ധ്രുവം, അധ്യായം 42 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണ സ്ഥിരമായി അർജുൻ ഇല്ലാത്ത ദിവസങ്ങളിൽ അവന്റെ മുറിയിലുണ്ടാകുന്നത് ശ്രദ്ധിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടായിരുന്നു

ഡോക്ടർ ദുർഗ അത് ജയറാമിന്നോട് തുറന്നു ചോദിക്കുകയും ചെയ്തു

“കൃഷ്ണയേ അർജുൻ അപ്പോയിന്റ് ചെയ്തിട്ടുണ്ടോ ഏതെങ്കിലും ജോലിക്കായിട്ട്?”

ദുർഗ വെറുമൊരു ഡോക്ടർ മാത്രമല്ല. അനുപമയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ജയറാമിന്റെയും സുഹൃത്താണ്

അർജുൻ ആകെ ബഹുമാനത്തോടെ ആ ഹോസ്പിറ്റലിൽ സംസാരിക്കുന്ന ഒരെ ഒരാളും ദുർഗയാണ്

“ദുർഗ ഇരിക്ക് ” ജയറാം പറഞ്ഞു

“അല്ല ജയേട്ടാ. സ്ഥിരമായി കാണുന്ന കൊണ്ട് ചോദിച്ചതാ ട്ടോ”

“അർജുന്‌ കൃഷ്ണയോട് ഒരിഷ്ടം ഉണ്ട്. ഇഷ്ടം ന്ന് പറഞ്ഞാൽ സീരിയസ് ആയിട്ട്. കുറച്ചു നാളായി അത് തുടങ്ങിട്ട്. കൃഷ്ണ അതിന് എന്താ റിപ്ലൈ കൊടുത്തത് എന്നെനിക്ക് വ്യക്തമല്ല. ഞാൻ ചോദിച്ചിട്ടില്ല. പക്ഷെ അർജുൻ പോകുന്ന സമയത്ത് അവന്റെ കോൺഫിഡൻഷ്യൽ ആയിട്ടുള്ള കുറച്ചു ജോലികൾ അവളെ ഏല്പിക്കും. എന്നോടാണത് ആദ്യമായി ചോദിച്ചത്. ഞാൻ ഒഴിഞ്ഞു. എനിക്ക് ഓഫിസ് ജോലികൾ ഒട്ടും ഇഷ്ടം അല്ല. അപ്പൊ അവൻ കൃഷ്ണയേ പിടിച്ചിട്ടു. അവൾക്ക് സാലറി കൊടുക്കും. ഫ്രീ അല്ല. പിന്നെ കൃഷ്ണയുടെ ബാക്ക്ഗ്രൗണ്ട് അറിയാല്ലോ. ഇത് അവൾക്ക് സ്റ്റഡീസ് നടത്താൻ എടുക്കാം. വീട്ടു ജോലി ചെയ്യാൻ പോകണ്ട ആ നേരം കൂടി പഠിക്കാം “

ദുർഗ കണ്ണ് മിഴിച്ച് ഇരുപ്പാണ്

“നമ്മുടെ അർജുന്റെ കാര്യമാണോ? ഇത്രേയുമൊക്ക മാറുമോ ആൾക്കാർ? എന്റെ ദൈവമേ…”

“മാറുമോന്ന്….കൊള്ളാം ഇപ്പൊ വേറെ ഏതോ മനുഷ്യനാ. ഇടക്ക് ചിരിയൊക്കെ ഉണ്ട്. തമാശ പറയാൻ തുടങ്ങി “

ദുർഗ പൊട്ടിച്ചിരിച്ചു

“അത് നന്നായി. മനുഷ്യൻ എന്നും ഒരെ പോലെ ഇരുന്നാൽ ബോറാണ്. കൃഷ്ണ നല്ല കുട്ടിയാ. അർജുൻ ലക്കിയാണെന്ന് ഞാൻ പറയും. അവളെ പോലൊരു പെൺകുട്ടിയെ കിട്ടുക ഭാഗ്യമാണ്. ഒരു ദിവസം ഞാൻ കണ്ടിരുന്നു രണ്ടിനെയും കൂടി പക്ഷെ അത്രക്ക് ക്ലിയർ ആയില്ല. സീരിയസ് ആണോ ഫൺ ആണോ ഫ്രണ്ട്സ് ആണോ എന്നൊന്നും അറിഞ്ഞൂടാല്ലോ “

“കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ ആകാതിരുന്നാൽ മാത്രം മതി “

ദുർഗയ്ക്ക് ചിരിയടക്കാനായില്ല

“മോൻ മാത്രം അല്ല അച്ഛനും പഠിച്ചു തമാശ പറയാൻ “

ദുർഗ എഴുന്നേറ്റു

പൊടുന്നനെ എമർജൻസി അനൗൺസ്മെന്റ് മുഴങ്ങി

“ഡോക്ടർ ദുർഗ, ഡോക്ടർ ജയറാം…പേരുകൾ നീണ്ടു കൊണ്ടിരുന്നു..

“എന്താ പ്രശ്നം?”

ഡോക്ടർ ജയറാം ചാടിയെഴുനേറ്റു

ആൾക്കാർ ഓടി നടക്കുന്നത് കാണാം

കൃഷ്ണയും കേട്ടു അന്നൗൺസ്‌മെന്റ്

അവൾ പെട്ടെന്ന് മുറി വിട്ട് പുറത്ത് വന്നു

ഓടുന്നവരോട് അവൾ കാര്യം ചോദിച്ചു

“സ്കൂൾ ബസ് മറിഞ്ഞു. നമ്മുടെ വളവിൽ. ഒരു ലോറിയുമായി കൂട്ടിയിടിച്ചിട്ടാണ് മറിഞ്ഞിരിക്കുന്നത്. കുട്ടികളെ ഇങ്ങോട്ട് കൊണ്ട് വന്നു കൊണ്ടിരിക്കുകയാണ് “

കൃഷ്ണ വേഗം വാതിൽ പൂട്ടി താഴേക്ക് ചെന്നു

ഹൃദയഭേദകമായ കാഴ്ചകൾ ആയിരുന്നവിടെ

ര- ക്തത്തിൽ മുങ്ങിയ ശരീരങ്ങൾ കൊണ്ട് വന്നു കൊണ്ടിരുന്നു. എത്ര എന്ന് എണ്ണാൻ കഴിയുന്നില്ല. കൃഷ്ണ വേഗം അവർക്കൊപ്പം ചേർന്നു

നിസാര പരുക്ക് ഉള്ളവരെ ഡ്രസ്സ്‌ ചെയ്തത് അവൾ കൂടി ചേർന്നാണ്. സ്റ്റാഫ്‌ തികയുന്നില്ല

“ബസിൽ എത്ര പേരുണ്ടായിരുന്നു?” ആരോ ചോദിക്കുന്നു

“അമ്പത് പേരില് കൂടുതൽ ഉണ്ടായിരുന്നു ” ആരോ മറുപടി കൊടുക്കുന്നു

കുഞ്ഞുങ്ങളുടെ നിലവിളി നെഞ്ച് തകർക്കുന്നതായിരുന്നു. ഒമ്പത് കുഞ്ഞുങ്ങൾ മരിച്ചു. പത്തു പേര് അതീവ ഗുരുതവസ്ഥയിൽ. ഒടിവും ചതവുമായി പിന്നെയുമുണ്ട് കുറെയധികം പേര്

രാത്രി ആയി..കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കൊണ്ടും നാട്ടുകാരെ കൊണ്ടും ആശുപത്രി നിറഞ്ഞു

കൃഷ്ണ അവളെ കൊണ്ട് സാധിക്കുന്നത് പോലെ ഓരോ ബെഡിലും എത്തുന്നു. അലറി കരയുന്ന അമ്മമാരേ അവൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവളുടെ വസ്ത്രം രക്തത്തിൽ മുങ്ങി. സ്ട്രക്ച്ചർ തികയുന്നില്ല

കുറെയൊക്കെ ആൾക്കാർ കയ്യിൽ എടുത്തു കൊണ്ടാണ് വന്നത്. എമർജൻസി സർജറി ഉണ്ടായിരുന്നത് ഒട്ടും താമസിക്കാതെ തന്നെ ഡോക്ടമാർ ചെയ്യുന്നുണ്ടായിരുന്നു

ആ സമയത്തും ബിൽ അടച്ചാൽ മാത്രമേ മെഡിക്കൽ കെയർ കൊടുക്കു എന്ന് പറഞ്ഞ സ്റ്റാഫിനോട് കൃഷ്ണ പൊട്ടിത്തെറിച്ചു സംസാരിക്കുക തന്നെ ചെയ്തു

“കുഞ്ഞുങ്ങളാണ്…ദയവ് ചെയ്തു വാശി കാണിക്കരുത്. അവർ തരും,

“നീ ആരാ അത് പറയാൻ?” അവരും പൊട്ടിത്തെറിച്ചു

“നീ നിന്റെ ജോലി നോക്കിയാൽ മതി ” എന്ന് ആക്രോശിച്ചു

കൃഷ്ണ അവരുടെ നെയിം ബോർഡ് നോക്കി

ജാസ്മിൻ ജോസഫ്

“നാളെ നിനക്ക് ജോലിയില്ല. കാണണോ? ഈ സീറ്റിൽ നീ ഉണ്ടാവില്ല. മനസിലായൊന്ന്?”

അവർ ഒന്ന് പതറി

“ബിൽ അടയ്ക്കുന്നവർ അടയ്ക്കും. അത് അടച്ചില്ലെങ്കിലും ട്രീറ്റ്മെന്റ് കൊടുക്കണം.”

അവൾ പറഞ്ഞു

ജയറാം അത് കണ്ടു. കേട്ടു. അയാൾക്ക് അവളോട് ബഹുമാനം തോന്നി

മിടുക്കി…

അവൾ രോഗികളെ കൈകാര്യം ചെയ്യുന്ന രീതിയും മികച്ചതായിരുന്നു. പലരും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഉറങ്ങാത്ത ഒരു രാവ് കടന്നു പോയി

ഇടയ്ക്ക് എപ്പോഴോ കൃഷ്ണ മൊബൈൽ നോക്കി. അർജുൻ വിളിച്ചിട്ടുണ്ട്

അവൾ ഒരു മെസ്സേജ് ഇട്ടു

ഇപ്പൊ വിളിക്ക്

അടുത്ത നിമിഷം കാൾ വന്നു. വീഡിയോ കാൾ ആണ്

അവളെ കണ്ട് അവന് വേദന തോന്നുണ്ടായിരുന്നു

“ഞാൻ മറ്റ് ഡോക്ടർസുമായി സംസാരിച്ചു. ഇപ്പൊ ഒരു വിധം കൺട്രോൾഡല്ലെ?”

“ഒമ്പത് കുഞ്ഞുങ്ങൾ…”

അവൾ കരഞ്ഞു പോയി

“നീ കരയാതെ..നിന്റെ ഡ്രസ്സ്‌ മുഴുവൻ ബ്ലഡ്‌..ചേഞ്ച്‌ ചെയ്യാൻ ഇല്ലെ?”

“സാരമില്ല. ഇപ്പോഴും ക്രിട്ടിക്കൽ ആണ് പല ബെഡിലും. ഞാൻ വീട്ടിൽ പോണില്ല. ഇവിടെ ഉണ്ട്..”

അവന്റെ കണ്ണ് നിറഞ്ഞു

“അപ്പുവേട്ട ഒരു റിക്വസ്റ്റ് പ്ലീസ്..ഈയവസ്ഥയിൽ ബിൽ അടച്ചിട്ടേ ട്രീറ്റ്മെന്റ് കൊടുക്കു എന്ന് പറയരുത്. പ്ലീസ്
ആക്‌സിഡന്റ് നടന്നത് നമ്മുടെ ഹോസ്പിറ്റലിന്റെ മുന്നിലാണ്. വേറെ വഴിയില്ലാഞ്ഞിട്ട് കൊണ്ട് വന്നതാ. ആ സമയം അങ്ങനെ വാശി പിടിക്കരുത് “

“ഞാൻ അത് അഡ്മിനിസ്ട്രഷനിൽ പറഞ്ഞേക്കാം. അതോർത്തു വിഷമിക്കണ്ട. എന്തെങ്കിലും കഴിച്ചോ?”

അവൾ ഒരു വാടിയ ചിരി ചിരിച്ചു

“ഒന്നിനും തോന്നുന്നില്ല
മനസ്സ് ച-ത്ത് ഇരിക്കുകയാ…കുഞ്ഞുമക്കൾ അല്ലെ പാവം…അപ്പുവേട്ടൻ വെച്ചോ. ഉറങ്ങിക്കോ. ഞാൻ രാവിലെ മെസ്സേജ് ഇടുമ്പോൾ സമയം കിട്ടുവാണെങ്കിൽ വിളിച്ചാ മതി. ഓടിപ്പാഞ്ഞു വരണ്ട.. ഇവിടെ എല്ലാവരും ഉണ്ട്.. ടെൻഷൻ ആവണ്ട “

അവൻ ആ മുഖത്ത് തന്നെ നോക്കിയിരുന്നു.

എന്റെ പൊന്നെ എന്നൊരു വിളിയൊച്ച ഉള്ളിൽ നിന്ന് ഉയർന്നു

“വെയ്ക്കുക ട്ടോ “

അവൾ കാൾ കട്ട്‌ ചെയ്തു വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു

“കൃഷ്ണ “

ഡോക്ടർ ജയറാം

“മോള് വന്നേ “

അദ്ദേഹം മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി

“ഈ കാപ്പി കുടിക്ക്…”

അവൾ അത് വാങ്ങി കുടിച്ചു

“സമയം എത്ര ആയി അങ്കിൾ?”

“ഒരു മണി കഴിഞ്ഞു. ഞാൻ വീട്ടിലേക്ക് പോവാണ് ഡ്രസ്സ്‌ മാറ്റണം. മുഴുവൻ ബ്ലഡ്‌…രാവിലെ എത്താം. മോളും വരൂ “

അവൾ ഇല്ല എന്ന് തലയാട്ടി

“ഞാൻ വരുന്നില്ല. ഇവിടെ നിന്നോളാം. എനിക്ക് ദൃശ്യയുടെ കയ്യിൽ നിന്ന് ഒരു ജോഡി ഡ്രസ്സ്‌ കൊണ്ട് തന്നാൽ മതി രാവിലെ “

എത്ര നിർബന്ധിച്ചിട്ടും കൃഷ്ണ പോയില്ല. ഡോക്ടർ ജയറാം പോയി

കൃഷ്ണ വാർഡിലൂടെ നടന്നു. ചെറിയ കരച്ചിലുകൾ. ഇടയ്ക്ക് പൊട്ടുന്ന നിലവിളികൾ. മരിച്ചു പോയ കുഞ്ഞുങ്ങളുടെ ശരീരങ്ങൾ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി

വളരെ സീരിയസ് ആയ കുറച്ചു പേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാലും ഏകദേശം മുപ്പത് കുട്ടികളോളം ഹോസ്പിറ്റലിൽ ഉണ്ട്

കൈകാലുകൾ ഒടിഞ്ഞവർ, മുഖത്ത് ചതവുള്ളവർ, തല പൊട്ടിയവർ

അവൾ ചില ബെഡിൽ തളർന്നു ഇരുന്നു പോയി

“മോള് ഡോക്ടർ ആണോ.?”

ആരോ ചോദിച്ചു

“പഠിക്കുന്നേയുള്ളു “

അവൾ ക്ഷീണിച്ച സ്വരത്തിൽ മറുപടി കൊടുത്തു

അവൾ അങ്ങനെ രാത്രി മുഴുവൻ ഓരോരുത്തരുടെയും അവസ്ഥ നോക്കി ഉറങ്ങാതെ നടന്ന് കൊണ്ടിരുന്നു

രാവിലെ ഡോക്ടർ ആരിഫ് മുഹമ്മദ്‌ന്റെ കാൾ വന്നപ്പോൾ അർജുൻ മീറ്റിംഗിന് കയറാൻ ഭാവിക്കുകയായിരുന്നു

“ആ ഡോക്ടർ പറയു “

“സർ ഒരു കുട്ടി almost ഡെത് ആണ്. ബ്രെയിൻ ഡെത്ത്. അതിന്റെ കിഡ്‌നിക്ക് ആവശ്യക്കാരുണ്ട്. അത് മാത്രം അല്ല പല ഓർഗൻസിനും ആവശ്യക്കാരുണ്ട് ഞാൻ പേരെന്റ്സിനോട് സംസാരിച്ചു. അവർ വില്ലിങ് ആണ്. പത്തു ലക്ഷം കൊടുത്താൽ ഡീൽ ok ആണ്. സർ ഒരു yes പറഞ്ഞെങ്കിൽ നന്നായേനെ “

അവൻ ഒന്നാലോചിച്ചു

“patient name?”

“സുഹനാ അജ്മൽ “

“എത്ര വയസ്സ്?”

“15. നിവൃത്തി ഇല്ലാത്തവരാണ്. പത്തു ലക്ഷം അവർക്ക് വലിയ തുകയാണ്.”

“ഞാൻ ഒരു പത്തു മിനിറ്റിനകം തിരിച്ചു വിളിക്കാം “

അവൻ കാൾ കട്ട്‌ ചെയ്തു കൃഷ്ണ യേ വിളിച്ചു

“നീ ഇതൊന്ന് നോക്കിട്ട് വിവരം തരണം.”

പിന്നെ അവൻ ഡീറ്റെയിൽസ് പറഞ്ഞു കൊടുത്തു

കൃഷ്ണ ഞെട്ടിപ്പോയി

“അങ്ങനെ ഒരു കുട്ടി ബ്രെയിൻ ഡെത് ആയിട്ടില്ല. ഇത് വരെയില്ല. ഐ സി യുവിൽ പത്തു പേരുണ്ട്. ഞാൻ ഒന്ന് നോക്കിട്ട് പറയാം “

കൃഷ്ണയേ ഐ സി യുവിൽ തടഞ്ഞു. അർജുൻ വിളിച്ചു പറഞ്ഞപ്പോൾ അവൾക്ക് കയറാൻ സാധിച്ചു. അവിടെ അങ്ങനെ ഒരാളില്ല

“വെന്റിലേറ്റർ ഘടിപ്പിച്ച ഒരു patient ഉണ്ട് കൃഷ്ണ അവിടെ “

ഒരു നേഴ്സ് പറഞ്ഞു. അവൾ ആ മുറിയിലേക്ക് പോയി

ഒരു പെൺകുട്ടി

അവൾ കേസ്‌ ഷീറ്റ് നോക്കി

സുഹനാ

അവൾ ആ കുട്ടിയുടെ പാദത്തിൽ ഒന്ന് തട്ടി. കാലുകൾ മെല്ലെ ഒന്ന് വലിക്കുന്നു

“എന്തിനാണ് വെന്റിലേറ്റർ?” അവൾ നഴ്സിനോട് ചോദിച്ചു”

“ഡോക്ടർ പറഞ്ഞിട്ടാണ്..”

“എന്തിന്.. she can breathe.. just remove it “

നഴ്സ് അതിന് തനിക്ക് അനുവാദമില്ല എന്ന സ്റ്റാൻഡിൽ ഉറച്ചു നിന്നു

അവൾ അർജുനെ വിളിച്ചു കാര്യം പറഞ്ഞു

“ആ കുട്ടി ബ്രെയിൻ ഡെത് ആയിട്ടില്ല റെസ്പോണ്ട് ചെയ്യുന്നുണ്ട്. എനിക്ക് അത് മനസിലാകും. മരിക്കാത്തവരെ കൊ- ല്ലരുത്. ആരാണ് ഇത് പറഞ്ഞത്? അയാളോട് എന്റെ മുന്നിൽ വരാൻ പറയ് “

അവൾ നഴ്സിന്റെ മുഖത്തു നോക്കി. ഇത് വരെ കണ്ട കൃഷ്ണ ആയിരുന്നില്ല അത്

ഉഗ്രമൂർത്തിയായ കൃഷ്ണ

ഡോക്ടർ ആരിഫ് മുഹമ്മദും ഡോക്ടർ ആനന്ദ് വാര്യറും വന്നു

“എന്താ ഇഷ്യൂ?”

“ഇതാരാണ് ഡോക്ടർ ബ്രെയിൻ ഡെത് എന്ന് റിപ്പോർട്ട്‌ ചെയ്തത്? നിങ്ങൾ ആളെ കളിയാക്കുകയാണോ? ഈ കുട്ടി റെസ്പോണ്ട് ചെയ്യുന്നുണ്ട്. നോക്ക് “

അവൾ ആ കുട്ടിയുടെ കാലിൽ ഒന്ന് തട്ടി

“നോക്ക് “

ആരിഫ് വിളറി

“കൃഷ്ണ..ഇയാൾ student ആയതല്ലേയുള്ളു. എക്സ്പീരിയൻസ് കൂടുതൽ ഉള്ള ഞങ്ങൾക്ക് അറിയാം എന്ത് വേണമെന്ന് “

അയാൾ പറഞ്ഞു

“നോക്ക് ഡോക്ടർ ഞാൻ പഠിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. റഷ്യയിലോ ഉക്രൈനിലോ അല്ല.
എനിക്ക് കേസുകൾ കണ്ടാൽ അറിയാം. ഇതിപ്പോ നാലു വർഷം  ആയി ഞാൻ മെഡിസിൻ പഠിച്ചു തുടങ്ങിയിട്ട്. എനിക്ക് മനസിലാകും. ഈ കുട്ടിക്ക് തന്നെ ശ്വസിക്കാൻ കഴിയും. അർജുൻ സർ ലൈനിൽ ഉണ്ട്. ജസ്റ്റ്‌ റിമൂവ് ദാറ്റ്‌ “

ആരിഫ് മുഹമ്മദ്‌ വിളറി വെളുത്തു

അവളുടെ മൊബൈലിൽ വീഡിയോയിൽ അർജുൻ. അവന്റെ മുഖം രോഷത്താൽ ചുവന്നിരിക്കുന്നു

ഡോക്ടർ ആനന്ദ് സുഹാനയുടെ ടുബുകൾ മാറ്റി

കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും അവൾ ശ്വസിക്കുന്നുണ്ട്

“ഇത് പുറത്ത് അറിയണ്ട ഡോക്ടർ ആരിഫ്. ഒരു മെഡിക്കൽ മിറാക്കിൾ സംഭവിച്ചു. കുട്ടി രക്ഷപെട്ടു അതാണ് നടന്നത്. അങ്ങനെ അറിഞ്ഞാൽ മതി. അല്ലെങ്കിൽ ഹോസ്പിറ്റലിനു ചീത്തപ്പേരാണ് ഇത് ഡോക്ടർ തന്നെ ചെന്നു പറയുകയും വേണം. ഞാൻ സിനിമയിൽ കണ്ടിട്ടുണ്ട്. ഓർഗൻ കച്ചവടം…ഇവിടെ പ്രതീക്ഷിച്ചില്ല.”

അർജുൻ മുഴുവൻ കേൾക്കുന്നുണ്ടായിരുന്നു

കൃഷ്ണയേ കോപം കൊണ്ട് വിറയ്ക്കുന്നത് അവൻ കണ്ടു. ഡോക്ടർ ആരിഫ് പുറത്തേക്ക് പോയി

“congrats കൃഷ്ണ “

ആനന്ദ് അവൾക്ക് നേരേ കൈ നീട്ടി

അവൾ ആ കൈയിലേക്ക് നോക്കി പിന്നെ ചോദിച്ചു

“ഡോക്ടർക്ക് എവിടെയാണ് ഡ്യൂട്ടി?”

“ഐ സി യുവിൽ “

“അവിടേക്ക് ചെല്ല് “

ആനന്ദ് വിളറിപ്പോയി

ആരിഫിനു ദേഷ്യം വന്നിട്ട് സർവ്വം അടിച്ച് തകർക്കാൻ തോന്നി. അവളാരാണ് ഓർഡർ ഇടാൻ. അവൾക്ക് എന്താ അധികാരം. ഗോൾഡൻ ചാൻസ് ആണ് പോയത്. ഫോൺ വന്നപ്പോൾ അയാൾ നോക്കി

മിനിസ്റ്റർ സേതു…

“എന്തായി?”

“ഒന്നും നടക്കില്ല സർ. എല്ലാം പൊളിഞ്ഞു. ഇവിടെ ഒരു പെണ്ണുണ്ട് കൃഷ്ണ. മെഡിക്കൽ സ്റ്റുഡന്റ് ആണ്. അവൾ പ്ലാൻ പൊളിച്ച് കയ്യിൽ തന്നു. എനിക്ക് ടെർമിനേഷൻ ആണ് കൺഫേം. അർജുൻ വന്ന അന്ന് കിട്ടും അത്. അതിന് മുന്നേ ഞാൻ പോകുന്നതാണ് നല്ലത്. എനിക്ക് വേറെ ഏതെങ്കിലും ഹോസ്പിറ്റലിൽ ഒന്ന് പറഞ്ഞു വെയ്ക്കണം “

“താൻ വിഷമിക്കണ്ടഡോ…അതൊക്കെ ശരിയാക്കാം. എന്നാലും ഇനി ഇത് പോലെ ഒരവസരം കിട്ടില്ല ആരിഫ്..ശേ. തനിക് എത്രയാ നഷ്ടം എന്നറിയുമോ?”

“ഞാനെന്തു ചെയ്യാനാ? എനിക്ക് തോന്നുന്നത് കൃഷ്ണ അർജുന്റെ…അവർ റിലേഷൻ ആണെന്ന തോന്നുന്നത്. അല്ലെങ്കിൽ ഇത്രയും ധൈര്യമായി അവൾ ഇവിടെ ഇടപഴകുകയില്ല. ഓരോ ചെറിയ സ്ഥലത്തും അവളുടെ കണ്ണെത്തും …”

“ശരി താൻ വെച്ചോ “

ആരിഫ് കാറിന്റെ കീ എടുത്തു വെളിയിലേക്ക് പോയി

അർജുൻ ഒരു ബിസിനസ് മാനാണ്
അവനിന്നും കച്ചവടക്കാരനാണ്
അതിനൊരു മാറ്റവുമില്ല

പക്ഷെ മനഃപൂർവം ഒരാളെ കൊ- ന്നു കാശ് ഉണ്ടാക്കണമെന്ന് അവൻ ചിന്തിച്ചിട്ടില്ല. അല്ലെങ്കിൽ എങ്ങനെ എങ്കിലും കാശുണ്ടാക്കണം എന്ന അവന്റെ മനസ്സ് മാറിപ്പോയി

ആരിഫ് പറഞ്ഞത് അവന് ദഹിക്കാഞ്ഞത് കൊണ്ടാണ് അവൻ കൃഷ്ണയോട് പോയി നോക്കാൻ പറഞ്ഞത്. ഒരു പക്ഷെ അവളില്ലായിരുന്നെങ്കിൽ ജീവനോടെ കൊ- ന്നേനെ ആ കുഞ്ഞിനെ അയാൾ

അവൻ മുഖം പൊത്തി കുറച്ചു നേരമിരുന്നു

ഞാൻ ഒന്ന് നാട്ടിൽ വന്നോട്ടെ. നിനക്കുള്ള പണി ഞാൻ വന്നിട്ട് അവൻ മനസ്സിൽ പറഞ്ഞു

പിറ്റേന്ന് പുലർച്ചെ…

കൃഷ്ണ അവിടെയൊരു കസേരയിൽ തളർച്ചയോടെ ഇരുന്നു. ജയറാമിനൊപ്പം ദൃശ്യ വന്നു. അവൾ അർജുന്റെ മുറിയിൽ പോയി വേഷം മാറ്റി. അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു

“ഇത് കഴിക്ക് “

ദൃശ്യ തന്നേ കൊണ്ട് വന്ന ഭക്ഷണം അവളെ കൊണ്ട് കഴിപ്പിച്ചു

“നീ കൂടി നിൽക്ക്. ഇന്ന് പോകണ്ട”

അവൾ ദൃശ്യയോട് പറഞ്ഞു. അങ്ങനെ ദൃശ്യയും അവിടെ നിന്നു. കൃഷ്ണ ജയറാമിന്നോട് കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങൾ വിശദമായി പറഞ്ഞു. അദ്ദേഹം നടുങ്ങിപ്പോയി. എന്റെ ദൈവമേയെന്ന് ഉറക്കെ വിളിച്ചു പോയി

“ഇങ്ങനെ ഉള്ള ഡോക്ടർമമാർ എന്തിനാ അങ്കിളേ…കഷ്ടം “

അവൾ ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റു കൈ കഴുകി. പിന്നെ ദൃശ്യയെയുംകൂട്ടി വാർഡിലേക്ക് പോയി

ഓരോ ബെഡിലുമുള്ളവർക്ക് അവളെ പരിചയം ഉണ്ടെന്നത് ദൃശ്യയെ അത്ഭുതപ്പെടുത്തി

അവളോരോരുത്തരോടും കരുണയുടെ, അലിവിന്റെ, ദയയുടെ ഭാഷയിൽ സംസാരിക്കുന്നു

കുഞ്ഞുങ്ങളെ തലോടി, സ്നേഹിച്ചങ്ങനെ…ഒരു മാലാഖയെ പോലെ…

“മോള് വലിയ ഡോക്ടർ ആവും ട്ടോ..നല്ല പേര് കേട്ട ഡോക്ടർ. ഇങ്ങനെ ഉള്ള ഒരാള് മതി. കാണുമ്പോൾ എന്ത് സമാധാനം “

ഒരു സ്ത്രീ അവളുടെ തലയിൽ കൈ വെച്ചു

“കൊച്ച് ഡോക്ടറെ എന്റെ മോനെ ഡിസ്ചാർജ് ചെയ്യാറായോ. അവന് കാലിനു കുറച്ചു മുറിവേയുള്ളു “ഒരാൾ വന്ന് ചോദിച്ചു

കൃഷ്ണ അത് ഒന്ന് നോക്കി

“ഞാൻ ഡോക്ടർ ആയില്ല ട്ടോ..പഠിക്കുകയാണ് ഡ്യൂട്ടി ഡോക്ടർ വരും. അപ്പൊ ചോദിച്ചു നോക്കിട്ട് പോകാം “

“കണ്ടാൽ പറയില്ലാട്ടോ.”

അയാൾ പുഞ്ചിരിച്ചു

കൃഷ്ണയും

“അർജുൻ ചേട്ടൻ ഭാഗ്യവാനാ കൃഷ്ണ.”

എപ്പോഴോ ദൃശ്യ പറഞ്ഞു. കൃഷ്ണ ഒരു ചിരി തൂകിയതേയുള്ളു

അവളുടെ മനസ്സിൽ അന്നേരം അവൻ ഇല്ലായിരുന്നു. മുൻപിൽ കാണുന്ന വേദന നിറഞ്ഞ കുഞ്ഞുങ്ങൾ മാത്രം

തുടരും…