ആദ്യം ഒരു തമാശ പോലെ ഒരു ക്യാഷുവൽ ഡേറ്റിംഗ് മാത്രമായി തുടങ്ങിയതാണ്. പ്രേത്യേകിച്ചു പ്ലാന്നിങ്ങോ…

Story written by Athira Sivadas
=======================

ഇന്ന് ചെന്നൈയിൽ എന്റെ അവസാനത്തെ രാത്രിയാണ്. ഇനിയുമൊരു ദിവസം കൂടി ഈ ബാൽക്കണിയിൽ ഇതുപോലെ ഒരു വ്യൂ കണ്ട് നിൽക്കാനുള്ള അവസരം ജീവിതത്തിൽ ഒരിക്കലും എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ. തീർച്ചയായും ഞാനിവിടം മിസ്സ്‌ ചെയ്യും. ഇവിടേ കണ്ടുമുട്ടിയ മനുഷ്യർക്കൊപ്പം ചിലവഴിച്ച മനോഹരമായ എത്രയോ നിമിഷങ്ങൾ, ചിരികൾ, തമാശകൾ ഒക്കെ ഭംഗിയുള്ള ഓർമ്മകളാണ്. എന്റെ അഞ്ച് വർഷം. ഇവിടെ നിന്നൊരു പറിച്ചു നടീൽ ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. സിംഗിൾ ആയിരുന്ന കാലവും കമ്മിറ്റഡ് ആയിരുന്ന കാലവും ഒടുവിൽ ഒരു വിവാഹം കഴിച്ച് കുടുംബമായി ജീവിച്ചിരുന്ന കാലത്തിനും സാക്ഷിയായിരുന്നിടം. ജീവിതത്തിലെ പല ഘട്ടങ്ങൾ ഞാൻ ജീവിച്ചിരുന്ന സ്ഥലം. ഇവിടത്തോട് ഞാൻ ഇമോഷണലി ഭയങ്കര അറ്റാച്ഡ് ആണെന്ന് എനിക്ക് തന്നെയറിയാം. അതുകൊണ്ടാണ് ഈ നാട് വിടാനുള്ള തീരുമാനം എടുത്തതും.

അഞ്ചു വർഷത്തെ നീണ്ട ജീവിതമായിരുന്നു. ക്യാമ്പസ്സിൽ നിന്ന് പ്ളേസ്‌മെന്റ് കിട്ടി ആദ്യമായി ഇവിടേക്ക് വരുമ്പോൾ ഞാൻ തനിച്ചായിരുന്നു. ഓഫീസിൽ മലയാളികൾ ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ മൂന്ന് പെൺകുട്ടികൾ കൂടി ഒന്നിച്ച് ഒരു വീടെടുത്ത് മാറി. യൗവനത്തെ അതിന്റെ അങ്ങേയറ്റത്ത് വരെ ചെന്ന് അർമാധിച്ചു തീർത്ത മൂന്ന് വർഷങ്ങൾ. സിയാ, നീതു പിന്നെ ഞാൻ.

ഒന്നിച്ചുണ്ടും ഉറങ്ങിയും ഊരു ചുറ്റിയും ഞങ്ങൾ ജീവിച്ചു തീർത്ത കാലം. അരുണിനെ കാണുന്നത് വരെ എനിക്കെല്ലാം അവരായിരുന്നു. അരുൺ…എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വഴിത്തിരിവ്.

“A nice accident” ആ കണ്ടുമുട്ടലിനെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.

ഞാൻ അന്നേ വരെ വായിച്ചു തീർത്ത കഥകളിലെയൊക്കെ പ്രിയപ്പെട്ട പുരുഷന്മാരുടെയൊക്കെയൊരു പ്രതിരൂപം മുന്നിൽ പ്രത്യക്ഷപ്പെട്ട് ഹായ് പറഞ്ഞത് പോലെയായിരുന്നു ആ കണ്ടുമുട്ടൽ.

ഈ പ്രപഞ്ചം ഗൂഡാലോചന നടത്തും എന്നൊക്കെ പറയില്ലേ. അത്പോലെയൊരു കൂടി ചേരൽ. ആരോ എന്റെ കയ്യിൽ കൊണ്ട് വച്ചു തന്ന് ഭദ്രമായി സൂക്ഷിച്ചോളൂ എന്ന് പറഞ്ഞ് ഏൽപ്പിച്ചു മടങ്ങിയത് പോലെ. ഞാനത് ഭദ്രമായി തന്നെ സൂക്ഷിക്കാനും തീരുമാനിച്ചു.

കോളേജിൽ വച്ചുണ്ടായ ഒരു ബ്രേക്കപ്പിന് ശേഷം ഇനി പ്രണയമേ വേണ്ട എന്നൊക്കെ മനസ്സിലുറപ്പിച്ച എന്റെ ഹൃദയത്തിലേക്ക് അവൻ എങ്ങിനെയാണ് ഇടിച്ചു കയറിയതെന്ന് എനിക്കറിയില്ല. ക്ഷണിച്ചു വരുത്തി കയറ്റി ഇരുത്തിയതൊന്നുമല്ല, അവനായി തന്നെ കയറി വന്നതാണ്.

അതുവരെ ഉണ്ടായിരുന്ന ഇൻസെക്യൂരിറ്റീസിനെ തട്ടി മാറ്റി ചിന്തിച്ചു കൂട്ടുന്ന ഭ്രാന്തൻ പേടികൾക്ക് അവസാനമെഴുതിക്കൊണ്ട് അവനങ്ങനെയൊരു കസേരയിട്ട് എന്റെ ഹൃദയത്തിന്റെ ഒത്ത നടുക്ക് കാലും നീട്ടിയിരുന്നു.

കൊലീഗിന്റെ ബ്രദർ ആയിരുന്നു അരുൺ. ചെറിയൊരു പ്രോജെക്ടിന്റെ ഭാഗമായി അവൻ ചെന്നൈയിൽ എത്തിയതും ഞങ്ങൾ പരസ്പരം കണ്ടതിനെയുമൊക്കെ ദി ലൈഫ് ചേഞ്ചിങ്ങ് കോ ഇൻസിഡൻസ് എന്നാണ് ഞങ്ങൾ രണ്ടാളും പിന്നീട് വിവേശിപ്പിച്ചത്.

എന്നെ പോലെ തന്നെ മുറിവേൽപ്പിച്ചതിനു ശേഷം അകന്ന് പോയൊരു പ്രണയം അവന്റെ ജീവിതത്തിലും ഉണ്ടായിരുന്നത് കൊണ്ടുതന്നെ പരസ്പരം ഏറ്റവും നന്നായി റിലേറ്റബിൾ ആയ മനുഷ്യർ എന്നാണ് ഞങ്ങൾ രണ്ടാൾക്കും അന്യോന്യം തോന്നിയത്.

ആദ്യം ഒരു തമാശ പോലെ ഒരു ക്യാഷുവൽ ഡേറ്റിംഗ് മാത്രമായി തുടങ്ങിയതാണ്. പ്രേത്യേകിച്ചു പ്ലാന്നിങ്ങോ പ്രതീക്ഷികളോ മുൻവിധികളോ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കമ്പനി ഞങ്ങൾക്ക് വല്ലാതെ ഇഷ്ടമായിരുന്നു.

മഴ പെയ്തു തോർന്നു നിൽക്കുമ്പോൾ അരുൺ വിളിക്കും. “വാ, ഇറങ്ങാം” എന്ന് പറയുമ്പോൾ എങ്ങോട്ടേക്കാണെന്ന് പോലും ചോദിക്കാതെ ഞാനിറങ്ങും. ചില ദിവസങ്ങളിൽ ഞങ്ങൾ നടക്കാറായിരുന്നു പതിവ്. ഒരാറേഴ് കിലോമീറ്ററുകൾ ഒന്നിച്ച് നടക്കുന്നത് പോലും ഞങ്ങൾ അറിയാറില്ല. പല വിധ വിഷയങ്ങൾ…പെട്ടന്നോടി നീങ്ങിയ സമയത്തെ പഴിച്ചു കൊണ്ട് തിരിച്ചെത്തുമ്പോൾ സമയം വെളുപ്പിന് നാല് എങ്കിലും ആയിരിക്കും.

പറഞ്ഞും ചിരിച്ചും ഒന്നിച്ചിരുന്നും കൈ കോർത്തു നടന്നും കൊതി തീരാത്ത രാത്രികൾ. പിന്നെയും ഒരു വർഷത്തിന് ശേഷമാണ് വിവാഹിതരാകാം എന്ന് തീരുമാനിച്ചത്.

ജീവിതത്തെ പറ്റിയുള്ള എന്റെ പ്ലാനിംഗ്‌ ഒക്കെ തകർത്തു കളഞ്ഞു കൊണ്ട് കയറി വന്ന എന്റെ എക്കാലത്തെയും പ്രിയപ്പെട്ട മനുഷ്യൻ. ശെരിക്കും അതൊരു മാജിക് ആയിരുന്നു. ഒരു സങ്കൽപപുരുഷൻ കഥാപാത്രമൊക്കെ എല്ലാവർക്കുമുള്ളത് പോലെ എന്റെ മനസ്സിലുമുണ്ടായിരുന്നരെങ്കിലും. അത് കാലും കയ്യും വച്ചൊരു ഹലോ പറഞ്ഞ് എന്റെ മുൻപിൽ വരുമെന്ന് ഞാൻ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

വിവാഹവും വിവാഹത്തിന് ശേഷമുള്ള ജർവിതവുമൊക്കെ ഏറ്റവും മനോഹരം തന്നെയായിരുന്നു. പരാതി പറഞ്ഞും പരിഭവിച്ചും കൂടുതൽ സ്നേഹിച്ചും അങ്ങനെ അങ്ങനെ ഒരുകാലത്ത് സ്വപ്നം കണ്ടിരുന്ന ജീവിതത്തെ ഞാൻ ആസ്വദിക്കാൻ തുടങ്ങി…അതിൽ ജീവിക്കാൻ തുടങ്ങി…

ചിന്തകളധികം കാട് കയറിയില്ല. ബാൽക്കണിയുടെ വാതിൽ തുറക്കപ്പെട്ടു. അരുണാണ്. ഞാൻ തിരിഞ്ഞു നോക്കാതെ നിന്നു. അകലെ കാണുന്ന പണിഞ്ഞു കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് ബിൽഡിങ്ങിലേക്ക് നോക്കി. ഞങ്ങൾ ഇവിടെക്ക് താമസം മാറി വരുമ്പോൾ ആ ബിൽഡിങ് ഇത്ര ഉയരത്തിൽ കാണാൻ പറ്റുമായിരുന്നില്ല. വലിയ ക്രെയിനും രാത്രിയിൽ ക്രമീകരിക്കുന്ന ലൈറ്റുകളുമൊക്കെ ഭംഗിയുള്ളൊരു കാഴ്ചയാണ്. ഇടയ്ക്കൊക്കെ രാത്രിയിൽ ചായ കുടിക്കാൻ പോകുന്ന ശീലമുണ്ട് അരുണിന്. അപ്പോൾ എന്നെയും കൂട്ടും. അങ്ങനെ എന്റേത് കൂടിയായ ശീലമാണ് ചായ. മുൻപ് ചായ തീരെ പതിവില്ലാത്തിരുന്ന എനിക്ക് ഇപ്പോൾ ചായ ഇല്ലാതെ ഒരു ദിവസം തുടങ്ങുന്നതിനെക്കുറിച്ചോ അവസാനിപ്പിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കാൻ തന്നെ കഴിയില്ലെന്നുള്ളതാണ് സത്യം. അതങ്ങനെയാണ് ചില മനുഷ്യരുടെയൊപ്പം ചില ശീലങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും. ഭാവിയിൽ ഒരു ദിവസം അവർ ഇല്ലെന്നിരിക്കിലും ഓർമ്മകളിൽ നിന്നും അവരെ ഒഴിച്ചുകൂടാനാകില്ലന്നത് പോലെ ആ ശീലങ്ങൾ അവരെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടേയിരിക്കും.

“എപ്പഴാ ട്രെയിൻ”

“വൈകിട്ട് മൂന്നരയ്ക്ക്.”

“ഞാനെത്തും മുൻപേ പോകും ഇല്ലേ.”

“മ്മ്…”

“ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഞാൻ നാളെ ലീവ് എടുക്കട്ടെ. സ്റ്റേഷനിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.”

“വേണ്ട, അലക്സ് കൊണ്ടാക്കാം എന്ന് പറഞ്ഞിട്ടുണ്ട്.”

അരുൺ പ്രേത്യേകിച്ചു മറുപടിയൊന്നും പറഞ്ഞില്ല. ആ മനസ്സിൽ ഇപ്പോൾ എന്താകും നടക്കുന്നതെന്ന് എനിക്ക് ചിന്തിക്കാനും കഴിയുന്നില്ല. പണ്ടവന്റെ ഓരോ ശ്വാസത്തിന്റെയും അർത്ഥമെനിക്കറിയാമായിരുന്നു. ഹൃദയമിടിക്കുന്നത്, വിഷമിക്കുന്നത്, സന്തോഷിക്കുന്നത് ഒക്കെ ഞാൻ അറിയറുണ്ടായിരുന്നു.

അരുണിനോട്‌ യാത്ര പറഞ്ഞു പോകാൻ എനിക്കായെന്ന് വരില്ല. ഇപ്പോഴുള്ള ആത്മവിശ്വാസമൊക്കെ പോയി ഭൂമിയിലെ ഏറ്റവും ദുർബലയായ മനുഷ്യനായി ഞാൻ അവന്റെ മുൻപിൽ നിന്ന് പൊട്ടി കരഞ്ഞെന്നിരിക്കാം. വിട്ടു പോകാതെയിരിക്കാമോ എന്ന കേണപേക്ഷിചെന്നിരിക്കാം.

ഈ രാത്രിയെ ഞാൻ ഭയക്കുന്നു. ഇന്ന് കൂടി കഴിഞ്ഞാൽ ഞാൻ പിന്നെ തനിച്ചാണ്. താങ്ങായും തണലായും ഒപ്പമുണ്ടായിരുന്നൊരാളുടെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി നാളെ ഞാൻ ഇറങ്ങി പോകും.

“ഒന്ന് പുറത്ത് പോയാലോ. ഒന്ന് ചായ കുടിച്ച് വരാം.”

അരുൺ ബാൽക്കണിയിൽ തന്നെയുണ്ടെന്ന് ഞാൻ അപ്പോഴാണ് ഓർത്തത്.

“പോകാം.”

ഞാനിറങ്ങി മുൻപേ നടന്നു. അരുൺ കാറിന്റെ കീ എടുത്ത് ഫ്ലാറ്റ് പൂട്ടി പിന്നാലെ വന്നു. ഞാനാദ്യമേ ചെന്ന് നിന്നത് ബൈക്കിന്റെ അരികിലായിരുന്നു. കാറിന്റെ കീയിലും എന്നെയും മാറി മാറി നോക്കി നിസ്സഹായനായി അയാൾ നിന്നു.

“നടന്നാലോ…”

“ഹാ….” കണ്ണുകളിലൂടെ ഒരു ചൂട് എരിഞ്ഞു പോയിരുന്നു.

കഴിഞ്ഞു പോയ കാലം ഒരു ക്യാൻവാസിൽ എന്ന പോലെ ഞാൻ കണ്ടു. ഒപ്പം പൊട്ടി ചിരിച്ച, സ്വന്തമെന്ന് കരുതി സ്നേഹിച്ച…കണ്ടു കൊതി തീരും മുൻപേ ജന്മം തീർന്നു പോകുമോ എന്ന് ഞാൻ ഭയന്ന ആ മനുഷ്യനിൽ നിന്നും എന്നെന്നേക്കുമായി വേർപ്പെട്ടു പോകുന്നു.

ഞങ്ങൾ നടന്നു…പരസ്പരം ഒന്നും പറയാതെ…മടുപ്പിക്കുന്ന ബുദ്ധിമുട്ടിക്കുന്ന നിശബ്ദതയിൽ എന്നെപ്പോലെ തന്നെ അയാളും ഏതൊക്കെയോ ചിന്തകളിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ടാവണം. വ്യക്തമായ കാരണം പോലും അറിയാത്ത വേർപിരിയൽ.

എന്ന് മുതലായിരുന്നു ഞങ്ങൾക്കിടയിലെ സ്നേഹം ഇല്ലാണ്ടായത്. കൃത്യമായൊരു സമയം ഓർത്തെടുക്കാൻ കഴിയുന്നില്ല. ജോലി വിട്ടു വന്നാലും ലാപ്ടോപ്പിൽ നിന്ന് കണ്ണെടുക്കാത്ത, സുഹൃത്തുക്കളിലേക്ക് മാത്രം ചുരുങ്ങി പോയ അരുൺ എനിക്ക് അപരിചിതനായിരുന്നു. പെട്ടന്നൊരു ദിവസം എന്നോടുള്ള താല്പര്യം മുഴുവൻ നഷ്ടപ്പെട്ടത് പോലെ, ഞാനെന്നൊരു വ്യക്തിയെ കാണാറേ ഇല്ലെന്നത് പോലെ ഒരു ഫ്ലാറ്റിൽ തന്നെ ഞങ്ങൾ ജീവിച്ചു.

കണ്ടു മുട്ടിയതെന്തിനായിരിന്നെന്ന് കാലത്തെ നോക്കി പഴിച്ചു. അയാളെ കാണുന്നതിന് മുൻപുള്ള ഞാൻ…അങ്ങനെയൊരു മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടെന്ന് തന്നെ അറിയാത്ത ഞാൻ…ആ എന്നിലേക്ക് തിരിച്ചു പോവാൻ കൊതി തോന്നി…ഇന്നലെകളെ തിരുത്തി എഴുതാൻ…ഹൃദയത്തെ കല്ലാക്കാൻ…അയാളെ കണ്ടു മുട്ടിയ നിമിഷത്തെ, സാഹചര്യത്തെ ജീവിതത്തിൽ നിന്നു തന്നെ പറിച്ചു മാറ്റാൻ…എനിക്ക് അതിയായ ആഗ്രഹം തോന്നി.

ചിലപ്പോഴൊക്കെ സ്നേഹവും തീർന്നു പോകാം. ഒരിക്കൽ ഹൃദയത്തിൽ ചേർത്ത് വച്ചവരെ സ്നേഹത്തിന്റെ ഒരംശം പോലുമില്ലാതെ നോക്കുന്നൊരു കാലം വന്നേക്കാം. രണ്ടിലൊരാൾ, സ്നേഹിച്ചു കൊതി തീരാത്തൊരാൾ മാത്രം വേദനിച്ചുവെന്ന് വരാം.

സ്നേഹം കുറഞ്ഞു പോയതിന്റെ കാരണം അന്വേഷിച്ചു ചെല്ലണ്ട ഗതികെട്ട ഒരു പാതിയാവാൻ എന്തുകൊണ്ടോ എനിക്ക് കഴിഞ്ഞില്ല. എന്തുകൊണ്ടോ എന്റെ ആത്മാഭിമാനം എന്നെ അതിനു അനുവദിച്ചില്ല. വാക്കുകളെക്കാൾ ശക്തി പ്രവൃത്തികൾക്കുണ്ടെന്നു ഞാൻ ശക്തമായി വിശ്വസിക്കുന്നു. പിരിയാമെന്ന് പറഞ്ഞപ്പോൾ അരുൺ സമ്മതിക്കുകയും ചെയ്തു. എന്റെ സമയം അവസാനിച്ചിരിക്കുന്നു. നമ്മൾ എന്ന കാലവും തീർന്നു പോയിരിക്കുന്നു. ഇനി ഞാനും നീയുമാണ്. ഏറെ സ്നേഹിച്ചൊടുവിൽ അപരിചിതരായി പോയ ഞാനും നീയും.

തിരികെ നടക്കുമ്പോൾ ഉള്ളു നീറിപ്പുകഞ്ഞു ചുട്ടു പഴുത്ത വെള്ളം കണ്ണുകളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. ഇനി ഒരിക്കൽക്കൂടി ഇയാൾക്കൊപ്പം ഇങ്ങനെ നടക്കാൻ കഴിയില്ലായിരിക്കും. പ്രിയപ്പെട്ട നിമിഷങ്ങൾക്കൊപ്പം വേദന തരുന്ന ഈ നിമിഷത്തേക്കൂടി നിന്റെ മുഖം പതിച്ചു ഞാൻ ചേർത്ത് വയ്ക്കട്ടെ.

പ്രിയപ്പെട്ടൊരാൾക്കൊപ്പമുള്ള ഏറ്റവും അവസാനത്തെ നിമിഷങ്ങൾ…..

Leave a Reply

Your email address will not be published. Required fields are marked *