുന്നുണ്ട്

“ബസ് അപകടത്തിൽ പെട്ടപ്പോൾ മോന് എവിടെ ആയിരുന്നു ഇരുന്നത് “

“ഏറ്റവും പുറകിൽ “

“എന്നിട്ട് “

“ജനലിൽ കൂടി വെളിയിൽ പോയി”

അവൾ ഞെട്ടി തെറിച്ചു പോയി. കുട്ടി വീണ്ടും പറയുകയാണ്. ജനലിൽ കൂടി തെറിച്ച് റോഡിൽ വീണു. അവൾ പെട്ടെന്ന് അവന്റെ കണ്ണുകൾ വിടർത്തി നോക്കി. പിന്നെ ഓടി

“എന്താ മോളെ?” ഡോക്ടർ ദുർഗ ചോദിച്ചു

“പത്താം നമ്പർ ബെഡിലെ കുഞ്ഞിന് ബ്രെയിനിൽ ഇന്റെർണൽ ബ്ലീഡിങ് ഉണ്ട് “

ദുർഗ നെറ്റി ചുളിച്ചു”what? “

“yes ഡോക്ടർ. പുറമേയ്ക്ക് പരിക്കുകൾ ഒന്നുമില്ല. പക്ഷെ സ്കാൻ ചെയ്യണം. ഡോക്ടർ ഒന്ന് വരുമോ?”

ദുർഗ ഒപ്പം ചെന്നു. അവൻ കരച്ചിൽ നിർത്തി ശാന്തമായി ഇരിക്കുന്നു

“അവന് കുഴപ്പം ഒന്നുമില്ലല്ലോ മോളെ “

“ഉണ്ട്. കണ്ണുകൾ ഒന്ന് നോക്ക് ഡോക്ടർ. വ്യത്യാസം ഉണ്ട്..അവൻ ജനലിൽ കൂടി പുറത്തേക്ക് തെറിച്ചു പോകുകയായിരുന്നു. തല ഉറപ്പായും എവിടെ എങ്കിലും ഇടിച്ചു കാണും. ഒരു എം ആർ ഐ എടുത്തു നോക്കട്ടെ “

“yes yes ആ ഡൌട്ട് തീരട്ടെ “

കുഞ്ഞിനെ എം ആർ ഐ എടുക്കാൻ കൊണ്ട് പോയി. ഡോക്ടർ ദുർഗ കൃഷ്ണയേ നിരീക്ഷിക്കുകയായിരുന്നു

ഇത് രണ്ടാമത്തെ ദിവസം ആണ്. രാത്രി ആയി. ഡോക്ടർ ജയറാം വീട്ടിൽ പോയി. ദൃശ്യയും പോയി. കൃഷ്ണ ഇവിടെ തന്നെ. അവൾ ഭക്ഷണം കഴിക്കാൻ പോലും പോവുന്നത് കണ്ടിട്ടില്ല

ഇത് അർജുന്റെ ഹോസ്പിറ്റലായത് കൊണ്ടല്ല അവൾ ഇങ്ങനെ എന്ന് ദുർഗക്ക് തോന്നി. അവൾ ഇങ്ങനെ തന്നെ ആണ്. ഇനി അത് എവിടെ ആണെങ്കിലും

റിപ്പോർട്ട്‌ വന്നു. കൃഷ്ണ അത് വായിച്ച് നോക്കിയിട്ട് വീണ്ടും ദുർഗയുടെ മുറിയിൽ ചെന്നു

“ഡോക്ടർ ഞാൻ പറഞ്ഞില്ലേ. നോക്ക്. ഇന്റെർണൽ ബ്ലീഡിങ് ഉണ്ട്. കുറച്ചു സ്‌പ്രെഡ്‌ ആയിട്ടുണ്ട്. സർജറി വേണം “

ആ നേരമവളുടെ മുഖം നല്ല എക്സ്പീരിയൻസ് ഉള്ള ഡോക്ടറുടെ മുഖം ആയിരുന്നു. ദുർഗ റിപ്പോർട്ട്‌ വായിച്ച് നോക്കി

“ഡോക്ടർ അല്ലെ സർജറി ചെയ്യുക? വേഗം ചെയ്യാൻ പറ്റില്ലേ?ഓരോ നിമിഷവും അത് കൂടുതൽ സ്‌പ്രെഡ്‌ ചെയ്യും “

