നിന്നെയും കാത്ത്, ഭാഗം 92 – എഴുത്ത്: മിത്ര വിന്ദ

കാലത്തെ 6മണി ആയപ്പോൾ നന്ദനയ്ക്ക് ചെറുതായി നോവ് വന്നു തുടങ്ങിയിരുന്നു. ആദ്യം അത്രയും കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന കൂടി വന്നപ്പോൾ അവൾ ആകെ വല്ലാതെ ആയി.

മിന്നു ചെന്നിട്ട് ഒരു സിസ്റ്ററെ വിളിച്ചു കൊണ്ട് വന്നു.

അവർ അവളെ ലേബർ റൂമിലേക്ക് കൂട്ടി കൊണ്ട് പോകുകയായിരുന്നു.

ഭദ്രന് ആണെങ്കിൽ ഇരുന്നിട്ട് ഇരുപ്പ് ഒറയ്ക്കാതെ വരാന്തയിലൂടെ എല്ലാം നടന്നു.
ഗീതമ്മയും പെൺകുട്ടികളും പ്രാർത്ഥനയോടെ ഇരിക്കുകയാണ്. എല്ലാം ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയെന്ന് മാത്രം അവർക്ക് ഒക്കെ ഒള്ളു.

ഇടയ്ക്ക് ഒരു തവണ സിസ്റ്റർ ഇറങ്ങി വന്നപ്പോൾ ഭദ്രൻ അവരുടെ അടുത്തേക്ക് ഓടി ചെന്നു.

സിസ്റ്റർ നന്ദനയ്ക്ക് , എങ്ങനെ ഉണ്ട് ഇപ്പൊ?

വേദന തുടങ്ങിയില്ല കേട്ടോ, ആദ്യത്തെ ആയത് കൊണ്ട് ടൈം എടുക്കും, അവിടെ പോയി ഇരുന്നോളു, എന്തേലും ആവശ്യം വന്നാൽ ഞങ്ങൾ വിളിച്ചോളാം.

അവർ ഭദ്രനെ നോക്കി പറഞ്ഞപ്പോൾ അവൻ തലകുലുക്കി.

കൂട്ടുകാരിൽ ഒന്ന് രണ്ടു പേര് ഒക്കെ അവനെ വിളിച്ചു വിവരം തിരക്കി.
ഒന്നും ആയിട്ടില്ല എന്നായിരുന്നു അവന്റെ മറുപടി.

താഴെ ക്യാന്റീനിൽ പോയിട്ട് ഒരു കാലി ചായയും കുടിച്ചു. അമ്മയ്ക്കും അനുജത്തിമാർക്കും കഴിക്കാൻ വേണ്ടി അപ്പവും മുട്ടകറിയും മേടിച്ചു കൊണ്ട് വന്നു അവൻ കൊടുത്തു..

“ഇതൊന്നു അറിഞ്ഞിട്ട് മതി വല്യേട്ടാ, ഇപ്പൊ ഒന്നും ഇറങ്ങില്ല “

മിന്നു അവനെ നോക്കി വിഷമത്തോടെ പറഞ്ഞു.

“ഉച്ചയാകും മോളെ, നിങ്ങള് പോയ്‌ കഴിച്ചിട്ട് വാ, അമ്മയ്ക്കും ക്ഷീണം ഒക്കെ ഉള്ളത് അല്ലെ, ചെല്ല്, ചെന്നു എന്തെങ്കിലും കഴിച്ചോ.”

ഭദ്രൻ നിർബന്ധിച്ചു അവരെ റൂമിലേക്ക് പറഞ്ഞു അയച്ചു..

പത്തു മിനുട്ട് പോലും എടുത്തില്ല. മൂന്നാളും വേഗം തിരികെ വരികയും ചെയ്തു.

ഇത്രവേഗം കാപ്പി കുടിച്ചോ എല്ലാവരും?

മ്മ്… വല്യേട്ടാ സിസ്റ്റർമാർ ആരെങ്കിലുമിറങ്ങിവന്നായിരുന്നോ?

ഇല്ലടാ പിന്നെ ആരും വന്നില്ല.

ശോ…. ഇനി എപ്പോളാണോ ആവോ, ഈ കുഞ്ഞാവ നമ്മളെ കാത്തിരുന്ന് മുഷിപ്പിക്കുവാണല്ലോ

അമ്മുവിന്റെ പറച്ചിൽ കേട്ടതും മിന്നു ചെറുതായി ഒന്ന് ചിരിച്ചു.

ഗീതമ്മയാണെങ്കിൽ കൈകൾ രണ്ടും തൊഴുതു പിടിച്ചുകൊണ്ട് ചുവരിലേക്ക് ചാരി പ്രാർത്ഥനയോടുകൂടി ഇരിക്കുകയാണ്.

എന്റെ മഹാദേവ,രണ്ടും രണ്ടായി പെട്ടെന്ന് വേർപിരിച്ച് തരണേ.ഒന്നാമത് അവൾക്ക് ഭയങ്കര പേടിയാ, അതിനെ ഒത്തിരി സങ്കടപ്പെടുത്തല്ലേ..

വേറെ ഒന്ന് രണ്ട്,കൂട്ടരും കൂടിയുണ്ടായിരുന്നു ലേബർ റൂമിന്റെ വാതിൽക്കൽ.

അല്പസമയത്തിനകംആ കുട്ടികൾക്ക് ഒക്കെ കാണുമെന്ന് അവരോടൊക്കെ സിസ്റ്റേഴ്സ് വന്ന് പറഞ്ഞതിനുശേഷം അകത്തേക്ക് വീണ്ടും കയറിപ്പോയി..

15 മിനിറ്റിന്റെ വ്യത്യാസത്തിൽ, അവർക്കൊക്കെ ഓരോ പെൺ കുഞ്ഞുവാവ ഉണ്ടായി.

കുഞ്ഞിനെ കാണിക്കാനായി,പുറത്തേക്ക് കൊണ്ടുവന്നപ്പോൾ,ഗീതമയും പെൺകുട്ടികളും ഓടി അരികിലേക്ക് ചെന്നു.

ഓമനത്തം തുളുമ്പുന്ന,  ആ പിഞ്ചു പൈതലുകളെ കാണുമ്പോൾ അവരുടെ ഉള്ളവും തുടികൊട്ടി.

പിന്നെയും കാത്തിരിപ്പിന്റെ നിമിഷങ്ങൾ, ഒരു 12:30 ആയപ്പോഴേക്കും ഒരു സിസ്റ്റർ വെളിയിലേക്ക് വന്നു.

നിങ്ങളെ ഡോക്ടർ തിരക്കുന്നുണ്ട് എന്ന് അറിയിച്ചു.

ഭദ്രനും അമ്മയും കൂടി പെട്ടെന്ന് അവരുടെ ഒപ്പം അകത്തേക്ക് കയറി.

രണ്ടുമണിവരെ നമ്മൾക്ക് നോക്കാം,അതിനുശേഷം തീരുമാനമൊന്നുമായില്ലെങ്കിൽ, സിഎസ് സെക്ഷൻ വേണ്ടിവരും എന്നാണ് ഡോക്ടർ അറിയിച്ചത്.

ഇരുവരും തലകുലുക്കി സമ്മതം അറിയിച്ചു,ശേഷം പുറത്തേക്ക് നടന്നു.

അമ്മുവും മിന്നുവും അവരെ കാത്തിരിക്കുകയായിരുന്നു.

അമ്മേ…. ഡോക്ടർ എന്താണ് പറഞ്ഞത്.

ചേച്ചിക്ക് ഇതുവരെയായിട്ടും,നല്ല പുരോഗതി ഒന്നും വന്നിട്ടില്ല,അതുകൊണ്ട് മിക്കവാറും ഓപ്പറേഷൻ വേണ്ടിവരും മക്കളെ.

അത് പറയുകയും ഗീതമ്മയുടെ മിഴികൾ നിറഞ്ഞു.

ശോ….. എങ്ങനെയെങ്കിലും ഒന്ന് നോർമൽ ഡെലിവറി ആയാൽ മതിയായിരുന്നു അല്ലേ അമ്മേ. മിന്നുവിനും വാക്കുകൾ ഇടറി.

അറിയില്ല മോളെ എല്ലാം മുകളിൽ ഇരിക്കുന്ന ആള് തീരുമാനിക്കട്ടെ.

ഭദ്രൻ ഒരക്ഷരം പോലും ഉരിയാടാതെ, കൈകൾ രണ്ടും നെഞ്ചിൽ പിണച്ചുകൊണ്ട് ഒരു കസേരയിൽ ഇരിക്കുകയാണ്.

ടെൻഷൻ ആവണ്ട വല്യേട്ടാ, ഒന്നെങ്കിൽ നോർമൽ ഡെലിവറി അല്ലെങ്കിൽ സി എസ്, ഇതിലൊന്നു വേണമല്ലോ കുഞ്ഞുവാവയ്ക്ക് പുറത്തേക്ക് വരാൻ. അതുകൊണ്ട്,എല്ലാം നല്ലതായി,കഴിയാന് നമ്മൾക്ക് പ്രാർത്ഥിക്കാം, ഒരുപാട് സമയം അതിനുള്ളിൽ,ചേച്ചിയെ കിടത്താൻ പറ്റില്ലല്ലോ.

മിന്നു അവനെ സമാധാനിപ്പിച്ചു.

അതിനു മറുപടിയായി ഭദ്രൻ ഒന്ന് തല കുലുക്കി. അവൻ അനുഭവിക്കുന്ന സംഘർഷം എത്രത്തോളം ആണെന്നുള്ളത് സത്യത്തിൽ ഭദ്രൻ  അറിയികകയായിരുന്നു.

സമയം ഒരു മണി കഴിഞ്ഞു,ഒന്നര കഴിഞ്ഞു,എന്തായാലും രണ്ടു മണി,ആ സമയം കൊണ്ട് ഡോക്ടർ ഒരു തീരുമാനമെടുക്കും.

എന്തെങ്കിലും ആകട്ടെ,അല്ലാതെ അവളെ വേദനിപ്പിക്കാൻ പറ്റില്ലല്ലോ.

ഈ ലോകത്തിൽ ആദ്യമായിട്ട്,സിസേറിയൻ നടത്തുന്നത് ഒന്നും അവളെ അല്ലല്ലോ, പിന്നെ എല്ലാം കഴിയുമ്പോൾ കുറച്ചു വേദനയൊക്കെ എടുക്കും,  സാരമില്ല താൻ അരികിലുള്ളതുകൊണ്ട് തന്റെ നന്ദൂട്ടിയുടെ വേദനയൊക്കെ മാറും, സ്വയം ആശ്വസിക്കാനായി അവൻ ഒരുപാട് കാര്യങ്ങൾ കണ്ടെത്തി. എങ്കിലും പ്രാർത്ഥന മുഴുവൻ എന്തെങ്കിലും ഒരത്ഭുതം നടന്ന നോർമൽ ഡെലിവറി ആവണേ എന്ന് മാത്രമായിരുന്നു.

ഒന്ന് 48 ആയി സമയം. നന്ദനയുടെ കൂടെ ആരാണുള്ളത്?

ഒരു സിസ്റ്റർ പുറത്തേക്ക് വന്നപ്പോൾ ഭദ്രൻ ഓടി ചെന്നു..

പിന്നാലെ ഗീതയും പെൺകുട്ടികളും.

അപ്പോഴാണ് അവരുടെ കയ്യിൽ ഒരു കുഞ്ഞുവാവ ഇരിക്കുന്നത് പോലും കണ്ടത്.

സിസ്റ്റർ.. നന്ദന…?

പ്രസവിച്ചു ആൺകുട്ടിയാണ് കേട്ടോ..

അവർ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ,ഭദ്രൻ പെട്ടെന്ന് ആ കൈകളിലേക്ക് നോക്കിയത്.

സിസ്റ്റർ…. ഇത്..

നന്ദനയുടെ കുഞ്ഞാണ്, ഒന്ന് 38നാണ് ഉണ്ടായത്.

അവർ പറഞ്ഞപ്പോൾ ഗീതമ്മ,കരഞ്ഞുകൊണ്ട് കുഞ്ഞുവാവയെ ആ കൈകളിൽ മേടിച്ചു.

കണ്ണൊക്കെ തുറന്നു പിടിച്ചു അവൻ എല്ലാവരെയും നോക്കുകയാണ്.

കുഞ്ഞാവേ…. തക്കുടു.

ഭദ്രൻ ആ കുഞ്ഞിന്റെ ചെറുവിരലിൽ മെല്ലെ ഒന്ന് തൊട്ടപ്പോൾ,അവന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ,  ആ കുഞ്ഞ് അവനെ ശ്രദ്ധിച്ചു.

അച്ഛനെ മനസ്സിലായില്ലേ,കണ്ടോ അവന്റെ നോട്ടവും ഭാവവും ഒക്കെ..

സിസ്റ്റർ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു..

അമ്മുവും മിന്നുമൊക്കെ മാറിമാറി ഉമ്മ കൊടുത്തുകൊണ്ട് കുഞ്ഞിന്റെ അരികിൽ ഉണ്ട്.

ഭദ്രനോട് കുഞ്ഞുവാവയെ ഒന്ന് എടുക്കാൻ ഗീതമ്മ നിർബന്ധിച്ചു എങ്കിലും അവന് ചെറിയ ഭയമായിരുന്നു..

സിസ്റ്റർ നന്ദനക്ക്? അവൻ പെട്ടെന്ന് ചോദിച്ചു.

നന്ദനയ്ക്ക് കുഴപ്പമൊന്നുമില്ല.ആൾ ഒക്കെയാണ് കേട്ടോ,പെട്ടെന്നായിരുന്നു അവർക്ക് പെയിൻ ആരംഭിച്ചത്,കുറച്ച് സമയമെങ്കിലും എടുക്കുമെന്നാണ് ഞങ്ങൾ കരുതിയത്,പക്ഷേ എല്ലാം വേഗന്നു കഴിഞ്ഞു.അതുകൊണ്ടാണ് മുൻകൂട്ടി പറയാൻ പോലും ഇറങ്ങി വരാൻ കഴിയാഞ്ഞത്.

സാധാരണയായി,പെൺകുട്ടികളുടെ ഡെലിവറി ടൈം ആകുമ്പോഴേക്കും, സിസ്റ്റേഴ്സ് ആരെങ്കിലും ഇറങ്ങി വന്ന ബന്ധുജനങ്ങളെ അറിയിക്കാറുണ്ട്. അതനുസരിച്ച് ആ പ്രതീക്ഷയുമായി നിൽക്കുകയായിരുന്നു ഭദ്രനും കുടുംബവും..

ഇനി മതി കണ്ടത്, രണ്ടു മണിക്കൂർ കഴിയുമ്പോൾ നന്ദനയേ റൂമിലേക്ക് കൊണ്ടുവരു.ആ സമയത്ത് കാണാം കേട്ടോ.

അവർ പറഞ്ഞതും എല്ലാവരും തലകുലുക്കി.

പിന്നീട് അങ്ങോട്ട്,ബന്ധുമിത്രാദികളെയും കൂട്ടുകാരെയും,അയൽപക്കക്കാരെയും ഒക്കെ വിളിച്ച് കാര്യങ്ങൾ അറിയിച്ചു.

ആൺകുട്ടിയാണ് നന്ദന പ്രസവിച്ചു എന്നുള്ളത്,ഒരുവിധപ്പെട്ട ആളുകളൊക്കെ അറിഞ്ഞിരുന്നു.

മോനേ, നമ്മുടെ കുടുംബത്തിന് ആദ്യമായിട്ട് ഒരു സന്തോഷം നടന്നതാണ്, അതുകൊണ്ട്, നീ മനസ്സിലുള്ള ദേഷ്യം ഒക്കെ മാറ്റി വച്ചിട്ട്, നന്ദനയുടെ വീട്ടിൽ വിളിച്ച് അറിയിക്കുക.ഒന്നുമില്ലെങ്കിലും അവരുടെ മകളല്ലേടാ,ആഗ്രഹം കാണില്ലേ എല്ലാം അറിയുവാനും കാണുവാനും ഒക്കെ.

അത്രനേരം പുഞ്ചിരിയോടെ നിന്ന് ഭദ്രന്റെ മുഖം പെട്ടെന്ന് മാറി.

ഇല്ലമ്മേ ഒരു കാരണവശാലും,ഞാൻ അവരെ വിളിക്കില്ല, ആ കാര്യം പറഞ്ഞു അമ്മ എന്നെ നിർബന്ധിക്കാനും വരണ്ട എനിക്ക് അത് ഇഷ്ടമല്ല.

നീ എന്താണ് മോനെ ഇങ്ങനെ തുടങ്ങുന്നത്,വാശിയും വൈരാഗ്യവും ഒക്കെ കാണിക്കേണ്ട നേരമാണോ ഇത്.ആ കുട്ടി,അവൾ എത്രമാത്രം, ത്യാഗവും വേദനയും സഹിച്ചാണ് ഒരു കുഞ്ഞിനെ നമ്മൾക്ക് തന്നത്,അവൾക്ക് ഉള്ളിന്റെയുള്ളിൽ അവളുടെ അമ്മയും അച്ഛനും കൂടപ്പിറപ്പും ഒക്കെ അരികിൽ വേണമെന്ന് ആഗ്രഹം കാണില്ലേടാ.

ഇല്ല…എന്റെ നന്ദനയ്ക്ക് അങ്ങനെ ആഗ്രഹമില്ല..

എന്ന് നീ മാത്രം പറഞ്ഞാൽ മതിയോ മോനെ..

അമ്മ ചുമ്മാ ഇവിടെ കിടന്ന് ഒരു സീൻ ഉണ്ടാക്കരുത് കേട്ടോ.

ഭദ്രന് ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകി .

ഒരു കാര്യം ചെയ്യാം,മോളെ റൂമിലേക്ക് മാറ്റുമല്ലോ,ആ സമയത്ത് നീയൊന്ന് ചോദിച്ചു നോക്കണേ,അവൾ പറയും പോലെ എന്നിട്ട് നിങ്ങൾ തീരുമാനിച്ചോ,എനിക്കൊരു കുഴപ്പവുമില്ല.

ഗീതമ്മ പറഞ്ഞപ്പോൾ അവൻ തലകുലുക്കി. നാലുമണിയോടെ നന്ദനയെ റൂമിൽ എത്തിച്ചു.

ഉറക്കെ കരഞ്ഞു നിലവിളിച്ചത് കൊണ്ടാവാം, അവളുടെ മുഖമൊക്കെ വല്ലാതെ  ആയിരുന്നു.

അവളെ കണ്ടതും ഭദ്രൻ ഒന്ന് പുഞ്ചിരി തൂകി. തിരികെ അവളും.

അവന്റെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി നിന്നു. ഗീതമ്മ വന്ന നന്ദനയുടെ കൈയിൽ പിടിച്ചപ്പോൾ അവളുടെ ഇരു ചെന്നിയിലൂടെയും മിഴിനീർ ഒഴുകി
ഗീതമ്മയും കുറെ കരഞ്ഞു..

അമ്മുവും മിന്നുവും ഇരുവരെയും ആവശ്യത്തിന് ശകാരിച്ചു.

സന്തോഷത്തോടെ ഇരിക്കണ്ട സമയത്താണ് രണ്ടാളും കൂടി കിടന്നു കരയുന്നത്,നിങ്ങൾക്ക് നാണമില്ലേ അമ്മേ.ചേച്ചി എത്രമാത്രം വേദന സഹിച്ചിട്ട് ഇറങ്ങി വന്നതാ ,ഇനി അമ്മ കൂടി തുടങ്ങിക്കോ.

അവർ വഴക്കു പറഞ്ഞപ്പോൾ, ഗീതാമ്മ കണ്ണീർ തുടച്ചു.നന്ദനയുടെ കണ്ണിനീർ തുടച്ചു കൊടുത്തത് അമ്മു ആയിരുന്നു. എല്ലാം കഴിഞ്ഞില്ലേ ചേച്ചി കുഞ്ഞാവയെയും കിട്ടി, ഇനി എന്താന്നെ…. മിന്നു അവളെ സമാധാനിപ്പിച്ചു.

നന്ദു നിനക്ക് കഴിക്കാൻ എന്താ വാങ്ങേണ്ടത്?

ഭദ്രൻ അവളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.

ഒന്നും വേണ്ട ഭദ്രേട്ടാ തീരെ വിശപ്പില്ല,.

യ്യോ മോളെ അങ്ങനെ പറഞ്ഞാൽ പറ്റില്ല. നന്നായി ആഹാരം കഴിക്കണം എങ്കിലെ മുലപ്പാൽ ഒക്കെ ആകുവുള്ളൂ കേട്ടോ.

ഇപ്പോ വേണ്ടാത്ത കൊണ്ടാ അമ്മേ.  ഇടയ്ക്ക് ചായയും റസ്കും ഞാൻ കഴിച്ചായിരുന്നു.അതുകൊണ്ട് തീരെ വിശപ്പില്ല.കുറച്ചു കഴിഞ്ഞിട്ട് ഞാൻ കഴിച്ചോളാം.

നന്ദന പറഞ്ഞപ്പോൾ അത് മതിയെന്ന്  ഭദ്രനും സമ്മതിച്ചു.

ഒരു 15 മിനിറ്റിനുള്ളിൽ കുഞ്ഞുവാവയെയും അവളുടെ അരികിലായി കൊണ്ടുവന്ന് കിടത്തി.

അപ്പോഴേക്കും ആള് നല്ല ഉറക്കത്തിലായി.

മിന്നുവും അമ്മുവും ഒക്കെ പഠിച്ച പണി പതിനെട്ടും ശ്രമിക്കുന്നുണ്ട് ഒന്നു ഉണർത്താൻ. എവിടുന്ന് ആള് നല്ല ഉറക്കത്തിലാണ്.

കൈ മുഷ്ടി ഒക്കെ ചുരുട്ടിപ്പിടിച്ച്,മുഖം ചെരിച്ചു കിടന്നുറങ്ങുന്ന,കുഞ്ഞിനെ ഗീതമ്മ നോക്കിനിന്നു.

തന്റെ മകനും ഇതേപോലെ തന്നെയായിരുന്നു എന്ന് അവർ ഓർത്തു,

ഭദ്രേട്ടന് ഇതേ മുഖച്ഛായ ആയിരുന്നോ അമ്മേ? പെട്ടെന്ന് നന്ദന ചോദിച്ചു.

അതേ മോളെ, ഇവനും ഈ കുഞ്ഞിനെ പോലെയായിരുന്നു ഞാനത് ഓർക്കുവയിരുന്നു.

ഹ്മ്മ്…  എനിക്ക് കണ്ടപ്പോഴേ തോന്നി ഭദ്രേട്ടന്റെ ഛായ ആണ് കിട്ടിയിരിക്കുന്നത് എന്ന്.

എന്റെ നന്ദു,ഇപ്പോഴൊന്നും ഇതൊന്നും പറയാറായിട്ടില്ല, രണ്ടാളുടെയും ഓരോ കണ്ടുപിടിത്തങ്ങൾ.ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ.

അവൻ ശാസിച്ചപ്പോൾ നന്ദന അവനെ നോക്കി കണ്ണുറക്കി.

അവളുടെ അരികിലേക്ക് ഒന്ന് ചെല്ലണമെന്നും, ചേർത്തുപിടിച്ച് ആ കവിളിൽ ഒന്ന് ഒരു മുത്തം നൽകണമെന്നും, ഒക്കെ ഒരായിരം ആഗ്രഹം ഉള്ളിലുണ്ട്. പക്ഷേ സാഹചര്യം,  അമ്മയും സഹോദരിമാരും കൂടെ ഉള്ളതിനാൽ അവൻ അതൊക്കെ കടിഞ്ഞാൺ ഇട്ട് നിർത്തി.

കുഞ്ഞിനെ കിടത്താനുള്ള, ഷീറ്റും, അതുപോലെ ഒരു ബക്കറ്റും കപ്പും,  പിന്നെ കുറച്ച് അല്ലറ ചില്ലറ സാധനങ്ങൾ ഒക്കെ വാങ്ങാനായി ഭദ്രനും അമ്മുവും പുറത്തേക്ക് ഇറങ്ങി.

ആ സമയത്ത് നന്ദന എഴുന്നേറ്റ് വാവയ്ക്ക് പാല് കൊടുക്കുവാൻ ഒക്കെ ശ്രമിച്ചു.

ചെറുതായി പാല് ആയി വരുന്നതേയുള്ളൂ. കുഞ്ഞ് നുണയാൻ തുടങ്ങിയപ്പോൾ, അവൾക്ക് ഇത്തിരി വേദനയൊക്കെ തോന്നി.

എങ്കിലും എല്ലാ വേദനകളും സഹിച്ച് അവളും ഈ ലോകത്തിലെ സകല അമ്മമാരെയും പോലെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയിരുന്നു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *