ഒരാഴ്ച കൊണ്ട് നന്ദുവിന്റെ അടുത്ത് ട്യൂഷൻ പഠിക്കാൻ വന്ന കുട്ടികളുടെ എണ്ണം 13ആയി ഉയർന്നു. വേറെ ഒന്നു രണ്ടു പേരും കൂടി ചോദിച്ചപ്പോൾ, ആലോചിച്ചു പറയാം എന്ന് അവൾ മറുപടി നൽകി. ഒന്നാമത് അവരുടെ ഉമ്മറത്ത് ആയിരുന്നു ക്ലാസ്സ് എടുക്കുന്നത്, ഇത്രയും കുട്ടികൾക്ക് ഒക്കെ ഇരിക്കുവാൻ ഉള്ള സ്പേസ് ഒള്ളു, നീളൻ വരാന്തയിലും കൂടി കസേരകൾ ഒക്കെ ഇട്ട് ഇരുന്നാണ് അവൾ പഠിപ്പിക്കുന്നത്.
13 കുട്ടികൾ, ഉള്ളതുകൊണ്ട് ഇനി പുതിയ ആരെയും എടുക്കേണ്ടെന്ന് ഭദ്രൻ പറഞ്ഞപ്പോൾ നന്ദന അത് അനുസരിച്ചു. അങ്ങനെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ മെല്ലെ മെല്ലെ അവരുടെ ജീവിതം പതിയെ മുന്നോട്ടു പോയി തുടങ്ങി.
ഭദ്രന് അത്യാവശ്യം ഓട്ടം ഒക്കെ ഉണ്ട്.അതുകൊണ്ട് മിക്കവാറും ദിവസം അവൻ താമസിച്ചു ആണ് വരുന്നത്.
“നീ ഒരുപാട് ക്ഷീണിച്ചു കേട്ടോ, ട്യൂഷൻ പഠിപ്പിച്ചു നടക്കുന്ന കൊണ്ട് ആഹാരം ഒന്നും നേരെ കഴിക്കുന്നില്ലന്നു തോന്നുന്നല്ലോ..”
ഭദ്രന്റെ നെഞ്ചോട് ചേർന്ന് കിടക്കുകയാണ് നന്ദന.
“ക്ഷീണിച്ചൊന്നും ഇല്ലന്നേ, ഒക്കെ ഏട്ടന്റെ തോന്നൽ ആവും “
“അല്ലടി, നീ ശരിക്കും മെലിഞ്ഞു പോയി, കണ്ണൊക്കെ കുഴിഞ്ഞു ഒരു പരുവം ആയിട്ടുണ്ട്, നിനക്ക് എന്നത ഇഷ്ട്ടം എന്ന് എന്നോട് പറ, അത് വാങ്ങി കൊണ്ട് വരാം..”
” എനിക്ക് ഇഷ്ടമുള്ളതൊക്കെ ഇവിടെ എന്നും ഉണ്ടാക്കുന്നുണ്ടല്ലോ ഭദ്രേട്ടാ, പിന്നെ ഇനി പ്രത്യേകിച്ച് ഒന്നിന്റെയും ആവശ്യമില്ല,”
” എന്നാൽ പിന്നെ ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ പോകാം, ഒരു ഡോക്ടറെ കണ്ട്, ഒന്ന് ചെക്കപ്പ് ചെയ്യാം”
“ശോ… ഈ ഭദ്രേട്ടന് ഇതെന്തിന്റെ കേടാ, എനിക്ക് അങ്ങനെ യാതൊരു കുഴപ്പവുമില്ല, പിന്നെ, പണ്ടും ഞാൻ ഇങ്ങനെ,ഇതേ ശരീരപ്രകൃതം ആയിരുന്നു, ഒരുപാട് തടി ഒന്നും വെയ്ക്കില്ലന്നേ….”
അവൾ പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു എങ്കിലും ഭദ്രൻ മിണ്ടാതെ കിടക്കുകയാണ് ചെയ്തത്.
പിറ്റേദിവസം ഞായറാഴ്ച ആയതിനാൽ അവന് അവധിയായിരുന്നു. അന്ന് നന്ദനക്ക് ട്യൂഷനും ഇല്ല.
ആ ഒരു ദിവസം മാത്രമേ ഉള്ളൂ കുട്ടികൾ വരാത്തത്.
രാവിലെ ഭദ്രൻ എഴുന്നേറ്റ് നന്ദനയോട്, റെഡിയാവാൻ പറഞ്ഞപ്പോൾ പെണ്ണ് അന്തിച്ചു പോയി. ഇനി തലേദിവസം പറഞ്ഞതുപോലെ വല്ല ഹോസ്പിറ്റലിലും കൊണ്ട് പോയി കാണിക്കുവാൻ ആണോ എന്ന് അവൾ ഓർത്തു.
” കുറച്ചു ദിവസങ്ങൾ ആയി, മേലേ കാവിൽ അമ്മയെ കണ്ടു തൊഴുതിയിട്ട്,ഒന്ന് ക്ഷേത്രത്തിൽ പോയി വരാം എന്ന് അവൻ ആവശ്യപ്പെട്ടപ്പോൾ നന്ദന പെട്ടെന്ന് സമ്മതിച്ചു.
അമ്മയെ അടുക്കളയിൽ സഹായിച്ചശേഷം പെട്ടെന്ന് തന്നെ അവൾ കുളിക്കുവാനായി പോയി.
വേഗത്തിൽ കുളി കഴിഞ്ഞ് ഇറങ്ങി വന്നശേഷം,ഒരു ചുരിദാർഎടുത്തിട്ട് കൊണ്ട്,ഉച്ചയിൽ കെട്ടിവച്ചിരുന്ന തോർത്ത്,അഴിച്ചിട്ടു, മുടിയുടെ ഇഴകൾ വിടർത്തുകയായിരുന്നു. അപ്പോഴാണ് ഭദ്രന്റെ ഫോൺ റിങ്ങ് ചെയ്യുന്നത് അവൾ കണ്ടത്. പരിചയമില്ലാത്ത നമ്പർ ആയതിനാൽ അവൾ, ഫോണുമായി അവന്റെ അടുത്തേക്ക് ചെന്നു.
അവനും പെട്ടെന്ന് ആൾ ആരാണെന്ന് മനസ്സിലായില്ല. എങ്കിലും ഫോണെടുത്ത് കാതിലേക്ക് ചേർത്ത് അവൻ ആരാണെന്ന് ചോദിച്ചു
മറു പുറത്തുനിന്നും നന്ദനയുടെ അച്ഛൻ ആയിരുന്നു . മുത്തശ്ശി മരിച്ചു എന്നുള്ള വാർത്ത അറിയിക്കുവാനായി വിളിച്ചതാണ്. ഭദ്രന്റെ അടുത്ത് നിന്ന് നന്ദനയും എല്ലാ വിവരങ്ങളും കേട്ടു. അവളുടെ മിഴികൾ നിറഞ്ഞതോടെ അവനും പെട്ടന്ന് വല്ലാതെയായി…ഗീതമ്മയും പെൺകുട്ടികളും ഒക്കെ ചേർന്ന് നന്ദുവിനെ ആശ്വസിപ്പിച്ചു..
വൈകാതെ തന്നെ ഭദ്രനും നന്ദുവും മുത്തശ്ശിയേ കാണാൻ വേണ്ടി പുറപ്പെടുകയും ചെയ്തു. താനും കൂടി വരാം എന്ന് പറഞ്ഞു ഗീതമ്മ ഒരുങ്ങി വന്നപ്പോൾ ഭദ്രൻ ഒരു ഓട്ടോ വിളിച്ചു വരുത്തി.
മൂവരും ചേർന്ന് ഓട്ടോയിൽ ആയിരുന്നു പോയതും.
സത്യത്തിൽ അവളുടെ വീട്ടിലേക്ക് പോകുവാൻ ഭദ്രന് മടിയുണ്ടായിരുന്നു. പിന്നെ ഈ ഒരു അവസ്ഥയിൽ നന്ദനയെ തനിച്ചു വിടുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ്,അവനും ഒപ്പം പോകാം എന്ന് കരുതിയത്.
നന്ദന ഇടയ്ക്കു എല്ലാം കണ്ണിലെ നനവ് തുടച്ചു കളയുന്നുണ്ട്.
അമ്മ അവളുടെ കൈ ത്തണ്ടയിൽ മുറുകെ പിടിച്ചു ഇരിയ്ക്കുന്നത് കണ്ടു കൊണ്ട് അവനും ഇരുന്നു..ഏകദേശം മുക്കാൽ മണിക്കൂർ എടുത്തു നന്ദനയുടെ വീട്ടിൽ എത്താൻ.ഗേറ്റ് കടന്നു അകത്തേക്ക് ഓട്ടോ കയറി ചെന്നു.
ആളുകൾ ഒക്കെ അവിടെവിടെയായി കൂടി നില്ലപ്പുണ്ട്.
നന്ദനയേ കണ്ടതും ആളുകൾ ഒക്കെ മുറു മുറുപ്പ് തുടങ്ങി കഴിഞ്ഞു. ആരെയും നോക്കാതെ കൊണ്ട് അവൾ ഗീതമ്മയെയും കൂട്ടി നേരെ ഉമ്മറത്തേയ്ക്ക് കയറി ചെന്നു.നന്ദനയുടെ അമ്മയും അച്ഛനും ചേച്ചിയും ഒക്കെ ഓരോരോ കസേരകളിൽ മുത്തശ്ശിയുടെ മൃതുദേഹത്തിന്റെ അരികിലായി ഇരിപ്പുണ്ട്..
നന്ദന വിങ്ങി കരഞ്ഞു കൊണ്ട് ചെന്നു മുത്തശ്ശിയുടെ കവിളിൽ മുത്തി. സാവിത്രിയ്ക്ക് (നന്ദനയുടെ അമ്മ )അത് കണ്ടപ്പോൾ മുഖം ഇരുണ്ടു..
അവർ ആണെങ്കിൽ ഒരുതരം പുച്ചഭാവത്തിൽ നന്ദനയെ നോക്കുന്നത് കണ്ടു കൊണ്ടാണ് ഭദ്രൻ അവിടേക്ക് കയറി വന്നത്..മുത്തശ്ശിയെ കെട്ടിപ്പിടിച്ച് കരയുയയാണ് നന്ദു.
ഭദ്രൻ ചെന്നിട്ട് അവളെ ബലമായി പിടിച്ചു എഴുന്നേൽപ്പിച്ചു..
എന്നിട്ട് അവിടെ ഒ ഴിഞ്ഞു കിടന്ന ഒരു കസേരയിൽ കൊണ്ട് ചെന്നു ഇരുത്തി.
അമ്മയോടും അവൻ എന്തൊക്കെയോ പതിയെ പറഞ്ഞു..എന്നിട്ട് അല്പം നേരം കഴിഞ്ഞു മുറി വിട്ട് ഇറങ്ങി പോയി.
അച്ഛൻ മാത്രം എഴുന്നേറ്റു വന്നു നന്ദനയോട് എന്തൊക്കെയോ സംസാരിച്ചു. ലക്ഷ്മി ചേച്ചിയും അമ്മയും അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല.
തലേ ദിവസം 7മണി ആയപ്പോൾ മുത്തശ്ശി മരിച്ചത് ആണെന്നും വേറെ ആരും വരാൻ ഇല്ലാത്തത് കൊണ്ട് കാലത്തെ പതിനൊന്നു മണിക്ക് ആണ് അടക്കം എന്നും മാധവ വാര്യർ ആയിരുന്നു മകളോട് പറഞ്ഞത്.
അയാൾ വെളിയിൽ ഇറങ്ങി ചെന്നു അവിടമാകെ നോക്കി എങ്കിലും ഭദ്രനെ കണ്ടെത്താൻ കഴിഞ്ഞില്ല.
എങ്ങോട്ട് എങ്കിലും മാറിയത് ആയിരിക്കും എന്ന് കരുതി വാര്യര് വീണ്ടും ഉള്ളിലേക്ക് പോന്നു. സമയം അടുക്കും തോറും ബന്ധുമിത്രദികൾ എല്ലാവരും തന്നെ എത്തി തുടങ്ങി..നന്ദനയേ കണ്ടപ്പോൾ ചിലരൊക്കെ വന്നു സംസാരിച്ചുള്ളൂ.
പതിനൊന്നര ആയപ്പോൾ കർമങ്ങൾ എല്ലാം കഴിഞ്ഞിരുന്നു..ആളുകൾ ഒക്കെ പിരിഞ്ഞു പോവാൻ തുടങ്ങി.
ഗീതമ്മയുടെ കൈയും പിടിച്ചു നന്ദന തെക്കേതൊടിയിൽ നിന്നും നടന്നു വന്നപ്പോൾ ലക്ഷ്മി ചേച്ചിയെ ഉറക്കെ വിളിച്ചു കൊണ്ട് ചായയും ആയിട്ട് വരുന്ന അമ്മയെ അവൾ കണ്ടു.
നന്ദുവിനെ കണ്ടതും അമ്മ പെട്ടെന്ന് തിരിഞ്ഞു വീടിന്റെ ഉള്ളിലേക്ക് പോയി. അച്ഛനോട് മാത്രം യാത്ര പറഞ്ഞു കൊണ്ട് നന്ദു അവിടെ നിന്നും ഇറങ്ങി പോന്നത്.
ഭദ്രൻ കുറച്ചു മാറി ഒരു കലിങ്കിന്റ മുകളിൽ ഇരിപ്പുണ്ട്. അവന്റെ അടുത്തേക്ക് ഇരുവരും നടന്നു ചെന്നു.
പോയേക്കാം ഏട്ടാ…
മ്മ്…ഓട്ടോറിക്ഷ വെല്ലോം കിട്ടുമോ, അതോ കവല വരെ നടക്കാൻ ആണോടി.
നടക്കാം, അഥവാ ഓട്ടോ കിട്ടുവാണേൽ അതിൽ പോകാം നമ്മൾക്കു…
മ്മ്….
അവൻ എഴുന്നേറ്റ് തന്റെ മുണ്ട് ഒന്നൂടെ മുറുക്കി ഉടുത്തു..എന്നിട്ട് എല്ലാവരും കൂടി മുന്നോട്ട് നടന്നു.
മുത്തശ്ശിയോടൊപ്പം ഈ വഴികൾ താണ്ടി എത്രയോ തവണ പൂരത്തിന് പോയിരിക്കുന്നു.
നടന്നു പോകുമ്പോൾ ഒക്കെ തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് വരാൻ ആകാതെ എന്തോ ഒന്ന് ഉരുണ്ടു കൂടി നിൽക്കുന്നതായി നന്ദനയ്ക്ക് തോന്നി.
തുടരും…