“കൃഷ്ണ…”

ദുർഗ എന്ത് പറയണം എന്നറിയാതെ അവളെ നോക്കി നിന്നു. പിന്നെ ഒന്ന് ചേർത്ത് പിടിച്ചു

ശരിക്കും പറഞ്ഞാൽ രോഗികളുടെ വിവരങ്ങൾ ചോദിച്ചു ചികിത്സ കൊടുക്കുന്ന പഴയ രീതിയിൽ നല്ല മാറ്റമുണ്ട് ഇപ്പൊ. ഇത് ഒരിക്കലും ഉടനെ കണ്ടു പിടിക്കുമായിരുന്നില്ല. അവളാ കുഞ്ഞിനോട് സംസാരിച്ചത് കൊണ്ടാണ്..പാവങ്ങൾ ആയിരുന്നു അവർ

“സർജറി ഒക്കെ ഒത്തിരി കാശ് ആവില്ലേ. ഗവണ്മെന്റ് ആശുപത്രിയിലോട്ട് എഴുതി തരാമോ? മോളെ അവിടെ ചെയ്തോളാം “

“അങ്ങനെ ഓടി ചെന്ന് ഉടനെ സർജറി ചെയ്യില്ല ചേച്ചി. സമയം എടുക്കും. ഇവിടെ നിന്ന് അവിടേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ തന്നെ സമയം എടുക്കും. നഷ്ടം ആകുന്ന ഓരോ നിമിഷവും മോന്റെ ആയുസ്സിന് അപകടം ആണ്.”

“മോളെ എവിടെയാ ആരെയാ കാണേണ്ടത്..ആകെ ഈ താലി മാല മാത്രേയുള്ളു. ഇത് വിൽക്കാം. അതിനിത്തിരി സമയം വേണം.”

“മോന്റെ അച്ഛൻ എന്തിയെ?”

“അച്ഛൻ ആരോടെങ്കിലും കാശ് കിട്ടുമോന്ന് അറിയാൻ പോയിരിക്കുവാ. ബിൽ അടയ്ക്കാനുള്ള കാശ് വേണ്ടേ?”

കൃഷ്ണയുടെ കണ്ണ് നിറഞ്ഞു പോയി

“സാരമില്ല വിഷമിക്കണ്ട സർജറി നടക്കട്ടെ. കാശ് നമുക്ക് എങ്ങനെ എങ്കിലും ഇവിടെ ചോദിച്ചു അഡ്ജസ്റ്റ് ചെയ്യാം. ഞാൻ പോയി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ കണ്ടു പറയാം ആകെയുള്ള താലി മാല വിൽക്കണ്ട ” അവൾ മുറിയിലേക്ക് പോയി

അങ്കിൾ ഉണ്ടായിരുന്നു എങ്കിൽ ഈസി ആയിരുന്നു. തന്റെ അക്കൗണ്ടിൽ അർജുൻ പലപ്പോഴായി ഇട്ട ഒരു ലക്ഷത്തോളം രൂപ ഉണ്ട്. ഒരു രൂപ പോലും എടുത്തിട്ടില്ല പക്ഷെ അത് പോരാ….

അവൾ  അർജുനെ വിളിച്ചു. വീഡിയോ കാളിൽ വന്ന് അവൻ

“അപ്പുവേട്ടാ ഞാൻ ഇവിടെ ഇപ്പൊ ചെയ്യുന്ന ഡ്യൂട്ടിക്ക് എനിക്ക് എത്ര രൂപ തരും?”

അർജുൻ അമ്പരന്ന് പോയി. അവൾ അങ്ങനെ കാശിന്റെ കണക്ക് ഒന്നും ഇത് വരെ ചോദിച്ചിട്ടില്ല

“പറ എത്ര തരും?”

“നിനക്ക് എത്ര വേണം?”

“ഒരു ലക്ഷം രൂപ “

അർജുന്‌ കാര്യം മനസിലായി. ആർക്കോ സഹായിക്കാൻ ആണ്

“ആർക്ക് കൊടുക്കാനാ?”

