ധ്രുവം, അധ്യായം 80 – എഴുത്ത്: അമ്മു സന്തോഷ്

ജനറൽ മെഡിസിൻ ഡിപ്പാർട്മെന്റ് ആയിരുന്നു ആ മാസം കൃഷ്ണയ്ക്കും ദൃശ്യയ്ക്കും. രണ്ടു പേർക്കും ഒരു ഡിപ്പാർട്മെന്റ് തന്നെ ആയത് അവർക്ക് സന്തോഷം ആയി

പക്ഷെ മിണ്ടാൻ പോയിട്ട് പരസ്പരം നോക്കണം എന്ന് വിചാരിക്കാൻ കൂടി പറ്റാത്ത തിരക്കായിരുന്നു. ഹോസ്റ്റലിൽ നിൽക്കണ്ട എന്ന് അർജുൻ തീർത്തു പറഞ്ഞിരുന്നു

അവളെ രാവിലെ കൊണ്ട് വിടാനും വിളിച്ചു കൊണ്ട് പോരാനും കാർ വരും
ദൃശ്യയ്‌ക്കൊപ്പം പൊക്കും വരവും കൂടിയായപ്പോ കൃഷ്ണയ്ക്ക് ഒരു ഉല്ലാസയാത്ര പോലെയായിരുന്നു അത്. സമയം ഉള്ളപ്പോൾ അർജുൻ അവളുടെ അരികിലേക്ക് വരും. അല്ലെങ്കിൽ അവൻ സമയം കണ്ടെത്തും.

നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു ആ ആഴ്ച കൃഷ്ണയ്ക്കും ദൃശ്യയ്ക്കും

ദൃശ്യയ്ക്ക് പനി ആയത് കൊണ്ട് അവൾ സ്റ്റാഫ്‌ റൂമിൽ പോയി കിടന്നു ഒന്ന് മയങ്ങി. ജനറൽ വാർഡിൽ നൈറ്റ്‌ ഡ്യൂട്ടിയും വളരെ തിരക്ക് പിടിച്ചതാണ്. രാത്രി മാത്രം വരുന്ന അത്യാവശ്യക്കാർ ആക്‌സിഡന്റ് പറ്റി വരുന്നവർ. കത്തിക്കുത്തു കേസിൽ വരുന്നവർ. ഇത് കൂടാതെ പോലീസ് കൊണ്ട് വരുന്നവർ

പെൺകുട്ടികൾ ആണ് ഡ്യൂട്ടി എന്ന് അറിയുമ്പോൾ അവശത കൂടും. മൊബൈലിൽ ഫോട്ടോ എടുപ്പ് അർത്ഥം വെച്ചുള്ള സംസാരം ലൈം- ഗിക ചെഷ്ടകൾ ഒക്കെയും സഹിക്കണം. കൂടാതെ അല്പം വൈകി പോയാൽ തെറി വിളി, ചില അവസരങ്ങളിൽ ദേഹോപദ്രവം വരെ

ക്ഷമയുടെ അങ്ങേയറ്റം കണ്ടാണ് ഓരോ ഡോക്ടർമാരും നേഴ്സ് മാരും ആശുപത്രിയിൽ നിൽക്കുന്നത്. മുന്നിൽ ഫയലുകൾ അല്ല. ജീവനുള്ള മനുഷ്യർ. അവരെതൊക്കെ തരത്തിൽ പെരുമാറുമെന്ന് ആർക്കും ഒരു ഐഡിയയുമില്ല

അന്ന് രാത്രി പന്ത്രണ്ട് മണിക്ക് ഒരു രോഗിയെയും കൊണ്ട് നാലു പോലീസ്‌കാർ വരുമ്പോൾ കൃഷ്ണ അവിടെ ഉണ്ടായിരുന്നു. ഒരു ഡോക്ടർ ഒരു ഹൌസ് സർജൻ രണ്ടു നേഴ്സ്മാർ

ഇത്രയും പേരാണ് അയാളെ ചികിൽസിച്ചത് ചികിത്സക്കിടയിൽ വിലങ്ങു വേണ്ടാന്ന് പറഞ്ഞത് ഡോക്ടർ തന്നെയാണ്. അയാൾ നോർമൽ അല്ലെന്ന് കൃഷ്ണയ്ക്ക് തോന്നി. അമിതമായി മ- ദ്യപിച്ചിട്ടുമുണ്ട് . അയാൾ തന്നെ തന്നെ വളരെ മോശമായി നോക്കുന്നത് കണ്ട് അവൾക്ക് ദേഷ്യം തോന്നുകയും ചെയ്തു. പൊടുന്നനെ അയാൾ അക്രമാസക്തനായി

