ഞാൻ ഒരിക്കലും ചേച്ചിയെ ന്യായീകരിക്കുന്നതല്ല..പക്ഷെ എനിക്ക് പറയാനുള്ളത് കിരണേട്ടൻ കേൾക്കണം.

ഭ്രാന്തി പെണ്ണ്
എഴുത്ത്: ദേവാംശി ദേവ
===================

അമ്മയുടെ മുറിയുടെ വാതിൽക്കൽ നിറ കണ്ണുകളോടെ നിൽക്കുന്ന രാധികയെ കണ്ടുകൊണ്ടാണ് കിരൺ അകത്തേക്ക് വന്നത്.

“ഡി..” അവന്റെ ശബ്ദം കേട്ടതും അവൾ പേടിയോടെ ഞെട്ടി തിരിഞ്ഞു.

“നിനെക്കെന്താടി ഇവിടെ കാര്യം.”

“കിരണേട്ടാ..എന്റെ മോള്. ഞാൻ…ഞാനൊന്ന് എടുത്തോട്ടെ കിരണേട്ടാ അവളെ..”

കിരണിന്റെ അമ്മയുടെ കൈയ്യിൽ ഇരിക്കുന്ന മോളെ കണ്ണീരോടെ നോക്കി കൊണ്ട് അവൾ പറഞ്ഞു.

“എന്തിനാ നീ മോളെ എടുക്കുന്നെ..അവളെ കൊ- ല്ലാനോ…ഭാഗ്യത്തിനാ എന്റെ കുഞ്ഞിന്റെ ജീവൻ തിരികെ കിട്ടിയത്. നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്റെ മോളുടെ അടുത്തേക്ക് വന്നേക്കരുതെന്ന്.”

“കിരണേട്ടാ…ഞാൻ..”

“മര്യാദക്ക് കടന്നു പോടി ഇവിടുന്ന്.”

“എന്താടാ..ഇവിടെ..” കിരണിന്റെ ശബ്ദം കേട്ട് അവന്റെ അമ്മ പുറത്തേക്ക് വന്നു.

“അവൾക്ക് കുഞ്ഞിനെ എടുക്കണമെന്ന്.”

“എന്തിനാടി..അതിനെ കൊ- ന്ന് തി- ന്നാനോ..”

“അമ്മേ…എന്റെ മോളല്ലേ..ഞാൻ പ്രസവിച്ചതല്ലേ..ഒന്നെടുക്കാനും മു- ലയൂട്ടാനും എന്നെ അനുവദിച്ചൂടെ.”

“പ്രസവിച്ചു പോലും..ആ സ്നേഹം ഉണ്ടായിരുന്നെങ്കിൽ നീ ഈ കുഞ്ഞിനെ കൊ- ല്ലാൻ ശ്രെമിക്കുമായിരുന്നോടി. നിന്നോട് ഞാൻ പറഞ്ഞതാ കിരണേ..ഈ നശൂലത്തിനെ കൊണ്ട് കളയാൻ.”

“എങ്ങോട്ട് കൊണ്ട് കളയാനാ അമ്മേ..തള്ള ഇല്ല..ത- ന്തയും ചത്തൊടുങ്ങി. ആകെയുള്ളൊരു ആങ്ങളക്കും ഭാര്യക്കും ഇവളെ കാണുന്നതെ വെറുപ്പാ..”

“അവർക്കും പേടി കാണും. സ്വന്തം കുഞ്ഞിനെ കൊ- ല്ലാൻ ശ്രെമിച്ചവൾ ആങ്ങളെയുടെ മക്കളെ വെറുതെ വിടോ..”

കൂടുതലൊന്നും കേട്ടു നിൽക്കാനുള്ള ശക്തി അവൾക്ക് ഉണ്ടായിരുന്നില്ല. പൊട്ടി കരഞ്ഞുകൊണ്ട് അവൾ റൂമിലേക്ക് പോയി..

സ്വന്തം കുഞ്ഞിനെ മുഖത്ത് തലയണ അമർത്തി കൊ- ല്ലാൻ ശ്രെമിച്ചവൾ..കൃത്യ സമയത്ത് അമ്മ കണ്ടതുകൊണ്ട് കുഞ്ഞ് രക്ഷപ്പെട്ടു..എത്രയൊക്കെ ഓർത്തെടുക്കാൻ ശ്രെമിച്ചിട്ടും  അവൾക്ക് ആ നിമിഷം ഓർമവന്നില്ല..

കിരൺ അവളെ ത-ല്ലി ചതക്കുന്നതും വീട്ടുകാർ കുറ്റപ്പെടുത്തുന്നതും മാത്രമേ ഓർമ കിട്ടുന്നുള്ളു. നാട്ടുകാർ എന്ത് പറയുമെന്ന് ഓർത്തിട്ടാകും കേസ് ആക്കാത്തത്.

കിരൺ കുഞ്ഞിനേയും എടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ എല്ലാം കേട്ടുകൊണ്ട് അയൽക്കാരനും കിരണിന്റെ കൂട്ടുകാരനുമായ സഞ്ജയ്‌ പുറത്തുണ്ടായിരുന്നു.

എന്ത് പറഞ്ഞ് കിരണിനെ ആശ്വസിപ്പിക്കണമെന്ന് അവനും അറിയില്ലായിരിന്നു. രാധികയെ കിരൺ എന്തുമാത്രം സ്നേഹിച്ചിരുന്നു എന്ന് അവൻ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളതാണ്. അവൾ ഗർഭിണി ആണെന്ന് അറിഞ്ഞ നിമിഷം മുതൽ അവനും അമ്മയും അവളെ പൊന്നുപോലെയാണ് നോക്കിയത്..എന്നിട്ടും എന്തിനാണ് അവൾ സ്വന്തം കുഞ്ഞിനോട് ഇത്രയും ക്രൂരത കാട്ടിയത്???

അതിന് മാത്രം ആർക്കും മറുപടിയുണ്ടായിരുന്നില്ല.

*********************

“അർച്ചനാ..നീ എന്താ ഇവിടെ..വണ്ടി നോക്കാനാണോ..”

ടു വീലറിന്റെ ഷോറൂമിലാണ് കിരൺ ജോലി ചെയ്തിരുന്നത്. അർച്ചന, സഞ്ജയുടെ ഭാര്യയാണ്.

“പുതിയൊരു വണ്ടി എടുക്കുന്നുണ്ട് കിരണേട്ടാ…ലൈസെൻസ് കിട്ടിയാലുടനെ എടുത്തു തരാമെന്ന് സഞ്ജുവേട്ടൻ പറഞ്ഞിട്ടുണ്ട്. ഇപ്പോ ഞാൻ വന്നത് കിരണേട്ടനെ കാണാനാണ്.”

“എന്നെ കാണാനോ..എന്താ കാര്യം.”

“രാധികേച്ചി…ചേച്ചിയോട് കിരണേട്ടനും അമ്മയും കാണിക്കുന്നത് ക്രൂ- രതയാണ്.”

“എല്ലാം അറിയാവുന്ന നീയാണോ അർച്ചന ഞങ്ങളെ കുറ്റപ്പെടുത്തുന്നത്.ഞങ്ങളാണോ ക്രൂരത കാട്ടുന്നത്..അതോ അവളോ”

“എനിക്ക് എല്ലാം അറിയാം..നിങ്ങൾ തമ്മിൽ പ്രേമിച്ചതും വിവാഹം കഴിച്ചതും മോള് ജനിച്ചതും. പിന്നെ രാധികേച്ചി….”

“മോളെ കൊ- ല്ലാൻ ശ്രെമിച്ചതും…അല്ലേ.”

“അതും അറിയാം..പക്ഷെ കിരണേട്ടൻ അറിയേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്..എന്നെങ്കിലും രാധികേച്ചി ഏട്ടനോടോ അമ്മയോടെ മറ്റ് ആരോടെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടോ..”

“ഇല്ല..പക്ഷെ സ്വന്തം കുഞ്ഞിനോട്..”

“പ്ലീസ് കിരണേട്ടാ..വീണ്ടും വീണ്ടും അത് പറയല്ലേ..

ഞാൻ ഒരിക്കലും ചേച്ചിയെ ന്യായീകരിക്കുന്നതല്ല..പക്ഷെ എനിക്ക് പറയാനുള്ളത് കിരണേട്ടൻ കേൾക്കണം. എന്നിട്ട് എന്താന്നെന്ന് വെച്ചാൽ തീരുമാനിച്ചോ.”

കിരൺ ഒന്നും മിണ്ടാതെ അവളെ ശ്രെദ്ധിച്ചു.

“ഒരു പെണ്ണ് ഗർഭിണി ആയിരിക്കുമ്പോൾ അവൾ കൂടുതൽ ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സാമിപ്യം ആണ്. പക്ഷെ പ്രസവത്തോട് അടുക്കുമ്പോൾ അവൾക്ക് ആവശ്യം സ്വന്തം അമ്മയുടെ കരുതൽ ആണ്. ഇവിടെ ചേച്ചിക്ക് അമ്മ ഇല്ല..ഏട്ടന്റെ അമ്മ നോക്കിയില്ല എന്നല്ല ഞാൻ പറയുന്നത്..നന്നായി നോക്കി. പക്ഷെ പ്രസവം കഴിഞ്ഞ ശേഷം നിങ്ങൾ എല്ലാവരും കുഞ്ഞിലേക്ക് ചുരുങ്ങി പോയി.

പ്രസവ ശേഷം സ്ത്രീകളുടെ ശരീരത്തിന് മാത്രമല്ല മനസ്സിനും മാറ്റങ്ങൾ വരും. തന്നോടുള്ള ഭർത്താവിന്റെ സ്നേഹം കുറഞ്ഞു പോകുമൊ എന്ന് പേടിച്ച് പ്രസവിക്കാൻ മടിക്കുന്ന സ്ത്രീകൾ. വരെയുണ്ട് കിരണേട്ടാ..

രാധികേച്ചിയെ നിങ്ങൾ നന്നായി നോക്കി. പക്ഷെ ആ മനസ്സ് കണ്ടില്ല.

പ്രസവശേഷം എത്ര സമയം ഏട്ടൻ ചേച്ചിയുടെ അടുത്തിരുന്നിട്ടുണ്ട്.”

പ്രസവിച്ചു കിടക്കുന്ന പെണ്ണിന്റെ അരികിലേക്ക് ഭർത്താവ് പോകാൻ പാടില്ലെന്ന് പറഞ്ഞ് അമ്മ തന്നെ അങ്ങോട്ട് പോകാൻ സമ്മതിച്ചിട്ടില്ല എന്ന് കിരൺ ഓർത്തു.

“പകൽ അമ്മ എല്ലാ ജോലിയും ചെയ്യും.
അപ്പോ കുഞ്ഞിനെ നോക്കുന്നത് ചേച്ചി. രാത്രി അമ്മ ക്ഷീണിച്ച് ഉറങ്ങുമ്പോഴും കുഞ്ഞിനെ നോക്കുന്നത് ചേച്ചി..അപ്പോ രാധികേച്ചി എങ്ങനെ ഉറങ്ങും. ഉറക്കം ഇല്ലാഴ്മ വലിയൊരു പ്രശ്നം തന്നെയാണ്..

അതിന്റെ കൂടെ കുഞ്ഞ് നിർത്താതെ കരഞ്ഞ ഏതോ ഒരു സെക്കന്റിൽ ചേച്ചിക്ക് മനസ്സ് സ്വയം കൈവിട്ട് പോയി..

അതിന് ഇനിയും ചേച്ചിയെ ഇങ്ങനെ ശിക്ഷിക്കരുത്. കിരണേട്ടൻ ഇന്ന് തന്നെ ചേച്ചിയേയും കൂട്ടി നല്ലോരു സൈക്യാർട്ടിസ്റ്റിനെ കാണണം…അപ്പോ കൂടുതൽ മനസിലാകും ഞാൻ പറഞ്ഞ കാര്യങ്ങൾ.

അതല്ല ഇനിയും ഇങ്ങനെ തുടരാനാണ് തീരുമാനമെങ്കിൽ രാധികേച്ചി അധികം താമസിക്കാതെ തന്നെ ആ-ത്മഹത്യ ചെയ്യും.”

കിരൺ ഞെട്ടലോടെ അവളെ നോക്കി.

“സത്യമാണ് ഞാൻ പറഞ്ഞത്. എന്താണെന്ന് വെച്ചാൽ കിരണേട്ടൻ തീരുമാനിക്ക്.”

അർച്ചന അവിടുന്ന് ഇറങ്ങുമ്പോൾ രാധികയെട്ടും കൂട്ടി ഡോക്ടറെ കാണാൻ തന്നെ അവൻ തീരുമാനിച്ചു.

***************

മൂന്ന് വർഷങ്ങൾക്ക് ശേഷം….

“കിരണേ..നീ പോയി കിടന്നോ..”

“എങ്ങോട്ട്..അവളുടെ പ്രസവം വരെ ഞാൻ തന്നെയല്ലേ ഈ മുറിയിൽ കിടന്നത്..ഇനിയും ഞാൻ കിടന്നോളാം.”

“എടാ പ്രസവിച്ചു കിടക്കുന്ന പെണ്ണിന്റെ അടുത്ത് ആണുങ്ങൾ വരാൻ പാടില്ല.”

“ഞാൻ അവളുടെ ഭർത്താവ് ആല്ലെ അമ്മേ..എനിക്ക് വരാം. അമ്മ പോയി കിടക്ക്.”

ഉറങ്ങി കിടക്കുന്ന മോളെ പുതപ്പിച്ചു കൊണ്ട് കിരൺ പറഞ്ഞു. അവനെയൊന്ന് നോക്കി പേടിപ്പിച്ചിട്ട് അമ്മ മുറിയിലേക്ക് പോയി.

“നീ ഉറങ്ങിക്കോ…ഇവനെ ഞാൻ നോക്കി കോളാം.”

കിരൺ അവരുടെ മോനെ കൈയ്യിലെടുത്തുകൊണ്ട് രാധികയോട് പറഞ്ഞു.

ഒരു പുഞ്ചിരിയോടെ രാധിക അവനെ നോക്കി.

അന്ന് ഡോക്ടറെ കണ്ട് മനസ്സ് തുറന്ന് രണ്ടുപേരും സംസാരിച്ചു. അതിന് ശേഷം കിരൺ ഒരുപാട് മാറി. അവന്റെ അമ്മയും..അവളെ വഴക്ക് പറയാതെ കുറ്റപ്പെടുത്താതെ സ്നേഹിച്ചും സഹായിച്ചും കൂടെ നിന്നു..

അതോടെ രാധികയിലും മാറ്റങ്ങൾ വന്നു തുടങ്ങി…അവൾ പഴയ രാധികയായി..കിരൺ പഴയ കിരണും..

ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയ അവരുടെ ജീവിതവും തിരികെ കിട്ടി…

Leave a Reply

Your email address will not be published. Required fields are marked *