അവൻ സ്നേഹത്തോടെ ചോദിച്ചു
കൃഷ്ണ ഒരു നിമിഷം മിണ്ടാതെ നിന്നു. പിന്നെ കാര്യം പറഞ്ഞു

“അപ്പുവേട്ടന് നഷ്ടം വരണ്ട. നേരെത്തെ തന്ന പൈസയൊന്നും ഞാൻ തൊട്ടിട്ടില്ല അത് കൂടി അവർക്ക് കൊടുത്തോളം ഇപ്പൊ ഞാൻ ചെയ്യുന്ന ഡ്യൂട്ടിയുടെ സാലറി എന്റെ അക്കൗണ്ടിൽ ഇടുമോ? സർജറിക്ക് മുന്നേ കാശ് അടയ്ക്കണം “

അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി

“അവരുടെ ഡീറ്റെയിൽസ് എന്താ?”

“അത് ഫ്രീ ആയി ചെയ്യണ്ട..ഞാൻ കൊടുത്തോളം. എനിക്ക് എന്തിനാ ഇത്രയും പണം?”

“മോളെ..നീ..”

അവൻ പാതിയിൽ നിർത്തി

“ഒരു കുഞ്ഞ് മോനാണ് നാലു വയസ്സേ ഉള്ളു. പെട്ടെന്ന് ചെയ്തില്ലെങ്കിൽ അപകടം ആണ്..പ്ലീസ് എന്റെ അപ്പുവേട്ടനല്ലേ?”

“മോള് കാശ് കൊടുക്കണ്ട അത് ഞാൻ വിളിച്ചു പറഞ്ഞോളാം “

“വേണ്ട. ഞാൻ കൊടുക്കാമെന്ന്. എനിക്ക് എന്റെ സാലറി താ അപ്പുവേട്ടാ “

അവൾ വാശി പിടിച്ചു

“ഇനിയും ഉണ്ടാവുമല്ലോ ഇത് പോലെ..നീ കൃത്യമായി അവരെ കണ്ടു പിടിക്കുകയും ചെയ്യും. അപ്പൊ കൊടുക്കണ്ടേ?ഇപ്പൊ നിന്റെ അക്കൗണ്ട്ലുള്ളത് തൊട്ട് പോകരുത്. അത് ഞാൻ വിളിച്ചു പറഞ്ഞോളാം. “

“ഉം “

“വല്ലോം കഴിച്ചോ “

അവൾ പുഞ്ചിരിച്ചു

“ഊഹും മറന്നു പോയി “

“അത് ശരി പോയി കഴിക്ക് “

അവൾ തലയാട്ടി

“എടി..?”

“ഉം?”

“ഒത്തിരി കേസ്‌ ഇത് പോലെ പിടിച്ചോണ്ട് വരരുത് കേട്ടോ “

അവൾ ചിരിച്ചു

“ഞാൻ പറഞ്ഞല്ലോ എനിക്ക് തരുന്ന സാലറി മുൻകൂട്ടി തന്നേക്കാൻ. അത് കൊടുക്കില്ലേ?,

“അങ്ങനെ വേണ്ട. ഒരു സഹാനുഭൂതി! ദേ നിന്റെ അക്കൗണ്ട് ഡീറ്റെയിൽസ് ഞാൻ ചെക്ക് ചെയ്യുമേ. ഉള്ളത് മുഴുവൻ ആർക്കെങ്കിലും എടുത്തു കൊടുത്തു കളയരുത്. എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്ക് മെസ്സേജ് ഇട്ട മതി “

“എന്നോട് ദേഷ്യം ഉണ്ടോ?”

അവന്റെ കണ്ണുകൾ ഒരിക്കൽ കൂടി നിറഞ്ഞു

“എന്തിന്?”

“ഞാൻ ഇങ്ങനെ ആയി പോയതിന്?”

