നിന്നെയും കാത്ത്, ഭാഗം 81 – എഴുത്ത്: മിത്ര വിന്ദ

“നന്ദു…. നീ എഴുന്നേറ്റു വന്നു എന്തെങ്കിലും കഴിക്ക്, വെറുതെ ഇങ്ങനെ കിടക്കാതെ…”

നേരം എട്ടു മണി ആയിട്ടും ഒരു വറ്റ് കഞ്ഞി പോലും കുടിക്കാതെ നന്ദന ഒരേ കിടപ്പായിരുന്നു.

മിന്നുവും അമ്മുവും ഒക്കെ അവളെ ഏറെ നിർബന്ധിച്ചു, പക്ഷേ അവൾ എഴുന്നേൽക്കാൻ പോലും കൂട്ടാക്കിയില്ല.

മുത്തശ്ശിയുടെ ഓർമ്മകൾ അവളെ വല്ലാതെ തളർത്തിയിരുന്നു.. തന്നെ കാണണം എന്ന് മുത്തശ്ശി ആഗ്രഹിച്ചിരുന്നോ എന്ന് അവൾ ഓർത്തു. അത്രയ്ക്ക് അടുപ്പം ആയിരുന്നു രണ്ടാളും തമ്മിൽ.

ഓർമ്മ വെച്ച നാൾ മുതൽക്കേ അമ്മയുടെ ഒരു പ്രത്യേക സ്വഭാവം ആയിരുന്നു.
പലപ്പോഴും ഓർത്തിട്ടുണ്ട് ലക്ഷ്മി ചേച്ചിയോട് ആണ് അമ്മയ്ക്ക് സ്നേഹക്കൂടുതൽ എന്ന്.. പിന്നീട് അതൊക്കെ പ്രായത്തിന്റെ വെറും തോന്നൽ മാത്രമാണെന്ന് കരുതി. പക്ഷേ, മുത്തശ്ശിക്ക് ഒരിക്കലും തന്നെയും ചേച്ചിയെയും രണ്ടെന്ന ഭാവം ഇല്ലായിരുന്നു.. ഒരിക്കലും താൻ ഇങ്ങനെയൊക്കെ ചെയ്തുകൂട്ടുമെന്ന് ആ പാവം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.. എല്ലാത്തിനും കാരണക്കാരി താൻ ഒരുവൾ മാത്രമാണ്.

മുത്തശ്ശിയുടെ വിയോഗം ഏർപ്പെടുത്തിയ വേദനയേക്കാൾ കൂടുതൽ അവളെ വിഷമിപ്പിച്ചത്, അമ്മയുടെയും ലക്ഷ്മി ചേച്ചിയുടെയും പെരുമാറ്റമായിരുന്നു..
തൊട്ടരുകിൽ എത്ര നേരം ഇരുന്നു. എന്നിട്ട് ഒരിക്കൽ പോലും അമ്മയൊന്നു നോക്കിയില്ല. ചേച്ചിയും അത് പോലെ തന്നെ..അത്രമാത്രം എല്ലാവർക്കും വെറുക്കപ്പെട്ടവൾ ആയി പോയല്ലോ താന്. അവളുടെ കണ്ണീർ ഒഴുകി ആ തലയിണയിൽ കുതിർന്നു വീണു.

മോളെ നന്ദേ… എഴുന്നേറ്റ് വന്നേ, എന്നിട്ട് എന്തേലും കഴിക്ക്, ഇങ്ങനെ കിടന്നാൽ പോയോരു ആരെങ്കിലും തിരിച്ചു വരുമോ..

ഗീതമ്മ വന്ന ബെഡിൽ ഇരുന്നശേഷം അവളുടെ തോളിൽ കൈവെച്ചു  വിളിച്ചു.

” എനിക്ക് വിശപ്പില്ലാത്തതു കൊണ്ടാണെന്ന്, അമ്മ ചെല്ല്, പിള്ളേർക്കും ഏട്ടനും എടുത്തു കൊടുക്കു. എനിക്ക് വല്ലാത്ത തലവേദന, ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ ശരിയാകും”

“നീ വരാതെ അവരാരും ഭക്ഷണം കഴിക്കില്ല, അതുകൊണ്ട് എഴുന്നേറ്റു വാ… എന്തെങ്കിലും കഴിച്ചിട്ട് വന്ന് കിടന്നോ..

നന്ദന ഒരുപാട് എതിർക്കാൻ ശ്രമിച്ചുവെങ്കിലും ഗീതമ്മ സമ്മതിച്ചില്ല.

അവളെയും ആയിട്ട് അവർ  മുറിയിൽ നിന്നും ഇറങ്ങിയത്..

അമ്മുവും മിന്നുവും ഭദ്രനും ഊണും മേശയുടെ വട്ടത്തിൽ കസേരയിട്ടിരിപ്പുണ്ട് .

കവിളിലെ കണ്ണീർ വലം കൈകൊണ്ട് തുടച്ചുമാറ്റിക്കൊണ്ട്, നന്ദന വന്നു അരികിലായി ഇരുന്നു..

കഞ്ഞിയും വൻപയർ ഉയർത്തിയതും, കണ്ണിമാങ്ങ അച്ചാറും പപ്പടവും ആയിരുന്നു  കറികൾ.

ഒരു പ്ലേറ്റ് നിറച്ച് ഗീതമ്മ അവൾക്ക് വിളമ്പി വച്ചു. ” ഇതു മുഴുവനും കഴിക്കാതെ ഇവിടുന്ന് എഴുന്നേറ്റ് പോകരുത് കേട്ടല്ലോ… “

അവർ ഒരു താക്കീതും നൽകി. സത്യം പറഞ്ഞാൽ നന്ദനക്ക് നല്ല വിശപ്പുണ്ടായിരുന്നു, പക്ഷേ വീട്ടിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ, അത് അവളെ ഒരുപാട് തളർത്തിയിരുന്നു. ആ വിഷമത്തിൽ ആണ് അവൾ മുറിയിൽ നിന്നും ഇറങ്ങാതെ ഇരുന്നത്. അത് മറ്റാരെക്കാളും ഗീതമ്മയ്ക്ക് മനസ്സിലായിരുന്നു.

ഭക്ഷണം കഴിച്ച് എഴുന്നേറ്റ ശേഷം നന്ദന അടുക്കളയിൽ ചെന്നപ്പോൾ, അവളെയും കാത്ത് ഗീതമ്മ അവിടെ നിൽപ്പുണ്ട്.

“മോളെ, പെറ്റ് വളർത്തി വലുതാക്കിയ മക്കൾ സ്വന്തം ഇഷ്ടപ്രകാരം, മറ്റൊരു എന്റെ കൂടെ ഇറങ്ങി പോകുമ്പോൾ ഒരു അമ്മയ്ക്കും സഹിക്കാൻ പറ്റില്ല, പിന്നെ ലക്ഷ്മി ചേച്ചിയെ അത്രയും,  നിലയും വിലയും ഒക്കെയുള്ള ഒരു കുടുംബത്തിൽ അല്ലേ അയച്ചത്, അവരുടെയൊക്കെ മുന്നിൽ ലക്ഷ്മിയുടെ തലയും നീ കാരണം താഴ്‌ന്നില്ലേ? അതൊക്കെ കൊണ്ടാണ് അവർക്കെല്ലാവർക്കും നിന്നോട് ദേഷ്യം, മോളെ അതൊക്കെ ഒന്ന് മനസ്സിലാക്കിയാൽ മാത്രം മതി, അല്ലാതെ ഇങ്ങനെ കരഞ്ഞു നിലവിളിച്ചിരുന്നാൽ എന്തെങ്കിലും പ്രയോജനം ലഭിക്കുമോ.

അവരത് ചോദിച്ചതും നന്ദന മുഖമുയർത്തി അമ്മയെ നോക്കി.

” ഞാനും ഒരു അമ്മയല്ലേ മോളെ, മക്കളുടെ വിഷമങ്ങൾ ഒക്കെ കുറെ എനിക്കും മനസ്സിലാകും, ഇന്നവിടെ ചെന്നപ്പോൾ, നിന്നോട് അവരാരും മിണ്ടാഞ്ഞതല്ലേ ഇത്രയ്ക്ക് ബുദ്ധിമുട്ട് ആയത്, സാരമാക്കേണ്ട,പോട്ടെ, നിനക്ക് ഭദ്രനില്ലേ, പിന്നെ ഞാനില്ലേ, അനുജത്തിമാരും ഉണ്ട്. അതൊക്കെ മതി മോളെ…

ഗീതമ്മ പറഞ്ഞു നിർത്തിയതും നന്ദന അവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

“എന്റെ പൊന്നുമോളെ ഇങ്ങനെ ആവശ്യമില്ലാതെ എന്തിനാ കരയുന്നത്, നിന്റെ ഈ കരച്ചിൽ കണ്ടിട്ട് അവന് വല്ലാത്ത വിഷമം ആണ് കേട്ടോ, എന്നോട് പലതവണ ഇറങ്ങി വന്നിട്ട് പറഞ്ഞു, അവളെ ഒന്ന് സമാധാനിപ്പിക്കാൻ, ഈ കാര്യം ഒന്നും ഞാൻ അവനോട് പറഞ്ഞില്ല, മോളുടെ വീട്ടുകാരൊക്കെ എന്തെങ്കിലും സംസാരിച്ചോ എന്ന് ചോദിച്ചപ്പോൾ, ഒന്ന് രണ്ട് വർത്താനം പറഞ്ഞു എന്നാണ് ഞാൻ അവനോട് പറഞ്ഞത്… മോള് ചെല്ല്, ചെന്ന് കണ്ണും മുഖവും ഒക്കെ തുടച്ചശേഷം പോയി കിടന്നു ഉറങ്ങാൻ നോക്ക്..”

അപ്പോളേക്കും ഭദ്രൻ അടുക്കളയിലേക്ക് കയറി വന്നു.

താനും നന്ദനയും, കൂടി പറഞ്ഞ കാര്യങ്ങളൊക്കെ മകൻ കേട്ടു എന്നുള്ളത് ഗീതമ്മയ്ക്ക് വ്യക്തമായി..

അവൻ അമ്മയെ ഒന്ന് അടിമുടി നോക്കുക കൂടി ചെയ്തപ്പോൾ കാര്യങ്ങൾക്ക് വ്യക്തത കൂടുകയാണ് ചെയ്തത്

“ഹമ്… അപ്പോൾ അതാണ് നിന്റെ കരച്ചിലിന്റെ പിന്നിലുള്ളത് അല്ലേ, നിന്റെ തള്ളയുടെയും ചേച്ചിയുടെ മോന്ത കാണാനായിട്ടാണോടി നീ കെട്ടി ഒരുങ്ങി പോയത്, അതോ വല്യമ്മയേ കാണനോ…”

ഭദ്രൻ ശബ്ദം ഉയർത്തിയതും, നന്ദു ഒന്നും മിണ്ടാതെഅവിടെ നിന്നും ഇറങ്ങി പോയി.

മോനേ, ഇനി അവളോട് ഒന്നും ചോദിക്കേണ്ട, അതൊരു പാവം ആണ്.

അമ്മയെ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം അവനും മുറിയിലേക്ക് പോയി.
ചെന്നപ്പോൾ നന്ദു ബെഡ് ഒക്കെ കൊട്ടി വിരിക്കുന്നുണ്ട്…കുനിഞ്ഞു നിൽക്കുകയായിരുന്ന അവളെ ഭദ്രൻ പിടിച്ചു നേരെ നിറുത്തി.

അപ്പോളേക്കും അവളുടെ മുഖം കുനിഞ്ഞു. അത് കൂടി കണ്ടതും അവനു ദേഷ്യം ഇരട്ടിച്ചു.

ടി……..നിന്റെ മറ്റവരാരും സൽക്കരിക്കാഞ്ഞത് കൊണ്ട് ആണോ നിന്നു മോങ്ങിയത്…ഇറങ്ങി പുറപ്പെടുമ്പോൾ ഓർക്കണമായിരുന്നു, തന്തേം തള്ളേം പറയുന്ന കേട്ടു മര്യാദക്ക് നിൽക്കാഞ്ഞത് കൊണ്ട് അല്ലെടി ഈ ഗതി വന്നത്…. എന്നിട്ട് ഇപ്പോൾ മോങ്ങിട്ട് കാര്യം ഉണ്ടോ….

ദേഷ്യത്തിൽ അവൻ അവളെ കുറെ ശകരിച്ചു.

ഒന്നിനും മറുപടി പറയാതെ പാവം വിങ്ങി കരഞ്ഞു..

പെട്ടന്ന് ആയിരുന്നു ഭദ്രൻ അവളെ വാരി പുണർന്നത്.

ഒരു വേള എന്താണ് സംഭവിക്കുന്നത് എന്ന് പോലും അവൾക്ക് മനസിലായില്ല.

അവന്റെ നെഞ്ചിൽ പറ്റി ചേർന്നു കൊണ്ട് മുഖം ഉയർത്തി ഒന്ന് നോക്കി.

“നിനക്ക് ഞാൻ ഇല്ലേടി, പിന്നെ എന്തിനാ ഇങ്ങനെ കരയുന്നെ, അവരോടു ഒക്കെ പോകാൻ പറ, നിന്നോട് മിണ്ടാത്തവർ മിണ്ടണ്ടന്നേ… നിന്റെ ഭദ്രേട്ടൻ മിണ്ടുന്നില്ലേ, പിന്നെ അമ്മ മിന്നു അമ്മു.. ഒക്കെ ഇല്ലെ…”

അവൻ ചോദിച്ചതും പെണ്ണ് വീണ്ടും കരച്ചിലായി…

ഹോ.. ഇവളെക്കൊണ്ട്….എടി ഇങ്ങനെ കിടന്ന് കരയല്ലേ.. പ്ലീസ്…… വെറുതെ എന്നേം കൂടി വിഷമിപ്പിച്ചു അടങ്ങുവൊള്ളൂ….. ഒരു കാര്യം ചെയ്യാം ഞാൻ ലോഡ് എടുക്കാൻ പോയ്കോളാം, അച്ചായൻ ഇപ്പോൾ വിളിച്ചു കേട്ടോ….

അതേറ്റു എന്ന് വേണം പറയാൻ..

ഭദ്രൻ പോകുവാണ് എന്ന് കേട്ടതും നന്ദന എതിർത്തു കൊണ്ട് അവനെ ഇറുക്കി..

പോകേണ്ടെകിൽ മര്യാദയ്ക്ക് കയറി കിടക്കു പെണ്ണേ, ഇല്ലെങ്കിൽ നീ അടി മേടിക്കും..

ഭദ്രൻ അവളെ നോക്കി ഒന്ന് പേടിപ്പിച്ചു കൊണ്ട് പറഞ്ഞപ്പോൾ നന്ദന അവ്നിൽ നിന്നും അടർന്നു മാറാതെ ചേർന്നു നിന്നു

തുടരും.

അഭിപ്രായം 😍😍

Leave a Reply

Your email address will not be published. Required fields are marked *