ധ്രുവം, അധ്യായം 44 – എഴുത്ത്: അമ്മു സന്തോഷ്

മൂന്നാമത്തെ ദിവസമാണ് കൃഷ്ണ വീട്ടിൽ പോയത്. കാര്യങ്ങൾ ഒരു വിധം നിയന്ത്രണത്തിലായി എന്നവൾക്ക് ബോധ്യമായി കഴിഞ്ഞതിനു ശേഷം മാത്രം. എങ്കിലും കുഞ്ഞുങ്ങളുടെ നിലവിളി തലയ്ക്കുള്ളിൽ തന്നെ മുഴങ്ങി കേട്ടു കൊണ്ടിരുന്നു

അവൾ ഉറങ്ങുന്നത് നോക്കിയിരുന്നു ലതയും രമേശനും

“പാവം എന്റെ കുഞ്ഞ്. വല്ലാതെയായി. നിങ്ങൾ ദേ ഈ കാശ് കൊണ്ട് പോയിട്ട് ടൗണിൽ നിന്ന് എന്തെങ്കിലും കഴിക്കാൻ വാങ്ങിക്കൊണ്ട് വാ. കൊച്ച് ഉണരുമ്പോൾ കൊടുക്കാം.”

രമേശൻ എഴുനേറ്റു ഷർട്ട്‌ എടുത്തിട്ടു. അവളൊന്ന് ഞരങ്ങിയ പോലെ തോന്നി. അയാൾ വന്നു നെറ്റിയിൽ കൈ വേച്ചു നോക്കി

“ഈശ്വര പൊള്ളുന്ന ചൂട്. നല്ല പനിയുണ്ടല്ലോ.”

“അയ്യോ ദൈവമേ അതെങ്ങനെ?വന്നപ്പോൾ ഒന്നുമില്ലായിരുന്നല്ലോ.”

ലത നിലവിളിച്ചു പോയി

അവരോടി മനുവിന്റെ കടയിൽ ചെന്നു

“മോനെ കൊച്ചിന് തീരെ വയ്യ വന്നേ..”

അവനും ആധിയോടെ കടയടച്ചു വീട്ടിലേക്ക് വന്നു. അവളെ വിറയ്ക്കുന്നുണ്ട്

“മോളെ..മോളെ ” അവൻ അവളെ വിളിച്ചു നോക്കി

കൃഷ്ണ ഒന്ന് മൂളി

“ഇത് കഴിച്ചേ “

പാരസെറ്റമോൾ കൊടുത്തു വെള്ളവും കൊടുത്തു അവൻ. അത് കുടിച്ചു വീണ്ടും അവൾ മയക്കത്തിലേക്ക് പോയി

“ആശുപത്രിയിൽ നിന്ന് കിട്ടിയതാവും. എന്റെ കുഞ്ഞ് ഈശ്വര…മോനെ ഒന്ന് ആശുപത്രിയിൽ വരെ പോയാലോ “

“കുറയുമൊന്ന് നോക്കട്ടെ. എന്തായാലും ഒന്ന് ഉറങ്ങി എണീക്കട്ടെ “

അവൻ അവൾക്കരികിൽ തന്നെ ഇരുന്നു

കൃഷ്ണയുടെ ഫോൺ ചാർജ് തീർന്ന് ഓഫ്‌ ആയിരുന്നു

അവളുറക്കത്തിന്റെയും ഉണർവിന്റെയും ഇടയിൽ കടുത്ത പനിയുമായി മയങ്ങിക്കിടന്നു. അർജുൻ പലതവണ വിളിച്ചു നോക്കി. കിട്ടുന്നില്ല

ഒടുവിൽ അച്ഛനെ വിളിച്ചു ചോദിച്ചു. ഞാൻ വിളിച്ചിട്ടും കിട്ടിയില്ല അർജുൻ എന്ന് അദ്ദേഹം പറഞ്ഞു. അവന് പങ്കെടുക്കുന്ന മീറ്റിംഗുകളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. മനസ്സ് നിയന്ത്രണത്തിൽ നിൽക്കുന്നുമില്ല

തിരിച്ചുള്ള ടികറ്റ് ബുക്ക്‌ ചെയ്തു അവൻ. ദൃശ്യയും പലതവണ വിളിച്ചു നോക്കി ഓഫ്‌ ആണ്. അവൾ ജയറാമിന്നോട് ചോദിച്ചു. ജയറാം വിളിച്ചു നോക്കിയപ്പോഴും ഓഫ്‌ തന്നെ