“അങ്ങനെ ആണെങ്കിൽ ആദ്യം ദേഷ്യം തോന്നേണ്ടത് എന്റെ അച്ഛനോടല്ലേ. നീ ഒന്നോ രണ്ടോ ലക്ഷത്തിന്റെ വള്ളിയല്ലേ പിടിക്കുന്നത്? കക്ഷി അതിൽ കൂടുതലാ “

“പക്ഷെ അങ്കിളിന് സാലറി ഉണ്ടല്ലോ അപ്പൊ ചെയ്യാം. എനിക്ക് അതില്ലല്ലോ “

“പോടീ..നിനക്ക് എന്റെ കാശില്ലേ? അച്ഛനെക്കാൾ പണക്കാരി നീയാണ്. അർജുന്റെ ഓണർ. അത് കള. ഞാൻ ഇപ്പൊ അവിടെ ഇല്ലല്ലോ എന്നാ ഇപ്പൊ എന്റെ വിഷമം. എന്റെ കൊച്ച് കഷ്ടപ്പെടുന്നത് ഞാൻ അറിയുന്നുണ്ട്. ഇത്രയും വേണ്ട. ഡോക്ടഴ്സ് ഒരു പാട് പേരുണ്ട്. നീ ഇങ്ങനെ ഓടി നടക്കേണ്ട. എന്തെങ്കിലും അസുഖം വരും. മാസ്ക് യൂസ് ചെയ്യ് “

“ഒന്നു പോയെ. മാസ്ക് പോലും. അപ്പുവേട്ടൻ കാണണമായിരുന്നു ഇന്നലെ. സത്യത്തിൽ രക്തം തണുത്തു പോയ നിമിഷങ്ങൾ ആയിരുന്നു. ഇപ്പോഴും ഐ സി യുവിൽ കിടക്കുന്ന മൂന്ന് കുഞ്ഞുങ്ങൾ കുറച്ചു സീരിയസ് ആണ്. ഒരു വിധം സ്റ്റേബിൾ ആകുമ്പോൾ മെഡിക്കൽ കോളേജിലെക്ക് ഷിഫ്റ്റ്‌ ചെയ്യുന്നതാണ് നല്ലത് “

“അതെന്താ കൃഷ്ണ അങ്ങനെ? ഇവിടെ നല്ല ഡോക്ടസ് ഉണ്ടല്ലോ? എപ്പോഴും നീ ഗവണ്മെന്റ് ഹോസ്പിറ്റലിനെ ഇങ്ങനെ പൊക്കി പറയരുത് ട്ടോ. അവിടെ പിഴവുകൾ നടക്കുന്നില്ലേ?”

“ഞാൻ തുറന്നു പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പഠിച്ചിറങ്ങിയ എത്ര ഡോക്ടർമാർ ഉണ്ടിവിടെ? ഡോക്ടർ ദുർഗ, അങ്കിൾ, ഡോക്ടർ രാമചന്ദ്രൻ, ഡോക്ടർ വിവേക്, പിന്നെ ഡോക്ടർ സജ്‌ന
ബാക്കിയെല്ലാം പുറത്ത് കാശ് കൊടുത്തു പോയി പഠിച്ചവരാണ്. അവർ മോശം എന്നല്ല ഇവിടെ നമ്മുടെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്ന് എം ഡി എന്തിന് എം ബി ബി എസ് പോലും കഴിഞ്ഞിറങ്ങുന്നവർ ഭയങ്കര മിടുക്കരാ. ഇനി അപ്പോയ്ന്റ്മെന്റ് നടക്കുമ്പോൾ അത് ഒന്ന് ഓർമയിൽ വെച്ചോ. സാലറി കൂടുതൽ കൊടുത്താലും അവരാണ് കൂടുതൽ നല്ലത്. അവർ കാണുന്ന അത്രയും കേസ്സ് ഇവര് കാണുന്നില്ലല്ലോ. അത് പോലെ ഗവണ്മെന്റ് റിട്ടയേർഡ് ഡോക്ടർസ്, അവരെ കിട്ടിയ കണ്ണും പൂട്ടി അപ്പോയിന്റ് ചെയ്തേക്കണം. അല്ലെങ്കിൽ അവർ റിട്ടയർ ചെയ്യുന്ന ഡേറ്റ് ഒക്കെ നോക്കി വെച്ചിട്ട്  അവരെ ഇങ്ങോട്ട് കൊണ്ട് വരാനുള്ള ഡീൽ ok ആക്കിയ മതി. എത്ര സാലറി കൊടുത്താലും നഷ്ടം അല്ല. അവർക്ക് കൃത്യമായ ഒരു ഗ്രൂപ്പ്‌ ആൾക്കാർ ഉണ്ട്. patients ആയിട്ട്..പിന്നെ അവരുടെ fame…അതൊക്കെ ഹോസ്പിറ്റലിന് ഗുണം ചെയ്യും. ഓരോ മെഡിക്കൽ കോളേജിലും ഗവണ്മെന്റ് ഹോസ്പിറ്റലിലും ഉള്ള മിടുക്കർ…അവർ റിട്ടയർ ചെയ്യുമ്പോൾ നമ്മുടെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യട്ടെ. പിന്നെ മാധവമിതൊന്നുമല്ല. ഇന്റർനാഷണൽ ലെവൽ ആകും.  എങ്ങനെ ഉണ്ട് എന്റെ ഐഡിയ?”

