ധ്രുവം, അധ്യായം 52 – എഴുത്ത്: അമ്മു സന്തോഷ്

എല്ലാവരും ഉണ്ടായിരുന്നു അവിടെ. മനു, ഗൗരി, അച്ഛൻ, അമ്മ

“അപ്പോ നിനക്ക് അവനെയിഷ്ടമാണ്?” മനു

“അതേ ” കൃഷ്ണ മടിയൊന്നുമില്ലാതെ പറഞ്ഞു

“എത്ര നാളായെടി തുടങ്ങിട്ട്?”

മനുവിന് ദേഷ്യം കൊണ്ട് കണ്ണ് കാണുന്നില്ലായിരൂന്നു

“നാലു വർഷം. കോഴ്സ് തീർന്നിട്ട് കല്യാണം. ഡോക്ടർ അങ്കിൾ വരും ആലോചിക്കാൻ അതായിരുന്നു തീരുമാനം. എന്തേയ് തെറ്റുണ്ടോ?”

ആർക്കും ഉത്തരം ഇല്ല

“കൃഷ്ണേ മോളെ, അയാൾക്ക് ഒരിക്കൽ മാനസിക രോഗം വന്ന് ട്രീറ്റ്മെന്റ് ഒക്കെ എടുത്ത ആളല്ലേ. എന്ത് റിസ്കിലാണ് നിന്നെ ഞങ്ങൾ അവന്റെ കൂടെ ജീവിക്കാൻ വിടുന്നത്?”

ഗൗരി അവളുടെ കൈ പിടിച്ചു

“ഈ ചോദ്യം ചേച്ചി തന്നെ ചോദിച്ചത് നന്നായി. കാരണം അതിന്റെ ഉത്തരം ചേച്ചിയോളം ആർക്ക് അറിയാം? എന്ത് ധൈര്യത്തിൽ ഏട്ടനെ ചേച്ചി കല്യാണം കഴിച്ചു?”

ഗൗരി വിളറിപ്പോയി, മനുവും

“മാനസിക ബുദ്ധിമുട്ട് ഒക്കെ ആർക്ക് വേണേൽ എപ്പോ വേണേൽ വരാം. എനിക്കൊ നിങ്ങൾക്കോ എപ്പോ വേണേൽ…അതൊന്നും സാരമില്ല”

“ശരി സമ്മതിച്ചു. അവന്റെ ഒരു മുഖം അല്ലെ നീ കണ്ടിട്ടുള്ളു. ഇനിയൊരു മുഖം ഉണ്ട്. ഈ സിറ്റിയിൽ മിക്കവാറും എല്ലാർക്കും അറിയാമത്. അവൻ ഒരാളുടെ കൈ വെട്ടിയിട്ടുണ്ട് പബ്ലിക് ആയിട്ട് “

എല്ലാവരും നടുങ്ങിപ്പോയി. കൃഷ്ണ ഉൾപ്പെടെ

“സത്യമാണ്. നേരിട്ട് കണ്ട ഒരാൾ പറഞ്ഞതാണ്. ഞാൻ പറഞ്ഞത് വിശ്വാസം ഇല്ലെങ്കിൽ നീ ചോദിച്ചു നോക്കിക്കോ. അവൻ സത്യം പറയുമെങ്കിൽ…ഇന്നലെ അവൻ എന്നോട് പറഞ്ഞത് എന്താണെന്നറിയുമോ അച്ഛാ, നീ കൈ വെട്ടിയതല്ലേ  അറിഞ്ഞിട്ടുള്ളു പച്ചക്ക് ഒരുത്തന്റെ നെഞ്ചിൽ കത്തി കേറ്റിയത് അറിഞ്ഞിട്ടില്ലല്ലോ. അതിനും മടിയൊന്നുമില്ലന്ന്. കല്യാണം കഴിഞ്ഞാ ഇവളെ പിന്നെ കാണില്ലെന്ന്. എന്തൊക്കെ പറഞ്ഞുന്നറിയുമോ. ഇവൾ എന്റെ അനിയത്തിയാണ്
എനിക്ക് തല്ലാൻ അവകാശം ഉണ്ട്”