മനുവിന്റെ നമ്പർ അറിയാമായിരുന്നത് കൊണ്ട് അതിൽ വിളിച്ചു

“കൃഷ്ണയ്ക്ക് നല്ല പനിയാണ്. രണ്ടു ദിവസം ആയി. ഇവിടെ താലൂക്കിൽ കാണിച്ചു ഡോക്ടറെ. മരുന്ന് തന്നിട്ടുണ്ട്. ക്ഷീണം ഉണ്ട്. അവള് കിടക്കുകയാണ് ഞാൻ വീട്ടിൽ ചെന്നിട്ട് അവളെ കൊണ്ട് വിളിപ്പിക്കാം “

ജയറാം അപ്പൊ തന്നെ എഴുന്നേറ്റു
എയർപോർട്ടിൽ നിന്ന് അർജുൻ വിളിച്ചപ്പോൾ അദ്ദേഹം വിവരം പറഞ്ഞു പിന്നെ അവളുടെ വീട്ടിലേക്ക് പോയി . ദൃശ്യയും ഒപ്പം ചെന്നു

കൃഷ്ണ വീണ്ടും ഏതോ സ്വപ്നത്തിന്റെ അർദ്ധമയക്കത്തിലായിരുന്നു

“മോളെ എന്നൊരു വിളിയൊച്ച കേട്ട് അവൾ കണ്ണ് തുറന്നു

“അങ്കിൾ..”

അവൾ എഴുനേൽക്കാൻ ശ്രമിച്ചു കഴിയുന്നില്ല

“എന്റെ മോളെന്താ ഒന്ന് പറയാഞ്ഞത്? വാ ഹോസ്പിറ്റലിൽ പോകാം “

“അത്രക്ക് ഒന്നുല്ല…  “

അവൾ ക്ഷീണിച്ചു പോയ ശബ്ദത്തിൽ പറഞ്ഞു. വാതിൽക്കൽ ഒരു നിഴൽ വീണപ്പോൾ ജയറാം തിരിഞ്ഞു നോക്കി

അർജുൻ

അവളുടെ അച്ഛനും അമ്മയും  മനുവും ഗൗരിയും അവനെ ആദ്യമായി കാണുകയായിരുന്നു. മുറിയിൽ ഒരു സുഗന്ധം നിറഞ്ഞു

ഒരു രാജകുമാരൻ നിൽക്കുന്ന പോലെ. അതായിരുന്നു അർജുൻ

“ഇതെന്റെ മകനാണ് അർജുൻ “

അച്ഛനും അമ്മയും ബഹുമാനത്തോടെ അവനെ നോക്കി ഒതുങ്ങി നിന്നു. മനു അവന്റെ മുഖം പഠിക്കുകയായിരുന്നു

മുഖത്തെ ഭീതി, വേദന, ആധി, പിടഞ്ഞടിക്കുന്ന ഹൃദയത്തിന്റെ ആകുലത

കൃഷ്ണയുടെ മുഖത്ത് രക്തം ഇല്ല. അർജുൻ വരുമെന്ന് അവൾ പ്രതീക്ഷിച്ചില്ല. അവന്റെ കണ്ണുകൾ കലങ്ങി ചുവന്നു

“How are you now?”

“കുഴപ്പമില്ല “

അവളുടെ ശബ്ദം അടച്ചത് കൊണ്ട് പുറത്ത് വന്നില്ല

“ഹോസ്പിറ്റലിലേക്ക് മാറ്റണോ അച്ഛാ?”

“ഇപ്പൊ ചൂട് കുറഞ്ഞു. ക്ഷീണം മാത്രേ ഉള്ളു. സാരോല്ല “

അവൾ പെട്ടെന്ന് പറഞ്ഞു

ജയറാം അവളുടെ കണ്ണുകൾ വിടർത്തി നോക്കി

“അനീമിക് ആണ്. ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തെങ്കിൽ നന്നായേനെ “