അർജുൻ അന്തം വിട്ട് ഇരിക്കുകയായിരുന്നു

“എടി നിനക്ക് എന്നേക്കാൾ ബിസിനസ് അറിയാം കേട്ടോ.”
കൃഷ്ണ ചിരിച്ചു പോയി

“എനിക്ക് ഇത് ബിസിനസ് അല്ല. ഞാൻ കാര്യങ്ങൾ ഭംഗിയായി നടക്കട്ടെ എന്ന് കരുതി പറഞ്ഞതാ പിന്നെ ഞാൻ ഇവിടെ ജോലി ചെയ്യാതിരിക്കുന്നതാ എന്റെ അപ്പുവേട്ടന് നല്ലത്. കാശ് മൊത്തം പോകും..”

“പൊയ്ക്കോട്ടെ “

അവൻ ആർദ്രമായ സ്വരത്തിൽ പറഞ്ഞു

“നഷ്ടം വരും “

“വന്നോട്ടെ ” അവന്റെ ശബ്ദം മാറി. കണ്ണുകൾ പാതിയടഞ്ഞു

അവളുടെ കണ്ണുകൾ നാണത്തിൽ പിടഞ്ഞു താണു

“കൃഷ്ണ?”

“ഉം “

“ഇങ്ങോട്ട് നോക്ക് “

അവൾ ആ മുഖത്തേക്ക് നോക്കി

“എന്റെ എല്ലാം നിനക്കാണ്. എല്ലാം. വെറുതെ പറയുന്നതല്ല. നിന്നോളം വിലയുള്ളതൊന്നും ഇപ്പൊ അർജുന്റെ പക്കലില്ല “

കൃഷ്ണ ആ കണ്ണുകളിലേക്ക് നോക്കി നിന്നു പോയി

“നമ്മൾ തമ്മിൽ കണക്ക് വേണ്ട. എന്നോട് നീ കാശ് ചോദിക്കണ്ട. കൃത്യമായി സാലറി അങ്ങനെ ഒന്നുമില്ല. നിനക്ക് ആവശ്യമുള്ളത് നിനക്ക് എടുക്കാം. എന്റെ അക്കൗണ്ട് mutual ആക്കാം.. നമ്മുടെ രണ്ടു പേരുടെയും പേരില്. എത്രയും പെട്ടെന്ന് ചെയ്യാം..നീ അതിൽ നിന്ന് ഇഷ്ടം ഉള്ളത് എടുത്തോ ചോദിക്കുക പോലും വേണ്ട,

“അതൊന്നും വേണ്ട. അങ്ങനെ ഒന്നും പറയുകയും വേണ്ട. ഞാൻ ചോദിച്ചോളാം. ആവശ്യം വരുമ്പോൾ. ഇത് പോലെ ഉള്ള സമയം എനിക്ക് എന്റെ ജീവിതം ഓർമ്മ വരും. പട്ടിണി കിടന്നും സർവ്വം പണയം വെച്ചും ജീവിച്ചത്. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. എന്റെ ജീവിതം ആണ് ഞാൻ ചുറ്റും കാണുന്നത്. അതാണ് മനസ്സ് അലിഞ്ഞു പോകുന്നത്. എന്നാലും ഞാൻ കണ്ട്രോൾ ചെയ്തു കൊള്ളാം ഒത്തിരി നഷ്ടം വരത്തില്ല. ഉം?”

“പോടീ “

അവൾ ചിരിച്ചു

“പോട്ടെ വാർഡിലോട്ട് “

“രാത്രി ആയി. ഉറങ്ങു പോയി. ഇനി രാവിലെ മതി,

“ഉയ്യോ സർജറി നടക്കാൻ പോവാണ്. പിന്നെ ഐ സി യുവിൽ പോയി നോക്കണം. ഇപ്പൊ എല്ലായിടത്തും എനിക്ക് പെർമിഷൻ ഉണ്ട്. ആൾക്കാർ അറിഞ്ഞു തുടങ്ങിന്ന് തോന്നുന്നു “

“എന്ത്?”

അവൻ കള്ളച്ചിരി ചിരിച്ചു

“ഞാൻ അപ്പുവേട്ടന്റെയാണെന്ന് “

അവന്റെ ഹൃദയത്തിൽ ഒരു തിരമാല വന്നടിച്ചു. അടുത്തുണ്ടായിരുന്നെങ്കിൽ ആ നിമിഷം അവളെ കെട്ടിപ്പുണർന്നേനെ അവൻ

“ഞാൻ പോട്ടെ രാവിലെ വിളിക്കാം ട്ടോ “

വീഡിയോ കാൾ കട്ട്‌ ആയി

അർജുൻ ഫോൺ എടുത്തു മാത്യുവിനെ വിളിച്ചു അവൾ പറഞ്ഞ രോഗിയുടെ സർജറി സൗജന്യമായിരിക്കാൻ നിർദേശിച്ചു

സർജറി കഴിഞ്ഞു. സർജറി വിജയമായിരുന്നു

“കണ്ടു പിടിച്ച സമയം കൃത്യമായിരുന്നു കൃഷ്ണ. വൈകി പോയിരുന്നെങ്കിൽ ചിലപ്പോൾ “

ദുർഗ കൃഷ്ണയേ ഒന്ന് തട്ടി. പിന്നെ മാതാപിതാക്കളോട് പേടിക്കണ്ട ഇനിയൊന്നും ഉണ്ടാവില്ലന്ന് സമാധാനിപ്പിച്ചു

കൃഷ്ണ ഒരു പുഞ്ചിരിയോടെ നടന്ന് തുടങ്ങി

“മോളെ…”

കയ്യിൽ ഒരു പിടുത്തം വീണു

നിറഞ്ഞ രണ്ടു കണ്ണുകൾ. കൂപ്പിയ കൈകൾ

അവർ ഒരു പൊട്ടിക്കരച്ചിലോടെ അവളുടെ കാൽക്കൽ വീണു

“അയ്യോ ചേച്ചി ഇതെന്താ ഇങ്ങനെ ഒന്നും ചെയ്യല്ലേ “

കൃഷ്ണ അവരെ കോരിയെടുത്തു തന്നോട് ചേർത്ത് പിടിച്ചു

“മോളാണ് ഈ ഓപ്പറേഷൻ സൗജന്യമായി ചെയ്യിച്ചതെന്ന് ഞങ്ങൾക്ക് അറിയാം…എങ്ങനെ നന്ദി പറയണമെന്ന് അറിഞ്ഞു. കൂടാ. എന്നും പ്രാർത്ഥിക്കാം ആയുസ്സ് തരാൻ. അത് മാത്രേ ഞങ്ങളെ കൊണ്ട് പറ്റുവുള്ളു.”

കൃഷ്ണ അവരെ ഒന്ന് കെട്ടിപിടിച്ചു

“അത് മതി. പ്രാർത്ഥന മതി “

അവൾ ആ കണ്ണുകൾ തുടച്ചു

“എന്റെ മോൻ പഠിച്ചു മിടുക്കനാകട്ടെ. എന്നിട്ട് ഇത് പോലെ പാവങ്ങളെ സ്നേഹിക്കുന്ന ഒരു ഡോക്ടർ ആക്കും ഞാൻ അവനെ. മോളെ പോലെ ഒരു ഡോക്ടർ “

ഇക്കുറി കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു പോയി

“കൃഷ്ണ അതാ പേര് അല്ലെ?”

“അതേ “

“മറക്കില്ല മരണം വരെ “

അവൾ ആ തോളിൽ ഒന്ന് തട്ടി നടന്ന് പോയി. അടുത്ത ബെഡിലേക്ക്. അടുത്ത രോഗിയിലേക്ക്. തന്നെ കാത്തിരിക്കുന്ന പിഞ്ചു മുഖങ്ങളിലേക്ക്

തുടരും….

Leave a Reply

Your email address will not be published. Required fields are marked *