“ഇല്ല മനു. എന്റെ മോളെ തല്ലാൻ ഈ ലോകത്ത് ആർക്കുമില്ല അത്. ഈ എനിക്ക് പോലും അതിനുള്ള യോഗ്യത ഇല്ല. അവൾ അവനെ സ്നേഹിക്കുന്നു. കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു. അവനും അങ്ങനെ തന്നെ. പിന്നെ അവൻ ക്രി’ മിനൽ ആണോ മെന്റൽ ആണോ അതൊക്കെ അവൾ കൂടി ചിന്തിക്കണ്ടതാണ്. 22 വയസ്സായി. അവൾ ഒരു ഡോക്ടറാ. അവൾക്ക് അറിയാം എന്ത് വേണമെന്ന്. ഇനി ഇത് വേണ്ട എന്ന് ആരെങ്കിലും പറഞ്ഞ അവള് കേൾക്കുമോ?കേൾക്കുമോ കൃഷ്ണ?”

“ഇല്ല. ഉടനെ വേണ്ടെങ്കിലും എനിക്ക് ഈ ആള് മതി. എന്തുണ്ടെങ്കിലും ഞാൻ സഹിച്ചു.”

അവളുടെ മുഖത്ത് നല്ല ഉറപ്പുണ്ടായിരുന്നു

“ശരി ഓരോരുത്തരും സ്വന്തം ഇഷ്ടം പോലെ ചെയ്യ്. എനിക്ക് അവനെ ഇഷ്ടമല്ല കൃഷ്ണ. ആദ്യം മുതൽ തന്നെ അല്ല. ഡോക്ടർ പാവമാ. ഒത്തിരി ഉപകാരങ്ങൾ ചെയ്തു തന്നിട്ടുണ്ട്. ശര്യാ. നന്ദികേടല്ല. എന്ന് വെച്ച് അവനെ പോലൊരുത്തന് നിന്നെ കൊടുക്കാൻ വയ്യ. അവന് കുറേ കാശ് ഉണ്ടാവും ശരിയാ. എന്താ അവന്റെ വിദ്യാഭ്യാസം? വെറും പത്താംക്ലാസ്. ഇവളോ ഡോക്ടർ…എന്തിനാ കുറേ പണം. സാധാരണ ഒരാള് വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരാള് പണം കുറവാണെങ്കിലും സാരമില്ല, നമ്മുടെ കുടുംബത്തെ മനസിലാക്കുന്ന ഒരാള്. അവൻ അങ്ങനെ അല്ല. പണത്തിന്റെ അഹങ്കാരം ഉണ്ട്. ഇവിടെ വന്നപ്പോൾ പെരുമാറിയത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് പുച്ഛം ആണ് എല്ലാരോടും. ഇവളെ പോലൊരു പെണ്ണിനെ അവന് കിട്ടുമോ? ഇവളെ കിട്ടിയ അവൻ പിന്നെ ഇങ്ങോട്ട് വിടുമോ? നമുക്ക് കാണാൻ കിട്ടുമോ? അവൻ അത് ഇന്നലെ പറയുക കൂടി ചെയ്തു
ഇനിയിവള് ജീവിതത്തിൽ ഇല്ലടാ എന്ന്.”

“അതൊക്കെ ദേഷ്യം വരുമ്പോൾ പറഞ്ഞു പോകുന്നതാ അച്ഛാ. അങ്ങനെ ഒന്നുമല്ല “

രമേശൻ കുറച്ചു നേരം നിശബ്ദനായിരുന്നു

“മോളെ സ്നേഹിക്കുന്ന ആണല്ല കല്യാണം കഴിഞ്ഞുള്ള ആണ് മിക്കവാറും അത് മാറും. എന്റെ മോള് പിന്നെ കരയരുത്. സങ്കടപ്പെടരുത്. നമുക്ക് ഒരു സാധാരണക്കാരനെ മതിയായിരുന്നു. ഈ വീട്ടിൽ അവൻ വരുമോ മോളെ, ഇവിടെ അവന് ശ്വാസം മുട്ടും. മണിമാളികയിൽ ജീവിച്ച ഒരാളാണ്. നമ്മളോ….സ്നേഹം കൊണ്ട് എല്ലാം ആകില്ല കൃഷ്ണ “

അവൾക്കതൊക്കെ മനസിലാകും. അച്ഛൻ പറയുന്നത് ശരിയുമാണ്. അച്ഛന്റെ പേടിയും സത്യമാണ്

“എനിക്കിനി പിന്മാറാൻ പറ്റില്ല അച്ഛാ, ഞാൻ വാക്ക് കൊടുത്തു പോയി. അപ്പുവേട്ടന് അത് താങ്ങാൻ പറ്റില്ല. അപ്പുവേട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാനും പറ്റില്ല.”

അവളുടെ ശബ്ദം ഇടറി

“ഞാൻ ഒരു കാര്യം പറയാം “

അത് വരെ എല്ലാം കേട്ടു കൊണ്ടിരുന്ന ലത പറഞ്ഞു

“കല്യാണം ഉടനെ വേണ്ട. ഇവള് പഠിക്കട്ടെ “

അത് പറ്റില്ല അമ്മേ. ഞാൻ പഠിക്കുന്നത് അവരുടെ കോളേജിൽ തന്നെ ആവും. എന്തിനാ വെറുതെ ആൾക്കാരെ കൊണ്ട് പറയിക്കുന്നത്. നിങ്ങൾ കരുതും പോലെ ഒന്നുമില്ല. അങ്ങനെ ഉള്ള ആളല്ല. ഒന്ന് മനസിലേക്ക് “

“എന്തിനും കുറച്ചു സമയം വേണം മോളെ. ഗൗരിയുടെ പ്രസവമടുത്ത മാസമാണ്. അത് കഴിഞ്ഞു ഉടനെ പറ്റുമോ ഇല്ല. ഒരാറു മാസമെങ്കിലും കഴിയാതെ ഇത് ചിന്തിക്കാൻ കൂടി വയ്യ. ഇത്തിരി പൊന്നെങ്കിലും വേണ്ടേ? ഒരു കല്യാണം അല്ലെ?”

“അപ്പുവേട്ടൻ പറഞ്ഞത് രജിസ്റ്റർ ചെയ്താലും മതിന്നാ. അതൊന്നും നോക്കുന്ന ആളല്ല “

“അല്ലായിരിക്കും. പക്ഷെ നമ്മൾ നോക്കും. നമ്മൾ പാവങ്ങളാ. പക്ഷെ നമുക്ക് നമ്മുടെ അന്തസ്സ് ഉണ്ട്. കുറച്ചു സമയം വേണം മോളെ “

കൃഷ്ണ പിന്നെ തർക്കിച്ചില്ല

“ഇത്രയും വർഷം കാത്തിരുന്നില്ലേ മോളെ, കുറച്ചു നാളുകൾ കൂടി…ഡോക്ടർ സർ വരട്ടെ അച്ഛൻ സംസാരിക്കാം.

അത് അങ്ങനെ തീരുമാനം ആയി

മനുവിന്റെ മുഖം തെളിഞ്ഞില്ല. പക്ഷെ പിന്നെ അവൻ എതിർത്തില്ല. എതിർത്തിട്ടും കാര്യമൊന്നുമില്ല. പ്രണയം അങ്ങനെയാണ്. ആര് പറയുന്നതും കാതിലെത്തില്ല. മനസിൽ കയറില്ല. അത് എത്ര ബുദ്ധിയുള്ളവരാണെങ്കിലും. ഒരെ പോലെ തന്നെ. പ്രണയം മനുഷ്യനെ വിഡ്ഢികൾ ആക്കും. പറഞ്ഞിട്ടും കാര്യമില്ല

പക്ഷെ അർജുൻ…

അവൻ സാധാരണ ഒരാളെ പോലെയല്ല എന്ന് മനുവിന് മനസിലായി. അവന്റെ കണ്ണില് തീയുണ്ട്. കൊ- ല്ലാൻ മടിയില്ലാത്തവൻ. കൃഷ്ണയേ അവൻ തങ്ങളിൽ നിന്ന് എന്നെന്നേക്കുമായി അകറ്റുമെന്ന് മനുവിന് ഉറപ്പായി. അവളോടുള്ള അവന്റെ ഭ്രാന്ത് ഇന്നലെ ഒറ്റ ദിവസം കൊണ്ട് മനുവിന് മനസിലായി. അവളിലുള്ള അധികാരം അവളെന്റെയാ എന്ന് പറയുമ്പോളുള്ള ദാർഷ്ട്യം. നാ- യെ എന്ന് വിളിച്ചപ്പോഴുള്ള പുച്ഛം.

എങ്ങനെ എങ്കിലും ഇത് നടക്കാതിരിക്കണം. പക്ഷെ എങ്ങനെ എന്ന് അവനറിയില്ലായിരുന്നു

അർജുൻ ജയറാമിന്റെ മുറിയിൽ ചെന്നു

“അച്ഛനുറങ്ങാൻ കിടന്നോ?”

“ഇല്ല എന്താ മോനെ?”

“ഇന്നലെ പറയണംന്ന് കരുതിയതാ കുറച്ചു തിരക്കായി പോയി. അച്ഛൻ കൃഷ്ണയുടെ അച്ഛനെ കണ്ടു സംസാരിക്കണം. ഇനി ലേറ്റ് ആവണ്ട. അവൾ ഒപ്പം ഉണ്ടെങ്കിൽ എനിക്ക് ഒരു ധൈര്യമാ അച്ഛാ. ഇവിടെ അച്ഛനും അവളും ഉണ്ടെങ്കിൽ എനിക്ക് തൃശൂർ ശ്രദ്ധിക്കാം പറ്റും “

“അത് ശരി ബിസിനസ് ആണ് അപ്പോഴും മുഖ്യം “

“അല്ല കൃഷ്ണ തന്നെയാ. ഞാൻ പൊതുവെ പറഞ്ഞുന്നേയുള്ളു “

“ഞാൻ പറയാം. പക്ഷെ അർജുൻ സാധാരണ ആൾക്കാർ ഇത് കേൾക്കുമ്പോൾ തങ്ങളുടെ മകൾക്ക് കിട്ടിയ ഭാഗ്യമാ ഈ ബന്ധം എന്ന് ചിന്തിച്ചേക്കാം. പക്ഷെ അവർ അങ്ങനെ ആവില്ല ചിന്തിക്കുക. തങ്ങളുടെ മകള് തനിക്ക് നഷ്ടപ്പെട്ടു പോകുമോ എന്നാവും. അവളാണ് അവരുടെ പ്രതീക്ഷ. അവരുടെ വെളിച്ചം “

“എന്റെയും ” അർജുൻ മെല്ലെ പറഞ്ഞു

“എനിക്ക് അവളില്ലാതെ ജീവിക്കാൻ ഇനി വയ്യാ..അവൾ കൂടെയില്ലാത്ത ഓരോ നിമിഷം എങ്ങനെ ഞാൻ അത്…”

“എനിക്ക് മനസിലാകും.”

അയാളുടെ കണ്ണുകൾ അറിയാതെ അനുപമയുടെ ഫോട്ടോയിൽ പതിഞ്ഞു

“എനിക്ക് മനസിലാകും അർജുൻ..പക്ഷെ അവരുടെ അഭിപ്രായത്തിനു നമ്മൾ വാല്യൂ കൊടുക്കണം. നീ അവരെ സ്നേഹിക്കുമോ. കേയർ ചെയ്യുമോ എന്നൊക്കെ ആ പാവങ്ങൾക്ക് പേടിയുണ്ടാകും.  ജീവിതം ഓരോരുത്തരും ഓരോ രീതിയിലാണ് ജീവിക്കുക. ചിലർക്ക് ഏത് വേണേൽ പെട്ടെന്ന് adapt ചെയ്യാൻ പറ്റും കൃഷ്ണ അങ്ങനെ ഒരാളാണ്. നിന്റെ ഒപ്പം ജീവിക്കുമ്പോൾ നിന്റ നിലവാരത്തിലേക്ക് അവൾ ഈസി ആയി ഉയരും. ഞാൻ അത് നേരിട്ട് കണ്ടിട്ടുണ്ട്. അന്ന് ബസ് ആക്‌സിഡന്റ് ആയി കുഞ്ഞുങ്ങളെ കൊണ്ട് വന്ന ദിവസം. അവൾ പെരുമാറിയത് കണ്ടാൽ അവളാണ് ഹോസ്പിറ്റലിൽ ചെയർമാൻ എന്ന് തോന്നുമായിരുന്നു. അത്രയ്ക്ക് പവർ അത്രയ്ക്ക് ആജ്ഞാശക്തി..ആ കണ്ണുകൾ ജ്വലിച്ചു നിന്നു. ഓരോന്നും പെട്ടെന്ന് പെട്ടെന്ന്..ലേറ്റ് ആയവർക്ക് നല്ല ശാസന…ഞങ്ങൾ എല്ലാ ഡോക്ടർമാരും അവിടെയുള്ള ആൾക്കാരും അവളെ ശ്രദ്ധിച്ചു അന്ന്. അവളാരെയും നോക്കിയില്ല മുന്നിൽ വരുന്ന രോഗികൾ മാത്രം. രക്തത്തിൽ മുങ്ങിയ കുഞ്ഞുങ്ങളെ വഹിക്കാൻ സ്ട്രക്ടർ തീർന്നു പോയപ്പോൾ നെഞ്ചോടടുക്കി ഓടുന്നുണ്ടായിരുന്നു കൃഷ്ണ. അന്നുണ്ടായിരുന്ന ആരും അവളെ മറക്കില്ല അർജുൻ. ഈ ഹോസ്പിറ്റലിന്റെ തലപ്പത്ത് എന്നെങ്കിലും അവൾ വന്നാൽ ഈ ആശുപത്രി ഇന്ത്യയിലെ തന്നെ ഏറ്റവും പേര് കേട്ട മികച്ച ഹോസ്പിറ്റലാകും. അതാണ് കൃഷ്ണയുടെ കാലിബർ. നീ ഒരു ബിസിനസ്മാൻ മാത്രം ആണ് അർജുൻ. കൃഷ്ണ ഒരു കംപ്ലീറ്റ് പാക്കേജ് ആണ്.”

അർജുന്റെ ഹൃദയം നിറഞ്ഞു. കണ്ണുകളും.

അവനത് തുടക്കം മുതൽ അറിയാം. ആ commanding power അനുഭവിച്ചിട്ടുണ്ട് അർജുൻ. പലതവണ. അവൾ നോ പറഞ്ഞാൽ പറ്റില്ല അവന്

“അച്ഛൻ ഒന്ന് സംസാരിക്ക് പ്ലീസ് “

അവൻ മെല്ലെ പറഞ്ഞു

“തീർച്ചയായും സംസാരിക്കും. കാരണം നിന്നെ പോലൊരുത്തന്റെ കടിഞ്ഞാൺ അവളെ പോലൊരു പെണ്ണിന്റെ കയ്യിൽ ആണെങ്കിൽ എനിക്ക് സമാധാനത്തോടെ ജീവിക്കാം. അല്ലെങ്കിൽ ടെൻഷൻ അടിച്ചു എന്റെ ജീവിതം പോക്കാ “

അർജുൻ ചിരിച്ചു

“അവർ സമയം ചോദിക്കും. സ്വർണം ഒക്കെ വേണ്ടേ?”

“എന്റെ പൊന്ന് അച്ഛാ എനിക്ക് ഒന്നും വേണ്ട ഒന്ന് കെട്ടിച്ചു തന്ന മാത്രം മാത്രം മതി “

“ഒന്ന് അടങ്ങി നിക്കേടാ ചെറുക്കാ. എന്തൊരു വെപ്രാളം “

അർജുന്റെ മുഖം ഒന്ന് ചമ്മി. അവൻ മുറിയിൽ നിന്ന് വേഗം മുങ്ങികളഞ്ഞു

കൃഷ്ണ അന്ന് ദൃശ്യയുടെ വീട്ടിൽ വന്നു. അവൾ അർജുനെ വിളിച്ചു പറഞ്ഞിരുന്നു. അത് കൊണ്ട് അവൻ അന്ന് ഹോസ്പിറ്റലിൽ പോയില്ല

“അപ്പൊ ഒരു യുദ്ധം കഴിഞ്ഞു “

ദൃശ്യ പറഞ്ഞു

“ഉം. ഏട്ടൻ പറഞ്ഞ ഒരു കാര്യമിപ്പോഴും ദഹിക്കാതെ കിടപ്പുണ്ട്. കൈ വെട്ടിയ കാര്യം
അതെനിക്ക് വിശ്വസിക്കാൻ കഴിയില്ല.”

“സത്യാണ് “

ദൃശ്യ മെല്ലെ പറഞ്ഞു. കൃഷ്ണ നടുക്കത്തോടെ നോക്കി

“അന്ന് ഹോസ്പിറ്റലിൽ ഒരു ഗർഭിണി പ്രസവത്തോടെ മരിച്ചു. വലിയ വഴക്കുണ്ടായി. അവരുടെ ബന്ധുക്കൾ ആശുപത്രി അടിച്ച് തകർത്തു. അർജുൻ ചേട്ടൻ അന്ന് ഇവിടെ ഇല്ല. അങ്ങനെ ബഹളം നടക്കുമ്പോൾ അതിനിടയിൽ ചെന്നു പെട്ടുപോയതായിരുന്നു അങ്കിൾ. ആരോ പറഞ്ഞു ചെയർമാന്റെ അച്ഛൻ ആണെന്ന്. ഒരുത്തൻ എന്തോ എടുത്തു തലയ്ക്കു ഒരടി. തല തകർന്നു പോയി കൃഷ്ണ “

കൃഷ്ണ നെഞ്ചിൽ കൈ വെച്ച് പോയി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“ജീവിക്കുമോ മരിക്കുമോ എന്നറിയാതെ ഒരാഴ്ച കിടന്നു അങ്കിൾ “

ദൃശ്യയുടെ സ്വരം ഇടറി

ആശുപത്രിയിൽ ഉള്ള എല്ലാർക്കും വലിയ സങ്കടം ഉണ്ടാക്കിയ സംഭവം ആയിരുന്നു അത്. അർജുൻ ചേട്ടൻ വന്നു. ആള് കരഞ്ഞൊന്നുമില്ല. അച്ഛനെ കുറച്ചു നേരം നോക്കി നിന്നു. പിന്നെ നേരേ ഒരു പോക്ക്

അന്ന് വൈകുന്നേരം പബ്ലിക് ആയിട്ട് അവന്റെ കൈ വെട്ടി കളഞ്ഞു…അത് ആൾക്കാർ നേരിട്ട് കണ്ടതാ..എല്ലാവർക്കും അറിയുന്നതുമാ…

കൃഷ്ണയേ വിറച്ചു പോയി

“നീ ആണെങ്കിൽ ചെയ്യില്ലേ?ഞാൻ ആണെങ്കിൽ കൊ- ന്നേനെ…”

“എന്നിട്ട് കേസ്‌ ഉണ്ടായില്ലേ?”

“ആര് സാക്ഷി പറയും? ആരും പറയില്ല. അർജുൻ ചേട്ടനെതിരെ ഒരാള് നിൽക്കില്ല കൃഷ്ണ. ഈ നീ കാണുന്ന സോഫ്റ്റ്‌ റൊമാന്റിക് ആളല്ല കക്ഷി..ആള് നീ വിചാരിച്ചു വെച്ചിരിക്കുന്നു ഹീറോയും അല്ല, വില്ലൻ ആണ് വില്ലൻ”

കൃഷ്ണയുടെ കണ്ണുകൾ മിഴിഞ്ഞു

“ഞാൻ നിന്നോട് തുടക്കത്തിൽ പറഞ്ഞില്ലേ വേണ്ട മോളെ വേണ്ട, മോളെ ന്ന് കേട്ടില്ലല്ലോ. അനുഭവിച്ചോ “

“പോടീ “

“ഇനി പിന്മാറാൻ എങ്ങാനും നീ തീരുമാനിച്ച…തീർന്ന്. അത് കൊണ്ട് ഇനി മോൾക്ക് വേറെ ഓപ്ഷൻ ഇല്ല. രാ- ക്ഷസൻ കൺഫേംഡ്..”

കൃഷ്ണ നഖം കടിച്ചു. നഖം കടിക്കുന്നത് മോശം ശീലം എന്നത് മറന്ന് പത്തു വിരലിലെയും നഖം കടിച്ചു തുപ്പി

“ഹലോ അങ്ങോട്ട് പോണില്ലേ? ദേ നിൽക്കുന്നു “

കൃഷ്ണ അങ്ങോട്ടേക്ക് നോക്കി. അർജുൻ പൂമുഖത്ത്. അവനെ കണ്ടതും ബാക്കിയെല്ലാം അവളുടെ മനസ്സിൽ നിന്ന് മാഞ്ഞു പോയി

അവൻ വാ എന്ന് ആംഗ്യം കാണിച്ചപ്പോൾ സ്വയമറിയാതെ അവൾ എഴുന്നേറ്റു. ദൃശ്യ ഒരു ചിരിയോടെ അത് നോക്കിയിരുന്നു

തുടരും….