മേശമേൽ ഇരുന്ന കത്രിക എടുത്തു മുന്നിൽ നിന്ന ഡോക്ടറെയാണ് ആദ്യം ആക്രമിച്ചത്. നഴ്സ് മാരൊക്കെ അലറി വിളിച്ചു കൊണ്ടോടി ഒളിച്ചു. കൃഷ്ണയ്ക്ക് അതിന് തോന്നിയില്ല. അവൾ ഡോക്ടറെ കൂടുതൽ ഉപദ്രവിക്കാതിരിക്കാൻ വലിച്ചു കട്ടിലിന്റെ അടിയിലേക്ക് മാറ്റി

അപ്പോഴേക്കും പോലീസ്‌കാർ അയാളെ നിയന്ത്രിക്കാൻ ശ്രമിച്ചു. അയാൾ അവരുടെ തലയ്ക്ക്, നെഞ്ചിൽ, പുറത്ത് ഒക്കെയായി കടുത്ത മുറിവുകൾ ഏല്പിച്ചു. പോലീസ്‌കാർ ജീവനും കൊണ്ടോടി

രണ്ടു കയ്യിലും ആയുധങ്ങളുമായി കൊ- ലവിളി നടത്തി ആക്രമിച്ചു കൊണ്ടിരുന്ന അയാൾ പെട്ടെന്ന് കൃഷ്ണയുടെ നേരേ തിരിഞ്ഞു. കൃഷ്ണ അത് പ്രതീക്ഷിച്ചിരുന്നു

അവൾ അവിടെ കിടന്ന കസേരയിൽ പിടി മുറുക്കി . അയാൾ പൈശാചികമായി പല്ലിളിച്ചു കൊണ്ട് ആദ്യത്തെ കുത്ത് കൃഷ്ണ ഒഴിഞ്ഞു മാറി

കസേര വലിച്ചെടുത്തു തലയ്ക്കു പിന്നിൽ ഒറ്റ അടി കൊടുത്തു അവൾ. പ്രതീക്ഷിക്കാതെ കിട്ടിയ ഒരടി ആയത് കൊണ്ട് അയാൾ മരവിച്ച് നിന്നു പോയി. കൃഷ്ണയ്ക്ക് ഭ്രാന്ത് കേറിയത് പോലെ ആയിരുന്നു. അവളുടെ കയ്യിൽ കിട്ടിയ സകല സാധനങ്ങളുമെടുത്തു തലങ്ങും വിലങ്ങും അയാളെ അവൾ അടിച്ച് വീഴ്ത്തി. അവൾക്ക് ആ മുറിയിൽ ഓരോന്നിന്റെയും പൊസിഷൻ അറിയാം
അത് കൊണ്ട് തന്നെ ബോട്ടിലുകൾ, ട്രിപ്പ് സ്റ്റാൻഡ് ഒക്കെ ആയുധമായി. ചെറുപ്പത്തിൽ തന്നെ കായികമായി അധ്വാനിച്ചു ജീവിച്ചതിന്റെ കരുത്ത് അവൾക്ക് തുണയായി. ഒരു കലിയാട്ടം തന്നെ ആയിരുന്നു അവിടെ നടന്നത്

ഒടുവിൽ അയാൾ വീണു

അവൾ അവിടേ ട്രിപ്പ് സ്റ്റാൻഡിൽ നിന്നു ട്യൂബ് വലിച്ചൂരി അയാളോട് കൈകളും കാലുകളും ബന്ധിച്ചു. അപ്പോഴേക്കും ആൾക്കാർ ബഹളം കേട്ട് ഓടി വന്ന് കൊണ്ടിരുന്നു. വന്നവരൊക്ക അവളെ അഭിനന്ദിച്ചു. പോലീസ് കാർ നാലു പേർക്കും നല്ല പരുക്ക് ഉണ്ടായിരുന്നു

കുത്ത് കിട്ടിയ ഡോക്ടറെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പുലർച്ചെ ആയപ്പോൾ അത് പുറം ലോകമറിഞ്ഞു. ന്യൂസ്‌ ചാനലുകളിൽ കൃഷ്ണയുടെ മുഖം നിറഞ്ഞു

പുലിക്കുട്ടി സിങ്കപ്പെണ്ണ് അങ്ങനെ ഉള്ള ഹാഷ്ടാഗ്കൾ സോഷ്യൽ മീഡിയയിൽ അവളുടെ ഫോട്ടോക്കൊപ്പം വളരെ വേഗം വൈറൽ ആയി. cctv ദൃശ്യങ്ങളൊക്കെ ന്യൂസ്‌ ചാനെലുകളിൽ കൂടി ജനത്തിന് മുന്നിൽ എത്തി

അർജുൻ കോഴിക്കോട് ആയിരുന്നു

“അർജുൻ ടീവി കാണു ” അച്ഛന്റെ മെസ്സേജ്

അവൻ മുറിയിലെ ടീവി ഓൺ ചെയ്തു

കൃഷ്ണ…

സി സി ടീവി ദൃശ്യങ്ങൾ കാണെ അവൻ വിറച്ചു പോയി . ഇവൾക്ക് പേടി ഇല്ലേ. തന്റെ മുന്നിൽ എന്ത് തൊട്ടാവാടിയാണ്. ഈശ്വര എന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കിലോ. എങ്കിൽ പോലും അവന് അഭിമാനം തോന്നി

മിടുക്കി. പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം

അയാളെ അവൾ പ്രതിരോധിക്കുന്നത് കണ്ട് സത്യത്തിൽ അവന് രോമാഞ്ചം വന്നു

അവൾക്ക് ചുറ്റും ചാനലിന്റെ മൈക്ക്

“ആദ്യമായി അഭിനന്ദനങ്ങൾ.”

കൃഷ്ണ നന്ദി പറയുന്നു

“പോലീസ്കാർ പോലും ഓടിക്കളഞ്ഞ ഒരു അവസരത്തിൽ. എന്ത് ധൈര്യത്തിലാണ് നിന്നത്.? മനോനില തെറ്റിയ ഒരു ആക്രമിയായിരുന്നു എന്ന് പറയുന്നുണ്ട്. അപ്പൊ ഈ കാണിച്ചത് ശരിയായിരുന്നൊ? ഇത്രയും ധൈര്യം എവിടെ നിന്ന് കിട്ടി?”

കൃഷ്ണ നേർത്ത പുഞ്ചിരിയോടെ സ്‌ക്രീനിൽ

“കൂടെയുള്ളവരെ ഉപേക്ഷിച്ചു ഓടി പോകാൻ ഞാൻ പഠിച്ചിട്ടില്ല. എന്റെ കൂടെയുള്ള ഡോക്ടർ പിടഞ്ഞു വീണത് എന്റെ കണ്മുന്നിൽ ആണ്. അദ്ദേഹത്തെ കൂടുതൽ അക്രമത്തിൽ നിന്ന് എനിക്ക് രക്ഷിക്കേണ്ടതുണ്ട് അത് ഞാൻ എന്റെ സഹപ്രവർത്തകരോട് ചെയ്യേണ്ട ധർമം ആണ്. പിന്നെ ധൈര്യം. ഞാൻ ഒരു പാട് കഷ്ടപ്പെട്ട ഇത് വരെ എത്തിയത്. ജീവിതത്തിൽ ഈ ധൈര്യം ഇല്ലായിരുന്നു എങ്കിൽ ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്ന കൃഷ്ണ ഇല്ല. ഞാൻ കണ്ടിട്ടുള്ളവരും അറിഞ്ഞിട്ടുള്ളവരും ധൈര്യമുള്ളവരാണ്. എന്റെ ഭർത്താവാണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ധൈര്യം ഉള്ള ആൾ. സ്വാഭാവികമായും ആ ഇൻഫ്ലുൻസ് എന്നിലേക്ക് വരും..”

അർജുന്റെ കണ്ണ് ഒന്ന് നിറഞ്ഞു

“ആരാണ് ആ അത്രയും ധൈര്യം ഉള്ള കൃഷ്ണയുടെ ഭർത്താവ്?”

ഒരു റിപ്പോർട്ടർ തമാശക്ക് എന്നോണം ചോദിച്ചു

“അർജുൻ..അർജുൻ ജയറാം. നിങ്ങൾക്ക് എല്ലാവർക്കും അറിയാം. മാധവം മെഡിക്കൽ ഗ്രുപ്പിന്റെ ചെയർമാൻ “

അർജുൻ നേർത്ത ചിരിയോടെ അത് നോക്കിയിരുന്നു

എന്റെ തൊട്ടാവാടി പെണ്ണ് ഇത്രയും ധൈര്യം ഉള്ള മിടുമിടുക്കിയായിരുന്നോ

അവന് ആ നിമിഷം അവളെ കാണാൻ തോന്നി. കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കണം

ഇങ്ങനെ വേണം, ഇങ്ങനെ തന്നെ വേണം, പ്രതികരിക്കണം. കയ്യിൽ കിട്ടുന്ന എന്തിനെയും ആയുധം ആക്കണം. മരണം ഒരിക്കലെയുള്ളു. അത് വരെ fight ചെയ്യുക തന്നെ വേണം. അവളെ പൊതിഞ്ഞു ഒരു പാട് പേര് ഉണ്ടായിരുന്നു

ദൃശ്യ അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ചു. പോലീസുകാരും അവളെ അഭിനന്ദിച്ചു. നന്ദി പറഞ്ഞു

അവൾ missed calls കാണുന്നുണ്ടായിരുന്നു. വിളിക്കാൻ പറ്റുന്നില്ല. അച്ഛന്റെ, ഏട്ടന്റെ, അങ്കിളിന്റെ അപ്പുവേട്ടന്റെഒക്കെ ഫോൺ കാളുകൾ

ഒരിത്തിരി ഫ്രീ ആയപ്പോൾ അവൾ ഫോൺ എടുത്തു സ്റ്റാഫ്‌ റൂമിലേക്ക് ഓടി

“അപ്പുവേട്ടാ “

“എന്റെ പൊന്നിന് ഉമ്മ്മ്മ്മ്മ്മ “

കൃഷ്ണ അതിശയിച്ചു പോയി

“എന്താ പറഞ്ഞെ?”

“ചക്കര ഉമ്മ്മ്മ്മ്മ്മ എന്ന്. അങ്ങനെ തന്നെ ആണ് റിയാക്ട് ചെയ്യേണ്ടത്. മുന്നും പിന്നും നോക്കാതെ ആക്രമിച്ചേക്കണം നമ്മെ ആക്രമിക്കാൻ വരുന്നവരെ.. മിടുക്കി ഒരു സ്പെഷ്യൽ ഗിഫ്റ്റ്. ഉണ്ട് എന്റെ കൊച്ചിന്. ഞാൻ ഒന്ന് വന്നോട്ടെ “

അവൾ മൂളി

“proud of you Krishna..and love you umma “

ഫോൺ കട്ട്‌ ആയിട്ടും കുറച്ചു നേരം കൂടി അവൾ അങ്ങനെ നിന്നു പോയി

അർജുൻ ഇത് വരെ ഇത്രത്തോളം നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന സ്നേഹം ഫോണിൽ കൂടി പങ്കു വെച്ചിട്ടില്ല. അത് അവളെ ഒരു പാട് സന്തോഷിപ്പിച്ചു. ഒന്ന് തുള്ളിചാടാൻ തോന്നിപ്പോയി അവൾക്ക്. അച്ഛനും അമ്മയും ഏട്ടനും പക്ഷെ അവളെ കുഞ്ഞായി വഴക്ക് പറഞ്ഞു. ഇങ്ങനെ ഒന്നും എടുത്തു ചാടേണ്ട അതിന്റെ ആവശ്യമൊന്നുമില്ല എന്ന് തീർത്തു പറഞ്ഞു.

അങ്കിളും പറഞ്ഞു മോളെ സൂക്ഷിക്കണ്ടേ. അയാൾ violent ആയിരുന്നില്ലേ എന്നൊക്കെ

കൃഷ്ണയ്ക്ക് ചെറിയ ഒരു നിരാശ തോന്നി

അർജുൻ ഒഴിച്ചു എല്ലാവരും സൂക്ഷിക്കണ്ടേ എന്നാണ് ചോദിച്ചത്. അവൾ ചെയ്തത് ഒരാളുടെ ജീവൻ രക്ഷിക്കുകയായിരുന്നു എന്നത് അവരൊക്കെ മറന്നു പോയി. അല്ലെങ്കിൽ അവളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടുള്ള സ്വാർത്ഥത കൊണ്ട് അവർ അത് കണ്ടില്ലന്നു ഭാവിച്ചു. പക്ഷെ അത് കൃഷ്ണയ്ക്ക് നേരിയ വിഷമം ഉണ്ടാക്കി

അന്നാദ്യമായി അർജുനും താനും ഒരെ മനസ്സാണെന്ന് അവൾക്ക് തോന്നി. അവൻ വയലന്റ് ആയപ്പോൾ വഴക്കിട്ടത് അവൾ ഓർത്തു. അവൻ കൈ വെട്ടിയതിനെ എതിർത്തത് ഓർത്തു

ഇന്ന് കൂടെയുള്ള ഒരാൾ ആക്രമിക്കപ്പെട്ടപ്പോൾ താൻ അയാളെ അതേ തോതിൽ ആക്രമിക്കുകയാണ് ചെയ്തത്. അത് പ്രതിരോധമായിരുന്നില്ല. നിരപരാധികളായ കുറച്ചു മനുഷ്യരെ കുത്തി വീഴ്ത്തിയവനെ ആ വേദന അറിയിക്കണം എന്നുള്ള വാശി..അത്രയും ആരോഗ്യമൊക്കെ തനിക്ക് എവിടെ നിന്നു കിട്ടി എന്നവൾ ആലോചിച്ചു

അയാൾ തടിച്ച, കൃഷ്ണയുടെ ഇരട്ടി ആരോഗ്യമുള്ള ഒരു മനുഷ്യൻ ആയിരുന്നു. പക്ഷെ അവൾ അടിച്ച ഓരോ അടിയും കിന്റൽ കണക്കിന് ഭാരമുള്ളത് പോലെ അയാളുടെ ദേഹത്ത് വന്നു വീണു. ആ തടി കസേര താൻ എങ്ങനെ ഉയർത്തിഎന്ന് പോലുമവൾക്ക് അറിയില്ല. നല്ല ഭാരമുള്ള ഒന്നായിരുന്നു അത്. ഒറ്റ കയ്യിൽ ഉയർത്തി അവന്റെ തലയിൽ അടിച്ചു. ആ അടിയിലാണ് അവന്റെ നില തെറ്റിയത്. പിന്നെ ഓരോ അടിയിലും അവൻ വീണു. കയ്യും കാലും കെട്ടിയിട്ട് പോലും തന്റെ ആവേശം അണഞ്ഞില്ല

അപ്പുവേട്ടൻ ഇങ്ങനെ തന്നെ ആയിരിക്കും. ഉറപ്പാണ്. അത് കൊണ്ടാണ് തന്നെ മനസിലായത്

“കൃഷ്ണ “

ഡോക്ടർമാരുടെ ഒരു സംഘം. ഡോക്ടർ ലക്ഷ്മി മുന്നോട്ട് വന്ന് അവളെ കെട്ടിപ്പുണർന്നു

“താങ്ക്സ് മോളെ..അവസാരോചിതമായി ടെൻഷൻ ഒന്നും കൂടാതെ ചിന്തിച്ചു പ്രവർത്തിച്ചതിന് ഒരു ബിഗ് സല്യൂട്ട്. നമ്മുടെ കൂട്ടത്തിൽ ഒരാളുടെ ജീവനാണ് നീ രക്ഷിച്ചത് “

ചുറ്റും കയ്യടികൾ ഉയർന്നു. എല്ലാവരും അവൾക്ക് അരികിൽ വന്നു

“സത്യത്തിൽ കരാട്ടെ വല്ലോം. പഠിച്ചിട്ടുണ്ടോ?”

ഡോക്ടർ ഇബ്രാഹിം ചോദിച്ചപ്പോൾ എല്ലാവരും ചിരിയായി

“അയ്യോ ഞാൻ തമാശ പറഞ്ഞതല്ല. ആ visuals നോക്കിക്കേ. ഡിഫെണ്ട് ചെയ്യുന്നതൊക്കെ സൂപ്പർ ആണ്. അയാളെ അടിക്കുന്ന അടി.അവൻ ജീവനോടെ ഉണ്ടല്ലോ അല്ലെ “

“ഉണ്ട് ഉണ്ട്. തലയിൽ രണ്ടു സ്റ്റിച് ഉണ്ട്. പിന്നെ അടി കിട്ടിയതല്ലേ എഴുനേൽക്കാൻ വയ്യ. മ- ദ്യത്തിന്റെ അളവ് ബ്ലഡിൽ കാണിച്ചില്ല. അയാൾ മ- ദ്യപിച്ചിട്ടില്ല. പിന്നെ അയാൾ എന്തിനാണ് അങ്ങനെ അഭിനയിച്ചത് “

ഒരു ഡോക്ടർ ചോദിച്ചു.

“എം ഡി എം എ വല്ലോം. ആയിരിക്കും. അത് ഇത് പോലെ തന്നെ ഉണ്ടാകും “

“ഇല്ല അയാളുടെ ബ്ലഡിൽ ഒരു ലഹരി വസ്തുവിന്റെയും പ്രെസെൻസില്ല. ഞാൻ പോലീസ് കാരോട് ചോദിച്ചു ഇയാളെ എന്തിനാ കൊണ്ട് വന്നതെന്ന് അപ്പൊ പറഞ്ഞത് മ- ദ്യപിച്ചു ബഹളമുണ്ടാക്കി നാട്ടുകാരെ  ആക്രമിക്കാൻ ശ്രമിച്ചപ്പോ അവർ നല്ലോണം പെരുമാറി. അപ്പൊ ഇയാൾ തന്നെ പോലീസിനെ വിളിച്ചു പറഞ്ഞു നാട്ടുകാർ കൊ- ല്ലാൻ പോകുന്നെന്ന്. അങ്ങനെ പോലീസ് കൊണ്ട് വന്നതാണ്”

കൃഷ്ണ മുഴുവൻ കേട്ട് നിന്നു

എവിടെ ഒക്കെയോ എന്തോ ഒരു മിസ്സിംഗ്‌ പോലെ. അപ്പുവേട്ടനോട് പറയണം. തന്നെ ആണ് ടാർജറ്റ്‌ ചെയ്തത് എന്ന് സംശയം തോന്നുന്നു ഇപ്പൊ. ഇടയ്ക്ക് അയാൾ മൊബൈൽ എടുത്തിട്ട് തന്നെ നോക്കുന്നുണ്ടായിരുന്നു. താൻ കരുതിയത് വൃത്തികെട്ട മനുഷ്യൻ എന്നാണ്

പക്ഷെ അല്ല. പലപ്പോഴും അപ്പുവേട്ടൻ അത് പറഞ്ഞു തന്നിട്ടുണ്ട്. കൃഷ്ണ നീ എന്റെ ഭാര്യ ആയപ്പോൾ നിന്റെ ലൈഫിലും ഒരു റിസ്ക് ഉണ്ട്. കണ്ണും കാതും തുറന്നു വെയ്ക്കണം. എന്തുണ്ടെങ്കിലും പറയണം

ഇത് പറയണം അവൾ ഉറച്ചു.

ആ നേരം മാക്സ് ഗ്രൂപ്പ്‌ ഓഫീസിൽ

“Plan failed. let us drop this “

ജിതിന്റെ മുഖത്ത് ഒരു നിരാശ ഉണ്ടായിരുന്നു

“എത്ര വിദഗ്‌ധമായി ഒരു സംശയം പോലും തോന്നാത്ത പോലെ എക്സിക്യൂട് ചെയ്ത പ്ലാൻ ആയിരുന്നു.ആരെങ്കിലും വിചാരിച്ചോ?”

“സാരമില്ല ഇത്തവണ ഭാഗ്യം അവൾക്കൊപ്പമായിരുന്നു. എന്തായാലും ആർക്കും സംശയം ഉണ്ടാവാൻ വഴിയില്ല. കാരണം അവളെ മാത്രം അല്ലല്ലോ അറ്റാക് ചെയ്തത് “

“yes അതാണ് ബുദ്ധി. എന്തായാലും ഉടനെ ഒരു അറ്റാക് വേണ്ട “

സിദ്ധാർഥ് പറഞ്ഞു

“തെറ്റ്. ഉടനെ അടുത്തത് വേണം over കോൺഫിഡൻസ് ഉള്ള സമയം തന്നെ അടുത്ത അടി കൊടുക്കണം. പ്ലാൻ ബി നോക്കാം ” ജിതിന്റെ ബുദ്ധി ആയിരുന്നു അത്.

മൂവരും സമ്മതിച്ചു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *