ധ്രുവം, അധ്യായം 45 – എഴുത്ത്: അമ്മു സന്തോഷ്

പകൽ അച്ഛനും അമ്മയും വീട്ടിൽ പോയി. അപ്പോഴേക്കും മനുവും ഗൗരിയും വന്നു

ഗൗരി ഗർഭിണി ആയത് കൊണ്ട് പനി പകരും വരണ്ട എന്നൊക്കെ അവൾ പറഞ്ഞു നോക്കി. ആര് കേൾക്കാൻ.

മനു അവൾക്കരികിൽ ഇരുന്നു

ക്ഷീണിച്ചു തളർന്ന് വാടിപ്പോയ മുഖം, വരണ്ട ചുണ്ട്

“കുറച്ചു വെള്ളം കുടിക്ക് “

മനു ഒരു ഗ്ലാസിൽ വെള്ളം പകർന്നു കൊടുത്തു

കൃഷ്ണ അത് മെല്ലെ കുടിച്ചിറക്കി

“എങ്ങനെയുണ്ട് മോളെ ഇപ്പൊ?”

“തൊണ്ട വേദന ഉണ്ട്. ഭയങ്കര ക്ഷീണം”

അവൾ കുറച്ചു കുടിച്ചിട്ട് ഗ്ലാസ്‌ കൊടുത്തു

“മതി “

ഡോക്ടർ ദുർഗയും അർജുനും രണ്ടു നഴ്സ്മാരും മുറിയിൽ വന്നപ്പോൾ മനു അടുത്ത് നിന്ന് മാറി

“ഒന്നു പുറത്ത് നിൽക്ക്.”

അവരോടായി ഡോക്ടർ പറഞ്ഞു

മനുവും ഗൗരിയും പുറത്ത് പോയി. ദുർഗ അവളെ പരിശോധിച്ചു

“രാത്രി പിന്നെ temparature കൂടിയോ?”

“രണ്ടു മണി വരെ നല്ല temparature ഉണ്ടായിരുന്നു മാം. പിന്നെ കുറച്ചു കുറഞ്ഞു “

“തൊണ്ട വേദന ഉണ്ട്. ചിലപ്പോൾ അതാവും കുറയാതെ നിൽക്കുന്നത്. എനിക്ക് തോന്നുന്നത് ടോൺസിൽ ഇൻഫെക്ടഡ് ആയിട്ടുണ്ടെന്നാണ്. അതാണ് ഹൈ ആകുന്നത്.”

ദുർഗ ഒന്നു നോക്കി

“ശരിയാണല്ലോ രണ്ടും ബൾജ് ചെയ്തിട്ടുണ്ട്. റെഡ് ആയിട്ടുണ്ട്. mox അലർജി ഒന്നുല്ലല്ലോ. “

“അങ്ങനെ കഴിച്ചിട്ടില്ല. അസുഖമൊന്നും ഇത് പോലെ ഇതിനു മുന്നേ വന്നിട്ടില്ല. കുഴപ്പമില്ല എന്ന തോന്നുന്നേ. കൂടെ pantop എഴുതിയ മതി “

ദുർഗ ചിരിച്ചു

“കണ്ടോ അർജുൻ കൃഷ്ണയ്ക്ക് സത്യത്തിൽ ഒരു ഡോക്ടറുടെയും സഹായം വേണ്ട. she can do everything.. she knows all these things… മിടുക്കിയാണ് “

“അതെയതെ ഇന്നലെ ഉച്ചക്ക് കണ്ടാരുന്നോ? മിടുക്കി വീട്ടിൽ കിടന്ന രൂപം? നല്ല മിടുക്കിയാണ്. മൂന്ന് ദിവസം പാരസെറ്റമോൾ കഴിച്ചു കൊണ്ട് മിടുക്ക് കാണിച്ച മോളാണ്..ഒന്നും പറയണ്ട.”

അവന്റെ മുഖം ചുവന്നു

കൃഷ്ണ നേർത്ത നാണത്തോട് അവനെ നോക്കുന്നത് ദുർഗ കണ്ടു. ആ നോട്ടത്തിന് നല്ല ഭംഗിയുണ്ടായിടുന്നു. ആശ്രമത്തിൽ വളർന്ന ഒരു മാൻകുട്ടി നോക്കും പോലെ

അർജുൻ കൈ നെഞ്ചിൽ കെട്ടി അവളെ നോക്കി നിൽക്കുകയായിരുന്നു

ദുർഗ മരുന്നുകൾ മാറ്റി എഴുതുമ്പോൾ അർജുൻ അവളുടെ ശിരസ്സിൽ കൈ വെച്ചു

പിന്നെ അത് നെറ്റിയിൽ അമർന്നു

“കുറഞ്ഞു. ഇന്നലെ രാത്രി തൊട്ടാ പൊള്ളുന്ന ചൂട് ആയിരുന്നു “

ദുർഗ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു

“കഴിച്ചോ?”

“തൊണ്ട വേദന കൊണ്ട് വെള്ളം ഇറക്കാൻ കൂടി പറ്റുന്നില്ല. ഡോക്ടറെ ഇൻജെക്ഷൻ എഴുതിക്കോ വേഗം മാറട്ടെ.. നല്ല വേദനയുണ്ട് “

കൃഷ്ണ ദുർഗയോടായി പറഞ്ഞു. പിന്നെ അവന്റെ നേരേ തിരിഞ്ഞു

“ടാബ്ലറ്റ് കുറച്ചു സമയം എടുക്കും “

അവൻ ഇമ വെട്ടാതെ അവളെ നോക്കിയിരുന്നു. ആ കൈയിൽ അമർത്തി പിടിച്ചു. അവന്റെ ആത്മ സംഘര്ഷങ്ങള് അതിലറിയാമായിരുന്നു

“പോകട്ടെ അർജുൻ ” ദുർഗ ചോദിച്ചു

അർജുൻ എഴുന്നേറ്റു

“പിന്നെ വരാം. ഞാനിവിടെ തന്നെ ഉണ്ട്…”

കൃഷ്ണ തലയാട്ടി. അർജുൻ അവർക്കൊപ്പം പോയി. മനുവും ഗൗരിയും അകത്തേക്ക് വന്നു

“എന്ത് പറഞ്ഞു?”

“മരുന്ന് എഴുതി. “

അവൾ പറഞ്ഞു

“കഴിച്ചില്ലല്ലോ ഒന്നും,

മേശപ്പുറത്ത് അവൾക്കുള്ള ഭക്ഷണം വന്നിട്ട് കുറച്ചു സമയം ആയി

“കുറച്ചു കഴിയട്ടെ. നിങ്ങൾ പോയി കഴിക്ക് “

മനു ഭക്ഷണം കഴിക്കാൻ പോയി പോയി. ഗൗരി അൽപനേരം അവളെ നോക്കിയിരുന്നു. പുറത്തേക്ക് നോക്കി കിടക്കുകയാണ്

തലേന്ന് രാത്രി മനു പറഞ്ഞതൊക്കെ അവളുടെ ഉള്ളിലേക്ക് വന്നു

“അവൻ അത്ര ശരിയല്ല ഗൗരി
അവൻ ഇവളെ കൊണ്ട് പോകും. നമ്മളിൽ നിന്ന് അകറ്റും നീ നോക്കിക്കോ. അവൻ ആരോടെങ്കിലും സംസാരിച്ചൊന്ന് നോക്ക്. ആരെയും നോക്കി പോലുമില്ല. അവളെ മാത്രം. എന്നിട്ട് അവന്റെ അച്ഛനോട് പറയുന്നു അവളെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്യ് കൂടെയാരും വേണ്ട ഞാൻ നോക്കിക്കൊള്ളാമെന്ന്. അവൻ എന്തിന് നോക്കണം. അവൻ ആരാ? കാര്യം ശരി തന്നെ. കടപ്പാട് ഉണ്ട്. ഒത്തിരി സഹായിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും എന്റെ കുഞ്ഞിന്റെ വിലയല്ല.”

ഗൗരിക്ക് അതൊക്കെ ഉള്ളിൽ കിടന്നു വീർപ്പുമുട്ടി

“മോളെ ഡോക്ടറുടെ മോൻ ആളെങ്ങനെയാ? നിന്നോട് അടുപ്പമാണോ?”

ഈ ചോദ്യം അവൻ വീട്ടിൽ വന്നപ്പോൾ തൊട്ട് കൃഷ്ണ പ്രതീക്ഷിക്കുന്നുണ്ട്. എപ്പോ വരും എന്നെ സംശയം ഉണ്ടായിരുന്നുള്ളു

“എന്നോട് കൂട്ടാണ് “

അവളെങ്ങും തൊടാതെ പറഞ്ഞു വെച്ചു

“എന്ന് വെച്ചാ….നിങ്ങൾ തമ്മിൽ..?”

കൃഷ്ണ ഗൗരിയുടെ മുഖത്ത് നോക്കി

“നല്ല ഫ്രണ്ട്സ് ആണ് ചേച്ചി “

കൃഷ്ണ അത്രയേ പറഞ്ഞുള്ളു. കാരണം മറ്റെന്തു പറഞ്ഞാലും അവർക്ക് അതൊരു ടെൻഷൻ ആണ്. അവർക്കത് ഇപ്പം ഉൾക്കൊള്ളാൻ സാധിക്കില്ല. അല്ലെങ്കിൽ അർജുൻ ഒരിക്കലും തന്നെ വിവാഹം കഴിക്കാൻ പോണില്ല ഇത് വേറെ എന്തെങ്കിലും ആണെന്ന് അവർ വിചാരിച്ചു പോകും. അല്ല ഇനി വിശ്വസിച്ചാൽ തന്നെ എങ്കിൽ കല്യാണം നടത്തു എന്നാവും. തനിക് ഉടനെ അതൊന്നും പറ്റില്ല. കോഴ്സ് തീരണം, എം ഡി ചെയ്യണം. നല്ല ഒരു വീട് സ്വന്തമായി അധ്വാനിച്ചു വെയ്ക്കണം. അച്ഛനും അമ്മയും സന്തോഷം ആയിട്ടവിടെ ജീവിക്കുന്നത് കാണണം. അത് കഴിഞ്ഞു മാത്രം മതി കല്യാണം. അന്നും അപ്പുവേട്ടൻ തനിക്കായി ഉണ്ടെങ്കിൽ. ഉണ്ടാവും അതുറപ്പാണ്. ഇത്രയും കാലമൊക്കെ സമ്മതിച്ചു തരുമോന്നു മാത്രം അറിയില്ല. ആൾക്ക് ഇപ്പോഴത്തെ തന്റെ അവസ്ഥ തന്നെ സഹിക്കാൻ കഴിയുന്നില്ല. ഒന്നിനും പറ്റാത്ത വിഷമം ആ മുഖത്ത് ഉണ്ട്..

നിനക്കോ കൃഷ്ണ?

ഉള്ളിൽ ഇരുന്നു ആരോ ചോദിക്കുന്നു. നിനക്കില്ലേ ആ മുഖം കാണാൻ, ആ ഒപ്പം ഇരിക്കാൻ ആഗ്രഹം

കൃഷ്ണ കണ്ണുകൾ അടച്ചു. തവിട്ട് നിറമുള്ള രണ്ടു കണ്ണുകൾ മയിൽ‌പീലി കൊണ്ട് തഴുകും പോലെ ഉള്ളിലേക്ക്…

എന്നെ കാണണ്ടേ നിനക്ക്?

മുഴക്കമുള്ള ശബ്ദം കേൾക്കാം

കൃഷ്ണാ…എന്നുള്ള വിളിയൊച്ച

എന്റെ കുഞ്ഞാവ എന്ന ലാളന. സി- ഗരറ്റ് മണമുള്ള ചുണ്ടുകൾ കവിളും നെറ്റിയും ഉഴിയുന്നു. കൃഷ്ണ കണ്ണുകൾ ഇറുക്കിയടച്ചു. ആ നെഞ്ചിൽ മുഖമർത്തിയിരിക്കുമ്പോൾ സർവ്വം മറന്നു പോകും. അതാണ് സ്വർഗം. കൃഷ്ണയുടെ സ്വർഗം..

അർജുന്റെ ശരീരത്തിന് ഒരു മണമുണ്ട്. അതവൻ ഉപയോഗിക്കുന്ന പെർഫ്യൂംന്റെ ആണോന്ന് അവൾക്ക് ഉറപ്പില്ല. പക്ഷെ കണ്ട നാൾ മുതൽ അടുത്ത നാൾ മുതൽ അവൾക്ക് അത് പരിചിതമാണ്. അവൻ എവിടെ നിന്നാലും അവളത് അറിയും. അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിക്കുമ്പോൾ കണ്ണടച്ച് അവളതുള്ളിലേക്ക് എടുക്കും. ആ ഗന്ധത്തിന്റെ ഓർമ്മകളിലാണ് അടുത്ത കാഴ്ച വരെയും കൃഷ്ണ ജീവിക്കുക

അർജുൻ പൊതുവെ സ്നേഹം പ്രകടിപ്പിക്കുന്ന ആളല്ല. അങ്ങനെ ചേർന്ന് നിൽക്കുക പോലുമില്ല. സങ്കടം വരുമ്പോൾ മാത്രം ആണ് നെഞ്ചിൽ ചേർക്കുക. അതും കുറച്ചു നിമിഷം. കൈകളുടെ നിയന്ത്രണം ഒന്നും നഷ്ടമാവില്ല. അത് തനിക്ക് സേഫ് ആയ ഒരിടത്തായിരിക്കും. കവിളിൽ ഒരുമ്മ തരും കുഞ്ഞുങ്ങൾക്ക് കൊടുക്കും പോലെ. അല്ലെങ്കിൽ നെറ്റിയിൽ. തീർന്ന് സ്നേഹം.

കൃഷ്ണയ്ക്ക് ചിരി വന്നു

അല്ലെങ്കിൽ നിനക്ക് എന്ത് വേണം കൃഷ്ണ?

അവൾ ചരിഞ്ഞു കിടന്നു

അറിയില്ല. ചിലപ്പോൾ ഒക്കെ ഇറുകെ കെട്ടിപിടിച്ചു നിൽക്കാൻ തോന്നാറുണ്ട്. സിനിമയിൽ ഒക്കെ കാണും പോലെ ഒരുമ്മ കിട്ടിയാൽ കൊള്ളാം എന്നും തോന്നിട്ടുണ്ട്. ഒരിക്കൽ ദൃശ്യയും താനും കൂടി ലാബിലേക്ക് പോകുമ്പോൾ രണ്ടു പേര് ഇടനാഴിയുടെ ഇരുട്ടിൽ ഉമ്മ വെയ്ക്കുന്നത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. പരസ്പരം ആഞ്ഞു കൊത്തുന്ന നാഗങ്ങളെ പോലെ. കുറച്ചു നേരം അത് കണ്ടു നിന്നു പോയി. ഭ്രാന്ത് പിടിച്ചു ഉമ്മ വെയ്ക്കുന്ന രണ്ടു പേര്. അന്ന് ദൃശ്യ കളിയിൽ പറയുക കൂടി ചെയ്തു യോഗം വേണം അമ്മിണിയെ എന്ന്. അവൾക്ക് അന്ന് ഇത് അറിയില്ലായിരുന്നു. പക്ഷെ അപ്പുവേട്ടൻ ഇതിനൊന്നും തുനിഞ്ഞിട്ടില്ല. ആൾക്ക് ഒരു പേടിയുണ്ടെന്ന് തോന്നുന്നു. താൻ ചിലപ്പോൾ പിണങ്ങുമോ ആ ഒറ്റ കാരണം കൊണ്ട് വിട്ടേച്ച് പോകുമോ എന്നൊക്കെ..അത് കൊണ്ടാണ് പ്രണയിച്ചു തുടങ്ങി വർഷം മൂന്നു കഴിഞ്ഞിട്ടും നെറ്റിയിലും കവിളിലും തന്നെ എത്തി നിൽക്കുന്നത്. അതും ഈയിടെയാണ്. ഗുരുവായൂർ പോയപ്പോഴായിരുന്നു ആദ്യത്തെ ഉമ്മ. പിന്നെ ദേ ഇന്നലെ. അത്രേയുള്ളൂ. തീർന്ന്. അവൾക്ക് ചിരി വന്നു

ഗൗരിക്ക് കൃഷ്ണ പറഞ്ഞതൊക്കെ നുണയാണെന്ന് മനസിലായി. അത് ഗൗരിക്ക് മനസിലാകും. ഗൗരി പ്രണയം അനുഭവിച്ചിട്ടുള്ളവളാണ്. ആ വേദനയും നീറ്റലും സുഖവും അറിഞ്ഞിട്ടുള്ളവളാണ്. അത് കൊണ്ട് തന്നെ അവൾക്ക് മനസിലായി

പക്ഷെ അർജുന്റെ മുഖത്ത് അവൾ അങ്ങനെ നോക്കിയിട്ടില്ല. തലേന്ന് കണ്ടപ്പോൾ ഗൗരവക്കാരനായ ഒരാളായി തോന്നി. ഇപ്പൊ കണ്ടപ്പോഴും അങ്ങനെ തന്നെ. കൃഷ്ണയോടെ അധികം സംസാരിക്കുന്നത് ഇന്നലെ കണ്ടില്ല

മനുവേട്ടൻ പക്ഷെ ശ്രദ്ധിച്ചു. അത് പറയുകയും ചെയ്തു

പക്ഷെ ഗൗരി ഒന്നു ശ്രദ്ധിച്ചു കൃഷ്ണയുടെ സ്വന്തം ആയ മറ്റുള്ളവരോട് അർജുൻ ഒരു തരത്തിലുള്ള അടുപ്പവും കാണിച്ചില്ല. ഔപചാരികതയ്ക്ക് വേണ്ടി പോലും ചിരിക്കുകയോ രണ്ടു വാക്ക് പറയുകയോ ചെയ്തില്ല. ആ ഭാഗത്തേക്ക്‌ നോക്കി കൂടില്ല

ഇന്ന് വെളിയിൽ തങ്ങൾ നിൽക്കുമ്പോൾ ഡോക്ടർ നിന്നു സംസാരിച്ചു. അർജുൻ തങ്ങളെ ശ്രദ്ധിക്കാതെ മുറിയിലേക്ക് പോയി

അവന് കൃഷ്ണയോട് മാത്രമാണ് അടുപ്പം. ചിലപ്പോൾ എന്താ മിണ്ടുക എന്നോർത്തിട്ടാവും അവൾ സമാധാനിച്ചു

ചിലർക്ക് പെട്ടെന്ന് ഇടിച്ചു കയറി സംസാരിക്കാൻ കഴിയില്ല. അർജുൻ അങ്ങനെയാകും

ഡോക്ടർ ജയറാമും ദൃശ്യയും ഭദ്രയും കൂടിയാണ് വന്നത്. ഭദ്രയെ കണ്ട് അവളുടെ മുഖം വിടർന്നു

“ആന്റി…ആന്റി വെറുതെ എന്തിനാ ബുദ്ധിമുട്ടിയെ ചെറിയ പനിയാണ് “

അവൾ ചിരിയോടെ ആ കൈ പിടിച്ചു

“മോള് ക്ഷീണിച്ചു പോയി ” അവർ സങ്കടത്തിൽ ആ നെറ്റിയിൽ തൊട്ടു. ജയറാമും അത് നോക്കി നിൽക്കുകയായിരുന്നു
കൃഷ്ണ ക്ഷീണിച്ചു. അദേഹത്തിന്റെ കണ്ണുകൾ മൂടി വെച്ചിരിക്കുന്ന ഭക്ഷണത്തിലേക്ക് തിരിഞ്ഞു

“എന്താ ഫുഡ്?”

“ഇഡലി. എനിക്ക് വേണ്ട അങ്കിളേ. തൊണ്ട വേദന ഉണ്ട്. കഴിക്കുമ്പോൾ നല്ല വേദന.”

“അത് പറഞ്ഞാ പറ്റില്ലല്ലോ
കഴിച്ചേ പറ്റുള്ളൂ “

“സത്യായിട്ടും വേണ്ടാഞ്ഞിട്ടാ ഈ ട്രിപ്പ് ഒക്കെ കേറുന്നുണ്ടല്ലോ മതി “

ജയറാം നേർത്ത പുഞ്ചിരിയോടെ കൈ കഴുകി വന്നു പ്ലേറ്റ് എടുത്തു

“അങ്കിൾ തന്ന മോള് കഴിക്കില്ലേ?”

അവളുടെ കണ്ണ് നിറഞ്ഞു പോയി. ജയറാം ഇഡലി ചമ്മന്തിയിൽ കുഴച്ചു ചെറിയ ഉരുളകളാക്കി കൊടുത്തു. കൂടെ ചൂട് ചായ ചെന്നപ്പോൾ അവൾക്ക് ആശ്വാസം തോന്നി. മറ്റുള്ളവർ അത് അത് കണ്ടു നിന്നു. ചില കാഴ്ചകൾ കാണുന്നവരുടെ മനസ്സും കണ്ണും നിറയ്ക്കും

അത് അങ്ങനെ ഒരു കാഴ്ചയായിരുന്നു. വാതിൽക്കൽ മനു അത് കണ്ടു നിൽക്കുന്നുണ്ടായിരുന്നു

കൃഷ്ണയ്ക്ക് എന്ത് കൊണ്ടാണ് അവരോട് അങ്ങേയ്റ്റത്തെ സ്നേഹവും അടുപ്പവുമെന്ന് അവനിപ്പോ മനസിലാകുന്നുണ്ടായിരുന്നു. അവരവളെ അത്രയും ആഴത്തിൽ സ്നേഹിക്കുന്നുണ്ട്. കരുതുന്നുണ്ട്. അത് ഒരു ഭാഗ്യമാണ്

കൃഷ്ണ മുഴുവൻ കഴിച്ചു കഴിഞ്ഞപ്പോ ജയറാം എഴുനേറ്റു കൈ കഴുകി

“മോള് ഗാർഗിൾ ചെയ്യണം”

പിന്നെ saline water മുറിയിൽ എത്തിക്കാൻ ഉള്ള ഏർപ്പാട് ചെയ്തു. പോകാൻ നേരം കൃഷ്ണ ആ കൈ പിടിച്ചു ഒരു ഉമ്മ കൊടുത്തു. ജയറാം ആ ശിരസ്സിൽ ഒന്നു തലോടി

“അങ്കിൾ ഇന്ന് മുഴുവൻ സമയം ഇവിടെ ഉണ്ട്. ഇടക്ക് വരാം “

അവൾ പുഞ്ചിരിച്ചു

പിന്നെ ദൃശ്യയോടും ഭദ്രയോടും സംസാരിച്ചു തുടങ്ങി

അവർ ഗൗരിയെയും മനുവിനെയും ആദ്യമായാണ് കാണുന്നത്

“ഓരോ വിശേഷങ്ങൾ പറഞ്ഞു നേരം പോയതറിഞ്ഞില്ല. പോട്ടെ മോളെ ” ഭദ്ര എഴുന്നേറ്റു

“ആന്റി എങ്ങനെ പോകും?”

“ഞാൻ കാറിൽ പോകും. ദൃശ്യ നിൽക്കും വൈകുന്നേരം ഏട്ടന്റെ കൂടെ വന്നോളും “

“ഇവളുടെ ക്ലാസ്സ്‌ പോകും. നീ പൊയ്ക്കോ ദൃശ്യ “

കൃഷ്ണ സ്നേഹത്തോടെ പറഞ്ഞു

“ആ ബെസ്റ്റ്..ക്ലാസ്സിൽ പോയിട്ടിപ്പോ എന്താ? ഇവിടെ നിൽക്കട്ടെ ” ഭദ്ര പറഞ്ഞു

“ങ്ങേ അതെന്താ അങ്ങനെ ഒരു ടോക്? ഞാൻ എല്ലാത്തിനും ജയിക്കുന്നുണ്ടല്ലോ “

“ആ ഉണ്ട് ഉണ്ട്..ജയിച്ച പിന്നെ എല്ലാം ആയല്ലോ.”

“ഒരു വിലയില്ല പണ്ടേ. എന്താ ചെയ്ക ” അവൾ കൈ മലർത്തി

കൃഷ്ണ ചിരിച്ചു പോയി. ഭദ്ര പോയി

“മനുവേട്ടനും ഗൗരി ചേച്ചിയും വേണേ പൊയ്ക്കോട്ടോ. വൈകുന്നേരം വന്നാൽ മതി. ഞാൻ ഇന്ന് ഫുൾ ടൈം ഉണ്ട്.”

ദൃശ്യ ചിരിച്ചു

അവർ മടിയോടെ പരസ്പരം നോക്കി

“രണ്ടു പേരും ജോലിയുള്ളവരല്ലേ? ഞാൻ എന്തായാലും മെനക്കെട്ട് വന്നിട്ടുണ്ട് “

“പോടീ “

കൃഷ്ണ ചിരിച്ചു പോയി

“ഇവിടെ എന്റെ പോലും ആവശ്യമില്ല സത്യത്തിൽ. ക്ഷീണം മാറാൻ ട്രിപ്പ്. ഇൻജെക്ഷൻ ഒക്കെ ദേ നഴ്സ് നോക്കും. പിന്നെ ഡോക്ടർമാര് മുഴുവൻ ഉണ്ട്. ഇവൾക്ക് അത്രയ്ക്ക് കുഴപ്പം ഒന്നുല്ലാന്ന്. പിന്നെ പലർക്കും ഒരു സമാധാനം കിട്ടാൻ വേണ്ടിട്ടാ അഡ്മിറ്റ് ചെയ്തേ അല്ലേടി??”

കൃഷ്ണ വിളറിപോയി. അവൾ ദൃശ്യക്ക് ഒരു നുള്ള് കൊടുത്തു

“എന്റെ മനുവേട്ടാ ഇവളിങ്ങനെ പലതും പറയും. ശ്രദ്ധിക്കേണ്ട ട്ടോ”

മനു ഒന്നു ചിരിക്കുന്ന പോലെ ഭാവിച്ചു. പക്ഷെ അവന് ആ പറഞ്ഞത് എന്താ എന്നത് വ്യക്തമായി മനസിലായി.

ആ പലർ ഒരാളാണ്…ഒരാൾ…അവൻ…

അർജുൻ

രാത്രി പക്ഷെ അച്ഛൻ വന്നു. ദൃശ്യയോട് പോയിട്ട് രാവിലെ വരാൻ പറഞ്ഞു അമ്മയ്ക്ക് കുറച്ചു ബിപി ഉണ്ട്. ഉറക്കം നിന്നു പോയ പിന്നെ തലവേദന ശർദ്ദിൽ
അവൾ തന്നെയാണ് വേണ്ടാന്ന് പറഞ്ഞത്

അച്ഛൻ അവളുടെ കൈ എടുത്തു തലോടി കൊണ്ട് ഇരുന്നു. ആ മുഖം വേദന കൊണ്ട് വിങ്ങുന്നുണ്ടായിരുന്നു

അർജുൻ അവിടേയ്ക്ക് വന്നപ്പോൾ അയാൾ പെട്ടെന്ന് എഴുന്നേറ്റു

“അച്ഛൻ ഇരിക്ക് ” അവൻ ആ തോളിൽ തൊട്ടു

“എന്നെ കണ്ട് എഴുനേൽക്കുകയൊന്നും വേണ്ട. കൃഷ്ണയേ പോലെ കരുതിയാൽ മതി”

അവൻ കൃഷ്ണയുടെ നെറ്റിയിൽ കൈ വെച്ച് നോക്കി. കൃഷ്ണയുടെ മുഖം വിളറി വെളുത്തു പോയി

“ഇപ്പൊ  എന്ത് തോന്നുന്നു?ക്ഷീണം തോന്നുന്നുണ്ടോ?”

കുറച്ചു അധികാരം കലർന്ന ഒരു ഭാവമുണ്ടായിരുന്നു ആ മുഖത്ത്

“കുറച്ചു ക്ഷീണം ഉണ്ട് ” അവൾ മെല്ലെ പറഞ്ഞു

“കഴിച്ചോ?”

“ഊഹും “

അവൻ ടേബിളിൽ നോക്കി. ഭക്ഷണം അതേ പടി ഉണ്ട്

“അച്ഛൻ ഒന്ന് കൊടുത്തേക്കണേ.കഴിച്ചില്ലെങ്കിൽ എന്നോട് പറഞ്ഞാൽ മതി “

അവൻ അച്ഛനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു

“ഞാൻ ഇടയ്ക്ക് വരാം “

അവൻ മുറി വിട്ട് പോയി

പിന്നെ ഡോക്ടർമാർ നേഴ്സ് മാർ ഒക്കെ വന്നു പോയപ്പോൾ പിന്നെയും സമയം കഴിഞ്ഞു

രാത്രി ഭക്ഷണം കഴിഞ്ഞു ഉറങ്ങാൻ ഭാവിക്കുകയായിരുന്നു കൃഷ്ണ.

രമേശന് അവളോട് അതേ കുറിച്ച് സംസാരിക്കാൻ തോന്നി

അർജുൻ

അവനെ കുറിച്ച്

അയാൾക്ക് അർജുന്റെ കണ്ണിലെ ഭാവങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നു. അവളോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ കടൽ അവന്റെ കണ്ണുകളിൽ പ്രകടമായിരുന്നു

അത് അവൻ ഒളിപ്പിക്കാനും ശ്രമിച്ചില്ല. എന്റെ പെണ്ണാണ് എന്നൊരു ഭാവം ഇടയ്ക്കൊക്കെ വന്നു പോകുന്നുണ്ട്. ഒരു ദിവസം എത്ര തവണ അവൻ വന്നു നോക്കുന്നുണ്ട് എന്നതിന് കണക്കില്ല. കൃഷ്ണ പക്ഷെ കള്ളിയാണ്. ഉള്ളിലുള്ളത് പുറത്തില്ല. അർജുൻ അത് പ്രകടിപ്പിക്കുമ്പോൾ അവൾ പരിഭ്രമിക്കുന്നുണ്ട്

അയാൾക്ക് ചിരി വന്നു. തനിക്ക് മനസ്സിലാവില്ലേ ഇതൊക്കെ

അർജുൻ ഒരു ചതിയനോ ദുഷ്ടനോ ആണെന്ന് അയാൾക്ക് തോന്നിയില്ല. ഒരു പ്രത്യേക സ്വഭാവം…

നേഴ്സ് ഭക്ഷണം കഴിക്കാൻ പോയപ്പോൾ അയാൾ വന്ന് അവൾക്ക് അരികിൽ ഇരുന്നു.

“മോളെ വലിയ ഇഷ്ടം ആണല്ലേ അർജുൻ സാറിന്?”

അവൾ ഒന്ന് അമ്പരന്ന് നോക്കി

“അച്ഛനോട് പറയാൻ മോൾക്ക് എന്താ മടി?”

അവൾ മിഴികൾ താഴ്ത്തി

“വെറുതെ ഒരു തമാശയല്ലല്ലോ?”

അവൾ അല്ല എന്ന് തലയാട്ടി

“ശരിക്കും സീരിയസ് ആയിട്ടാണോ?”

“അതേ “

വാതിൽക്കൽ അർജുൻ. രമേശൻ തെല്ല് അമ്പരന്ന് പോയി

“ഞാൻ സീരിയസ് ആയിട്ടാണ് കൃഷ്ണയ്ക്ക് എങ്ങനെ എന്ന് കൃഷ്ണയ്ക്ക് മാത്രേ അറിയൂ “

അവൾ ശുണ്ഠിയോട് കൂടി അവനെ നോക്കി

“പഠിത്തം കഴിഞ്ഞു മതി.എന്റെ അച്ഛൻ വീട്ടിൽ വരും…സമ്മതിക്കണം “

രമേശന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു

“മോനെ ഒത്തിരി വ്യത്യാസങ്ങൾ ഉണ്ട്. ആലോചിച്ചു നോക്കിയിട്ടുണ്ടോ?”

“ഇല്ല. വ്യത്യാസം ഒന്നും തോന്നിയില്ല. പിന്നെ എന്തിന് ആലോചിച്ചു നോക്കണം.? സമയം ഒത്തിരി വൈകി. കിടന്നോളു. ഒന്നുമാലോചിക്കേണ്ട “

അവൻ ഒരു തവണ കൂടി അവളുടെ നെറ്റിയിൽ ഒന്ന് തൊട്ടിട്ട് പോയി.

കൃഷ്ണ അച്ഛന് നേരേ തിരിഞ്ഞു

“അച്ഛൻ ഇത് അമ്മയോടും ഏട്ടനോടും ഇപ്പൊ പറയണ്ട.  ഇനിയും വർഷങ്ങൾ ഉണ്ട്. ആരോടും ഇപ്പൊ പറയണ്ടാട്ടോ “

അച്ഛൻ ആ മുഖത്ത് തലോടി

“മോള് ഉറങ്ങിക്കോ “

അവൾ അച്ഛനെ നോക്കി കിടന്നു. ആ കണ്ണുകൾ മെല്ലെ അടഞ്ഞു. നെഞ്ചിൽ നിന്നോരു ഭാരം ഇറങ്ങി. ഒരു ഉറക്കം അവളെ തേടി വന്നു

തുടരും….