അർജുൻ സത്യത്തിൽ തളർന്നു പോയിരുന്നു. ഈ കഴിഞ്ഞ വർഷങ്ങളിൽ ഒരിക്കൽ പോലും കൃഷ്ണയേ അവൻ ഇങ്ങനെ കണ്ടിട്ടില്ല. അവന്റെ ഉള്ളു  വേദനിച്ചു പിടഞ്ഞു. പ്രകടിപ്പിക്കാൻ വയ്യ. അടുത്ത് നിൽക്കാൻ, ഒന്ന് തൊടാൻ, ചേർത്ത് പിടിക്കാൻ ഒന്നും വയ്യ അവൻ അവളെ നോക്കികൊണ്ട് നിന്നു

കൃഷ്ണ കഴിയുന്നതും അങ്ങോട്ട് നോക്കാതെ ഇരുന്നു

“മോള് അങ്കിളിന്റെ കൂടെ വാ. ഹോസ്പിറ്റലിൽ കിടക്കുന്നതാവും നല്ലത്. രാത്രി പെട്ടെന്ന് പനി കൂടിയാൽ നമുക്ക് എന്ത് ചെയ്യാനാവും?”

അദ്ദേഹം അവളുടെ പൾസ് നോക്കി വീക്ക്‌ ആണ്. നോക്കിയിരിക്കെ കൃഷ്ണ  പെട്ടെന്ന് ദൃശ്യയെ പിടിച്ചു

“ശർദിക്കാൻ വരുന്നു “

അർജുൻ പുറത്ത് ഇറങ്ങി. ജയറാം അവന്റെയരികിൽ ചെന്നു നിന്നു

“ഒരു റസ്റ്റ്‌ ഇല്ലാതെ മൂന്ന് ദിവസം..അവളൊന്നും കഴിച്ചിട്ടും കൂടിയുണ്ടായിരുന്നില്ല. പറഞ്ഞാൽ അനുസരിക്കണ്ടേ. ഇങ്ങനെ ഉണ്ടൊ ഒരു ആത്മാർത്ഥത. ഇത്രയും വേണ്ട എന്ന നുറു തവണ ഞാൻ പറഞ്ഞു. കേൾക്കണ്ടേ?”

അർജുൻ മുഖം അമർത്തി തുടച്ചു. അവന് സത്യത്തിൽ തല പൊട്ടിത്തെറിച്ചു പോകും പോലെ തോന്നി

ഇവിടെ നിന്ന നിയന്ത്രണം പോകും. അവളോട് ചിലപ്പോൾ നന്നായിട്ടാവില്ല സംസാരിക്കുക. കുറേ തവണ പറഞ്ഞു. ഭക്ഷണം കഴിക്ക്, ഉറങ്ങു, മാസ്ക് യൂസ് ചെയ്യ്‌…

ഒന്നും അനുസരിച്ചില്ല. പൊട്ടിത്തെറിച്ചു പോകും
അവരൊക്കെ കാണും

അവൻ അച്ഛന്റെ നേരേ തിരിഞ്ഞു

“ഞാൻ കാറിലുണ്ടാകും. അച്ഛൻ അവളെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ അവരോട് പറ. അവര് വന്ന് നിൽക്കുകയൊന്നും വേണ്ട. ഞാൻ നോക്കിക്കൊള്ളാം”

“അർജുൻ.”
ഡോക്ടർ ശാസനയോടെ വിളിച്ചു

“പിന്നെന്താ? ദിവസം എത്രയായി ഇങ്ങനെ? അച്ഛൻ അവരോട് പറ…ഇല്ലെങ്കിൽ ഞാൻ പറയും. അത് അച്ഛൻ പറയുന്നത് പോലെ ആവില്ല “

അവൻ കാറിനരികിലേക്ക് പോയി. മനു അത് കേട്ടു

ജയറാം തിരിഞ്ഞപ്പോൾ അവൻ അകത്തേക്ക് പോയി. കൃഷ്ണ കിടന്നു കഴിഞ്ഞു മിഴികൾ താഴ്ന്നു

“മോളെ…”

ജയറാം സങ്കടത്തിൽ വിളിച്ചു

ദൃശ്യ കരഞ്ഞു കൊണ്ട് അവൾക്ക് അരികിൽ ഇരിപ്പുണ്ടായിരുന്നു. അമ്മയും അച്ഛനും കരച്ചിൽ തന്നെ

“ഹോസ്പിറ്റലിൽ ഞാൻ കൊണ്ട് പൊയ്ക്കോളാം. ആരെങ്കിലും ഒരാൾ കൂടെ വന്നാലും മതി “

“അതെങ്ങനെ ഡോക്ടറെ ഞങ്ങൾക്ക് സമാധാനം ആവുന്നേ? ഞങ്ങളും വരുവാ…ദൈവമേ എന്റെ മോള് “

ലത പൊട്ടിക്കരഞ്ഞു പോയി. ഒടുവിൽ അത് തീരുമാനം ആയി. ദൃശ്യ അവളെയൊന്ന് താങ്ങി വേണ്ട എന്ന് കൃഷ്ണ പറയുന്നുണ്ടായിരുന്നു

ദൃശ്യയും കൃഷ്ണയും അർജുന്റെ കാറിൽ, ബാക്കിയുള്ളവർ(ഗൗരിയൊഴികെ)ജയറാമിന്റെ കാറിൽ.

കൃഷ്ണ അർജുനെ നോക്കുന്നുണ്ടായിരുന്നു. അവൻ മിണ്ടുന്നില്ല

“അപ്പുവേട്ടാ?”

“നീ മിണ്ടരുത്. ഒറ്റ അക്ഷരം മിണ്ടരുത്. ഒറ്റയ്ക്ക് കിട്ടട്ടെ എനിക്ക്..അത് വരെ നീ എന്നോട് മിണ്ടരുത് കൃഷ്ണ “

അവൻ പൊട്ടിത്തെറിച്ചു

“എന്തായിത് അർജുൻ ചേട്ടാ? അവൾക്ക് വയ്യാണ്ടിരിക്കുവല്ലേ? അതും ഹോസ്പിറ്റലിൽ മൂന്ന് ദിവസം നിന്നത് കൊണ്ടാണ്. കഷ്ടം ഉണ്ട് ട്ടോ ” ദൃശ്യ ദേഷ്യത്തിൽ പറഞ്ഞു

പക്ഷെ കൃഷ്ണയ്ക്ക് അറിയാം അത് ദേഷ്യമല്ല, അവന്റെ സങ്കടമാണ്. എന്തെങ്കിലും പറഞ്ഞ ചിലപ്പോൾ പൊട്ടിപ്പോയെക്കും

അവൻ മിററിലൂടെ അവളെ നോക്കി. സീറ്റിലേക്ക് ചാരി കിടക്കുകയാണ്. ഒട്ടും വയ്യ. അത് മനസ്സിലാകുന്നുണ്ട്

കാണാൻ വയ്യ, നെഞ്ചു പൊട്ടിപ്പോകുന്നുണ്ട്

അവളെ തന്നോട് ചേർത്ത് പിടിക്കാൻ തോന്നുന്നുണ്ട്. ഒന്നും വയ്യ. ഇത് പോലെയൊരു അവസ്ഥ മുൻപുണ്ടായിട്ടില്ല

കൃഷ്ണ അഡ്മിറ്റ് ആയി

അവന്റെ റൂം ഉള്ള ഫ്ലോറിൽ തന്നെ. ആ ഹോസ്പിറ്റലിലെ ഏറ്റവും നല്ല മുറിയിൽ

“എന്ത് പറ്റി കൃഷ്ണക്ക്.?”

ദുർഗ വിവരം അറിഞ്ഞു വന്നു

“നല്ല പനിയുണ്ട്. ആന്റി ഒന്നു സ്പെഷ്യൽ കെയർ കൊടുക്കണം. അവൾ വീക്ക്‌ ആണ് “

അർജുന്റെ ശബ്ദം ഒന്നടച്ചു

ജയറാം അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എയർപോർട്ടിൽ നിന്ന് നേരേ വന്നതാണ്. ഡ്രസ്സ്‌ പോലും മാറ്റിട്ടില്ല. എത്ര മണിക്കൂർ ആയിട്ടുണ്ടാകും. ഇത്രയ്ക്കും ടെൻഷൻ ആയി അവനെ കണ്ടിട്ടില്ല

“അർജുൻ..വീട്ടിൽ പൊയ്ക്കോ. പോയി ഫ്രഷ് ആയി വല്ലതും കഴിക്ക്..രാവിലെ വന്ന മതി “

അവൻ മറുപടി പറഞ്ഞില്ല. അവൻ മുറിയിൽ പോയി

കൃഷ്ണയ്ക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. അവൾ ഡ്രിപ്പിൽ കൂടി മരുന്ന് കയറുന്നത് നോക്കി കിടന്നു

“അപ്പുവേട്ടൻ എവിടെ?”

കൃഷ്ണ ദൃശ്യയുടെ കയ്യിൽ ഒന്നമർത്തി

“പോയിട്ടില്ല റൂമിൽ ഉണ്ട്. എന്തെങ്കിലും പറയണോ?”

“വിഷമിക്കല്ലേ ന്ന് പറ..” അവളുടെ കണ്ണ് നിറഞ്ഞു

ലതയും രമേശനും അല്പം ഭക്ഷണം കഴിക്കാൻ ക്യാന്റീനിൽ പോയി. രാത്രി ഏറെയായി

മനുവേട്ടൻ വീട്ടിൽ പോയി. മുറിയിലെ നഴ്സ് പുറത്തേക്ക് പോയി

“ഒന്നു വരാൻ പറ” അവൾ ദൃശ്യയോട് പറഞ്ഞു

ദൃശ്യ എഴുന്നേറ്റു. അർജുൻ ഒരു സി- ഗരറ്റ് വലിക്കുകയായിരുന്നു

“കൃഷ്ണയ്ക്ക് ഒന്നു കാണണം ന്ന് പറഞ്ഞു “

അവൻ പെട്ടെന്ന് സി- ഗരറ്റ് കെടുത്തി.

മുറിയിലേക്ക് ചെന്നു. അവൾ അവന്റെ കൈ പിടിച്ചു അടുത്തിരുത്തി. ദൃശ്യ വാതിൽ ചാരി വെളിയിലേക്കിറങ്ങി

“സി- ഗരറ്റ് വലിച്ചു?”

അവൾ ആ മുഖത്ത് നോവാതെ ഒരടി കൊടുത്തു. അർജുന്റെ കണ്ണുകൾ നിറയുന്നത് കാണെ അവൾ അവനെ കെട്ടിപ്പുണർന്നു

“ഒന്നുല്ല..”

അർജുൻ ആ മുഖം കയ്യിൽ എടുത്തു

“എനിക്ക്..എനിക്ക് ഇത് പറ്റുന്നില്ല കൃഷ്ണ..എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല..ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുവാ..”

അവന്റെ ചുണ്ടുകൾ പനിചൂടുള്ള അവളുടെ നെറ്റിയിൽ അമർന്നു

“വയ്യാതായത് ഞാൻ കാരണമല്ലെ? ഞാൻ പറഞ്ഞിട്ടല്ലേ അന്ന്..എന്റെ സ്വാർത്ഥത കൊണ്ട്…”

കൃഷ്ണ ആ മുഖം പഠിക്കുകയായിരുന്നു. അവൻ തകർന്നു പോയിരിക്കുന്നു. ഒരു ചെറിയ പനി വന്നപ്പോൾ…

“സോറി “

അർജുൻ ആ കവിളിൽ. അമർത്തി ചുംബിച്ചു

കൃഷ്ണ തളർന്ന പോലെ മുഖം അവന്റെ നെഞ്ചിൽ ചേർത്ത് വെച്ചു

“എങ്ങനെ ഉണ്ട് ഇപ്പൊ?”

“ക്ഷീണം ഉണ്ട്. കിടക്കാൻ തോന്നുവാ…”

അവൻ അവളെ കിടക്കയിലേക്ക് ചായ്ച് കിടത്തി. അവൾ കൈ ഉയർത്തി ആ മുഖം തലോടി

“വീട്ടിൽ പോ..രാവിലെ വന്ന മതി.”

അവൻ ആ കൈവെള്ളയിൽ ചുംബിച്ചു

“പോകാൻ പറ്റുന്നില്ല. പേടി പോലെ..”

“പോയിട്ട് വാ…ഇവിടെ എല്ലാരും ഉണ്ട്. എന്റെ പൊന്ന് പോയിട്ട് വാ. പ്ലീസ് രാവിലെ വന്ന മതി. എന്റെ മൊബൈൽ കൂടി കൊണ്ട് പോ
ചാർജ് ഇല്ല “

അവൻ അത് വാങ്ങി

പിന്നെ അവളുടെ നെറ്റിയിൽ കൈ വെച്ച് നോക്കി

“ഇതെന്താ കുറയാത്തത്?

“കുറഞ്ഞോളും “

അവന്റെ മുഖം അവളുടെ മുഖത്തെ പൊതിഞ്ഞു. പനിചൂടുള്ള മുഖത്തേക്ക് കണ്ണുനീരിറ്റു വീണു

“എന്താ ഇത്? അയ്യേ ഇത് ചേരില്ല രാ- ക്ഷസന്‌. എനിക്കൊരു കുഞ്ഞ് പനി വന്നതിനാണോ? ഇത്രേ ഉള്ളു?”

“നിന്റെ കാര്യത്തിൽ ഇത്രേ ഉള്ളെടി ഞാൻ…തളർന്നു സത്യത്തിൽ. മനസും ശരീരവും “

“ദേ വീട്ടിൽ പോ. ഒന്നുറങ്ങിക്കെ. ദൃശ്യയെ ക്കൂടെ കൊണ്ട് പോകണെ. അമ്മയും അച്ഛനുമുണ്ടല്ലോ സാരമില്ല “

അവൻ കുനിഞ്ഞു ആ കവിളിൽ ഒരു ഉമ്മ കൂടി കൊടുത്തു. കുറച്ചു നേരം അവളെ നോക്കി നിന്നു

പിന്നെ നടന്ന് വാതിൽ കടന്നു പോയി

രാത്രി ആയപ്പോൾ ഡോക്ടർ ജയറാം കൃഷ്ണയുടെ അരികിൽ വന്നു

“അങ്കിൾ രാവിലെ വരാം ട്ടോ.” അദ്ദേഹം ആ ശിരസ്സിൽ തലോടി

അർജുൻ സ്വന്തം മുറിയിൽ ഉണ്ടായിരുന്നു

“നീ വരുന്നില്ലേ?”

“ഇല്ല അച്ഛൻ പൊയ്ക്കോ. ദൃശ്യയെയും കൊണ്ട് പോകണം. “

ജയറാം അവന്റെ മുന്നിൽ ഇരുന്നു

“നിനക്ക് ഒന്നു ഫ്രഷ് ആകണ്ടേ?”

“എന്റെ കാറിൽ ഡ്രസ്സ്‌ ഉണ്ട്. ഇവിടെ ചേഞ്ച്‌ ചെയ്തോളാം “

“ഒന്നുറങ്ങണ്ടേ അർജുൻ?”

“ഇന്നത് പറ്റില്ല അച്ഛാ..ഉറക്കം വരില്ല. അവള്..ഇങ്ങനെ…ഞാൻ ഇത് വരെ കണ്ടിട്ടില്ല. ഇത്രയും വയ്യാതെ..എനിക്ക് പറ്റുന്നില്ല “

അവന്റെ ശബ്ദം ഇടറിപ്പോയി. ജയറാം അവനെ ചേർത്ത് പിടിച്ചു

“മോനെ എടാ?”

അവന്റെ കണ്ണീർ വീണു തന്റെ നെഞ്ചു നനയുന്നത് അദ്ദേഹം അറിഞ്ഞു. എങ്ങനെ ആശ്വസിപ്പിക്കുമെന് അറിയാതെ നിന്നു പോയി ജയറാം

“മോനെ അതൊരു ചെറിയ പനിയാണ്. കൃഷ്ണ കുറച്ചു വീക്ക്‌ ആയത് കൊണ്ട് ഇങ്ങനെ ആയിപ്പോയതാണ്. ഇൻജെക്ഷൻ കൊടുക്കുന്നുണ്ട്. ട്രിപ്പ് കൊടുക്കുന്നുണ്ട്. രാവിലെ മിടുക്കിയാവും “

അവൻ മുഖം അമർത്തി തുടച്ചു

“അച്ഛൻ പൊയ്ക്കോ..ഞാൻ ഇവിടെ വേണം. അവളിവിടെയാ. അപ്പൊ ഞാൻ വീട്ടിൽ പോയിക്കിടന്നുറങ്ങുന്നത് ശരിയല്ല. എനിക്ക് സാധിക്കുകയുമില്ല. അച്ഛൻ  പൊയ്ക്കോ “

എന്ത് പറഞ്ഞിട്ടും കാര്യമില്ല. അവൻ വരില്ല

ജയറാം ദൃശ്യയെ കൂട്ടി വീട്ടിലേക്ക് പോയി

അർജുൻ കുളിച്ചു വേഷം മാറി ഫ്രഷ് ആയി. കൃഷ്ണയുടെ മൊബൈൽ ചാർജിൽ ഇട്ടു. സമയം നോക്കി രണ്ടു മണി. അവൻ എഴുന്നേറ്റു

ജനാലയിലൂടെ നഗരം നോക്കി നിന്നു. ഉറങ്ങിയ തെരുവുകളിൽ നായ്ക്കൾ മാത്രം അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്

ഒരാൾ ഉറങ്ങിയിട്ടില്ല. എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഫുട് പാത്തിൽ കൂടി നടക്കുന്നു. ഇടയ്ക്ക് ചിരിക്കുന്നു

അവൻ അത് തന്നെ നോക്കി നിന്നു

മനസിന്‌ സുഖമില്ലാത്ത ഒരാൾ. അയാൾക്ക് ഒന്നുമറിയണ്ട. ഭാവിയും ഭൂതവും വർത്തമാനവും. ഒരു പുകമഞ്ഞു പോലെ ഓർമ്മകൾ

അവൻ കൃഷ്ണയുടെ വാതിൽ തുറന്നു

അച്ഛനും അമ്മയും നല്ല ഉറക്കം

മുറിയിൽ നഴ്സ് ഉണ്ട്

അവനെ കണ്ട് അവർ എഴുന്നേറ്റു

“temperature നോക്കിയോ?”

“yes സർ “

അവൻ കേസ്‌ ഷീറ്റ് എടുത്തു നോക്കി

പനി കുറഞ്ഞു

“ഒരു മണിക്കൂർ കഴിഞ്ഞു ഒന്നുടെ നോക്കണം. “

“ok. സർ “

അർജുൻ കൃഷ്ണയുടെ നെറ്റിയിൽ കൈ വെച്ചു

“നല്ല ചൂടുണ്ടല്ലോ “

“ഇൻഫെക്ഷൻ ഉണ്ട് സർ. അത് കൊണ്ട് വിട്ട് വിട്ട് പനി വരും “

അവൻ വേദനയോടെ ആ കവിളിലൊന്നു തൊട്ടു

“ഞാൻ റൂമിലുണ്ട്
പനി കൂടുന്നെങ്കിൽ എന്നെ വിളിക്കണം “

“ശരി സർ “

അവൻ ഇറങ്ങി പോയി

രാത്രി പക്ഷെ പനി കുറച്ചു കുറഞ്ഞു. അവൻ രാവിലെ ചെല്ലുമ്പോൾ അവൾ ഉണർന്നു കിടക്കുന്നുണ്ടായിരുന്നു

“എങ്ങനെ?”

അവൻ ആ മുഖത്ത് ഒന്നു തൊട്ട് നോക്കി. അവൾ പരിഭ്രമത്തിൽ ചുറ്റും നോക്കി

അമ്മ ബാത്‌റൂമിൽ ആണ്. അച്ഛൻ ഒരു ചായ കുടിക്കാൻ പുറത്തേക്ക് പോയി. നഴ്സ് കാണുന്നുണ്ട്

“ചായ വരുത്തട്ടെ?” അവൻ കുനിഞ്ഞു

“വീട്ടിൽ പോയില്ലേ?”

“ഇല്ല ദാ മൊബൈൽ. ചാർജ് ആയിട്ടുണ്ട്.”

അവൾ അത് വാങ്ങി അടുത്ത് വെച്ചു

“നിനക്കുള്ള ഫുഡ് റൂമിൽ വരും. അമ്മയ്ക്കുള്ളതും. അമ്മ പുറത്ത് പോകണ്ട. അമ്മയോട് ഇവിടെ തന്നെ വേണം ന്ന് പറ “

അവൾ ആ കണ്ണിലേക്ക് നോക്കി കിടന്നു

“എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിക്ക്. ഞാൻ റൂമിൽ ഉണ്ട് “

കൃഷ്ണ ആ കയ്യിൽ ഒന്നമർത്തി

“ഭക്ഷണം കഴിക്കണം…ഉം?”

അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അർജുന്റെ കണ്ണുകളും സ്വയമറിയാതെ നിറഞ്ഞു പോയി.

അവൻ ഒന്ന് മൂളിയിട്ട് ഇറങ്ങി പോയി

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *