ധ്രുവം, അധ്യായം 37 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണയേ സ്നേഹിച്ചു തുടങ്ങുമ്പോൾ ഇത് വരെ കണ്ട കാഴ്ചകളും അനുഭവങ്ങളുമായിരുന്നില്ല അർജുനെ കാത്തിരുന്നത്. അത് വരെ പരിചിതമായതെല്ലാം അപരിചിതമാകുകയും. അപരിചിതമായത് പരിചിതമാകുകയും ചെയ്തു. ഒരിക്കൽ അറപ്പോടെയും വെറുപ്പോടെയും പുച്ഛത്തോടെയും കണ്ട ഒരാൾ തന്റെ ആകാശവും ഭൂമിയുമാകുന്നത് അമ്പരപ്പോടെ അവൻ അനുഭവിച്ചറിഞ്ഞു. മുൻപൊരു പ്രണയത്തിൽ പെട്ടിരുന്നവനാണ് എന്ന ഓർമ്മ പോലും അവനിൽ നിന്ന് മാഞ്ഞു പോയി. അല്ലെങ്കിൽ അതെന്തായിരുന്നു എന്ന ഓർക്കാൻ പോലും അവന് കഴിഞ്ഞില്ല. കഴിഞ്ഞ കാലത്തെ അവൻ മറന്നു എന്നതായിരുന്നു സത്യം. അവന്റെ വർത്തമാനകാലമാണ് കൃഷ്ണ. ഭാവിയും അവൾ തന്നെ എന്നവനുറപ്പിച്ചു. പക്ഷെ ഒരു പ്രണയത്തിന്റെ ചപലതകൾ ഒന്നും അവളോട് പാടില്ലെന്ന് അവന് ബോധ്യമുണ്ടായിരുന്നു. അതവളെ നഷ്ടപ്പെടുത്തി കളയുമെന്നും…

അവൾക്ക് എക്സാംസ് വരുമ്പോൾ അവൾ ഹോസ്പിറ്റലിൽ വരില്ല. ആ ദിവസങ്ങൾ വേദനയുടേതാണ്. അവൻ ആ ദിവസങ്ങളിൽ ചിലപ്പോൾ യാത്രകൾ പോകും. അവളോട് പറഞ്ഞിട്ട് തന്നെയാ പോകുക. നിന്നെ കണ്ടില്ലെങ്കിൽ വട്ട് പിടിക്കും കൊച്ചേ അതിനാണ് ഒരു പോക്ക് പോയിട്ട് വരുന്നതെന്ന് പറയും. അങ്ങനെ പോയ സ്ഥലങ്ങളിൽ ഏറ്റവും ഇഷ്ടം നേപ്പാളായിരുന്നു. അവളെയൊരു ദിവസം കൊണ്ട് പോകാമെന്നു അവൻ അവളോട് പറഞ്ഞിട്ടുണ്ട്

അവൻ മൊബൈൽ എടുത്തു അവളുടെ നമ്പർ നോക്കിക്കിടന്നു

കൃഷ്ണ കുളിച്ചു വന്നേയുണ്ടായിരിന്നുള്ളു. അമ്മയും അച്ഛനും വന്നിട്ടില്ല അവൾ വിളക്ക് കത്തിച്ചു. പ്രാർത്ഥിച്ചു

അപ്പോഴാണ് ബെൽ അടിച്ചത്

അപ്പുവേട്ടൻ

അവൾ ഒരു ചിരിയോടെ അത് എടുത്തു

“ഇതെന്താ പതിവില്ലാതെ ഒരു വിളി. ഈ സമയം വിളിക്കല്ലേ ട്ടോ. അമ്മയും അച്ഛനുമൊക്കെ വന്നു കഴിഞ്ഞ എനിക്ക് മൊബൈൽ കൊണ്ട് ഓടാൻ പറ്റില്ല “

“ഇപ്പൊ ആരെങ്കിലും ഉണ്ടൊ?”

“ഇല്ല “

“ഒരു കുട്ടിക്കഥ പറയട്ടെ “

“പറയ് “

അവൾ കട്ടിലിൽ ഇരുന്നു

“ഒരിടത്ത് ഒരിടത്ത് ഒരു രാജകുമാരൻ ഉണ്ടായിരുന്നു. രാജകുമാരൻ വളർന്നു. അവന് അവന്റെ ജീവിതവും ഏറ്റവും സമ്പന്നമായ കൂട്ടുകാരുടെ ജീവിതവും മാത്രമേ അറിയുമായിരിന്നുള്ളു. പാവങ്ങളും ദരിദ്രരും അവന്റെ കണ്ണിൽ കീടങ്ങളെ പോലെയോ പുഴുക്കളെ പോലെയോ അറപ്പുള്ളവരായിരുന്നു. അവന് കരുണ, സ്നേഹം, ആർദ്രത ഒന്നുമുണ്ടായിരുന്നില്ല. അവൻ പ്രണയിച്ച പെണ്ണും അങ്ങനെയായിരുന്നു. അവളും രാജകുമാരിയായിരുന്നു. അത്  കൊണ്ട് തന്നെ അവർ അവരുടെ ജീവിതം ആഘോഷമാക്കി. പക്ഷെ ഒരു ദിവസം അവർ പിരിഞ്ഞു. പിരിയാൻ ഒരു പാട് കാരണങ്ങൾ ഉണ്ടായിരുന്നു. പിന്നെ രാജകുമാരൻ ഒരു പാട് ഒരു പാട് ചീത്ത ഒരു മനുഷ്യനായി. വീണ്ടും കാലങ്ങൾ മാറി വന്നു. ഒരിക്കൽ ഒരു സിൻഡ്രല്ല അവന്റെ മുന്നിൽ വന്നു. വില കുറഞ്ഞ വസ്ത്രം ധരിച്ച്, കണ്ണിൽ ദയനീയത നിറച്ച്, ആടയാഭരണങ്ങൾ ഒന്നുമില്ലാതെ..അവന് അവളെ ഇഷ്ടമായില്ല. അവളുടെ ദാരിദ്ര്യത്തെ അവൻ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തു.  സിൻഡ്രല്ല കരഞ്ഞു. ഒഴിഞ്ഞു മാറി നടന്നു. പക്ഷെ…അപ്പോഴേക്കും അറിയാതെ രാജകുമാരൻ അവളെ സ്നേഹിച്ചു പോയിരുന്നു. അവളെ വേദനിപ്പിച്ചതോർത്തു കരയാത്ത രാത്രികളവന് ഉണ്ടായിരുന്നില്ല. പിന്നെ അവളും അവനെ സ്നേഹിച്ചു തുടങ്ങിയപ്പോ…അവന്റെ ജീവിതം മാറിപ്പോയി. ഓരോ നിമിഷവും അവൾ…ഓരോ പകലും രാത്രിയും ഒപ്പം അവളുള്ളത് പോലെ.. ഇന്ന് ഭൂമിയിൽ ഏറ്റവും ആനന്ദമുള്ളവനാണ് അവൻ. ചെയ്തു പോയ തെറ്റുകൾക്ക് സിൻഡ്രല്ലയോട് രാജകുമാരൻ മാപ്പ് ചോദിക്കുന്നു. ആ കാല് പിടിച്ച് മാപ്പ് “

കൃഷ്ണ നിശബ്ദമായി കണ്ണീർ വാർത്തു കൊണ്ടിരുന്നു

“നിന്നോട് കാണിച്ചു കൂട്ടിയ ഓരോന്നും എന്നെ ചിലപ്പോൾ കുത്തി നോവിക്കും. എന്നോട് പൊറുക്കണം. ഒന്നും ഓർക്കരുത്. ഒന്നും. അർജുൻ നിന്നെ സ്നേഹിക്കുന്നു കൃഷ്ണ…നീയില്ലാതെ അർജുന്‌ ജീവിക്കാൻ വയ്യ..സത്യം. എനിക്ക് ഒത്തിരി കാത്തിരിക്കാൻ വയ്യ കൃഷ്ണ. ഒരു മറുപടി വേണം “

“എനിക്ക് കുറച്ചു സമയം വേണമെന്നല്ലേ പറഞ്ഞുള്ളു. ഞാൻ പഠിച്ചു തീരട്ടെ അപ്പുവേട്ടാ. അത് വരെ നമ്മൾ എന്നും കാണുന്നില്ലേ? മിണ്ടുന്നില്ലേ? പിന്നെ എന്താ?”

“നീ ഭയങ്കര ബോൾഡ് ആണ്. എത്ര പക്വതയാണ്. പ്രേമത്തിൽ പെട്ട് കഴിഞ്ഞാലും ഇത് പോലെ പക്വത വരുമോ അറിഞ്ഞൂടാ.”

“അത് പറ. എനിക്ക് പ്രേമം ഇല്ല. അതാ ” അവൾ കളിയിൽ പറഞ്ഞു

അവൻ ഒന്നും മിണ്ടിയില്ല

“എനിക്ക്…എനിക്ക്” അവൾ വിക്കി

“ഉം “

“അതേയ് “

“ആ “

“എനിക്കുണ്ടല്ലോ..”

“പറയടി “

“എന്റെ ജീവനാണ്…ഇയാള്..എന്റെ ജീവൻ. അത് അറിഞ്ഞാൽ പോരെ? ഇപ്പൊ സമാധാനം ആയില്ലേ?”

അവൻ ഹൃദയം നിന്നപോലെ ഒരു നിമിഷം കണ്ണടച്ച് ശ്വാസം എടുത്തു

പുറത്ത് ആരോ വന്ന പോലെ തോന്നിട്ട് അവൾ അവനോട് ഒരു മിനിറ്റ് എന്ന് പറഞ്ഞു പുറത്തേക്ക് വന്നു

“ഏട്ടനായിരുന്നോ? ഞാൻ കരുതി അമ്മയാകുമെന്ന് “

മനു അവളെയൊന്ന് നോക്കി

“ഡോക്ടർ വിളിച്ചിരുന്നു. അവരുടെ ഹോസ്പിറ്റൽ ഉത്‌ഘാടനം ആണെന്നോ നിന്നെ വിടണമെന്നോ ഒക്കെ പറഞ്ഞു. ഞാൻ അങ്ങനെ വിട്ടൊന്നും പറഞ്ഞില്ല. നീ പോകണ്ട. അത്രയും ദൂരെ തനിച്വ്. അവർക്ക് ഈ ഫങ്ക്ഷന്റെ ഇടയിൽ ശ്രദ്ധിക്കാൻ ഒന്നും പറ്റില്ല. അതുമല്ല അവിടെയൊക്കെ വലിയ വലിയ ആൾക്കാർ വരും. അതിനിടയിൽ നീ ഒരു കാഴ്ച വസ്തു ആയിട്ട്. നിനക്ക് നല്ല ഒരു ഡ്രസ്സ്‌ പോലുമില്ല. വേണ്ട “

അവൾ പുഞ്ചിരിച്ചു

“ഡോക്ടർ അങ്കിൾ എത്ര നല്ല മനുഷ്യനാണ് ഏട്ടാ, ചെല്ലാതിരുന്നാൽ അദ്ദേഹത്തിന് വിഷമം ആകും. ഓർത്തു നോക്കിക്കേ എത്ര സഹായം ചെയ്ത ആളാണ് “

“അതൊക്കെ ശരി തന്നെ. അതൊക്കെ കാശ് ആകുമ്പോൾ നമ്മൾ തിരിച്ചു കൊടുക്കും. അതൊന്നും കണക്കിൽ കൂട്ടണ്ട കൃഷ്ണ “

കൃഷ്ണ നടുങ്ങിപ്പോയി. എന്ത് നന്ദി ഇല്ലായ്മയാണ് ഈ പറയുന്നത്. ഡോക്ടർ അന്ന് കരുണ കാണിച്ചിട്ടാണ് ജീവനോടെ ഉള്ളത്. എന്നിട്ടാണ് പറയുന്നത്
അവൾക്ക് ആദ്യമായി അവന്റെ നന്ദി ഇല്ലായ്മയോടു വെറുപ്പ് തോന്നി

“ഞാൻ പോകുന്നുണ്ട് ഏട്ടാ. എന്റെ കൂട്ടുകാരി ദൃശ്യയുണ്ട്. ഞാൻ ഒറ്റയ്ക്കാവില്ല. പിന്നെ ഡ്രസ്സ്‌. എന്നെ കുറിച്ച് അറിയാവുന്ന ആൾക്കാർ അല്ലെ അവിടേ? ഡ്രെസ്സും പകിട്ടും ആരാ നോക്കുക?”

“അത് ശരി. ഞാൻ പറഞ്ഞാൽ അപ്പോ അനുസരിക്കാൻ വയ്യാതായി നിനക്ക്. ഓ ഇപ്പൊ ഡോക്ടർ ആണല്ലോ..ഞാനൊക്കെ എന്ത് “

“ഇത്തരം ഇമോഷണൽ ബ്ലാക്ക് മേയിലിങ് ഒന്നും കൃഷ്ണ മൈൻഡ് ചെയ്യുക കൂടിയില്ല. ഞാൻ ഇപ്പൊ പ്രായപൂർത്തി ആയി. എന്റെ തീരുമാനങ്ങൾ തെറ്റാറുമില്ല. ഞാൻ പോകുന്നുണ്ട്.”

“ശരി ആയിക്കോട്ടെ. ഞാൻ പോണ് നീ നിന്റെ ഇഷ്ടം പോലെ ചെയ്”

മനു ദേഷ്യത്തിൽ ഇറങ്ങി പോയി

അവൾ ഫോൺ കൈയിൽ എടുത്തു. കട്ട്‌ ആയിട്ടില്ല. അർജുൻ എല്ലാം കേട്ടിരിക്കുകയായിരുന്നു

“അപ്പുവേട്ടാ “

” നീ തലേന്ന് രാവിലെ ദൃശ്യയുടെ വീട്ടിൽ എത്തണം. ഞാൻ നാളെ അങ്ങോട്ട് പോകും. ഇടക്ക് വിളിക്കാം. ദൃശ്യക്ക് ഒപ്പം നീ ഉണ്ടാകണം. ഇനി ആര് എന്തൊക്കെ പറഞ്ഞാലും “

“ഞാൻ വരും “

അവൾ ഉറപ്പോടെ പറഞ്ഞു. അവൻ ഫോൺ കട്ട്‌ ചെയ്തു. പിന്നെ ഇരുളിനെ നോക്കി വന്യമായി ചിരിച്ചു

ഏട്ടനെ നീ ധിക്കരിച്ചു തുടങ്ങുന്നത് നല്ലതാണ് കൃഷ്ണ. എന്റെ ജോലി കുറഞ്ഞിരിക്കും. ഒടുവിൽ നീ എന്റെ മാത്രം ആകും. എന്റെ മാത്രം..ആ ദിവസത്തിന് വേണ്ടിയാ ഇന്ന് അർജുൻ ജീവിക്കുന്നത് തന്നെ..

അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർക്ക് എതിർപ്പൊന്നുമില്ല. ദൃശ്യയെയും ആ വീട്ടുകാരെയുമൊക്കെ നേരിട്ട് കണ്ടതാണ്. അവരുടെ സ്നേഹവും കരുതലും കണ്ടതാണ്. അവർക്കൊപ്പം പോകുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് അവർ മനുവിനോടും പറഞ്ഞു. അവൾക്കും ഇടയ്ക്ക് ഇത് പോലെയെന്തെങ്കിലും സന്തോഷം വേണ്ടേയെന്ന് ഗൗരി ചോദിച്ചപ്പോൾ മനുവിന് ഉത്തരം ഉണ്ടായിരുന്നില്ല. ഒടുവിൽ അവനും മൗനസമ്മതം നൽകി. പക്ഷെ പോകണ്ട എന്ന് പറഞ്ഞപ്പോൾ ഞാൻ പോകുമെന്നവൾ ഉറപ്പോടെ പറഞ്ഞത് അവനിൽ ഒരു വല്ലായ്മ ഉണ്ടാക്കിയിരുന്നു. കൃഷ്ണ ഇത് വരെ അവൻ പറഞ്ഞതൊന്നും ധിക്കരിച്ചിട്ടില്ല. ആദ്യമായിട്ടാണ് എതിർക്കുന്നത്. ഒരു പക്ഷെ അവൾ മുതിർന്നത് കൊണ്ടാവുമെന്ന് അവൻ സമാധാനിച്ചു.

ഗൗരി കുറച്ചു പൈസ അവൾക്ക് കൊണ്ട് കൊടുത്തു

“എന്തിനാ ചേച്ചി ഇത്?”

“ഗുരുവായൂർ പോകുമ്പോൾ നടയിൽ എന്തെങ്കിലും വാങ്ങിച്ചു വെയ്ക്കണം. ഇത് വരെ പോയിട്ടില്ല. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരണേയെന്ന്  നീ പ്രാർത്ഥിക്കണം. നീ പ്രാർത്ഥിച്ച കേൾക്കും “

അവൾ തലയാട്ടി.

ശനിയാഴ്ച രാവിലെ ദൃശ്യയുടെ വീട്ടിലേക്ക് പോയി. അർജുനും ജയറാമും നകുലനും വളരെ മുൻപേ പോയിരുന്നു. കൃഷ്ണ ചെന്നു ഉടനെ തന്നെ അവർ പുറപ്പെട്ടു. ഗോവിന്ദ് ആയിരുന്നു ഡ്രൈവിംഗ്. മുൻപിൽ ഭദ്രയും ഗോവിന്ദും. പുറകിൽ ദൃശ്യയും കൃഷ്ണയും

ദൃശ്യ അവളെ നോക്കിക്കൊണ്ടിരുന്നു

“എന്താ?” കൃഷ്ണ ഒരു നുള്ള് വെച്ച് കൊടുത്തു

“കാവിലെ ഭഗവതി ഇറങ്ങി വന്നതാണോ?”

“അതേ. ഇന്ന് കാവിൽ അവധി അത് കൊണ്ട് ടൂർ പോവാ. എന്തേയ് “

ദൃശ്യ പൊട്ടിച്ചിരിച്ചു

അർജുൻ ചേട്ടൻ ഒരു സാധനം ഏൽപ്പിച്ചു തന്നിട്ടാ പോയത് എന്നവൾ അടക്കി പറഞ്ഞു

എന്താ എന്ന് കൃഷ്ണ എത്ര ചോദിച്ചിട്ടും പറഞ്ഞുമില്ല. കാണിച്ചു തരാം കുട്ടി അടങ്ങിയിരിക്ക് എന്ന് പറഞ്ഞു

“എപ്പോ എത്തും ഗോവിന്ദ് ചേട്ടാ നമ്മള്? ” കൃഷ്ണ ചോദിച്ചു

“തിരുവനന്തപുരം തൃശൂർ ഏകദേശം ഏഴുമണിക്കൂർ എടുക്കും. നല്ല സ്പീഡിൽ. ആണെങ്കിൽ. എറണാകുളം ബ്ലോക്ക് കടന്നു കിട്ടിയാൽ രക്ഷപെട്ടു “

ഗോവിന്ദ് അവരോടായി പറഞ്ഞു. ഗോവിന്ദ് ഇടയ്ക്ക് കണ്ണാടിയിൽ കൂടി പിന്നിലേക്ക് നോക്കി.

ചന്ദന നിറത്തിൽ സ്വർണനൂലുകൾ പാകിയ ഒരു ചുരിദാർ ആണ് കൃഷ്ണയുടെ വേഷം. അതേ തുണി കൊണ്ടുള്ള ഷാൾ പിൻ ചെയ്തിരിക്കുന്നു. കുളിച്ചീറനായ മുടി വിതർത്തിട്ടിരിക്കുകയാണ്. നെറ്റിയിൽ പൊട്ടുണ്ട്. മുകളിൽ ചന്ദനകുറിയും

അവളുടെ നിറമേതാണ് വസ്ത്രത്തിന്റെ നിറമേതാണ് എന്ന് സംശയം തോന്നിക്കുന്ന അത്രയും ചന്ദന നിറമാണ് കൃഷ്ണ. ഗോവിന്ദ് ദൃശ്യ ശ്രദ്ധിക്കുന്നത് കണ്ട് നോട്ടം മാറ്റി. കൃഷ്ണ പുറം കാഴ്ചകളിൽ കണ്ണും നട്ടിരിക്കുകയാണ്

സ്കൂളിൽ നിന്ന് പോലും ഒരു യാത്ര പോയിട്ടില്ല കൃഷ്ണ. അതൊക്കെ സ്വപ്‌നങ്ങൾ മാത്രമായിരുന്നു. അഷ്ടിക്ക് വകയില്ലാത്ത ബാല്യത്തിൽ നിന്ന് കൗമാരത്തിലെത്തുമ്പോ സ്കൂളിൽ കിട്ടുന്ന ഉച്ച ഭക്ഷണം മാത്രം ആയിരുന്നു ഒരു ദിവസം വയറ് നിറയ്ക്കാൻ ഉള്ളത്. കൂട്ടുകാരും ഏകദേശം തന്നെ പോലെ തന്നെയായത് കൊണ്ട് ആരും ആരെയും സഹായിക്കുകയുമില്ല. ഇല്ലാഞ്ഞിട്ടാണ്

കീറി തുന്നിയ യൂണിഫോം ധരിച്ച് പോകുമ്പോൾ പലപ്പോഴും കണ്ണ് നിറഞ്ഞു പോകും. ബീന ടീച്ചർ സ്ഥലം മാറി സ്കൂളിൽ വന്ന നാള് മുതലാണ് എല്ലാം മാറിയത്. എട്ടാം ക്ലാസ്സിൽ ആയിരുന്നു അത്. ചെറുപ്പത്തിൽ ജോലി ചെയ്തു പഠിക്കുന്ന കുട്ടികൾ ഉണ്ടെന്ന് അന്നത്തെ പുതിയ അറിവായിരുന്നു. ആരും ആദ്യമൊന്നും ജോലി തരുമായിരുന്നില്ല. പിന്നെ തന്നു..നന്നായി ജോലി ചെയ്തു. നന്നായി പഠിച്ചു. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകണം

മൊബൈൽ ശബ്ദിച്ചപ്പോൾ. അവൾ ചിന്തകളിൽ നിന്നുണർന്നു

അർജുൻ

“ഹലോ “

“എവിടെ എത്തി?”

അവൾ പുറത്ത് നോക്കി

“എറണാകുളം “

“നേരേ ഇങ്ങോട്ട് പോരണം. ഗുരുവായൂർ പോയി കളയരുത് ട്ടോ. ഇവിടെ വന്നിട്ട് വൈകുന്നേരം പോകാം “

ഈ തിരക്കിനിടയിൽ തന്നെ വിളിച്ചതാണ് അവളുടെ കണ്ണ് നിറച്ചത്. അവൾ ഒന്ന് മൂളി

“കൃഷ്ണ….”

“ഉം “

“മിസ്സ്‌ യൂ “

അവളുടെ മുഖം കടും ചുവപ്പായത് ദൃശ്യ കണ്ടു

“ശരി വെയ്ക്കട്ടെ ” അവൾ ഫോൺ കട്ട്‌ ചെയ്തു. ദൃശ്യ ഒന്നും ചോദിച്ചില്ല. കൃഷ്ണ ഒന്നും പറഞ്ഞുമില്ല. പക്ഷെ പിന്നെ അവൾ ഭൂതകാലമല്ല ഓർത്തത്

അർജുൻ

അവൻ ചോദിക്കുന്നു

“എനിക്ക് മാപ്പ് തരില്ലേ കൃഷ്ണ?”

അവൾ വീണ്ടും പുറത്തേക്ക് നോക്കി

“നീ എന്റെയാണ് കൃഷ്ണ “

“എന്റെയല്ലേ ?”

അവൾ കണ്ണുകൾ അടച്ചു, മനസ്സേ ശാന്തമാകു

എന്റെ അപ്പുവേട്ടൻ എന്നോർമ്മയിൽ അവളുട കണ്ണുകൾ വീണ്ടും നിറഞ്ഞു പോയി. ഒന്നുമില്ലാത്തവളോട് പറയുന്നു. നീയാണ് എന്റെ വെളിച്ചം. എന്നെ വിട്ടിട്ട് പോകരുത്. എനിക്ക് ഭ്രാന്ത് പിടിക്കും കൃഷ്ണാ…

ആർദ്രനായ കാമുകനല്ല അർജുൻ. തന്റെ മുന്നിൽ പോലും ചിലപ്പോൾ മാത്രം ആണ് അലിയുക. അതും തനിക്ക് സങ്കടം വരുമെന്ന് തോന്നിയ മാത്രം. ആ മുഖത്ത് ചിരി വരിക പോലും അപൂർവമാണ്. തന്നോട് മാത്രം അലിയുന്ന ഒരാൾ തന്റെ കുടുംബത്തോടെങ്ങനെയാവും

തന്റെ അച്ഛൻ, അമ്മ, ഏട്ടൻ അർജുൻ അവരോട് എങ്ങനെ പെരുമാറും. ഓർത്തിട്ട് അവൾക്കൊരു പേടി തോന്നി. അങ്ങനെ ഒരാൾക്ക് തന്റെ കൊച്ചു വീട്ടില് സാധുവായ അമ്മയുടെയും അച്ഛന്റെയും മുന്നിൽ സാധാരണ മരുമക്കൾ നിൽക്കുന്ന പോലെ നിൽക്കാൻ കഴിയുമോ? സ്വന്തം അച്ഛനോട് എന്ന പോലെ പെരുമാറുമോ?അർജുൻ അങ്ങനെ ഒരാളല്ല

പക്ഷെ മാറും. അത് കൃഷ്ണയ്ക്ക് ഉറപ്പായിരുന്നു. അതിനാണ് അവൾ സമയം ചോദിച്ചത്. മലമുകളിൽ നിന്നോഴുകുന്ന ജലത്തിന് പാറക്കെട്ടുകളുടെ മൂർച്ചയും മുനയും മൃദുവാക്കാൻ കഴിയുമെങ്കിൽ തനിക്കും കഴിയും ആ കരിമ്പാറയെ പഞ്ഞി പോലെയാക്കാൻ

അത് ഒരു വിശ്വാസമാണ്. കൃഷ്ണയുടെ വിശ്വാസം

പക്ഷെ അതിന് ഏതൊക്കെ കടമ്പകൾ കടക്കേണ്ടി വരുമെന്ന് അവൾക്ക് അറിയുമായിരുന്നില്ല. അവളെ കാത്തിരിക്കുന്നത് എന്തൊക്കെ ആണെന്നും ആ നേരം അവൾക്ക് അറിയില്ലായിരുന്നു

തുടരും….